Campus Alive

മൈനര്‍ സാഹിത്യവും ടെക്‌സ്ച്വല്‍ വയലന്‍സും: ഭാഷയുടെ കീഴാള ആഘോഷങ്ങളെക്കുറിച്ച്

‘കീഴാള ഭാഷാശാസ്ത്രത്തിന് സ്വന്തമായി ഒരു ഘടനാവല്‍കൃതമായ ഭാഷ രൂപീകരിക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍, സ്വന്തം ഉണ്‍മയെ ആവിഷ്‌കരിക്കാന്‍ ഏത് ഭാഷയാണ് അവര്‍ ഉപയോഗിക്കുക? അത് കുലീന ഭാഷയോ അല്ലെങ്കില്‍ ലിബറല്‍ മദ്ധ്യവര്‍ഗ്ഗത്തിന്റെ ഭാഷയോ ആയിരിക്കും എന്നതില്‍ സംശയമില്ല. കാരണം, ഭാഷ എന്നത് പോലും ഒരു തരത്തില്‍ ‘കണ്ടീഷന്‍’ഡ് ആയ ഒന്നാണ് – ഇനി ഏത് അപനിര്‍മ്മിതി അതിനു മുകളില്‍ ആരോപിക്കപ്പെട്ടാലും ശരി. ഒരു ഭിന്നലിംഗക്കാരനോ, ദളിതനോ, മുസ്‌ലിമിനോ തന്റെ അവസ്ഥയെ ആവിഷ്‌കരിക്കണമെങ്കില്‍,  ആകെ പ്രാപ്യമായ ഭാഷ ഉപയോഗിക്കാനായി അവര്‍ക്ക് പുറത്തേക്ക് കടന്ന് അവരിലേക്ക് തന്നെ തിരിഞ്ഞു നോക്കേണ്ട അവസ്ഥ വരുന്നു. അപ്പോള്‍, ഓരോ അലങ്കാരം പോലും അവിടെ ശ്രേണീവല്‍കൃതമാകുന്നു. അതായത്, ഒരു എംപതെറ്റിക്കലായ ഭാഷ രൂപപ്പെടുത്താന്‍ അവരെ സംബന്ധിച്ചിടത്തോളം സാധ്യമാകുന്നില്ല. മറിച്ച്, സ്വയം സിംപതെറ്റിക്കലായ ഒരു ഭാഷയില്‍ അവര്‍ക്ക് ഒതുങ്ങേണ്ടി വരുന്നു.’

Deleuze11
ദെല്യൂസ്‌

ഒരു വര്‍ഷം മുമ്പ് ന്യൂനപക്ഷങ്ങളുടെ ഭാഷാവ്യാകരണ ശാസ്ത്രത്തെ കുറിച്ച് ഞാന്‍ തന്നെ എഴുതിയ ഒരു ലേഖനത്തിലെ ഒരു പാരഗ്രാഫാണ് മുകളില്‍ ക്വോട്ട് ചെയ്തിട്ടുളളത്. ഈ വരികള്‍ എനിക്കിപ്പോള്‍ വീണ്ടും ക്വോട്ട് ചെയ്യേണ്ടി വരുന്നത് സബാള്‍ട്ടേണ്‍ ലിറ്ററേച്ചറും, മൈനര്‍ ലിറ്ററേച്ചറും തമ്മിലുളള ഫിലോസഫിക്കല്‍ ഡിഫറന്‍സ് എടുത്ത് കാണിക്കുന്നതിന് വേണ്ടിയാണ്. നിലവില്‍ സ്റ്റേറ്റിന്റെ വയലന്‍സിന് ഇരയായിക്കൊണ്ടിരിക്കുന്ന ‘മൈനോരിറ്റി’ എന്ന് പറയുന്ന കളക്റ്റിവിറ്റിക്ക് എങ്ങിനെ സ്വയം ആവിഷ്‌കരിക്കാം എന്ന ചോദ്യത്തിന് ഒരു പോസിബിള്‍ ആള്‍ട്ടര്‍നേറ്റീവ് എന്ന നിലക്ക് നിലവിലെ സാഹചര്യത്തില്‍ പ്രയോഗിക്കാന്‍ കഴിയുന്ന ഒന്നായിട്ടാണ് ഞാന്‍ മൈനര്‍ ലിറ്ററേച്ചര്‍ എന്ന എപ്പിസ്റ്റമോളജിക്കല്‍ ഉപകരണത്തെ മനസ്സിലാക്കുന്നത്. കാരണം ഒരു വസ്തുവിന്റെ മേലില്‍ ഓണ്ടോളജിക്കലായി ആരോപിക്കപ്പെട്ട ഒരു പ്രതിസന്ധിയെ അതിന്റെ പ്രാരംഭ ഘട്ടത്തില്‍ പൂര്‍ണ്ണമായ എപ്പിസ്റ്റമോളജിക്കല്‍ വയലന്‍സിലൂടെ – അത് പൊളിറ്റിക്‌സായാലും ലിറ്ററേച്ചായാലും – മാത്രമേ അതിജയിക്കാന്‍ സാധിക്കുകയുളളു.

ഫെര്‍ഡിനന്റ് ദെ സൊസ്റ്റോര്‍, റോളാങ് ബാര്‍ത്ത് ബൈനറിയുടെ ലിംഗ്വിസ്റ്റിക്‌സിന്റെ എല്ലാ അതിരുകളെയും ട്രാന്‍സെന്റ് ചെയ്തു കൊണ്ടും, ലാംഗ്വേജ് എന്ന സങ്കല്‍പത്തിന്റെ ഉപരിതലത്തെ ടോട്ടലി നെഗേറ്റ് ചെയ്തു കൊണ്ടുമാണ് മൈനര്‍ ലിറ്ററേച്ചര്‍ എന്ന ഒരു തിയറി രൂപപ്പെട്ടിട്ടുളളത്. പോസ്റ്റ് – വാര്‍ ഫ്രഞ്ച് സൈദ്ധാന്തികരായ ഗില്‍സ് ഡിലൂസും, ഫെലിക്‌സ് ഗുത്താരിയുമാണ് ഫ്രാങ്ക് കാഫ്കയുടെ വര്‍ക്കുകളെ ഡെവലപ് ചെയ്തു കൊണ്ട് ഈ തിയറിയെ പോപ്പുലറൈസ് ചെയ്തത്. അവരെ സംബന്ധിച്ചിടത്തോളം മൈനോരിറ്റികള്‍ക്ക് ഇന്റര്‍പ്രെട്ടേഷന്‍ എന്ന അധികാര മാതൃകയെ പൂര്‍ണ്ണമായി ഓവര്‍കം ചെയ്യാനുളള ഒരേയൊരു സാധ്യതയാണ് മൈനര്‍ ലിറ്ററേച്ചര്‍ . ടെക്സ്റ്റ് എന്ന വസ്തു റെപ്രസന്റ് ചെയ്യുന്ന ‘ടോട്ടല്‍ ഐഡിയ’ എന്ന സങ്കല്‍പത്തെ മള്‍ട്ടിപ്ലിസിറ്റി എന്ന രീതിയുപയോഗിച്ച് മൈനര്‍ ലിറ്ററേച്ചര്‍ തടയുന്നു. മള്‍ട്ടിപ്ലിസിറ്റി ഒരു ശത്രുവിന്റെ ഫോര്‍മേഷനെ തടയുന്നു എന്നും ഇന്റര്‍പ്രെട്ടേഷന്‍ എന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രായോഗികവല്‍ക്കരണത്തെ പരാജയപ്പെടുത്തുന്നു എന്നും, വായനക്കാരന്റെ മുന്‍ധാരണകളെ നശിപ്പിച്ച് വായനക്കാരനെ ഒരു എക്‌സ്പിരിമെന്റലിസ്റ്റ് ആക്കി വിപുലീകരിക്കുമെന്നും ഡെലൂസിനെയും, ഗുത്താരിയേയും ഡെവലപ് ചെയ്ത് റോബേര്‍ട്ട് ബ്രിങ്‌ലി പറയുന്നുണ്ട്.

guattari1981_3
ഗുത്താരി

മൈനോറിറ്റികള്‍ അനുഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രതിസന്ധി ഇന്റര്‍പ്രെടേഷനാണ്. ഴാങ് ബൗദ്രിലയര്‍ പറയുന്നതനുസരിച്ച് ഓരോ മനുഷ്യനിലും, പ്രത്യേകിച്ച് മൈനോരിറ്റികളില്‍, വ്യാഖ്യാനിക്കപ്പെടാതിരിക്കാനുളള ഒരു ഡിസയര്‍ നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല, വ്യാഖ്യാനങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു ഹൈപര്‍റിയാലിറ്റിയായി മാറാതിരിക്കാനും അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കാരണം, വര്‍ഗ്ഗപരമായി ഇന്റര്‍പ്രെറ്റര്‍ എന്നത് ഒരു ഡൊമിനന്റ് സാമൂഹിക വ്യവസ്ഥയുടെ ഏജന്റാണ്. വ്യാഖ്യാനം അവരുടെ വ്യവസ്ഥക്കനുസരിച്ച് അത് വ്യാഖ്യാനിക്കുന്ന വസ്തുവിനെ രൂപപ്പെടുത്തുന്നു. അതിനാല്‍ തന്നെ അത്തരം കോഡിഫിക്കേഷനുകളില്‍ നിന്ന് – ഡെലുസിയന്‍ ഭാഷയില്‍ ടെറിറ്റോറിയലൈസേഷനില്‍ നിന്ന് – രക്ഷപ്പെടാനുളള അല്ലെങ്കില്‍ അവയെ ഡീ-ടെറിറ്റോറിയലൈസ് ചെയ്യാനുളള ഡിസയര്‍ മൈനോരിറ്റികളെ സംബന്ധിച്ചിടത്തോളം അടിസ്ഥാനപരമാണ്. കാരണം, മുഖ്യധാരക്കെതിരെ കൗണ്ടര്‍ സങ്കല്‍പ്പങ്ങളുയര്‍ത്താനും സ്വയം ഒരു മൈനോരിറ്റിയായി നിലനില്‍ക്കാനും അവരെ സംബന്ധിച്ചിടത്തോളം അത് മൗലികമാണ്.

ആന്റി-ഈഡിപസ്: ക്യാപിറ്റലിസം ആന്റ് ഷിസോഫ്രേനിയ എന്ന പുസ്തകത്തിലാണ് ഡെലൂസ്- ഗുത്താരി ഫിലോസഫി ടെറിറ്റോറിയലൈസേഷന്‍, ഡീ-ടെറിറ്റോറിയലൈസേഷന്‍, റീ- ടെറിറ്റോറിയലൈസേഷന്‍ എന്നീ ടേമുകള്‍ അവതരിപ്പിക്കുന്നത്. ദെറിദയുടെ ഡീ- സെന്ററലൈസേഷനോട് സാദൃശ്യതയുളള ഒരു സങ്കല്‍പമാണിത്. ടെറിറ്റോറിയലൈസേഷന്‍ എന്നാല്‍ ഒരു കള്‍ച്ചറല്‍ സ്‌പേസിന്റെ ക്രിയേഷനും നിലനിര്‍ത്തലുമാണ്. അതിനകത്ത് വെച്ചാണ് എല്ലാ വ്യാഖ്യാനങ്ങളും, അര്‍ത്ഥ നിര്‍മ്മാണങ്ങളും നടക്കുക. ആ സപേസിന്റെ തകര്‍ക്കലാണ് ഡീ- ടെറിറ്റോറിയലൈസേഷന്‍. പിന്നീട് മറ്റു ഐഡിയോളജിക്കല്‍ അപ്പാരറ്റസുകളുപയോഗിച്ച് തകര്‍ക്കപ്പെട്ട സ്‌പേസിനെ പുനര്‍നിര്‍മ്മിക്കലാണ് റീ-ടെറിറ്റോറിയലൈസേഷന്‍. മൈനര്‍ ലിറ്ററേച്ചര്‍ ശ്രമിക്കുന്നത് നിലവിലെ ഡൊമിനന്റ് സാഹിത്യത്തെ ഡീ-ടെറിറ്റോറിയെലൈസ് ചെയ്യാനും അത് റീ-ടെറിറ്റോറിയലൈസ് ചെയ്യപ്പെടുന്നതില്‍ നിന്ന് അതിനെ സംരക്ഷിക്കാനുമാണ്. ഇവിടെ ഡൊമിനന്റിനോടുളള വിമര്‍ശം എന്നാല്‍ അതിനോടുള്ള കേവല വിമര്‍ശനമല്ല. മറിച്ച് അതിനെ പൂര്‍ണ്ണമായി നെഗേറ്റ് ചെയ്യുക എന്നാണര്‍ത്ഥമാക്കുന്നത്.

anti

പോസിബിലിറ്റികളില്‍ നിന്നല്ല മറിച്ച് ഇംപോസിബിലിറ്റികളില്‍ നിന്നാണ് മൈനര്‍ ലിറ്ററേച്ചര്‍ രൂപപ്പെടുന്നത്. അതായത് നാല് ലിംഗ്വിസ്റ്റിക് അസാധ്യതകളാണ് മൈനര്‍ ലിറ്ററേച്ചറിനെ നിര്‍മ്മിക്കുന്നത്. ഒന്നാമതായി, എഴുതാതിരിക്കുക എന്ന സാധ്യതയുടെ അസാധ്യതയാണ്. റാഡിക്കലായ എക്‌സ്പീരിയന്‍സുകളാണ് ആ സാധ്യതയെ അവര്‍ക്ക് മുന്നില്‍ അടച്ചിടുന്നത്. രണ്ടാമതായി, മെയ്ന്‍സ്ട്രീം ഭാഷയില്‍ എഴുതുക എന്ന സാധ്യതയുടെ അസാധ്യതയാണ്. മെയ്ന്‍സ്ട്രീം ലാംഗ്വേജിന്റെ ഘടനയും, വ്യാകരണവുമാണ് അതിനെ അവര്‍ക്ക് അപ്രാപ്യമാക്കി തീര്‍ക്കുന്നത്. മൂന്നാമതായി, വ്യത്യസ്തമായി എഴുതുക എന്ന സാധ്യതയുടെ അസാധ്യതയാണ്. പബ്ലിക് അംഗീകാരവും, മൈഗ്രന്റ് സാഹിത്യ സാധ്യതയുമാണ് അതിനെ അവര്‍ക്കൊരു ലിമിറ്റായി രൂപപ്പെടുത്തുന്നത്. നാലാമതായി, എഴുതുക എന്ന സാധ്യതയുടെ അസാധ്യതയാണ്. മാധ്യമങ്ങളുടെ ദൗര്‍ലഭ്യത, സ്റ്റേറ്റ് ഭീകരത തുടങ്ങിയ ഘടകങ്ങളാണ് ഇതിനെ അവര്‍ക്ക് അന്യമാക്കി നിര്‍ത്തുന്നത്. ചുരുക്കത്തില്‍, എഴുതുക എന്നതിന്റെയും എഴുതാതിരിക്കുക എന്നതിന്റെയും ഇടയിലുളള ഒരു ഇടമില്ലായ്മയില്‍ നിന്നാണ് മൈനര്‍ ലിറ്ററേച്ചര്‍ ഒരു യഥാര്‍ത്ഥ ‘ബിക്കമിങ്ങാ’യി മാറുന്നത്.

മൈനര്‍ ലിറ്ററേച്ചറിന്റെ ഫോര്‍മേഷന്‍ തന്നെ മെയ്ന്‍സ്ട്രീം ലിറ്ററേച്ചറുമായി വയലന്‍സിലേര്‍പ്പെട്ടുകൊണ്ടാണ്. കാരണം, മൈനര്‍ ലിറ്ററേച്ചര്‍ എന്നത് മൈനര്‍ ഭാഷയിലെഴുതുന്ന സാഹിത്യം എന്നല്ല. മറിച്ച് മേജര്‍ ഭാഷയില്‍ മൈനോരിറ്റി എഴുതുന്ന സാഹിത്യമാണ്. അതിനാല്‍ തന്നെ അതിന് രൂപപ്പെടണമെങ്കില്‍ മേജര്‍ ഭാഷ അത്യന്താപേക്ഷികമാണ്. മറിച്ച് സ്വതന്ത്രമായ ഒരു രൂപപ്പെടല്‍ അതിന് സാധ്യമല്ല. എന്നാല്‍ സബാള്‍ട്ടേണ്‍ ലിറ്ററേച്ചറിന് നൈസര്‍ഗ്ഗികമായി ഒരു വയലന്‍സില്ല. കാരണം അത് സ്വതന്ത്രമായി രൂപപ്പെടുകയും, ഒരു ബൈനറിയില്ലാതെ തന്നെ സ്വന്തം അര്‍ത്ഥ പ്രാപ്തിയുളളതുമാണ്. പക്ഷെ, പിന്നീട് സാഹചര്യവശാല്‍ അത് വയലന്‍സിലെത്തിച്ചേര്‍ന്നേക്കാം. അതിനാല്‍ തന്നെ എല്ലാ സബാള്‍ടേണ്‍ ലിറ്ററേച്ചറും മൈനര്‍ ലിറ്ററേച്ചല്ല. എന്നാല്‍ എല്ലാ മൈനര്‍ ലിറ്ററേച്ചറും സബാള്‍ടേണ്‍ ലിറ്ററേച്ചറുമാണ്. ചുരുക്കത്തില്‍, മൈനര്‍ ലിറ്ററേച്ചര്‍ മറ്റു ലിറ്ററേച്ചറുകളില്‍ നിന്ന് – സബാള്‍ട്ടേണ്‍ ലിറ്ററേച്ചറില്‍ നിന്ന് പോലും – വ്യത്യസ്ഥമായി പൊട്ടെന്‍ഷ്യലി വയലന്‍സ് ഉളളതാണ്.

ഒരേ സമയം സയന്റിഫിക്കും ആന്റി- സയന്റിഫിക്കുമായാണ് മൈനര്‍ ലിറ്ററേച്ചര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കാരണം, തീര്‍ത്തും ശാസ്ത്രീയമായ മെതഡോളജി ഉപയോഗിച്ചുകൊണ്ടാണ് മൈനര്‍ ലിറ്ററേച്ചര്‍, സാഹിത്യം, ഭാഷ, സൗന്ദര്യം മുതലായ സങ്കല്‍പങ്ങള്‍ സബ്ജക്ടുകള്‍ക്ക് മേല്‍ എങ്ങിനെ പവര്‍ പ്രാക്ടീസ് ചെയ്യുന്നു എന്ന് മനസ്സിലാക്കുന്നത്. എന്നാല്‍, ആ പവറിനെ അപകേന്ദ്രീകരിക്കാന്‍ വേണ്ടി, നിലനില്‍ക്കുന്ന പവര്‍ അപ്പാരറ്റസിന്റെ മുഴുവന്‍ ശാസ്ത്രീയ ഇക്വേഷനുകളേയും മൈനര്‍ ലിറ്ററേച്ചര്‍ തകര്‍ക്കുന്നു. അതിന് വേണ്ടി ‘ഇന്റന്‍സീവ്’ ടൂള്‍സാണ് മൈനര്‍ ലിറ്ററേച്ചര്‍ ഉപയോഗിക്കുന്നത്. ലൂയി ആല്‍ത്തൂസറും, മിഷല്‍ ഫൂക്കോയൊക്കെ പറഞ്ഞത് പോലെ എഴുതാന്‍ സാധിക്കാതെ പോയ ആശയങ്ങളെ കണ്ടെത്താന്‍ വേണ്ടി വിദല്‍ സെഫിഹ പ്രയോഗിച്ച രൂപത്തില്‍ നിലവിലില്ലാത്ത പദപ്രയോഗങ്ങള്‍, തെറ്റായ ഗ്രമാറ്റിക് പ്രയോഗങ്ങള്‍, ബഹു-പ്രയോഗ പദാവലികള്‍, പുനര്‍ഘടിപ്പിച്ച ക്രിയാപദങ്ങള്‍ തുടങ്ങിയവ മൈനര്‍ ലിറ്ററേച്ചറില്‍ മന: പൂര്‍വ്വം പ്രയോഗിക്കുന്നു. ഇത് നിലനില്‍ക്കുന്ന കണ്‍സപ്റ്റുകളെ, അവയുടെ പരികല്‍പിത അര്‍ത്ഥങ്ങളെ അതിര്‍ ലംഘിക്കാന്‍ പ്രാപ്തമാക്കുന്നു.

foucault2
ഫൂക്കോ

അടിസ്ഥാനപരമായി മൈനര്‍ ലിറ്ററേച്ചര്‍ മറ്റു ലിറ്ററേച്ചറുകളില്‍ നിന്ന് മൂന്ന് ഡിഫറന്‍സുകള്‍ പുലര്‍ത്തുന്നുണ്ട്. ഒന്ന്, സ്വന്തം ഭാഷയെ മൈനര്‍ ലിറ്ററേച്ചര്‍ പൂര്‍ണ്ണമായി ഡീ-ടെറിറ്റോറിയലൈസ് ചെയ്യുന്നു. അനുഭവിച്ച ഇംപോസിബിലിറ്റികളില്‍ നിന്ന് അധികാരിവര്‍ഗ്ഗം തട്ടിയെടുത്ത ഉപയോഗഭാഷയുടെ സ്ട്രകചറല്‍ സെമാന്റിക്‌സിനെ അത് ലിബറേറ്റ് ചെയ്യുന്നു. ഒരു വലിയ വിഭാഗം സബ്ജക്ടുകളുടെ ഓണ്ടോളജിയെ റെപ്രസന്റ് ചെയ്യുന്നതിനാല്‍, സ്വയം ഒരു അനാര്‍ക്കിസമായി അത് രൂപപ്പെടുന്നുമില്ല. പുതിയെരു സിന്‍ടാക്‌സും, മോര്‍ഫോളജിയും, സെമാന്റിക്‌സും മൈനര്‍ ലിറ്ററേച്ചര്‍ രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുന്നു. അങ്ങിനെ, വായനക്കാരന്‍ കണ്‍സ്ട്രക്റ്റ് ചെയ്യാന്‍ സാധ്യതയുളള ഐഡിയ എന്ന പ്രത്യയശാസ്ത്രത്തെ അത് ഒപ്രസ് ചെയ്യുന്നു. ലീനിയാരിറ്റി എന്ന കണ്‍വെന്‍ഷനലും കുലീനവുമായ സാഹിത്യഘടനയെ ഡീപാര്‍ട്ടേഷന്‍, ഡീ- സെമാന്റൈസേഷന്‍ തുടങ്ങിയ സബ്ജക്ടീവ് ടൂള്‍സ് ഉപയോഗിച്ച് ഇല്ലാതാക്കുന്നു. മാത്രമല്ല, മെറ്റഫറുകള്‍ എന്ന സങ്കല്‍പത്തെ വസ്തുക്കള്‍ തമ്മിലുളള ബന്ധം എന്ന നിലയില്‍ നിന്ന് വിച്ഛേദിച്ച് അവയെ ഒരു സീക്വന്‍സിന്റെ ഭാഗമാക്കി റീ-സ്ട്രക്ചര്‍ ചെയ്യുന്നു. അതു വഴി, വായനക്കാരന്റെ പരമാധികാരം എന്ന സങ്കല്‍പ്പത്തെ ഒരു പവര്‍ റിലേഷനിലൂടെ ഓതര്‍ സോവറേനിറ്റി ആക്കി മാറ്റുന്നു. അതായത്, എഴുത്തുകാരനെ വ്യാഖ്യാനിക്കാനല്ല മറിച്ച് എഴുത്തുകാരനിലൂടെ അലഞ്ഞ് നടക്കാന്‍ വായനക്കാരന്‍ നിര്‍ബന്ധിതനാകുന്നു. അത്, അത്യന്തികമായി ഇന്റര്‍പ്രെട്ടേഷനെ നെഗേറ്റ് ചെയ്യുന്നു.

രണ്ട്, മേജര്‍ ലിറ്ററേച്ചറുകളില്‍ നിന്ന് വ്യത്യസ്തമായി, മൈനര്‍ ലിറ്ററേച്ചര്‍ അതിന്റെ ‘ബിക്കമിങ്ങി’നെ പൂര്‍ണ്ണമായി പൊളിറ്റിക്കലൈസ് ചെയ്യുന്നു. അതു വഴി മേജര്‍ ലിറ്ററേച്ചറുകളെ ബാധിച്ച ഫ്രോയ്ഡിയന്‍ ഈഡിപ്പസ് പ്രേതങ്ങളെ അത് ഇല്ലാതാക്കുന്നു. കാരണം, ഒരു മേജര്‍ സ്‌പേസിനകത്തെ മൈനര്‍ സ്‌പേസ് എന്ന നിലക്ക്, ഇത് വളരെ ചെറിയ നെറ്റ്‌വര്‍ക്കുകളെ സംബന്ധിക്കുന്നതും, പെട്ടെന്ന് പൊളിറ്റിക്കല്‍ ഇഷ്യൂകളുമായി ബന്ധപ്പെടുന്നതുമാണ്. അതിനാല്‍ തന്നെ മേജര്‍ ലിറ്ററേച്ചറുകളെക്കാള്‍ മൈനര്‍ ലിറ്ററേച്ചുകളില്‍ ഇന്‍ഡിവിജ്വാലിറ്റി, സബ്‌ജെക്റ്റിവിറ്റി എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു. തല്‍ഫലമായി ഇന്‍ഡിവിജ്വലുകള്‍ സാമൂഹിക പ്രതിസന്ധികളാകുന്ന, അല്ലെങ്കില്‍ അവരെ ആക്കുന്ന ഈഡിപ്പല്‍ ലാറ്റിന്‍ ലോജിക്ക് ഇല്ലാതാകുന്നു. കാഫ്ക മൈനര്‍ ലിറ്ററേച്ചറിനെ കുറിച്ച് പറയുന്നതിങ്ങനെയാണ്, ‘പിതാവും മക്കളും തമ്മിലുളള തര്‍ക്കം പരിഹരിക്കുകയും അത് ചര്‍ച്ച ചെയ്യാനുളള ഇടം ഒരുക്കുകയുമാണ് മൈനര്‍ ലിറ്ററേച്ചറിന്റെ ദൗത്യം’. ഴാക് ലക്കാനും, ഡിലൂസുമെല്ലാം വ്യത്യസ്ത ടൈമുകളിലായി ഇതേ വിഷയം കൈകാര്യം ചെയ്യുന്നുമുണ്ട്.

le_cigare_de_lacan
ലക്കാന്‍

മൂന്ന്, മൂല്യം എന്ന സങ്കല്‍പം പൂര്‍ണ്ണമായും ആപേക്ഷികമായിരിക്കും. എങ്കിലും മൂല്യങ്ങളുടെ രൂപീകരണം അടിസ്ഥാനപരമായി കളക്റ്റിവിറ്റിയുടെ ബീയിംഗുമായാണ് ബന്ധപ്പെട്ടു കിടക്കുന്നത്, മാത്രമല്ല ഇന്‍ഡിവിജ്വലി രൂപപ്പെടുന്ന മൂല്യങ്ങളെ അത് റെപ്രസന്റ് ചെയ്യുകയുമില്ല. കാരണം, ടാലെന്റ് എന്ന ഊര്‍ജ്ജത്തിന് മൈനര്‍ ലിറ്ററേച്ചറില്‍ പ്രാധാന്യം കല്‍പ്പിക്കുന്നില്ല. അത്തരമൊരു റിലേഷന്‍ മാസ്റ്റര്‍- ഫോളോവര്‍ ധൈഷണിക ഹയറാര്‍ക്കി ക്രിയേറ്റ് ചെയ്യുകയും, സാഹിത്യത്തിന്റെ കളക്റ്റീവ് ഓണര്‍ഷിപ്പ് ചിതറിപ്പോവുകയും ചെയ്യും. അതിനാല്‍ മൈനര്‍ ലിറ്ററേച്ചറില്‍ ഒരു സോളിറ്ററി ശബ്ദം ഒരു കമ്മ്യൂണല്‍ പ്രാക്റ്റീസിനെ അന്തര്‍വഹിക്കുന്നുണ്ട്. മാത്രമല്ല ശബ്ദത്തിന്റെ ഓരോ ആറ്റവും പൊളിറ്റിക്കല്‍ മൂല്യത്തെ വെളിവാക്കുന്നുമുണ്ട്. മെയ്ന്‍സ്ട്രീം സ്റ്റേറ്റ് പൊളിറ്റിക്‌സിനെതിരെ ഒരു അസ്തിത്വപരമായ ബിക്കമിംഗ് സാധ്യമാക്കാന്‍ ഈയൊരു കൗണ്ടര്‍ കളക്റ്റീവ് വാല്യുവിലൂടെ മാത്രമേ പോസിബിളാകൂ. അതിനുമപ്പുറം, ലിറ്ററേച്ചര്‍ എന്നാല്‍ ഫാക്ടറി പ്രൊഡക്റ്റല്ല മറിച്ച് സോഷ്യല്‍ റെവല്യൂഷനാണ്.

തുടക്കത്തിലെ ചോദ്യത്തിലേക്ക് വരാം. ഏത് ഭാഷയാണ് അവര്‍ ഉപയോഗിക്കുക? മൈനര്‍ ലിറ്ററേച്ചര്‍ പോലെ റാഡിക്കലും, കളക്റ്റീവുമായ ഒരു ലിറ്റററി അപ്പാരറ്റസിലൂടെ മാത്രമേ മുസ്‌ലിം, ദളിത് ,ട്രാന്‍സ്‌ജെന്‍ഡര്‍, ബ്ലാക്, റെഫ്യൂജീസ് മുതലായ ഗ്ലോബല്‍ മൈനോരിറ്റിക്ക് സ്റ്റേറ്റ് വയലന്‍സിനെതിരെയും, മേജര്‍ ലിറ്ററേച്ചര്‍ ഉയര്‍ത്തുന്ന അസ്തിത്വ പ്രതിസന്ധികള്‍ക്കെതിരെയും ഒരു കൗണ്ടര്‍ മൂവ്‌മെന്റ് സാധ്യമാവുകയുളളൂ. ബിക്കമിംഗ് എന്നാല്‍ ഒരു റെവല്യൂഷനാണ്. ലിറ്ററേച്ചര്‍ റെവല്യൂഷനറി അപ്പാരറ്റസും. അതാണ് 1972 ല്‍ ഫുക്കോയും ഡിലൂസും തമ്മില്‍ നടന്ന തിയറി-പ്രാക്റ്റീസ് കോണ്‍വെര്‍സേഷന്റെ ടോട്ടാലിറ്റി.

അന്‍വര്‍ ഹനീഫ