Campus Alive

ജനാധിപത്യത്തിന്റെ സാധ്യതക്ക് ലെനിനെയല്ല ആവശ്യം

ഏപ്രിൽ ഇരുപത്തിരണ്ടാം തീയ്യതി ഇന്ത്യൻ എക്സ്പ്രസ് പത്രം അതിന്റെ എഡിറ്റോറിയലിൽ രണ്ട് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഭൂരിപക്ഷ ഹിന്ദുക്കളും ന്യൂനപക്ഷ മുസ്‌ലിംകളും തമ്മിലുള്ള അകലം പരമാവധി വർധിപ്പിച്ചുകൊണ്ടും, ദരിദ്രർക്കു നേരെ നിർവികാരരായികൊണ്ടും, ഭരണകൂടത്തിന്റെ ആധിപത്യസ്വഭാവമുള്ള ഒരു പരിമിത ജനാധിപത്യവ്യവസ്ഥയിലേക്കാണോ നമ്മൾ പ്രവേശിച്ചുകൊണ്ടിരിക്കുന്നത് എന്നതായിരുന്നു ആദ്യത്തെ ലേഖനത്തിലൂടെ സുഹാസ് പൽഷിക്കർ ഉന്നയിച്ച ചോദ്യം. എല്ലാ അർത്ഥത്തിലും ജനങ്ങളെ നിയന്ത്രിക്കുന്ന, ഒരു ഏകാധിപത്യ ഭരണകൂടം ജനങ്ങളെ ഏറ്റെടുക്കുകയോ അല്ലെങ്കിൽ ജനങ്ങൾ സ്വമേധയാ അത്തരമൊരു വ്യവസ്ഥയിലേക്ക് മാറുകയോ ചെയ്യുന്ന പ്രവണതയോടുള്ള ഭയം ലേഖനത്തിലുടന്നീളം നിഴലിച്ചിരുന്നു. രണ്ടാമത്തെ ലേഖനത്തിൽ, സി.പി.ഐയുടെ ജനറൽ സെക്രട്ടറിയായ ഡി.രാജ, കോവിഡ്-19ന് ശേഷമുള്ള ലോകത്തിനുള്ള ഉത്തരങ്ങൾക്കും സാധ്യതകൾക്കും വേണ്ടി ലെനിനിലേക്ക് ശ്രദ്ധ തിരിക്കുകയാണ്. ഒരർത്ഥത്തിൽ, പ്രതീക്ഷ കൈവിടരുതെന്നും ലെനിന്റെ പാത സ്വീകരിക്കണമെന്നുമാണ് ഡി.രാജ പൽഷിക്കറിനോട് പറയുന്നത്.

ചരിത്രത്തിന്റെ ഈ സാഹചര്യത്തിൽ മാത്രമല്ല, എല്ലാ കാലത്തും ലെനിൻ എന്നത് തെറ്റായ ഒരു അന്വേഷണമാണെന്ന് നമ്മൾ പറയേണ്ടി വരും. ഈ സമയത്ത് ജനാധിപത്യത്തിന്റെ ആധിക്യമാണ് നമുക്കാവശ്യം. വിത്യസ്ത സ്വരങ്ങളും, ഭരണകൂട വിമർശനങ്ങളും ചേർന്ന ഒരു ജനാധിപത്യ വ്യവസ്ഥയിലൂടെയുള്ള രാജ്യത്തിന്റെ നിലനിൽപാണ് നമുക്കിപ്പോൾ വേണ്ടത്. എന്നാൽ ജനാധിപത്യത്തെ അധികപ്പറ്റായി കണ്ട ലെനിൻ റഷ്യയെ (പിന്നീട് യു.എസ്.എസ്.ആർ ആയി) ഒരു ഏക പാർട്ടി രാഷ്ട്രവ്യവസ്ഥയിലേക്ക് മാറ്റുകയാണുണ്ടായത്.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ലെനിനായിരുന്നു നേതൃത്വത്തിലെങ്കിൽ മറ്റു രാഷ്ട്രീയ പാർട്ടികളുടെയും, വിമത ശബ്ദങ്ങളുടെയും മാധ്യമങ്ങളുടെയും ഗതി എന്താകുമായിരുന്നെന്നാലോചിച്ച് ഞാൻ ആശ്ചര്യപ്പെടാറുണ്ട്. തീർച്ചയായും രാജ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു രാഷ്ട്രമാവില്ല അത്. അദ്ദേഹത്തിന്റെ പാർട്ടിയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ഭൂരിപക്ഷം പാർട്ടി അംഗങ്ങളും ഒന്നുകിൽ തടവിലാക്കപ്പെടുകയോ അല്ലെങ്കിൽ മരണപ്പെട്ട് പോവുകയോ ചെയ്തേനെ.

സുഹാസ് പൽഷിക്കർ & ഡി. രാജ

റഷ്യയിലേക്ക് വിപ്ലവം കൊണ്ടുവന്ന ആൾ ലെനിൻ ആണെന്നാണ് സങ്കൽപം. സത്യത്തിൽ, മറ്റുള്ള സോഷ്യലിസ്റ്റ് വിപ്ലവകാരികളെയെല്ലാം – മെൻഷെവിക്കുകൾ ഉദാഹരണം- ബലംപ്രയോഗിച്ച് ചിത്രത്തിൽ നിന്നും നീക്കം ചെയ്ത്കൊണ്ട് അദ്ദേഹം അധികാരം പിടിച്ചെടുത്തതാണെന്ന് നമുക്കറിയാം. ഒക്ടോബർ വിപ്ലവത്തെ അസാമാന്യവത്കരിച്ചുകൊണ്ടുള്ള സംസാരങ്ങളെയും ആഘോഷങ്ങളെയും പോലെ വൈരുദ്ധ്യംനിറഞ്ഞ വേറെന്താണുള്ളത്.  റഷ്യയിലെ സ്വാതന്ത്ര്യത്തിന്റെ അന്ത്യത്തിന്റെ ആരംഭമായിരുന്നു അത്. കോൺസ്റ്റിറ്റ്വന്റ് അസംബ്ലി എന്ന് വിളിച്ചിരുന്ന സംവിധാനത്തെ പിരിച്ചുവിടാൻ ലെനിൻ എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് കൃത്യമായി ഗവേഷണം നടത്തപ്പെടുകയും രേഖപ്പെടുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. അതിലെ ഭൂരിപക്ഷം അംഗങ്ങളും അവരെ തന്നെ വിപ്ലവകാരികളായ സോഷ്യലിസ്റ്റുകളെന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഒരു ദിവസം അതിലിരുന്നതോടെ അത് അടച്ചുപ്പൂട്ടാൻ ലെനിൻ നിർബന്ധിക്കുകയാണുണ്ടായത്. വിമതർക്കിതെന്ത് പറ്റി?

വിപ്ലവത്തിലെ വിവാദ ശബ്ദമായിരുന്ന മാക്സിം ഗോർക്കിയായിരുന്നു ഭരണകൂടത്തിന്റെ വിമർശകർക്ക് നല്‍കിയിരുന്ന ശിക്ഷയെ അപലപിച്ചിരുന്നത്. “അവരെ നിരായുധരാക്കിക്കൊണ്ട് അരിഞ്ഞുകളഞ്ഞു” എന്ന് അദ്ദേഹം കോപത്തോടെ എഴുതുകയും റഷ്യൻ ജനാധിപത്യത്തെ നശിപ്പിക്കുന്നതിലേക്കായിരിക്കും തങ്ങൾ എത്തിച്ചേരുക എന്ന് ഈ “പീപ്പിൾസ് കമ്മീസാർ”മാർക്ക് മനസ്സിലാവുന്നില്ലേ എന്ന് ചോദിക്കുകയും ചെയ്തു. ലെനിന്റെ സുഹൃത്തായിരുന്ന ഗോർക്കി, ആ സാമൂഹിക പരിവർത്തനത്തിന്റെ സമയത്ത് ഒരു ലേഖനപരമ്പര തന്നെ എഴുതുകയുണ്ടായി. ഭരണകൂടത്തെ മാത്രം വിമർശിച്ചുകൊണ്ടായിരുന്നില്ല, മറിച്ച് അതിനെ നയിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയേയും തുടർച്ചയായി വിമർശിച്ചുകൊണ്ടായിരുന്നു ആ എഴുത്തുകൾ. ക്ഷാമത്തിലുപരിയായി, ലെനിന്റെ നയങ്ങൾ കാരണം റഷ്യ വലിയ പ്രതിസന്ധികൾ അഭിമുഖീകരിച്ചിരുന്ന കാലത്ത് ഗോർക്കി രാജ്യാന്തര തലത്തിൽ നിന്നും പിന്തുണ നേടാൻ വേണ്ടിയും ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടിയുമെല്ലാം പ്രവർത്തിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ വായ് മൂടി കെട്ടുക എന്നത് ലെനിന് ദുഷ്കരമായിരുന്നു. അതേസമയം റിലീഫ് കമ്മിറ്റിയിലെ ബോൾഷെവിക്കുകളല്ലാത്ത അംഗങ്ങൾ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. വിമർശകരോടുള്ള ലെനിന്റെ അക്ഷമയും പിന്നെ നിയമസംവിധാനങ്ങളും അറസ്റ്റിലായ സോഷ്യലിസ്റ്റുകളെ വിചാരണ ചെയ്യാൻ ലെനിനെ നിർബന്ധിച്ചു. അത് കേവലം പ്രതീകാത്മകമായ ഒരു  വിചാരണ മാത്രമായിരുന്നു. ആരോപിതരെ മാത്രമല്ല, തങ്ങളുടെ സഖാക്കൾക്ക് സുരക്ഷിതമായ വിചാരണ ലഭിക്കണമെന്ന് കരുതി വിദേശത്തുനിന്നും വന്ന സോഷ്യലിസ്റ്റുകളെ വരെ ലെനിൻ തന്റെ പത്രമാധ്യമങ്ങളെ ഉപയോഗിച്ച് അവമതിച്ചു. ആരോപിതർക്ക് വധശിക്ഷ നൽകിയാൽ താൻ പുതിയ ഒരു അഴിമതി ആരോപണമുന്നയിക്കുമെന്നും പറഞ്ഞ് വീണ്ടും ഗോർക്കി തന്നെയായിരുന്നു ലെനിനിസ്റ്റ് ഭരണകൂടത്തെ ഭീഷണിപ്പെടുത്തിയത്.

ലെനിൻ

ഈ സമയത്ത്‍ തന്നെയാണ് ലെനിൻ തന്റെ ശത്രുക്കളുടെ വധശിക്ഷക്ക് അനുകൂലമായിരുന്നു എന്ന കാര്യം അറിയേണ്ടതും ഓർത്തെടുക്കേണ്ടതും. ബോൾഷെവിക്ക് വിപ്ലവമെന്ന പ്രൊജക്റ്റിന് വിരുദ്ധരായി മനസ്സിലാക്കപ്പെട്ട തത്വചിന്തകരെയും ബുദ്ധിജീവികളെയും നാടുകടത്തുകയും അവരെ വധശിക്ഷക്ക് വിധിച്ചില്ല എന്നത് തന്നെ വലിയ മാനുഷികപരിഗണനായി കണക്കാക്കപ്പെടുകയും ചെയ്തു. ബോൾഷെവിക്ക് വിപ്ലവത്തിലെ ഈ കറുത്ത അദ്ധ്യായം “സ്റ്റോറി ഓഫ് ഫിലോസഫേഴ്സ് ഷിപ്പ്” എന്നാണ് അറിയപ്പെട്ടത്. റഷ്യയിലെ ഏറ്റവും മികച്ച ചിന്തകരെ ഒരു ചൂടുകാല വസ്ത്രവും ഒരു ശൈത്യകാല ഓവർകോട്ടും, രാത്രിയിലേക്കും പകലിലേക്കും രണ്ട് വീതം പാന്റുകളും, രണ്ട് കൂട്ടം സ്റ്റോക്കിങ്ങുകളും, അതുപോലെ പണമായിട്ട് കേവലം ഇരുപത് ഡോളറിനടുത്ത് വരുന്ന ഒരു സംഖ്യയും കൊടുത്ത് കൊണ്ട് സ്വന്തം നാട്ടിൽ നിന്നും പുറത്താക്കിയ ചരിത്രമാണിത്. ലെനിൻ തുടങ്ങി വെച്ച ശുദ്ധീകരണ പ്രക്രിയ പിന്നീട് അദ്ദേഹത്തിന്റെ പിൻഗാമിയായ സ്റ്റാലി‍ൻ തുടരുകയാണുണ്ടായത്. പല എഴുത്തുകാരെയും തൂക്കികൊലയിൽ നിന്നും മാത്രമല്ല, പട്ടിണിയിൽ നിന്നും മറ്റു പ്രാഥമിക ആവശ്യങ്ങളുടെ ഇല്ലായ്മയിൽ നിന്നും രക്ഷിച്ചതും, പ്രതിരോധിച്ചതും ഇതിനെതിരെ പ്രതിഷേധിച്ചതും ഗോർക്കി ആയിരുന്നു. ക്രൂരമായ ഭരണകൂടത്തിന്റെയും പഴയ കുലീനവർഗ്ഗത്തിന്റെയുമിടയിൽ നിഷ്പക്ഷനായി അദ്ദേഹം നിലകൊണ്ടു.

സത്യത്തിൽ, കൊറോണവൈറസ് പ്രതിരോധത്തിന്റെ പേരിൽ ഇന്ത്യയിലെ തൊഴിലാളി വർഗവും ദരിദ്രരും അനുഭവിക്കുന്ന കഷ്ടതകൾ ലെനിന്റെ വിനാശകരമായ നയങ്ങൾ കാരണം റഷ്യൻ ജനത സഹിക്കേണ്ടി വന്ന കഷ്ടതകളെ ഓർമിപ്പിക്കുകയാണ് ചെയ്യുന്നത്. ആൾകൂട്ട നിയമങ്ങളുടെയും കൊലപാതകങ്ങളുടെയും കാലത്ത് ജീവിക്കുമ്പോൾ ഗോർക്കിയെ പുനർവായിക്കുന്നത് നന്നാവും. വർഗശത്രുക്കൾക്ക് ഉടനടി നീതി നൽകുന്ന “തൊഴിലാളിവർഗ”ത്തിനെ കണ്ട് അദ്ദേഹം വളരെ ക്ഷുഭിതനായിരുന്നു. ജനങ്ങളെ മർദ്ദകരും കൊലപാതകികളുമാക്കുന്നതിൽ ലെനിനെ അദ്ദേഹം അധിക്ഷേപിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ കരുത്തുറ്റതായിരുന്നു,: “ലെനിനും ട്രോട്സ്കിയും അവരുടെ പരിവാരങ്ങളും അധികാരത്തിന്റെ കൊടിയ വിഷബാധയേറ്റ് കഴിഞ്ഞവരാണ്. അഭിപ്രായ സ്വാതന്ത്ര്യത്തോടും വ്യക്തിസ്വാതന്ത്ര്യത്തോടും ജനാധിപത്യം എന്തിനൊക്കെ വേണ്ടിയാണോ നിലകൊണ്ടത് അതിനോടെല്ലാമുള്ള അപമാനകരമായ സമീപനത്തിൽ നിന്നും ഇക്കാര്യം വ്യക്തമാണ്. ആശയാന്ധത ബാധിച്ച ഭ്രാന്തരും വിശ്വസിക്കാൻ കൊള്ളുകയില്ലാത്ത സാഹസികരും “സാമൂഹ്യ വിപ്ലവ”ത്തിന്റെ പാതയിലാണെന്ന് കരുതി ഭ്രാന്തമായി തിരക്കുകൂട്ടിക്കൊണ്ടിരിക്കുകയാണ്.

സത്യത്തിൽ ഇത് വിപ്ലവത്തിന്റെയും തൊഴിലാളി വർഗ്ഗത്തിന്റെയും നശീകരണത്തിലേക്കും അതുവഴി അരാജകത്വത്തിലേക്കുമുള്ള പാതയാണ്. ഈ പാതയിൽ, ലെനിനും അദ്ദേഹത്തിന്റെ കൂട്ടാളികളും എല്ലാതരം കുറ്റകൃത്യങ്ങളും ചെയ്ത്കൂട്ടാമെന്ന് കരുതുന്നു. അതായത്- പ്ലീവും സ്റ്റോപിലിനും ഒരു കാലത്ത് പ്രചരിപ്പിച്ച തരം വിദ്വേഷങ്ങളടക്കം- സെന്റ് പീറ്റേഴ്സ് ബർഗിനു പുറത്തുള്ള കൂട്ടക്കൊലയും, മോസ്ക്കോയുടെ നശീകരണവും, അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാക്കാലും, യാതൊരു ബോധവും കൂടാതെയുള്ള അറസ്റ്റുകളും”.

മാക്സിം ഗോർക്കി

കഴിഞ്ഞ അഞ്ച് വർഷങ്ങളായി, ഇന്ത്യയിലെ ജനങ്ങളുടെ മേൽ അവരെ കൊടിയ പ്രയാസത്തിലാക്കുന്ന തരത്തിലുള്ള ഒരു പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഗോർക്കിയുടെ അഭിപ്രായത്തിൽ, ഇത് തന്നെയാണ് ലെനിൻ റഷ്യക്കാരോട് ചെയ്തുകൊണ്ടിരുന്നതും. വീണ്ടും അദ്ദേഹത്തിന്റെ വാക്കുകൾ കടമെടുത്താൽ, “ലെനിൻ ഒരു “നേതാവാണ്”… അതുകൊണ്ട് തന്നെ പരാജയമാണെന്ന് നേരത്തെയറിഞ്ഞിട്ടും റഷ്യൻ ജനതയെ ക്രൂരമായ ഒരു പരീക്ഷണത്തിന് വിധേയമാക്കികൊണ്ടിരിക്കുന്നതിൽ നിന്നും സ്വയം കുറ്റവിമുക്തനായിട്ട് കരുതുകയാണദ്ദേഹം.” ഗോർക്കി ശാസിക്കുന്നു, “ജീവിതവും അതിന്റെ എല്ലാതരം സങ്കീർണ്ണതകളും ലെനിന് അപരിചിതമാണ്, അദ്ദേഹത്തിന് ജനകീയ കൂട്ടായ്മകളെ അറിയില്ല, അവരോടൊത്ത് അദ്ദേഹം സഹവസിച്ചിട്ടില്ല, പക്ഷെ ജനങ്ങളെ എങ്ങനെ അവരുടെ പിൻകാലിൽ നടത്തണമെന്നും – ഏറ്റവുമെളുപ്പത്തിൽ- അവരുടെ വാസനകളെ എങ്ങനെ ക്ഷോഭിപ്പിക്കണമെന്നും അദ്ദേഹം പഠിച്ചിരിക്കുന്നു. ഒരു കൊല്ലന് ഇരുമ്പ് എന്താണോ അതാണ് ലെനിന് തൊഴിലാളി വർഗ്ഗം.”

ഗോർക്കിയുടെ പ്രവചനങ്ങൾ കൃത്യമായിരുന്നു. അതുകൊണ്ട് തന്നെ “തങ്ങളിലൊരാളെ”ന്ന് വിളിച്ചതിന് ശേഷവും അദ്ദേഹത്തിന്റെ മാഗസിൻ അടച്ചുപൂട്ടാൻ ഉത്തരവിടുക വഴി ലെനിൻ അദ്ദേഹത്തെ ശിക്ഷിക്കുകയാണുണ്ടായത്. എന്നിട്ടും ഗോർക്കി നിർത്താതെയായപ്പോൾ, ആരോഗ്യത്തിൽ ശ്രദ്ധിക്കണമെന്ന പേരിൽ അദ്ദേഹത്തെ ഇറ്റലിയിലേക്കയക്കുന്നതിന്റെ സൂചനകളാണ് ലെനിൻ നൽകിയത്. ഗോർക്കിക് സൂചനകൾ മനസ്സിലാവുകയും റഷ്യ വിടുകയും ചെയ്തു. റഷ്യയും അൽപായുസ്സ് മാത്രമുണ്ടായിരുന്ന യു.എസ്.എസ്.ആറും ലെനിന്റെ പരീക്ഷണത്തിന്റെ ഭാഗവാക്കാവുക വഴി വലിയ വിലയാണ് നൽകേണ്ടി വന്നത്.

ഭൂതകാലത്തിൽ നിന്നും പഠിക്കാനാണെങ്കിൽ ഇതിലും മികച്ച ചിന്തകരുടെ മാതൃക ഇന്ത്യൻ ഇടതുപക്ഷത്തിന് മുമ്പിലുണ്ട്. ലെനിനാൽ സ്ഥിരം അധിക്ഷേപിക്കപ്പെട്ട ജൂലിയസ് മാർട്ടോവ് അത് പോലെ റോസ ലക്സംബർഗ് എന്നീ പേരുകളാണ് ഇപ്പോൾ മനസ്സിലേക്ക് വരുന്നത്. നമുക്കവരെ വീണ്ടും വായിക്കാം. അത് പോലെ ജരവീണ- യഥാർത്ഥത്തിൽ രക്തപങ്കിലമായിരുന്ന- ലെനിനിസ്റ്റ് ഭൂതകാലത്തിലേക്കുള്ള പ്രലോഭനങ്ങളെ പ്രതിരോധിക്കുകയും ചെയ്യാം.

(ഡൽഹി സർവകലാശാലയിലെ ഹിന്ദി അദ്ധ്യപകനാണ് ലേഖകൻ)

വിവർത്തനം: അഫീഫ് അഹ്മദ്

Courtesy: The Indian Express

അപൂർവാനന്ദ്