Campus Alive

നിഖാബും മാസ്കും: ലിബറൽ ‘മുഖരാഷ്ട്രീയത്തിന്റെ’ കാപട്യം

അമേരിക്കൻ ടെലിവിഷൻ ചാനലുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ‘ഗ്രേയുടെ അനാട്ടമി’ (Grey’s Anatomy) എന്ന നാടക പരമ്പര, ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ഓടിക്കൊണ്ടിരിക്കുന്ന മെഡിക്കൽ ഡ്രാമയാണ്. നിറയെ ഡോക്ടർമാരും നഴ്സുമാരും നിറഞ്ഞു നിൽക്കുന്ന നാടകത്തിൽ, അവർ സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴുമെല്ലാം തങ്ങളുടെ ചിന്തകളെയും വികാരങ്ങളെയും കണ്ണുകളിലൂടെ പ്രതിഫലിപ്പിക്കുന്നത് കാണാൻ സാധിക്കും.

ഇത്തരം ചിത്രങ്ങൾ മുഖാവരണം ധരിക്കുന്നവർക്കെതിരെ ഉയർത്തുന്ന വാദങ്ങളോട് പരസ്പരവിരുദ്ധമായി നിലകൊള്ളുന്നവയാണ്. കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ മുസ്‌ലിം സ്ത്രീകൾ ധരിക്കുന്ന നിഖാബിനെതിരെ ഉയർത്തുന്ന വാദങ്ങളിൽ ഒന്ന്, അത് പരസ്പര വിനിമയത്തിന് തടസ്സമാകുന്നു എന്നതാണ്. കോവിഡ്‌ 19 കാലത്ത് കൊറോണ വൈറസിനെതിരെ പൊരുതാൻ മുഖാവരണങ്ങൾ സഹായിക്കുന്നു എന്ന വസ്തുത മുസ്‌ലിം  സ്ത്രീകൾ നിഖാബ് ധരിക്കുന്നതിനെതിരെയുള്ള വിവേചനത്തെ പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ട്. കനേഡിയൻ പ്രവിശ്യയായ ക്യുബാകിൽ 2017 ലും ഫ്രാൻസിൽ 2011 ലും നിലവിൽ വന്ന മുഖാവരണ നിരോധനം എന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇന്ന് സർവ വ്യാപിയായി ഉപയോഗിക്കുന്ന മാസ്കുകൾ അമേരിക്കയിലും കാനഡയിലും യൂറോപ്പിലും ഉപയോഗിക്കാമെങ്കിൽ അവർക്ക് എന്തുകൊണ്ട് നിഖാബ് ധരിക്കാനുള്ള അവകാശമില്ല? അതു പോലെ എന്ത് കൊണ്ട് അത് ധരിക്കുന്ന വളരെ വിരളമായ സ്ത്രീകൾക്കെതിരെയുള്ള വിവേചനങ്ങൾ നിർത്തുന്നില്ല?

Grey’s Anatomy-യിലെ ഒരു രംഗം

മുഖരാഷ്ട്രീയത്തിന്റെ ചരിത്രം

‘കനേഡിയൻ മുസ്‌ലിം സ്ത്രീകളും മുഖവാരണവും'(Canadian Muslim women and the veil) എന്ന എന്റെ പുസ്തകത്തിന് വേണ്ടിയുള്ള ഗവേഷണ കാലത്ത് ഞാൻ കണ്ടെത്തിയ വസ്തുതയാണ്, യൂറോപ്പ്യൻ രാജ്യങ്ങളുടെ നിഖാബ് വിരോധങ്ങൾക്ക് നീണ്ടകാലത്തെ ചരിത്രമുണ്ടെന്ന്. സാമൂഹിക ഭീഷണിയുടെയും മുസ്‌ലിം സ്ത്രീയെ നിശ്ശബ്ദയാക്കുന്ന പ്രവർത്തിയുടെയും പ്രതീകമായാണ് നിഖാബിനെ സമൂഹം വിലയിരുത്തുന്നത്. മോജ കഹ്ഫ് എന്ന എഴുത്തുകാരി തന്റെ ‘മുസ്‌ലിം സ്ത്രീയുടെ പാശ്ചാത്യ പ്രാതിനിധ്യങ്ങൾ’ (Western represantations of the muslim women) എന്ന പുസ്തകത്തിൽ പാശ്ചാത്യ നോവലായ ഡോൺ ക്വിഹോട്ടോയുടെ ആദ്യഭാഗത്തുള്ള മുഖാവരണത്തെ കുറിച്ചുള്ള ചർച്ചയെ പറ്റി പ്രതിപാദിക്കുന്നുണ്ട്. ആ നോവലിലെ ദോറോടി എന്ന കഥാപാത്രം മുഖാവരണം അണിഞ്ഞു വരുന്ന ഒരു സ്ത്രീയോട് ചോദിക്കുന്നു “ഈ സ്ത്രീ ഒരു ക്രിസ്ത്യൻ ആണോ അതോ ആഫ്രിക്കൻ മുസ്‌ലിമാണോ” അപ്പോൾ വരുന്ന മറുപടി “അവളുടെ വസ്ത്രവും നിശ്ശബ്ദതയും അവർ എന്താണെന്ന് നാം വിചാരിക്കുന്നതിന് തടസ്സം നിൽക്കുന്നതാണ്”. ഡോൺ ക്വിഹോട്ടയിലെ ഈ രംഗങ്ങൾ യൂറോപ്യൻ സ്ത്രീകൾ ചില സമയങ്ങളിൽ മുഖവും തലമുടിയും മറച്ചിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്.

വ്യക്തികൾക്കും ക്യാപിറ്റലിസത്തിനും ഉപഭോഗ സംസ്കാരത്തിനും പ്രാമുഖ്യം നൽകിക്കൊണ്ട് പിന്നീടുയർന്നു വന്ന പാശ്ചാത്യ ഉദാരതവാദങ്ങൾ പുതിയൊരു മുഖരാഷ്ട്രീയത്തിന് കളമൊരുക്കുകയാണ് ചെയ്തത്. യൂണിവേഴ്സിറ്റി ഓഫ് മാഞ്ചെസ്റ്ററിൽ പൊളിറ്റിക്സ് പ്രൊഫസർ ആയ ജെന്നി എടക്കിൻസിന്റെ പഠനങ്ങൾ  മുഖാവരണങ്ങളുടെ പുതിയ കാലത്തെ അർത്ഥതലങ്ങളും അതുപോലെ അതിനെ ചുറ്റിപ്പറ്റി ഉയർന്നു വന്ന രാഷ്ട്രീയങ്ങളുമാണ്   ചൂണ്ടിക്കാണിക്കുന്നത്. ഈ മുഖാവരണങ്ങളുടെ രാഷ്ട്രീയം തുറന്നു കാട്ടുന്നത് നിഗൂഢങ്ങളായ പല കാര്യങ്ങളെയും ഒളിച്ചു വെക്കാൻ മുഖമറകൾക്ക് സാധിക്കുന്നുണ്ട് എന്നാണ്. സിനിമാ അഭിനേതാക്കൾക്ക് മുഖങ്ങൾ കൊണ്ട് സ്വാധീനിക്കാൻ കഴിയുന്നത് പോലെ തന്നെ അവിഹിതമായ സ്വാധീനം ചെലുത്താനുള്ള കഴിവ് നമ്മുടെ മുഖങ്ങൾക്കും ഉണ്ടെന്ന് നാമും മനസ്സിലാക്കുന്നു. മറ്റൊരാളുടെ മുഖത്തോട് സ്വന്തം മുഖം സാദൃശ്യപ്പെടുത്താൻ മേക്കപ്പിലൂടെ സാധിക്കും. അതുപോലെ വിദ്യാഭാസത്തിന്റെയും മനക്കരുത്തിന്റെയും മുഖംമൂടി അണിഞ്ഞ് ലോകത്തെ അഭിമുഖീകരിക്കാൻ സാധിക്കുന്നു. അക്ഷോഭമായ മുഖഭാവങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്നു. ജോലി സ്ഥലങ്ങളിൽ പോയി കരയുന്നത് പോലെ തെറ്റായ സ്ഥലങ്ങളിൽ വികാരഭരിതൻ ആവാതിരിക്കാൻ മുഖങ്ങളെ വിന്യസിപ്പിക്കാൻ നാം പഠിച്ചിട്ടുണ്ട്. ചില സമയങ്ങളിൽ മുഖങ്ങൾ നമ്മുടെ ആത്മാവിന്റെ മുഖം മൂടിയാവാറുണ്ട്.

നിഖാബ് വിരുദ്ധ മനോഭാവവും വിധ്വേഷ അക്രമങ്ങളും

പൊതുവെ, ഒന്റാറിയയിലെയും ക്യൂബിക്കിലെയും വിധ്വേഷപരമായ അക്രമങ്ങളുടെ അളവിൽ ഗണ്യമായ വർധനവ് ആണ് കാണിക്കുന്നത്. ഒന്റാറിയയിലെ വർധനവുകൾ ചൂണ്ടിക്കാട്ടുന്നത് മുസ്‌ലിം-ജൂത അവർണ വിഭാഗങ്ങളോട് കാണിക്കുന്ന അക്രമങ്ങളെയാണ്, ക്യുബിക്കിലേത് മുസ്‌ലിംകളോടുള്ള വിദ്വേഷവും. ടോറോന്റോയിലെ പി.എച്ച്.ഡി വിദ്യാർത്ഥിയായ സിദ്‌റ അഹമ്മദിന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നത്  കാനഡയിലെ വെറുപ്പ് രാഷ്ട്രീയത്തിലെ ഇരകളിൽ ഭൂരിഭാഗവും മുസ്‌ലിംകൾ ആണെന്നാണ്. ഇവിടങ്ങളിലെ വെറുപ്പ് രാഷ്ട്രീയങ്ങളിലെ വർധനവിനുള്ള പ്രധാന കാരണമായി കണക്കാക്കുന്നത് പൊതു നേതാക്കൾ തങ്ങളുടെ നിഖാബ് വിരോധം ജനങ്ങൾക്ക് മുമ്പിൽ പ്രഖ്യാപിച്ചതാണ്.

ജേസൺ കെന്നെ

കാനഡയുടെ മുൻ സിറ്റിസൺഷിപ്-ഇമിഗ്രേഷൻ-മൾട്ടി കൾച്ചറലിസം മന്ത്രി ആയിരുന്ന ജേസൺ കെന്നേ സിറ്റിസൺഷിപ് പരിപാടികളിൽ നിഖാബ് നിരോധിക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്ത വ്യക്തിയാണ്. 2015 ലെ ഒരു പ്രസ്താവനയിൽ അയാൾ നിഖാബിനെ തുലനപ്പെടുത്തിയത് സ്ത്രീകളെ മാനുഷിക പരിഗണനക്ക് പകരം ചരക്കുകളായി കണ്ടിരുന്ന ഒരു ഗോത്ര സമൂഹത്തിന്റെ ആചാരം എന്നാണ്. അതേ വർഷം തന്നെ മുൻ പ്രധാനമന്ത്രിയായ സ്റ്റീഫൻ ഹാർപേർ പറഞ്ഞത് സ്ത്രീ വിരുദ്ധ സമുദായങ്ങളുടെയും അതുപോലെ തങ്ങളുടെ സ്വത്വം വെളിപ്പെടുത്താൻ തയ്യാറല്ലാത്ത കുറ്റവാളികളുടെയും സംസ്കാരത്തിന്റെ ഭാഗമാണിത് എന്നാണ്. കാനഡയിലെ ഭൂരിപക്ഷം ജനങ്ങളും പൊതു തൊഴിലുകളിൽ നിഖാബ് നിരോധനം ഏർപ്പെടുത്തണമെന്ന് അനുകൂലിക്കുന്നവർ ആണ് എന്നാണ് 2018 ലെ അംഗസ് റെയ്ഡ് പോൾ സൂചിപ്പിക്കുന്നത്. മുസ്‌ലിം  സ്ത്രീകളുടെ മറനീക്കാനുള്ള ഇത്തരം ആനുകാലിക ശ്രമങ്ങൾ പ്രതിധ്വനിക്കുന്നത് ബ്രിട്ടീഷ്, ഫ്രഞ്ച് രാജ്യങ്ങളിൽ കോളനി കാലത്തും ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന ശ്രമങ്ങളെയാണ്.

മെഡിക്കൽ മുഖംമൂടികൾ

ടോറോന്റോ സ്റ്റാർ എന്ന പത്രത്തിലെ ഓപ്പൺ എഡിറ്റോറിയലിൽ വിൻഡ്‌സോർ സർവകലാശാല വിദ്യാർത്ഥിയായ താശ സ്റ്റാൻസ്‌ബറി കുറിച്ചത് മോൻട്രെയിൽ ഹോസ്പിറ്റലിലെ അവസ്ഥകളെയാണ്. അവിടെ ഉള്ളവർക്ക് സർജിക്കൽ മാസ്‌ക് ധരിക്കൽ നിർബന്ധമാണ്. അവിടെയുള്ളവർ പരസ്പരം ആശയ വിനിമയം നടത്തുന്നത് തങ്ങളുടെ മാസ്‌ക് ഉയർത്താതെയാണ്. അവിടെ ഉള്ളവർ ആരും അവരുടെ സ്വത്വത്തെ ചോദ്യം ചെയ്യുകയോ അല്ലെങ്കിൽ സുരക്ഷയെ കരുതി പേടിക്കുകയോ ചെയ്യുന്നില്ല എന്നാണ് വസ്തുത. പക്ഷെ നിഖാബ് ധരിച്ചുവരുന്ന സ്ത്രീകളെ അവരുടെ നിഖാബ് അഴിച്ചു ഐഡന്റിറ്റി വെളിപ്പെടുത്താൻ അതേ ഹോസ്പിറ്റലിലെ നിയമങ്ങൾ നിഷ്കർശിക്കുന്നുണ്ട്. അമേരിക്കൻ ഫിലോസഫി പ്രൊഫസർ ആയ മാർത്ത നസ്ബയും ഒരു പതിറ്റാണ്ട് മുമ്പ് നിഖാബുകളുടെ വിലക്കിന്റെ ദ്വൈമുഖത്തെ പറ്റി വളരെ സമർഥമായി ന്യൂ യോർക് ടൈംസിൽ പറയുന്നുണ്ട്. അത് സെക്യൂരിറ്റിയുടെ പ്രശ്നമാണെങ്കിൽ എന്തു കൊണ്ട് ഒരു പൊതുസ്ഥാപനത്തിൽ തണുപ്പുകാലത്ത് സ്‌കാർഫുകൾ അനുവദിക്കുന്നു? മറ്റുള്ളവർക്കിടയിലുള്ള ആശയവിനിമയങ്ങൾക്ക് സ്‌കാർഫുകൾ വിലങ്ങുതടി ആവാത്തത് എന്തുകൊണ്ടാണ്? അവർ എഴുതുന്നു: “എന്തിനേറെ പറയണം, എല്ലാ കാലത്തും മുഖം മറക്കുന്ന ധാരാളം പ്രൊഫഷണലുകൾ നമുക്കിടയിലുണ്ട്. സർജൻസ്, ദന്തിസ്റ്റുകൾ, അമേരിക്കൻ ഫുട്ബോൾ കളിക്കാർ എന്നു തുടങ്ങി സ്‌കയേഴ്സും സ്കൈറ്റേഴ്സും വരെ മുഖം മറക്കുന്നവരിൽ ഉണ്ട്. എന്ത് ഘടകമാണ് യൂറോപ്പിൽ ഭയവും അവിശ്വാസതയും ജനിപ്പിക്കുന്നത്? അത് ഒരിക്കലും മുഖം മറക്കുന്നതാവില്ല, മറിച്ച് അത് മുസ്‌ലിംകൾക്കിടയിൽ ആയി എന്നതാണ് പ്രശ്നം”.

മുസ്‌ലിം സ്ത്രീകൾ മുഖം മറക്കാൻ ഉപയോഗിക്കുന്ന നിഖാബുകളിൽ നിന്നും വ്യത്യസ്തമാണോ കൊറോണയെ തടയുന്ന മാസ്കുകൾ? രണ്ടും ഒരേ തരത്തിലുള്ള വസ്ത്രധാരണം ആണ്, ചില പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടി  പ്രത്യേക സ്ഥലങ്ങളിൽ പ്രത്യേക സമയത്തു ഉപയോഗിക്കുന്നത്. അതൊരിക്കലും മുഴുവൻ സമയങ്ങളിലും ഇട്ടു നടക്കേണ്ട ആവശ്യം വരുന്നില്ല. ആവശ്യം കഴിയുമ്പോൾ ഊരി വെക്കുന്നവയാണ് അവ രണ്ടും. സർവ ശക്തന്റെ വിളി നിഖാബ് ധരിക്കാൻ ചിലരെ പ്രേരിപ്പിക്കുന്നു. അതേസമയം ഉയർന്ന പകർച്ചവ്യാധി ചിലരെ മുഖംമൂടി ധരിക്കാനും പ്രേരിപ്പിക്കുന്നു. നാമൊക്കെ മാസ്‌ക് ധരിക്കാൻ തുടങ്ങിയാൽ അത് ഒരു അടിച്ചമർത്തലിന് വഴിപ്പെട്ടു എന്നാണോ അർത്ഥം? നമുക്ക് മറ്റുള്ളവരുമായി സംവദിക്കാൻ കഴിയില്ല എന്നാണോ? നമ്മൾ ക്യുബിക്കിൽ ആയിരുന്നെങ്കിൽ അവർ നമ്മുടെ ജോലികൾ നിരസിക്കുമായിരുന്നോ? ഗവൺമെന്റ് സേവനങ്ങൾ നിർത്തലാക്കുമോ?

വിവർത്തനം: മുബശിർ ടി വി ചെമ്പിലോട്

Courtesy: The Conversation 

കാതറിൻ ബുള്ളോക്