Campus Alive

‘ലോകർക്ക് ലഭിച്ച പാരിതോഷികമാണ് മീലാദുന്നബി (സ)’ 

(1942 മാർച്ച്‌ 30ന്  – റബീഉൽ അവ്വൽ 12 – ലാഹോറിലെ ഓൾ ഇന്ത്യ റേഡിയോ സ്റ്റേഷനിൽ മൗലാനാ സയ്യിദ് അബുൽ അഅ്‌ലാ മൗദൂദി നടത്തിയ പ്രസംഗങ്ങൾ)


 

“ലോകർക്കാകമാനം പാരിതോഷികമായി ലഭിച്ച ദിനമാണ് ഇന്ന്. കാരണം, ഇന്നാണ് ലോകത്തിനാകെ മാർഗദർശിയായ പ്രവാചകൻ മുഹമ്മദ്‌ (സ) ഭൂജാതനായത്. ഇസ്‌ലാമിക ശരീഅത്തും സ്ഥിരീകരിക്കപ്പെട്ട ചരിത്രം രേഖകളും പ്രവാചകന്റെ ജന്മദിനം ആഘോഷിക്കണമെന്ന് ഉദ്ഘോഷണം ചെയ്യുന്നില്ലെങ്കിലും, സർവലോകപാലകനും അതുല്യനുമായ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമായി പ്രവാചകൻ ജന്മമെടുത്ത ദിവസം മുസ്‌ലിംകൾ കൊണ്ടാടുന്നതിൽ പ്രശ്നമില്ല. എന്നാൽ തിന്നും കുടിച്ചും പൊതുസ്ഥലങ്ങളിൽ കോലാഹലങ്ങളുണ്ടാക്കിയും ജാഥകളും പരേഡുകളും നടത്തിയും സ്വയം തൃപ്തിയും കേവല വിനോദവും മാത്രം ലക്ഷ്യംവെച്ചു നടത്തുന്ന ആഘോഷങ്ങളല്ല വേണ്ടത്. അങ്ങനെയാണ് നിങ്ങൾ ചെയ്യുന്നതെങ്കിൽ, നിങ്ങളും അജ്ഞരായ മറ്റു സമുദായങ്ങളും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. അവർ അവരുടെ ചരിത്രങ്ങളിൽ നിന്നുള്ള വിശേഷാവസരങ്ങൾ തീനും കൂടിയും കേവല ഉല്ലാസങ്ങളുമായി ആഘോഷിച്ചുതീർക്കാറുണ്ട്. നിങ്ങളും അവരുടെ ആഘോഷങ്ങളെ അനുകരിക്കുകയാണെങ്കിൽ, അവർ നേരിട്ട പ്രത്യാഘാതങ്ങളെ നിങ്ങളും നേരിടേണ്ടി വരും. ഇസ്‌ലാം അനുസ്മരണത്തിനും ഓർമക്കും പവിത്രമായ ഒരു രീതി വികസിപ്പിച്ചിട്ടുണ്ട്. ഇബ്രാഹീം നബിയുടെ ആത്മത്യാഗത്തെ ഓർക്കുവാൻ അല്ലാഹു ബലി പെരുന്നാളും ബലിയും വിശ്വാസികൾക്ക് നൽകിയത് അതിന്റെ മകുടോദാഹരണമാണ്. എങ്ങനെയാണ് ചരിത്ര സംഭവങ്ങളെ ആഘോഷിക്കേണ്ടത് എന്ന് ഈ സംഭവം പരിശോധിച്ചതിന് ശേഷം മുസ്‌ലിംകൾക്ക് വിലയിരുത്താവുന്നതാണ്.

റബീഉൽ അവ്വൽ പന്ത്രണ്ട് എങ്ങനെയാണ് പ്രധാന തിയ്യതിയായി മാറിയതെന്നും നിങ്ങൾ പരിശോധിക്കണം. ഏതെങ്കിലും അറബ് കുടുംബത്തിൽ ഒരു കുഞ്ഞ് ജനിച്ചതുകൊണ്ടല്ല അത്, മറിച്ച് ലോകത്തിന് മുഴുവൻ വിശ്വാസത്തിന്റെയും സൽകൃത്യങ്ങളുടെയും പ്രഭ ചൊരിഞ്ഞ മഹാ പ്രവാചകന്റെ ആഗമനം കൊണ്ടാണ്. ഇതെല്ലാമാണ് ഈ ദിനത്തിന്റെ പ്രാധാന്യമെങ്കിൽ, പ്രവാചകൻ കൊണ്ടുവന്ന സന്ദേശത്തെ മറ്റു ദിനങ്ങളെക്കാൾ ഏറെ വ്യാപിപ്പിക്കാൻ ശ്രമിച്ചുകൊണ്ടാകണം നമ്മുടെ ആഘോഷങ്ങൾ. പ്രവാചകന്റെ സ്വഭാവമഹിമയിൽ നിന്നും ജീവിതത്തിൽ നിന്നും ഏതാനും പാഠങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കുക. കുറഞ്ഞത് അടുത്ത ഒരു വർഷത്തേക്കെങ്കിലും ആ പാഠങ്ങളെ നമ്മുടെ ജീവിതങ്ങളിൽ മാറ്റൊലി കൊള്ളുകയും ഫലപ്രദമായി പ്രതിഫലിക്കുകയും ചെയ്യുന്ന രീതിയിൽ ഉറപ്പിക്കുക. ഇപ്രകാരം പ്രവാചകനെ അനുസ്മരിക്കുകയാണെങ്കിൽ, അദ്ദേഹത്തിന്റെ ഓർമയെ സത്യസന്ധമായും ആത്മാർത്ഥമായും ആഘോഷിച്ചെന്ന് നിങ്ങൾക്ക് കരുതാം. എന്നാൽ തമാശയും കളിയും തീനും കുടിയുമായി ചുരുങ്ങിപ്പോവുകയാണെങ്കിൽ, അവയെല്ലാം ഫലശൂന്യമായ പ്രകടനങ്ങൾ മാത്രമായി അവശേഷിക്കും.

ആനുഷംഗികമായി ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കാം. അനുസരിക്കപ്പെടാൻ വേണ്ടിയാണ് പ്രവാചകനെ നിയോഗിച്ചതെന്ന് വിശുദ്ധ ഖുർആനിലൂടെ അല്ലാഹു പ്രസ്താവിക്കുന്നുണ്ട്. അല്ലാഹുവിന്റെ പ്രവാചകൻ ആയതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ അനുസരിക്കൽ വിശ്വാസികൾക്ക് നിർബന്ധ ബാധ്യതയാകുന്നത്. പൊതുവായ ഈ നിർദ്ദേശത്തിന് പുറമേ, പ്രവാചകന്റെ പദവിയുമായി ബന്ധപ്പെട്ട മറ്റു കൽപനകളും ഖുർആനിൽ കാണാം;

“പ്രവാചകരെ, താങ്കൾ പറയുക: നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ പിന്തുടരുക, അല്ലാഹു നിങ്ങളെ ഇഷ്‌ടപ്പെടുകയും നിങ്ങൾക്ക് പൊറുത്തുതരികയും ചെയ്യും. അല്ലാഹു ഏറെ പൊറുക്കുന്നവനും ഉദാരനുമല്ലോ” (3:31)

അല്ലാഹുവിലേക്കും അവന്റെ പ്രവാചകനിലേക്കും വിളിക്കപ്പെട്ടപ്പോൾ വിശ്വാസികളുടെ മറുപടി, “ഞങ്ങൾ കേട്ടു, ഞങ്ങൾ അനുസരിക്കുകയും ചെയ്യുന്നു” എന്നായിരുന്നു. (24:51)

അല്ലാഹുവും പ്രവാചകനും ഒരു കാര്യം തീരുമാനിച്ചാൽ സ്വന്തം അഭിപ്രായവുമായി മുന്നോട്ട് പോവുക എന്നത് വിശ്വാസിക്ക് ചേർന്നതല്ല. “ആര് അല്ലാഹുവിനോടും അവന്റെ ദൂതനോടും അനുസരണക്കേട് കാണിക്കുന്നുവോ, അവൻ തികഞ്ഞ വഴികേടിലാകുന്നു” (33:36).

ദൈവദൂതന്‍ നിങ്ങളെ വിളിക്കുന്നതിനെ, നിങ്ങള്‍ തമ്മില്‍ ചിലര്‍ ചിലരെ വിളിക്കുന്നതുപോലെ കണക്കാക്കരുത്. (24:63)

നിങ്ങള്‍ അല്ലാഹുവിന്റെ ദൂതനെ ഒരിക്കലും ശല്യം ചെയ്തുകൂടാത്തതാകുന്നു. (33:53)

അല്ലാഹുവിനെയും അവന്റെ ദൂതനെയും ശല്യപ്പെടുത്തുന്നവർ ഇഹലോകത്തും പരലോകത്തും നിന്ദ്യരായിരിക്കുന്നു. (33:57)

അല്ലയോ വിശ്വസിച്ചവരേ, നിങ്ങളുടെ ശബ്ദം പ്രവാചകന്റെ ശബ്ദത്തെക്കാള്‍ ഉയര്‍ത്തരുത്. നിങ്ങള്‍ തമ്മില്‍ ഒച്ചയിടുന്നതുപോലെ അദ്ദേഹത്തോട് ഒച്ചയിട്ടു സംസാരിക്കരുത്. നിങ്ങളുടെ സല്‍ക്കര്‍മങ്ങള്‍, നിങ്ങളറിയാതെ നശിക്കാന്‍ ഇടയാകാതിരിക്കട്ടെ. (49:2)

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ള ജനം അല്ലാഹുവിനോടും അവന്റെ ദൂതനോടും പോരടിക്കുന്നവരോട് സ്‌നേഹത്തില്‍ വര്‍ത്തിക്കുന്നതായി നീയൊരിക്കലും കാണുന്നതല്ല; പോരടിക്കുന്നവര്‍ അവരുടെ പിതാക്കളോ സന്താനങ്ങളോ സഹോദരന്‍മാരോ കുടുംബാംഗങ്ങളോ ആയിരുന്നാലും ശരി. (58:22)

പ്രവാചകർ പറയുക: ‘നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരന്മാരും ഭാര്യമാരും ബന്ധുജനങ്ങളും, നിങ്ങള്‍ സമ്പാദിച്ചുവെച്ച മുതലുകളും, മുടങ്ങിപ്പോകുമെന്ന് ഭയപ്പെടുന്ന വ്യാപാരങ്ങളും, ഇഷ്ടപ്പെടുന്ന ഭവനങ്ങളുമാണ് അല്ലാഹുവിനെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും ഏറെ നിങ്ങള്‍ക്ക് പ്രിയങ്കരമെങ്കില്‍ കാത്തിരുന്നുകൊള്ളുക, അല്ലാഹു അവന്റെ കല്‍പന നടപ്പാക്കാന്‍ പോകുന്നു. കുറ്റവാളികളായ ജനത്തിന് അല്ലാഹു മാര്‍ഗദര്‍ശനമരുളുന്നില്ല. (9:24)

അനുബന്ധമായ മുഴുവൻ ആയത്തുകളും ഇവിടെ പ്രസ്താവിക്കുകയെന്നത് പ്രയാസമാണ്. പ്രവാചകനുമായി വിശ്വാസികൾ കാത്തുസൂക്ഷിക്കേണ്ട ബന്ധം എങ്ങനെയെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുക മാത്രമാണ് എന്റെ ഉദ്ദേശ്യം. ഉപരിസൂചിതമായ ഖുർആൻ വചനങ്ങൾ അതിലേക്ക് വെളിച്ചംവീശുന്നതാണ്. പ്രവാചകൻ മുഹമ്മദ്‌ (സ)യോട് അനുസരണമുള്ള കാലത്തോളം മാത്രമാണ് ഒരു മനുഷ്യൻ വിശ്വാസിയായിരിക്കുക എന്നും അവ വ്യക്തമാക്കുന്നു. അല്ലാഹുവിന്റെ കൽപനകൾ കേട്ടതിന് ശേഷം അനുസരിക്കുക എന്നതാണ് വിശ്വാസത്തിന്റെ അനിവാര്യമായ തേട്ടം. പക്ഷേ, പ്രവാചകന്റെ കൽപനകളോടുള്ള തർക്കുത്തരങ്ങളോടൊപ്പം നിലനിൽക്കാൻ വിശ്വാസത്തിന് സാധ്യമല്ല.

ഇനി അല്ലാഹുവിന്റെ ഉത്തരവ് പ്രകാരം പ്രവാചകൻ നമുക്ക് നൽകിയ ചില നിർദ്ദേശങ്ങളിലേക്ക് ശ്രദ്ധതിരിക്കാം. സ്വജീവിതവുമായി അവയെ തട്ടിച്ചുനോക്കി എത്രമാത്രം വിശ്വാസികളാണ് നാം എന്ന് സ്വയം വിലയിരുത്താം.

1. ആരുടെ കയ്യിൽ നിന്നും നാവിൽ നിന്നും മുസ്‌ലിംകൾ രക്ഷപ്പെട്ടുവോ, അവനാണ് യഥാർഥ മുസ്‌ലിം. അതായത് തന്റെ വിശ്വാസി സഹോദരങ്ങളെ കൈ കൊണ്ടും നാവ് കൊണ്ടും ഉപദ്രവിക്കാത്തവൻ എന്നർഥം.

2. താനിഷ്‌ടപ്പെടുന്നത് തന്റെ സഹോദരന് വേണ്ടിയും ഇഷ്‌ടപ്പെടുന്നത് വരെ നിങ്ങളാരും വിശ്വാസികളാവില്ല. എപ്രകാരമാണോ താൻ സുഖമായിരിക്കുന്നത്, അപ്രകാരം തന്റെ സഹോദരന്റെ ജീവിതവുമാകണമെന്നും, എപ്രകാരമാണോ സ്വന്തത്തിന് ഉപദ്രവം ചെയ്യാത്തത്, അപ്രകാരം തന്റെ വിശ്വാസി സഹോദരനും ഉപദ്രവം ചെയ്യാതിരിക്കണം എന്നുമാണ് ഇതിന്റെ അർഥം.

അബുദർറുൽ ഗിഫാരി (റ) ഒരു സ്വഹാബിയുമായി ശണ്ഠകൂടുകയും അദ്ദേഹത്തെ അധിക്ഷേപിക്കുകയും ചെയ്ത കഥ അദ്ദേഹം വിവരിക്കുന്നുണ്ട്. വിവരമറിഞ്ഞ പ്രവാചകൻ ‘നിന്നിൽ ഇപ്പോഴും ജാഹിലിയ്യത് (അജ്ഞത) ഉണ്ട്. ഇസ്‌ലാം പൂർണമായും നിന്റെ ജീവിതത്തിൽ പ്രവേശിച്ചിട്ടില്ല” എന്നാണ് പ്രതികരിച്ചത്.

കപടവിശ്വാസികളുടെ നാല് അടയാളങ്ങളെ കുറിച്ച് പ്രവാചകൻ പറയുന്നുണ്ട്. അവ നാലും ഒരുവനിൽ ഒത്തുവന്നാൽ അവൻ തികഞ്ഞ കപടവിശ്വാസിയായി. അവയിൽ ഏതെങ്കിലും ഒരു ഗുണമാണ് ഉള്ളതെങ്കിൽ, കാപട്യത്തിന്റെ ഒരു ലക്ഷണം അവനിൽ ഉണ്ടെന്നാണ് അർഥം. വിശ്വസിച്ചാൽ വഞ്ചിക്കും എന്നതാണ് ഒന്നാമത്തെ ലക്ഷണം. സംസാരിച്ചാൽ കളവ് പറയും എന്നത് രണ്ടാമത്തേത്. കരാർ ചെയ്‌താൽ ലംഘിക്കും എന്നത് മൂന്നാമതെത്തും, ദേഷ്യപ്പെട്ടാൽ അസഭ്യം പറയും എന്നത് നാലാമത്തേതുമാണെന്ന് പ്രവാചകൻ പറയുന്നു. (വിവ: ഇത്‌ ഹദീസിന്റെ മൂലരൂപം അല്ല).

പ്രവാചകൻ (സ) പറയുന്നു, മുസ്‌ലിംകൾ പരസ്പരം സഹോദരന്മാരാണ്. മുസ്‌ലിംകൾ പരസ്പരം ഒറ്റുകൊടുക്കുകയില്ല. ആര് തന്റെ സഹോദരന്റെ ആവശ്യപൂർത്തീകരണത്തിന് മുന്നിട്ടിറങ്ങുന്നുവോ, അല്ലാഹു അവന്റെ ആവശ്യങ്ങളും പൂർത്തീകരിക്കും. ആര് തന്റെ സഹോദരന്റെ പ്രയാസങ്ങൾ നീക്കിക്കൊടുക്കുന്നുവോ, വിചാരണാനാളിൽ അവന്റെ പ്രയാസങ്ങൾ അല്ലാഹുവും നീക്കിക്കൊടുക്കും. ആര് തന്റെ സഹോദരന്റെ ന്യൂനതകൾ മറച്ചുവെക്കുന്നുവോ, പരലോകത്ത് അവന്റെ ന്യൂനതകൾ അല്ലാഹുവും മറച്ചുവെക്കും.

പ്രവാചകൻ പറയുന്നു, നിങ്ങൾ നിങ്ങളുടെ സഹോദരനെ സഹായിക്കുക, അവൻ അക്രമിയായാലും അക്രമിക്കപ്പെടുന്നവനായാലും, അവിടുത്തെ അനുചരർ സംശയം പ്രകടിപ്പിച്ചു, അക്രമിക്കപ്പെടുന്നവനെ തീർച്ചയായും ഞങ്ങൾ സഹയിക്കും, അക്രമിക്കുന്നവനെ എങ്ങനെയാണ് സഹായിക്കുക, അദ്ദേഹം പറഞ്ഞു, ആരെയും ആക്രമിക്കാൻ സാധിക്കാതിരിക്കുമാറ് അവന്റെ കൈ പിടിച്ചുവെക്കുക എന്നതാണ് അവനുള്ള സഹായം.

മറ്റൊരവസരത്തിൽ പ്രവാചകൻ പറഞ്ഞു, മർദ്ദിതന്റെ പ്രാർഥനയെ നിങ്ങൾ സൂക്ഷിക്കുക, കാരണം അവനും അല്ലാഹുവിനുമിടയിൽ മറകളേതുമില്ല.

പ്രവാചകൻ പറയുന്നു, ആർ തന്റെ സഹോദരന്റെ അവകാശങ്ങൾ തടഞ്ഞുവെക്കുകയോ, അവന്റെ ധനത്തിനോ അഭിമാനത്തിനോ ക്ഷതംവരുത്തുകയോ ചെയ്തെന്നിരിക്കട്ടെ, അവൻ ഇഹലോകത്ത് വെച്ചുതന്നെ അതിന് നഷ്‌ടപരിഹാരം നൽകട്ടെ. അല്ലാത്തപക്ഷം അല്ലാത്തപക്ഷം അവന്റെ പരാതി ധനമോ മറ്റു ഭൗതിക വസ്തുക്കളോ ഇല്ലാത്ത പരലോകത്തേക്ക് എടുക്കപ്പെടും. അവന്റെ നന്മകൾ എടുത്ത് അപരന് നൽകപ്പെടും അവന്റെ തിന്മകൾ തന്റെ മേൽ ചാർത്തപ്പെടുകയും ചെയ്യും.

പ്രവാചകൻ പറയുന്നു, ആർ മറ്റൊരുവന്റെ ഒരു തരി ഭൂമിയെങ്കിലും അന്യായമായി കൈവശപ്പെടുത്തി എന്നിരിക്കട്ടെ, പരലോകത്ത് അവന്റെ കുപ്പായക്കഴുത്തിൽ ആ ഭൂമിയുടെ അനേകം ഇരട്ടി ഭാരം കെട്ടിത്തൂക്കിയിരിക്കും.

പ്രവാചകൻ പറയുന്നു, മൂന്ന് തിന്മകളാണ് ഏറ്റവും നികൃഷ്ടമായത്,

1. അല്ലാഹുവിൽ പങ്കുചേർക്കുക

2. മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കുകയും അവരുടെ അവകാശങ്ങൾ ഹനിക്കുകയും ചെയ്യുക

3. കള്ളസാക്ഷി പറയുക

അയൽവാസികളോട് മാന്യമായി പെരുമാറാൻ ജിബ്‌രീൽ മാലാഖ തന്നോട് ആവർത്തിച്ചുപറഞ്ഞുവെന്ന് പ്രവാചകൻ പറയുന്നു. എത്രത്തോളമെന്നാൽ, അവർക്ക് എന്റെ സ്വത്തിൽ അനന്തരാവകാശമുണ്ടെന്ന് എനിക്ക് തോന്നിപ്പോയി.

മറ്റൊരവസരത്തിൽ പ്രവാചകൻ പറഞ്ഞു, ആരുടെ ഉപദ്രവത്തിൽ നിന്ന് അയൽവാസി നിർഭയനാവുന്നില്ലയോ, അവൻ വിശ്വാസിയല്ല.

പ്രവാചകൻ പറയുന്നു, ആർ വിശ്വസിക്കുന്നുവോ, അവൻ അയൽവാസിക്ക് ഉപദ്രവമുണ്ടാക്കാതിരിക്കുകയും, അതിഥിയെ മാന്യമായി പരിചരിക്കുകയും ചെയ്യട്ടെ. അവൻ സംസാരിച്ചാൽ നല്ലത് പറയുകയും അല്ലാത്തപക്ഷം മൗനം പാലിക്കുകയും ചെയ്യട്ടെ.

പ്രവാചകൻ പറയുന്നു, ഇരട്ട മുഖമുള്ളവനാണ് അന്ത്യദിനത്തിൽ ഏറ്റവും നിന്ദ്യനായവൻ. പരസ്പര വൈരികളായ രണ്ടു കൂട്ടരിൽ ഒരു കൂട്ടരെ കണ്ടാൽ ഒന്ന് പറയുകയും, മറ്റൊരു കൂട്ടരെ കണ്ടാൽ മറിച്ച് പറയുകയും ചെയ്യുന്നവൻ എന്നർഥം.

പ്രവാചകൻ പറയുന്നു, വിശ്വാസവും നിഷേധവും തമ്മിലെ വ്യത്യാസം നമസ്കാരം ഉപേക്ഷിക്കലാണ്. ആർ നമസ്കാരം ഉപേക്ഷിക്കുന്നോ അവൻ വിശ്വാസത്തിനും നിഷേധത്തിനുമിടയിലാണ് തൂങ്ങിയാടുന്നത് എന്നർഥം. അതിൽ നിന്ന് പിന്തിരിയുന്നില്ലെങ്കിൽ, അടുത്ത പടി അവൻ നിഷേധിയായ മാറും.

ഒരവസരത്തിൽ പ്രവാചകൻ പറഞ്ഞു, ബാങ്ക് കേട്ടിട്ടും വീട്ടിൽ ചടഞ്ഞിരിക്കുന്നവരുടെ വീടുകൾ ചുട്ടെരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രാർഥനകളിൽ കണിശത പുലർത്തേണ്ടതിനെ കുറിക്കുന്ന അനേകം പ്രവാചക വചനങ്ങളുണ്ട്. ഞാൻ ഇവിടെ ഉദ്ധരിച്ച രണ്ടെണ്ണത്തിൽ നിന്നു തന്നെ വിഷയത്തിന്റെ ഗൗരവം നിങ്ങൾക്ക് മനസിലാക്കാം.

രണ്ടാമതായി, ഒരു മുസ്‌ലിമിന് ദുരന്തമായി ഭവിച്ചേക്കാവുന്ന തിന്മയെ പറ്റി, അഥവാ പലിശ അടിസ്ഥാനത്തിലുള്ള ധനകാര്യങ്ങളെ കുറിച്ച് നാം അറിഞ്ഞിരിക്കണം. പലിശ കൊടുക്കുന്നതും വാങ്ങുന്നതും അത് എഴുതിസൂക്ഷിക്കുന്നതും പ്രവാചകൻ വിലക്കിയിട്ടുണ്ട്. അങ്ങനെ ചെയ്യുന്നവർ നരകശിക്ഷ അനുഭവിക്കും.

സഹോദരന്മാരെ, നിങ്ങൾ മീലാദുന്നബി ആഘോഷിക്കുന്നു, നല്ല കാര്യം തന്നെ. എന്നാൽ നമ്മുടെ യഥാർഥ നേതാവിന്റെ (പ്രവാചാകന്റെ) ദർബാറിലേക്ക് നാം കടന്നുചെല്ലുന്നത് ആലോചിച്ചു നോക്കൂ. നാം ഏതു മുഖവുമായാണ് ആ പരിശുദ്ധനായ ആത്മാവിനെ അഭിമുഖീകരിക്കുക. തന്നോട് കൽപിച്ചത് ചെയ്യാതിരുന്നാൽ, ഏതൊരു അടിമയും യജമാനനിൽ നിന്ന് ഒളിക്കാൻ ശ്രമിക്കും. അപ്പോൾ അദ്ദേഹത്തിന്റെ ഒന്നും രണ്ടുമല്ല എണ്ണമറ്റ കൽപനകളെ ദിനേനയെന്നോണം ധിക്കരിച്ച നമ്മൾ എങ്ങനെയാണ് അദ്ദേഹത്തെ അഭിമുഖീകരിക്കുക. അല്ലാഹുവേ, പ്രവാചകന്റെ കൽപനകളോട് ചേർന്നുനിൽക്കാൻ എനിക്കും എന്റെ സഹോദരങ്ങൾക്കും തുണയാകണേ”.


 

രണ്ടാമത്തെ പ്രസംഗം

“മനുഷ്യകുലത്തിന് ആകമാനം വരമായി ഒരു കൂട്ടം നിയമനിർദ്ദേശങ്ങളുമായി അവതരിച്ച മഹാ വ്യക്തിത്വത്തിന്റെ ജന്മവാർഷികമാണ് ഇന്ന്. എല്ലാ ദേശത്തും നാടുകളിലുമുള്ള മുഴുവൻ ജനങ്ങൾക്കും വിജയം ഉറപ്പുനൽകുന്ന നിയമങ്ങളാണ് അവ. എല്ലാ വർഷവും ഈ ദിവസം കടന്നുവരാറുണ്ടെങ്കിലും, മുമ്പത്തേക്കാളേറെ ജനങ്ങൾ ആ മഹാവ്യക്തിയെ തൊട്ട് അശ്രദ്ധയിൽ കഴിയുന്ന വർഷത്തിലാണ് ഇത്തവണത്തെ മീലാദുന്നബി കടന്നുവരുന്നത്. “പ്രവാചകൻ മുഹമ്മദ്‌ (സ) ഭൂമിയിലെ ഏകാധിപതി ആയിരുന്നുവെങ്കിൽ ഇന്ന് ലോകത്ത് സമാധാനം കളിയടിയേനെ”, ബർണാഡ് ഷാ ഇത്‌ ബോധപൂർവം പറഞ്ഞതാണോ എന്നറിയില്ല. എന്തുതന്നെയായാലും ഇത്‌ അക്ഷരാർത്ഥത്തിൽ ശരി തന്നെയാണ്. ഒരുപടി കൂടി കടന്ന്, ഇന്ന് പ്രവാചകൻ ഇല്ലെങ്കിലും, അദ്ദേഹം കൊണ്ടുവന്ന സന്ദേശം ലോകത്തിന്റെ എല്ലാ മുക്കുമൂലകളിലും ഉണ്ടെന്ന് ഞാൻ പറയും.

പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രവാചകൻ ഭൂമിയിൽ കാലുകുത്തുമ്പോൾ, അധാർമികതകളുടെയും തിന്മകളുടെയും കുഴപ്പങ്ങളുടെയും കൂത്തരങ്ങായിരുന്നു ലോകം. ഖുർആൻ ഈ അവസ്ഥയെ ഇങ്ങനെ വിവരിക്കുന്നത് കാണാം, നിങ്ങൾ ഒരു അഗ്നികുണ്ടാരത്തിന്റെ വക്കത്തു നിൽക്കുകയായിരുന്നു. അവിടെ നിന്നും നാം നിങ്ങളെ രക്ഷിച്ചു. മറ്റു സമുദായങ്ങളുടെ അവസ്ഥയും മെച്ചമായിരുന്നില്ല. പേർഷ്യൻ റോമൻ സാമ്രാജ്യങ്ങൾ മനുഷ്യ നാഗരികതകളുടെ കളിത്തൊട്ടിലായിരുന്നു. എന്നാൽ ഒരുവശത്ത് പരസ്പര വൈരവും മറുവശത്ത് സാമ്പത്തിക അസന്തുലിതത്വങ്ങളും ആഭ്യന്തര പ്രശ്നങ്ങളും വർഗീയതയും അവരെ ഗ്രസിച്ചിരുന്നു. ഈ പരിതസ്ഥിതിയിലാണ് 23 വർഷത്തോളം പ്രവാചകൻ തന്റെ ദൗത്യവുമായി എഴുന്നേറ്റുനിന്നത്. അറേബ്യൻ ഉപദ്വീപിനെ മാത്രമല്ല അദ്ദേഹം പരിവർത്തിപ്പിച്ചത്. കാൽ നൂറ്റാണ്ടിനിടക്ക് ഇന്ത്യ മുതൽ ആഫ്രിക്ക വരെയുള്ള മുഴുവൻ ഭൂപ്രദേശങ്ങളിലെയും സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക, നാഗരിക മേഖലകൾ ഉൾപ്പെടെയുള്ള സകല രംഗത്തും അദ്ദേഹം പരിവർത്തനങ്ങൾ സൃഷ്‌ടിച്ചു.

എങ്ങനെയാണ് പ്രവാചകൻ ഈ നവീകരണം സാധ്യമാക്കിയത്. എല്ലാ വിശദാംശങ്ങളും ഇവിടെ ഉന്നയിക്കുക സാധ്യമല്ല. പ്രവിശാലമായ അതിന്റെ തത്വങ്ങൾ മാത്രം ചുരുക്കി അവതരിപ്പിക്കാം. മുഴുവൻ മനുഷ്യരും തങ്ങളുടെ യഥാർഥ യജമാനനും രാജാവും പരമാധികാരിയുമായി അല്ലാഹുവിനെ അംഗീകരിക്കുക എന്നതാണ് ആദ്യ സംഗതി. മത ജീവിതത്തിന്റെ ഏതാനും അവസരങ്ങളിൽ മാത്രമല്ല, ജീവിതത്തിന്റെ മുഴു മേഖലകളിലും അല്ലാഹുവിന് കീഴ്പ്പെട്ട് ജീവിക്കുകയും ആരെയും അല്ലാഹുവിങ്കൽ പങ്കുചേർക്കാതിരിക്കുകയും വേണം.

അദ്ദേഹം പ്രബോധനം ചെയ്ത രണ്ടാമത്തെ പ്രധാന സംഗതി, മനുഷ്യന്റെ അധികാര വിനിയോഗങ്ങൾക്കും ആവർത്തിക്കും പരിധി വേണമെന്നാണ്. എല്ലാ വ്യക്തികളും, അവർ സംഘടനകളാവട്ടെ, സമൂഹമാവട്ടെ, വംശ-വർഗങ്ങളാവട്ടെ, രാഷ്ട്രവും ഗവൺമെന്റുമാകട്ടെ, അല്ലാഹുവിനോട് ഉത്തരം ബോധിപ്പിക്കാൻ ബാധ്യസ്ഥരാണ്. അല്ലാഹുവിന്റെ ദൂതൻ, അഥവാ പ്രതിനിധി എന്ന റോളാണ് പ്രവാചകൻ നിർവഹിച്ചത്. അദ്ദേഹം എവ്വിധവും എപ്രകാരവുമാണോ കാര്യങ്ങൾ നിർവഹിച്ചത്, അവയെല്ലാം അല്ലാഹുവിന്റെ ഉത്തരവുപ്രകാരമുള്ളതായിരുന്നു. അതിനെ കുറിച്ച് അദ്ദേഹം അല്ലാഹുവിനോട് ഉത്തരം പറയാൻ ബാധ്യസ്ഥനുമാണ്.

അല്ലാഹുവിന്റെ പരമാധികാരിയും മനുഷ്യരെല്ലാം അവന്റെ പ്രതിനിധികളും എന്ന തത്വത്തിന്മേൽ, പ്രവാചകൻ സകല മനുഷ്യരെയും സഹോദരന്മാരും സഹകാരികളുമാക്കി. അല്ലാത്തപക്ഷം അത് സാധ്യമല്ലായിരുന്നു. വംശം, കുലം, ഭാഷ, നിറം, സാമ്പത്തിക താൽപര്യങ്ങൾ എന്നിവയെല്ലാം മനുഷ്യരെ സമൂഹത്തിൽ പല തട്ടുകളിലായി തിരിച്ചുകളയുന്നു. അവർ പരസ്പരം ഐക്യപ്പെടാൻ ശ്രമിച്ചാലും, അവയെല്ലാം താൽക്കാലികവും സ്വാർഥവുമായി ഒടുങ്ങുന്നു. ഈ വിഭജനങ്ങളുടെ ഫലമെന്നോണം പരസ്പര വൈരവും സംഘർഷങ്ങളും തലപൊക്കുകയും, അനിവാര്യമായും അവ അനീതിയിൽ പരിണിതിയടയുകയും ചെയ്യുന്നു. അല്ലാഹുവിന്റെ പരമാധികാരം അംഗീകരിച്ചുകൊണ്ട് മനുഷ്യരെല്ലാം ഐക്യപ്പെടുക എന്നതല്ലാതെ മറ്റു  പരിഹാരങ്ങളേതുമില്ല.

ദേശീയതക്കും സോഷ്യലിസത്തിനും ഉപരിയായി അല്ലാഹുവിനുള്ള കീഴ്‌വണക്കത്തിന്റെയും ഖിലാഫത്തിന്റെയും (പ്രാതിനിധ്യം) അടിസ്ഥാനത്തിലുള്ള സാമൂഹ്യ ജീവിതമാണ് പ്രവാചകൻ വിഭാവന ചെയ്തത്. അദ്ദേഹം ജീവിതത്തിന്റെ എല്ലാ തലങ്ങളെയും ധാർമിക തത്വങ്ങളുമായി ബന്ധിപ്പിച്ചു. അദ്ദേഹത്തിന്റെ ധാർമിക തത്വങ്ങൾ ഏതെങ്കിലും പരിത്യാഗികളായ സന്ന്യാസിമാർക്ക് വേണ്ടിയുള്ളതായിരുന്നില്ല, മറിച്ച് കർഷകർ, ഭൂവുടമകൾ, തൊഴിലാളികൾ, വ്യവസായികൾ, ഉപഭോക്താക്കൾ, പട്ടാളക്കാർ, ന്യായാധിപർ, ഭരണകർത്താക്കൾ, ഗവർണർമാർ, കമാണ്ടർമാർ, മന്ത്രിമാർ, നയനിർമാതാക്കൾ തുടങ്ങി, ഭൂമിയിൽ തങ്ങളുടെ ഇടപാടുകൾ നടത്തിക്കൊണ്ടിരിക്കുന്ന സകലർക്കും വേണ്ടിയുള്ളതായിരുന്നു. ഇവയുടെയെല്ലാം നിർമാണവും സംഹാരവും നിശ്ചിതമായ ധാർമിക നിയമങ്ങളോട് ബന്ധിപ്പിച്ചു. സാംസ്‌കാരികം, വ്യാപാരം, രാഷ്ട്രീയം, അന്താരാഷ്ട്രീയം എന്നുതുടങ്ങി സാമൂഹികമോ വൈയക്തികമോ ആയ ഏതു മേഖലകളുമാവട്ടെ, എല്ലാം ഈ ധാർമിക നിയമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. ഇവയൊന്നും സ്വേച്ഛയാ വികസിപ്പിക്കാനോ നശിപ്പിക്കാനോ ഉള്ള അവകാശം മനുഷ്യർക്ക് നൽകപ്പെട്ടിട്ടില്ല.

ഈ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവാചകന്റെ പരിഷ്കരണ പ്രവർത്തനങ്ങൾ നടന്നത്. വ്യക്തിയെ പരിഷ്കരിക്കുന്നതിലൂടെയാണ് പ്രവാചകന്റെ പരിഷ്കരണ തന്ത്രങ്ങൾ ആരംഭിച്ചത്. സംഘടിത പരിഷ്കരണ ശ്രമങ്ങളുടെ തുടക്കം വ്യക്തി പരിഷ്കരണങ്ങളിലൂടെ ആയിരുന്നു എന്ന വസ്തുതയെ പ്രവാചകൻ അവഗണിച്ചില്ല. അശ്രദ്ധരോ കുതർക്കികളോ ആയ ആളുകളാണ് ഉള്ളതെങ്കിൽ മികച്ച പരിഷ്കരണ ശ്രമങ്ങൾ പോലും പരാജയപ്പെട്ടേക്കാം. വ്യക്തികൾക്കിടയിൽ ഉള്ള ദുർനടപ്പുകൾ പവിത്രമായ ഒരു സംവിധാനത്തെ സ്ഥാപിക്കുന്നതിന് തടസ്സമായിത്തീർന്നേക്കാം. എല്ലാ ന്യൂനതകളെയും മറികടക്കാനുള്ള മുൻകരുതലുകൾ തത്വത്തിൽ എടുക്കാൻ സാധിച്ചേക്കും. എന്നാൽ പ്രായോഗിക തലത്തിൽ പദ്ധതി നിർവഹിക്കുന്നവർക്ക് സ്വതാത്പര്യങ്ങൾ, അഭിലാഷങ്ങൾ, പക്ഷപാതിത്വം എന്നീ വെല്ലുവിളികൾ നേരിടേണ്ടി വരും. സത്യസന്ധതയും ഉദ്ദേശ്യ ശുദ്ധിയുമില്ലെങ്കിൽ പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്ന് പല പ്രതിബന്ധങ്ങളും വന്നുചേരും. എന്നാൽ, വിശ്വാസയോഗ്യരായ ഒരു ടീം നിങ്ങൾക്കുണ്ടെങ്കിൽ, പരാജയത്തിന്റെ എല്ലാ ദ്വാരങ്ങളും അടക്കപ്പെടും. നിങ്ങൾക്ക് കർമാവേശം ലഭിക്കുകയും ചെയ്യും.

അതുകൊണ്ടാണ് ലോകത്തെ പരിവർത്തിപ്പിക്കാനുള്ള കർമപദ്ധതിയുടെ ഭാഗമായി മനുഷ്യ വിഭവങ്ങൾ വളർത്തിയെടുക്കാൻ പ്രവാചകൻ അധ്വാനമേറെ ചെലവഴിച്ചത്. ഏതു സാഹചര്യത്തിലും ദൈവഭയവും ഭക്തിയും മുറുകെപ്പിടിക്കുന്ന ആളുകളെ പ്രവാചകൻ വളർത്തിയെടുത്തു. അല്ലാഹുവിനോട് ആത്മാർത്ഥത പുലർത്തിയവരെ, അല്ലാഹു കോപിക്കുമെന്ന് കരുതിയ എല്ലാ കർമങ്ങളിൽ നിന്നും സ്വയം പിന്തിരിയുന്നവരെ, അല്ലാഹു ഇഷ്‌ടപ്പെടുമെന്ന് കരുതുന്ന മുഴുവൻ കർമങ്ങളും ചെയ്ത് തീർത്തവരെ. പൊതുജീവിതവും സ്വകാര്യ ജീവിതവും തമ്മിൽ വ്യത്യാസമില്ലാത്തവരെ, ലോകത്തിന് മുന്നിൽ നിൽക്കുമ്പോഴും മറക്ക് പിന്നിലാവുമ്പോഴും ദൈവഭയം കാത്തുസൂക്ഷിച്ചവരെ, അല്ലാഹുവിന്റെ അടിമകളുടെ ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കാൻ ബാധ്യതയേറ്റവരെ.

അബുൽ അഅ്ലാ മൗദൂദി

അവർ സ്വന്തത്തിന്റെ പേരിലോ, രാഷ്ട്രത്തിന്റെയോ ഗവണ്മെന്റിന്റെയോ പേരിൽ പ്രതിജ്ഞ എടുത്താൽ പിന്നീടതിൽ നിന്ന് പിന്മാറുകയില്ല. അവർ ന്യായാധിപരായാൽ അതിക്രമം പ്രവർത്തിക്കുകയില്ല. അവർ കച്ചവട-ധനകാര്യങ്ങളിൽ ഏർപ്പെട്ടാൽ വക്രബുദ്ധികളാവുകയില്ല. സ്വന്തം അവകാശങ്ങളെ ഉന്നയിക്കുന്നതിൽ അവധാനത പുലർത്തിയാലും മറ്റുള്ളവരുടെ അവകാശങ്ങളിൽ അവർ കണിശരായിരിക്കും. അവരുടെ ബുദ്ധിയും ബോധവും കഴിവും യോഗ്യതയുമെല്ലാം സത്യത്തിനും നീതിക്കും ക്ഷേമത്തിനും വേണ്ടി ഉപയോഗപ്പെടുത്തും. അന്യന്റെ അവകാശങ്ങൾ ഹനിക്കുകയോ സ്വതാല്പര്യങ്ങൾക്കൊത്ത് നീങ്ങുകയോ ഇല്ല.

ഇത്തരം അനുയായികളെ സൃഷ്‌ടിക്കാൻ പതിനഞ്ചു വർഷത്തോളം അധ്വാനിച്ച പ്രവാചകൻ ലോകത്തിന് മുഴുവനുമായി സത്യവിശ്വാസികളായ വലിയൊരു ദൗത്യസംഘത്തെ വാർത്തെടുത്തു. അവരാണ് അറേബ്യയിലും പുറത്തും ഇസ്‌ലാമിക പരിഷ്കരണ-പ്രബോധന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

ഈ സംഘത്തെ വളർത്തിയെടുത്തതിന് ശേഷം, തുടർന്നുള്ള എട്ടു വർഷം കൊണ്ട് 15, 00, 000 മൈലുകളിൽ വ്യാപിച്ചു കിടക്കുന്ന അറേബ്യൻ ഉപദ്വീപിനെ സാമൂഹികമായും സാംസ്കാരികമായും സാമ്പത്തികമായും രാഷ്ട്രീയമായും സമൂലം പരിഷ്കരിച്ചു. പിന്നീട് അദ്ദേഹം വളർത്തിയെടുത്ത അതേ സംഘം അറേബ്യയിൽ തുടങ്ങി ലോകത്തിന്റെ ഒട്ടുമിക്ക എല്ലാ സ്ഥലങ്ങളിലേക്കും അല്ലാഹുവിന്റെ സന്ദേശം വ്യാപിപ്പിച്ചു. ഇപ്പോൾ നാം പുതിയ ലോകക്രമത്തെ കുറിച്ച് ഒരുപാട് കേട്ടുകൊണ്ടിരിക്കുന്നു. എന്നാൽ പഴയ സംവിധാനങ്ങളെ പ്രശ്നമുഖരിതമാക്കിയ മൗലിക വ്യതിചലനങ്ങൾ പുതിയ രൂപത്തിൽ നാം പറഞ്ഞുകൊണ്ടിരിക്കുന്ന നവ ലോക ക്രമത്തിലുണ്ട്. സ്വാഭാവികമായും ഈ പുതിയ ക്രമത്തിന്റെ അടിയും തൊഴിയുമേറ്റ് ശയ്യാവലംബിയായ നമ്മൾക്ക് ഇതിനൊരു മറുമരുന്ന് കണ്ടെത്തേണ്ടതുണ്ട്. അല്ലാഹുവിനോടുള്ള അനുസരണക്കേടും ഭയരാഹിത്യവും, ദേശീയവും വംശീയവുമായ വേർതിരിവുകൾ, ദേശത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ പക്ഷപാതിത്വങ്ങൾ, ഏകാധിപതികളായ ഭരണകർത്താക്കൾ എന്നിവയാണ് ഇന്നേവരെ മനുഷ്യത്വത്തെ നശിപ്പിച്ചതും, ഇനിയും അത്തരം തിന്മകൾ തുടർന്നാൽ നമ്മെ ഗ്രസിക്കാൻ ഒരുങ്ങിനിൽക്കുന്നതും. പരിഷ്‌കാരങ്ങൾ സാധ്യമാവണമെങ്കിൽ, മനുഷ്യരാശിയുടെ എക്കാലത്തെയും വലിയ ഗുണകാംക്ഷിയായ പ്രവാചകൻ പ്രയോഗികവൽക്കരിച്ച മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രമേ സാധ്യമാകൂ”.


വിവർത്തനം: അഫ്സൽ ഹുസൈൻ

അബുൽ അഅ്ലാ മൗദൂദി