Campus Alive

ഹിന്ദുത്വ രാഷ്ട്രീയ സംഘാടനവും മുസ്‌ലിം അപരത്വവും

(വാട്സപ്പ്-മോദി കാലത്തെ ഹിന്ദുത്വ ആൾക്കൂട്ടം; ലേഖനത്തിന്റെ രണ്ടാം ഭാഗം)

ഗാംഭീര്യമുള്ളതായിരുന്നു അയാളുടെ രൂപം. ഇരുണ്ട തിലക് നെറ്റിയിൽ തിളങ്ങി, വലത് ചെവിയിൽ ഒരു ചെറിയ വെള്ളി മോതിരം മിന്നി. ചുവന്ന സ്ലീവ് ലെസ്സ് ജാക്കറ്റിനുള്ളിൽ വെള്ള കുർത്തയും വെള്ള സോൾ ഉള്ള കറുത്ത ചെരുപ്പുമായിരുന്നു അയാളുടെ വേഷം. ഹിന്ദു പാരമ്പര്യത്തിനു അനുസൃതമായ തലയുടെ പിന്നിൽ നിന്നും നീണ്ട മുടി ദോദകെട്ടി തൂക്കിയിരുന്നു. അയാൾക്ക് ചുറ്റും ഒരുപറ്റം ചെറുപ്പക്കാരും ഉണ്ടായിരുന്നു.

കുറച്ചകലെ ഉള്ള ഒരു പ്രാദേശിക ബജ്‌റംഗ്ദൾ ഓഫീസിൽ പ്രേമിക്ക് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. അന്ന് എന്നെയും കൂടെ വരാൻ ക്ഷണിച്ചു. ചെറുപ്പക്കാരിലൊരാൾ പ്രേമിയുടെ മോട്ടോർബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് കൊടുത്തു -ഒരു 2008 മോഡൽ റോയൽ എൻഫീൽഡ് ക്ലാസ്സിക്‌. ലൈസൻസ് പ്ലേറ്റിന് മുകളിൽ ‘ഹിന്ദുരാജ്’ എന്ന് പതിച്ചിരുന്നു. മറ്റൊരു അനുയായി ആദരവോടെ പ്രേമിയെ നോക്കി എന്നോട് പറഞ്ഞു: “സൺഗ്ലാസും നെറ്റിയിൽ ഒരു തിലകവുമായി ആ ബുള്ളറ്റിൽ പട്ടണത്തിലേക്ക് ഇറങ്ങിയാൽ തന്നെ ഗോഹത്യക്കാർ പേടിച്ചോടും.” മിസ്കീമുകൾ തിങ്ങി പാർക്കുന്ന ഒരു കോളനിയിൽ ഒരു ഭീഷണി പോലെ ആ ബജ്‌റംഗ്ദൾ ഓഫീസ് നിന്നു. ബൈക്കിൽ നിന്നിറങ്ങിയ ശേഷം ഒരു ജയിൽ ഓഫീസർ സെൽ ബ്ലോക്ക്‌ സ്കാൻ ചെയ്യുന്നതുപോലെ റോഡിന്റെ ഇരുവശത്തേക്കും പ്രേമി കൂർപ്പിച്ചൊന്ന് നോക്കി. അടുത്തുള്ള ഒരു മിഠായി കച്ചവടക്കാരൻ ഭയം നിറഞ്ഞ മുഖത്തോടെ അയാളെ സല്യൂട്ട് ചെയ്തു. റോഡിൽ വേറെ കുറെ പേർ ഞങ്ങളെ നോക്കി നിന്നു. ഓഫീസിലേക്ക് പടി കയറുമ്പോൾ പ്രേമി എന്നോട് പറഞ്ഞു, “ഇവർക്കൊന്നും ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല.   എല്ലാത്തിനെയും ഞാൻ ശെരിയാക്കിയതാണ്”.

ഹിന്ദുത്വയുടെ സേവനത്തിൽ തന്നെ തുടരണം എന്ന് പറഞ്ഞ് സായുധസംഘ നേതാക്കന്മാർ കയ്യടക്കിയ ധരംശാലകളിലും ഹിന്ദു ഗസ്റ്റ്ഹൗസുകളിലുമൊക്കെ ആണ് മിക്ക ബജ്‌റംഗ്ദൾ ഓഫീസുകളും. പൊട്ടിപൊളിയുന്ന ചുമരുകളുള്ള ഈ ഓഫീസ് ഒരു 80 വർഷം പഴക്കം തോന്നിച്ചു. അകത്തു ബജ്‌റംഗ്ദളിന്റെ ഷാംലി യൂണിറ്റിലെ ആറ് അംഗങ്ങൾ ഫോൺ നോക്കി ഇരിക്കുന്നുണ്ടായിരുന്നു. പ്രേമിയെ ‘ജയ് ശ്രീ രാം’ എന്ന് പറഞ്ഞുകൊണ്ട് അവർ വരവേറ്റു. മുറിയുടെ മധ്യത്തിൽ ഒരു കുഷ്യനിൽ ഇരുന്നുകൊണ്ട് തന്നെ പ്രശസ്തിയിലെത്തിച്ച ആ സംഭവത്തെ കുറിച് പറഞ്ഞു തുടങ്ങി, “എനിക്ക് പശ്ചാത്താപമില്ല. പശുവിനെ കൊന്നാൽ ഞങ്ങൾ വെറുതെ ഇരിക്കില്ല എന്ന് അവന്മാർക്ക് കാണിച്ചു കൊടുക്കുക തന്നെ വേണം.” പക്ഷേ ഇപ്പോൾ ആ പ്രശ്നം ഉത്തർ പ്രദേശിലെ ബി.ജെ.പി ഗവണ്മെന്റ് ഏറ്റെടുത്തെന്നും ബജ്‌റംഗ്ദൾ അതിനെ പറ്റി വേവലാതിപ്പെടേണ്ടതില്ലെന്നും അയാൾ പറഞ്ഞു. 2017-ൽ ഉത്തർപ്രദേശിന്റെ നിയന്ത്രണം നേടിയ മോദി “ലൗ ജിഹാദ്” ഭീഷണിയെക്കുറിച്ച് പ്രചാരണം നടത്തിയ തീവ്ര ഹിന്ദു പുരോഹിതനായ യോഗി ആദിത്യനാഥിനെ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി നിയമിച്ചിരുന്നു. കൂടുതലായും മുസ്‌ലിംകൾ നടത്തുന്ന, എരുമ ഇറച്ചി കയറ്റുമതി വ്യവസായത്തിനെതിരെ ആദിത്യനാഥ് യുദ്ധം പ്രഖ്യാപിച്ചിരുന്നു. യോഗി രംഗത്ത് വന്നതോടെ പല കശാപ്പുശാലകളും അടച്ചു പൂട്ടി.

ആയതിനാൽ ഇപ്പോൾ ഷംലിയിലെ ബജ്‌റംഗ്ദൾ യൂണിറ്റിന്റെ മുൻഗണനയിൽ ലൗ ജിഹാദിനെതിരെയുള്ള പോരാട്ടമായിരുന്നു ഉള്ളത്. 100000 ആളുകളുള്ള ഒരു പട്ടണത്തിലെ ഡേറ്റിംഗ് സീൻ മൊത്തത്തിൽ മൈക്രോമാനേജ്‌ ചെയ്ത് അപാകതകൾ ഇല്ലാതാക്കലായിരുന്നു ഇവരുടെ ജോലി. ഫേസ്ബുക്കും ചാരന്മാരെയും ഒക്കെ ഉപയോഗിച്ച് വിപുലമായ ഒരു സർവെയ്‌ലൻസ് സിസ്റ്റം തന്നെയാണ് തങ്ങൾ നടത്തുന്നത് എന്നവർ പറഞ്ഞു. ആ മുറിയിലുണ്ടായിരുന്ന ഹിമാൻഷു ശർമ എന്ന കൗമാരക്കാരന്റെ കീഴിലായിരുന്നു ഈ സോഷ്യൽ മീഡിയ ഉപയോഗിച്ചുകൊണ്ടുള്ള വല വിരിക്കൽ പ്രവർത്തിച്ചിരുന്നത്. ആയിരക്കണക്കിന് ആളുകളെ സുഹൃത്തുക്കളാക്കിയ ഗ്രൂപ്പുകളിൽ ചേർന്ന് ഏതെങ്കിലും മുസ്‌ലിം യുവാക്കൾ ഹിന്ദു യുവതികളുമായി ഇടപഴകുന്നുണ്ടോ എന്നവർ നിരീക്ഷിച്ചു. സ്ത്രീകളുടെ പേരുള്ള ഫേക്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് ഓരോരുത്തരുടെ നീക്കങ്ങളും നിരീക്ഷിക്കും എന്ന് ഹിമാൻഷു വിശദീകരിച്ചു. സംസാരിച്ചുകൊണ്ടിരിക്കുമ്പോളും അവന്റെ ഫോണിൽ നോട്ടിഫിക്കേഷൻസ് വന്നുകൊണ്ടേയിരുന്നു. ഇവരുടെ ചാരന്മാരുടെ പ്രാദേശിക ശൃംഖല നിയന്ത്രിച്ചിരുന്നത് ഫോണിലൂടെ ആയിരുന്നു. “ഒരു ഹിന്ദു യുവതിയെ മുസ്‌ലിം യുവാവിനൊപ്പം കണ്ടാൽ ഉടനെ തന്നെ ചാരന്മാർ ഞങ്ങളെ അറിയിക്കുന്നു”, പ്രേമി പറഞ്ഞു. സെക്യൂരിറ്റി ഗാർഡുകൾ, വെയ്റ്റർമാർ, വാച്ച്മാൻമാർ, എല്ലാവരും അവരുടെ കണ്ണുകളായി പ്രവർത്തിച്ചു. “ബി.ജെ.പി അധികാരത്തിൽ എത്തിയതിൽ പിന്നെ  ഇങ്ങനെയുള്ള കേസുകൾ കുറവാണ്” പ്രേമിയുടെ ഗുരുവായി സ്വയം കരുതുന്ന 42 വയസ്സ്കാരനായ ജിതേന്ദർ രണ പറഞ്ഞു. എങ്കിലും ബജ്‌റംഗ്ദളിന്റെ നിരീക്ഷണത്തിന് വിശ്രമമുണ്ടായില്ല. ലവ് ജിഹാദിന് ഉദാഹരണമായി അവർ എനിക്ക് പറഞ്ഞു തന്ന കഥ ഇങ്ങനെയാണ്: 2018 ഒക്ടോബർ രാവിലെ ലവ് ജിഹാദ് എമർജൻസി എന്ന് പറഞ്ഞു ഒരു പ്രാദേശിക ഹോട്ടലിൽ റൂം ബുക്ക്‌ ചെയ്ത ദമ്പതികളെ പറ്റി ശർമയ്ക്ക് ഒരു ടിപ്പ് കിട്ടി. ഹോട്ടലിലെ വെയ്റ്റർ ആയ ചാരൻ, സ്ത്രീ ഹിന്ദുവും പങ്കാളി മുസ്‌ലിമും ആണെന്നും അവർ സ്ഥിരമായി റൂം എടുത്ത് താമസിക്കാറുണ്ടെന്നും പറഞ്ഞു. 20 മിനുറ്റുകൾക്കകം ശർമയും പ്രേമിയും റാണയും അടങ്ങുന്ന ഒരു ആൾക്കൂട്ടം ഹോട്ടലിൽ എത്തി ദമ്പതികളുടെ ഐ.ഡി കാണിക്കാൻ ആവശ്യപ്പെട്ടു. റൂമിന്റെ വാതിൽ തുറക്കാതായപ്പോൾ ചവിട്ടി പൊളിച്ച് അകത്തു കടന്ന് ഇരുപതോളം വയസ്സുള്ള യുവാവിനെ പിടിച് വസ്ത്രം ഊരിപ്പിച്ച് മുസ്‌ലിം ആണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം തല്ലാൻ തുടങ്ങി. ശേഷം പോലീസിന് യുവാവിനെ കൈമാറി. എന്നാൽ യുവതി അവർ വിവാഹിതരാണെന്ന് പറയുകയും തെളിവായി രേഖകൾ കാണിക്കുകയും ചെയ്തു. അവസാനം അവർ പെൺകുട്ടിയുടെ വീട്ടുകാരെ വിളിച്ചപ്പോൾ അവർ വിവാഹത്തിനെ പറ്റി അറിഞ്ഞിട്ടില്ല എന്ന് പറഞ്ഞുവത്രേ. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ പെൺകുട്ടിയുടെ ജോലിയൊക്കെ നിർത്തിച്ചു എന്ന് കൂടി പ്രേമി പറഞ്ഞു. ആ ഹോട്ടലിൽ ചെന്ന് ഈ കഥയുടെ നിജസ്ഥിതി അറിയാൻ ശ്രമിച്ചപ്പോൾ ആരും എന്നോട് സംസാരിക്കാൻ തയ്യാറായില്ല. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ല എന്ന് മാത്രം അവർ പറഞ്ഞു.

ഒരു ഞായറാഴ്ച, ശർമയോടൊപ്പം ഷംലിയിലെ കോടതി ഞാൻ സന്ദർശിച്ചു. ആദ്യമൊക്കെ കുറച്ചു മടിച്ചെങ്കിലും പ്രേമി അവരുടെ ചരന്മാരിലൊരാളായ ഒരു വക്കീലുമായി എനിക്ക് സംസാരിക്കാൻ ഏർപ്പാടാക്കി തന്നിരുന്നു. ഹിന്ദു-മുസ്‌ലിം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നത് കോടതിയിലായതുകൊണ്ട് ഈ വക്കീൽ ഇവരുടെ ഇൻഫർമേഷൻ സർക്കിളിലെ ഒരു മുഖ്യ കണ്ണി ആയിരുന്നു. അങ്ങനെ കോടതിക്ക് പുറത്ത് ഒരു ചായക്കടയിൽ വെച്ച് ഞങ്ങൾ സച്ചിൻ പാൽ എന്ന വക്കീലിനോട് സംസാരിച്ചു. ഷംലിയിൽ എത്ര ഹിന്ദു-മുസ്‌ലിം വിവാഹങ്ങൾ നടക്കാറുണ്ട് എന്ന എന്റെ ചോദ്യത്തിന് മറുപടിയായി അയാൾ പറഞ്ഞു, “അങ്ങനെ ഒരു കല്യാണവും രജിസ്റ്റർ ചെയ്യാതിരിക്കാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത്. ഞങ്ങളതിന് സമ്മതിക്കാറേ ഇല്ല.” താൻ അഭിഭാഷകരുടെ വലിയ ശൃംഖലയുടെ ഭാഗമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഏതെങ്കിലും ഒരു മുസ്‌ലിം പുരുഷൻ തന്റെ വിവാഹം ഒരു ഹിന്ദു സ്ത്രീയുമായി രജിസ്റ്റർ ചെയ്യാൻ കോടതിയെ സമീപിക്കുകയാണെങ്കിൽ, ദമ്പതികൾ കോടതി സന്ദർശിക്കേണ്ട ദിവസം തന്റെ ഓഫീസിലെ മറ്റ് തൊഴിലാളികൾ തന്നെ അറിയിക്കുന്നു. “പിന്നെ പ്രേമിയുടെ അനുയായികൾക്ക് ഒരു കോളോ ഒരു വാട്സപ്പ് മെസ്സേജോ അയച്ചാൽ മതി, അവർ കോടതിയിൽ എത്തുന്നതിനു മുമ്പ് തന്നെ ബജ്‌റംഗ്ദളിന്റെ പ്രവർത്തകർ അവരെ കൈകാര്യം ചെയ്തിട്ടുണ്ടാവും.”, അയാൾ വിശദീകരിച്ചു. എന്താണ് ഉദ്ദേശിച്ചതെന്ന് ഞാൻ ചോദിച്ചപ്പോൾ “ഹോട്ടലിലെ പയ്യനെ ചെയ്തത് പോലെ ചെയ്യും”, എന്ന് കൂടി അയാൾ പറഞ്ഞു. ഇവരുടെ നെറ്റ്‌വർക്കിന്റെ ഭാഗമല്ലാത്ത വക്കീലന്മാർ പോലും ഇപ്പോൾ ഇതുപോലുള്ള കേസുകൾ ഏറ്റെടുക്കാൻ മടിച്ചു. “ബജ്‌റംഗ്ദളിന്റെ ആളുകൾ ഉള്ളതുകൊണ്ട് എല്ലാവർക്കും പേടിയാണ്” സച്ചിൻ പാൽ പറഞ്ഞു.

പ്രേമിയുടെയും അനുയായികളുടെയും കൂടെ ഷംലി കറങ്ങുമ്പോഴും, എന്റെ ഇടക്കിടെ മനസ്സിൽ വരുന്ന, വീഡിയോയിൽ മാത്രം കണ്ട ഒരാളെ കൂടി നേരിട്ട് കാണാൻ ഞാൻ ആഗ്രഹിച്ചു. കീറിയ ഷർട്ടും, അടികൊണ്ട് വീർത്ത മുഖവുമായി വലതു കണ്ണിൽ നിന്ന് താടിയിലേക്ക് രക്തം ഒഴുകുന്ന അവസ്ഥയിൽ നിൽക്കുന്ന റിയാസ്. പ്രേമിക്ക് അടിക്കാൻ എളുപ്പത്തിന് ഒരാൾ കീറിയ ഷർട്ടിന്റെ കോളറിൽ പിടിച് നിർത്തിയ റിയാസ്. ഓരോ പ്രാവശ്യം ഷർട്ടിന്റെ കൈ മടക്കാൻ പ്രേമി അടി നിർത്തുമ്പോഴും രക്ഷപ്പെടാനാകാതെ അടുത്ത അടിക്ക് കാത്തു നിൽക്കുന്ന റിയാസ്.

Image Courtesy: WARED

2019 ജനുവരി 4-ന്, റിയാസിനെ ഷംലിയിൽ നിന്ന് കുറെ മൈലുകൾക്കപ്പുറം തകർന്നിടിയാറായ ഒറ്റമുറി വാടക വീട്ടിൽ ഞാൻ കണ്ടു. നഗ്നമായ, ഇഷ്ടിക മതിലുകൾ കൊണ്ടുണ്ടാക്കിയ ഏറെക്കുറെ കാലിയായ ഒരു മുറി. മുപ്പതുകൾ പിന്നിട്ട ഒരു യുവതി അവിടെ വുഡ് സ്റ്റവ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ഒരു ജോഡി പരുക്കൻ മരക്കട്ടിലുകൾ മാത്രമായിരുന്നു അവിടത്തെ ഫർണീച്ചർ. അതിലൊന്നിൽ അവരുടെ മൂന്ന് കുട്ടികൾ ഒന്നിച്ച് നന്നായി ഉറങ്ങുന്നു. കഴുത്തിൽ തൂക്കിയിട്ട കമ്പിളി മഫ്ലറുമായി റിയാസ് തന്റെ തവിട്ടുനിറത്തിലുള്ള സ്വെറ്ററിൽ അഴുക്കു നിറഞ്ഞ തറയിലിരുന്നു. വൃത്തിയില്ലാത്ത തന്റെ കുറിയ താടിക്കു കീഴിൽ അദ്ദേഹത്തിന് ഒരു തീവ്രമായ ഭാവം ഉണ്ടായിരുന്നു. നരക വേദനയും ഭയവും ലജ്ജയും നിറഞ്ഞ, അദ്ദേഹത്തിന് അടി കിട്ടിയ ആ ദിവസം വേദനാജനകമായ ഒരു ഓർമ്മയാണ്.

“ഇത് എന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങളാണെന്ന് ഞാൻ കരുതി” റിയാസ് വിശദീകരിച്ചു. “നിങ്ങളുടെ അടി നിർത്തൂ, ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലീസ് എന്നെ ശിക്ഷിക്കട്ടെ എന്ന് ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. പക്ഷേ അവൻ എന്നെ അടിക്കുന്നത് അവസാനിപ്പിച്ചില്ല. കുറച്ച് സമയത്തിന് ശേഷം ഞാൻ അബോധാവസ്ഥയിലായി”. റിയാസ് ഒരു ബീഡി കത്തിച്ചു, ഒരു നാടൻ ഇലയിൽ പൊതിഞ്ഞ, സാധാരണക്കാരന്റെ ബീഡി. കുറച്ച് വലി എടുത്ത ശേഷം അദ്ദേഹം തുടർന്നു: “ഞാൻ നിയമവിരുദ്ധമായി ഒന്നും ചെയതിട്ടില്ല.” അദ്ദേഹത്തിന്റെ ശബ്ദം ഒരു ക്ഷമാപണ സ്വരത്തിലേക്ക് മാറി. “ഞാൻ എവിടെയാണെന്ന് ആരോടും പറയരുത്. ഞാൻ അവർക്കെതിരെ സംസാരിച്ചുവെന്ന് അറിഞ്ഞാൽ അവർ എന്നെ വേട്ടയാടും” അദ്ദേഹം പറഞ്ഞു. “അധികാരമില്ലാത്തപ്പോൾ അവർ എന്നോട് ഇത്രയും ചെയ്തുവെങ്കിൽ ഇപ്പൊ ഭരണകക്ഷിയുടെ സംരക്ഷണത്തിലിരിക്കുന്ന അവർ ഇനി എന്തൊക്കെ ചെയ്യുമെന്ന് സങ്കൽപ്പിക്കാൻ പോലും വയ്യ”. അയാളുടെ നെറ്റിയിൽ നിന്ന് വിയർപ്പുകണങ്ങൾ മുത്തുകളായി ഉരുണ്ടിറങ്ങി. യാതൊരു ഭീതിയുമില്ലാതെ ഹിന്ദു തീവ്രവാദികൾ തെരുവുകളിൽ അലഞ്ഞുനടക്കുന്ന ഷംലിയിൽ താൻ മുഖം കാണിച്ചിട്ടില്ലെന്നും തന്റെ കുടുംബം മുഴുവൻ പട്ടണം വിട്ട് പോകുകയാണെന്നും റിയാസ് പറഞ്ഞു.

ഇന്ത്യയിലെ ജനസംഖ്യയുടെ 80 ശതമാനവും ഹിന്ദുക്കളാണ്. മുസ്‌ലിംകൾ ഏകദേശം 14 ശതമാനം വരും. അവർ എല്ലാ രീതിയിലും പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷമാണ്. അവർ ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരും, ഹിന്ദുക്കളേക്കാൾ ജയിലിൽ കിടക്കാനുള്ള സാധ്യത കൂടുതലും ഉള്ളവരാണ്.   സാമൂഹിക ഏകോപനം അവരെക്കാൾ വളരെ കുറവുമാണ്. കാലങ്ങളായുള്ള ഭവന വിവേചനവും തുടർച്ചയായുള്ള അക്രമണങ്ങളും അവരെ മുസ്‌ലിം ഗെറ്റോകളിലേക്ക് തള്ളിവിട്ടിട്ടുണ്ട്. ഇത് അവരുടെ സാമൂഹിക സാമ്പത്തിക ജഡത്വത്തെയും മുസ്‌ലിം പിന്നോക്കാവസ്ഥയുടെ സ്റ്റീരിയോടൈപ്പുകളെയും ശക്തിപ്പെടുത്തുന്നു. മുസ്‌ലിംകൾക്ക് ധിക്കാരപരമായ മേൽക്കൈയുണ്ടെന്നും ഇന്ത്യയിലെ പ്രബലമായ മതവിഭാഗത്തെ ഉന്മൂലനം ചെയ്യാനുള്ള വക്കിലാണവരെന്നുമുള്ള ബോധ്യത്തിലേക്ക് ഇത്രയധികം ഹിന്ദുക്കൾ എത്തിയത് എന്തുകൊണ്ടാണ്? എന്റെ ജീവിതകാലത്ത് ഈ ലോകവീക്ഷണം വളരെ അസ്വസ്ഥത ഉളവാക്കുന്നതാണ്. പ്രത്യേകിച്ചും പ്രേമി എങ്ങനെ ഇത്രയധികം ആഴത്തിൽ ഈ കാര്യം വിശ്വസിച്ചുവെന്ന് അറിയാൻ എനിക്ക് താല്പര്യമുണ്ടായി.

ഒരു ദിവസം, ദില്ലിയുടെ പ്രാന്തപ്രദേശത്ത്, മുസ്‌ലിംകൾ താമസിക്കുന്നതിന്റെ ഹൃദയഭാഗത്തുള്ള മറ്റൊരു ധർമ്മശാല എന്ന് വിശേഷിപ്പിക്കാവുന്ന ഒരു  ബജ്‌റംഗ്ദൾ ഓഫീസിൽ, അദ്ദേഹത്തെ കാണാൻ പ്രേമി എന്നെ ക്ഷണിച്ചു. ഇത് ഞങ്ങളുടെ ആദ്യത്തെ നീണ്ട സംസാരമായിരിക്കണം. അവിടെ എത്തിയപ്പോൾ എനിക്ക് അദ്ദേഹത്തെ കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു. ആർ.‌എസ്‌.എസിന്റെ രണ്ടാമത്തെ പരമോന്നത നേതാവായ മാധവ് സദാശിവ് ഗോൾവാൾക്കറുടെ ഒരു പോർട്രൈറ്റ് ഫോട്ടോയായിരുന്നു എന്റെ എതിർവശത്തെ ചുമരിൽ തൂക്കിയിട്ടിരുന്നത്.

മാധവ് സദാശിവ് ഗോൾവാൾക്കർ

1925-ൽ സ്ഥാപിതമായ ആർ‌.എസ്‌.എസ് 1930-കളിലെ യൂറോപ്യൻ ഫാസിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് സമാന്തരമായി വളർന്നു. ഗോൾവാൾക്കർ അതിന്റെ പ്രധാന ബൗദ്ധിക വാസ്തുശില്പികളിൽ ഒരാളായിരുന്നു. ഒരു അഭിഭാഷകൻ, സന്ന്യാസി, പിന്നെ ഇടയ്ക്കിടെ സുവോളജി ലക്ചറർ എന്നീ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം, ഇന്ത്യ ഹിന്ദുമതത്തിന്റെ പര്യായമാണെന്നും ഹിന്ദുമതം ഒരുതരം വംശമാണെന്നും -ജൈവശാസ്ത്രപരമായ അർത്ഥത്തിലല്ല- മറിച്ച് അതിന്റെ സാംസ്കാരികവും മതപരവുമായ സാരാംശം ഇന്ത്യൻ മണ്ണിൽ നിന്നാണ് വളർന്നതെന്നും വാദിച്ചു. ഗോൾവാൾക്കറുടെ മനസ്സിൽ, ഇന്ത്യയുടെ മണ്ണിൽ സ്വദേശമതമല്ലാത്ത മറ്റൊരു മതം ആചരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും -അത് ഇസ്‌ലാമോ  ക്രിസ്തുമതമോ അല്ലെങ്കിൽ കമ്മ്യൂണിസം പോലുള്ള മതേതര പ്രത്യയശാസ്ത്രങ്ങളോ ആവട്ടെ-  അവയെല്ലാം വംശത്തിന്റെയും രാജ്യത്തിന്റെയും നിലപാടിന് അന്യമാണ്. “ഹിന്ദുസ്ഥാനിലെ മറ്റു വംശങ്ങൾ ഒന്നുകിൽ ഹിന്ദു സംസ്കാരവും ഭാഷയും സ്വീകരിക്കണം, ഹിന്ദുമതത്തെ ബഹുമാനിക്കാനും ആരാധിക്കാനും പഠിക്കണം,  അല്ലെങ്കിൽ രാജ്യത്ത് തുടരാം, പൂർണ്ണമായും ഹിന്ദു രാഷ്ട്രത്തിന് കീഴ്പെട്ട്, ഒന്നും അവകാശപ്പെടാതെ, പ്രത്യേക അവകാശങ്ങൾക്കൊന്നും തന്നെ അർഹതയില്ലാതെ, യാതൊരു പരിഗണനയും ലഭിക്കാതെ, പൗരാവകാശങ്ങൾ പോലും ലംഘിക്കപ്പെട്ട്  ജീവിക്കാം”, ഗോൾവാൾക്കർ എഴുതി.

നാസി ജർമ്മനിയുടെ മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഗോൾവാൾക്കറിന് “വിദേശികൾ” ഇതുപോലുള്ള നിബന്ധനകൾ സമാധാനപരമായി അംഗീകരിക്കാൻ സാധ്യതയില്ല എന്നറിയാമായിരുന്നു. അതുകൊണ്ട് തന്നെ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകളെയും, ദേശീയ സുരക്ഷയ്ക്ക് പുറത്തുനിന്നുള്ള ആക്രമണകാരികളേക്കാൾ വലിയ ഭീഷണിയായി കണ്ട് “രാജ്യത്തിനകത്തെ ശത്രുതാപരമായ ഘടകങ്ങളായി” അദ്ദേഹം കണക്കാക്കി. മതപരിവർത്തനം നടത്താനോ സമർപ്പിക്കാനോ അവർ വിസമ്മതിച്ചാൽ, അവരെ ശുദ്ധീകരിക്കുകയും ദേശവംശത്തിന്റെ “മധുരമുള്ള ഗുണകാംക്ഷ” വെച്ച് രാജ്യം വിടാൻ നിർബന്ധിക്കുകയും ചെയ്യും, അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഭരണഘടനയിൽ മതേതരത്വത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ആശയങ്ങൾ ആവിഷ്കരിച്ച ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ  ആർ‌.എസ്‌.എസ്സിന് തീരെ പങ്കില്ലായിരുന്നു. മുസ്‌ലിംകളോടുള്ള നിരന്തരവും ദൃഢവുമായ ബന്ധം കാരണം, മുൻ ആർ‌.എസ്‌.എസ് അംഗങ്ങളിലൊരാളായ നാഥുറാം ഗോഡ്‌സെ മോഹൻദാസ് ഗാന്ധിയെ വധിച്ചതിന് ശേഷം 1948-ൽ അന്നത്തെ പുതിയ സർക്കാർ ആർ‌.എസ്‌.എസിനെ മൊത്തമായും നിരോധിച്ചു. എന്നിട്ടും ഹിന്ദു ദേശീയ സന്നദ്ധ പ്രവർത്തകർ വികസിച്ചുകൊണ്ടിരുന്നു. 1970-കളോടെ ഇത് ഒരു ദശലക്ഷം അംഗങ്ങളെ ഉൾക്കൊള്ളുകയും ഡസൻ കണക്കിന് സൗഹൃദ ഗ്രൂപ്പുകൾക്ക് രൂപം നൽകുകയും ചെയ്തു. തന്റെ 8ാമത്തെ വയസ്സിൽ ആർ.‌എസ്‌.എസിൽ ചേർന്ന മോദി പിന്നീട് 70-കളുടെ അവസാനത്തിൽ സംഘടനയുടെ രഹസ്യ പ്രവർത്തനങ്ങളിൽ സജീവമായി. മോദിയുടെ അതിശക്തനും ധൈര്യശാലിയുമായ ആഭ്യന്തരമന്ത്രി അമിത് ഷായും തന്റെ യുവത്വം മുതൽ ആർ.‌എസ്‌.എസുമായി ബന്ധം സ്ഥാപിച്ച ആളാണ്.

1980-ൽ ആർ.‌എസ്‌.എസ്, ഭാരതീയ ജനതാ പാർട്ടി എന്ന പുതിയ രാഷ്ട്രീയ ഭുജത്തിന് രൂപം നൽകി. പാർലമെന്റിൽ യാതൊരു സീറ്റും ലഭിക്കാതെ ബിജെപി ആദ്യ 10 വർഷം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അരികുകളിൽ ചെലവഴിച്ചു. എന്നാൽ 80 കളുടെ അവസാനത്തിലും 90 കളുടെ തുടക്കത്തിലും പാർട്ടിയും അതിന്റെ ആർ.‌എസ്‌.എസ് സഖ്യകക്ഷികളും ഇന്ത്യയിലുടനീളം ഹിന്ദുക്കളെ ആകർഷിക്കാൻ ഒരു വഴി കണ്ടെത്തി. അയോദ്ധ്യയിലെ ബാബരി മസ്ജിദ് എന്ന പതിനാറാം നൂറ്റാണ്ടിലെ ഒരൊറ്റ പള്ളിയിൽ അവർ തങ്ങളുടെ പ്രവർത്തനം കേന്ദ്രീകരിച്ചു.

ദീർഘകാല ഐതിഹ്യമനുസരിച്ച്, ഈ പ്രത്യേക പള്ളി ഹിന്ദു ദേവനായ രാമന്റെ ജന്മഭൂമിയിലാണ് പണിതത്. അതിനാൽ പള്ളിയുടെ സ്ഥലത്ത് ഒരു ക്ഷേത്രം പണിയാൻ ആർ.‌എസ്‌.എസ് ഒരു പ്രസ്ഥാനം ആരംഭിച്ചു. 1990-ൽ ബി.ജെ.പിയുടെ സ്ഥാപകരിലൊരാളായ എൽ.കെ അദ്വാനി ഗുജറാത്ത് തീരത്ത് നിന്ന് അയോദ്ധ്യയിലേക്കുള്ള ഒരു മാസത്തെ തീർത്ഥാടനം ആരംഭിച്ചു. ഇതൊരു രാഷ്ട്രീയ റാലിയാക്കി,  ഇരട്ടിപ്പിച്ച് നാൽപ്പതുകാരനായ നരേന്ദ്ര മോദി സംഘടിപ്പിച്ചു. ഒരു രഥം പോലെ അലങ്കരിച്ച ഒരു കാറിൽ യാത്ര ചെയ്ത അദ്വാനി ഇന്ത്യയുടെ മേൽ ഒരു വലിയ മൂടുപടം ചുറ്റിക്കൊണ്ട് ഇടയ്ക്കിടെ ഹിന്ദു-മുസ്‌ലിം കലാപങ്ങൾക്ക് തിരികൊളുത്തി. അയോധ്യ ആക്ടിവിസത്തിന് അക്രമം അനിവാര്യമായും പൊട്ടിപ്പുറപ്പെടുമ്പോൾ ആൾബലവും സംരക്ഷണവും നൽകുന്നതിന്, ആർ‌.എസ്‌.എസ് അതിനിടെ ബജ്‌റംഗ്ദൾ എന്ന യുവജന സേനക്ക് രൂപം നൽകി.

ഒടുവിൽ, 1992 ഡിസംബർ 6-ന് അയോദ്ധ്യ പ്രസ്ഥാനം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നു. അന്ന് 150000 ഹിന്ദുക്കളുടെ ഒരു റാലി പോലീസിനെ കീഴടക്കി ബാബരി മസ്ജിദ് ആക്രമിച്ചു, മണിക്കൂറുകൾക്കുള്ളിൽ കൈയായുധങ്ങൾ ഉപയോഗിച്ച് അത് തകർത്തു. രാജ്യത്തുടനീളം ഹിന്ദു-മുസ്‌ലിം അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. പക്ഷേ, അപ്പോഴേക്കും അയോധ്യ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉണ്ടായ ഹിന്ദു ഐക്യത്തിന്റെ കരുത്തിൽ ബി.ജെ.പി പാർലമെന്റിലെ രണ്ടാമത്തെ വലിയ പാർട്ടിയായി മാറുകയും നിരവധി സംസ്ഥാന നിയമസഭകളിൽ അധികാരം കൈയ്യാളുകയും ചെയ്തു.

ബി.ജെ.പി പെട്ടെന്ന് ഒരു മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയായി മാറിയപ്പോൾ, ബജ്‌റംഗ്ദളിനെ എത്രത്തോളം ഗൗരവമായി കാണണമെന്ന് ആർക്കും അറിവില്ലായിരുന്നു. 1997-ൽ രാഷ്ട്രതന്ത്രജ്ഞൻ പോൾ റിച്ചാർഡ് ബ്രാസ് ഈ ഗ്രൂപ്പിനെ ഹിറ്റ്ലറുടെ ആദ്യകാല റാലികളെ സംരക്ഷിച്ച ആൾപ്പടയായ നാസി സ്റ്റർമാബ്റ്റൈലൂംഗ് (Sturmabteilung) അഥവാ എസ്.എയുടെ “അൽപ്പം ദയനീയവും എന്നാൽ അപകടകരവുമായ” ഒരു പതിപ്പ് എന്ന് വിളിച്ചു. വർഷങ്ങളായിട്ട് ബജ്റംഗ്ദൾ പിന്തുടരുന്നത് ഇതേ ഭയത്തിന്റെയും നിരാകരണത്തിന്റെയും സ്വരം തന്നെയാണ്. 1999 ജനുവരിയിൽ ഒഡീഷ സംസ്ഥാനത്ത്‌ “ജയ് ബജ്റംഗ്ദൾ” മുദ്രാവാക്യം വിളിച്ച് ഒരു ജനക്കൂട്ടം ഒരു സ്റ്റേഷൻ വാഗണിന് തീയിട്ടു. അവിടെ ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ മിഷനറി എബ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസ് മക്കളായ ഫിലിപ്പ് (10), തിമോത്തി (6) എന്നിവരോടൊപ്പം ഉറങ്ങുകയായിരുന്നു. മൂന്ന് ഓസ്‌ട്രേലിയക്കാരും തീപിടുത്തത്തിൽ മരിച്ചു. “ലൂണീസ് അറ്റ് ലാർജ്” എന്ന തലക്കെട്ടിൽ, ഇന്ത്യാ ടുഡേയിൽ ഈ സംഭവത്തെ ആസ്പദമാക്കി വന്ന ലേഖനത്തിൽ കുറ്റവാളികളെ “ഹിന്ദുത്വ ചായ്‌വുള്ള ക്രൂരന്മാർ” എന്നാണ് വിശേഷിപ്പിച്ചത്. ബജ്റംഗ്ദളും ഒരു ദിവസം മുഖ്യധാരയാകുമെന്ന ആശയം അചിന്തനീയമായിരുന്നു.

ഒഡീഷയിലെ ബജ്റംഗ്ദൾ ആക്രമണത്തിൽ കൊല്ലപ്പെട്ട ഓസ്ട്രേലിയൻ കുടുംബം

പ്രേമിയെ കാണാൻ ചെന്നപ്പോൾ അദ്ദേഹം എന്നെ മുകളിലേക്ക് വിളിച്ചു. സൈനിക പച്ച ട്രൗസറും, കഴുത്ത് വരെ സിപ്പർ ചെയ്ത നേവി ബ്ലൂ ജാക്കറ്റും കറുത്ത ലെതർ ഷൂസുമായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. അദ്ദേഹം ഇരിക്കുകയും എന്നോട് ഇരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. പ്രേമിയുടെ കുട്ടിക്കാലം മുതൽ തന്നെ അദ്ദേഹത്തെ ഹിന്ദു ദേശീയത വലയം ചെയ്തിരുന്നുവെന്ന് ഞാൻ മനസ്സിലാക്കി. അദ്ദേഹത്തിന്റെ പിതാമഹന്മാർ അദ്ദേഹത്തെ ശക്തമായി സ്വാധീനിച്ചു. ഇരുവരും ഹിന്ദുത്വ പ്രവർത്തകരായിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛൻ അഖാര എന്ന ഹിന്ദു ആയോധന പരിശീലന കേന്ദ്രം നടത്തിയിരുന്നു. അതേസമയം മുത്തശ്ശി ആര്യ സമാജിന്റെ വനിതാ വിഭാഗത്തിന്റെ പ്രാദേശിക നേതാവുമായിരുന്നു. 1875-ൽ ആരംഭിച്ച ഹിന്ദു പുനരുജ്ജീവന പ്രസ്ഥാനമായ ആര്യ സമാജ് ആയിരക്കണക്കിന് ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തു.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സ്കൂളുകളുടെ ശൃംഖലകളിലൊന്നായ, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ വളർത്തുകയും മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഇന്ത്യൻ സംസ്കാരത്തിന് അന്യരായി അവതരിപ്പിക്കുകയും ചെയ്യുന്ന ആർ.‌എസ്‌.എസിന്റെ വിദ്യാഭ്യാസ വിഭാഗം നടത്തുന്ന സ്കൂളുകളിലാണ് പ്രേമി പഠിച്ചു വളർന്നത്. 2006 മുതൽ, 12 വയസ്സുള്ളപ്പോൾ തന്നെ പ്രാദേശിക ബജ്റംഗ്ദൾ അഖാരയിൽ നിന്ന് ഔപചാരിക ആയുധങ്ങളും സ്വയം പ്രതിരോധ പരിശീലനവും പ്രേമിക്ക് ലഭിച്ചു തുടങ്ങി. തോക്കുകളോടുള്ള ആജീവനാന്ത മോഹം അദ്ദേഹം വളർത്തി. “കുട്ടിക്കാലത്ത്‌ തന്നെ ഒരു പിസ്റ്റൾ കയ്യിൽ ഉണ്ടായിരിക്കാൻ ഞാൻ ഇഷ്ടപ്പെട്ടു” അദ്ദേഹം എന്നോടു പറഞ്ഞു. റൈഫിളുകൾ, വാളുകൾ, വടികൾ എന്നിവ ഉപയോഗിച്ച് ഹിന്ദു യുവാക്കളെ ആത്മരക്ഷയ്ക്കായി സജ്ജമാക്കുന്ന ക്യാമ്പുകൾ നടത്തുന്ന പരിശീലകരെ പരിശീലിപ്പിക്കാൻ ഒടുവിൽ അദ്ദേഹം പ്രാപ്തനായി. അത്തരം കഴിവുകൾ പഠിപ്പിക്കുന്ന ക്യാമ്പുകൾ നിയമവിരുദ്ധമാണെങ്കിലും, ഇന്ത്യയിലുടനീളം ഓരോ വർഷവും ആയിരക്കണക്കിന് ചെറുപ്പക്കാരെ ബജ്റംഗ്ദൾ ഇത് പരിശീലിപ്പിക്കുന്നു.

നൂറ്റാണ്ടുകളായി മുസ്‌ലിം ഭരണകാലത്ത് ഹിന്ദുക്കൾ ഇരകളാക്കപ്പെടുകയും ഭയപ്പെടുകയും ചെയ്തുവെന്നും അവർ നിർബന്ധിത മതപരിവർത്തനത്തിരയായെന്നും സ്കൂളിലും അഖാറയിലും പ്രേമിയെ പഠിപ്പിച്ചു. മുസ്‌ലിംകൾ ഹിന്ദുക്കളെ അടിച്ചമർത്തുന്നത് ഇന്നും തുടരുന്നുവെന്ന് അദ്ദേഹം പഠിപ്പിക്കപ്പെട്ടു. “ഞങ്ങൾക്ക് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചിരിക്കാം, പക്ഷേ മതേതരത്വത്തിന്റെ പ്രത്യയശാസ്ത്രത്തിൽ നിന്നും കമ്മ്യൂണിസ്റ്റുകളുടെ പ്രത്യയശാസ്ത്രത്തിൽ നിന്നും ഞങ്ങൾക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല. ഹിന്ദു മതത്തെ മുറിവേൽപ്പിക്കുക മാത്രമാണ് മതേരതത്വം ചെയ്യുന്നത്” അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മുസ്‌ലിംകൾക്ക് ജീവൻ നൽകുന്നത് “ജിഹാദ്” പ്രത്യയശാസ്ത്രമാണെന്നും അദ്ദേഹം വിശ്വസിച്ചു.

18 വയസുള്ളപ്പോൾ പ്രേമി ഒരു ബജ്‌റംഗ്ദൾ ജില്ലാ നേതാവായി. അദ്ദേഹത്തിന് നിരവധി ഉത്തരവാദിത്തങ്ങൾ നൽകപ്പെട്ടു. വോട്ട് രേഖപ്പെടുത്തുന്നതിൽ മുസ്‌ലിംകൾ ഒരു മേഖലയിലും ആധിപത്യം പുലർത്തുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി തിരഞ്ഞെടുപ്പ് ബൂത്തുകളിലേക്ക് പോകുക, അങ്ങനെ സംഭവിക്കുകയാണെങ്കിൽ യുവാക്കളെ അണിനിരത്തുക. പോലീസ് ഹിന്ദുക്കളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ലേ എന്നും ഹിന്ദുക്കളെ പോലീസ് അടിച്ചമർത്തുന്നുണ്ടോ എന്നും പരിശോധിക്കുക. ആരെങ്കിലും ഹിന്ദു ചിഹ്നങ്ങളെയും സംസ്കാരത്തെയും ദുരുപയോഗം ചെയ്യുകയോ അപമാനിക്കുകയോ ചെയ്യുമ്പോൾ നടപടിയെടുക്കുക. ഒരു ഹിന്ദു പെൺകുട്ടിയുടെയും മാനത്തെ ആരും ഭംഗപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ പൂർണ്ണമായും പ്രാദേശിക പരിധിയിൽ വരുന്ന ജോലികളായിരുന്നു ഏൽപ്പിക്കപ്പെട്ടത്. പക്ഷേ 2015 ഓടെ എല്ലാം മാറിമറിഞ്ഞു.

(തുടരും)

വിവർത്തനം: ഇവാന, (ലേഖനത്തിന്റെ ഒന്നാം ഭാഗം)

Cortesy: WIRED

മുഹമ്മദ് അലി