Campus Alive

ജെ.എന്‍.യുവും മൗദൂദിയുടെ ഭൂതങ്ങളും

ഒരേ മതപ്രത്യയശാസ്ത്രത്തെ പ്രതിനിധീകരിക്കുന്നവരാണ് എസ്.ഐ.ഒ വും എ.ബി.വി.പി യും എന്ന ഇടത്-ലിബറലുകളുടെ ആരോപണത്തില്‍ പുതുമയൊന്നുമില്ല. എസ്.ഐ.ഒ അടക്കമുള്ള മുസ്‌ലിം വിദ്യാര്‍ത്ഥി സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച ഒരു മുസ്‌ലിം വിദ്യാര്‍ത്ഥി പ്രവര്‍ത്തകന്‍ എന്ന നിലക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് എനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്. കാമ്പസിലെ സവര്‍ണ്ണ ഇടത്-വലത് പ്രസ്ഥാനങ്ങളുമായി സംഭാഷണം തന്നെ സാധ്യമല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതേസമം ജെ.എന്‍.യു വിലെ ബാപ്‌സയുടെ വിജയത്തോട് കൂടി അടിച്ചമര്‍ത്തപ്പെട്ടവരുടെ രാഷ്ട്രീയ ഭാവനകള്‍ക്ക് പുതിയ സാധ്യതകള്‍ കൈവന്നിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ എന്റെ വിശദീകരണം പ്രധാനമാണ് എന്നാണ് ഞാന്‍ കരുതുന്നത്.

ജെ.എന്‍.യു വിലെ എസ്.ഐ.ഒ ഘടകം അതിന്റെ ഇലക്ഷന്‍ ലഘുലേഖയിലും സാമൂഹിക മാധ്യമങ്ങളിലുമെല്ലാം സാമൂഹ്യനീതിക്കും എല്ലാ വിധ സാമൂഹ്യ അനീതികള്‍ക്കുമെതിരാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന് വ്യക്തമാക്കിയിരുന്നു. അതോടൊപ്പം ഉമര്‍ ഖാലിദിന്റെ സാമൂഹ്യസ്ഥാനത്തെക്കുറിച്ചും BASO യെപ്പോലുള്ള ഒരു സംഘടന രൂപീകരിക്കുന്നതിലെ വിരോധാഭാസത്തെക്കുറിച്ചും ചൂണ്ടിക്കാണിച്ച് കൊണ്ട് മുസ്‌ലിം സമുദായത്തിനകത്ത് തന്നെയുള്ള വരേണ്യതയുടെ പ്രശ്‌നങ്ങളെയും ഞാന്‍ ഉന്നയിച്ചിരുന്നു. എസ്.ഐ.ഒ അടക്കമുള്ള മുസ്‌ലിം സംഘടനകള്‍ക്കും ഈ വിമര്‍ശനം ബാധകമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതേസമയം ജെ.എന്‍.യുവിലെ സവര്‍ണ്ണ ( ഇടത്, ഫെമിനിസ്റ്റ്, എല്‍.ജി.ബി.ടി) സംഘങ്ങളുടെയും ബ്രാഹ്മണിക് പൊതുമണ്ഡലത്തിന്റെയും ഫാന്റസികളില്‍ നിന്നും ഞാന്‍ അകലം പാലിക്കുന്നു. ബഹുജന്‍ രാഷ്ട്രീയ വീക്ഷണത്തില്‍ നിന്ന് കൊണ്ട് ഇന്ത്യയിലെ ഇസ്‌ലാമിക\മുസ്‌ലിം രാഷ്ട്രീയ പ്രയോഗത്തിന് നേരെയുള്ള വിമര്‍ശനങ്ങളെ സ്വീകരിക്കാനും അതിനോട് എന്‍ഗേജ് ചെയ്യാനും ഞാന്‍ തയ്യാറാണ്. ഒരു ഇസ്‌ലാമിക പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള എന്റെ ബാധ്യതയാണത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മാത്രമല്ല, സമകാലിക ഇസ്‌ലാമിക പണ്ഡിതരും ആക്ടിവിസ്റ്റികളുമായ ഹാമിദ് ദബാശി, ഹൂറിയ ബൂത്‌ലെജ, ഫരീദ് ഇസാക്ക്, സല്‍മാന്‍ സയ്യിദ് തുടങ്ങിയവരുടെ ഇസ്‌ലാമിക രാഷ്ട്രീയ ഭാവനകളോട് അത് സാമ്യപ്പെടുകയും ചെയ്യുന്നുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്.

ഒരു സാമൂഹ്യപ്രസ്ഥാനം എന്ന നിലക്കുള്ള എസ്.ഐ.ഒ വിന്റെ ചരിത്രമെന്താണ്? ഇന്ത്യയിലെ ഓട്ടോണമസായ മുസ്‌ലിം വിദ്യാര്‍ത്ഥി ഇടങ്ങള്‍ വളരെ നിര്‍ണ്ണായകമാണ്. രാഷ്ട്രീയ പ്രയോഗത്തിന്റെ ഭാഗമായി ആന്തരിക വിത്യാസങ്ങളെ അനുവദിക്കുന്നിടത്തോളം ആ ഇടങ്ങളെ ഞാന്‍ വിലമതിക്കുന്നു. ഇനി ഞാന്‍ സാമൂഹ്യപ്രസ്ഥാനങ്ങളെക്കുറിച്ച് വിശദീകരിക്കാം. എല്ലാ സാമൂഹ്യപ്രസ്ഥാനങ്ങളും ഉദയം കൊള്ളുന്നത് ചില സ്ഥാപിത ആഖ്യാനങ്ങളെ ആവിഷ്‌കരിച്ച് കൊണ്ടാണ്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും അതിന്റേതായ ആഖ്യാനങ്ങളുണ്ട്. എന്നാല്‍ അവയില്‍ പലതും ചരിത്രപരമായി നിലകൊള്ളുന്നവയും തള്ളപ്പെടാവുന്നതുമാണ്. എസ്.ഐ.ഒ വും അതില്‍ നിന്നൊഴിവല്ല. അതേസമയം ഇസ്‌ലാമിന്റെ ചരിത്രപാരമ്പര്യത്തെ തള്ളിക്കളയാന്‍ ഞാന്‍ തയ്യാറല്ല. തീര്‍ച്ചയായും സമകാലിക ഇസ്‌ലാമുമായി അതിനൊരു സംവാദം സാധ്യമാണ്. ഇസ്‌ലാമിക ചിന്തയെയും രാഷ്ട്രീയത്തെയും കുറിച്ച സവര്‍ണ്ണ ഇടതിന്റെ വിവരക്കേടുകള്‍ക്കും പ്രചാരണങ്ങള്‍ക്കും കീഴടങ്ങേണ്ട ആവശ്യവുമില്ല. വലത്പക്ഷത്തെ മാത്രമല്ല ഇസ്‌ലാമോഫോബിയ പിടികൂടിയിരിക്കുന്നത്. ഇന്ത്യയിലെ സവര്‍ണ്ണ ഇടതിലും അന്തര്‍ലീനമായ ഒന്നാണത്.

bapsa

ജെ.എന്‍.യു ഇലക്ഷനില്‍ വ്യാപകമായ ‘ആഗോള ഇസ്‌ലാമിന്റെ ഭൂതം’ എന്ന ഇടത്-വലത് ആരോപണത്തെയാണ് ഇനി ഞാന്‍ പരിശോധിക്കുന്നത്. ജെ.എന്‍.യുവിലെ എസ്.ഐ.ഒ വിനെ ഇടത് സംഘടനകള്‍ താലിബാനുമായും ഐ.എസുമായാണ് സമീകരിക്കുന്നത്. എന്റെ വാദമെന്താണെന്ന് വെച്ചാല്‍ ഇസ്‌ലാമിസം എന്ന കുടക്ക് കീഴില്‍ വരുത്താവുന്ന വ്യത്യസ്തങ്ങളായ സാമൂഹ്യ പ്രസ്ഥാനങ്ങളെല്ലാം വ്യത്യസ്തങ്ങളായ മുസ്‌ലിം സമൂഹങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ആവിഷ്‌കാരങ്ങളാണ്. പാക്കിസ്ഥാനിലെ ജംഇയ്യത്തു ത്വലബയും ശ്രീലങ്കയിലെ എസ്.ഐ.ഒ വും അത്‌പോലെ ജോര്‍ദാനിലെ ബ്രദര്‍ഹുഡും അമേരിക്കയിലെ ഇസ്‌നയും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഈ പ്രസ്ഥാനങ്ങളെക്കുറിച്ച വിമര്‍ശനം രൂപപ്പെടുത്തുമ്പോള്‍ എങ്ങനെയാണ് വ്യത്യസ്തങ്ങളായ സാമൂഹ്യപശ്ചാത്തലങ്ങളില്‍ നിന്ന് വരുന്ന ഇസ്‌ലാമിക ആവിഷ്‌കാരങ്ങളെ വായിക്കേണ്ടത് എന്ന ചോദ്യം വളരെ പ്രധാനമാണ്. ഒരു പ്രസ്ഥാനത്തിനകത്ത് തന്നെ അതിന്റെ മുന്നോട്ട്‌പോക്കനുസരിച്ച് ഒരുപാട് വൈവിധ്യങ്ങളുണ്ടാകും. അഥവാ, എല്ലാ ഇസ്‌ലാമിക പ്രസ്ഥാനങ്ങളും സമകാലികമായ സാമൂഹ്യപശ്ചാത്തലങ്ങളിലെ ഇസ്‌ലാമിന്റെ വൈവിധ്യമാര്‍ന്ന ആവിഷ്‌കാരങ്ങളാണ്.

ഇടത്-ബ്രാഹ്മണിക്-ഇസ്‌ലാമോഫോബിക് രാഷ്ട്രീയത്തിന് ഈ വൈവിധ്യത്തെ മനസ്സിലാക്കാനുള്ള സൈദ്ധാന്തിക ശേഷിയില്ല. ഇസ്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ച ഓറിയന്റലിസ്റ്റ് സമീപനം തന്നെയാണ് അവര്‍ക്കുള്ളത്. ഈ സംവാദത്തിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. ഇടത്-വലത് ലിബറലുകളോട് എനിക്ക് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. ഇസ്‌ലാമിനെയും ഇസ്‌ലാമിക ലോകത്തെയും കുറിച്ച നിങ്ങളുടെ വായനകള്‍ ഇങ്ങനെ ചുരുങ്ങിപ്പോകുന്നതെന്ത് കൊണ്ടാണ്? വൈവിധ്യത്തെ എന്ത് കൊണ്ടാണ് നിങ്ങള്‍ക്ക് അഭിമുഖീകരിക്കാന്‍ കഴിയാത്തത്? മുസ്‌ലിം സാമൂഹ്യ പ്രസ്ഥാനങ്ങളെക്കുറിച്ച നിങ്ങളുടെ സംസാരങ്ങള്‍ അമൂര്‍ത്തമാകുന്നതെന്ത് കൊണ്ടാണ്? ജെ.എന്‍.യു വിലെ BASO, AISA, SFI തുടങ്ങിയ സംഘടനകളെയും സ്റ്റാലിനിസ്റ്റ് കമ്മ്യൂണിസത്തെയും മാവോയുടെ സാംസ്‌കാരിക വിപ്ലവത്തെയും അത്‌പോലെയുള്ള ഇടത് ഏകാധിപത്യങ്ങളെയും സമീകരിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? വ്യത്യസ്തങ്ങളായ സാമൂഹ്യപശ്ചാത്തലങ്ങളില്‍ നിന്നുള്ള ഇടത് സംഘടനകളെല്ലാം ഒന്നാണെന്നാണോ നിങ്ങള്‍ മനസ്സിലാക്കുന്നത്? അമേരിക്കയിലെ ഇംപീരിയലിസ്റ്റ് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെയും ഇന്ത്യയിലെ സവര്‍ണ്ണ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെയും മറ്റ് സാമൂഹ്യ പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്ന ഗ്രാസ്‌റൂട്‌സ് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുമായി തുലനം ചെയ്യാന്‍ കഴിയുമോ? ഡൊണാള്‍ഡ് ട്രംബിനെയും ഇസ്രായേലിനെയുമൊക്കെ പിന്തുണക്കുന്ന ലൈംഗിക ന്യൂനപക്ഷ സംഘടനകളും ഇതര സാമൂഹ്യ ഇടങ്ങളിലുള്ളവയും ഒന്നാണോ? ഇത്തരം സാമൂഹ്യപ്രസ്ഥാനങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ സാര്‍വ്വലൗകികമായ ഒരു നിര്‍വ്വചനം നിര്‍മ്മിക്കുന്നില്ലെങ്കില്‍ പിന്നെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ കാര്യത്തില്‍ മാത്രം അതെങ്ങനെ സാധ്യമാകുന്നു? ഇത്തരം ചോദ്യങ്ങള്‍ അപരിചിതമായി തോന്നുന്നുണ്ടെങ്കില്‍ ദയവ് ചെയ്ത് 1978 ല്‍ എഡ്വേര്‍ഡ് സെയ്ദ് രചിച്ച ‘ഓറിയന്റലിസം’ എന്ന പുസ്തകം വായിക്കുക. കാരണം എസ്.ഐ.ഒ വിനെക്കുറിച്ച നിങ്ങളുടെ വായനകളില്‍ മെത്തഡോളജിക്കല്‍ ഓറിയന്റലിസം അന്തര്‍ലീനമാണ്. മാത്രമല്ല, കേരളത്തിലെയും വെസ്റ്റ് ബംഗാളിലെയും യു.എ.പി.എ യുടെ ഇരകളായ മുസ്‌ലിംകള്‍ നിങ്ങളുടെ മെത്തഡോളജിക്കല്‍ ഓറിയന്റലിസത്തിന്റെയും എപ്പിസ്റ്റമിക് ഇസ്‌ലാമോഫോബിയയുടെയും ഇരകളാണ്.

rohith-vemula-protest-afp_650x400_61453440191

ഇനി എസ്.ഐ.ഒവും എ.ബി.വി.പി യും പ്രത്യയശാസ്ത്രപരമായി ഒന്നാണ് എന്ന ആരോപണത്തെ കുറച്ച് കൂടി സൂക്ഷമമായി പരിശോധിക്കാം. എല്ലാ പശ്ചാത്തലങ്ങളിലും എല്ലാ മതങ്ങളും തുല്യമാണ് എന്ന വാദം മതത്തെക്കുറിച്ച അധീശവും സാര്‍വ്വലൗകികവുമായ സെക്കുലര്‍ (മുന്‍)ധാരണയാണ്. മതത്തെയും മതേതരത്വത്തെയും കുറിച്ച പുതിയ പഠനങ്ങള്‍ ഈ അധീശധാരണകളെ ചോദ്യം ചെയ്തിട്ടുണ്ട്. വ്യത്യസ്തങ്ങളായ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ വ്യത്യസ്തങ്ങളായ വികാസങ്ങളാണ് മതങ്ങള്‍ക്ക് കൈവരുന്നത് എന്നാണ് എന്റെ വാദം. ഹിന്ദു ഭരണത്തിന് കീഴില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തെയും ഒരുപാട് സാമൂഹ്യാധികാരങ്ങളുള്ള ഒരു പാര്‍ട്ടിയെയും പരസ്പരം സമീകരിക്കുന്നത് തെറ്റായ രാഷ്ട്രീയ നിലപാടാണ്. മാത്രമല്ല, സെക്കുലരിസത്തെയും മതത്തെയും കുറിച്ച അചരിത്രവാദപരമായ വാദവുമാണത്.

ഈ കാമ്പസില്‍ പതിറ്റാണ്ട് കാലമായി എസ്.ഐ.ഒ വിന്റെ പിന്തുണ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. നിങ്ങളുടെ ബൗദ്ധികവും രാഷ്ട്രീയപരവുമായ പാപ്പരത്വത്തെയാണിത് കാണിക്കുന്നത് എന്ന് വേണമെങ്കില്‍ ഒരാള്‍ക്ക് വാദിക്കാവുന്നതാണ്. എന്നാല്‍ രാഷ്ട്രീയ തത്വങ്ങളിന്‍മേല്‍ നിങ്ങള്‍ ദുര്‍ബലരാണ് എന്നതില്‍ ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല. ജെ.എന്‍.യു വിനെക്കുറിച്ച ഭാവനകളില്‍ അന്തര്‍ലീനമായ നിങ്ങളുടെ മാസ്‌കുലിന്‍ വിപ്ലവ രാഷ്ട്രീയത്തിലും ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു പുതിയ ആത്മീയ രാഷ്ട്രീയത്തെയാണ് ഞാന്‍ മുന്നോട്ട് വെക്കുന്നത്.

bapsa jnu

ഇരുപതാം നൂറ്റാണ്ടിലെ പ്രത്യയശാസ്ത്രങ്ങളായ മാര്‍ക്‌സിസം, ഇസ്‌ലാമിസം, മാവോയിസം എന്നിവയിലും ദേശീയതയും സെക്കുലരിസത്തിന്റെയും സാമൂഹ്യ കാഴ്ചപ്പാടുകളിലും ഏകാധിപത്യ പ്രവണതകളുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മുഴുവന്‍ ഏകാധിപത്യ പ്രവണതകളെയും വെല്ലുവിളിക്കാന്‍ നാം തയ്യാറാവേണ്ടതുണ്ട്. മാത്രമല്ല, ഈ സാമൂഹ്യ പ്രസ്ഥാനങ്ങളെയെല്ലാം നമ്മുടെ ചരിത്രപശ്ചാത്തലത്തില്‍ വായിക്കുക എന്നതും വളരെ പ്രധാനമാണ്. എന്നാല്‍ നിങ്ങളതില്‍ ഇരട്ടത്താപ്പ് കാണിക്കുന്നതില്‍ നിന്നും നിങ്ങളുടെ ഉദ്ദേശ്യവും നയവും വളരെ വ്യക്തമാണ്. ക്യാംപസിലെ അസ്സേര്‍ട്ടീവായ മുസ്‌ലിം ശബ്ദങ്ങളെ ഇല്ലാതാക്കുക എന്നതാണത്. എസ്.ഐ.ഒ വിനെയും മൗദൂദിയെയും മോദിയുമായി താരതമ്യം ചെയ്യുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ നിങ്ങളതാണ് ചെയ്യുന്നത്. ഞങ്ങളുടെ അടുത്ത് ഈ വാദം വിലപ്പോവില്ല. വേണമങ്കില്‍ ക്യാംപസിലെ ഹൗസ് മുസ്‌ലിംകളോട് ( പ്രയോഗത്തിന് മാല്‍ക്കം എക്‌സിനോട് കടപ്പാട്) പോയി പറയാവുന്നതാണ്.

മുസ്‌ലിംകളെയും മറ്റ് മര്‍ദിത ജനവിഭാഗങ്ങളെയും സംബന്ധിച്ചിടത്തോളം ഇത് നിര്‍ണ്ണായകവും വെല്ലുവിളിയുയര്‍ത്തുന്നതുമായ രാഷ്ട്രീയ സന്ദര്‍ഭമാണ്. അധികാരത്തിലേക്കുള്ള മോദിയുടെ വരവ് ഇസ്‌ലാമിന്റെ വിസിബിളിറ്റിയെയും അതിന്റെ ആവിഷ്‌കാരങ്ങളെയും അസാധ്യമാക്കുന്നുണ്ട്. മുസ്‌ലിംകള്‍ എന്ന നിലയിലുള്ള നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന അധീശ പ്രവണതകള്‍ക്ക് മുമ്പില്‍ നിശ്ശബ്ദമാവുക എന്നതല്ല ഒരു മുസ്‌ലിം വിദ്യാര്‍ത്ഥി എന്ന നിലക്ക് ഞാന്‍ ചെയ്യേണ്ടത് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ജെ.എന്‍.യു വിലെ സവിശേഷമായ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലത്തില്‍ നീതിയെക്കുറിച്ച ഇസ്‌ലാമിന്റെ സന്ദേശങ്ങളെ മുറുകെപ്പിടിക്കുക എന്നതാണ് എന്റെ കര്‍ത്തവ്യമെന്നാണ് ഞാന്‍ കരുതുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമെന്നത് ഈ ലോകത്തും ഇനി വരാനിരിക്കുന്ന ലോകത്തും നീതിക്ക് വേണ്ടിയുള്ള വൈവിധ്യമാര്‍ന്ന പ്രയോഗങ്ങളാണ്.

വസീം ആര്‍ എസ്‌