Campus Alive

ദെല്യൂസും ഗുത്താരിയും ‘വ്യത്യസ്തത’കളുടെ ആഘോഷവും

”എങ്ങനെയാണ് വ്യത്യസ്തങ്ങളായ ആലോചനകളും ചിന്തകളും സമീപനങ്ങളുമുള്ള രണ്ടുപേര്‍ (ദെല്യൂസും ഗുത്താരിയും) ഇരുപത് വര്‍ഷത്തോളം ഒരുമിച്ച് ബൗദ്ധികജീവിതം നയിച്ചത്?’ ഫ്രാന്‍ഗോയ്‌സ് ഡോസ്സെ ആണ് ഈ ചോദ്യം ചോദിച്ചത്. ഞാന്‍ മനസ്സിലാക്കുന്നത് ഐഡന്റിറ്റിയോടുളള വിമര്‍ശനമായിരുന്നു അവരെ ഒന്നിച്ചത് എന്നാണ്. ദെല്യൂസും ഗുത്താരിയും വ്യക്തിവാദ വിരുദ്ധരായിരുന്നു. രാഷ്ട്രീയം, സൈക്കോതെറാപ്പി, ഫിലോസഫി തുടങ്ങിയ മുഴുവന്‍ മേഖലകളിലും വ്യക്തി എന്നത് യാഥാര്‍ത്ഥ്യത്തെ മറക്കുകയാണ് ചെയ്യുന്നത് എന്നായിരുന്നു അവരുടെ വാദം. അതുകൊണ്ടുതന്നെ ഐഡന്റിറ്റിക്കപ്പുറമുള്ള ഒരു ജീവിതത്തെയും യാഥാര്‍ത്ഥ്യത്തെയും കുറിച്ചാണ് അവര്‍ ആലോചിച്ചത്. ഒരു വ്യക്തിയുടെ ബീംയിംങ്ങ് എന്നതിനപ്പുറം ഒരു കമ്മ്യൂണിറ്റിയുടെ ബീയിംങ്ങ് എന്നതായിരുന്നു അവരുടെ കണ്‍സേണ്‍. ഐഡന്റിറ്റി പൊളിറ്റിക്‌സിന്റെ ഭാഷയിലായിരുന്നില്ല അവര്‍ സംസാരിച്ചിരുന്നത്.

ഫ്രഞ്ച് വിപ്ലവത്തിന്റെ സന്ദര്‍ഭത്തിലാണ് ഗുത്താരി ദെല്യൂസിന്റെ വര്‍ക്കുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്. പ്രധാനമായും ഡേവിഡ് ഹ്യൂം, സ്പിനോസ, കാന്റ്, നീത്‌ഷേ തുടങ്ങിയ വെസ്‌റ്റേണ്‍ ഫിലോസഫിക്കല്‍ പാരമ്പര്യത്തില്‍ നിന്നുവരുന്ന ചിന്തകളെ ദെല്യൂസ് വികസിപ്പിക്കുകയാണ് ചെയ്യുന്നത്. Difference of Repetition, The Logic of Sense എന്നിവയാണ് ദെല്യൂസിന്റെ പ്രധാനപ്പെട്ട രണ്ടു പുസ്തകങ്ങള്‍. എന്നാല്‍ അതുവരെയുള്ള വെസ്റ്റേണ്‍ ഫിലോസഫിക്കല്‍ പാരമ്പര്യത്തില്‍ നിന്ന് വ്യത്യസ്തമായി ദെല്യൂസ് പറയുന്നത് ചിന്ത പ്രതിനിധാനപരമല്ല എന്നാണ്. മറിച്ച്, ചിന്ത ക്രിയേറ്റീവ് ആണ് എന്നാണദ്ദേഹം പറയുന്നത്. മാത്രമല്ല, എന്തൊന്നിനെക്കുറിച്ചാണോ ചിന്തിച്ചു കൊണ്ടിരിക്കുന്നത് അതുമായി ചിന്തക്ക് വേര്‍പിരിയുക സാധ്യമല്ല.

സത്യത്തിന്റെ മര്‍മ്മവും അടിസ്ഥാനവും ഐഡന്റിറ്റിയാണ് എന്നാണ് പ്ലാറ്റോയും ദെക്കാര്‍ത്തെയും പറയുന്നത്. എന്നാല്‍ ദെല്യൂസിനെ സംബന്ധിച്ചിടത്തോളം difference ല്‍ നിന്നാണ് ചിന്തയുണ്ടാവുന്നത്. അല്ലാതെ, ഐഡന്റിറ്റിയില്‍ നിന്നല്ല. അതിനാല്‍ തന്നെ ഐഡന്റിറ്റിക്കപ്പുറത്ത് ചിന്ത സാധ്യമാകേണ്ടതുണ്ട് എന്നാണ് ദെല്യൂസ് പറയുന്നത്. അഥവാ, difference ലൂടെയാണ് ലോകം നിലനില്‍ക്കുന്നത്. വ്യക്തികളിലൂടെയും ഐഡന്റിറ്റികളിലൂടെയുമല്ല. ഉദാഹരണത്തിന് കല്ല് എന്ന വളരെ അബ്‌സ്ട്രാക്റ്റ് ആയ വസ്തു നിലനില്‍ക്കുന്നില്ല. മറിച്ച് പരസ്പരം വ്യത്യസ്തമായ കല്ലുകളാണ് നിലനില്‍ക്കുന്നത്.

1968 ലാണ് Machine and Structure എന്ന തലക്കെട്ടില്‍ ഗുത്താരി ദെല്യൂസിനെക്കുറിച്ച് ഒരു പഠനം എഴുതുന്നത്. ലക്കാനിയന്‍ ഫിലോസഫിക്കുള്ള ഒരു വിമര്‍ശനമായാണ് ആ പഠനത്തില്‍ ഗുത്താരി ദെല്യൂസിനെ കൊണ്ടുവരുന്നത്. ലക്കാന്‍ desire നെ ഒരു ഒബ്ജക്ട് ആയാണ് കാണുന്നതെങ്കില്‍ ദെല്യൂസ് ഒരു പ്രൊഡക്ടീവ് ഫോര്‍സ് ആയാണ് ഡിസൈറിനെ മനസ്സിലാക്കുന്നത്. desire നെ നിരന്തരമായി ഒരു പ്രക്രിയ എന്ന നിലക്ക് ഉല്‍പ്പാദിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു മെഷീനോ ഫാക്ടറിയോ ആയി ഹ്യൂമന്‍ ബോഡിയെ മനസ്സിലാക്കണമെന്നാണ് ദെല്യൂസ് പറയുന്നത്. ലക്കാന്റെ ഡിസൈര്‍ എന്ന ആശയത്തിനുള്ള റാഡിക്കലായ വിമര്‍ശനമായിരുന്നു അത്. അതുകൊണ്ടായിരിക്കാം ഗുത്താരിയുടെ ആ പഠനം പ്രസിദ്ധീകരിക്കുന്നത് തടയാന്‍ ലക്കാന്‍ ശ്രമിച്ചത്. എന്നാല്‍ തന്റെ പഠനം നേരിട്ട് ദെല്യൂസിനയച്ച് കൊടുക്കുകയാണ് ഗുത്താരി ചെയ്തത്. അങ്ങനെയാണ് ദെല്യൂസും ഗുത്താരിയും തമ്മിലുള്ള ബൗദ്ധിക ബന്ധത്തിന് തുടക്കം കുറിക്കപ്പെടുന്നത്.

രണ്ടുപേരും ചേര്‍ന്നെഴുതിയ ആദ്യത്തെ വര്‍ക്കാണ് Anti-Oedipus. ഡിസൈറും റിയാലിറ്റിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ആ പുസ്തകം പറയുന്നത്. മാത്രമല്ല, സൈക്കോഅനാലിസിസും ഫിലോസഫിയും നേരിടുന്ന വെല്ലുവിളികളെ സമകാലിക രാഷ്ട്രീയവുമായാണ് അവര്‍ ബന്ധപ്പെടുത്തുന്നത്. മെറ്റീരിയല്‍ ലോകവുമായി എങ്ങനെയാണ് ഡിസൈര്‍ ബന്ധപ്പെട്ടു കിടക്കുന്നത് എന്നാണ് പുസ്തകം അന്വേഷിക്കുന്നത്. ഡിസൈര്‍ വ്യക്തിപരമല്ല എന്നതാണ് ദെല്യൂസിന്റെയും ഗുത്താരിയുടെയും പ്രധാന വാദം. ആളുകളിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഡിസൈര്‍. അഥവാ, മനുഷ്യരുടെ അടിസ്ഥാനപരമായ പ്രേരണ ഡിസൈര്‍ ആണ്. അതേ സമയം mutliplicity എന്ന ആശയത്തിലൂടെ മാത്രമേ ഡിസൈറിനെ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. കാരണം ഏകോന്‍മുഖമായതോ വ്യക്തിപരമായതോ ആയ ഡിസൈര്‍ നിലനില്‍ക്കുന്നില്ല. ഡിസൈറിനെ അങ്ങനെ മനസ്സിലാക്കാനും കഴിയില്ല. അതുകൊണ്ടാണ് മള്‍ട്ടിപ്ലിസിറ്റി എന്ന ആശയം ദെല്യൂസും ഗുത്താരിയും കൊണ്ടുവരുന്നത്.

ക്യാപ്പിറ്റലിസ്റ്റ് സമൂഹം ചെയ്യുന്നത് ഡിസൈറിനെ വ്യക്തിയുമായി ചേര്‍ക്കുകയാണ്. സിഗ്മണ്ട് ഫ്രോയ്ഡ് ഡിസയറിനെ അങ്ങനെയാണ് മനസ്സിലാക്കിയത്. അങ്ങനെ ക്യാപ്പിറ്റലിസ്റ്റ് ലോകക്രമത്തില്‍ നിന്ന് തെറ്റിനില്‍ക്കുന്ന ഒരു individual desire സാധ്യമല്ല എന്നതായിരുന്നു ദെല്യൂസിന്റെയും ഗുത്താരിയുടെയും വാദം. ഉദാഹരണത്തിന് ന്യൂക്ലിയര്‍ ഫാമിലിയെ എടുക്കാം. അവിടെ മാതാവാണ് ഡിസയറിംങ്ങ് ഒബ്ജക്ട്. എന്നാല്‍ അതില്‍ നിന്ന് നമ്മെ തടയുന്നത് പിതാവ് എന്ന അധികാരമാണ്. അതിന്റെ ഫലമായി വളരെ പാസ്സീവായ ഒരു സബ്ജക്ട് കുടുംബത്തില്‍ രൂപം കൊള്ളുന്നു. സൈക്കോഅനാലിസ് ഇവിടെ ചെയ്യുന്നത് ക്യാപിറ്റലിസത്തിന്റെ ഒരു പോലീസ് ഫോര്‍സ് ആയി പ്രവര്‍ത്തിക്കുക എന്നതാണ്. അങ്ങനെ ‘തെറിച്ചു’ നില്‍ക്കുന്ന സബ്ജക്ടുകളെയെല്ലാം നേരെയാക്കി നല്ലവരാക്കുന്ന പണിയാണ് സൈക്കോഅനാലിസിസ് ചെയ്യുന്നത് എന്നാണ് ദെല്യൂസും ഗുത്താരിയും പറയുന്നത്. അതിനു വിപരീതമായി അവര്‍ കൊണ്ടുവരുന്നത് schizoanalysis എന്ന ആശയമാണ്. നിരന്തരമായി ഒരു പ്രക്രിയ എന്ന രീതീയില്‍ ഡിസൈര്‍ ഉല്‍പ്പാദിപ്പിക്കുന്ന സബ്ജക്ടുകളെക്കുറിച്ചാണ് അത് പറയുന്നത്. അത്തരം സബ്ജക്ടുകളെ schizophrenic ആയ സബ്ജക്ടുകള്‍ എന്നാണ് പറയുക. വളരെ ക്രിയേറ്റീവീയ ഫോര്‍സാണത് എന്നാണ് ദെല്യൂസ് പറയുന്നത്.

ഡിസൈറിന്റെ വിപ്ലവകരമായ ശേഷിയെയാണ് സിസോഫ്രീനിക് ആയ സബ്ജക്ട് പുറത്തുകൊണ്ടുവരുന്നത്. ക്യാപ്പിറ്റലിസത്തില്‍ നിന്നും വിമുക്തമായ ഡിസൈറിനെയാണ് സിസോഫ്രീനിയ ഉല്‍പ്പാദിപ്പിക്കുന്നത്. അതിലൂടെ ‘വെളുത്ത പരുഷന്‍’ (white male) എന്ന സബ്ജക്ടിന് പുറത്ത് നോണ്‍ റിലേഷനലായ പുതിയ ആയിത്തീരലുകള്‍ (becoming) ഉണ്ടാവുന്നു.

Anti-Oedipus ഉം A Thousand Plateaus ഉം മാത്രമായിരുന്നില്ല ദെല്യൂസും ഗുത്താരിയും ഒരുമിച്ച് ചെയ്ത വര്‍ക്കുകള്‍. what is philosophy? എന്ന പുസ്തകമാണ് അവര്‍ അവസാനം ചെയ്ത വര്‍ക്ക്. തങ്ങളുടെ ഐഡന്റിറ്റികളെ സ്ഥാപിച്ചു കൊണ്ടായിരുന്നില്ല അവര്‍ നിലനിന്നത്. മറിച്ച് ഓരോരുത്തരുടെയും സിംഗുലാരിറ്റിയെ ആഘോഷിച്ചു കൊണ്ടുതന്നെ വ്യത്യസ്തതകളിലൂടെ (Multiplicity) നിലനില്‍ക്കാനാണ് അവര്‍ ശ്രമിച്ചത്.

മുഹമ്മദ് ഫൈസല്‍