Campus Alive

ഇന്ത്യന്‍ ദേശീയതയും അടിയന്തരാവസ്ഥയുടെ ഹിന്ദുത്വ പരീക്ഷണങ്ങളും

ഇന്ന് അടിയന്തരാവസ്ഥയുടെ പ്രകടമായ രൂപങ്ങളൊന്നും നിലനില്‍ക്കുന്നില്ലെങ്കിലും ഹിന്ദു ദേശീയത വളരെ സജീവമാണ്. നരേന്ദ്രമോദിയാണ് ഇന്ദിരയുടെ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. ജനാധിപത്യത്തെ സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കാന്‍ കഴിയാതിരുന്നപ്പോള്‍ അതിനെ അടിച്ചമര്‍ത്തുകയാണ് ഇന്ദിര ചെയ്തത്. ഹിന്ദ്വത്വ ശക്തികള്‍ ഇന്ന് ആ റോള്‍ വളരെ ഭംഗിയായി നിറവേറ്റുന്നുണ്ട്.

എല്ലാ വര്‍ഷവും ജൂണ്‍ 26 ന് 1975 ലെ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ ഓര്‍ത്തുകൊണ്ടുള്ള ലേഖനങ്ങളാണ് ഇന്ത്യന്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളത്. ഭരണഘടനാ അവകാശങ്ങളുടെ ലംഘനത്തെക്കുറിച്ചും പത്രങ്ങളും നീതിന്യായവ്യവസ്ഥയും നേരിട്ട നിയന്ത്രണങ്ങളെക്കുറിച്ചും ആ ദിവസം വായനക്കാര്‍ ഓര്‍മ്മിപ്പിക്കപ്പെടുന്നു. ബി.ജെ.പി നേതാക്കന്‍മാരാകട്ടെ, തങ്ങള്‍ ഇരകളാക്കപ്പെട്ടതിനെക്കുറിച്ച് ബ്ലോഗുകള്‍ എഴുതുകയും ജനാധിപത്യ തത്വങ്ങളിലുള്ള അവരുടെ വിശ്വാസത്തിന് അടിവരയിട്ടു കൊണ്ട് പ്രസ്താവനകള്‍ ഇറക്കുകയുമാണ് ചെയ്യാറ്. മാത്രമല്ല, ഇന്ദിരയുടെ രാഷ്ട്രീയ അന്ത്യത്തെ അവര്‍ ആഘോഷിക്കുകയും ചെയ്യാറുണ്ട്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അഭിമാനകരമായ ചരിത്രത്തിന് മേല്‍ സംഭവിച്ച ഒരു കളങ്കമായാണ് പൊതുവെ അടിയന്തരാവസ്ഥ വിലയിരുത്തപ്പെടുന്നത്. 1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 21 വരെ നീണ്ടുനിന്ന ഒരു ദുസ്സ്വപ്‌നമെന്ന നിലക്കാണ് അത് മനസ്സിലാക്കപ്പെടുന്നത്. ഷാ കമ്മീഷന്റെ വെളിപ്പെടുത്തലുകളും ജേര്‍ണലിസ്റ്റുകളും ദ്യക്‌സാക്ഷികളും ഇരകളുമെല്ലാം എഴുതിയ പുസ്തകങ്ങളും ലേഖനങ്ങളുമെല്ലാം അടിയന്തരാവസ്ഥ പെട്ടെന്നുണ്ടായ ഒരു സംഭവമായിരുന്നുവെന്നും യാതൊരു വിധത്തിലുള്ള അടയാളവും അവശേഷിപ്പിക്കാതെ അത് മാഞ്ഞുപോയെന്നുമുള്ള മിത്തിനെ വികസിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. അടിയന്തരാവസ്ഥ സൃഷ്ടിച്ച വില്ലന്‍മാരെയും ഹീറോകളെയും മാത്രമാണ് അവ നമുക്ക് നല്‍കുന്നത്. ഇരുപത്തൊന്ന് മാസം നീണ്ടുനിന്ന ഒരു സാധാരാണ സംഭവമായിട്ടാണ് അത്തരം ആഖ്യാനങ്ങളെല്ലാം അടിയന്തരാവസ്ഥയെ വിലയിരുത്തുന്നത്.

അടിയന്തരാവസ്ഥയെക്കുറിച്ച ഈ കാഴ്ചപ്പാട് വര്‍ത്തമാനത്തെക്കുറിച്ച ആത്മവിശ്വാസത്തെയാണ് പ്രചോദിപ്പിക്കുന്നത്. ഭൂതവുമായുള്ള വര്‍ത്തമാനത്തിന്റെ ബന്ധത്തെക്കുറിച്ച വിമര്‍ശനാത്മകമായ അന്വേഷണത്തെ അത് അടച്ചുകളയുന്നു. ഭൂതം വെറുമൊരു ചരിത്രമാണ് എന്നും വര്‍ത്തമാനം ഭൂതത്തിന്റെ ഭാരങ്ങളില്‍ നിന്നും വിമുക്തമാണ് എന്നുമാണ് അത് നമ്മോട് പറയുന്നത്. ഒരു പരിക്കും പറ്റാതെ ജനാധിപത്യം ഇന്ദിരയുടെ കരങ്ങളില്‍ നിന്നും വിമോചിപ്പിക്കപ്പെട്ടു എന്നാണ് നമ്മള്‍ പഠിപ്പിക്കപ്പെടുന്നത്. സമാനമായ വിശ്വാസമാണ് വാട്ടര്‍ഗേറ്റ് അപവാദത്തിന് ശേഷം അമേരിക്കയില്‍ നിലനിന്നിരുന്നത്. അഥവാ, റിച്ചാര്‍ഡ് നിക്‌സണിന്റെ രാജിയോടെ അമേരിക്കന്‍ വ്യവസ്ഥ മെച്ചപ്പെട്ടു എന്നാണ് പൊതുവെ അമേരിക്കന്‍ ജനത വിശ്വസിക്കുന്നത്. അതുപോലെ ഇന്ദിരയുടെ വീഴ്ചയോടെ ഇന്ത്യയില്‍ ജനാധിപത്യം തിരിച്ചുവന്നു എന്ന വായനയാണ് പൊതുവെ നിലനില്‍ക്കുന്നത്. ജനാധിപത്യത്തിന്റെ ഇന്ത്യന്‍ ചരിത്രാനുഭവത്തിലുള്ള അടിയന്തരാവസ്ഥയുടെ സ്ഥാനത്തെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നു എന്നതാണ് ആ വീക്ഷണത്തിന്റെ പ്രശ്‌നം. ഇവിടെ ജനാധിപത്യം വളരെ ദുര്‍ബലമായാണ് മനസ്സിലാക്കപ്പെടുന്നത്. അതേസമയം ജനാധിപത്യത്തിന്റെ നിലനില്‍പ്പ് ചരിത്ര-സാമൂഹിക പശ്ചാത്തലത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത് എന്നതാണ് അടിസ്ഥാന പാഠം.

ഇന്ത്യയില്‍ ഇന്ന് അധികാരവും സമ്പത്തുമാണ് സാമൂഹിക പശ്ചാത്തലത്തെ നിര്‍വ്വചിക്കുന്നത്. സാമൂഹിക-സാമ്പത്തിക അധികാരങ്ങള്‍ കൈവശം വെക്കുന്നവരും രാഷ്ട്രീയ സ്വാധീനമുള്ളവരുമാണ് നിയമങ്ങളപ്പോലും തീരുമാനിക്കുന്നത്. നവ ഉദാര സമ്പദ് വ്യവസ്ഥ കെട്ടഴിച്ചു വിടുന്ന അനിയന്ത്രിതമായ മൂലധനത്തിലൂടെയാണ് നിയമ-ഭരണ സംവിധാനങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുന്ന ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് നമുക്കു ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്. മധ്യവര്‍ത്തികളും കോര്‍പ്പറേറ്റുകളുമെല്ലാം അതിന്റെ ഭാഗമാണ്. സമൂഹത്തിനും ഭരണകൂടത്തിനുമിടയില്‍ മധ്യസ്ഥം വഹിക്കുന്നവര്‍ എക്കാലത്തും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗങ്ങളായിരുന്നു അവര്‍. കോര്‍പ്പറേറ്റുകളും ഭരണകൂട ഉദ്യോഗസ്ഥരുമൊക്കെ ഉള്‍പ്പെടുന്ന പുതിയൊരു വിഭാഗമെന്ന് അവരെ വിശേഷിപ്പിക്കാവുന്നതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥം വഹിക്കുന്നവരാണവര്‍. ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങളുടെ അസ്ഥിരതയെയാണ് അത് സൂചിപ്പിക്കുന്നത്.

അംബേദ്കറിനോളം ഈ പ്രശ്‌നത്തെക്കുറിച്ച് മനസ്സിലാക്കിയവര്‍ ആരുമില്ല എന്നാണ് എന്റെ അഭിപ്രായം. ഒരു ദലിത് നേതാവും ഭരണഘടനാവാദിയുമായിട്ടാണ് അദ്ദേഹം ആഘോഷിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇന്ത്യന്‍ മണ്ണിന്റെ ഒരു മേല്‍വസ്ത്രം മാത്രമാണ് ജനാധിപത്യം എന്ന അംബേദ്കറിന്റെ വാദത്തെ ശരിയായ രീതിയില്‍ ആരും ഉള്‍ക്കൊണ്ടിട്ടില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു മൂല്യവും മനുഷ്യസമത്വത്തിന്റെ ദൈനംദിന ആവിഷ്‌കാരവുമാണ് ജനാധിപത്യം. ശ്രേണീപരവും ജാതീയവുമായ ഇന്ത്യന്‍ സമൂഹത്തില്‍ ഒരിക്കലും സാധ്യമല്ലാത്ത മൂല്യങ്ങളുടെ സംസ്ഥാപനമാണ് ഭരണഘടനാ തത്വങ്ങളും ജനാധിപത്യ സംവിധാനങ്ങളുമെല്ലാം ലക്ഷ്യമിടുന്നത്. ജനാധിപത്യം സ്വയം ഭരണത്തെയാണ് സാധ്യമാക്കുന്നതെങ്കില്‍ ജാതിശ്രേണിയും സാമൂഹിക അസമത്വവും അതിനെതിരായാണ് നിലനില്‍ക്കുന്നത്.

ഇന്ത്യന്‍ സമൂഹത്തിന് ജനാധിപത്യ മൂല്യങ്ങളില്ല എന്ന് മനസ്സിലാക്കിയ അംബേദ്ക്കര്‍ രാഷ്ട്രീയ മേഖലയിലാണ് വിശ്വാസമര്‍പ്പിച്ചത്. സമൂഹത്തിന് സാധ്യമാകാത്തത് ഒരു രാഷ്ട്രം കൈവരിക്കും എന്നദ്ദേഹം വിശ്വസിച്ചു. ഭൂരിപക്ഷ രാഷ്ട്രീയം സൃഷ്ട്രിക്കുന്ന അരാജകത്വത്തിന്റെ അപകടത്തെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. അതേസമയം യുദ്ധവും വിഭജനവുമെല്ലാം സൃഷ്ടിച്ച സാമൂഹ്യാന്തരീക്ഷം ദേശീയ ഏകത്വത്തെ സംരക്ഷിക്കുന്ന പ്രബലമായ ഒരു രാഷ്ട്രനിര്‍മ്മിതിയിലേക്കാണ് നിയമവിശാരദന്‍മാരെ കൊണ്ടെത്തിച്ചത്. അധികാരത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചൊക്കെയുള്ള വിമര്‍ശനങ്ങളെ അവര്‍ അവഗണിക്കുകയായിരുന്നു.

അധികാര ഇടങ്ങള്‍ ജനാധിപത്യ മൂല്യങ്ങള്‍ക്ക് യാതൊരു സാധ്യതയും നല്‍കുന്നില്ല. കോളനിയാനന്തര നേതാക്കളുടെ ആദ്യ തലമുറയില്‍ പെട്ടവരുടെ ഭരണ കാലത്ത് പോലും ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. രാഷ്ട്രീയം അധികാരത്തെ നിലനിര്‍ത്തുന്ന ഒരു മാധ്യമം മാത്രമായി പരിണമിച്ച സാമൂഹിക സന്ദര്‍ഭമായിരുന്നു അത്. രാഷ്ട്രീയം വെറും അധികാരത്തിന് വേണ്ടിയുള്ള ഒരു ചെസ് കളിയായിത്തീര്‍ന്ന ആ സന്ദര്‍ഭത്തിലാണ് ഇന്ദിര ഒരു ഗ്രാന്റ് മാസ്റ്ററായി തന്റെ കഴിവ് തെളിയിച്ചത്.

തന്റെ അധികാരത്തിന് നേരെയുള്ള വെല്ലുവിളികളെ മറികടക്കാനുള്ള ഒരു മാര്‍ഗമെന്ന നിലക്കാണ് ഇന്ദിര അടിയന്തരാവസ്ഥയെ ഉപയോഗപ്പെടുത്തിയത്. സ്വന്തമായ നിയമങ്ങള്‍ അവര്‍ നിര്‍മ്മിക്കുകയാണ് ചെയ്തത്. ചേരിനിര്‍മ്മാര്‍ജനമുള്‍പ്പെടെയുള്ള നീക്കങ്ങള്‍ ഇന്ദിര നടത്തുകയുണ്ടായി. രാഷ്ട്രത്തിന്റെ ആധുനികവല്‍ക്കരണ പ്രക്രിയയുടെ ഭാഗമായിരുന്നു അത്. ഒരു പരമാധികാര ശക്തിയായി മാറുകയായിരുന്നു അവര്‍. അടിയന്തരാവസ്ഥയെ ഒരു സാധാരണ സംഭവമാക്കി മാറ്റാന്‍ ഇന്ദിരക്ക് സാധിച്ചു. 1977 ലെ പരാജയത്തിന് ശേഷം 1980ല്‍ രണ്ടാമതും അധികാരത്തില്‍ തിരിച്ചെത്തിയ അവര്‍ ദേശീയ സുരക്ഷാ ആക്ട് (1980) നടപ്പിലാക്കുകയും അതിലൂടെ കരുതല്‍ തടങ്കലുകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. മാത്രമല്ല, ആസ്സാമില്‍ മാത്രം നടപ്പിലാക്കപ്പെട്ടിരുന്ന അഫ്‌സ്പ (The Armed Forces Special Powers Act) h}പഞ്ചാബിലേക്കും കശ്മീരിലേക്കും വ്യാപിക്കുകയും സൈന്യത്തിന് അനിയന്ത്രിതമായ അധികാരം അതിലൂടെ സാധ്യമാവുകയും ചെയ്തു.

പലപ്പോഴും രാഷ്ട്രീയ അക്രമങ്ങളുടെ പേരിലാണ് സവിശേഷമായ പട്ടാള നിയമങ്ങള്‍ ന്യായീകരിക്കപ്പെട്ടിരുന്നത്. അതുകൊണ്ടാണ് ചുരുങ്ങിയ കാലം മാത്രം നിലനിന്ന ചരണ്‍സിംങ് ഭരണകൂടം കരുതല്‍ തടങ്കലിനെ തിരികെ കൊണ്ടുവന്നത്. അടിയന്തരാവസ്ഥയുടെ ശേഷിപ്പുകള്‍ വളരെ സജീവമായിത്തന്നെ നിലനില്‍ക്കുന്നുണ്ട് എന്നതിന്റെ ഉദാഹരണമാണത്.

ജാതിയെ അടിസ്ഥാനപ്പെടുത്തിയുള്ള വ്യവഹാരങ്ങള്‍ സമത്വത്തോടുള്ള ജനാധിപത്യത്തിന്റെ പരിഗണനയെയാണ് അഭിമുഖീകരിക്കുന്നത്. പിന്നാക്ക ജാതികള്‍ക്ക് സംവരണം കൊടുക്കണമെന്ന മണ്ടല്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ ഇന്ത്യന്‍ സമൂഹത്തിലും രാഷ്ട്രീയത്തിലും ജനാധിപത്യ സങ്കല്‍പ്പങ്ങളിലും ഗുണപരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ഈ സമൂഹിക മുന്നേറ്റത്തിനാണ് ഹിന്ദുത്വ ശക്തികള്‍ തടയിടാന്‍ ശ്രമിക്കുന്നത്. ഹിന്ദുത്വം അടിസ്ഥാനപരമായി ജനാധിപത്യ വിരുദ്ധമാണ്. കാരണം ന്യൂനപക്ഷത്തെ രണ്ടാം കിടപൗരന്‍മാരാക്കുന്ന ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമാണ് ഹിന്ദുത്വ രാഷ്ട്രീയം ലക്ഷ്യം വെക്കുന്നത്. ‘ഗുജറാത്ത് മോഡല്‍’ ഈ ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരമായിരുന്നു. അതുപോലെ ‘ദേശവിരുദ്ധര്‍’ എന്ന പദപ്രയോഗവും ഹിന്ദുത്വ രാഷ്ട്രീയം വളരെ സജീവമായി തന്നെ നിലനിര്‍ത്തുന്നുണ്ട്. ഹിന്ദുത്വത്തിന്റെ ദേശസങ്കല്‍പ്പങ്ങളെ അംഗീകരിക്കാത്തവരാണ് ആ വിളിപ്പേരിന് അര്‍ഹരാകുന്നത്.

ഇന്ന് അടിയന്തരാവസ്ഥയുടെ പ്രകടമായ രൂപങ്ങളൊന്നും നിലനില്‍ക്കുന്നില്ലെങ്കിലും ഹിന്ദു ദേശീയത വളരെ സജീവമാണ്. നരേന്ദ്രമോദിയാണ് ഇന്ദിരയുടെ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. സ്വന്തം ഇഷ്ടത്തിന് ജനാധിപത്യം അനുകൂലമല്ലെങ്കില്‍ അതിനെ അടിച്ചമര്‍ത്തുക എന്നതാണ് ഇന്ദിര ചെയ്തത്. ഇന്ന് ഹിന്ദ്വത്വ ശക്തികള്‍ ആ റോള്‍ വളരെ ഭംഗിയായി നിർവഹിക്കുന്നുണ്ട്. നരേന്ദ്ര മോദിയാണ് അതിന് നേതൃത്വം കൊടുക്കുന്നത്. ഇന്ദിരയെപ്പോലെ തന്നെ ഒരു പരമാധികാര ശക്തിയായിട്ടാണ് മോദി നിലനില്‍ക്കുന്നത്. അദ്ദേഹം ജനങ്ങളെ ധൈര്യസമേതം അഭിമുഖീകരിക്കുകയോ പത്രസമ്മേളനം വിളിക്കുകയോ ചെയ്യാറില്ല. ട്രംപിനെപ്പോലെ റേഡിയോയിലൂടെ ആഴ്ചയിലൊരിക്കല്‍ മാത്രമാണ് മോദി ജനങ്ങളുമായി സംവദിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിര ഭരണത്തെ ഓര്‍മ്മിപ്പിക്കും വിധം ഏക പാര്‍ട്ടി രാഷ്ട്രീയാന്തരീക്ഷത്തെ സൃഷ്ടിക്കുകയാണ് മോദിയും ബി.ജെ.പിയും ചെയ്യുന്നത്. പാര്‍ട്ടിക്കെതിരായ വിമര്‍ശനങ്ങള്‍ പോലും ദേശവിരുദ്ധമായാണ് മുദ്രകുത്തപ്പെടുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെയാണ് ഒരുകാലത്ത് ബി.ആര്‍ അംബേദ്ക്കര്‍ ശക്തമായി നിലകൊണ്ടിരുന്നത്. ഒരു ഏകാധിപതിക്ക് കീഴില്‍ പൗരസ്വാതന്ത്ര്യം പണയം വെക്കുന്നതിനെതിരെ അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഗ്യാന്‍ പ്രകാശ്