Campus Alive

“ലിബറല്‍ വ്യവസ്ഥയാണ് സാമ്രാജ്യത്വത്തെ നിര്‍മ്മിക്കുന്നത്‌.”

(ഇന്ത്യന്‍ നോവലിസ്റ്റും കോളമിസ്റ്റുമായ പങ്കജ് മിശ്രയുമായി മാധ്യമപ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് വെയ്ഡ്‌ നടത്തിയ സംഭാഷണം.)

ഫ്രാന്‍സിസ് വെയ്ഡ്‌: സാമ്രാജ്യത്തിന്റെയും അതിനെ രൂപപ്പെടുത്തുന്ന സ്വാതന്ത്രത്തെയും വികസനത്തിനെയും പറ്റിയുള്ള ലിബറല്‍ ആശയങ്ങളുടെയും വിമര്‍ശകനായാണ് നിങ്ങള്‍ ഉയര്‍ന്നുവന്നത്. എങ്ങനെയാണ് താങ്കളുടെ ചിന്തകള്‍ വികസിച്ചുവന്നതെന്ന് വിശദീകരിക്കാമോ?

പങ്കജ് മിശ്ര: തവിട്ടുനിറക്കാരനായ ഒരിന്ത്യന്‍ എഴുത്തുകാരന്‍ പ്രകൃത്യാ അമേരിക്കന്‍ വിരുദ്ധനും പാശ്ചാത്യവിരുദ്ധനും മൂന്നാം ലോകക്കാരനും കോളനിയാനന്തര ചിന്തകനുമൊക്കെയായാണ് ചിത്രീകരിക്കപ്പെടുന്നതെന്ന് അനുഭവങ്ങളിലൂടെ എനിക്ക് മനസ്സിലായ കാര്യമാണ്. മറ്റനേകം ഇന്ത്യക്കാരെ പോലെ  ആധുനിക സാമ്രാജ്യത്വത്തെയും ഉദാരതാവാദങ്ങളെയും പറ്റിയുള്ള എന്റെ ആലോചനകള്‍ ഇന്ത്യന്‍ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്.

എന്റെ സ്വന്തം കാര്യം എടുത്ത് നോക്കിയാല്‍, കശ്മീരിലെ മാധ്യമപ്രവര്‍ത്തനമാണ് എന്റെ രാഷ്ട്രീയ ചിന്താ മണ്ഡലങ്ങളില്‍ വഴിത്തിരിവുണ്ടാക്കിയതെന്ന് കാണാം. 1999 ല്‍ ഒരു ഇന്ത്യന്‍ പൗരന്റെ എല്ലാവിധ മുന്‍ധാരണകളോടും കൂടിയാണ് ഞാനവിടെ എത്തുന്നത്. ലിബറല്‍-മതേതര-ജനാധിപത്യ ഇന്ത്യയുമായി ചേര്‍ന്നുനില്‍ക്കുന്നതാണ് പാകിസ്താനെക്കാള്‍ കശ്മീരി മുസ്‌ലിമിന് നല്ലതെന്ന് ചില ആളുകള്‍ പറയാറുണ്ട്. കാരണം ഇന്ത്യ അതിലെ പൗരന്‍മാര്‍ക്ക് കൂടുതല്‍ സ്വാതന്ത്രവും പുരോഗതിയും പ്രദാനം ചെയ്യുന്നതായി അവര്‍ കരുതുന്നു. യഥാര്‍ഥത്തില്‍, ഇന്ത്യക്ക് ഒരു സാംസ്‌കാരിക പദ്ധതി ഉണ്ടായിരുന്നു. അതിന് കശ്മീരിലെ ആഴത്തില്‍ മതബോധമുള്ള മുസ്‌ലിംകളെ മതേതരഭാവനക്കകത്ത് നിന്നും നോക്കിക്കാണേണ്ടിയിരുന്നു, ആവശ്യമെങ്കില്‍ ശക്തി ഉപയോഗിച്ചും. കശ്മീരിലെ ഇന്ത്യയുടെ സൈനികനീക്കങ്ങളുടെ നടുക്കുന്ന യാഥാര്‍ഥ്യങ്ങളും അതിലെ പ്രകടമായ വഞ്ചനയും കാപട്യവും പാശ്ചാത്യ സാമ്രാജ്യത്വത്തെയും അതിന്റെ വികസനത്തെകുറിച്ചുള്ള വാചാലതകളെയും വിമര്‍ശനവിധേയമാക്കാന്‍ എന്നെ സഹായിച്ചിട്ടുണ്ട്.. 25000 വാക്കുകളുള്ള സാമാന്യം ദീര്‍ഘമായ കശ്മീരിനെ പറ്റിയുള്ള എന്റെ ലേഖനപരമ്പര ദ ഹിന്ദുവിലും ദ ന്യൂയോര്‍ക്ക് റിവ്യൂ ഓഫ് ബുക്‌സിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വയം പ്രഖ്യാപിത ലിബറലുകള്‍ ഉദ്‌ഘോഷിക്കുന്ന പാശ്ചാത്യ സാമ്രാജ്യത്വത്തിനെതിരെ കലഹിച്ച് നേടിയെടുത്ത സ്വാതന്ത്രത്തില്‍ അഭിമാനിക്കുന്ന ഇന്ത്യന്‍ ജനാധിപത്യം, അത് സ്വയം ഒരു ഭീകര സാമ്രാജ്യമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ആ ലേഖനത്തില്‍ ഞാന്‍ ഏറ്റവും ശക്തമായി വാദിച്ചത്.

കശ്മീരിനെ പറ്റി എഴുതുക എന്നത് അസാധാരണവും വേദനിപ്പിക്കുന്നവിധം ഒറ്റപ്പെടുന്നതുമായ ഒരനുഭവവും അതേസമയം ഏറ്റവും നിര്‍ണ്ണായകവുമായ ഒന്നാണ്. നിങ്ങള്‍ ഇന്ത്യക്കാരനോ അമേരിക്കക്കാരനോ കറുത്തവനോ ചാരനിറക്കാരനോ ആയിക്കോട്ടെ, മതേതരത്വവും ലിബറലിസവും പോലുള്ള പരികല്‍പ്പനകളില്‍ നിങ്ങള്‍ ധാര്‍മികമായി ലയിച്ചുപോകേണ്ടതില്ല എന്ന് കശ്മീരിനെ പറ്റി എഴുതുമ്പോള്‍ എനിക്ക് ബോധ്യപ്പെട്ടു. അത് വ്യത്യസ്തമായ ചില ആശയങ്ങളെ ഉള്‍ക്കൊള്ളാന്‍ നമ്മെ പ്രാപ്തരാക്കുന്നതോടെ ചരിത്രത്തിന്റെ യഥാര്‍ഥ സ്ഥാനത്ത് നമ്മെ കൊണ്ടെത്തിക്കും. അത് അധികാരത്തെ നിലനിര്‍ത്തിക്കൊണ്ട് പോരുന്ന വ്യവസ്ഥയെ ചോദ്യം ചെയ്യുകയും അതിന്റെ താല്‍പര്യങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. ആരാണ് മതേതരത്വം, ലിബറലിസം തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചുകാണ്ടിരിക്കുന്നതെന്നും എന്തിനാണ് അത്തരം വാക്കുകള്‍ ഉപയോഗപ്പെടുത്തുന്നതെന്നും അത്‌ ചോദിച്ചുകൊണ്ടിരിക്കും.

ഇന്ത്യന്‍ ലിബറലുകളുടെയും ചില ഇടത് ചിന്തകരുടെയും കശ്മീരിനെ പറ്റിയുള്ള വ്യാജ ആരോപണങ്ങളും കപടവാദങ്ങളും ഇറാഖില്‍ ബുഷ് ഭരണകൂടം നടത്തിയ ആക്രമണങ്ങളെ ലിബറല്‍ ചിന്തകര്‍ സ്വാതന്ത്രത്തിന്റെയും ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും ആലങ്കാരികത നല്‍കി ന്യായീകരിക്കുന്നതാണെന്ന് തിരിച്ചറിയാന്‍ എന്നെ പ്രാപ്തനാക്കി. അത്തരം ആലങ്കാരികതകള്‍ 19-ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ സാമ്രാജ്യത്വവാദികളാണ് ആദ്യമായി ഉപയോഗിച്ചതെന്ന് കാണാം.  മറ്റുള്ളവരുടെ അതിര്‍ത്തികള്‍ക്കകത്തും സംസ്‌കാരത്തിലും സ്വാധീനം ചെലുത്തുന്നതും അവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും നാഗരികതയുടെ മനോഹരമായ ഉപകരണമാണെന്നും ജനങ്ങളെ കൂടുതല്‍ പുരോഗമനത്തിലേക്കെത്തിക്കാന്‍ അത്തരത്തിലുള്ള വിമോചനപരമായ സാമ്രാജ്യത്വമാണ് ആവശ്യമാണെന്നും ആംഗ്ലോ-അമേരിക്കക്കാരെ പറഞ്ഞുവിശ്വസിപ്പിച്ച നിയല്‍ ഫെര്‍ഗൂസനെ(Niall Ferguson) പോലുള്ള ആളുകളുടെ പൊള്ളത്തരങ്ങളെ ചോദ്യം ചെയ്യാന്‍ കശ്മീരിലെ ഇത്തരമൊരു അനുഭവം എന്നെ ശീലിപ്പിച്ചിട്ടുണ്ട്.

ലിബറല്‍ ആധുനികത നിയന്ത്രണാധീതമായ ശക്തികളെ തുറന്നുവിട്ടുകൊണ്ട് സ്വയം നാശത്തില്‍ ചെന്നെത്തിയിരിക്കുന്നു എന്ന് നിങ്ങള്‍ വാദിക്കുന്നു. ഇത്തരം ശക്തികള്‍ അടിച്ചമര്‍ത്തപ്പെട്ട രാഷ്ട്രങ്ങളുടെ അവകാശങ്ങളെ അവര്‍ക്ക് തിരിച്ചുകൊടുക്കുന്നില്ലേ? അത് വ്യക്തിയുടെ പരമാധികാരത്തിന് ബലം നല്‍കുന്നില്ലേ?

ഈ ചോദ്യത്തിന് ഒരുപാട് തരത്തില്‍ ഉത്തരം നല്‍കാമെന്ന് തോന്നുന്നു. അപ്പോഴും ജീവിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളാണ് ഒരാളുടെ നിലപാടുകളെ നിര്‍ണ്ണയിക്കുന്നത്. ലിബറലിസത്തിന്റെ കേന്ദ്രമായി വരുന്ന വ്യക്തിസ്വാതന്ത്രം സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ എങ്ങനെയാണ് അത് സംരക്ഷിക്കപ്പെടേണ്ടത്? അല്ലെങ്കില്‍ ആരാണ് അത് സംരക്ഷിക്കേണ്ടത്? അതാണ്‌ ഇവിടെ ചോദ്യം. ഇവിടെയുള്ള സ്വയം പ്രഖ്യാപിത ലിബറലുകള്‍ വ്യക്തിസ്വാതന്ത്രത്തിന്റെ ഏറ്റവും വലിയ സംരക്ഷകരാണോ? സ്വയം ലിബറലാണെന്ന് പറഞ്ഞുനടക്കുന്ന ശക്തിയും സ്വാധീനവുമുള്ള ആളുകള്‍ അവരുടെ ജോലിക്കും സാമ്പത്തികതാല്‍പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുകയും അതേസമയം പുരോഗമനത്തിനായി പണിയെടുക്കുന്നവനാണെന്ന് സ്വയം അഭിമാനിക്കുന്നതായും കാണാം. അധികാരമോഹികളായ ഇത്തരക്കാരെ ഇന്ത്യയിലും അമേരിക്കയിലും ബ്രിട്ടണിലും കാണാം. ബുഷിന്റെ ഫലപ്രദരായ വിഡ്ഢികള്‍ക്ക്(Useful Idiots)( ടോണി ജൂഡിന്റെ പ്രയോഗം) സമാനരായ ആളുകള്‍ ഇന്ത്യയിലുമുണ്ട്‌. പ്രധാനമന്ത്രി മോദിയെ ഇവിടുത്തെ ചില ലിബറലുകള്‍ മഹാനായ ആധുനികതാവാദിയായാണ് കണക്കാക്കുന്നത്. അവര്‍ അധികാരത്തെ നിലനിര്‍ത്തുന്നതിനായി ഉപദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. അധികാരം അവരെ നിരാകരിക്കുകയോ അല്ലെങ്കില്‍ അവരെ അവഗണിക്കുകയോ ചെയ്യുമ്പോള്‍ മാത്രമാണ് അതിനെതിരെ അവര്‍ സംസാരിക്കുന്നത്. ലിബറലിസത്തിന്റെ വക്താക്കളായ ആളുകള്‍ അന്നേരം പ്രതിരോധത്തിന്റെ പാത സ്വീകരിക്കുകയും അവരെ മഹത്തുക്കളായി കണക്കാക്കുന്ന സാമൂഹികസ്ഥിതിയിലേക്ക് രാജ്യത്തെ തിരിച്ചുകൊണ്ടുവരാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു.

ട്രംപിസവും മറ്റു ഏകാധിപത്യങ്ങളും ശക്തിപ്പെടുമ്പോള്‍ ലിബറലുകള്‍ അവരെ ഒരു തരം സദാചാരഭീഷണിയുടെ സ്വരത്തില്‍ വിമര്‍ശിക്കുന്നതായി കാണാം. നിങ്ങള്‍ സമാധാനവും സുസ്ഥിരതയും മറ്റൊരുപാട് നന്മകളും ചരിത്രപരമായിത്തന്നെ ഉറപ്പുനല്‍കുന്ന ലിബറല്‍ വ്യവസ്ഥക്കെതിരെയാണോ? എന്ന വ്യാജമായ ചരിത്രവിവരണമാണ്‌ അവര്‍ വിമര്‍ശനമായി ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ലിബറലിസം എന്ന് വാചാലമാവുന്ന വ്യവസ്ഥിതി തന്നെയാണ് ട്രംപിനെ പോലുള്ള ഏകാധിപതികളെ അധികാരത്തിലെത്തിക്കുന്നതും എന്ന് കാണാം. കാരണം ലിബറലിസം മനുഷ്യനെ മാര്‍ക്കറ്റിലേക്ക് തരം താഴ്ത്തുകയും സാമൂഹികബന്ധങ്ങളുടെ സ്ഥാനത്ത് മാര്‍ക്കറ്റ് റിലേഷനുകളെ പ്രതിഷ്ഠിക്കുകയും ആര്‍ത്തി എന്നത് തെറ്റല്ലെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു. ലിബറലിസം ഒരേസമയം വ്യക്തിസ്വാതന്ത്രത്തിന് വേണ്ടിയും വ്യക്തിയുടെ കര്‍തൃത്വത്തിന് വേണ്ടിയുമെല്ലാം വാദിക്കുകയും അതേസമയം മാര്‍ക്കറ്റ് മനുഷ്യന്റെ ഭാവിയെ പറ്റിയുള്ള ആലോചനകളെ അസാധ്യമാക്കുകയും ചെയ്യുന്നുണ്ട്. അത് വ്യക്തിയെ ദീര്‍ഘകാലത്തേക്കുള്ള കടബാധിതനാക്കുകയും അവരെ സ്‌റ്റോക്ക് മാര്‍ക്കറ്റുകളിലെ ചൂതാട്ടക്കാരനാക്കുകയും ചെയ്യുന്നു. ലിബറല്‍ മുതലാളിത്തം ആഗോളതലത്തില്‍ ഒരുതരം മധ്യവര്‍ഗ്ഗത്തെ ഉണ്ടാക്കിയെടുക്കുകയും ബൂര്‍ഷ്വാ ജനാധിപത്യ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ തീര്‍ത്തും വിപരീതമായ നേട്ടമാണ് അതിനുണ്ടായത്: അത് ദീര്‍ഘവീക്ഷണമില്ലായ്മയിലേക്കും അനിശ്ചിതത്വത്തിലേക്കും നമ്മെ കൊണ്ടെത്തിച്ചു. അത് ജനങ്ങളെ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുന്ന നേതാക്കന്‍മാരെ ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ലിബറലിസത്തെ  അത് നിയന്ത്രണാധീതമാക്കുകയും സ്വന്തം കുഴിമാടം തന്നെ വെട്ടിക്കൊണ്ടിരിക്കു കയുമാണ്‌.

19-ാം നൂറ്റാണ്ടു മുതല്‍ തന്നെ സംസ്‌കാരമുള്ളവനും(Civilized) സംസ്‌കാരരഹിതനും(Un-civilized) എന്ന അതിര്‍ത്തികള്‍ നിര്‍മ്മിച്ചുകൊണ്ടല്ലേ സ്വാതന്ത്രത്തെയും പുരോഗതിയെയും പറ്റിയുള്ള ലിബറല്‍ ആലോചനകള്‍ കൃത്യമായും ശാസ്ത്രത്തിനകത്ത് പോലും വംശീയതയെ സാധ്യമാക്കിയത്?

അതെ, സമ്പന്നനായ വെളുത്തവന്റെ പ്രത്യയശാസ്ത്രമെന്ന നിലയില്‍ ലിബറലിസം വംശത്തിന്റെയും വര്‍ഗ്ഗത്തിന്റെയും  അധികാരശ്രേണികളെ സ്ഥാപനവത്കരിച്ചും സംസ്‌കാമുള്ളവനും ഇല്ലാത്തവനും തമ്മില്‍ വ്യവസ്ഥാപിതമായ അതിര്‍ത്തികള്‍ നിശ്ചയിച്ചുമാണ് നിലവില്‍ വരുന്നത്. ജോണ്‍ സ്റ്റുവര്‍ട്ട് മില്ലുമുതല്‍ തോമസ് ജെഫേര്‍സണ്‍ വരെ വ്യക്തിസ്വാതന്ത്രവും യുക്തിഭദ്രതയും തീരേ ചെറിയ ഒരു വിഭാഗത്തിന്റെ കുത്തകയായാണ് മനസ്സിലാക്കിയത്. കൊളോണിയലിസ്റ്റുകള്‍ അവരുടെ സ്വാതന്ത്രത്തെ മറ്റുള്ളവരുടെ മൂല്യത്തിനുമേല്‍ സ്ഥാപിക്കുകയാണുണ്ടായത്. അതിനിരയാക്കപ്പെട്ടവര്‍, വെളുത്തവരല്ലാത്ത ആളുകള്‍ 19-ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ തന്നെ ലിബറലിസത്തിന്റെ അടിസ്ഥാനപരമായ ഈ വൈരുധ്യത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ന് ലിബറലിസവും സാമ്രാജ്യത്വവും തമ്മിലുള്ള ബന്ധം പാശ്ചാത്യേതര ശക്തികളുടെ ശക്തമായ വളര്‍ച്ചയിലേക്ക് കൊണ്ടെത്തിച്ചിട്ടുണ്ട്.അത് വലി തരത്തിലുള്ള സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിച്ചിട്ടുണ്ട്. ഇത്തരം പ്രതിസന്ധികള്‍ പാശ്ചാത്യ ശക്തികളെ വംശീയവും അസമത്വത്തിന്റേതുമായ അവരുടെ യഥാര്‍ഥമുഖം വെളിവാക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുകയും അവരുടെ നേതാക്കന്‍മാര്‍ വെളുത്തവന്റെ ആധിപത്യത്തെക്കുറിച്ച് വ്യക്തമായി സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പാശ്ചാത്യേതര ലോകത്ത് ലിബറലിസമെന്നത് സമ്പന്നനായ പാശ്ചാത്യന്റെ കളിക്കോപ്പാണ് എന്ന നിലക്ക് അംഗീകരിക്കാന്‍ കഴിയാത്ത ഒന്നായാണ് ആദ്യകാലത്ത് നിലനിന്നിരുന്നത്. എന്നാല്‍ പിന്നീടത് ചെറിയൊരു വിഭാഗത്തിന്റെ ഇഛക്കനുസരിച്ച് ആഗോള മൂല്യമായി വളര്‍ന്നു. പിന്നീടതിന് മറ്റെല്ലാവരുടെയും അതിജീവനത്തിന്റെ ഭാഷ കൈവന്നു എന്നാണ് 2015 ല്‍ ലിബറലിസത്തെ പറ്റിയുള്ള ഒരു സര്‍വേയില്‍ ഞാന്‍ അഭിപ്രായപ്പെട്ടത്.

നൈജീരിയന്‍ ചിന്തകന്‍ ബിയുദന്‍ ജെയിഫോ(Biodun Jeyifo) കലുങ്കിലടക്കപ്പെട്ട അപകോളനീകരണത്തെ(Arrested Decoloniality) പറ്റി വിലപിക്കുന്നുണ്ട്. അഥവാ കോളനിവത്കരിക്കപ്പെട്ട പല രാജ്യങ്ങളിലും പില്‍ക്കാലത്ത് പ്രാദേശിക പ്രമാണിമാര്‍ പാശ്ചാത്യ സാമ്പത്തിക രീതിശാസ്ത്രങ്ങളുപയോഗിച്ച് സാമ്രാജ്യത്വ പദ്ധതികളെ മുന്നോട്ടുകൊണ്ടുപോകുന്നതായി കാണാം. ലിബറല്‍ കാപിറ്റലിസത്തിന്റെ വരവ് യഥാര്‍ഥത്തില്‍ സാമ്രാജ്യത്വത്തെ അവസാനിപ്പിക്കുന്നതിന് പകരം ആന്തരികമായി വികസിപ്പിക്കുകയല്ലേ ചെയ്തത്?

കോളനിയാനന്തര അനുഭവങ്ങള്‍ വളരെ സങ്കീര്‍ണ്ണമായ ഒന്നാണ്. മുതലാളിത്ത സാമ്രാജ്യത്വത്തിനെതിരെ ഏഷ്യയിലും ആഫ്രിക്കയിലുമുണ്ടായ രാഷ്ട്രീയ ചലനങ്ങള്‍ക്കെല്ലാം തന്നെ നേതൃത്വം കൊടുത്തത് പാശ്ചാത്യന്‍ ജ്ഞാനശാസ്ത്രവും പ്രത്യയശാസ്ത്രവും ചിന്താപരമായും വൈകാരികമായും രൂപപ്പെടുത്തിയെടുത്ത പ്രാദേശികമായി കുലീനരായ ആളുകളായിരുന്നു. .അവര്‍ക്ക് പടിഞ്ഞാറിനെ അതിന്റെ തന്നെ അടിത്തറയില്‍ ഇല്ലാതാക്കണമായിരുന്നു. എന്നാല്‍ ബാക്കിയുള്ള പ്രാദേശിക ജനങ്ങള്‍ക്ക് പടിഞ്ഞാറുണ്ടാക്കിയ ലോകത്തേക്ക് എത്രയും പെട്ടെന്ന് കടന്നുവരേണ്ടതുണ്ടായിരുന്നു. അവര്‍ക്ക് ആധുനികവത്കരിക്കപ്പെടുകയും വ്യവസായവത്കരിക്കപ്പെടുകയും നഗരവത്കരിക്കപ്പെടുകയും ചെയ്യേണ്ടിയിരുന്നു.

കോളനികളില്‍ പ്രക്ഷോഭം നയിച്ച നേതാക്കളെല്ലാം തന്നെ നേരിട്ട പ്രശ്‌നമെന്നത് വിഭവങ്ങളുടെ അപര്യാപ്തതയും അവര്‍ ജീവിക്കുന്ന രാജ്യത്തിന്റെ വളരെ പരിതാപകരമായ അവസ്ഥയുമാണ്. കാരണം, നൂറ്റാണ്ടുകളായുള്ള ചൂഷണം അവരെ വളരെ ദരിദ്രരാക്കുകയാണുണ്ടായത്. അവരുടെ സാമൂഹികവ്യവസ്ഥ മുഴുവന്‍ നിശ്ചലമായി കിടക്കുകയാണ്, ധിഷണാപരത ക്ഷയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു, ഒരു ദേശരാഷ്ട്രം നിര്‍മ്മിക്കാനാവശ്യമായ വിഭവം അവരുടെ കൈവശം ഇല്ലായിരുന്നു. അതിനാല്‍ ആദ്യകാല പോസ്റ്റ കൊളോണിയല്‍ നേതാക്കന്‍മാര്‍ യൂറോപ്പിനോടുള്ള അവരുടെ സാമ്പത്തികവിധേയത്യത്തിന് ഇളക്കമൊന്നും ഉണ്ടാക്കിയിട്ടില്ല. അവരില്‍ ഭൂരിഭാഗവും സോഷ്യലിസത്തിലും സമ്പത്തിന്റെ മേലുള്ള സ്റ്റേറ്റിന്റെ നിയന്ത്രണങ്ങളിലും വിശ്വസിച്ചിരുന്നവരായിരുന്നു. സാമ്പത്തികമാന്ദ്യത്തിന്റെ ഭീകരമായ അനുഭവത്തിന് ശേഷം ഏഷ്യയിലെയും ആഫ്രിക്കയിലെയും ആളുകള്‍ മുതലാളിത്തത്തില്‍ ആകൃഷ്ടരായി. 1980 കളില്‍ അപകോളനീകരണ പദ്ധതികള്‍ അതിനാല്‍ തന്നെ വിഷമഘട്ടത്തിലായി. ആഫ്രിക്കയിലെയും ഏഷ്യയിലെയും ഒരുപാട് രാജ്യങ്ങളില്‍ സാമ്പത്തിക രാഷ്ട്രീയ മേഘലകളില്‍ പ്രതിസന്ധി രൂക്ഷമായി. അതേസമയം തന്നെ കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ പതനം പടിഞ്ഞാറന്‍ ചിന്തകര്‍ക്ക് അനുഗ്രഹമായിത്തീരുകയും ചെയ്തു. അവരെ സഹായിക്കാന്‍ പുതിയ തലമുറ അധികാരിവര്‍ഗ്ഗം ഉണ്ടായിത്തീരുകയും അവര്‍  ഫ്രീ മാര്‍ക്കറ്റുകളെയും സ്വകാര്യസംരംഭങ്ങളെയും പറ്റയുള്ള അമേരിക്കയുടെ സ്വപ്‌നങ്ങള്‍ക്ക് സാധ്യതകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഇത്തരം പുത്തന്‍ പ്രമാണിമാരെ വിശകലനം ചെയ്യാനാവശ്യമായ സാമൂഹികശാസ്ത്രം നമുക്ക് വികസിപ്പിക്കേണ്ടിയിരിക്കുന്നു. കോളേജുകളിലൂടെയും യൂണിവേഴ്‌സിറ്റികളിലൂടെയും NGOകളിലൂടെയും സംഘടനകളിലൂടെയും എല്ലാം എങ്ങനെയാണ് അവര്‍ അമേരിക്കയുമായും യൂറോപ്പുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന് ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു.  സ്വതന്ത്ര മാര്‍ക്കറ്റുകള്‍ക്കും യൂറോപ്യന്‍ ആശയങ്ങളെ സ്ഥാപിതവല്‍ക്കരിക്കുന്നതിനും വേണ്ടി വാദിക്കുന്ന പാശ്ചാത്യ വിദ്യാഭ്യാസം നേടിയ അതില്‍ ഭ്രമിക്കുന്ന ഒരു വിഭാഗം ഇന്ത്യയില്‍ ഉയര്‍ന്നുവരുന്നുണ്ട് എന്ന് എന്റെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്ക് ഉറപ്പിച്ചുപറയാന്‍ കഴിയും. അവര്‍ സ്വയം ലിബറലുകള്‍ എന്ന് വിളിക്കുന്നു. എന്നാല്‍ അവര്‍ ഹിന്ദു പ്രത്യയശാസ്ത്രത്തെ ആവാഹിച്ചവരാണ്. ഈ രണ്ട് ക്യാംപുകള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്.

 

കടപ്പാട്‌: lareviewofbooks.org

 

ഫ്രാന്‍സിസ് വെയ്ഡ്‌