Campus Alive

സാഹിത്യവും അതിവായനയും

യഥാര്‍ഥത്തില്‍ സാഹിത്യം ചെയ്യുന്നതെന്താണ്?
സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു കാര്യം അതുപോലെ പ്രതിഫലിപ്പിക്കുന്ന, ഒരു കണ്ണാടിയുടെ ധര്‍മമാണോ സാഹിത്യം നിര്‍വഹിക്കുന്നത്‌? തനിക്ക് സമൂഹത്തോട് പറയാനുള്ള ഒരു കാര്യം, താന്‍ കണ്ടുപരിചയിച്ച ചില ആളുകളെ കഥാപാത്രമാക്കിക്കൊണ്ട് പറയുകയാണ് കഥാകാരന്‍ ചെയ്യുന്നത്. സ്വാഭാവികമെന്നോണം താന്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെ, താന്‍ സ്വാംശീകരിച്ചിട്ടുള്ള ലോകബോധത്തിന്റെ അടിസ്ഥാനത്തിലാണ് എഴുത്തുകാരന്‍ നിശ്ചയിക്കുന്നത്. ഇങ്ങനെ ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ നടത്തുന്ന ചില തെരഞ്ഞെടുപ്പുകളിലൂടെ, ചിഹ്നങ്ങളുടെ വിന്യാസത്തിലൂടെ, ഒരു പ്രത്യേക തരത്തില്‍ തന്റെ വിഷയം അവതരിപ്പിക്കാനാണ് എഴുത്തുകാരന്‍ ശ്രമിക്കുന്നത്. എഴുത്തുകാരന്‍ അലൗകികമായ ഒരു ചേതസ്സില്‍ നിന്നും ശക്തി സംഭരിച്ചു കൊണ്ട്, അജ്ഞരായ ജനങ്ങള്‍ക്ക് വേണ്ടി ചില വെളിപ്പെടുത്തലുകള്‍ നടത്തുകയല്ല. അത്തരം വിമര്‍ശനാതീത പദവി അദ്ദേഹത്തിനു തന്നെ താങ്ങാവുന്നതില്‍ അപ്പുറമാണ്. തന്റെ സാമൂഹിക പദവി, ജാതി സ്ഥാനം, മതം, ലിംഗം, ദേശം, ചരിത്രബോധം എന്നിവയൊക്കെയാണ് ഏതൊരു എഴുത്തുകാരനേയും നിര്‍മിക്കുന്നത്. പ്രത്യക്ഷത്തില്‍ ഒരാള്‍ ഇതിനെ തള്ളിപ്പറഞ്ഞാലും അയാളുടെ ഭാഷയില്‍ നിന്നും സൂക്ഷ്മ ചിഹ്നങ്ങള്‍ അഴിച്ചെടുക്കുമ്പോള്‍ ഇത് ഒരു വിമര്‍ശകന് വെളിപ്പെടുന്നു. വായനക്കാരനും വിമര്‍ശകനുമൊന്നും ഇത്തരം സ്വാധീനങ്ങളില്‍നിന്ന് മുക്തരല്ല. എഴുത്തുകാരന്‍ മുന്നോട്ടു വെക്കുന്ന അനുഭൂതിയെ വായന എന്ന പ്രക്രിയയിലൂടെ തന്റേതാക്കി മാറ്റുന്ന വായനക്കാരന്‍ എഴുത്തുകാരനേക്കാള്‍ സ്ഥാനം കുറഞ്ഞ ആളല്ല. എഴുത്തുകാരന്‍ എഴുത്തിലൂടെയും വായനക്കാരന്‍ വായനയിലൂടെയും നിര്‍വഹിക്കുന്നത് മൗലികമായ സ്യഷ്ടികര്‍മമാണ്.
അങ്ങനെ വരുമ്പോള്‍ എഴുത്തുകാരന്‍ എഴുത്തിലൂടെ ചെയ്യുന്ന പ്രവ്യത്തിയുടെ അതേ മൂല്യം ,വിമര്‍ശകന്‍ നടത്തുന്ന സാംസ്‌കാരികമായ അഴിച്ചെടുക്കലിനും ഉണ്ടായിത്തീരുന്നു. അതുകൊണ്ടാണ് ഒരു കഥ ഒരു കഥ മാത്രമല്ല എന്ന് നാം പറയുന്നത്.

ഒരു കൃതിക്കകത്തെ ചരിത്ര ബന്ധങ്ങള്‍ കണ്ടെത്തുവാന്‍ നമുക്ക് പാഠാന്തര (Intertextual) രീതി സ്വീകരിക്കേണ്ടി വരുന്നതും അതുകൊണ്ടാണ്. സാമൂഹിക ശാസ്തവും ചരിത്രവും കലയും ഫോക് ലോറും മതവും രാഷ്ട്രീയവുമെല്ലാം ഉപയോഗിച്ച് വിമര്‍ശനം വികസിപ്പിക്കുകയാണ് ഇക്കാലത്ത് നാം ചെയ്യുന്നത്. അപ്പോള്‍ ഒരു കഥ  കഥ മാത്രമല്ലാതാവുന്നു. സാഹിത്യ വിമര്‍ശനം എന്നത് സാംസ്‌കാരിക വിശകലനം കൂടിയായിത്തീരുന്നു. വിവിധ സാമൂഹ്യ സ്ഥാനങ്ങളില്‍ നിലകൊള്ളുന്ന മനുഷ്യര്‍ അവരുടെ പരിപ്രേക്ഷ്യത്തില്‍ ഒരു കഥയെ വായിക്കുന്നതും അതിനെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതും ഇതിന്റെ ഭാഗമാണ്. അവയെ, ഇല്ലാത്തത് ചികയലായി കാണുന്നത് വിമര്‍ശന വ്യവഹാരത്തെക്കുറിച്ച അജ്ഞതയാണ്. സാഹിത്യപാഠത്തിനു പുറത്തുള്ള ചരിത്രം സാഹിത്യ പാഠത്തെ സ്വാധീനിക്കും എന്ന ആശയം ജോര്‍ജ് ലൂക്കാച്ച് ഉയര്‍ത്തുന്നുണ്ട്. ഒരു സാഹിത്യകൃതി ഒരിക്കലും ഒറ്റ ജീവിതത്തെയല്ല പ്രതിഫലിപ്പിക്കുന്നത്. മറിച്ച്, ജീവിതത്തിന്റെ സമഗ്ര പദ്ധതിയെയാണ് അതാവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത്. സാഹിത്യ സൃഷ്ടി ചരിത്രപരമായ വിവിധ വ്യവഹാരങ്ങളുടെ സൃഷ്ടിയാണെന്ന ഫ്രെഡറിക് ജയിംസന്റെ സിദ്ധാന്തവും ഇതുതന്നെയാണ് പറയുന്നത്.

echikkanm

(ഒരു ഭാഗത്ത് ധൂര്‍ത്ത് അരങ്ങ് തകര്‍ക്കുമ്പോള്‍ മറുഭാഗത്ത് ദാരിദ്ര്യം കൊണ്ട് മരിച്ചു പോകുന്നവര്‍ നമ്മുടെ ഇന്ത്യാ രാജ്യത്തുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. സമ്പന്നരായ മുസ്‌ലിംങ്ങളില്‍ ചിലര്‍, ഇസ്‌ലാം ഏറ്റവും വെറുത്ത ധൂര്‍ത്ത് നടത്തുന്നവരാണ് എന്നതും, അന്യസംസ്ഥാന തൊഴിലാളികളായ അനവധി ഗോപാല്‍ യാദവുമാര്‍ കടുത്ത ദാരിദ്ര്യമനുഭവിക്കുന്നവരാണ് എന്നതും യാഥാര്‍ഥ്യമാണ്.)

യാഥാര്‍ഥ്യം വരച്ചുകാട്ടുക എന്ന വളരെ നിഷ്‌കളങ്കമായ ധര്‍മം മാത്രമേ വായനാസമൂഹത്തില്‍ ഒരു കഥ നിര്‍വഹിക്കുന്നുള്ളൂ എങ്കില്‍ ഒരു കഥയോടും (ബിരിയാണി എന്ന കഥയോട് )നമുക്ക് പ്രശ്‌നമൊന്നുമില്ല. പക്ഷേ കഥ, മറ്റേത് സാഹിത്യജനുസ്സിനേയും പോലെ ഒരു സാംസ്‌കാരികോല്‍പ്പന്നം കൂടിയായത് കൊണ്ട് ഒരു കഥയുടെ ചര്‍ച്ച ,അതിലെ വിഷയം (താല്‍ക്കാലികമായി, ചിലയിടങ്ങളിലെങ്കിലും ) ,സത്യമാണോ നുണയാണോ എന്ന തീര്‍പ്പു കൊണ്ട് ഒടുങ്ങുന്നതല്ല. ഒരു കഥയെ സംബന്ധിച്ച്, അതിലെ പ്രതിപാദ്യ വിഷയത്തേക്കാള്‍ അനുവാചകന്റെ മനസ്സില്‍ അവശേഷിക്കുന്നത് ഭാഷ, ഇമേജുകള്‍, ആഖ്യാനരീതി എന്നിവയാണ്. ആളുകള്‍ പലപ്പോഴും ശ്രദ്ധിക്കുന്നത് കഥയെക്കാള്‍ ബിംബാവലികളിലാണ്. ഉദാഹരണത്തിന്, പോപ്പുലര്‍ സിനിമയെപ്പറ്റിയുള്ള ജനങ്ങളുടെ സംസാരത്തില്‍ അധികവും കഥയെപ്പറ്റിയായിരിക്കില്ല. മറിച്ച്, ഒരു പ്രത്യേക നടന്റെ –  സ്റ്റൈലോ ഇടിയോ പാട്ടോ ആയിരിക്കും. മറ്റൊരു വിധത്തില്‍ ആലോചിച്ചാല്‍, ഒരു സിനിമയിലെ / സാഹിത്യത്തിലെ കഥ താല്‍ക്കാലികമോ ബാഹ്യമോ ആയ സ്വാധീനം ചെലുത്തുന്നതാണ്. പക്ഷേ, ഇമേജുകളും മെറ്റഫറുകളും അവരെ ആഴത്തില്‍ പിന്തുടരും. വ്യക്തിയുടെ ധാരണകളെയും സമൂഹത്തിന്റെ പൊതുബോധത്തെയും ബലപ്പെടുത്തുവാന്‍ കഥയെക്കാള്‍ ഇത്തരം പ്രതിനിധാനപരമായ ഇമേജുകളാണ് കാരണമാവുക. അതു കൊണ്ടാണ് കുമാരനാശാന്‍ ക്രൂര മുഹമ്മദരെ കൊണ്ട് തെറിപ്പിച്ച ‘ഹൈന്ദവച്ചോര’ നവോത്ഥാനാനന്തര കേരളത്തിന്റെ അബോധത്തില്‍ ഇന്നും വറ്റാതെ കിടക്കുന്നത്. വള്ളത്തോളിന്റെ നായര്‍ യുവതിയില്‍ ഭയം ജനിപ്പിക്കുന്ന മുഹമ്മദീയന്‍ മലയാളിയുടെ അപരനായി കുറേ കാലം സാഹിത്യ കൃതികളില്‍ ഇറച്ചിവെട്ടാനും പെണ്ണുകെട്ടാനും മാത്രമായി പാഞ്ഞു നടന്നത്.

രക്തബന്ധത്തിന് പോലും വില കല്‍പ്പിക്കാത്തവരും ഇസ്‌ലാമിന്റെ അപരിഷ്‌കൃത നിയമങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരും അപരന്റെ വേദനകളെ വിനോദമായിക്കാണുന്നവരുമാണ് മുസ്‌ലിംകളെന്നും മറ്റുള്ളവരെ സഹായിക്കാത്ത ഇവരെ, പക്ഷേ നല്ല മനസ്സുള്ള ബ്രാഹ്മണര്‍ സഹായിക്കുന്നുവെന്നും ഏച്ചിക്കാനത്തിന്റെ കാറ്റും മഴയും എന്ന തിരക്കഥ പ്രക്ഷേപിക്കുന്നുണ്ട്. കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തെയും കാലികാനുഭവങ്ങളെയും നിഷേധിക്കുന്നവയാണ് ഇത്തരം കഥകള്‍. ഇവയുടെ ഫലശ്രുതിയായി പിന്നീട് നാം എത്തിച്ചേരുന്നത്, നല്ലവരായ ഈ സവര്‍ണരോട് എത്ര ക്രൂരമായാണ് മലബാറില്‍ മുസ്‌ലിംകള്‍ പെരുമാറിയിട്ടുള്ളത് എന്ന നിഗമനങ്ങളിലേക്കാണ്. അതു കൊണ്ടല്ലേ ഇന്ന് അവര്‍ ദരിദ്രരായിപ്പോയത്. പക്ഷേ, എന്നിട്ടും ഈ ദരിദ്ര ബ്രാഹ്മണരാണ് ഒരു ആവശ്യം വരുമ്പോള്‍ മുസ്‌ലിംകളെ സഹായിക്കുന്നത്. അതാണ് കുലീനത എന്ന് പറയുന്നത്. ഈ വംശമഹിമ എന്നു പറയുന്നത് പണം കൊടുത്ത് വാങ്ങാനാവില്ല. അതിനാല്‍ നിലവില്‍ ഇന്ത്യയിലെ തൊണ്ണൂറ് ശതമാനം അധികാരസ്ഥാനങ്ങളില്‍ തുടരുന്ന സവര്‍ണരെ തന്നെ ബാക്കി പത്തു ശതമാനം കൂടി ഏല്‍പ്പിക്കേണ്ടതാണ്. സമ്പന്നരായ മുസ്‌ലിംകളെ നാം അസഹിഷ്ണുതയോടെ കാണുകയും വേണം. ഇങ്ങനെയൊരു ലോജിക്കാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ കാറ്റും മഴയും എന്ന തിരക്കഥ മുന്നോട്ടു വെക്കുന്നത്. ഇത്തരത്തില്‍ ഒരു കഥയെ വിശകലനം ചെയ്യുന്നത് അതി വായന (Over reading) യാണ് എന്ന് പറയുന്നവരുണ്ട്. അവര്‍ ഇന്ത്യയിലെ സാഹിത്യം, സിനിമ തുടങ്ങി ജനപ്രിയ കലകളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന സവര്‍ണ ദയനീയകഥകളുടെ അതി എഴുത്തി (over writing )നെ മനസ്സിലാക്കണം. അതിന്റെ സൂക്ഷ്മ വശങ്ങളെ പുറത്തു കൊണ്ടുവരാന്‍ അതി വായന ആവശ്യമാണ്. അധീശ സാംസ്‌കാരികതയെ ചികില്‍സിക്കാനുളള വഴികളില്‍ ഒന്നാണിത്.

ഡോ. വി ഹിക്മത്തുള്ള