Campus Alive

റോഡ്‌ബ്ലോക്ക് സിനിമകളും പ്രേക്ഷകരുടെ തിരഞ്ഞെടുപ്പുകളും

അറബ് സിനിമ: പുതിയ സൗന്ദര്യശാസ്ത്ര സമീപനങ്ങള്‍: ഭാഗം 6

അസ്ഫാള്‍ട്ട് നൊമാഡിസത്തില്‍ തന്നെ വളരെ സജീവമായി നിലനില്‍ക്കുന്ന, എന്നാല്‍ യാത്ര അസാധ്യമായ സിനിമകളുണ്ട്. അവയെ നമുക്ക് Roadbloack Movies എന്നു വിളിക്കാം. ഭൂരിപക്ഷം വരുന്ന ഫലസ്തീനിയന്‍ സിനിമകളും ആ ഗണത്തില്‍ പെടുന്നവയാണ്. അതിന് തുടക്കം കുറിക്കുന്നത് ഈജിപ്ഷ്യന്‍ സംവിധായകനായ തൗഫീഖ് സാലിഹിന്റെ The Duped (1973) എന്ന സിനിമയോട് കൂടിയാണ്. ഗസ്സന്‍ ഖനഫാനിയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് ആ സിനിമയെടുത്തിരിക്കുന്നത്. തങ്ങളുടെ കുടിയേറ്റ കുടുംബങ്ങളെ സംരക്ഷിക്കാന്‍ കുവൈത്തില്‍ ജോലി തേടുന്ന മൂന്ന് ഫലസ്തീനികളുടെ കഥയാണിത്. അവര്‍ മരുഭൂമിയുടെ പൊള്ളുന്ന ചൂടിനെ അവഗണിച്ചും യാത്ര തുടരുകയാണ്. ഒരു ഫലസ്തീനിയന്‍ ഡ്രൈവറിനെ കൂട്ടുപിടിച്ച് വാട്ടര്‍ ടാങ്കില്‍ ഒളിച്ചാണ് അവര്‍ ഇറാഖില്‍ നിന്നും അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത്. അതിര്‍ത്തിയില്‍ വെച്ച് ഏതാനും കുവൈത്തി പോലീസുകാര്‍ അവരെ തടയാന്‍ ശ്രമിക്കുന്നു. കാലാവസ്ഥ നല്ല ചൂടായതിനാല്‍ ടാങ്കിനകത്തെ താപനില ഉയരുകയും അതിനകത്തുണ്ടായിരുന്നവര്‍ ശ്വാസം മുട്ടി മരിക്കുകയും ചെയ്യുന്നു. ഭൂമിശാസ്ത്രപരമായി അവര്‍ സ്വാതന്ത്ര്യത്തിന് സമീപമായിരുന്നെങ്കിലും ഭൗമരാഷ്ട്രീയപരമായി ചെക്ക്‌പോയിന്റ് എന്നത് ഒരു അധികാര വ്യവസ്ഥയായി അവരുടെ സ്വാതന്ത്ര്യത്തെ തടയുകയായിരുന്നു. ഫലസ്തീനിയന്‍ ജനതയെക്കുറിച്ച പാന്‍-അറബ് ഉത്കണ്ഡയാണ് ഈ സിനിമ എന്ന് പറയാവുന്നതാണ്.

രണ്ട് ഇന്‍തിഫാദകള്‍ക്ക് ശേഷം ചെക്ക്‌പോയിന്റുകള്‍ ധാരാളമായി അധികരിക്കുകയും ഫലസ്തീനികള്‍ വ്യാപകമായി കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. നഗരങ്ങളിലൂടെ ഫലസ്തീനികള്‍ കാറോടിക്കുന്നത് നിരോധിച്ചുകൊണ്ട് 2000 ഡിസംബര്‍ 12 നാണ് ഇസ്രയേല്‍ ഒരു നിയമം പാസ്സാക്കുന്നത്. ഏലിയാ സുലൈമാന്റെ ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍ എന്ന സിനിമ ഇസ്രയേലി അധിനിവേശം അസാധ്യമാക്കിയ ഫലസ്തീനി ചലനത്തെക്കുറിച്ചാണ് പറയുന്നത്. സിനിമയിലെ രണ്ട് പ്രണേതാക്കള്‍ക്ക് (ജറൂസലേമില്‍ നിന്നും റാമല്ലേയില്‍ നിന്നുമുള്ള) ഇസ്രയേലി ചെക്ക്‌പോയിന്റിനടുത്തുള്ള ഒരു പാര്‍ക്കിംങ്ങ് കേന്ദ്രത്തില്‍ വെച്ച് മാത്രമേ കണ്ടുമുട്ടാന്‍ സാധിക്കുന്നുള്ളൂ. ഡിവൈന്‍ ഇന്റര്‍വെന്‍ഷനില്‍ സ്വതന്ത്രമായ ചലനം എന്നത് വെറുമൊരു ഫാന്റസി മാത്രമായിട്ടാണ് നിലനില്‍ക്കുന്നത്. സിനിമയിലൊരിടത്ത് കഫിയ്യ പുതച്ച ഒരു ഫലസ്തീനി പെണ്‍കുട്ടി അര ഡസന്‍ ഇസ്രയേലി പട്ടാളക്കാരെ നാമാവശേഷമാക്കുന്നുണ്ട്.

റോഡ്‌ബ്ലോക്കിനെ ആസ്പദമാക്കി ഫലസ്തീനിയന്‍ ഡയറക്ടറായ ഹാനി അബു അസ്സദ് എടുത്ത മറ്റൊരു സിനിമയാണ് Rana’s Wedding (2002). ഒരു ഫിക്ഷന്‍ സിനിമയാണിത്. സിനിമയിലെ കഥാപാത്രമായ റാണക്ക് മുമ്പില്‍ സ്വാതന്ത്ര്യത്തിന്റെ 12 മണിക്കൂറുകളാണുള്ളത്. കാരണം അതുകഴിഞ്ഞാല്‍ അവളെ കൈറോയിലെക്ക് വിവാഹം കഴിപ്പിച്ചയക്കാനുള്ള ഒരുക്കത്തിലാണ് പിതാവ്. റാമല്ലയിലൂടെയും ഈസ്റ്റ് ജറൂസലമിലൂടെയും തന്റെ പ്രതിശ്രുത വരനെത്തേടിയുള്ള അവളുടെ യാത്ര ഒട്ടും കാല്‍പ്പനികമല്ലാതെയാണ് സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ളത്. അതേസമയം സിനിമയില്‍ വിവാഹം നടക്കുന്നത് ഒരു റോഡ് ബ്ലോക്കില്‍ വെച്ചാണ്. കാരണം ജഡ്ജിന് അതിര്‍ത്തി കടക്കാന്‍ കഴിയുന്നില്ല. ഇസ്രയേല്‍ അവരെ തടഞ്ഞുവെച്ചിരിക്കുകയാണ്. എങ്ങനെയാണ് ചെക്ക്‌പോയിന്റുകളിലും റോഡ് ബ്ലോക്കുകളിലുമൊക്കെയുള്ള സ്ഥിരമായ സംഘര്‍ഷങ്ങള്‍ ജീവിതത്തിന്റെ സജീവതയെ നശിപ്പിച്ചു കളയുന്നത് എന്നാണ് ഡിവൈന്‍ ഇന്റര്‍വെന്‍ഷനെപ്പോലെ ഈ സിനിമയും പറയാന്‍ ശ്രമിക്കുന്നത്.

അപ്പാര്‍ത്തീഡ് മതിലിന്റെ കണ്ടുപിടിത്തത്തിന് എത്രയോ മുമ്പുതന്നെ ഇസ്രയേലി റോഡ് ബ്ലോക്ക് സിസ്റ്റം ഫലസ്തീനി തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും നിരവധി പ്രയാസങ്ങളാണ് വരുത്തിവെച്ചത്. കുടുംബങ്ങള്‍ രണ്ടിടങ്ങളിലായി വിഭജിക്കപ്പെടുകയും രോഗികള്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കാന്‍ കഴിയാതെ വരികയും ചെയ്തിട്ടുണ്ട്. അത്തരം ജീവിത സന്ദര്‍ഭങ്ങളെ ആസ്പദമാക്കി എടുക്കുന്ന സിനിമകള്‍ ഒട്ടുമിക്കതും ആത്മഹത്യാ ചാവേറുകളുടെ നോട്ടങ്ങളിലൂടെയായിരിക്കും വികസിക്കുക. അഥവാ, ഇസ്രയേല്‍ തീര്‍ക്കുന്ന വിഘ്‌നങ്ങളെ ചാവേറാക്രമണങ്ങളിലൂടെ മറികടക്കാന്‍ ശ്രമിക്കുന്നവരുടെ ജീവിത\മരണ കാഴ്ച്ചപ്പാടുകളെ ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ ഫലസ്തീനിയന്‍ സിനിമകളില്‍ കാണാം. ‘ഞങ്ങളുടെ മരണപ്പേടിയാണ് മരിച്ചിരിക്കുന്നത്. മരണം ഞങ്ങള്‍ക്കിപ്പോള്‍ ഒരു വിഷയമല്ലാതായിരിക്കുന്നു’ എന്നാണ് ഫലസ്തീനിയന്‍ സിനിമകളിലെ ചാവേറുകള്‍ പറയുന്നത്.

Rajai and his truck in Ford Transit

സാധാരണ ഒരു റോഡ് മൂവിയില്‍ ഹൈവേയിലൂടെ ഒരേ പാതയില്‍ തടസ്സങ്ങളില്ലാതെ സ്ഥിരമായി സഞ്ചരിക്കുന്ന ഒരു വാഹനമായിരിക്കും കേന്ദ്രബിന്ദു. ആ വാഹനത്തിന്റെ രേഖീയമായ യാത്രയാണ് സിനിമയെത്തന്നെ നിര്‍ണ്ണയിക്കുന്നത്. എന്നാല്‍ റോഡ്‌ബ്ലോക്ക് സിനിമകളില്‍ യാത്രകള്‍ ഒരിക്കലും നിശ്ചിതമായിരിക്കുകയില്ല. പുതിയ വഴികള്‍ നിരന്തരം നിര്‍മ്മിച്ചുകൊണ്ടാണ് അവ മുന്നോട്ടു പോവുക. ബാല്‍ബെക്ക്, ബഗ്ദാദ് ഓണ്‍\ഓഫ് തുടങ്ങിയ സിനിമകളെപ്പോലെ പുതിയ ഫിക്ഷനുകളാണ് ഓരോ റോഡ്‌ബ്ലോക്ക് സിനിമയും സൃഷ്ടിക്കുന്നത്. അഥവാ, ഓരോ വഴിയും അടക്കപ്പെടുമ്പോഴും പുതിയ വഴികള്‍ തുറക്കപ്പെടുകയാണ് ചെയ്യുന്നത്. മാത്രമല്ല, കാണികള്‍ക്കായി പുതിയ വിഷ്വലുകള്‍ സമ്മാനിച്ചു കൊണ്ട് കഥ പൂര്‍ത്തിയാക്കാതെ അവസാനിക്കുക എന്നതും റോഡ്‌ബ്ലോക്ക് സിനിമകളുടെ ഒരു പൊതുരീതിയാണ്. Ford Transist (2002) എന്ന സിനിമ അവസാനിക്കുന്നത് ഒരു ട്രക്ക് ഡ്രൈവര്‍ തന്റെ യാത്രക്കാരെ വഴിയിലുപേക്ഷിച്ച് മടങ്ങുന്നതോടെയാണ്. അതിനു ശേഷമുള്ള ഇവന്റുകളെ ആവിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകര്‍ക്കാണുള്ളത്.

ഗസ്സന്‍ സാല്‍ഹബ് ബെയ്‌റൂത്ത് നഗരത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത സിനിമയാണ് Terra Incognita (2002). അസ്ഫാള്‍ട്ട് നൊമാഡുകളുടെ ഇടമായിട്ടാണ് സിനിമയില്‍ ബെയ്‌റൂത്തിനെ നാം കാണുന്നത്. അതിലെ കഥാപാത്രങ്ങള്‍ തങ്ങളുടെ ജീവിതത്തിന്റെ പകുതി സമയവും ചെലവഴിക്കുന്നത് നഗരങ്ങളിലൂടെ വണ്ടിയോടിച്ചു കൊണ്ടാണ്. സിനിമയിലെ കേന്ദ്ര കഥാപാത്രമായ സോരയ്യക്ക് കൃത്യമായ ജീവിതലക്ഷ്യങ്ങളൊന്നുമില്ല. അവളുടെ അലച്ചിലുകളാണ് അവളെ നിര്‍വ്വചിക്കുന്നത്. അവളുടെ പ്രണയം പോലും നിശ്ചിതമല്ല. നിരന്തരമായ മാറ്റങ്ങളുടെയും വ്യത്യാസങ്ങളുടെയും നിയമരാഹിത്യത്തിന്റെയും ഭൂമിശാസ്ത്രപരമായ ഇടങ്ങളിലാണ് അവള്‍ നിലനില്‍ക്കുന്നത്. അവളുടെ പ്രണേതാക്കള്‍ ഓരോത്തരും അവളെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവള്‍ പിടികൊടുക്കുന്നില്ല. നിയമത്തിനതീതമായി ജീവിക്കാന്‍ തന്നെയാണ് അവള്‍ തീരുമാനിക്കുന്നത്. അതുകൊണ്ടാണ് അവളുടെ പ്രണയം പോലും നൊമാഡിക്ക് ആയിത്തീരുന്നത്. സിനിമ അവസാനിക്കുമ്പോള്‍ അവള്‍ തീവ്രമായ അഭിമാനബോധത്തോടെ നഗരം ചുറ്റുന്നതാണ് നാം കാണുന്നത്. ജീവിത പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും വളരെ നിസ്സാരമായാണ് അവള്‍ സമീപിക്കുന്നത്. ഒരുപാട് വിസകള്‍ അവളുടെ കൈയ്യിലുണ്ട്. എല്ലാ ലബനീസ് യുവതീ യുവാക്കളും ചെയ്യുന്ന പോലെ അവള്‍ക്കും വേണമെങ്കില്‍ അവിടുന്ന് പലായനം ചെയ്യാം. എന്നാല്‍ അവള്‍ ലബനാനില്‍ തന്നെ തങ്ങുകയാണ്. യുദ്ധത്തോടെ ദുര്‍ബലമായ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അവള്‍ ഗൗനിക്കുക പോലും ചെയ്യുന്നില്ല. നിയമബന്ധിതവും കാര്യകാരണാടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നതുമായ ജീവിതത്തിന് പകരം അവള്‍ തെരെഞ്ഞെടുക്കുന്നത് നിയമേതരമായ (നൊമാഡിക്ക്) ജീവിതം തന്നെയാണ്. പുതിയ ജീവിത\ജീവിതേതര സാധ്യതകളാണ് അവള്‍ പ്രേക്ഷകന് മുമ്പില്‍ തുറന്നിടുന്നത്.

(തുടരും)

ലോറ മാര്‍ക്‌സ്