Campus Alive

സിനിമേതര നൊമാഡിസത്തിന്റെ സാധ്യതകള്‍

നൊമാഡ് സിനിമകളെക്കുറിച്ച ലോറ മാര്‍ക്‌സിന്റെ പഠനം ഇവിടെ അവസാനിക്കുന്നു.

ബാല്‍ബെക്ക്, ബഗ്ദാദ് ഓണ്‍\ഓഫ് തുടങ്ങിയ ഒട്ടുമിക്ക റോഡ്‌സിനിമകളും ഡോക്യുമെന്ററി വിഭാഗത്തില്‍ പെടുത്താവുന്നവയാണ്. ഔപചാരിക ചരിത്രങ്ങളില്‍ നിന്നും ആഖ്യാനങ്ങളില്‍ നിന്നും മാറിനില്‍ക്കുന്ന അത്തരം സിനിമാ പരീക്ഷണങ്ങള്‍ ലബനീസ് സിനിമാ സംവിധായകര്‍ക്കിടയില്‍ സജീവമാണ്. Falsified Documentary എന്നാണ് അത്തരം സിനിമാ രൂപങ്ങള്‍ അറബ് ലോകത്ത് പൊതുവെ അറിയപ്പെടുന്നത്. യാഥാര്‍ത്ഥ്യങ്ങളേക്കാള്‍ ആഴമേറിയ വിഷ്വലുകളെ സമ്മാനിക്കുന്നു എന്നതാണ് അതിന്റെ പ്രത്യേകത. The Lost Film അത്തരത്തിലുള്ള ഒരു ദൃശ്യാനുഭവമാണ്. അറബ് ലോകത്തെ സിനിമകളുടെ സമകാലിക പദവിയെക്കുറിച്ച ഒരു ഡോക്യുമെന്റാണത്. നഷ്ടപ്പെട്ടു പോയ തങ്ങളുടെ സിനിമയുടെ (Around the Pink House) പ്രിന്റ് തേടി യെമനിലേക്ക് യാത്രതിരിക്കുന്ന രണ്ട് ലബനീസ് സിനിമാ സംവിധായകരുടെ യാത്രയാണ് സിനിമയുടെ ഇതിവൃത്തം. എന്നാല്‍ അവരുടെ അന്വേഷണങ്ങളോട് ആളുകള്‍ അവഗണനാപൂര്‍വ്വമാണ് പെരുമാറുന്നത്. യെമനില്‍ പൊതുവെ സിനിമകളോട് തന്നെ അവഗണന നിലനില്‍ക്കുന്നുണ്ട്. സിനിമാശാലകള്‍ വളരെ അപൂര്‍വ്വമായിട്ട് മാത്രമേ അവിടെ കാണുകയുള്ളൂ. സിനിമ അവസാനിക്കുമ്പോഴും അവര്‍ക്ക് തങ്ങളുടെ പ്രിന്റ് കണ്ടെത്താന്‍ കഴിയുന്നില്ല. അതേസമയം ആളുകള്‍ക്ക് ഇമേജിനോടുള്ള ഒരു പ്രത്യേകതരം സാംസ്‌കാരിക മനോഭാവം അവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

യമനിലെ ഫിലിം ആര്‍ക്കൈവില്‍ അവര്‍ ഒരു സന്ദര്‍ശനം നടത്തുന്നുണ്ട്. അവിടെ സിനിമാ കളക്ഷനുകള്‍ കുറവാണെങ്കിലും അവിടെയുള്ള ജോലിക്കാര്‍ തങ്ങളുടെ കളക്ഷനില്‍ ഏറെ അഭിമാനപുളകിതരാണ്. ഈജിപ്ഷ്യന്‍ ത്രില്ലറുകളുടെയും ജാക്കിജാന്‍ സിനിമകളുടെയും പോസ്റ്ററുകള്‍ അവിടെ പതിച്ചിരിക്കുന്നതായി ചില വിഷ്വലുകള്‍ കാണിക്കുന്നുണ്ട്. ആര്‍ക്കൈവിന്റെ ഡയറക്ടറായ ഹുസൈന്‍ ചൈബാനെ പറയന്നത് സിനിമകളെ നിലനിര്‍ത്തുക എന്നതാണ് തന്റെ പ്രതീക്ഷയും നിയോഗവുമെന്നാണ്. നമ്മുടെ സംവിധായകരാകട്ടെ, തങ്ങളുടെ സിനിമയെത്തേടിയുള്ള യാത്ര തുടരുകയാണ്. എന്നാല്‍ അവരുടെ ഡ്രൈവര്‍ അവരെ കൊണ്ടുപോകുന്നത് ഒരു വിവാഹ പാര്‍ട്ടിയിലേക്കാണ്. അവിടെയുള്ള എല്ലാവരും പല തരത്തിലുള്ള വീഡിയോ വര്‍ക്കുകള്‍ ചെയ്യുന്നതായി കാണാം. അവിടെ വെച്ചാണ് നമ്മുടെ സംവിധായകര്‍ക്ക് യമന്‍ ജനത ഇമേജുകളെ അത്ര പ്രാധാന്യത്തോടെ കാണുന്നവരല്ല എന്ന യാഥാര്‍ത്ഥ്യം ബോധ്യപ്പെടുന്നത്. അവര്‍ പൊതുവെ ഇമേജുകളെ (വീഡിയോ വര്‍ക്കുകളടക്കം) പ്രൊഡക്ഷനും സ്‌ക്രീനിംഗിനും ശേഷം ഉപേക്ഷിക്കുകയാണ് ചെയ്യുക.

The Lost Film എന്ന സിനിമയുടെ ക്ലൈമാക്‌സ് ഒരു മെറ്റല്‍ മാര്‍ക്കറ്റിലാണ് സംഭവിക്കുന്നത്. അവിടെയുള്ള വില്‍പ്പന വസ്തുക്കള്‍ക്കിടയില്‍ ഹാജിതോമസ് (സംവിധായകരിലൊരാള്‍) കുറച്ച് സിനിമാപെട്ടികള്‍ കാണുന്നുണ്ട്. അതോടെ അവര്‍ ഒരു നിഗമനത്തില്‍ എത്തിച്ചേരുകയാണ്. അഥവാ, അവരുടെ സിനിമയല്ല മോഷ്ടാക്കള്‍ ലക്ഷ്യം വെച്ചത്. മറിച്ച്, സിനിമയുടെ പ്രിന്റ് സൂക്ഷിച്ച പെട്ടിയാണ്.

Akram Zaatari

ഈ പഠനത്തില്‍ ഞാന്‍ പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് ജിബ്രായീല്‍ ജബ്ബൂറിന്റെ സിറിയന്‍ മരുഭൂമിയിലെ ബദവി ജീവിതത്തെക്കുറിച്ച എഴുത്തുകളാണ്. അദ്ദേഹത്തിന്റെ നിരവധി ഫോട്ടോകളടങ്ങിയ പുസ്തകമാണത്. അറബ് സ്വത്വത്തിന്റെ ഹൃദയത്തിലാണ് നൊമാഡിക്ക് ജീവിതം നിലനില്‍ക്കുന്നത് എന്നാണ് ആ പുസ്തകത്തില്‍ പറയുന്നത്. അതിലടങ്ങിയ വിവരങ്ങളെ കേന്ദ്രീകരിച്ചാണ് അക്രം സാത്തരി തന്റെ വീഡിയോ വര്‍ക്കായ This Day (2003) എടുത്തിട്ടുള്ളത്. 1950 കളിലെ തന്റെ വിന്റേജ് ഫോട്ടോകളിലൊന്നിനെ വിശദീകരിക്കുന്ന ജിബ്രായീല്‍ ജബ്ബൂറിന്റെ പേരക്കുട്ടിയുടെ ശബ്ദത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. മരുഭൂമിയില്‍ വെച്ച് ഒരു ജീപ്പിനടിയില്‍ കിടന്ന് റിപ്പയര്‍ ചെയ്യുന്ന ഒരറബിയുടെ ഫോട്ടോയാണത്. അതിന് ചുറ്റും പാശ്ചാത്യ വസ്ത്രം ധരിച്ച രണ്ട് പേര്‍ നില്‍ക്കുന്നുണ്ട്. കൂടാതെ ഒട്ടകങ്ങളെയും അവിടെ കാണാം. ഫോട്ടോഗ്രാഫറുടെ നിഴലും ചെറിയ തോതില്‍ കാണാന്‍ കഴിയുന്നുണ്ട്. നോര്‍മ്മ ജബ്ബൂര്‍ (ജിബ്രയീലിന്റെ പേരക്കുട്ടി) പറയുന്നുണ്ട്: ‘മരുഭൂമിയുടെയും ഒട്ടകങ്ങളുടെയും ഫോട്ടോകളെടുക്കുന്നത് ഒരു പശ്ചിമ വസ്തുവിനെ പാശ്ചാത്യ കണ്ണ് (ക്യാമറ) കൊണ്ട് വീക്ഷിക്കുന്നത് പോലെയാണ്. ഒരു വസ്തുവിനെ ഡോക്യുമെന്റ് ചെയ്യുക എന്നത് പാശ്ചാത്യ ആശയമാണ്.’ അതുകൊണ്ടായിരിക്കാം യമനികള്‍ക്ക് സിനിമാ\ഫോട്ടോ ശേഖരങ്ങളോട് താല്‍പര്യമില്ലാത്തത്.

സാത്തരിയെ സംബന്ധിച്ചിടത്തോളം ആര്‍ക്കൈവുകള്‍ ഏറെ പ്രധാനം തന്നെയാണ്. അറബ് ഇമേജ് ഫൗണ്ടേഷന്റെ സ്ഥാപകനാണദ്ദേഹം. അതിന്റെ ലക്ഷ്യങ്ങളിലൊന്ന് ലബനീസ്, അറബ് ഭൂതകാലത്തെക്കുറിച്ച അമേച്വര്‍ ഫോട്ടോകള്‍ ശേഖരിക്കുക എന്നതാണ്. നൊമാഡിക്ക് സ്വത്വത്തിന്റെ അടിസ്ഥാനമായ ഒട്ടകങ്ങളെത്തേടി സാത്തരി ഏറെ യാത്ര ചെയ്തിട്ടുണ്ട്. ഒട്ടകങ്ങള്‍ യാഥാര്‍ത്ഥ്യം തന്നെയാണെങ്കിലും അവയുടെ ഷോട്ടുകള്‍ ഡിജിറ്റല്‍ എഡിറ്റിംഗിന് വിധേയമാക്കിയിട്ടാണ് അദ്ദേഹം പുറത്തിറക്കുന്നത്. രണ്ട് ഫ്രെയിമുകള്‍ മുമ്പോട്ടാണെങ്കില്‍ രണ്ടെണ്ണം പുറകോട്ടായിരിക്കും. അങ്ങനെ നമുക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒരു ഒബ്ജക്ടായി അവ (ഒട്ടകങ്ങള്‍) തിളങ്ങി നില്‍ക്കുകയാണ് ചെയ്യുന്നത്.

സാത്തരിയുടെ This Day തുടങ്ങുന്നത് യാഥാര്‍ത്ഥ്യത്തെ തേടിയുള്ള അന്വേഷണത്തോടെയാണ്. നൊമാഡിക്ക് ഭാഷയില്‍ പറഞ്ഞാല്‍ നാശത്തെ തേടിയുള്ള അന്വേഷണം. ഫോട്ടോഗ്രാഫ് നാശത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് സിനിമ പറയുന്നത്. അഥവാ, ക്യാമറയിലൂടെയാണ് നാശം സംഭവിക്കുന്നത്. ഒരുപക്ഷെ, ഫോട്ടോ എടുക്കുന്നത് ഒരു പാശ്ചാത്യ ഏര്‍പ്പാടാണെന്ന നോര്‍മ്മ ജബ്ബൂറിന്റെ പ്രസ്താവന അതിശയോക്തിയായി തോന്നിയേക്കാം. എന്നാല്‍ നൊമാഡിക്ക് ജീവിതത്തെ ക്യാമറയില്‍ പകര്‍ത്തുക എന്നത് അവരുടെ ജീവിതത്തെ പരിമിതപ്പെടുത്തുക എന്നതു തന്നെയാണ്. കാരണം ക്യാമറയിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത് പ്രതിനിധാനമാണല്ലോ. പ്രതിനിധാനം എന്നത് ഇമേജുകളുടെ അനന്തതയെ ചുരുക്കുന്ന ഏര്‍പ്പാടാണ്. Terra Incognita എന്ന സിനിമയില്‍ നൊമാഡിസത്തെ ലോകത്തെ മനസ്സിലാക്കുന്ന ഒരു സിനിമാറ്റിക്ക് രീതിയായിട്ടാണ് അവതരിപ്പിച്ചതെങ്കില്‍ This Day എന്ന വീഡിയോ വര്‍ക്കില്‍ നൊമാഡിസം ഒരു ഡിജിറ്റല്‍ ഉപകരണമായിട്ടാണ് നിലനില്‍ക്കുന്നത്.

ഇനി തുടങ്ങിയേടത്തേക്കു തന്നെ മടങ്ങാമെന്ന് തോന്നുന്നു. അസ്ഫാള്‍ട്ട് നൊമാഡുകള്‍ യാഥാര്‍ത്ഥ്യത്തില്‍ നിലനില്‍ക്കുന്നവരല്ല. ഭൂതം, വര്‍ത്തമാനം, ഭാവി എന്ന രേഖീയ ആശങ്കകളില്‍ ജീവിക്കുന്നവരുമല്ല. പ്രതലങ്ങളിലാണ്, അല്ലെങ്കില്‍ നിമിഷങ്ങളിലാണ് (മൊമന്റ്) അവര്‍ നിലനില്‍ക്കുന്നത്. ആഴം, ശ്രേണി, വേരുകള്‍, കാര്യ-കാരണ ബന്ധങ്ങള്‍ എന്നിവയൊന്നും അവരെ ബാധിക്കുന്ന കാര്യമല്ല. നാശങ്ങളെ (Ruin) അവര്‍ ബഹുമാനിക്കുകയും പിന്നീട് അവയെ അതിന്റെ പാട്ടിന് വിടുകയുമാണ് അവരുടെ രീതി. ഗൃഹാതുരതയിലോ പാരമ്പര്യങ്ങളിലോ വിശ്വസിക്കുന്നവരല്ല അവര്‍. നൊമാഡുകള്‍ നേടിയെടുത്തതും അറബ് സിനിമ നമുക്ക് മുമ്പില്‍ വെച്ച് നീട്ടുന്നതുമായ സാധ്യത എന്നത് തീര്‍ച്ചയായും പുതിയൊരു സിനിമാ യാത്രയാണ്. അതൊരിക്കലും ആക്റ്റിവിസ്റ്റ്, റിയലിസ്റ്റ് സിനിമകള്‍ തുറന്നുതന്ന പ്രതിനിധാനത്തിന്റെ വഴിയായിരിക്കുകയില്ല. നൊമാഡ് സിനിമ അത് നിലനില്‍ക്കുന്ന ഇടത്തില്‍ നിന്ന് തന്നെയാണ് ഊര്‍ജ്ജം കൈവരിക്കുന്നത്. എല്ലാ സാമൂഹിക സ്ഥാപനങ്ങളില്‍ നിന്നും നിന്നും വിടുതല്‍ നേടുന്നതോടെയാണ് അത് സാധ്യമാകുന്നത്.

ലോറ മാര്‍ക്‌സ്