Campus Alive

പൗരത്വ നിയമം: മതം, ദേശീയത, രാഷ്ട്രീയം

 

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി നിയമം ഭൂരിപക്ഷ ഹിതപ്രകാരം പാസാക്കിയെടുത്തശേഷം രാജ്യത്ത് പൗരത്വം, ഭരണഘടന, ദേശ-രാഷ്ട്രം എന്നീ പദാവലികളെക്കുറിച്ച് സൂക്ഷ്മമായ പഠനങ്ങളും സംവാദങ്ങളും നടന്നതായി കാണാം. ഒരു ഭാഗത്ത് ജന്മം കൊണ്ടുള്ള പൗരത്വനിര്‍ണയത്തില്‍ നിന്ന് വംശകേന്ദ്രീകൃത പൗരത്വദാനത്തിലേക്ക് നീങ്ങിയ ഭരണകൂട കല്‍പനയും മറുഭാഗത്ത് അവയെ റദ്ദ് ചെയ്യുന്ന രാഷ്ട്രീയ പ്രതിരോധങ്ങളുടെ ജൈവിക ഇടവും പ്രസ്തുത പഠനങ്ങളുടെ കാതലായ പ്രമേയങ്ങളായിരുന്നു. മനുഷ്യനായത് കൊണ്ട് മാത്രം ഓരോ വ്യക്തിക്കും മൗലിക അവകാശങ്ങള്‍ കിട്ടണമെന്നില്ലെന്നും ഭരണകൂടം അംഗീകരിച്ച ‘മതരേഖാ’ടിസ്ഥാനത്തിലുള്ള പൗരനായാല്‍ മാത്രമേ മൗലികാവകാശമുള്ള മനുഷ്യനാവൂ എന്ന ദേശ-രാഷ്ട്ര കല്‍പനയായിരുന്നു ഏറെ ഞെട്ടിപ്പിക്കുന്നത്. ഇവിടെ മനുഷ്യനില്‍നിന്ന് പൗരനിലേക്കുള്ള ദൂരം ഇത്രയധികം സങ്കീര്‍ണ്ണമാണോ എന്ന ചോദ്യം നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. പ്രസ്തുത ചോദ്യത്തെ കൂടുതല്‍ ആഴത്തില്‍ ഉപജീവിച്ചുകൊണ്ടുതന്നെ കോവിഡ് കാലത്തെ മലയാളിയുടെ പൗരത്വവായനകളെ ഏറെ വിഭവസമൃദ്ധമാക്കുന്ന ലേഖന സമാഹാരമാണ് ‘പൗരത്വനിയമം: മതം, ദേശീയത, രാഷ്ട്രീയം’ എന്ന കൃതി.

ഇന്ത്യയില്‍ പൗരത്വത്തെ സംബന്ധിച്ചുള്ള മത-ന്യൂനപക്ഷ സമൂഹങ്ങളുടെ പേടികള്‍ ചരിത്രപരമായ വംശാവലികള്‍ക്കപ്പുറം ആധുനികമെന്നോ ഉത്തരാധുനികമെന്നോ വിളിക്കുന്ന സമകാലിക സന്ദര്‍ഭത്തിലാണ് കൂടുതല്‍ ശക്തി പ്രാപിക്കുന്നത്. അതിന് കാരണം ദേശ-രാഷ്ട്രസങ്കല്‍പ്പങ്ങളും ആഗോളവല്‍കരണവും മുതലാളിത്തവും നവസാങ്കേതിക വിദ്യയും ചേര്‍ന്നുനില്‍ക്കുന്ന നവഹൈന്ദവ ദേശീയവാദത്തിന്റെ പ്രയോഗയുക്തികളാണ്. അതിലൂടെയാണ് ഒരുകൂട്ടം മനുഷ്യരുടെ പേടികളെ അവര്‍ ഭരണഘടനാപരമായി ചൂഷണം ചെയ്യുന്നതെന്ന് നാം പൗരത്വനിയമത്തില്‍ കണ്ടതാണ്. പ്രസ്തുത പേടികളെ പ്രമുഖ തത്വചിന്തകനും സാമൂഹ്യശാസ്ത്രജ്ഞനുമായ സിഗ്മണ്ട് ബൗമന്‍ നാമകരണം ചെയ്യുന്നത് ‘ദ്രവാത്മക ഭീതി/പേടി'(Liquid Fear) എന്നാണ്. ജനാധിപത്യസമൂഹങ്ങളില്‍ തൊട്ടാല്‍ പൊട്ടുന്നതും എന്നാല്‍ എവിടെയെന്നു ഒരു പിടിയുമില്ലാത്ത ഒത്തിരി കുഴിബോംബുകള്‍ കാണാം എന്നതാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളില്‍ നിന്ന് യൂറോപ്പിലേക്കുള്ള കുടിയേറ്റം ഉണ്ടാക്കിയ പൗരത്വപ്രതിസന്ധികളെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് (അല്‍ജസീറയില്‍ ഫെലിസിറ്റി ബാര്‍ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്): “ഫ്രഞ്ച് ഭാഷയില്‍ പ്രികാരിയറ്റ് എന്ന ഒരു പദമുള്ളതായി കാണാം. അതിന്റെ അർത്ഥം കീഴ്ബലമില്ലാത്ത മണല്‍തിട്ടകളില്‍ പാദമൂന്നി നടക്കുന്നവര്‍ എന്നാണ്. രാഷ്ട്രീയ അനിശ്ചിതത്വം മൂലം ഇന്നലകളില്‍ വീടും മണ്ണും സാമൂഹിക മൂലധനവും ഉറപ്പാക്കിയ ഒരു കൂട്ടം മനുഷ്യര്‍ അടുത്ത പ്രഭാതത്തില്‍ ശൂന്യമനുഷ്യരായി തീരുന്നു. അവരെ സ്വീകരിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. ഇവിടെ രാഷ്ട്രങ്ങള്‍ക്ക് എംപതിയും പരസ്പര സംഭാഷണവും അനിവാര്യമായിത്തീരുന്നു”. വാസ്തവത്തില്‍ പേടികള്‍ ഉണ്ടാക്കുന്നവരും പേടികള്‍ക്ക് വിധേയമാകുന്നവരും മനുഷ്യരാണെന്ന മൗലിക സത്യം അവഗണിക്കുന്നുവെന്നതായിരുന്നു ബൗമന്റെ ദേശ-രാഷ്ട്രങ്ങളെക്കുറിച്ചുള്ള  പ്രധാന വിമര്‍ശനം.

സിഗ്മണ്ട് ബൗമൻ

എന്നാല്‍ ഇത്തരം പേടികള്‍ പൗരസമൂഹത്തെ നിര്‍ജീവമാക്കുന്നതിന് പകരം, ബഹുജന സംഖ്യങ്ങളുടെ അനേകം പൗരസമര പരമ്പരകള്‍ക്ക് തുടക്കം കുറിച്ചുവെന്നതായിരുന്നു ഇന്ത്യന്‍ പൗരജനതക്കിടയിലെ ഏറെ വിപ്ലവകരമായ മാറ്റം. ഏകദേശം മാര്‍ച്ച് അവസാനവാരം വരെ നീണ്ടുനിന്ന സമരവൈവിധ്യങ്ങള്‍ക്ക് മുമ്പില്‍ കോവിഡിന്റ വ്യാപനം വളരെയധികം പ്രതിസന്ധി സൃഷ്ടിച്ചു. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപനം സമരങ്ങളുടെ തുടര്‍ച്ച തന്നെ ഇല്ലാതാക്കിയിരുന്നു. പിന്നീടുളള ദിവസങ്ങളില്‍ സമരപോരാളികളെ വേട്ടയാടുന്നതിലായിരുന്നു ഭരണകൂടത്തിന്റെയും പോലീസിന്റെയും ശ്രദ്ധ. അതോടെ പൗരത്വത്തിന് വേണ്ടിയുള്ള സമരങ്ങള്‍ അതിന്റെ ഫിസിക്കല്‍ സ്പേസിന്റെ പരിമിതികളില്‍ (കോവിഡ് മൂലമുള്ള) പെട്ട് നിലച്ചുപോയിരുന്നു. അതിന്റെ തുടര്‍ച്ചകളെന്നോണം സമരത്തിന്റെ വെര്‍ച്വല്‍ സ്പേസുകളെങ്കിലും ബദല്‍ സാധ്യതകളായി ഉയര്‍ന്നുവരാത്തത് സമരവീര്യത്തെ ഏതാണ്ട് മന്ദീഭവിപ്പിച്ചുവെന്ന് വേണം കരുതാന്‍. ഇവിടെ പൗരത്വത്തിന്റെ പേടികളെ കോവിഡിന്റെ പേടികള്‍ വിഴുങ്ങുന്നതായി കാണാം. ആ അർത്ഥത്തില്‍ കോവിഡ് ഭീതി അതിന്റെ ദ്രവാത്മകതയില്‍ നമ്മുടെ പൗരത്വത്തെക്കുറിച്ചുള്ള ആലോചനകളെയും വായനകളെയും ഭാഗികമായെങ്കിലും ചുരുക്കിയിട്ടുണ്ട്.

എങ്കിലും കഴിഞ്ഞ സ്വാതന്ത്രദിനത്തില്‍ പ്രകാശിതമായ ബുക്പ്ലസ് പ്രസിദ്ധീകരിച്ച പ്രസ്തുത കൃതി മലയാളിവായനക്കാരന്‍ കണ്ട പൗരത്വപഠനങ്ങളുടെ ഒരു ആമുഖ പുസ്തകമെന്നുതന്നെ പറയാം. പൗരത്വ വിഷയങ്ങളെ സമകാലിക പ്രാധാന്യത്തോടെ സൈദ്ധാന്തികമായും വസ്തുതാപരമായും വിശകലനം ചെയ്യുന്ന കൃതിയിലെ സെമി-അക്കാദമിക് ലേഖനങ്ങള്‍ വായനക്കാരനെ വിഷയസംബന്ധിയായി കൂടുതല്‍ അറിയാന്‍ പ്രേരിപ്പിക്കുന്നതാണ്. സാമൂഹ്യശാസ്ത്ര വ്യവഹാരങ്ങളിലെ സുപരിചിതമായ പൗരത്വം എന്ന ഏക പദത്തിനപ്പുറം ദേശ-രാഷ്ട്രം, സ്വത്വം, കുടിയേറ്റം, കോടതി, ഹിംസ, ഭരണഘടന തുടങ്ങിയ അനേകം പദങ്ങളുമായി ബന്ധപ്പെടുത്തിതന്നെയാണ് കൃതിയുടെ പ്രമേയങ്ങള്‍ മുന്നോട്ടുപോകുന്നത്. അവതാരികയില്‍ ടി.ടി ശ്രീകുമാര്‍ നിര്‍വചിക്കുന്നത് പോലെ ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ബന്ധം എന്ന രീതിയില്‍ പൗരത്വം ആധുനിക ജൈവരാഷ്ട്രത്തിന്റെ മാനദണ്ഡമാണ്. ഈ ആധുനിക മാനദണ്ഡം നേരത്തെ പരാമര്‍ശിച്ച വിഭജനയുക്തികളിലൂടെ ഹൈജാക്ക് ചെയ്യുന്നതിനെ പ്രശ്നവത്കരിക്കുകയാണ് ശ്രീകുമാര്‍ ചെയ്യുന്നത്. ബെനഡിക്ട് ആന്‍ഡേഴ്സന്റെ ഇമാജിന്‍ഡ് കമ്മ്യൂണിറ്റിയിലൂടെ, വിവിധ ദേശ-രാഷ്ട്രങ്ങളുടെ ചങ്ങലകളാല്‍ കുരുക്കപ്പെട്ടതാണ് പൗരത്വമെന്ന ചരിത്രപരമായ സങ്കല്‍പ്പം എന്ന് പി.കെ പോക്കര്‍ ചൂണ്ടികാണിക്കുന്നുണ്ട്. ദേശമെന്ന സങ്കല്‍പ്പത്തിന്റെ പ്രശ്നങ്ങളെ ആഗോളപഠനങ്ങളിലെ നരവംശശാസ്ത്രജ്ഞനായ അര്‍ജുന്‍ അപ്പാദുരൈ സമീപിക്കുന്നത് സ്റ്റേറ്റിസണ്‍ എന്ന പദത്തിലൂടെയാണ്. സമ്പൂര്‍ണ നിരീക്ഷണത്തിലൂടെ മെരുക്കിയെടുത്ത, പ്രത്യയശാസ്ത്ര ഉപാധികളോടെ ഭരണകൂടം നിര്‍ണയിച്ച നിശ്ചിത രേഖകളുള്ള പൗരന്‍ എന്നാണ് സ്റ്റേറ്റിസണ്‍ എന്ന പദം കൊണ്ട് അര്‍ഥമാക്കുന്നത്. പ്രസ്തുത ലേഖനങ്ങളോടൊപ്പം കെ. അഷ്റഫ് ഉന്നയിക്കുന്ന പരമാധികാരവും മനുഷ്യാവകാശവും തമ്മിലുള്ള സംഘര്‍ഷവും എലിസബത് ശേഷാദ്രിയുടെ പൗരത്വഭേദഗതിയുടെ വംശാവലിയെക്കുറിച്ചുള്ള പരിശോധനയും കൃതിയുടെ ഒന്നാം ഭാഗത്തില്‍ കാണാം. അതെല്ലാം പൗരത്വം രണ്ടാം കിടമാണെന്നും അത് ചിലരെ ഉള്‍കൊള്ളാനും ചിലരെ പുറംതള്ളാനുമുള്ള നിയമസാമഗ്രിയാണെന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അതിനെക്കുറിച്ച് അപ്പാദുരൈ തന്നെ കുറിപ്പിന്റെ അവസാനഭാഗത്ത് എഴുതുന്നത് ഇങ്ങനെയാണ്; ”ഇന്ത്യയില്‍ അവര്‍ ഹിന്ദുവോ മുസ്‌ലിമോ കശ്മീരിയോ ആദിവാസിയോ ദലിതനോ ബ്രാഹ്മണനോ ഒക്കെ ആകാം. ഭരണകൂടം വരച്ച വരയില്‍ നില്‍ക്കുന്നവരായാല്‍ മാത്രം മതി”. ഇവിടെ പൗരത്വമെന്ന ആശയം ദേശ-രാഷ്ട്രത്തിന്റെ മെക്കാനിസത്താല്‍ നിയന്ത്രിക്കപ്പെട്ടതാണന്ന് സൈദ്ധാന്തികമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. അത്തരം നിരീക്ഷണങ്ങള്‍ മതേതരാനന്തര/ഭരണഘടനാനന്തര രാഷ്ട്രീയ സാധ്യതകളെ അടുത്തറിയാന്‍ വായനക്കാരനെ സഹായിക്കുന്നതാണ്.

ലേഖനസമാഹാരത്തിലെ രണ്ടും മൂന്നും ഭാഗങ്ങള്‍ ഭരണഘടന, ബൈനറികളുടെ ദേശീയത, പാര്‍ലമെന്ററി ജനാധിപത്യത്തിലെ ഫാഷിസം, അഭയാർത്ഥി പ്രതിസന്ധി എന്നീ വിഷയങ്ങളെക്കുറിച്ചുള്ളതാണ്. ഭരണഘടനാ നിര്‍മ്മാണ വേളയില്‍ പൗരത്വ സംബന്ധിയായി നിലനിന്ന സംവാദങ്ങളും ഭരണഘടനയെ പുനര്‍നിര്‍മിച്ചെടുക്കുന്ന ഭൂരിപക്ഷവാദത്തിന്റെ പരമാധികാരബോധവും വസ്തുതാപരമായി വിശകലനം ചെയ്യുന്നതാണ് അനീസ് വാവാടിന്റെ ലേഖനം. രാജീവ് ഭാര്‍ഗവയുടെ വാക്കുകള്‍ എടുത്ത്, ഭരണഘടന ഒരു പരിവര്‍ത്തന സംവിധാനവും വിമോചന സാധ്യതയുമാണെന്ന് നിര്‍വചിക്കുമ്പോള്‍,  പാര്‍ലമെന്റ് സംവാദങ്ങളിലെ കുടിയേറ്റസമൂഹങ്ങളെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ എങ്ങനെ അപരന്മാരെ ഒരു ദേശത്ത് സൃഷ്ടിക്കുന്നുവെന്ന് അന്വേഷിക്കുന്നതാണ് ഹിലാല്‍ അഹ്മദ് സി.സിയുടെ പഠനം.

അസീംപ്രേജി സര്‍വകലാശാല അധ്യാപകനായ സുനന്ദന്‍ കെ.എന്‍ എഴുതിയ ലേഖനം മതേതര-പൊതുയിടങ്ങള്‍ ഇന്ത്യന്‍ മതസമൂഹങ്ങളില്‍ പ്രകടമായ തിരശ്ചീന/ലംബ വ്യത്യാസങ്ങളെ വേര്‍തിരിച്ച് മനസ്സിലാക്കുന്നതിലെ പരിമിതികളെ ചൂണ്ടികാണിക്കുന്നതാണ്. കുറിപ്പില്‍ അദ്ദേഹം നടത്തുന്ന രണ്ട് പരാമര്‍ശങ്ങള്‍ ഏറെ വിശകലനമര്‍ഹിക്കുന്നതാണ്. ഒന്ന്, “ആര്‍.എസ്.എസിനെ വിമര്‍ശിക്കുമ്പോള്‍ തുല്യം എണ്ണം വാചകങ്ങളില്‍ മുസ്‌ലിം സംഘടനകളെകൂടി വിമര്‍ശിച്ചില്ലെങ്കില്‍ യഥാര്‍ഥ മതേതരവാദിയാകില്ല എന്ന് കരുതുന്ന വീക്ഷണം മതേതരത്വത്തെ യാന്ത്രികമായി മനസ്സിലാക്കിയതിന്റെ പ്രതിഫലനം കൂടിയാണ്”, രണ്ട്, “മതസ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുക്കള്‍ സംഘടിക്കുന്നതും മുസ്‌ലിംകള്‍ സംഘടിക്കുന്നതും ഒരുപോലെ കാണാനാണ് പലപ്പോഴും മതേതരവാദികള്‍ക്ക് പോലും താല്‍പര്യം”. മതേതരത്വം, ലിബറൽ ജനാധിപത്യം എന്നിവയുടെ ഭാഗമാവുന്നവരും അതിന് വേണ്ടി വാദിക്കുന്നവരും പരോക്ഷമായി തങ്ങളുടെ നിലപാടുകളില്‍ ‘മതേതരത്വം നഷ്ടപ്പെടുമെന്ന പേടി’ വെച്ചുപുലര്‍ത്തുന്നവരാണെന്നതാണ്   പ്രസ്തുത വാക്യങ്ങളുടെ സാരം. ‘മതേതര പേടി’യിലെ ഇത്തരം ബാലന്‍സിംഗ് സിദ്ധാന്തങ്ങള്‍ രാജ്യത്ത് ന്യൂനപക്ഷ മത-സമൂഹങ്ങള്‍ നേരിടുന്ന പീഡനത്തെയും അവഗണനയെയും ഭാഗികമായി അദൃശ്യമാക്കുന്നതായി കാണാം. പ്രമുഖ ആന്ത്രോപോളജിസ്റ്റായ ഇര്‍ഫാന്‍ അഹ്മദ് നടത്തിയ പഠനങ്ങളിലെ (The Secular State and the Geography of Radicalism-EPW-June6-2009,  Islamism and Democracy in India The Transformation of Jama’ath-E- Islami-Princeton University-2009) നിരീക്ഷണങ്ങള്‍ ഇതിനോട് കൂട്ടിച്ചേര്‍ക്കാവുന്നവയാണ്. മതസംഘടനകള്‍ ‘ഇസ്ലാമിസ്റ്റ്’, ‘മതമൗലികവാദികള്‍’ എന്ന് ബ്രാന്‍ഡ് ചെയ്യപ്പെടുമ്പോള്‍ രാജ്യത്ത് നടന്ന മുസ്‌ലിം വിരുദ്ധ കലാപങ്ങളെ ചെറുക്കാനുള്ള ഭരണകൂട പരാജയവും അതിനെതുടര്‍ന്ന് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതബോധവും പൊതുഇടങ്ങളില്‍ ഗൗരവതരമായ ഒരു പ്രശ്നമായി ഉന്നയിക്കപ്പെടുന്നില്ലാ എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിമര്‍ശനം.

പ്രസ്തുത പൊതു ഇടങ്ങളുടെ കഴിവുകേടുകളെ അല്‍പംകൂടി മൂര്‍ച്ചകൂട്ടുന്നതാണ് ഭരണഘടനയെ മിസ്റ്റിഫൈ ചെയ്യാനുള്ള സംഘപരിവാറിന്റെ ഹൈന്ദവവല്‍ക്കരണ ശ്രമങ്ങളെന്ന് ദലിത് ചിന്തകനായ കെ.കെ ബാബുരാജ് നിരീക്ഷിക്കുന്നുണ്ട്. ആ ഭാഗത്തിലെ തന്നെ പിന്നീടുള്ള ലേഖനങ്ങളില്‍ ആസാമിലെയും ബംഗാളിലെയും കുടിയേറ്റ-പൗരത്വ പ്രതിസന്ധികളെ ഹൃസ്വമായി വരച്ചുകാണിക്കുന്നത് കാണാം. അവകളില്‍ ഐലന്‍ കുര്‍ദിയുടെ ചിത്രം അടിസ്ഥാനമാക്കി കടലിനെ ദേശരാഷ്ട്രരാഹിത്യത്തിന്റെ ബിംബമായി കാണുന്ന അഫീഫ് അഹ്മദിന്റെ ആലോചന സിഗ്മണ്ട് ബൗമന്‍ സൂചിപ്പിച്ച പ്രീകാരിയറ്റ് എന്ന പദത്തിന്റെ സാരാംശം ഉള്‍കൊള്ളുന്നതാണ്. കൂടാതെ കോടതിനിയമങ്ങളുടെ പ്രതിസന്ധികളെ പരിഹരിക്കേണ്ടത് അകത്ത് നിന്നല്ലെന്നും പുറത്ത് നിന്നുണ്ടാവുന്ന ജനകീയ സമരങ്ങളിലൂടെയാണെന്നുമുള്ള പ്രതാപ് ഭാനുവിന്റെ (അശോക യൂണിവേഴ്സിറ്റി മുന്‍ വി.സി) അഭിപ്രായം ശ്രദ്ധേയമാണ്.

കൃതിയുടെ ശേഷിക്കുന്ന അഞ്ച്, ആറ്, ഏഴ് ഭാഗങ്ങള്‍ യൂണിവേഴ്സിറ്റികളിലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍, അവയുടെ വൈവിധ്യമായ സമരരീതികള്‍, മുസ്‌ലിം സ്വത്വത്തിന്റെ നിലനില്‍പ്, ഭരണകൂടത്തിന്റെ ഹിംസ, സെന്‍സസിലെ ഒളിയജണ്ടകള്‍ എന്നീ വിഷയങ്ങളെ വിശകലനം ചെയ്യുന്നവയാണ്. എപ്പോഴും വേട്ടക്കാരന്‍ മുസ്‌ലിം പുരുഷനും ഇര മുസ്‌ലിം സ്ത്രീയുമാണെന്ന പൊതു-മതേതര ബിംബങ്ങളില്‍ നിന്ന് മാറി, സ്വയം കര്‍തൃത്വവും ദൃശ്യതയും ഉറപ്പാക്കിയ ഒരു കൂട്ടം മുസ്‌ലിം സ്ത്രീകളുടെ ചിത്രം പൗരത്വസമരങ്ങളിലൂടെ രൂപപ്പെടുന്നതായി ഷാദിയ റഹ്മാന്‍ ചൂണ്ടികാണിക്കുന്നുണ്ട്. നന്ദിനി ദിയോ നിരീക്ഷിക്കുന്നത് പോലെ,  മുസ്‌ലിം സ്ത്രീകളുടെ മതാത്മക-രാഷ്ട്രീയ ആഖ്യാനങ്ങളെ സമഗ്രമായി ഉള്‍കൊള്ളാന്‍ പ്രാപ്തമായ മതേതരാനന്തര ഫെമിനിസത്തിന്റെ സാധ്യതകള്‍ ഇത്തരം മുസ്‌ലിം സ്ത്രീകളുടെ പങ്കാളിത്തത്തില്‍ കാണാവുന്നതാണ്. ഐ.ഐ.ടിയിലെ ഗവേഷണ വിദ്യാര്‍ഥിയായ നിസാര്‍ എ.സിയുടെ പഠനം പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിലനില്‍ക്കുന്ന അരാഷ്ട്രീയതയെയും അവയെ ഭേദിച്ച പൗരത്വബോധ സമരങ്ങളെയും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ജാതി-മത-ലിംഗ പ്രശ്നങ്ങള്‍ ഒരു സംവാദ വിഷയമായി ഉയര്‍ത്തപ്പെട്ടിട്ടില്ലാത്ത കലാലയങ്ങള്‍ കേവലം ബാങ്കിംഗ് വിദ്യാഭ്യാസത്തിന്റെ ഇടങ്ങള്‍ മാത്രമാണെന്നാണ് പൗലോ ഫ്രെയര്‍ ‘മര്‍ദിതരുടെ ബോധനശാസ്ത്ര’ത്തിലൂടെ നമ്മെ ഓര്‍മിപ്പിക്കുന്നത്. പൗരത്വസമരങ്ങളിലെ കവിതകളുടെ വിമോചനസാന്നിധ്യം ചര്‍ച്ചചെയ്യുന്ന ഫാസില്‍ ഫിറോസിന്റെ ലേഖനവും കേരളത്തിലെ പൗരത്വസമരങ്ങളുടെ ഹൃസ്വമായ നോട്ടവും നടത്തുന്ന ഡോ. ഷഫീഖ് വഴിപ്പാറയുടെ വിശകലനവും പൗരത്വവായനയെ കൂടുതല്‍ ഹൃദയത്തോട് അടുപ്പിക്കുന്നുണ്ട്. അക്കങ്ങളുടെ രാഷ്ട്രീയവും ദല്‍ഹി കലാപവും മുസ്‌ലിം  സ്വത്വവും പരിശോധിക്കുന്ന കൃതി അവസാനഭാഗം അന്തിമമായി ചോദിക്കുന്നത് ഈ കാണുന്ന പൗരത്വനിഷേധങ്ങളൊക്കെ മറ്റൊരു ഹോളോകാസ്റ്റിന് വേണ്ടി കളമൊരുങ്ങുകയാണോ എന്ന പേടിപ്പിക്കുന്ന ചോദ്യത്തിലൂടെയാണ്.

ഇവിടെ, വായനക്കാരനെന്ന നിലയില്‍ പ്രസ്തുത കൃതി ഉന്നയിക്കുന്ന വിഷയങ്ങളുടെ ഉള്ളടക്കത്തിലൂടെ ലളിതമായി സഞ്ചരിച്ചത് പൗരത്വവായനയുടെ ആമുഖം എന്ന രീതിയിലാണ്. 270 പേജുകളുള്ള ഒരു ലേഖന സമാഹാരത്തില്‍ 29 എഴുത്തുകാര്‍ എഴുതിയ കുറിപ്പുകളെല്ലാം ചുരുങ്ങിയ വാക്കുകളില്‍ ഉപസംഹരിക്കുക എന്നത് സങ്കീര്‍ണ്ണമായ ഉദ്യമമാണ്. എങ്കിലും വിശകലനങ്ങളുടെ ഭാഗമായി കൃതിയുടെ ഗുണങ്ങളും പോരായ്മകളും ചൂണ്ടികാണിക്കുക എന്നത് പ്രസക്തമാണെന്ന് കരുതുന്നു. ഇന്ത്യയിലെ പൗരത്വപ്രശ്നങ്ങളെ അടയാളപ്പെടുത്തിയ മലയാള പുസ്തകം എന്ന രീതിയില്‍ ഗവേഷണതാല്‍പര്യമുള്ള ഏത് വായനക്കാരനും അനായാസം ആശ്രയിക്കാവുന്ന എഴുത്തുകളാണ് കൃതിയിലുള്ളത്. പ്രമേയങ്ങളും അവതരിപ്പിക്കുന്ന വാദമുഖങ്ങളും അക്കാദമികവും വിഭിന്ന സ്വഭാവത്തിലുള്ളതുമാണെങ്കിലും ആഗോളരംഗത്ത്, പ്രത്യേകിച്ച് ഇന്ത്യന്‍ സാമൂഹ്യവ്യവഹാരങ്ങളിലെ പൗരത്വപഠനങ്ങളെക്കുറിച്ചുള്ള ഒരു ആമുഖകുറിപ്പ് കൂടി അനിവാര്യമാണെന്ന് താല്‍പര്യപ്പെടുന്നു. പ്രത്യേകിച്ച്, പൗരത്വം എന്ന പദം ദേശ-രാഷ്ട്രം, സ്വത്വം, കുടിയേറ്റം, ഭരണഘടന എന്നീ വിഷയങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നതാണെങ്കിലും അവയെ നേരത്തേ  നവ ഹൈന്ദവ ദേശീയവാദത്തിന്റെ വിഭജനയുക്തികളെന്ന് വിശേഷിപ്പിച്ച ആഗോളവല്‍കരണം, മുതലാളിത്തം, നവസാങ്കേതിക വിദ്യ എന്നീ സങ്കീര്‍ണ്ണ പദാവലികളിലേക്കും സാന്ദര്‍ഭികമായി വികസിപ്പിക്കേണ്ടതായി വരുന്നുണ്ട്.

അര്‍ജുന്‍ അപ്പാദുരൈ തന്നെ എഴുതിയ ശ്രദ്ധേയമായ ‘Disjuncture and Difference in the Global Cultural Economy’  എന്ന ലേഖനത്തില്‍ ഹിന്ദു മതമൗലികവാദം എങ്ങനെ ഇന്ത്യയെ അവരുടെ തന്നെ ഹോം ഗ്രൗണ്ടാക്കി മാറ്റുന്നുവെന്ന് ഹൃസ്വമായി സൂചിപ്പിക്കുന്നുണ്ട്. ആഗോളവല്‍കരണം സാധ്യമായതിന് ശേഷം ആധുനിക സമൂഹങ്ങള്‍ സ്വന്തം ദേശത്ത് നിന്ന് വിട്ടുനില്‍ക്കുമ്പോഴും തങ്ങളുടെ മാതൃരാജ്യത്തോട് സവിശേഷമായ പ്രതിബദ്ധതയും ആഭിമുഖ്യവും പുലര്‍ത്തുന്നതായി കാണാം. പ്രസ്തുത പ്രക്രിയയെ അപസ്ഥലീകരണം(Deterritorialization) എന്ന് വിശേഷിപ്പിക്കുന്ന അപ്പാദുരൈ  ആഗോള സാംസ്‌കാരിക സമ്പദ് വ്യവസ്ഥയെ മൂലധനം, മീഡിയ, വ്യക്തി, സാങ്കേതികവിദ്യ, പ്രത്യയശാസ്ത്രം(Financescapes, Mediascapes, Ethnoscapes, Technoscapes, Ideoscapes) എന്നീ അഞ്ച് പദങ്ങളിലൂടെയാണ് വിശകലനം ചെയ്യുന്നത്.  ആഗോളവല്‍കരണത്തിന്റെ ഈ അഞ്ച് സാമഗ്രികളും തന്ത്രപരമായി ഉപയോഗിച്ചുതന്നെയാണ് ഹൈന്ദവ മൗലികവാദം ഇന്ത്യയില്‍ വേരുറക്കുന്നതെന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു. ഇത്തരം ദേശരാഷ്ട്ര ഭാവനയിലൂന്നിയ മതമൗലികവാദത്തെ അദ്ദേഹം വിളിക്കുന്നത് ‘ഇരയെ പിടിച്ചുതിന്നുന്ന സ്വത്വം (Predatory Identity) എന്നാണ് (Appadurai: Fear of Small Numbers An Essay on  the Geography  of Anger). എണ്ണത്തില്‍ കുറവായ മുസ്‌ലിം ന്യൂനപക്ഷങ്ങളെ കൊന്നുതള്ളിയോ ഇന്ത്യന്‍ പൗരത്വത്തില്‍ നിന്ന് പുറത്താക്കിയോ ആണ് ഹിന്ദുരാഷ്ട്രം ‘അപൂര്‍ണ്ണമായിരിക്കുന്നതിന്റെ ദേഷ്യം (Anger of incompleteness)’ തീര്‍ക്കേണ്ടത് എന്ന ഹൈന്ദവ ദേശീയതയുടെ ബോധ്യമാണ് പൗരത്വനിയമത്തിലും പ്രവര്‍ത്തിച്ചത്. അതുകൊണ്ടുതന്നെ പൗരത്വത്തെക്കുറിച്ചുള്ള മൗലിക ചര്‍ച്ചകള്‍ സാമാന്യതലത്തില്‍ അപരിചിതം എന്ന് തോന്നുന്ന ആഗോളവല്‍കരണമടക്കമുള്ള അനേകം സാമൂഹിക വ്യവഹാരങ്ങളെയും ബന്ധിപ്പിക്കുന്നതാണ്. അത്തരം വിഷയങ്ങളെ ഒരൊറ്റ കുറിപ്പിലോ, കൃതിയിലോ അതിന്റെ സമഗ്രതയോടെ ഉള്‍കൊള്ളിക്കാനും കഴിഞ്ഞുകൊള്ളണമെന്നില്ല. എങ്കിലും വിഷയത്തെ പ്രാഥമികമായി മനസ്സിലാക്കാനും അതിന് അനുബന്ധമായി തയ്യാറാക്കപ്പെടുന്ന പൗരത്വവുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങള്‍ ഉയര്‍ന്നുവരാനും ഈ കൃതി ഏറെ സഹായകമാണ്. കൂടാതെ വായനക്കാരന് മാര്‍ഗദര്‍ശിയാവുന്ന അവലംബങ്ങള്‍ കൂട്ടിചേര്‍ക്കുന്നത് അതിന്റെ ബൗദ്ധിക വായനയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അക്കാദമിക് എഴുത്തുകളുടെ സാമ്പ്രദായിക വ്യവസ്ഥ എന്ന രീതിയിലല്ല അവ നിർദ്ദേശിക്കുന്നത്, മറിച്ച് അന്വേഷണകുതകിയായ വായനക്കാരന് ഇടക്കെങ്കിലും സഹായകരമായി തോന്നുന്ന ഉപാധി എന്ന നിലയില്‍ മാത്രമാണ്.

ചുരുക്കത്തില്‍, പ്രസാധനത്തിന്റെയും സമയപരിധിയുടെയും മാനദണ്ഡങ്ങള്‍ പുസ്തകത്തെ ബാധിച്ചേക്കാമെങ്കിലും മലയാളി വായനക്കാരന് ചുരുങ്ങിയ കാലയളവിനുള്ളിൽ ലഭ്യമായ പൗരത്വവായനകളെക്കുറിച്ചുള്ള ആമുഖസമാഹാരം കൂടിയാണ് ഈ കൃതി. അതോടൊപ്പം കോവിഡ് മൂലം പൗരത്വസമരങ്ങള്‍ നിലച്ചുവെന്ന് കരുതുന്ന മാന്യവായനക്കാര്‍ക്ക് തീര്‍ച്ചയായും ഈ കൃതി ‘ഒരു സമരതുടര്‍ച്ച’യാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.


പുസ്തകത്തിൻറെ കോപ്പികൾക്ക്

സി സാലിഹ് അമ്മിനിക്കാട്‌