Campus Alive

സൂഫി-ഭക്തി പ്രസ്ഥാനങ്ങളും സാമൂഹികതകയുടെ രൂപീകരണവും

 

സൗത്ത് ഏഷ്യയിലെ സൂഫിസത്തെയും ഭക്തി പ്രസ്ഥാനങ്ങളെയും പറ്റിയുള്ള പഠനങ്ങളില്‍ ഭൂരിഭാഗവും മഹാന്മാരായ വ്യക്തിത്വങ്ങളുടെ ജീവിതങ്ങളെ കുറിച്ചുള്ള പുനരന്വേഷണങ്ങളിലൂടെയാണ് വികസിച്ചുവന്നിട്ടുള്ളത്. രണ്ടാമതായി, ഇത്തരം പ്രതിഭാസങ്ങളുടെ തത്വശാസ്ത്ര/ദൈവശാസ്ത്ര ആശയങ്ങളെ കണ്ടെത്തുന്ന തരത്തിലുള്ള സാഹിത്യങ്ങളും ഉണ്ടായിട്ടുണ്ട്. ആക്റ്റിവിസ്റ്റുകളും റാഡിക്കലുകളും തങ്ങളുടെ പോരാട്ടങ്ങളില്‍ അത്തരം വായനകള ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. സൗത്ത് ഏഷ്യയിലെ സൂഫി-ഭക്തി പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിലെ സാമൂഹിക-ചരിത്ര സാഹചര്യങ്ങളെ അന്വേഷിക്കുന്ന ഭൗതിക പഠനങ്ങളും കാണാൻ കഴിയും. എന്നാല്‍, അക്കാദമിക രീതിശാസ്ത്രങ്ങളുടെ അതിര്‍വരമ്പുകള്‍ വ്യത്യസ്ത രീതിശാസ്ത്രങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പഠനത്തെ സങ്കീര്‍ണ്ണമാക്കുന്നതായി കാണാം (ഒംവേദ്2008; 19-23). അത്തരം പഠനങ്ങളുടെ അഭാവം മൂലം സാമൂഹികമായ കൂടിച്ചേരലിന്റെ(Assemblage) ഇടം എന്ന അര്‍ത്ഥത്തിൽ സൂഫി-ഭക്തി പ്രസ്ഥാനങ്ങളെ മനസ്സിലാക്കാന്‍ നമുക്ക് കഴിയാതെ വരുന്നു.

എന്നിരുന്നാലും ഗെയില്‍ ഒംവേദിനെ പോലുള്ളവരുടെ പഠനങ്ങള്‍ വ്യത്യസ്ത രീതിശാസ്ത്രങ്ങളെ ഒരുമിച്ച് ചേർത്ത് കൊണ്ട് ഭക്തി പ്രസ്ഥാനങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഭക്തി പ്രസ്ഥാനങ്ങളുടെ രൂപീകരണത്തെ ജാതി ചോദ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അവര്‍ അടയാളപ്പെടുത്താൻ ശ്രമിക്കുന്നത്. അതിനാൽ തന്നെ പലപ്പോഴുമത് മെറ്റീരിയലിസ്റ്റിക്കായ ഒന്നായി മാറുകയും ചെയ്യുന്നുണ്ട്(ഒംവേദ്, 2008). മിലിന്ദ് വകങ്കാറിന്റെ മതത്തെയും കീഴാളശരീരങ്ങളെയും പറ്റിയുള്ള പഠനമാണ് മറ്റൊന്ന്. ഭക്തി പ്രസ്ഥാനത്തിന്റെ പൊതുരൂപത്തെയാണ് അദ്ദേഹം സിദ്ധാന്തിക്കുന്നത് (വകങ്കാർ, 2010). ആദ്യകാല ഭക്തിപ്രസ്ഥാനം സവിശേഷമായ കീഴാള സാമൂഹിക രൂപീകരണമായിരുന്നെന്നും (സാമൂഹികതയുടെ കീഴാള രൂപീകരണവും) അത് ചരിത്രപരമായ സാമൂഹിക മാറ്റമായിരുന്നെന്നുമാണ് ഒംവേദും വകങ്കാറും വാദിക്കുന്നത്.

ഗയ്ൽ ഒംവേദ്

എന്നാൽ സൗത്ത് ഏഷ്യയിലെ സൂഫിസത്തെ കുറിച്ച് സമാനമായ അധികം പഠനങ്ങള്‍ കാണാൻ കഴിയില്ല. ഒംവേദും വകങ്കാറും ഭക്തിയോടൊപ്പം സൂഫിസത്തെയും കീഴാളസാമൂഹികതയായി പരാമര്‍ശിക്കുന്നുണ്ടെങ്കിലും സൂഫിസത്തെ സാമൂഹിക രൂപീകരണമായി മനസ്സിലാക്കുന്ന ആഴത്തിലുള്ള വിശകലനങ്ങളൊന്നും ഉണ്ടായിട്ടില്ല. സൗത്ത് ഏഷ്യൻ സൂഫിസത്തെ കുറിച്ചുള്ള അധിക പഠനങ്ങളും ചരിത്ര-ദൈവശാസ്ത്ര വിശകലനങ്ങളാണ്. മധ്യകാല ഈജിപ്ത്യന്‍ സൂഫിസത്തെ കുറിച്ചുള്ള നഥാന്‍ ഹോഫറിന്റെ പഠനം ഇവിടെ പ്രസക്തമാണ്; പ്രമാണിമാരും അല്ലാത്തവരുമായ സൂഫികള്‍ അവിടെയുണ്ടായിരുന്നു എന്ന് വാദിക്കുന്ന അദ്ദേഹം, സൂഫിസത്തിന്റെ ഏറ്റവും സവിശേഷ സ്വഭാവം അത് കീഴാളർ എന്ന് വിളിക്കാൻ കഴിയുന്ന ആളുകളിലാണ് കൂടുതൽ സ്വാധീനം ചെലുത്തിയതെന്നും ചരിത്രപരമായിത്തന്നെ അതിന് കീഴാള സ്വഭാവമാണെന്നും തെളിയിക്കുന്നു (ഹോഫര്‍, 2005). സൗത്ത് ഏഷ്യയിലും ഇത് തന്നെയാണ് സംഭവിച്ചതെന്ന് കാണാം; കര്‍ഷക-ജാതി വിഭാഗങ്ങളാണ് സൂഫിസത്തെ കൂടുതല്‍ സ്വീകരിച്ചതെന്നും സ്ത്രീകള്‍ക്കിടയില്‍ വ്യാപകമായി അത് വികസിച്ചിട്ടുണ്ടെന്നും മനസ്സിലാക്കാം (2008; 42).

എന്നാല്‍ സൂഫിസത്തെയും ഭക്തിയെയും പരസ്പരം മനസ്സിലാക്കുന്ന പൊതുവായ തത്വങ്ങള്‍ വികസിപ്പിക്കാൻ ഇതിന് കഴിയുമോ?  ഭക്തിയെയും സൂഫിസത്തെയും പറ്റിയുള്ള വിശകലനങ്ങളില്‍ ഭൂരിഭാഗവും അവ പരസ്പരം ചെലുത്തിയ സ്വാധീനങ്ങളെയും ആ രണ്ട് പ്രതിഭാസങ്ങളും തമ്മിലുള്ള കൂടിച്ചേരലുകളെയും പറ്റിയുള്ളതാണ്.  ഇത്തരം ചോദ്യങ്ങള്‍ സൂഫിസത്തിലും ഭക്തിയിലും കാണാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യത്തെ തഴയുന്നുണ്ട്; മതത്തോടുള്ള വൈകാരിക സമീപനം(Affective turn)* ആണത്. ഈ വൈകാരിക സമീപനത്തിലൂടെയാണ് സൂഫിസവും ഭക്തിപ്രസ്ഥാനങ്ങളും തങ്ങളുടെ കീഴാള സ്വഭാവത്തെ കണ്ടെത്തുന്നത്. ഈ വൈകാരികതയിലൂടെ തന്നെയാണ് അവ ഭാഷാ രൂപീകരണങ്ങള്‍ സാധ്യമാക്കിയതും വികസിപ്പിച്ചതും. ഈ വൈകാരികത തന്നെയാണ് അവയുടെ റാഡിക്കല്‍ സ്വഭാവത്തിന്റെ കാരണവും. എന്നാലീ വൈകാരികത ശൂന്യതയില്‍ നിന്നും ഉണ്ടായിത്തീർന്നതല്ല, മറിച്ച് സാമൂഹിക, സാമ്പത്തിക, ചരിത്ര സാഹചര്യങ്ങളുടെ ഫലമായി ഉണ്ടായതാണത്. സൂഫിസത്തിന്റെയും ഭക്തിപ്രസ്ഥാനങ്ങളുടെയും രൂപീകരണത്തിന്റെ സ്വഭാവത്തെ വെളിച്ചത്ത് കൊണ്ടു വരിക എന്നതിലപ്പുറം അവയുടെ വര്‍ത്തമാന ഉപഭോഗത്തെയും ഫലങ്ങളെയും ചേര്‍ത്തു വായിക്കുക എന്നതുകൂടി പൊതു സിദ്ധാന്തത്തിന്റെ ലക്ഷ്യമായിത്തീരേണ്ടതുണ്ട്.

എന്താണ് വൈകാരിക സമീപനം(Affective Turn)? എങ്ങനെയാണത് സൂഫി-ഭക്തി പ്രതിഭാസങ്ങളില്‍ പ്രധാനമാകുന്നത്? വൈകാരികതയെ പറ്റി വ്യത്യസ്ത തരം സൈദ്ധാന്തിക സമീപനങ്ങള്‍ നിലവിലുണ്ട്, സ്പിനോസിയന്‍ ആശയത്തിൽ വികാരങ്ങളുടെ ഘടനയും അടിസ്ഥാന സത്തയും മനുഷ്യന്റെ ഭൗതിക ജീവിതത്തിലും ഉള്‍-പ്രതിഭാസങ്ങളിലും(Immanence) കേന്ദ്രസ്ഥാനം വഹിക്കുന്നുണ്ട്(അഹ്മദ്, 2004:8). ഫ്രഡറിക് ലോർഡന്റെ മാര്‍ക്‌സോ-സ്പിനോസിയന്‍ അഫക്റ്റ് തിയറിയെ ഞാനിവിടെ കടമെടുക്കുന്നു. രണ്ട് തരത്തിലുള്ള ബന്ധങ്ങളാണ് സമൂഹത്തിൽ നിലനിൽക്കുന്നതെന്ന് ലോർഡൻ വാദിക്കുന്നു; ‘ഉല്‍പാദനബന്ധങ്ങളും വിഷയീ രൂപീകരണവും(Subjection), കാഴ്ച്ചയുടെ(Appearance) വൈകാരികബന്ധങ്ങളും. ഈ സമവാക്യത്തില്‍, പരസ്പര ബന്ധങ്ങളെ മനസ്സിലാക്കുകയും അതിനോട് പ്രതികരണം സാധ്യമാക്കുകയും ചെയ്യുന്ന പരസ്പരം ബന്ധിപ്പിക്കുന്ന ഒന്നായി വൈകാരികത പ്രവര്‍ത്തിക്കുന്നു. മാര്‍ക്‌സിയൻ രീതിയിൽ, അഫക്റ്റിവിറ്റി കാഴ്ച്ചയുടെ രൂപപ്പെടലാണ്(constitution of appearance)’ (ലോര്‍ഡന്‍, 2014). മനുഷ്യജീവിതത്തിന്റെ അടിസ്ഥാനപരമായ ഒന്നാണ് വൈകാരികതയെങ്കിൽ, എങ്ങനെയാണ് സൂഫിസം-ഭക്തി പ്രസ്ഥാനം പ്രത്യേകമായ വൈകാരിക സമീപനം ആവുന്നത്? ഇവിടെയാണ് സൂഫിസം-ഭക്തി പ്രസ്ഥാനത്തിന്റെ സവിശേഷത അടയാളപ്പെടുത്തേണ്ടുന്നത്; അതിന്റെ സാമൂഹിക രൂപം ബോധപൂര്‍വ്വം വൈകാരിക ഭാഗത്ത് പ്രവർത്തിക്കുന്നു. ദെല്യൂസ് സിനിമക്ക് ചാർത്തിക്കൊടുത്തതിന് സമാനമായി, ഒരു ‘വികാരം ഉല്‍പാദിപ്പിക്കുന്ന യന്ത്രമായി’അത് പ്രവർത്തിക്കുന്നു (ദില്യൂസ്-ഗുത്താരി1994, 24).

സൂഫിസത്തിലെ ഈ വൈകാരിക രൂപത്തെ ഡെക്കാനിലെ സ്ത്രീ തൊഴിലാളികളുടെ രണ്ട് കർഷക പാട്ടുകളിലൂടെ വിശദീകരിക്കാമെന്ന് തോന്നുന്നു: ചക്കിനാമയും ചര്‍ക്കാനാമയുമാണത്. ഡക്കാന്‍ പീഠഭൂമികളിൽ സൂഫിസത്തിന്റെ ആവിര്‍ഭാവത്തിന് മുമ്പേ ഇവ നിലവിലുണ്ട്. എന്നാല്‍ സൂഫികൾ ഈ പാട്ടുകളെ കർഷക സ്ത്രീകൾക്ക് ദൈവികപാതയിലേക്ക് എത്താനുള്ള മാര്‍ഗ്ഗമാക്കി പുനര്‍നിര്‍ണയിച്ചു കൊടുത്തു (ഈറ്റണ്‍,2009).  സമാനമായി രവിദാസിന്റെ കവിതകള്‍ ബ്രാഹ്മണവിഭാഗങ്ങൾ കയ്യടക്കി വച്ചിരുന്ന ദൈവികതയെ അപകേന്ദ്രീകരിക്കാനും ജോലിയിലൂടെയും നിത്യ ജീവിതത്തിലൂടെയും ദൈവികത കണ്ടെത്താനും ആഹ്വാനം ചെയ്യുന്നുണ്ട്(ഒംവേദ്, 2008). ഇത്തരം പ്രയോഗങ്ങൾക്ക് വലിയ തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങളില്‍ നിന്നും മാറി നിത്യ ജീവിതത്തെ ദൈവവുമായുള്ള ബന്ധമാക്കി വികസിപ്പിക്കാന്‍ കഴിഞ്ഞു.

വൈകാരിക സമീപനത്തിലൂടെ ദൈവത്തിന്മേലുള്ള/സത്യത്തിന്മേലുള്ള പ്രമാണിമാരുടെ അടഞ്ഞ അവകാശവാദത്തെ ഇല്ലാതാക്കിക്കൊണ്ട് സൂഫിസം-ഭക്തി പ്രസ്ഥാനം സത്താപരമായ സമത്വത്തിലേക്കാണ് നയിച്ചത്.  മത-വേദങ്ങളിലും വിശ്വാസ സ്ഥാപനങ്ങളിലും മാത്രമല്ല സത്യം കണ്ടെത്താന്‍ കഴിയുകയെന്നും ജീവിതത്തിലാണ് അത് കണ്ടെത്തേണ്ടതെന്നും അവര്‍ വാദിച്ചു. നൃത്തം, സംഗീതം, സാഹിത്യം തുടങ്ങി ഉന്മാദത്തിന്റെ പൊതുവഴികളെല്ലാം യാഥാര്‍ഥ്യത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി. ഇത്തരമൊരു നിര്‍വൃതിയുടെ പാരമ്പര്യം സൗത്ത് ഏഷ്യയുടെ പലഭാഗങ്ങളിലും ഇപ്പോഴും വലിയ അളവില്‍ നിലനിൽക്കുന്നതായി കാണാം. ഗസല്‍ പാട്ടുകളും കേരളത്തിലെ തെയ്യം പോലുള്ള കീഴാള കലാവിഷ്‌കാരങ്ങളും ഉദാഹരണം. വൈകാരിക സമീപനത്തിന്റെ അന്തര്‍ലീനത(Immanence) പാവപ്പെട്ടവരും കഷ്ടതയനുഭവിക്കുന്നവരുമായ ആളുകള്‍ക്ക് തങ്ങളുടെ ജീവിതവുമായി കൂടുതല്‍ ബന്ധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്, അത് അവര്‍ക്ക് പരസ്പര ബന്ധങ്ങളിലൂടെ ജീവിക്കാന്‍ പ്രായോഗിക വഴി തുറന്നു കൊടുത്തു.  ദൈവിക മാര്‍ഗ്ഗത്തെ കുറിച്ച ഈ കീഴാള മാറ്റം യഥാര്‍ഥ അറിവിന്റെ സുഗമമായ ഒഴുക്ക് സാധ്യമാക്കുകയും പ്രാമാണിക സ്ഥാപനങ്ങളില്‍ നിന്നും ഇടര്‍ച്ച സാധ്യമാക്കുകയും ചെയ്തു. (സൂഫിസത്തില്‍ വൈകാരിക മാറ്റവും പ്രാമാണിക അറിവും പരസ്പര ബന്ധത്തോടെ പ്രവര്‍ത്തിക്കുകയും പരസ്പരം സംവേദനം സാധ്യമാക്കുകയും ചെയ്തിട്ടുണ്ട്). ഇത് പുതിയൊരു ഭാഷാ-സമ്പത്ത് രൂപപ്പെടുത്തുകയും കീഴാള ലൗകികതയെ (Subaltern Universality) സാധ്യമാക്കുകയും ചെയ്തു.  മറാത്തി പൊതുമണ്ഡലം സ്വയം സംസ്‌കൃത ആധിപത്യത്തെ ഇല്ലാതാക്കികൊണ്ട് രൂപപ്പെട്ടു വന്നിട്ടുള്ളതാണെന്ന് കൃസ്ത്യൻ നോവെറ്റ്‌സ്‌കെ വാദിക്കുന്നുണ്ട്(നോവെറ്റ്‌സ്‌കെ, 2016). ഇവിടെ സൂഫിസം-ഭക്തി പ്രസ്ഥാനം വ്യതിരിക്ത സാമൂഹികതകളുടെ(Alternative Socialities) സാങ്കേതികവിദ്യയായി മാറുന്നു.

ഈ സാമൂഹിക സാങ്കേതികവിദ്യയെ സാധ്യമാക്കിയ ഭൗതിക സാഹചര്യങ്ങളെ മനസ്സിലാക്കുക എന്നത് അതിനെ പറ്റിയുള്ള പൊതുസിദ്ധാന്തം രൂപീകരിക്കുന്നതില്‍ ആവശ്യമായി വരുന്ന ഒന്നാണ്.  ഭൗതിക തലത്തില്‍ സമൂലമായ മാറ്റങ്ങള്‍ ഉണ്ടായ സമയത്താണ് ഇന്ത്യയില്‍ സൂഫി-ഭക്തി പ്രസ്ഥാനങ്ങൾ ആവിർഭവിക്കുന്നതും വികസിക്കുന്നതും. ജാതി ജൈവ രാഷ്ട്രീയം അടിസ്ഥാനപ്പെടുത്തിയുള്ള സമ്പദ്ഘടനയോടുള്ള സുല്‍ത്താന്‍ ഭരണകൂടത്തിന്റെ വെല്ലുവിളിയും മുഗള്‍ സമ്പത്ത് വ്യവസ്ഥയിലെ മിച്ച മൂല്യ മാറ്റവും ആഗോള വ്യാപനവും വലിയ അളവില്‍ ഭൗതിക മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.  ഇത് ജാതി ജൈവ രാഷ്ട്രീയത്തെ വ്യത്യസ്ത തരത്തില്‍ ഇല്ലാതാക്കിയിട്ടുണ്ട്. കരകൗശല വിഭാഗക്കാര്‍ ആഗോളവ്യാപനത്തിന്റെ ഭാഗമാവുകയും മുഗള്‍ നാണയോൽപാദനത്തിൽ പങ്കാളികളാവുകയുമുണ്ടായി(ഒംവേദ്, 2008). കൂടാതെ, കാര്‍ഷിക ജാതി വിഭാഗക്കാര്‍ പ്രത്യേക തരത്തിലുള്ള തൊഴില്‍-കൂലി(Wage-labour) വ്യവസ്ഥയിൽ തൊഴിലാളി വര്‍ഗ്ഗമായി പരിണമിക്കുകയുമുണ്ടായി. ഇത് സോഷ്യൽ എന്നതിനെ പുതിയ വഴികളിൽ സാധ്യമാക്കുകയും ഭൗതികമായും സാമൂഹികതയോടുള്ള ഇസ്‌ലാമിന്റെ മതപരമായ സമീപനത്തിലൂടെയും സാമൂഹികതയുടെ ‘സ്വതന്ത്രമായ’ രൂപപ്പെടലുകൾ ഉണ്ടായിത്തീരുകയും ചെയ്തതായി വകങ്കാർ വാദിക്കുന്നു(വകങ്കര്‍, 2010). എന്നാല്‍ ഈ പുതിയ സമ്പദ് വ്യവസ്ഥ അപ്പോഴും വലിയ അളവില്‍ അസമത്വത്തിലും പാരമ്പര്യമായ തൊഴില്‍ വിഭജനത്തിലും തുടർന്നു വന്നു.  അത് ആധുനികതയുടെ തുടക്കത്തില്‍ കൃത്യമായ അധികാരബന്ധങ്ങളെയും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള വിഷയികളെയും സൗത്ത് ഏഷ്യയില്‍ രൂപീകരിച്ചു.

സൂഫി-ഭക്തി പ്രതിഭാസങ്ങള്‍ കീഴാള ജനതക്ക് പുതിയ സാമൂഹിക ബന്ധങ്ങള്‍ രൂപപ്പെടുത്താൻ ഇത്തരം പുതിയ സ്വതന്ത്ര സാമൂഹികതയെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നാണ് ഇവിടെ മുന്നോട്ട് വെച്ച പൊതുസിദ്ധാന്തം വാദിക്കുന്നത്. ഇത് രണ്ട് തരത്തിലുള്ള പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മാര്‍ക്‌സോ-സ്പിനോസിയന്‍ ചിന്തയിലെ ‘വൈകാരികത’  പരസ്പര ബന്ധങ്ങളെ(common relations) എതിര്‍ക്കുന്ന ഒന്നല്ല, മറിച്ച് അതിനെ ദൃശ്യമായി രൂപീകരിക്കുന്നതാണ്. നേര്‍വിപരീതമായി സൂഫിസം-ഭക്തി പ്രസ്ഥാനം ഫന്റാസ്റ്റിക് അഫക്റ്റ് പ്രൊഡക്ഷനിലൂടെ ഈ അധികാര ബന്ധവുമായി താദാത്മ്യപ്പെടുന്നുണ്ട്. സൂഫിസത്തെയും ഭക്തി പ്രസ്ഥാനത്തെയും ഏറ്റെടുക്കാന്‍ അധികാര-ബന്ധങ്ങള്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്.   സൂഫീ ഘടനയില്‍ ഭൂരിഭാഗവും മുഗള്‍ ഭരണകൂടവുമായും പ്രാദേശികപ്രമാണികളുമായും ചേർന്നു നില്‍ക്കുകയും ഭക്തി പൊതുവായി ജാതി യാഥാസ്ഥികതയില്‍ അലിഞ്ഞ് ചേരുകയുമുണ്ടായി (ഒംവേദ്, 2008;30).

ദെല്യൂസിയൻ ഭവശാസ്ത്രത്തിൽ വൈകാരിക സമീപനത്തിന്റെ അന്തർലീനത(Immanence) പ്രതീതിയുടെ മണ്ഡലത്തിലേക്കും(Virtual spectre) നയിക്കും; പാലായന പഥങ്ങളുടെ(Lines of flights) സാധ്യത എന്നത് അധികാരത്തിന്റെയും വിധേയത്വത്തിന്റെയും ഘടകങ്ങളെ വെല്ലുവിളിക്കാൻ അതിന് കഴിയും എന്നതാണ്. (Deleuze 2001: 97).  മലബാര്‍ വിപ്ലവത്തിൽ ഇത് കൃത്യമായി കാണാന്‍ കഴിയും, സൂഫി പണ്ഡിതർ ഭൂവുടമകൾക്കെതിരെയും ജാതി/സമ്പത്ത് ബന്ധങ്ങൾക്കെതിരെയും സായുധ കലാപത്തിന് ആഹ്വാനം ചെയ്തതായി കാണാം(പണിക്കര്‍, 1989;116). ദക്ഷിണ കേരളത്തില്‍ അയ്യങ്കാളിയെ പോലുള്ള ഭക്തി പിന്‍ഗാമികള്‍ തൊട്ടുകൂടായ്മയെ ശക്തമായി എതിര്‍ത്തതായും കാണാം(നിസാര്‍&കന്ദസാമി, 2007). ഈ പാലായന പഥങ്ങൾ വൈകാരിക കേന്ദ്രത്തിൽ നിന്ന് ഭിന്നമല്ല. മറിച്ച് ഭവശാസ്ത്രപരവും താത്വികമവുമായ, വൈകാരിക മണ്ഡലത്തിൽ നിന്ന് ഉൽപാദിതമാകുന്ന, സ്ഥാനഭ്രംശത്തെയും അപസ്ഥാപനവൽരണത്തെയുമാണ് അത് പിന്തുടരുന്നത്. ശരിയായ അർത്ഥത്തിലുള്ള ഒരു വിമോചിത സാമൂഹിക ഇടത്തെയാണത് ലക്ഷ്യം വെക്കുന്നത്.

ആധുനിക സൗത്ത് ഏഷ്യയില്‍, സൂഫിസവും ഭക്തി പ്രസ്ഥാനങ്ങളും വ്യത്യസ്ത രൂപങ്ങളില്‍ പ്രവർത്തിച്ചതായി കാണാം. രാഷ്ട്രീയമായ ഏറ്റെടുക്കലുകളും (ഹിന്ദു ദേശീയ വാദികള്‍ ഭക്തി പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നത്) ഉപഭോഗവൽക്കരണവും (കോക് സ്റ്റുഡിയോ സൂഫിസവും സൂഫി ആത്മീയതയുടെ പൊതുവായ സാംസ്‌കാരിക മൂലധനവും) മൂലം സൂഫി-ഭക്തി പ്രസ്ഥാനങ്ങൾ അതിന്റെ ഉപരിപ്ലവ സ്വത്വത്തില്‍ ചുരുങ്ങുകയും അതിന്റെ സാമൂഹികത വലിയ തരത്തില്‍ ഇല്ലാതാക്കപ്പെടുകയുമുണ്ടായി, എന്നാല്‍ പുതിയ തരത്തിലുള്ള ദലിത്-ന്യൂനപക്ഷ റാഡിക്കല്‍ ആക്റ്റിവിസം ഈ സാമൂഹിക ശക്തിയെ വീണ്ടെടുക്കാന്‍ ശ്രമിക്കുകയും പുതിയ സാമൂഹികതകള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്, പുതിയ കൂടിച്ചേരലുകളും പുതിയ പലായന പഥങ്ങളുമാണത് (സല്‍മി, 2017).


*അഫക്ട്/അഫക്റ്റീവ് ടേൺ എന്നത് ഫ്രഞ്ചിൽ ഉപയോഗിക്കുന്നത് വൈകാരികത എന്ന അർത്ഥത്തിലല്ല. വൈകാരികത എന്നത് അഫക്റ്റിന്റെ ആത്മനിഷ്ഠപരമായ ഭാഗമാണ്. വികാരം എന്നതിലുപരി നമ്മുടെ അനുഭവങ്ങളുടെ ഘടനകളുടെ ശരീരശാസ്ത്രപരവും സാമൂഹികവും വ്യക്തികൾ തമ്മിലുള്ളതുമായ ആന്തരികവൽക്കരിച്ച ഘടകങ്ങളുടെ ആകെത്തുകയാണ് അഫക്ട്. വൈകാരികത എന്ന മലയാള പദത്തിനെ ഇവിടെ ഈ അർത്ഥത്തിൽ വേണം മനസ്സിലാക്കാൻ. ലേഖനത്തിലുടനീളം അഫക്റ്റിന്റെ വിവർത്തനം വൈകാരികത എന്നാണ് ഉപയോഗിച്ചിരിക്കുന്നത്

അബ്ദുല്‍ വാജിദ്‌

Global Screen Arts, SOAS London