Campus Alive

ഇടത്-ലിബറല്‍ കാമ്പസില്‍ ആര്‍ക്കൊക്കെയാണ് ഇടമുള്ളത്?

ഇടത്പക്ഷ മൗലികവാദം ഒരു മൂല്യമായി നിലനില്‍ക്കുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ വര്‍ഷം തോറും നടത്തപ്പെടുന്ന ഒരു ചടങ്ങാണ് കോളേജ് ഇലക്ഷന്‍. അതിനൊരു മാറ്റം വേണമെന്ന ആഗ്രഹത്തോടെയാണ് പാര്‍ട്ടിഗ്രാമത്തിനുള്ളിലായിട്ടും ഇത്തിരി ധൈര്യത്തോടെ ഇലക്ഷനില്‍ മല്‍സരിക്കണമെന്ന് തീരുമാനിച്ചത്. മനസ്സില്‍ തീരുമാനിച്ചു എന്നല്ലാതെ പ്രവര്‍ത്തനങ്ങള്‍ ഏത് രീതിയിലാവണമെന്ന ഒരു ധാരണയും ഉണ്ടായിരുന്നില്ല. കാരണം, സ്‌കൂള്‍ക്കാലത്ത് പോലും ഒരു ഇലക്ഷനില്‍ നിന്ന പരിചയം എനിക്കുണ്ടായിരുന്നില്ല. പിറ്റേന്ന് ക്ലാസില്‍ വന്നപ്പോള്‍ സുഹൃത്തുക്കളായ മൂന്ന് പേര്‍ ഇതേ ആശയം എന്നോട് പങ്ക് വെക്കുകയുണ്ടായി. ചിന്തകളില്‍ സാമ്യം പുലര്‍ത്തപ്പെട്ടപ്പോള്‍ അവിടെ ഒരു കരുത്തുള്ളതായി അനുഭവപ്പെട്ടു. അങ്ങനെ യൂണിവേഴ്‌സിറ്റിയുടെ തെരഞ്ഞെടുപ്പ് രീതികളെക്കുറിച്ച് അറിയാനായി കാമ്പസ് ഡയറക്ടറെ കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

കാമ്പസ് ഡയറക്ടറെ കാണാന്‍ പോവുമ്പോള്‍ ഞങ്ങള്‍ നാല് പേരല്ലാതെ ഒരാളും ഈ തീരുമാനത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. പക്ഷെ, അതിന് ശേഷം ഞങ്ങള്‍ക്ക് ചുറ്റും ആളു കൂടാന്‍ തുടങ്ങി. ഭീഷണിയുടെ സ്വരമായിരുന്നു എല്ലാവര്‍ക്കുമുണ്ടായിരുന്നത്. പണ്ടൊരിക്കല്‍ നോമിനേഷന്‍ സമര്‍പ്പിക്കാന്‍ പോയ കെ.എസ്.യുക്കാരനെ വെട്ടിയ കഥ അറിയാവുന്നത് കൊണ്ട് തന്നെ ചില മുന്‍കരുതലുകള്‍ വേണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. സംരക്ഷണം ആവശ്യപ്പെട്ട് കണ്ണപുരം എസ്.ഐക്കും ജില്ലാ കലക്ടര്‍ക്കും മെയില്‍ അയച്ചു. കലക്ടര്‍ നല്ല പ്രതികരണമായിരുന്നു തന്നത്. പേര്‍സണല്‍ നമ്പറില്‍ നിന്ന് അദ്ദേഹം ഞങ്ങളെ വിളിക്കുകയും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അപ്പോള്‍ത്തന്നെ വിളിക്കണമെന്നും അറിയിച്ചു. ആ ഒരു ധൈര്യത്തിലായിരുന്നു നോമിനേഷന്‍ കൊടുക്കാനുള്ള പോക്ക്. അതിന് ശേഷം ഞങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റെ് തലവന്റെ ഫോണ്‍കോള്‍ വരുകയും എത്രയും പെട്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഹാജരാകാന്‍ കല്‍പ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്നപ്പോഴാണ് ഞങ്ങള്‍ നാല് പേര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള രണ്ട് പരാതികള്‍ ലഭിച്ച വിവരം ഞങ്ങളറിയുന്നത്. ഞങ്ങള്‍ ജാതിപ്പേര് വിളിച്ചെന്നും റാഗ് ചെയ്‌തെന്നുമായിരുന്നു ആരോപണം. രണ്ടും ജാമ്യമില്ലാ കേസുകളാണ്. കേസ് കൊടുത്തത് ഞങ്ങളുടെ ജൂനിയറായിരുന്ന രണ്ട് വിദ്യാര്‍ത്ഥികളായിരുന്നു.

തുടര്‍ന്ന് ഞങ്ങള്‍ കണ്ണപുരം എസ്.ഐയെക്കണ്ട് സംസാരിക്കാന്‍ തീരുമാനിച്ചു. അവിടെ ചെന്നയുടന്‍ ഞങ്ങളദ്ദേഹത്തിന് ഒരു പരാതി എഴുതിനല്‍കി. പരാതി കയ്യില്‍ കിട്ടിയപ്പോള്‍ എസ്.ഐയുടെ ഭാവം മാറി. ഞങ്ങള്‍ കൊടുത്തത് വെറുമൊരു ബദല്‍പരാതി മാത്രമായേ കാണാന്‍ പറ്റൂ എന്നാണയാള്‍ പറഞ്ഞത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫേസ്ബുക്കിലൂടെയും വാട്ട്‌സ്അപ്പിലൂടെയും തെറിയഭിഷേകങ്ങളുടെ പെരുമഴയായിരുന്നു. അവസാനം നിവൃത്തിയില്ലാതെ വന്നപ്പോള്‍ ഞങ്ങളൊരു പത്രസമ്മേളനം വിളിച്ചു. അതിന് ശേഷം എസ്.എഫ്.ഐക്കാര്‍ ഞങ്ങളോട് അനുരജ്ഞനത്തിനായി വന്നു. ഡിപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ഒരു അനുരജ്ഞന യോഗം സംഘടിപ്പിക്കപ്പെട്ടു. ഞങ്ങള്‍ എസ്.ഐക്ക് കൊടുത്ത പരാതിയും പത്രസമ്മേളനവും പിന്‍വലിച്ചാല്‍ ആ രണ്ട് കേസുകളും അവര്‍ പിന്‍വലിക്കാമെന്നേറ്റു. അതിന് സമ്മതിക്കാതിരുന്ന ഞങ്ങളെ അവര്‍ ഭീഷണിപ്പെടുത്തുകയും എസ്.എഫ്.ഐ വിളിക്കുന്ന പത്രസമ്മേളനത്തില്‍ അവര്‍ തരുന്ന പ്രസ് റിലീസ് വായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് അവരുടെ ഭീഷണിക്ക് വഴങ്ങി സമ്മതിക്കേണ്ടി വന്നു.

പിറ്റേന്ന് രാവിലെ പ്രസ് റിലീസിന്റെ സ്‌കാന്‍ ചെയ്ത കോപ്പി കയ്യില്‍ കിട്ടിയപ്പോഴാണ് എസ്.എഫ്.ഐയുടെ ജനാധിപത്യവും സ്വാതന്ത്ര്യവും ഞങ്ങള്‍ക്ക് ശരിക്കും മനസ്സിലായത്. എന്നാല്‍ ഞങ്ങള്‍ വിട്ട്‌കൊടുക്കാന്‍ സന്നദ്ധമായിരുന്നില്ല. ഇലക്ഷന്റെ തലേ ദിവസം ഉറക്കമിളച്ചെഴുതിയ ചെറിയ ലേഖനങ്ങള്‍ കാമ്പസില്‍ വിതരണം ചെയ്തു. ‘ ഞങ്ങളല്ല, നമ്മളാണ് കാമ്പസ്’ എന്നതായിരുന്നു അതിലെ തലവാചകം. ഓരോ കോപ്പിയും വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കുമ്പോള്‍ നെഞ്ചിടിപ്പേറുന്നുണ്ടായിരുന്നു. ഞങ്ങള്‍ കൊടുക്കുന്ന ലേഖനങ്ങള്‍ ഓരോരുത്തരില്‍ നിന്നും വാങ്ങി കീറിയിടുകയായിരുന്നു അവര്‍ ചെയ്തിരുന്നത്. ലിങ്‌ദോ നിയമപ്രകാരം അവസാനവര്‍ഷ വിദ്യാര്‍ഥിക്ക് മാഗസിന്‍ എഡിറ്ററായി മല്‍സരിക്കാന്‍ കഴിയാത്തതിനാല്‍ എന്റെ നോമിനേഷന്‍ തള്ളപ്പെട്ടിരുന്നു. ബാക്കിയുള്ള മൂന്ന് പേരും മല്‍സരിച്ചത് മേജര്‍ പോസ്റ്റുകളിലേക്ക് തന്നെയായിരുന്നു. കനത്ത പോലീസ് സുരക്ഷയോട് കൂടിയാണ് അന്ന് തെരെഞ്ഞെടുപ്പ് നടന്നത്.

ജാതിയെക്കുറിച്ച ഇടത് വ്യവഹാരങ്ങള്‍ എങ്ങനെയൊക്കെയാണ് നിര്‍മ്മിക്കപ്പെടുന്നത് എന്ന് സൂക്ഷമമായി മനസ്സിലാക്കാന്‍ കണ്ണൂരിലെ കാമ്പസ് ജീവിതം ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ചിത്രലേഖക്കെതിരായ ജാതീയഅക്രമങ്ങള്‍ പാര്‍ട്ടി നേരിട്ട് തന്നെ നടത്തിക്കൊടുക്കുന്ന ജില്ലയില്‍ തന്നെയാണ് ജാതി അധിക്ഷേപത്തിനെതിരെ എസ്.എഫ്.ഐ കേസ് കൊടുക്കുന്നത് എന്നതാണ് രസകരം. അപ്പോള്‍ ജാതിയെയും ജാതിബന്ധിതമായ ഇന്ത്യന്‍ സാമൂഹ്യഘടനയെയും ഇടത്പക്ഷം എങ്ങനെയാണ് മനസ്സിലാക്കുന്നത്? ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ Left-Dalit-Adivasi Unity എന്നെഴുതി വെക്കുന്ന എസ്.എഫ്.ഐ മഹാരാജാസിലെ ദലിത് വിദ്യാര്‍ഥികളുടെ രാഷ്ട്രീയ കര്‍തൃത്വത്തെ നിഷേധിക്കുന്നതെന്തിനാണ്? മുസ്‌ലിം പെണ്‍കുട്ടികളുടെ സാമൂഹ്യാവസ്ഥകളെക്കുറിച്ച് ബേജാറാവുകയും സമുദായത്തെ നിരന്തരം ഗുണദോഷിക്കുകയും ചെയ്യുന്ന ഇടത്പക്ഷം എന്ത്‌കൊണ്ടാണ് നാല് മുസ്‌ലിം പെണ്‍കുട്ടികളുടെ രാഷ്ടീയ പരിണാമത്തെ (Political Becoming) വേലി കെട്ടി തടഞ്ഞ് നിര്‍ത്തുന്നത്? ഇടത്പക്ഷം വിഭാവനം ചെയ്യുന്ന സെക്കുലര്‍-ലിബറല്‍ ലോകക്രമത്തില്‍ ദലിതന്റെയും മുസ്‌ലിമിന്റെയും ആദിവാസിയുടെയും സാമൂഹ്യസ്ഥാനങ്ങള്‍ ( Social Locations) എങ്ങനെയെല്ലാമാണ് അഭിമുഖീകരിക്കപ്പെടുന്നത്? ആധിപത്യം ചെലുത്തുന്ന സമൂഹങ്ങളുടെ രാഷ്ട്രീയ ഭാവനയാണ് ലിബറലിസമെന്ന് തലാല്‍ അസദ് ( Formations of the secular) സൂചിപ്പിക്കുന്നുണ്ട്. രണ്ട് വര്‍ഷത്തെ കാമ്പസ് ജീവിതത്തില്‍ നിന്നും ഞങ്ങളത് ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്.

ടി.പി സുമയ്യ ബീവി