Campus Alive

മതം,രാഷ്ട്രം,ആധുനികത: രാഷ്ട്രീയ ഇസ്‌ലാമിന്റെ സങ്കീര്‍ണ്ണതകള്‍

ചാള്‍സ് ഹിഷ്‌കിന്ദ്‌

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാഷ്ട്രീയ വ്യവഹാരങ്ങളിലും, വാദഗതികളിലും, പ്രതിപക്ഷ മുന്നേറ്റങ്ങളിലും ഇസ്‌ലാം കേന്ദ്രസ്ഥാനത്ത് സ്ഥാപിക്കപ്പെടുന്നതായി കാണാം. ഇസ്‌ലാം മതത്തെ മതേതരമായ രാഷ്ട്രീയം എന്ന വ്യവഹാരവുമായി മുമ്പില്ലാത്ത വിധം ചേര്‍ത്തുവെക്കുകയും അതുമൂലം വ്യക്തിയുടെ വിശ്വാസം, ആത്മീയത, ആചാരം തുടങ്ങിയ മതത്തെ പറ്റിയുള്ള പാശ്ചാത്യന്‍ ഭാവനകള്‍ക്കപ്പുറത്ത് ഇസ്‌ലാമിനെ മനസ്സിലാക്കപ്പെടുകയും ചെയ്യുന്ന ഇത്തരമൊരു വായനയെ ആളുകള്‍ രാഷ്ട്രീയ ഇസ്‌ലാം എന്ന് വിളിക്കുന്നു. എന്തുകൊണ്ട് നാം ഈ അടിസ്ഥാന ചട്ടക്കൂടിനെ പുനരാലോചിക്കണമെന്നാണ് ഈയൊരു ലേഖനത്തിലൂടെ ഞാന്‍ മുന്നോട്ടുവെക്കാന്‍ ശ്രമിക്കുന്നത്.

ഇസ്‌ലാമിനെ രാഷ്ട്രീയമായ പ്രത്യയശാസ്ത്രരൂപീകരണത്തിനായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന നിലവിലെ മുസ്‌ലിം ആക്റ്റിവിസ്റ്റുകള്‍ ചില കാര്യങ്ങളിലെങ്കിലും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട് എന്നാണ് ഇവിടെ പറയാന്‍ ശ്രമിക്കുന്നത്. ഈജിപ്തിലെ ഹിസ്ബുല്‍ അമനും അല്‍ജീരിയയിലെ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ടും പോലുള്ള ഇസ്‌ലാമിക അടിത്തറ അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയത്തിന്റെ മതവുമായുള്ള സ്വാഭാവികബന്ധത്തിന്റെ തെളിവായാണ് പലപ്പോഴും നിലനില്‍ക്കുന്നത്. അത്തരം ഉദാഹരണങ്ങള്‍ ഉണ്ടാകുമ്പോഴും ചില പ്രശ്‌നങ്ങള്‍ ബാക്കിയാവുന്നതായി കാണാം, അഥവാ ഏതടിസ്ഥാനത്തിലാണ് രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ സാമൂഹിക ജീവിതം ഇന്ന് നിര്‍ണ്ണയിക്കപ്പെടുന്നത്? രാഷ്ട്രീയ ഇസ്‌ലാം പരമ്പരാഗതമായി ഇസ്‌ലാം പ്രവര്‍ത്തിച്ചുപോന്നതിന് പുറത്താണ് രൂപം പ്രാപിച്ചിട്ടുള്ളതെന്ന് പല പണ്ഡിതരും അഭിപ്രായപ്പെടുന്നുണ്ട്.അവരില്‍ തന്നെ ചിലര്‍ , മതം ഉള്‍പ്പെടെയുള്ള സാമൂഹിക ജീവിതത്തില്‍
മുമ്പില്ലാത്ത വിധം വര്‍ധിച്ചുവരുന്ന സ്റ്റേറ്റിന്റെ അധികാര പരിസരങ്ങളുമായി ബന്ധപ്പെടുത്തി ഇതിനെ വായിക്കുകയും ചെയ്യുന്നു.

Islamic Salvation Front (FIS) Rally on December 23, 1991

നമുക്കറിയാവുന്നത് പോലെ, ആധുനിക രാഷ്ട്രനിര്‍മ്മിതിയുടെ കേന്ദ്രമെന്ന നിലയില്‍ വിദ്യാഭ്യാസം, മതം, സാമൂഹിക ക്ഷേമം, കുടുംബം തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങള്‍ വ്യത്യസ്ത തരത്തില്‍ ആധുനിക രാഷ്ട്രാധികാരത്തിന്റെ നിയന്ത്രണ സംവിധാനങ്ങള്‍ക്കകത്താണ് നിലകൊള്ളുന്നതെന്ന് കാണാം. സാമ്പത്തിക മേഘലയിലായാലും, തെരുവ് കച്ചവടത്തിലായാലും, മക്കളെ പരിപാലിക്കുന്നതിലായാലും, വീടിന് ഒരു മുറി അധികമായി നിര്‍മ്മിക്കുന്നതിലായാലും, ജനനത്തിലും മരണത്തിലുമെല്ലാം രക്ഷാധികാരിയായും പരിധികള്‍ നിര്‍ണ്ണയിച്ചും സ്റ്റേറ്റ് നിലനില്‍ക്കുന്നതായി കാണാം.

ഇതിന്റെയെല്ലാം ഫലമായി ആധുനിക രാഷ്ട്രീയവും അതുല്‍പ്പാദിപ്പിക്കുന്ന അധികാര രൂപങ്ങളും പല വ്യക്തിപരമായ പ്രവൃത്തികളെയും നിര്‍ണ്ണയിക്കുന്നതായി കാണാം. മതത്തിന്റെ കാര്യം എടുത്തുനോക്കിയാല്‍ മതപരതയുടെ വികാസം സാധ്യമാക്കുന്ന സ്ഥാപനങ്ങള്‍ സ്റ്റേറ്റുമായി ബന്ധപ്പെട്ടുകിടക്കുന്ന നിയമ-ഭരണ സംവിധാനങ്ങള്‍ക്കകത്താണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ അത്തരം മതപരതയെ കൃത്യമായും സംരക്ഷിച്ചു നിര്‍ത്തുക എന്നത് രാഷ്ട്രീയപരതയിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. ഉദാഹരണത്തിന് ഈജിപ്തിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിലും സ്വകാര്യ സ്ഥാപനങ്ങളിലുമെല്ലാം അക്കാദമിക കരിക്കുലം രൂപീകരിക്കുന്നത് സ്റ്റേറ്റ് നേരിട്ടാണ്. അതിനാല്‍ തന്നെ ഇസ്‌ലാമിക ശിക്ഷണരീതികള്‍ സിലബസുകളില്‍ ഉള്‍പ്പെടുത്തുക എന്നത് രാഷ്ട്രീയാധികാരവുമായി ബന്ധപ്പെട്ടുകൊണ്ട് മാത്രം സാധ്യമാവുന്ന ഒന്നാണ്.

എന്നാല്‍ നിലവിലെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളെല്ലാം തന്നെ രാഷ്ട്രീയാധികാരം പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ് എന്ന് ഇതിനര്‍ഥമില്ല. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും മതപ്രചരണവും (ദഅ്‌വ), ആരോഗ്യമേഘലയിലെ പ്രവര്‍ത്തനങ്ങളും, പള്ളി നിര്‍മ്മാണവും, പ്രസാധനാലയങ്ങളും, പൊതുനന്മക്കുവേണ്ടിയുള്ള സാമുദായിക ശ്രമങ്ങളുമൊക്കെയാണെന്ന് കാണാം. എന്നിരുന്നാലും ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം തന്നെ അടിസ്ഥാനപരമായി രാഷ്ട്രീയം എന്ന വ്യവഹാരത്തിനകത്താണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. കാരണം അവയെല്ലാം തന്നെ വ്യത്യസ്ത തരത്തില്‍ സ്റ്റേറ്റിന്റെ പരിധികളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്(ലൈസന്‍സിംഗ് പോലുള്ള കാര്യങ്ങള്‍). അതോടൊപ്പം തന്നെ പാശ്ചാത്യ രീതിയിലുള്ള കുടുംബഘടനയെയും, വിശ്വാസരീതികളെയും ഒഴിവുസമയ സങ്കല്‍പ്പങ്ങളെയും സാമൂഹ്യ ബാധ്യതാ ബോധങ്ങളെയും പിന്‍പറ്റുന്ന സ്റ്റേറ്റുമായോ  അല്ലെങ്കില്‍ സ്‌റ്റേറ്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങളുമായോ മല്‍സരിച്ചുകൊണ്ടല്ലാതെ അവര്‍ക്ക് പ്രവര്‍ത്തിക്കുവാനും കഴിയില്ല. അഥവാ, വ്യക്തിയുടെ വിശ്വാസത്തെ പറ്റിയുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങളെ മുറുകെപ്പിടിക്കുന്നവര്‍ക്ക് പോലും പുതിയകാല സമൂഹങ്ങളെ നിര്‍ണ്ണയിക്കുന്ന ആധുനിക അധികാരത്തിന്റെ നിയമ, കാര്യനിര്‍വ്വഹണ, സാങ്കേതിക പരിസരങ്ങളുമായി ബന്ധപ്പെടേണ്ടിയിരിക്കുന്നു.

Alexis de Tocqueville

ഇസ്‌ലാം വിശ്വാസത്തെയും(ദീന്‍) രാഷ്ട്രീയത്തെയും(ദൗലത്ത്) പരസ്പരം ബന്ധിപ്പിച്ചാണ് നിലനില്‍ക്കുന്നത് എന്ന വാദമല്ല ഞാന്‍ മുന്നോട്ടു വെക്കുന്നത്.(ദീനും ദൗലത്തും മറ്റൊരര്‍ഥത്തില്‍ രാഷ്ട്രീയത്തെയും മതത്തെയും പറ്റിയുള്ള പാശ്ചാത്യന്‍ ഭാവനകളുമായി പൊരുത്തപ്പെടാതെ നില്‍ക്കുന്നവയാണ്) എന്നാല്‍ മുസ്‌ലിം ചിന്തകര്‍ ദീനിനെയും ദൗലത്തിനെയും കൃത്യമായും വിഭജിച്ചു നിര്‍ത്തുന്നു എന്ന യാഥാര്‍ഥ്യത്തെ ഇതിന്റെ വക്താക്കള്‍ നിരാകരിക്കുന്നുമില്ല. എന്നാല്‍ ദീനും ദൗലത്തും പ്രതിനിധീകരിക്കുന്ന അര്‍ഥതലങ്ങളും അവ തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ ഘടനയും സ്റ്റേറ്റും ചര്‍ച്ചും രൂപപ്പെടുത്തിയെടുത്ത യൂറോപ്യന്‍ സാഹചര്യങ്ങളെയല്ല പ്രതിഫലിപ്പിക്കുന്നത്. അതിലെല്ലാമുപരി, പുതിയ ചില വായനകള്‍ മുന്നോട്ടുവെക്കുന്നത് എല്ലാ കാലത്തും പാശ്ചാത്യന്‍ സമൂഹങ്ങളില്‍ പോലും മതവും രാഷ്ട്രീയവും തമ്മിലുള്ള വിഭജനം മുമ്പ് മനസ്സിലാക്കയിതിനേക്കാള്‍ സങ്കീർണ്ണമാണ് എന്നാണ്.  യു.എസ് രാഷ്ട്രീയത്തിന്റെ ധാര്‍മ്മിക അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കുന്നതിലും രാഷ്ട്രീയ വായനകള്‍ രൂപപ്പെടുത്തുന്നതിലും പ്രൊട്ടസ്റ്റന്റ് കൃസ്ത്യനിറ്റിക്ക് വലിയ പങ്കുണ്ടെന്നും അതിനാല്‍ തന്നെ പലപ്പോഴുമത് പ്രഥമദൃഷ്ട്യാ രാഷ്ട്രീയ സ്ഥാപനമായാണ് കണക്കാക്കപ്പെടുന്നതെന്നും ടോക്വുവില്ലെ (Alexis de Tocqueville) വളരെ മുമ്പേ തന്നെ നിരീക്ഷിച്ചിട്ടുണ്ട്. ചര്‍ച്ചും മറ്റു മതസംഘടനകളും നടത്തുന്ന രാഷ്ട്രീയ ചരടുവലികളെ കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്. മറിച്ച്,  കൃസ്ത്യനിറ്റി സ്വയം തന്നെ പാശ്ചാത്യ രാഷ്ട്രീയ സ്ഥാപനങ്ങളെ നിര്‍മ്മിച്ചെടുക്കുന്നതില്‍ പ്രഥമസ്ഥാനം വഹിക്കുന്നുണ്ട് എന്നാണ്. അഥവാ ഏതൊരു കാര്യം എടുത്ത് നോക്കിയാലും മതം, രാഷ്ട്രീയം, മതേതരത്വം പോലുള്ള പാശ്ചാത്യ പരികല്‍പ്പനകള്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ ചരിത്ര വികാസഘട്ടത്തില്‍ ഉണ്ടായിത്തീര്‍ന്നതാണെന്നും അതിനാല്‍ തന്നെ അവക്കൊന്നും ആഗോളമായ പ്രായോഗികത സാധ്യമാവുകയില്ലെന്നും കാണാന്‍ കഴിയും.

അവസാനമായി, രാഷ്ട്രീയത്തെ പറ്റിയും വര്‍ഗ്ഗതാല്‍പര്യങ്ങളെ പറ്റിയുമൊക്കെയുള്ള ചര്‍ച്ചകള്‍ ഇസ്‌ലാമിക ലോകത്തും തുടര്‍ന്നും നടക്കേണ്ടതുണ്ട്. എന്നാല്‍ ഇസ്‌ലാം അഭിമുഖീകരിക്കുന്ന എല്ലാ ചോദ്യങ്ങളെയും അതുമായി ബന്ധിപ്പിക്കേണ്ടതുമില്ല. താഴെക്കാണുന്നത് പോലുള്ള പ്രസ്താവനകള്‍ ഇസ്‌ലാമിക നവോക്താനത്തിന്റെ(സഹ്‌വ) അനിവാര്യതയായി കുറേ കാലങ്ങളായി വായിക്കപ്പെടുന്നുണ്ട്: ‘ പുരുഷ മേധാവികളായിട്ടുള്ള ആളുകള്‍ സാമൂഹിക-സാമ്പത്തിക മാറ്റങ്ങളെ സാംസ്‌കാരിക അപചയമായാണ് കണക്കാക്കുന്നത്. ദേശീയതാ പദ്ധതികളെ അനിസ്‌ലാമികമെന്ന് മുദ്രകുത്തി അതിനെതിരെ അവര്‍ മൗലികവാദികളായ ആളുകളെ കൂട്ടുപിടിച്ച് സായുധസമരത്തിലേര്‍പ്പെടുന്നു.’ എന്നാല്‍ അത്തരം വിശകലനങ്ങള്‍ ഇസ്‌ലാമിക മുന്നേറ്റങ്ങളെ സാമൂഹിക-സാമ്പത്തിക അവസ്ഥകളെ വിശകലനം ചെയ്യുന്നതിലേക്ക് മാത്രമായി ചുരുക്കുന്നുണ്ട്. ‘പുരുഷ മേധാവികള്‍’ പുതുതായി ഒന്നും തന്നെ നമ്മോട് പറയുന്നില്ല. അവരുടെ പദ്ധതികളും വാദങ്ങളും ഒരിക്കല്‍ രാഷ്ട്രീയമായ ഭാഷയിലേക്ക് പരിവര്‍ത്തിക്കപ്പെട്ടതിനാല്‍ തന്നെ അവ നമുക്ക് സുപരിചിതവുമാണ്.

Charles Hirschkind

ആധുനിക രാഷ്ട്രീയ ലക്ഷ്യങ്ങളെയും പരമ്പരാഗത മതപരതയെയും വേര്‍തിരിക്കുന്നതില്‍ നിന്നും മാറി സൂക്ഷമമായ മറ്റൊരു സമീപനത്തിന്റെ ആവശ്യകതയിലേക്കാണ് ഇത്തരം സങ്കീര്‍ണ്ണതകള്‍ വിരല്‍ ചൂണ്ടുന്നത്. ഇവിടെ “രാഷ്ട്രീയ ഇസ്‌ലാം”(Political Islam) എന്ന പദം അപര്യാപ്തമാണെന്ന് കാണാം. കാരണമത് മതത്തിന്റെ യഥാര്‍ഥമായ അനുഷ്ഠാനങ്ങളില്‍ നിന്നുള്ള അപഭ്രംശത്തെയോ അല്ലെങ്കില്‍  വൈകല്യത്തെയോ മുന്‍നിർത്തിയാണ് നമ്മുടെ ആലോചനകളെ രൂപപ്പെടുത്തുന്നത്. സമൂഹത്തിന് മേലുള്ള സ്‌റ്റേറ്റിന്റെ അപകടകരമായ സ്വാധീനത്തെ കൃത്യമായി വിശകലന വിധേയമാക്കുന്നതിന് അത് തടസ്സമായി വരുന്നു. മറുവശത്ത്, സ്റ്റേറ്റിന്റെ ഇത്തരത്തിലുള്ള ഹിംസകളോട് പ്രതികരിക്കുന്ന മതവിശ്വാസികളായുള്ള ആളുകളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിക്കൊണ്ട് സ്റ്റേറ്റ് അധികാരം സ്ഥാപിക്കുകയും ചെയ്യുന്നു. അത്തരം അനുഭവങ്ങളെ വേര്‍തിരിച്ച് മനസ്സിലാക്കുവാനുള്ള ശ്രമങ്ങളൊന്നും തന്നെ നടത്തുന്നുമില്ല. ഇത്തരമൊരവസ്ഥയില്‍ ഇസ്‌ലാമിക നവോക്താനത്തെ(സഹ്‌വ) പറ്റിയുള്ള വായനകളില്‍ സായുധകലാപങ്ങളും അസഹിഷ്ണുതയും കേന്ദ്ര വിഷയമായി വരുന്നതില്‍ അല്‍ഭുതമൊന്നുമില്ല; അപ്പോഴും സ്‌റ്റേറ്റ് നടത്തിപ്പോരുന്ന ഭീകരമായ ഹിംസയും നിയന്ത്രണോപകരണങ്ങളും അടിക്കുറിപ്പായി മാത്രം നില്‍ക്കുകയും ചെയ്യുന്നു.

 

ചാള്‍സ് ഹിഷ്‌കിന്ദ്‌