നാം ആരെയും അവരുടെ എതിരാളികൾ പ്രതിനിധീകരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുത്. പ്രത്യേകിച്ച് നമ്മളോട് സഹവർത്തിക്കുന്നവരുടെ കാര്യത്തിൽ.
എന്റെ കാര്യത്തിൽ, 2019-ൽ കേന്ദ്ര സർക്കാരിന്റെ പുതിയ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഡൽഹിയിലെ ഷഹീൻ ബാഗിലെയും ജാമിയയിലെയും തെരുവുകളിൽ ഒരു മാസം ഞാൻ നടത്തിയ ഇടപെടലുകളും പ്രസംഗങ്ങളും, ഒരു ദശാബ്ദക്കാലത്തെ തുടർച്ചയായ ഗവേഷണ-എഴുത്ത് ശ്രമങ്ങളും, ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) അവരുടെ അനുയായികളും വികൃതമായി പ്രചരിപ്പിച്ച ഒരു ക്ലിപ്പ് കാരണം അവഗണിക്കപ്പെട്ടു. അതുപോലെ കോൺഗ്രസ് ദേശീയതയുടെ ഇരയായതുകൊണ്ട് മുഹമ്മദ് അലി ജിന്നയുടെ ആശയങ്ങളുമായി ഗൗരവമായി ഇടപഴകാൻ ഞാൻ ശ്രമിക്കുന്നു.

1946-ലെ കാബിനറ്റ് മിഷൻ പ്ലാൻ എല്ലാ പാർട്ടികളും അംഗീകരിച്ചതിനുശേഷം അട്ടിമറിച്ചത് ജിന്നയായിരുന്നില്ല, മറിച്ച് ജവഹർലാൽ നെഹ്‌റുവാണ് (മൗലാന ആസാദിന്റെ ഇന്ത്യ വിൻസ് ഫ്രീഡം കാണുക. കൂടാതെ, ആകാർ പട്ടേലിന്റെ ദി കോൺസ്റ്റിറ്റ്യൂഷൻ ദാറ്റ് വാൺട്—അല്ലെങ്കിൽ, ഒരു മുസ്ലീം മനുഷ്യന്റെ സ്വതന്ത്ര ഇന്ത്യയെക്കുറിച്ചുള്ള ദർശനം, നാഷണൽ ഹെറാൾഡ്, 26 ജനുവരി 2025 കാണുക). അധികാര വികേന്ദ്രീകരണം, ന്യൂനപക്ഷം, സമുദായ അവകാശങ്ങൾ എന്നിവയുടെ വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ഏതൊരു ചർച്ചയിലും ജിന്ന എക്കാലത്തേക്കാളും പ്രസക്തനാണ്, അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ സംബോധനം അത്തരത്തിൽ വായിക്കണം. പാർത്ഥസാരഥി ഗുപ്തയുടെ വാക്കുകളിൽ പറഞ്ഞാൽ, എന്റെ അപേക്ഷ “ദക്ഷിണേഷ്യയിലെ രാജ്യങ്ങൾക്കിടയിൽ ഒരു ഫെഡറൽ രാഷ്ട്രീയ വ്യവസ്ഥയ്ക്കും ഒരു കോൺഫെഡറൽ അസോസിയേഷനും വേണ്ടിയുള്ളതാണ്” ഗുപ്തയുടെ ഐഡന്റിറ്റി ഫോർമേഷൻ ആൻഡ് നേഷൻ സ്റ്റേറ്റ്സ്, ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്, പട്യാല, 1998 എന്ന പഠനത്തിൽ അദ്ദേഹം തുടർന്ന് എഴുതുന്നു, “നമ്മുടെ സ്വന്തം രാജ്യത്ത്, 1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിന്റെ ചില കേന്ദ്രീകൃത സവിശേഷതകൾ ഉപേക്ഷിച്ച് ഇന്ത്യയെ സംസ്ഥാനങ്ങളുടെ ഒരു യഥാർത്ഥ ഫെഡറേഷനാക്കി മാറ്റുകയാണെങ്കിൽ, നമ്മുടെ അടുത്ത അയൽക്കാർക്ക് ഒരു മാതൃക കാണിക്കുകയും SAARC [സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോഓപ്പറേഷൻ] രാഷ്ട്രങ്ങളെ ജനങ്ങളുടെ ഒരു യഥാർത്ഥ കോൺഫെഡറേഷനാക്കി മാറ്റാൻ നമുക്ക് കഴിയും”.
നിങ്ങൾ എന്നോട് വിയോജിച്ചേക്കാം, പക്ഷേ ട്രോൾ സൈന്യം എന്നെ കുറിച്ച് നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ഇമേജിനെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകൾ പ്രശ്നകരമാണ്. അത്തരം വിലയിരുത്തലുകൾ മൂലമാണ് എന്റെ എതിരാളികൾക്ക്, എന്റെ നിലപാടുകൾ ദഹിക്കാൻ കഴിയാത്തതിനാൽ എന്നെ ഭ്രാന്തനെന്നും ബി.ജെ.പി ഏജന്റെന്നും വിളിക്കുന്നത്. ഒരു വിഭാഗം “പുരോഗമന” മാധ്യമങ്ങളും അത്തരത്തിൽ അഭിപ്രായങ്ങൾ പറയുന്നവരും (മുസ്ലീങ്ങളും മുസ്ലീങ്ങളല്ലാത്തവരും) എന്നെ നിശബ്ദനാക്കാനും ഷഹീൻ ബാഗിലേക്കുള്ള ഞങ്ങളുടെ അക്ഷീണവും നിർണായകവുമായ സംഭാവനകൾ ഇല്ലാതാക്കാനും ശ്രമിച്ച രീതി – എന്നെയോ ആസിഫ് മുജ്തബയെയോ അഫ്രീൻ ഫാത്തിമയെയോ മറ്റുള്ളവരെയോ പരാമർശിക്കാതെ ഷഹീൻ ബാഗിനെക്കുറിച്ച് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് -ഇതൊക്കെയും ഈ വിഭാഗം ഒന്നുകിൽ വക്ര ബുദ്ധിയുള്ളവരോ അല്ലെങ്കിൽ ബൗദ്ധികമായി പാപ്പരാണെന്നോ കാണിക്കുന്നു. എന്നാൽ ഭാഗ്യവശാൽ, ഈ കാലഘട്ടത്തിൽ, വസ്തുതകളെ എന്നെന്നേക്കുമായി അടിച്ചമർത്താൻ കഴിയില്ല. എനിക്ക് പരാതിയില്ല; ഞാൻ അത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്യുന്നത്. ദൈവത്തിലുള്ള വിശ്വാസവും എന്റെ ആളുകളുടെ സ്നേഹവും മതി എനിക്ക്.
വിശ്വാസത്തെക്കുറിച്ച്
“എന്റെ ബുദ്ധിശക്തി കാരണം ഞാൻ ഒരു അശുഭാപ്തി വിശ്വാസിയും എന്റെ ഇച്ഛാശക്തി കാരണം ശുഭാപ്തി വിശ്വാസിയും ആണ്”- ഗ്രാംഷി അങ്ങനെ പറഞ്ഞതായി കരുതപ്പെടുന്നു. എന്റെ കാര്യത്തിലും ഇത് ബാധകമാണ്, എന്നിരുന്നാലും മെച്ചപ്പെട്ട ഒരു പതിപ്പാണ് ഞാൻ ഇഷ്ടപ്പെടുന്നത്: എന്റെ ബുദ്ധിശക്തി കാരണം ഞാൻ ഒരു അശുഭാപ്തിവിശ്വാസിയും എന്റെ വിശ്വാസം കാരണം ഞാൻ ശുഭാപ്തിവിശ്വാസിയുമാണ്. ചിലർക്ക് ഇവ രണ്ടും ഒന്നായിരിക്കാം, പക്ഷേ എനിക്കും ഇസ്ലാമിക വിശ്വാസത്തിൽ വളർന്ന എന്നെപ്പോലുള്ള ആളുകൾക്കും, ദൈവത്തിലും അവന്റെ പദ്ധതികളിലും “വിശ്വാസം” ഇല്ലാത്ത “ഇച്ഛ” അർത്ഥശൂന്യമാണ്.
ദൈവത്തിന്റെ ഒരു മഹത്തായ “ഇച്ഛ” യുണ്ട്, ആ “ഇച്ഛ”യിൽ വിശ്വാസമില്ലാതെ ചെറിയ “ഇച്ഛകൾക്ക്” അർത്ഥമുണ്ടാകില്ല, അല്ലെങ്കിൽ ശുഭാപ്തിവിശ്വാസമുണ്ടാകില്ല – ഒരിക്കലും അതിന്റെ ആഴം നിശ്ചയിക്കാൻ കഴിയാത്തതും എന്നാൽ വിശ്വാസമുള്ളതുമായ ഒന്നാണത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ചരിത്രം “അജ്ഞാതം” ആണെന്നും, വർത്തമാനം

“അജ്ഞാതം” ആണെന്നും, ഭാവിയുടെ പാതയും “അജ്ഞാതമാ”ണെന്നും ഒരാൾക്ക് പറയാം. നമുക്കുള്ളത് കൃത്യമല്ലാത്ത ഏകദേശ കണക്കുകളും ചിലപ്പോൾ തെറ്റായ ഊഹങ്ങളും സങ്കൽപ്പങ്ങളുമാണ്. ഒരാളുടെ വിശ്വാസത്തെ പരിഗണിക്കാതെ കർമ്മങ്ങളുടെ മഹത്തായ പദ്ധതിയിൽ അയാളുടെ സംഭാവനയോ സ്ഥാനമോ മനസ്സിലാക്കുക അസാധ്യമാണ്. സ്വന്തം ജീവിതത്തിൽ മാറ്റം കാണാൻ വളരെയധികം ആഗ്രഹിക്കുന്നവരുണ്ട്, ഒരു വിപ്ലവം ഉടനെ സംഭവിക്കുമെന്ന് അവർ കരുതുന്നു. അത്തരമൊരു സമീപനത്തിന്റെ പ്രശ്നം അടിസ്ഥാനപരമായ ഒരു മാറ്റത്തിന് ആവശ്യമായ ക്ഷമയുടെ അസ്സാന്നിധ്യമാണ്.

ക്ഷമ – സ്വയം നിഗ്രഹിക്കാൻ കഴിയുന്ന തരത്തിലുള്ള ക്ഷമ – വിശ്വാസത്തിലൂടെ മാത്രമേ വന്നു ചേരു. ദൈവത്തിലുള്ള വിശ്വാസമാണ് എന്നെ ചരിത്ര പഠനങ്ങളിലേക്ക് നയിച്ചത്, ദൈവത്തിലുള്ള വിശ്വാസമാണ് എന്നെ ജയിലിൽ നിലനിർത്തുന്നത്, ദശാബ്ദങ്ങളല്ല, നൂറ്റാണ്ടുകളോളം എന്റെ ജീവിതത്തെയും എന്റെ ജീവിത പ്രവർത്തനത്തെയും പ്രസക്തമാക്കാൻ എന്നെ അനുവദിക്കുന്നത് ദൈവത്തിലുള്ള വിശ്വാസമാണ്.
അഞ്ച് വർഷം ഞാൻ ജയിലിൽ കഴിഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും ഫലപ്രദമായ വർഷങ്ങൾ ഇവയാണെന്ന് ഞാൻ ആവർത്തിക്കുന്നു, നൂറുകണക്കിന് പുസ്തകങ്ങൾ വായിക്കാൻ കഴിഞ്ഞതുകൊണ്ട് മാത്രമല്ല, ധാരാളം രാഷ്ട്രീയ തടവുകാരെ കണ്ടുമുട്ടിയതിനാലും, ആറ് മാസത്തോളം അസമിൽ നിന്നുള്ള ആളുകളോടൊപ്പം താമസിച്ചതിനാലും, നാല് വർഷത്തിലേറെയായി ഡൽഹിയിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള ആളുകളോടൊപ്പം താമസിക്കുന്നതിനാലും അവരിൽ നിന്ന് പലതും പഠിക്കാൻ കഴിയുന്നതിനാലും ആണത്. ഇതൊക്കെയും ഒരു പഠനാനുഭവമാണ്.
ഞാൻ ആധുനിക ഇസ്ലാമിനെയും അതിലെ പണ്ഡിതന്മാരായ ജമാലുദ്ദീൻ അഫ്ഗാനി, ഈജിപ്തിലെ മുഹമ്മദ് അബ്ദു എന്നിവരെയും പഠിക്കുന്ന ഒരാളാണ്. അവരിലെ തന്നെ അക്ബർ അലഹബാദി, അല്ലാമ ഇഖ്ബാൽ, മൗലാന ആസാദ്, ഇറാനിയൻ വിപ്ലവകാരിയായ അലി ശരീഅത്തി എന്നിവരാണ് ഇസ്ലാമിനെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള എന്റെ ധാരണയെ രൂപപ്പെടുത്തിയത്. എഞ്ചിനീയറിംഗ് ബിരുദധാരിയെന്ന നിലയിൽ ഇസ്ലാമിനെയും ചരിത്രത്തെയും കുറിച്ച് പഠിക്കാൻ എന്നെ പ്രേരിപ്പിച്ചത് ഇവരാണ്.
ബീഹാറിലെ പട്നയിലും ജെഹനാബാദിലുമുള്ള ഒരു പരമ്പരാഗത മധ്യവർഗ കുടുംബത്തിലാണ് ഞാൻ വളർന്നത്. എന്റെ പിതാവ് ഒരു പ്രാദേശിക രാഷ്ട്രീയക്കാരനായിരുന്നു. 2000-ൽ കുർത്തയിൽ നിന്ന് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചു. 2005-ൽ, സംസ്ഥാന നിയമസഭയിലേക്കുള്ള ജെഹനാബാദ് സീറ്റിൽ നിന്ന് ജനതാദൾ യുണൈറ്റഡ് (ജെ.ഡി.യു) ചിഹ്നം അദ്ദേഹത്തിനു ലഭിച്ചു. കുർത്തയിൽ മൂന്നാം സ്ഥാനത്തും ജെഹാനാബാദിൽ രണ്ടാം സ്ഥാനത്തും എത്തിയ അദ്ദേഹം രണ്ട് സീറ്റുകളിലും തോറ്റു. പക്ഷേ മുസ്ലീം ജനസംഖ്യ 10-12 ശതമാനം മാത്രമായിരുന്ന ഒന്നിലധികം സംസ്ഥാന അസംബ്ലി സീറ്റുകളിൽ പത്ത് ശതമാനം വോട്ടുകൾ തന്റെ പിന്നിലുണ്ടെന്ന് സ്വയം സ്ഥാപിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു . ഇത് അദ്ദേഹത്തിന് 2005 മുതൽ ബീഹാറിൽ അധികാരം നിലനിർത്തുന്ന ജെ.ഡി.യുവിൽ ഒരു പരിധിവരെ സ്വാധീനം നൽകി. ആനുപാതിക പ്രാതിനിധ്യത്തിന് വിരുദ്ധമായി ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ് സിസ്റ്റത്തിന്റെ (എഫ്.പി.ടി.പി) പോരായ്മകളെക്കുറിച്ച് എന്നെ ആദ്യം ബോധ്യപ്പെടുത്തിയത് എന്റെ പിതാവിന്റെ വിതരണ സ്വഭാവത്തിലുള്ള വോട്ട് ബാങ്കാണ്.

ഞാൻ നേരത്തെ എഴുതിയതുപോലെ, എഫ്.പി.ടി.പി പ്രകാരം, ഒരു പ്രദേശത്തെ പ്രത്യേക നിയോജക മണ്ഡലങ്ങളായി വിഭജിച്ചിരിക്കുന്നു, ഓരോന്നിലേക്കും വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിയെ അയയ്ക്കുന്നു. ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന സ്ഥാനാർത്ഥിയെയാണ് തിരഞ്ഞെടുക്കപ്പെട്ടതായി കണക്കാക്കുന്നത്, (അവർക്ക് 20 ശതമാനത്തിൽ താഴെ വോട്ടുകൾ ലഭിച്ചാലും.) മൊത്തം വോട്ടുകളുടെ മൂന്നിലൊന്ന് വോട്ടുകൾ ലഭിക്കുന്ന പാർട്ടികൾക്ക് ഒരു നിയമസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ കഴിയുന്നത് ഈ സംവിധാനാം മൂലമാണ്. കോൺഗ്രസ് പാർട്ടി പ്രത്യേക നിയോജക മണ്ഡലങ്ങൾ വേണ്ടെന്നു വെച്ചത് കാരണം ഇന്ത്യയുടെ ഭരണഘടനാ അസംബ്ലി ചർച്ചകളിലും ഈ വിഷയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കാണാം. ആനുപാതിക പ്രാതിനിധ്യം ആവശ്യപ്പെട്ട് ചില മുസ്ലീങ്ങൾ സംസാരിച്ചെങ്കിലും, പ്രത്യേക നിയോജക മണ്ഡലങ്ങൾക്കും കാര്യമായ പോരായ്മയുണ്ടെന്ന് ശ്രദ്ധിക്കേണ്ടതാണ്: ഈ ഒരു വ്യവസ്ഥയിൽ ഹിന്ദുക്കളായവർക്ക് മുസ്ലിം സ്ഥാനാർഥിക്കു വേണ്ടി വോട്ട് ചെയ്യാൻ കഴിയില്ല, മറിച്ചും അങ്ങനെ തന്നെ. എഫ്.പി.ടി.പിയുടെ ഏറ്റവും ശക്തനായ എതിരാളികളിൽ ഒരാളായ കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ഹസ്രത്ത് മോഹാനിയെപ്പോലുള്ളവർ വാദിച്ചത് സംയുക്ത നിയോജക മണ്ഡലങ്ങൾ മുസ്ലീം പ്രാതിനിധ്യം ഇല്ലാതാക്കുമെന്നാണ്. ഇതിനു ബദലായി ഉള്ളത് ആനുപാതിക പ്രാതിനിധ്യമായിരുന്നു. അതായത്, ഒരു പാർട്ടിക്ക് ലഭിക്കുന്ന വോട്ടുകളുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ സീറ്റുകളുടെ എണ്ണം തീരുമാനിക്കും. മുസ്ലീങ്ങൾക്ക് ഹിന്ദുക്കൾക്കും തിരിച്ചും വോട്ട് ചെയ്യാം, അങ്ങനെയാവുമ്പോൾ ന്യൂനപക്ഷങ്ങളെ നിശബ്ദരാക്കാൻ കഴിയില്ല.
ഐ.ഐ.ടിയിലെ എന്റെ വർഷങ്ങൾ
2006-ൽ, 18 വയസ്സുള്ളപ്പോൾ, ഞാൻ ജോയിന്റ് എൻട്രൻസ് പരീക്ഷ പാസാകുകയും ബോംബെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐ.ഐ.ടി) കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ പ്രവേശനം നേടുകയും ചെയ്തു. അതിനുപുറമെ, അറബിയിലും പേർഷ്യനിലുമുള്ള മതസാഹിത്യത്തിൽ എനിക്ക് താൽപ്പര്യമുണ്ടായിരുന്നു. ഇസ്ലാമിക ആധുനികതയെ ഇതുവരെ നേരിട്ടിട്ടില്ലെങ്കിലും ഞാൻ ഇസ്ലാമിക ചരിത്രവും വായിച്ചിരുന്നു. ഐ.ഐ.ടിയിലെ എന്റെ രണ്ടാം വർഷത്തിൽ, ഒരു സാഹിത്യ ക്ലാസിൽ, പ്രൊഫസർ പരിണാമത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയപ്പോൾ, പരിണാമം ഒരു സിദ്ധാന്തം മാത്രമാണെന്നും ശാസ്ത്ര വസ്തുതയല്ലെന്നും വാദിച്ചുകൊണ്ട് ഞാൻ എതിർത്തു. ഐ.ഐ.ടിയിലെ പ്രൊഫസർമാർ ജെ.എൻ.യുവിലെ പ്രൊഫസർമാരെ പോലെയായിരുന്നു, അതിനാൽ അദ്ദേഹം എന്റെ വായടപ്പിച്ചില്ല. ഈ വിഷയത്തിൽ ഒരു പ്രസന്റേഷൻ നടത്താൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അടുത്ത ആഴ്ച, ലിറ്ററേച്ചർ 101-ലെ 200 വിദ്യാർത്ഥികളുടെ മുന്നിൽ, പരിണാമത്തെ നിരാകരിക്കുന്ന ചില ഇസ്ലാമിക പുസ്തകങ്ങളിൽ നിന്ന് കണ്ടെത്തിയ ക്രിസ്ത്യൻ കപട ശാസ്ത്രജ്ഞരുടെ അഭിപ്രായങ്ങൾ നിറഞ്ഞ എന്റെ പ്രസന്റേഷൻ ഞാൻ അവതരിപ്പിച്ചു. അരമണിക്കൂർ നീണ്ടുനിന്ന എന്റെ അവതരണം കേട്ട പ്രൊഫസർ എന്റെ ശ്രമത്തെ അഭിനന്ദിച്ചു, പക്ഷേ കുറച്ച് ടെക്സ്റ്റുകൾ വായിക്കാൻ ആവശ്യപ്പെട്ടു. എന്നിരുന്നാലും, അവയെക്കാൾ കൂടുതൽ, പരിണാമത്തെ മനസ്സിലാക്കാൻ എന്നെ സഹായിച്ചത് ഇക്ബാൽ ആയിരുന്നു- ഇരുപതാം നൂറ്റാണ്ടിന്റെ പോയേറ്റിക് ഫിലോസഫർ.
ദക്ഷിണേഷ്യയിലെ മുസ്ലീങ്ങൾക്കിടയിൽ ആദരിക്കപ്പെടുന്ന ഇഖ്ബാലിനെ, സാരെ ജഹാൻ സേ അച്ഛ എഴുതിയ കവിയായി മാത്രമേ ആളുകൾ പൊതുവെ ഓർക്കുന്നുള്ളൂ. തത്ത്വചിന്തകനായ ഇഖ്ബാൽ പൂർണ്ണമായും അവഗണിക്കപ്പെട്ടു. ഹെൻറി ബെർഗ്‌സണിലേക്കും അദ്ദേഹത്തിന്റെ സൃഷ്ടിപരമായ പരിണാമത്തിലേക്കും എന്നെ നയിച്ചത് ഇഖ്ബാലാണ്. കാൾ മാർക്‌സിലേക്കും മൂലധനത്തിലേക്കും അദ്ദേഹം എന്നെ നയിച്ചു. രണ്ടിനെയും കുറിച്ചുള്ള വിമർശനങ്ങൾ ഇഖ്ബാലിന് ഉണ്ടായിരുന്നു, പക്ഷെ തികഞ്ഞ ആദരവോടെ.
മുതലാളിത്തത്തെക്കുറിച്ചും പരിണാമത്തെ കുറിച്ചും മനസിലാക്കാൻ എന്നെ സഹായിച്ചത് മാർക്‌സിനേക്കാളും ഡാർവിനേക്കാളും ഇഖ്ബാൽ ആണെന്ന് ഞാൻ വാദിക്കുന്നു. കാരണം ലളിതമാണ്: ഇരുപതാം നൂറ്റാണ്ടിലെ മിക്ക നായകന്മാരും ഈ ആശയങ്ങളെ ഭൗതികമായി കൈകാര്യം ചെയ്ത രീതി, ഉത്തരങ്ങൾ തേടുന്ന ചെറുപ്പക്കാരനും ജിജ്ഞാസിയും അതോടൊപ്പം മുസ്ലിം വിശ്വാസി കൂടിയായ എന്നെ അവയിൽ നിന്ന് അകറ്റി. ഞാൻ കമ്മ്യൂണിസ്റ്റ് വിരുദ്ധനല്ല. സമീപകാല മനുഷ്യചരിത്രത്തിന്റെ ഏറ്റവും അർത്ഥവത്തായ രാഷ്ട്രീയ-സാമ്പത്തിക വിശകലനത്തിനായുള്ള അവരുടെ സംഭാവനകൾ, വർഗസമരങ്ങൾ, അന്ധവിശ്വാസങ്ങൾ അല്ലെങ്കിൽ മുതലാളിത്തത്തിന്റെ വൃത്തികെട്ട പ്രത്യയശാസ്ത്രങ്ങൾ എന്നിവയ്‌ക്കെതിരായ അവരുടെ സംഭാവനകൾ സ്വാഭാവികമായും മനുഷ്യചിന്തയുടെ ഭാവി വികാസത്തിൽ ഉൾപ്പെടുത്താൻ ഉപകരിക്കും. കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം പലപ്പോഴും പ്രശ്‌നകരമായ ഞാൻ മനസിലാക്കുന്ന കാര്യം, യുക്തിവാദം കേന്ദ്രികരിച്ച ഭൗതികവാദം ഒരു ശാസ്ത്രമാണെന്ന അവരുടെ വാദമാണ്, ഭൗതികവാദ സത്തശാസ്ത്രം ഒരു നൂറ്റാണ്ട് മുമ്പ് ഭൗതികശാസ്ത്രം ഉപേക്ഷിച്ചിട്ടുണ്ടെങ്കിലും. .
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശാസ്ത്രം നിർണായക ഭൗതികവാദം ഉപേക്ഷിച്ചെങ്കിലും, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ ഇപ്പോഴും ന്യൂട്ടോണിയൻ കാലഘട്ടത്തിലെ പഴയ പദാവലി പിന്തുടരുന്നു. ഇവിടെയാണ് അതേസമയം നമുക്ക് എല്ലാം അറിയാമെന്നോ നമ്മൾ എല്ലാം അറിയുന്നതിലേക്കുള്ള പാതയിലാണെന്നോ ഉള്ള ധാരണ ഒഴിവാക്കി ഇക്ബാലിനെ പോലെ ഒരു വ്യക്തി പുതിയ അടിത്തറ സൃഷ്ടിക്കുന്നത്. സാമൂഹികവും വ്യക്തിഗതവുമായ വികസനത്തിന്റെ അടിസ്ഥാന നിർമാണ ഘടകമായ വിശ്വാസം പ്രസക്തമാകുന്നത് ഇവിടെയാണ്. പോസ്റ്റ് ന്യുട്ടോണിയൻ ശാസ്ത്രീയ വിജ്ഞാനത്തെ വിശ്വാസ ചോദ്യങ്ങളുമായി സമന്വയിപ്പിക്കാൻ ശ്രമിച്ച ചുരുക്കം ചില തത്ത്വചിന്തകരിൽ ഒരാളായിരുന്നു ഇക്ബാൽ. ഞാൻ ഇവിടെ സൂചിപ്പിക്കുന്നത് തീർച്ചയായും 20-ാം നൂറ്റാണ്ടിലെ ഭൗതികശാസ്ത്ര വിപ്ലവങ്ങൾ—ആപേക്ഷികതയും ക്വാണ്ടം ഭൗതികശാസ്ത്രവും—ഉയർത്തിയ ഒന്റോളജിക്കൽ, എപ്പിസ്റ്റമോളജിക്കൽ ചോദ്യങ്ങളും, അവ ഭൗതികവാദ ചിന്താധാരകളുടെയും മിക്ക മതപരമായ ചിന്താധാരകളുടെയും മെറ്റാഫിസിക്കൽ അനുമാനങ്ങളെ എങ്ങനെ തകർത്തു എന്നതുമാണ്.
ഭൗതികവാദത്തെയും നിർണ്ണായക വാദത്തെയും വിമർശിക്കാൻ, ക്വാണ്ടം ഭൗതികശാസ്ത്രത്തിന്റെ സ്ഥാപകരിലൊരാളായ വെർണർ ഹൈസൻബർഗിന്റെ ‘ഫിസിക്സ് ആൻഡ് ഫിലോസഫി: ദി റെവല്യൂഷൻ ഇൻ മോഡേൺ സയൻസ്’ എന്ന പുസ്തകം വായിക്കേണ്ടത് അത്യാവശ്യമാണ്. മിസ്റ്റിക് ചിന്തയെ പിന്തുണയ്ക്കുന്നതിനുള്ള ഒരു വാദത്തിനായി, ക്വാണ്ടം ഭൗതിക ശാസ്ത്രത്തിന്റെ മറ്റൊരു സ്ഥാപകനായ എർവിൻ ഷ്രോഡിംഗറിന്റെ ‘വാട്ട് ഈസ് ലൈഫ്? ദി ഫിസിക്കൽ ആസ്പെക്റ്റ് ഓഫ് ദി ലിവിംഗ് സെൽ ആൻഡ് മൈൻഡ് ആൻഡ് മാറ്റർ’ എന്ന പുസ്തകം വായിക്കുക. കൂടാതെ, 19-ാം നൂറ്റാണ്ടിലെ ക്രിസ്ത്യൻ തത്ത്വചിന്തകനായ സോറൻ കീർക്കെഗാഡ് – അസ്തിത്വവാദത്തിന്റെയും നിയോ-ഓർത്തഡോക്സ് ദൈവശാസ്ത്രത്തിന്റെയും മുൻഗാമിയായ നീൽസ് ബോറിന്റെ സ്വാധീനം മനസ്സിലാക്കാൻ, മാക്സ് ജാമറിന്റെ ‘ദി കൺസെപ്ച്വൽ ഡെവലപ്മെന്റ് ഓഫ് ക്വാണ്ടം മെക്കാനിക്സിന്റെ’ (പ്രത്യേകിച്ച് അതിന്റെ “ദി ഫിലോസഫിക്കൽ ബാക്ക്ഗ്രൗണ്ട് ഓഫ് നോൺ-ക്ലാസിക്കൽ ഇന്റർപ്രെറ്റേഷൻസ്” എന്ന അധ്യായം) പരിശോധിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
കൂടാതെ, ക്രിസ്തീയ, ഏകദൈവ വിശ്വാസത്തിന്റെ വിശദീകരണമായി 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഗണിത ശാസ്ത്രജ്ഞനെന്ന് കരുതപ്പെടുന്ന കർട്ട് ഗോഡലിന്റെ 1946 നും 1966 നും ഇടയിൽ എഴുതിയ കത്തുകൾ വായിക്കുക. 1996-ൽ ഹാവോ വാങ് എഴുതിയ “എ ലോജിക്കൽ ജേർണി: ഫ്രം ഗോഡൽ ടു ഫിലോസഫി” എന്ന ഉപന്യാസത്തിൽ ഒരു സംഗ്രഹം കാണാം. ആപേക്ഷികതയുമായുള്ള ഗോഡലിന്റെ ഇടപെടലുകൾ മനസ്സിലാക്കാൻ ഗോഡൽ മീറ്സ് എയ്ൻസ്റ്റീൻ : ടൈം ട്രാവൽ ഇൻ ദി ഗോഡൽ യൂണിവേഴ്സ് വായിക്കുക. ആപേക്ഷികതയെയും പരിണാമത്തെയും കുറിച്ചുള്ള, പ്രത്യേകിച്ച് ആപേക്ഷികതയെയും പരിണാമത്തെയും കുറിച്ചുള്ള ഒരു ആദ്യകാല ഇസ്ലാമിക പ്രതികരണത്തിന്, ഇഖ്ബാലിന്റെ ‘റീകൺസ്ട്രക്ഷൻ ഓഫ് റിലിജിയസ് തോട്ട് ഇൻ ഇസ്ലാം’ (1930), ജാവിദ് നാമ (അല്ലെങ്കിൽ ദി ബുക്ക് ഓഫ് എറ്റേണിറ്റി, 1932), സഖി നാമ (അല്ലെങ്കിൽ ദി ബുക്ക് ഓഫ് ദി വൈൻബ്രിംഗർ, 1935) എന്നിവ പരിശോധിക്കണം.
ഞാൻ നിങ്ങളുമായി പങ്കുവെക്കുന്ന ആശയങ്ങൾ നിങ്ങൾ തന്നെ അന്വേഷിക്കുകയും സംവദിക്കുകയും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നതിനാലാണ് ഞാൻ ഈ പേജുകൾ റഫറൻസുകൾ കൊണ്ട് നിറയ്ക്കുന്നത്. എന്റെ വാക്കുകൾ വെറും വാചാലതകളല്ല, മറിച്ച് ശാസ്ത്രം, ദൈവശാസ്ത്രം, ചരിത്രം എന്നിവയെക്കുറിച്ചുള്ള എന്റെ വായനയിൽ വേരൂന്നിയ ദാർശനികവവും ചരിത്രപരവുമായ ചോദ്യങ്ങളാണ്. ഈ സിദ്ധാന്തങ്ങളെക്കുറിച്ച് പറയാനും വിശദീകരിക്കാനും ഒരുപാടുണ്ട്, പക്ഷേ ഇപ്പോൾ എനിക്കത് ചെയ്യാൻ കഴിയില്ല. എന്നിരുന്നാലും, ഭാവിയിൽ കൂടുതൽ വിശദമായി എഴുതാൻ ഞാൻ ശ്രമിക്കാം.
ഐ.ഐ.ടി ബോംബെയിൽ നിന്ന് ബിരുദം നേടിയപ്പോഴേക്കും ഞാൻ തത്ത്വചിന്ത പഠിക്കാൻ തീരുമാനിച്ചിരുന്നു. 2009-ൽ കോപ്പൻഹേഗനിൽ നടന്ന എന്റെ സമ്മർ ഇന്റേൺഷിപ്പ് പാശ്ചാത്യ സർവകലാശാലകളെയും സ്കാൻഡിനേവിയൻ ക്ഷേമരാഷ്ട്ര മാതൃകയെയും കുറിച്ച് കുറച്ച് അനുഭവങ്ങൾ നൽകി. ഇതേക്കുറിച്ച് എന്റെ പ്രിയപ്പെട്ട പ്രൊഫസറും പ്രോജക്ട് ഗൈഡുമായ അമിതാഭ് സന്യാലുമായി ഞാൻ ദീർഘമായ ഒരു സംഭാഷണം നടത്തി. അദ്ദേഹം എന്നെ തത്ത്വചിന്ത പഠിക്കാൻ പ്രോത്സാഹിപ്പിക്കുകയും ആർതർ കോസ്റ്റ്ലറുടെ The Sleepwalkers എന്ന പുസ്തകം സമ്മാനിക്കുകയും ചെയ്തു.
ചരിത്രത്തിലേക്കുള്ള മാറ്റം
ഡസൻ കണക്കിന് അമേരിക്കൻ സർവകലാശാലകളിൽ ഞാൻ പി.എച്ച്.ഡിക്കു വേണ്ടി അപേക്ഷിച്ചു, പക്ഷേ അവിടെ നിന്നെല്ലാം എനിക്ക് തത്ത്വചിന്തയിൽ ബിരുദാനന്തര ബിരുദം വേണമെന്ന് ആവശ്യപ്പെട്ടു. അൽ-അസ്ഹർ സർവകലാശാലയിൽ ഇസ്ലാമിക ദൈവശാസ്ത്രവും അറബിയും പഠിക്കാൻ ഈജിപ്തിലേക്ക് പോകാൻ ഞാൻ തീരുമാനിച്ചു, പക്ഷേ 2011-ൽ അറബ് വസന്തം ആ പദ്ധതിയെ തടസ്സപ്പെടുത്തിയതിനാൽ, ഞാൻ ബാംഗ്ലൂരിലെ ഒരു പ്ലേസ്മെന്റ് ഓഫർ സ്വീകരിച്ച് കോർപ്പറേറ്റ് ജോലി ആരംഭിച്ചു, അതിനോടൊപ്പം തത്ത്വചിന്തയും ഇസ്ലാമിക ദൈവശാസ്ത്രവും പഠിക്കുന്നത് തുടർന്നു.
2012-ൽ, ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെ.എൻ.യു) തത്ത്വശാസ്ത്രത്തിൽ എം.ഫിൽ/പി.എച്ച്.ഡി പ്രവേശനത്തിന് ഞാൻ ഹാജരായി. വൈവയ്ക്ക് ഞാൻ യോഗ്യത നേടി, അവിടുത്തെ ഫാക്കൽറ്റി എന്റെ ശ്രമത്തെ അഭിനന്ദിച്ചു. പക്ഷേ, എനിക്ക് ഒരു പ്രൊപോസൽ ഇല്ലാത്തതിനാൽ അടുത്ത വർഷം വീണ്ടും വരാൻ അവർ എന്നോട് ആവശ്യപ്പെട്ടു. എന്നിരുന്നാലും, അപ്പോഴേക്കും എന്തോ ഒന്ന് മാറിയിരുന്നു, പകരം ഞാൻ ചരിത്രത്തിലേക്ക് തിരിഞ്ഞു.
എന്റെ മനസ്സ് എപ്പോഴും സംഘർഷഭരിതമായിരുന്നു, ശാസ്ത്രീയ പശ്ചാത്തലത്തിൽ നിന്നാണ് ഇത് വരുന്നത്. മുകളിൽ ചർച്ച ചെയ്തതുപോലെ, ഇരുപതാം നൂറ്റാണ്ടിലെ ഭൗതികശാസ്ത്രം, മതപരവും മതരഹിതവുമായ ആളുകൾക്ക് ഒരു ദാർശനിക പരീക്ഷണമാണ്, പക്ഷേ വിഭജനത്തിന്റെയും ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെയും അക്രമണത്തിന്റെയും ഇരകളായ ഒരു മത വിഭാഗത്തിലെ അംഗം എന്ന നിലയിൽ, അത്തരം ശക്തികൾക്കെതിരെ ജീവിതം സമർപ്പിച്ച ഒരു രാഷ്ട്രീയക്കാരന്റെ മകൻ എന്ന നിലയിൽ, ദക്ഷിണേഷ്യൻ ചരിത്രവും അതിന്റെ പിഴവുകളും വളരെ ബോധപൂർവ്വം എന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു.
2011-ൽ ഞാൻ ജർമ്മൻ പഠിക്കാൻ തുടങ്ങി. 2013-ആയപ്പോഴേക്കും ഞാൻ 20-ാം നൂറ്റാണ്ടിലെ ജർമ്മനിയിലേക്കും ഫാസിസത്തിന്റെ ചരിത്രത്തിലേക്കും ആഴത്തിൽ പ്രവേശിച്ചു. അത് ചരിത്രത്തിന് അനുകൂലമായ ബാലൻസിങ്ങിനെ മാറ്റിമറിച്ചു. മനുഷ്യന്റെ അസ്തിത്വത്തിന്റെയും സാമൂഹിക നീതിയുടെയും സ്വഭാവം, ഇന്ത്യയിലെ ജാതീയത, ദേശീയതയുടെ ഉദയം, ഭൂരിപക്ഷവാദം, വിഭജനം, ന്യൂനപക്ഷ അവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള ദാർശനികവും സാമൂഹിക-രാഷ്ട്രീയവുമായ ചോദ്യങ്ങൾ – ഞാൻ ഉത്തരം തേടുന്ന ഏറ്റവും അടിയന്തിര ചോദ്യങ്ങൾ – ചരിത്രപരമാണെന്ന് ഞാൻ മനസ്സിലാക്കി.

താമസിക്കാതെ ഞാൻ കോർപ്പറേറ്റ് ലോകം വിട്ട് മോഡേൺ ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദത്തിനായി ജെ.എൻ.യുവിൽ ചേർന്നു. ഒരു പാർട്ട് ടൈം ജോലി നേടി, അവിടെ എനിക്ക് അവർ പ്രതിമാസം 25,000 രൂപ ശമ്പളം നൽകി, മുമ്പ് ഞാൻ സമ്പാദിച്ചിരുന്നതിന്റെ ഒരു ചെറിയ ഭാഗം മാത്രം. എന്നാൽ തൊട്ടുപിന്നാലെ ഒരു ദുരന്തം സംഭവിച്ചു -2014 ജനുവരിയിൽ എന്റെ പിതാവിന് വയറ്റിൽ കാൻസർ ഉണ്ടെന്ന് കണ്ടെത്തി, എന്റെ രണ്ടാമത്തെയും മൂന്നാമത്തെയും സെമസ്റ്ററുകൾ ഡൽഹിയിലെ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചെലവഴിച്ചു. ജെ.എൻ.യു വിട്ട് വീണ്ടും ഒരു കോർപ്പറേറ്റ് ജോലി കണ്ടെത്തണോ എന്ന് ഞാൻ പിതാവിനോട് ചോദിച്ചപ്പോൾ, “നിങ്ങളുടെ പണം എന്നെ രക്ഷിക്കില്ല” എന്ന് പറഞ്ഞു അദ്ദേഹം എന്നെ വിലക്കി.
എന്റെ പിതാവ് ഒരു ശക്തനായ വ്യക്തിയായിരുന്നിട്ടും, കുടുംബം നടത്താൻ ആവശ്യമായ വരുമാനം മാത്രമെ സമ്പാദിച്ചിരുന്നുള്ളൂ എന്നതിനാൽ എല്ലാ ചെലവുകളും എന്റെ അമ്മാവൻ (എന്റെ അമ്മയുടെ സഹോദരൻ) ആയിരുന്നു നോക്കിയിരുന്നത്. അദ്ദേഹത്തിന്റെ കൈവശം ആകെ രണ്ട് വാഹനങ്ങളും രണ്ട് റൈഫിളുകളും ഒരു കടയുമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന് സ്വന്തമായി ഒരു വീടില്ലായിരുന്നു. എന്റെ അമ്മാവൻ ഇല്ലായിരുന്നെങ്കിൽ, ഞാൻ പഠനം ഉപേക്ഷിച്ച് ഒരു ജോലി കണ്ടെത്തേണ്ടി വരുമായിരുന്നു. എനിക്ക് ഒരിക്കലും അദ്ദേഹം ചെയ്ത സഹായങ്ങൾക്ക് പകരം നല്കാൻ കഴിയില്ല (സംസ്ഥാന സർക്കാരിൽ എഞ്ചിനീയറായ അദ്ദേഹം ഇപ്പോൾ വിരമിച്ചു).
എന്റെ മാതാവ് എന്റെ പിതാവിന്റെ ക്ഷമയും ത്യാഗവും നിറഞ്ഞ പങ്കാളിയായിരുന്നു, അമ്മ ഞാൻ എന്റെ മുൻ ജോലിയിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിച്ചു. പിതാവിനോട് എന്നോട് തിരിച്ചുപോകാൻ പറയണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, പിതാവ് അമ്മയോട് പറഞ്ഞു, “അവനെ വിട്ടേക്ക്. അവൻ നമ്മുടെ സമരങ്ങളുടെ ചരിത്രം എഴുതും.” 2014 മെയ് മാസത്തിൽ, നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് പിതാവ് ആശുപത്രിയിൽ വെച്ച് ടെലിവിഷനിൽ കണ്ടു. “ഷർജീൽ, നീ ഇന്ത്യ വിടണം,” അദ്ദേഹം പറഞ്ഞു. “അമേരിക്കയിലേക്ക് പോകൂ, അവിടെ പഠനം തുടരൂ. നീ ഇവിടെ തങ്ങിയാൽ, നീ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും. അത് ഒരു പോരാട്ടമായിരിക്കും. അത് നിന്നെ ജയിലിൽ കൊണ്ട് ചെന്നെത്തിക്കും.” അത് അഅദ്ദേഹത്തിന്റെ പിതൃസഹജമായ ഉൾപ്രേരണയാണെന്ന് ഞാൻ കരുതി, കാരണം എന്നെ സംരക്ഷിക്കാൻ അദ്ദേഹം ഇന്ന് ജീവനോടെയില്ല.
ഞാൻ അത്ര നിഷ്കളങ്കനായ യുവാവായിരുന്നു. ലോകം എന്നെക്കാൾ നന്നായി അദേഹത്തിന്നപ്പോൾ അറിയാമായിരുന്നു. എന്നെക്കാൾ നന്നായി അദ്ദേഹത്തിന് എന്നെ അറിയാമായിരുന്നു. ഞാൻ ശാഠ്യക്കാരനും ശക്തമായ അഭിപ്രായങ്ങളുള്ളവനുമാണെന്നും, ഈ ഉയർന്നുവരുന്ന ഫാസിസ്റ്റ് ആവാസവ്യവസ്ഥക്കെതിരായി ശബ്ദിക്കുമെന്നും ഇടിച്ചുകയറുമെന്നും അദേഹത്തിനറിയാമായിരുന്നു. അദ്ദേഹം എന്നെ വിലക്കുമായിരുന്നില്ല, പക്ഷേ ഇതൊക്കെ സംഭവ്യമായി അദ്ദേഹം കണ്ടു.

ആ വർഷം ഞാൻ വളരെ കുറച്ചു മാത്രമേ ക്ലാസുകളിൽ പങ്കെടുത്തിരുന്നുള്ളൂ, ട്യൂട്ടോറിയലുകൾ എഴുതി, സോഫ്റ്റ്‌വെയർ നിർമ്മിച്ചു (ചെറിയ വരുമാനം അപ്പോൾ വളരെ കൂടുതലായിരുന്നു), ആശുപത്രിയിൽ വെച്ച് പിതാവിന് പലതും വായിച്ചുകൊടുത്തു. ഇറാനിയൻ വിപ്ലവത്തെക്കുറിച്ചുള്ള ഒരു പുസ്തകം വായിച്ചതും, ആ സംഭവങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേട്ടതും ഞാൻ ഓർക്കുന്നു. നവംബറിൽ അദ്ദേഹം മരിച്ചു.
ഒരു പിതാവിന്റെ പാഠങ്ങൾ
എന്റെ പിതാവിലേക്ക് മടങ്ങുമ്പോൾ, ഞാൻ അദ്ദേഹത്തിൽ നിന്ന് രണ്ട് കാര്യങ്ങൾ പഠിച്ചു. ഒന്ന്, വിഭജനം ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് മുസ്ലീങ്ങളെ വ്യവസ്ഥാപിതമായി ഒഴിവാക്കുന്നതിലേക്ക് നയിച്ചുവെന്നും കേന്ദ്രീകരണത്തിനെതിരായും യഥാർത്ഥ ഫെഡറൽ ഘടനയ്ക്കും ന്യൂനപക്ഷ അവകാശങ്ങൾക്കും വേണ്ടിയുള്ള ജിന്നയുടെ വാദങ്ങൾ ശരിയാണെന്നും. രണ്ട്, നമുക്ക് വോട്ട് ചെയ്യാൻ ഒരു പക്ഷം മാത്രമേ ഉള്ളൂവെങ്കിൽ അത് ജനാധിപത്യമല്ലെന്നും. അതുകൊണ്ടാണ് ജെ.ഡി.യുവും രാഷ്ട്രീയ ജനതാദളും (ആർ.ജെ.ഡി) ശക്തവും മത്സര യോഗ്യമായ ശക്തികളുമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞത്. അല്ലാത്തപക്ഷം, ശക്തമായ നേതാക്കളും പാർട്ടികളും ഇല്ലാതെ ബിജെപിക്ക് ഒരു വശം തുറന്നിട്ടാൽ, ആർജെഡി സഖ്യങ്ങൾ എത്ര നല്ലതായാലും, മുസ്ലീങ്ങൾ അവരുടെ വോട്ടർമാരായിരിക്കില്ല, മറിച്ച് അവരുടെ “അടിമകളായിരിക്കും എന്ന സത്യം.
വിഭജനത്തെയും ജിന്നയെയും കുറിച്ചുള്ള ആദ്യ പാഠമാണ് ഞാൻ ഇപ്പോൾ പിന്തുടരുന്ന സൈദ്ധാന്തിക അന്വേഷണത്തിലേക്ക് എന്നെ നയിച്ചത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ചുള്ള രണ്ടാമത്തെയും കൂടുതൽ പ്രായോഗികവുമായ പാഠം കഴിഞ്ഞ ദശകത്തിൽ, തമിഴ്‌നാട്ടിലും കേരളത്തിലും, ഒരു പരിധിവരെ ആന്ധ്രയിലും ബീഹാറിലും ഒഴികെ, ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഗങ്ങളിലും മുസ്ലീങ്ങൾക്ക് രാഷ്ട്രീയ ഏജൻസി നഷ്ടപ്പെട്ടതിനാൽ, കൂടുതൽ വ്യക്തവും അടിയന്തിരവുമായി മാറിയിരിക്കുന്നു. ബംഗാളിൽ പോലും, ബി.ജെ.പിയുടെ ഉദയം നമ്മുടെ തിരഞ്ഞെടുപ്പുകളുടെ സാധ്യത റദ്ദു ചെയ്യുന്നതാണ്.
എന്റെ പിതാവിൽ നിന്നുള്ള ഈ രണ്ട് പാഠങ്ങളെ അടിസ്ഥാനമാക്കിയാണ് ഞാൻ വായിക്കുകയും ഗവേഷണം നടത്തുകയും സമാന വിഷയങ്ങളിൽ താല്പര്യമുള്ള ആളുകളെ കണ്ടെത്തുകയും ചെയ്യുന്നത്. എന്റെ എം.ഫിൽ, പി.എച്ച്.ഡി എന്നിവ ഇന്ത്യൻ മുസ്ലിംകൾക്ക് നേരെ നടക്കുന്ന അക്രമണങ്ങളെ കുറിച്ചാണ്. ഈ അന്വേഷണം എന്തുകൊണ്ട് അത്യന്തം അടിയന്തിരമാണ് എന്നത് ഇന്ന് നമുക്ക് ചുറ്റും കാണാം—മുസ്ലിംകളുടെ രാഷ്ട്രീയ ഏജൻസിയുടെ നഷ്ടം ആകസ്മികമല്ല. ഇത് വ്യവസ്ഥാപിതവും ചരിത്രപരവുമാണ്, 1990-കൾക്ക് ശേഷമുള്ള കാലഘട്ടത്തിൽ, ആഗോള-പ്രാദേശിക രാഷ്ട്രീയ, സാമ്പത്തിക ഘടകങ്ങളുടെ സംയോജനം മൂലം ഇതിന്റെ ഏറ്റവും വിനാശകരമായ പ്രകടനങ്ങൾ കാണാം.

സമത്വത്തിനും മതേതരത്വത്തിനും വേണ്ടി വാചാലരായിട്ട് മാത്രം കാര്യമില്ല. എല്ലാം വർഗത്തിലേക്ക് മാത്രം ചുരുക്കുന്നതും പ്രശ്നകരമാണ്. ഇന്ത്യയിലെ മുസ്ലീങ്ങൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും ഏജൻസി പുനഃസ്ഥാപിക്കാൻ വ്യവസ്ഥാപിത മാറ്റം ആവശ്യമാണെന്ന് മനസ്സിലാക്കുക എന്നതാണ് മുന്നോട്ടുള്ള ഏക മാർഗം. ഇക്കാരണത്താൽ, 1947-ൽ ബ്രാഹ്മണശക്തികളുടെ പരസ്പരവിരുദ്ധമായ പ്രവണതകളും “മതേതര” ഗാന്ധിയൻ ദേശീയതയുടെ ആഖ്യാനത്തിൽ മുസ്ലീങ്ങളുടെ അന്യവൽക്കരണവും പ്രതീക്ഷിച്ചിരുന്ന ജിന്ന ഇന്ന് കൂടുതൽ പ്രസക്തനാണ്.
ജിന്നയും ഇഖ്ബാലും പറയുന്നതനുസരിച്ച്, ഇന്ത്യൻ ദേശരാഷ്ട്രം എന്നത് സാങ്കൽപ്പിക ദേശീയവാദ ചരിത്രവും വലിയൊരു വിഭാഗം മുതലാളിമാരുടെ സഹായത്തോടെ കേന്ദ്രീകരണത്തിലേക്കും ഭൂരിപക്ഷവാദത്തിലേക്കുമുള്ള പ്രവണതയും ഉള്ള ബ്രാഹ്മണ പുനരുജ്ജീവനത്തിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമല്ല. കൂടുതൽ വിവരങ്ങൾക്കായി, കോൺഗ്രസിന്റെ കേന്ദ്രീകരണ പ്രവണതകളെക്കുറിച്ചും, ജിന്നയെപ്പോലുള്ള മുസ്ലിം നേതാക്കൾ പ്രതീക്ഷിച്ചിരുന്ന യഥാർത്ഥ ഫെഡറലിസം സ്വീകരിച്ചിരുന്നെങ്കിൽ ഒരു മെച്ചപ്പെട്ട ഭാവി സാധ്യമായിരുന്നുവെന്നും ആകാർ പട്ടേൽ എഴുതിയത് വായിക്കുക.
ജിന്നയുടെ രാഷ്ട്രീയ പ്രകാശനത്തിലെ ഏക പോരായ്മ, മുസ്ലിംകൾക്കിടയിലെ ജാതി വിഷയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മൗനമാണ്, ഇതിനുള്ള മിക്കവാറും കാരണം, ആസന്നമായ ഡീകോളനൈസേഷന്റെയും കോൺഗ്രസിലെ ഹിന്ദു ഏകീകരണത്തിന്റെയും പശ്ചാത്തലത്തിൽ, കേന്ദ്രീകരണത്തിനും ഭൂരിപക്ഷവാദത്തിനും എതിരെ നിൽക്കുക എന്നത് അത്യന്തം അടിയന്തിരമായ ദൗത്യമായിരുന്നു എന്നതാവാം, അതിന് മുസ്ലിംകളുടെ ഏതെങ്കിലുമൊരു തരത്തിലുള്ള ഏകീകരണം ആവശ്യമായിരുന്നു.
പ്രാതിനിധ്യവും മുസ്ലീം ലീഗും
അന്ന് പ്രതീക്ഷിച്ചിരുന്നത് ഇന്ന് വ്യക്തമായ യാഥാർത്ഥ്യമായി മാറിയിരിക്കുന്നു. ജിന്നയെ സംബന്ധിച്ചിടത്തോളം, കോൺഗ്രസ് പാർട്ടിയുടെ മതേതരത്വം അടിസ്ഥാനപരമായി മുസ്ലീങ്ങളെയും മറ്റ് ന്യൂനപക്ഷങ്ങളെയും നിശബ്ദരാക്കാനും ഒഴിവാക്കാനുമുള്ള ഒരു ഉപകരണമായിരുന്നു. മതേതര ഭൂരിപക്ഷവാദത്തെയും മറ്റ് സ്വത്വങ്ങളെ ഇല്ലാതാക്കാനുള്ള അതിന്റെ ശ്രമത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വാദം ഓർക്കുക: “ജനാധിപത്യം ഒരു സമുദായത്തിന് ബാലറ്റ് പെട്ടിയിലൂടെ മറ്റൊരു സമുദായത്തെ ഭരിക്കാനുള്ള അവകാശം നൽകുന്നില്ല.”
ജിന്നയെക്കുറിച്ച് ചരിത്രകാരിയായ ജോയ ചാറ്റർജി Shadows at Noon എന്ന പുസ്തകത്തിന്റെ പേജ് 67-ൽ ഇപ്രകാരം എഴുതുന്നു: “1906 മുതൽ … മരിക്കുന്നതുവരെ … ജിന്ന, ചർച്ചകളിൽ അപൂർവമായ കഴിവുള്ള ഒരു ലിബറൽ ഭരണഘടനാവാദിയായി തുടർന്നു. 1930-കളിലും 40-കളിലും മാറിയത്, ജിന്നയല്ല, മറിച്ച് മുഴുവൻ രാജ്യത്തെയും പ്രതിനിധീകരിക്കണമെന്ന് നിർബന്ധം പിടിച്ചുകൊണ്ടിരുന്ന കോൺഗ്രസായിരുന്നു. ആ അവകാശവാദം നിരസിച്ചവരോട് അനുരഞ്ജനപ്പെടാൻ അതിന്റെ നേതൃത്വം കാരണമൊന്നും കണ്ടില്ല. ഇന്ത്യൻ സാഹചര്യങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണം ആവശ്യമാണെന്നും ഇടം, അംഗീകാരം, ബഹുമാനം എന്നിവ ആവശ്യപ്പെടുന്ന “ഇന്ത്യൻ” എന്നതിലുപരി മറ്റ് സ്വത്വങ്ങളുണ്ടെന്നും വിശ്വസിച്ചിരുന്ന ജിന്ന ഉൾപ്പെടെയുള്ളവരെ പുറത്താക്കിയത് ഈ ആധിപത്യ നിലപാട് ആയിരുന്നു. ഒടുവിൽ, മുഖ്യ ചർച്ചക്കാരൻ പാർട്ടിയുമായി (കോൺഗ്രസ്) ഒരു വിട്ടുവീഴ്ച കൊണ്ടുവരാൻ കഴിയില്ലെന്ന് തെളിഞ്ഞു.

1932-ൽ അഖിലേന്ത്യാ മുസ്ലീം സമ്മേളനത്തിൽ ഇഖ്ബാൽ നടത്തിയ അധ്യക്ഷ പ്രസംഗം നിങ്ങൾക്ക് വായിക്കാം: “ഇന്ത്യയിലെ ജനങ്ങളുടെ ഏക പ്രതിനിധികളാണ് തങ്ങൾ എന്ന് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നു. കഴിഞ്ഞ വട്ടമേശ സമ്മേളനം അവർ അങ്ങനെയല്ല എന്നത് വ്യക്തമായി തെളിയിച്ചു. ഇത് കോൺഗ്രസ് സ്വാഭാവികമായും വെറുക്കുന്നു. അതിനാൽ, വരാനിരിക്കുന്ന ഭരണഘടനയിൽ ഒരു ഉടമ്പടി ഉൾപ്പെട്ടേക്കുമെന്ന് അവർ ഭയപ്പെടുന്ന ഒരു പാക്ടിനെ പരാജയപ്പെടുത്താനും, ന്യൂനപക്ഷങ്ങളുടെ വിഷയം കോൺഗ്രസുമായി മാത്രം ബന്ധപ്പെട്ട് പരിഹരിക്കാനും സർക്കാരിനെ നിർബന്ധിക്കാനും അവർ ഇപ്പോഴത്തെ ഈ പ്രചാരണം ആരംഭിച്ചിരിക്കുന്നു. മഹാത്മാഗാന്ധിയെ രാജ്യത്തിന്റെ ഏക പ്രതിനിധിയായി കണക്കാക്കാൻ സർക്കാർ വിസമ്മതിച്ചതിനാൽ, കോൺഗ്രസ് സിവിൽ നിയമ ലംഘനത്തിന് തീരുമാനിച്ചുവെന്ന് കോൺഗ്രസ് പ്രമേയം തികച്ചും വ്യക്തമാക്കുന്നു. അപ്പോൾ ഒരു ന്യൂനപക്ഷത്തിന് ഒരേ തോതിൽ സർക്കാരിനെതിരെയും സ്വയം എതിരായും ഒരു പ്രചാരണത്തിൽ എങ്ങനെ ചേരാൻ കഴിയും?”
1946-ലെ തിരഞ്ഞെടുപ്പുകൾ തെളിയിച്ചത്, ബ്രിട്ടീഷ് ഇന്ത്യയിലെ പ്രവിശ്യകളിലെ ഭൂരിഭാഗം മുസ്ലിം വോട്ടർമാരും ഇതേ വികാരം പങ്കുവെച്ചിരുന്നു എന്നാണ്. മുസ്ലിം വോട്ടുകളിൽ, മുസ്ലിം ലീഗ് (എം.എൽ) 75 ശതമാനം വോട്ടുകളും പ്രവിശ്യകളിലെ 87 ശതമാനം അസംബ്ലി സീറ്റുകളും നേടി. പിന്നീട് പ്രചരിപ്പിക്കപ്പെട്ട മിഥ്യകൾക്ക് വിരുദ്ധമായി, ഇത് വെറും ഉന്നതവർഗ തിരഞ്ഞെടുപ്പ് മാത്രമായിരുന്നില്ല. 35 ശതമാനത്തിലധികം പുരുഷന്മാർ വോട്ടെടുപ്പിനായി രജിസ്റ്റർ ചെയ്തിരുന്നു, പക്ഷേ 6-7 ശതമാനം സ്ത്രീകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്, ഇത് മൊത്തം രജിസ്റ്റർ ചെയ്തവരുടെ എണ്ണം 20 ശതമാനത്തിന് മുകളിലേക്ക് കൊണ്ടുവന്നു എന്ന് ഷോ ഖുവാജിമ എഴുതിയ Muslims, Nationalism, and the Partition എന്ന പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുസ്ലിം ലീഗ് ബംഗാളിലെ കർഷകർക്കിടയിലും മദ്രാസ്, ബോംബെ പ്രസിഡൻസികളിലെ മധ്യവർഗത്തിനിടയിലും പ്രത്യേക പ്രകടനം തന്നെ കാഴ്ചവെച്ചു. എന്റെ ഗവേഷണത്തിൽ ശേഖരിച്ച ഡാറ്റ പ്രകാരം, ബ്രിട്ടീഷ് ഇന്ത്യയിലെ 42 ദശലക്ഷം മുതിർന്ന മുസ്ലിം ജനസംഖ്യയിൽ, 6 ദശലക്ഷം വോട്ടുകൾ രേഖപ്പെടുത്തി, അതിൽ 4.5 ദശലക്ഷം മുസ്ലിം ലീഗിന് ലഭിച്ചു. മുസ്ലിം ലീഗ് 40 സീറ്റുകൾ എതിരില്ലാതെ നേടി. ശരാശരി വോട്ടെടുപ്പ് 65 ശതമാനത്തിനടുത്തായിരുന്നു (പഞ്ചാബിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കി, 1.6 ദശലക്ഷം രജിസ്റ്റർ ചെയ്ത മുസ്ലിം വോട്ടർമാരിൽ ഒരു ദശലക്ഷം പേർ വോട്ട് ചെയ്തു). ഇതിനർത്ഥം, മൊത്തം രജിസ്റ്റർ ചെയ്ത മുസ്ലിം വോട്ടർമാർ ഒമ്പത് ദശലക്ഷത്തിന് മുകളിലായിരുന്നു, അതിൽ 7.5 ദശലക്ഷത്തിലധികം പുരുഷന്മാരും ഏകദേശം 1.5 ദശലക്ഷം സ്ത്രീകളുമായിരുന്നു. അതിനാൽ, മുസ്ലിം പുരുഷ ജനസംഖ്യയുടെ 35 ശതമാനത്തിലധികം വോട്ടെടുപ്പിനായി രജിസ്റ്റർ ചെയ്തിരുന്നു, മുസ്ലിം പുരുഷന്മാരിൽ 25 ശതമാനത്തിലധികം പേർ വോട്ട് ചെയ്തു. കൂടാതെ, അന്വേഷ റോയിയുടെ 2018-ലെ Making Peace, Making Riots എന്ന പുസ്തകം ഈ വിഷയത്തിൽ കൂടൂതൽ ഉൾകാഴ്ച ലഭിക്കാൻ സഹായകരമാണ്.
ഇസ്ലാമിലെ ആധുനികത
ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഐ.ഐ.ടി, ജെ.എൻ.യു, ഇപ്പോൾ തിഹാർ എന്നിവിടങ്ങളിലെ എന്റെ പഠനത്തിന്റെ മറ്റൊരു വശം ഇസ്ലാമിലെ ആധുനികതയുടെ ധാരകളെ മനസ്സിലാക്കുക എന്നതായിരുന്നു – പരമാധികാരത്തിന്റെ പോരായ്മക്കും ആധുനിക ശാസ്ത്രത്തിന്റെ ശക്തിക്കും എതിരെയുള്ള പ്രതികരണമാണ് അത്. ജയിലിൽ എത്തുന്നതിന് മുമ്പ് ഞാൻ മൗലികവാദത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്, പക്ഷേ ജയിലിൽ വെച്ച്, ആധുനികതയോടുള്ള “രോഗാതുരമായ” (pathological) പ്രതികരണം എന്ന് വിളിക്കാവുന്നതിനെക്കുറിച്ച് ഷേർ അലി തരീന്റെ Perilous Intimacies: Debating Hindu-Muslim Friendship After എന്ന പുസ്തകം വായിച്ചതിലൂടെ ഞാൻ വളരെ കൂടുതൽ വ്യക്തത തേടുകയും ലഭിക്കുകയും ചെയ്തു.
ആധുനിക വിദ്യാഭ്യാസത്തിലൂടെ മാത്രമല്ല, മുസ്ലീം ജനതയ്ക്കുള്ള രാഷ്ട്രീയ ഏജൻസിയിലൂടെ കൂടിയേ ആധുനികതയോടുള്ള മൗലികവാദപരവും ജനാധിപത്യവിരുദ്ധവുമായ പ്രതികരണങ്ങളെ തടയാൻ കഴിയൂ. രണ്ടും ഒരുപോലെ ആവശ്യമാണ്. ഇസ്ലാമിക രാജ്യങ്ങളിലെ രാജവാഴ്ചയും സ്വേച്ഛാധിപത്യ ശക്തികളും, പ്രത്യേകിച്ച് പാശ്ചാത്യ സാമ്രാജ്യത്വവുമായി സഖ്യത്തിലായവർ, ഇസ്ലാമിന്റെ ജനാധിപത്യവിരുദ്ധ, വിഭാഗീയത, പ്രതിവിപ്ലവ വ്യാഖ്യാനങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും, ഇവയെ ചെറുക്കാനുള്ള ഏക മാർഗം ജനാധിപത്യപരവും ഇന്ക്ലൂസിവും വിപ്ലവകരവുമായ ഒരു ഇസ്ലാം മാത്രമാണ്. പ്രത്യേകിച്ച്, ദക്ഷിണേഷ്യൻ, ഇറാനിയൻ മുസ്ലീങ്ങളുടെ ഏറ്റവും ജനാധിപത്യ ശബ്ദങ്ങളായ ഇഖ്ബാൽ, അലി ശരീഅത്തി തുടങ്ങിയ ആധുനിക ചിന്തകരിൽ നിന്ന് മാത്രമല്ല. കൊളോണിയലിസത്തിന്റെ ഉച്ചസ്ഥായി എന്ന് വിളിക്കാവുന്ന ഒരു കാലഘട്ടത്തിലൂടെയാണ് അലഹബാദി (മരണം. 1921) ജീവിച്ചത്.
കൊളോണിയലിസ്റ്റുകളുടെ രാഷ്ട്രീയമോ ശാസ്ത്രീയമോ ആയ ഭൗതിക നേട്ടങ്ങളുമായി പൊരുതാൻ അദ്ദേഹത്തിന് ഒന്നും ഉണ്ടായിരുന്നില്ല. കൊളോണിയൽ യജമാനന്മാരെ പിന്തുണയ്ക്കുന്നതിന് അലിഗഢിനെ അദ്ദേഹം വിമർശിച്ചു, എന്നാൽ ആധുനികതയിലേക്കും ആധുനിക ചിന്തയിലേക്കും മനസ്സ് അടച്ചുവെച്ചതിന് ഉലമകളെയും അദ്ദേഹം വിമർശിച്ചു. അനുഭവവാദം, നിരീക്ഷണം, പ്രപഞ്ച ക്രമത്തിന്റെ വ്യാഖ്യാനം എന്നിവയെക്കുറിച്ച് ഖുർആൻ ആവർത്തിച്ച് പ്രബോധനം നൽകിയിട്ടും – പ്രകൃതിയെ നിരീക്ഷിക്കുന്നത് ഖുർആനിക ലോകവീക്ഷണത്തിൽ ഒരു മതപരമായ വ്യവഹാരം പോലെ തോന്നുന്നിടത്തോളം – ആധുനിക ശാസ്ത്ര വികാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിൽ ഉലമ പരാജയപ്പെട്ടു (ഖുർആൻ, അദ്ധ്യായം 88, വാക്യം 17-26; അദ്ധ്യായം 36, വാക്യം 33-42; കൂടാതെ സമാനമായ മറ്റ് ഡസൻ കണക്കിന് ഭാഗങ്ങളും കാണുക; ഇഖ്ബാലിന്റെ നോളജ് ആൻഡ് റിലീജിയസ് എക്സ്പീരിയൻസ്, 1930 എന്നിവയും കാണുക). എന്നാൽ അലഹാബാദി തന്നെയും ഈ രണ്ട് തീവ്രതകളെ സമന്വയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇതിൽ,അദ്ദേഹം പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കവുമുള്ള ദക്ഷിണേഷ്യൻ മുസ്ലിം ചിന്തയിലെ ഏറ്റവും മികച്ച പ്രതിനിധിയാണ്. പാശ്ചാത്യ ശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും ഇസ്ലാമിക പഠനങ്ങളിലും പ്രാവീണ്യം നേടിയ അദ്ദേഹം, വിശ്വാസമുണ്ടായിരുന്നിട്ടും ഒരു നാഴികക്കല്ല് കൈവരിക്കുന്നതിൽ പരാജയപ്പെട്ട ഒരു അനന്യവും ഉന്നതവുമായ വ്യക്തിത്വമാണ്. അടുത്ത തലമുറയിലാണ് ഒരു വഴിത്തിരിവ് ഉണ്ടായത്. ഒരു വശത്ത് ഇസ്ലാമുമായുള്ള ആധുനികതയുടെ അടുത്ത സമന്വയവും മറുവശത്ത് ഭൗതിക ശാസ്ത്രത്തിലെ ഇക്ബാലിനെ പോലെയുള്ളവരുടെ ഇടപെടലും അവർക്ക്, ന്യൂട്ടന്റെ ഭൗതികശാസ്ത്രം തകർന്നപ്പോൾ, ഭൗതികവാദത്തിനെതിരെ കൂടുതൽ സ്വതന്ത്രമായി വാദിക്കാൻ കഴിഞ്ഞു. കൂടാതെ, സംശയാസ്പദമായ ചരിത്രരേഖകളെ വിശുദ്ധമായി കണക്കാക്കുകയും അതുമൂലം സെക്ടേറിയൻ തർക്കങ്ങളിൽ ഏർപ്പെടുകയും ചെയ്ത ഉലമാക്കളെ വിമർശിക്കാനും, ഖുർആന്റെ വെളിപാടിനെയും ഇസ്‌ലാമിക സമൂഹത്തിന്റെ ഏകദൈവ വിശ്വാസത്തിന്റെ അടിത്തറയെയും അവഗണിക്കുന്നതിനെ ചോദ്യം ചെയ്യാനും അവർക്ക് കഴിഞ്ഞു.
മുസ്ലിം ഉമ്മത്തിന്റെ വളർച്ചയിലെ അടുത്ത അധ്യായത്തിലേക്ക് നയിക്കുന്ന സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാൻ മുസ്ലീങ്ങളുടെ ഒരു ജനാധിപത്യ നേതൃത്വത്തിന് കഴിയുമെന്ന് ഇഖ്ബാൽ വിശ്വസിച്ചിരുന്നു.നിർഭാഗ്യവശാൽ, വിഭജനം അദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്ക് ഒരു താൽക്കാലിക തടസ്സം സൃഷ്ടിച്ചു—അദേഹത്തിന്റെ സ്വപ്നങ്ങളുടെ തുടർച്ചയായി നമുക്ക് പ്രാർത്ഥിക്കാം.
എന്നിരുന്നാലും, എന്റെ വീക്ഷണങ്ങളെ ഏതെങ്കിലും മതസമൂഹത്തെ അപലപിക്കുന്നതായി തെറ്റിദ്ധരിക്കരുത്.എന്നിരുന്നാലും, എന്റെ വീക്ഷണങ്ങളെ ഏതെങ്കിലും മതസമൂഹത്തെ അപലപിക്കുന്നതായി തെറ്റിദ്ധരിക്കരുത്. എന്റെ വിശ്വാസങ്ങൾ യുക്തിബോധവും സഹാനുഭൂതിയും ആവശ്യപ്പെടുന്നു. മറ്റ് മതപാരമ്പര്യങ്ങളിലെ ഏകദൈവ വിശ്വാസത്തിനും ജാതി വിരുദ്ധ പ്രസ്ഥാനങ്ങൾക്കും പിന്തുണയും അവയിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, ഗൗതം ബുദ്ധനെക്കുറിച്ചുള്ള ഇഖ്ബാലിന്റെ വരികളെ വായിക്കുക:
കൗഉംനെ പൈഘാ എ ഗൗതം കി സരാ പറവഹ് ന കി
ഖദർ പെഹചാനി ന അപനെ ഗൗഹർ എ യക്ദാന കി.
ബുദ്ധന്റെ സന്ദേശത്തിന് ആ രാഷ്ട്രം ശ്രദ്ധ നൽകിയില്ല.
അമൂല്യമായ മുത്തിന്റെ മൂല്യം അവർക്ക് മനസ്സിലായില്ല. ഗുരുനാനാക്കിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ:
ഫിർ ഉദി തൗഹീദ് കി സദാ പഞ്ചാബ് സെ ഹിന്ദ് കോ ഇക് മർദ് എ കാമിൽ നെ ജാഗയ ക്വാബ് സെ.
പഞ്ചാബിൽ ഒരിക്കൽ കൂടി ഒരു ഏകദൈവ വിശ്വാസത്തെ പ്രതിനിധികരിക്കുന്ന പതാക ഉയർന്നിരിക്കുന്നു. ഒരു വിശുദ്ധ മനുഷ്യനാൽ ഇന്ത്യ ഉറക്കത്തിൽ നിന്ന് ഉണർന്നിരിക്കുന്നു.
ഞാൻ വീണ്ടും വ്യക്തമാക്കുന്നു, ഞാൻ ഒരു മതവിഭാഗത്തെയും അവശ്യവൽക്കരിക്കുകയോ വ്യക്തികളെ വിധിക്കുകയോ ചെയ്യുന്നില്ല. ഞാൻ വെറുതെ ആശയ വിഭാഗങ്ങളെ ചർച്ച ചെയ്യുകയാണ്. ഈ സൂക്ഷ്മമായ ആശയത്തെ ഇക്ബാൽ അവതരിപ്പിച്ചതിനോട് ഞാൻ യോജിക്കുന്നു.
കാഫിർ എ ബേധാർ ദിൽ പിഷ് എ സാനം
ബെഹ് സി ഡിഡാരി കി ഖുഫ് അന്തർ ഹറം

ജീവിൽക്കുന്ന ഹൃദയമുള്ള പുറം ജാതീയായ വിഗ്രഹാരാധകൻ
ഹറമിൽ ഉറങ്ങുന്ന മതവിശ്വാസിയെക്കാൾ ഉത്തമനാണ്.
സത്യം അറിയുന്നത് നിന്നെ അലട്ടുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തെ ഉറങ്ങാൻ അനുവദിക്കുകയാണെങ്കിൽ നിങ്ങൾ തൗഹീദിനെ ഉപേക്ഷിച്ചിരിക്കുന്നു.തൗഹീദ് പ്രവാചകൻ മുഹമ്മദ് അവതരിപ്പിച്ച ഒരു പുതിയ ആശയമല്ല, മറിച്ച് അത് മനുഷ്യകുലത്തിന്റെ തുടക്കം മുതലുള്ളതാണെന്ന് ഖുർആൻ പലതവണ ആവർത്തിക്കുന്നുണ്ട്.എനിക്ക്, ഇത് ജീവിതത്തെയും അക്കാദമിക് പഠനങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു വഴിത്തിരിവാണ്.
നമ്മിൽ ഏറ്റവും ഉത്തമൻ, ഒരു പ്രത്യേക ഗോത്രത്തിലോ മതത്തിലോ രാഷ്ട്രത്തിലോ ഉള്ളവനല്ല, മറിച്ച് ഏറ്റവും നീതിമാനായ (തഖ്‌വയുള്ള) വ്യക്തിയാണ്. ഇതാണ് തൗഹീദിന്റെ ലോകവീക്ഷണം. ഈ അളവുകോൽ മനസ്സിലാക്കാതിരിക്കുന്നത്, മറ്റുള്ളവർ നമ്മെക്കാൾ പ്രാധാന്യം കുറഞ്ഞവരാണെന്നുള്ള അപകടകരമായ ധാരണയിലേക്ക് നയിക്കുന്നു. ജയിലിൽ പോലും എന്റെ മനസ്സിനെ അലട്ടുന്നത് ഈ കാര്യങ്ങളാണ്; ഇവയെക്കുറിച്ച് എഴുതാതിരിക്കാൻ എനിക്ക് കഴിയില്ല.
എന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ വർഷങ്ങൾ എന്റെ പിതാവിന്റെ മരണത്തിനു ശേഷമുള്ള രണ്ട് വർഷങ്ങളാണ് – 2015 ഉം 2016 ഉം. എനിക്ക് പ്രതിമാസം 30,000 രൂപയിൽ താഴെയാണ് വരുമാനം ലഭിച്ചിരുന്നത്. എന്റെ ഉമ്മയും ഇളയ സഹോദരനും എന്റെ ഉത്തരവാദിതമായിരുന്നു. എന്റെ അമ്മാവൻ നിരുപാധികമായ പിന്തുണ വാഗ്ദാനം ചെയ്തെങ്കിലും, ഒരു കപ്പ് ചായയ്ക്ക് എന്റെ പോക്കറ്റിൽ അഞ്ച് രൂപ പോലും ഇല്ലാതിരുന്ന ദിവസങ്ങൾ എനിക്കുണ്ടായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു. ജെ.എൻ.യുവിലെ മെസ്സും സുഹൃത്തുക്കളും എന്നെ അതിജീവിക്കാൻ സഹായിച്ചു. എന്റെ പ്രിയ സുഹൃത്തായ ഷഫ്ഖത്തിനോട് ഞാൻ പ്രത്യേകിച്ച് കടപ്പെട്ടിരിക്കുന്നു, ഹോസ്റ്റലിലേക്കുള്ള വെയിറ്റിംഗ് ലിസ്റ്റിൽ രണ്ടുതവണ ഞാൻ ഉണ്ടായിരുന്നതിനാൽ എന്നെ അവനോടൊപ്പം താമസിക്കാൻ അനുവദിച്ചു. എന്റെ പിതാവിന് കാൻസർ രോഗം കണ്ടെത്തിയപ്പോഴും പിന്നീട് എം.ഫിലിൽ ചേർന്നപ്പോഴും താമസിക്കാൻ സ്ഥലമില്ലാതായപ്പോഴും ഞാൻ അവനോടൊപ്പം താമസിച്ചിരുന്നുവെന്ന് ഞാൻ ഓർക്കുന്നു, പക്ഷേ അടുത്ത വർഷം കാര്യങ്ങൾ മെച്ചപ്പെട്ടു. എന്റെ രണ്ടാം വർഷ എംഫിലിൽ 2016-2021 ലെ മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ് എനിക്ക് ലഭിച്ചു, 2017-ൽ ഞാൻ രേക്തയിൽ മെച്ചപ്പെട്ട ഒരു ഫ്രീലാൻസ് ജോലിയിലേക്ക് മാറി. ഏറ്റവും വലിയ ഉറുദു ഡാറ്റാബേസിനായുള്ള അൽഗോരിതങ്ങൾ രൂപകൽപ്പന ചെയ്യൽ, ലിപ്യന്തരണം, ഉറുദു കവിതയുടെ ഓട്ടോമാറ്റിക് വാക്യഘടന വിശകലനം എന്നിവ, കോഡിംഗ്, ഉറുദു, കവിത, ചരിത്രം എന്നിങ്ങനെ എന്റെ എല്ലാ അഭിനിവേശങ്ങളും ഒത്തുചേർന്ന ഒരു സ്വപ്ന ജോലിയായിരുന്നു അത്.
ഇത് അൽപ്പം മികച്ച പ്രതിഫലം നൽകുന്നതായിരുന്നു, എനിക്ക് അവസരം നൽകിയതിന് സംവിധായകൻ സഞ്ജീവ് സറഫിനോട് ഞാൻ നന്ദിയുള്ളവനാണ്. എനിക്ക് ആഴ്ചയിൽ ഒരിക്കൽ പോകേണ്ടിവന്നു, മിക്കവാറും വിദൂരമായി ജോലി ചെയ്യുമായിരുന്നു. ചുരുക്കത്തിൽ, 2017 ആയപ്പോഴേക്കും എനിക്ക് സ്ഥിരമായ ഒരു വരുമാനം ലഭിച്ചു, എന്റെ ഗവേഷണം തുടരുന്നതിനിടയിൽ എന്റെ കുടുംബത്തിന് മാന്യമായ തുക അയയ്ക്കാൻ എനിക്ക് കഴിഞ്ഞു. ഫെലോഷിപ്പും രേക്തയും എന്നെ മുന്നോട്ട് നയിച്ചു.
2018 ലും 2019 ലും ഭൂരിഭാഗവും ഞാൻ ഉത്തരേന്ത്യയിൽ – ചണ്ഡീഗഢ്, പട്ന, കൊൽക്കത്ത, ഡൽഹി – ആർക്കൈവൽ മെറ്റീരിയലുകൾക്കായി യാത്ര ചെയ്തു. ജെ.എൻ.യുവും അവിടെ ഞാൻ ഉണ്ടാക്കിയ സുഹൃത്തുക്കളും എന്റെ ബൗദ്ധിക വികാസത്തിന്റെ അവിഭാജ്യ ഘടകമാണ്, ഇടതുപക്ഷ സംഘടനകളുടെ ചട്ടക്കൂടിനെ ഞാൻ വിമർശിച്ചിട്ടുണ്ടെങ്കിലും, അവരിൽ എനിക്ക് അവരിൽ പലരും കുടുംബത്തെപ്പോലെ പ്രിയപ്പെട്ട സൗഹൃദം സൂക്ഷിക്കുന്നവരാണ്.
ആദ്യ രണ്ടാഴ്ചത്തെ ഷഹീൻ ബാഗ് പ്രതിഷേധത്തിനിടെ, ആസിഫ് മുജ്തബയ്ക്ക് പുറമേ, പ്രഭാഷകരിലും ജനക്കൂട്ടത്തിലും പ്രധാനമായും ജെ.എൻ.യു സുഹൃത്തുക്കളും സഖാക്കളുമായിരുന്നു. പൗരത്വ ഭേദഗതി ബില്ലിനോട് എങ്ങനെ പ്രതികരിക്കണമെന്ന് ചർച്ച ചെയ്യുന്നതിനായി ജെ.എൻ.യുവിൽ നടന്ന ഒരു സർവകക്ഷി യോഗത്തിന് ശേഷം രൂപീകരിച്ച മുസ്ലീം സ്റ്റുഡന്റ്സ് ഓഫ് ജെ.എൻ.യുവിൽ അണി ചേരാൻ മുസ്ലിം വിദ്യാർത്ഥികൾ മാത്രമായിരുന്നു കടന്നു വന്നത്. എന്നാൽ തുടർന്ന് കൂടുതൽ പ്രഭാഷകരെ ആവശ്യമായി വന്നപ്പോൾ, ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷൻ (ബാപ്സ) ആണ് ആദ്യം പിന്തുണ നൽകിയത്. പിന്നെ മാർത്താണ്ഡ ദായുടെ നേതൃത്വത്തിലുള്ള ഒരു ഇടതുപക്ഷ സംഘടനയും ഉണ്ടായിരുന്നു, അവർ നിരുപാധിക പിന്തുണയും വാഗ്ദാനം ചെയ്തു. 2013-ൽ ജെഎൻയുവിൽ വെച്ച് ഞാൻ മാർത്താണ്ഡ ദായെ കണ്ടുമുട്ടി, വർഷങ്ങളായി അദ്ദേഹത്തെ കണ്ടിട്ടുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹം എന്നെ കണ്ടെത്തി. അഞ്ചാം ദിവസം എന്റെ തൊണ്ട വേദനിക്കുന്നതിനാൽ എനിക്ക് സംസാരിക്കാൻ കഴിഞ്ഞില്ല, എന്നിട്ടും എനിക്ക് ചൂടുവെള്ളം കുടിച്ച് സംസാരിക്കേണ്ടിവന്നു.
ഷഹീൻ ബാഗ് പ്രതിഷേധം സംഘടിപ്പിക്കുന്നതിൽ ജെ.എൻ.യു എത്രത്തോളം പ്രധാനമാണെന്ന് വിലമതിക്കപ്പെടുന്നില്ല. നിരവധി ഐ.ഐ.ടി വിദ്യാർത്ഥികളും ഉണ്ടായിരുന്നു, ഏറ്റവും പ്രധാനമായി ആസിഫ് മുജ്തബ. അങ്ങനെ, ഒരു തരത്തിൽ, ഈ ഓരോ കാമ്പസുകളിലെയും എന്റെ താമസം എന്റെ ജീവിതത്തിലെ ഇതുവരെയുള്ള ഏറ്റവും പ്രധാനപ്പെട്ട എപ്പിസോഡിൽ – ഷഹീൻ ബാഗ് റോഡ് ബ്ലോക്കിൽ – ഒരു പങ്കു വഹിച്ചിട്ടുണ്ട്.
ഇപ്പോൾ, ഞങ്ങൾ എന്തിനാണ് ജയിലിലായിരിക്കുന്നത്? എന്താണ് നേടിയത്? ഫാസിസ്റ്റ് ഭരണകൂടം ഞങ്ങളെപ്പോലുള്ളവരെ തകർക്കാൻ ശ്രമിക്കും. എല്ലാത്തിനുമുപരി, മുസ്ലീങ്ങൾക്കും ഇന്ത്യയിലെ മറ്റ് ന്യൂനപക്ഷങ്ങൾക്കും വേണ്ടിയുള്ള എല്ലാ ഭരണഘടനാപരമായ ജനാധിപത്യപരവും നടപടിക്രമപരവുമായ വാതിലുകളും അടഞ്ഞുകിടക്കുമ്പോൾ, അവശേഷിക്കുന്ന ഒരേയൊരു മാർഗം ജനങ്ങൾ അവരുടെ സാന്നിധ്യം അറിയിക്കുക എന്നതാണ്.
ദശലക്ഷക്കണക്കിന് വരുന്ന ബഹുജനങ്ങളാണ് യഥാർത്ഥ ജനാധിപത്യ ശക്തി.
എഫ്.പി.ടി.പി തിരഞ്ഞെടുപ്പ് പ്രക്രിയയും അമിത കേന്ദ്രീകരണവും അവരെ നിശബ്ദരാക്കിയതിൽ കാര്യമില്ല. ഈ സംവിധാനങ്ങൾ ജനങ്ങളുടെ ഉദ്ദേശ്യം നിറവേറ്റുന്നില്ലെങ്കിൽ, അവർ മറ്റ് മാർഗങ്ങളിലൂടെ അവരുടെ സാന്നിധ്യം അറിയിക്കണം, അതാണ് ഷഹീൻ ബാഗിലും അതിനുശേഷവും ഞാൻ നടത്തിയ നൂറുകണക്കിന് പ്രസംഗങ്ങളുടെ കാതൽ. ജനങ്ങളുടെ ബഹുജന സമാഹരണം ജനാധിപത്യത്തിന് എതിരല്ല, മറിച്ച് അതിന്റെ സമഗ്രതയുടെ പരീക്ഷണമാണ്. ഒരു രാഷ്ട്രം ജനങ്ങളുടെതാണ്, നിലവിലുള്ള സംവിധാനങ്ങളും അധികാരത്തിലുള്ള ആളുകളും അതിന്റെ വൈവിധ്യമാർന്ന സമൂഹങ്ങളുടെ മാന്യമായ നിലനിൽപ്പ് ഉറപ്പാക്കുന്നില്ലെങ്കിൽ, ഉയർന്നുവരേണ്ടത് ജനങ്ങളുടെ ജനാധിപത്യ കടമയാണ്. തടസ്സപ്പെടുത്തൽ എന്നതാണ് പ്രധാന കാര്യ; ജനങ്ങൾക്ക് ജനാധിപത്യം സ്ഥാപിക്കാനും തടസ്സപ്പെടുത്തലിലൂടെ സ്വാധീനം ചെലുത്താനും കഴിയും. മറ്റുള്ളവരോടൊപ്പം ഞാനും ഒരു ഉൽപാദനപരമായ പ്രതിരോധത്തിലേക്ക് വിരൽ ചൂണ്ടിയതായി എനിക്ക് വ്യക്തമാണ്. ഈ ആഹ്വാനത്തോട് ആളുകൾ പ്രതികരിച്ചു എന്ന് പറയുന്നതിൽ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. എന്റെ പ്രസംഗങ്ങളും ബംഗാളി, തമിഴ്, മലയാളം തുടങ്ങി മുസ്ലീം ആക്ടിവിസ്റ്റുകൾ പല ഭാഷകളിലേക്കും വിവർത്തനം ചെയ്ത എന്റെ രചനകളും കണ്ട് ഞാൻ അത്ഭുതപ്പെട്ടു.

ജയിലിൽ വെച്ച് ഒരു ശ്രീലങ്കൻ തമിഴ് മുസ്ലീം സ്ത്രീയിൽ നിന്ന് എനിക്ക് ഒരു കത്ത് ലഭിച്ചപ്പോൾ എനിക്കുണ്ടായ അത്ഭുതം ഒന്ന് സങ്കൽപ്പിച്ചു നോക്കൂ, എന്റെ പ്രസംഗങ്ങളുടെ തമിഴ് വിവർത്തനം അവളുടെ സഹപ്രവർത്തകയിൽ നിന്ന് സമ്മാനമായി ലഭിച്ചതായി അവർ എഴുതി. ശ്രീലങ്കയിലെ ഒരു ന്യൂനപക്ഷം എന്ന നിലയിൽ, ഭൂരിപക്ഷവാദവുമായി ബന്ധപ്പെട്ട എന്റെ പ്രസംഗങ്ങളിൽ ഉന്നയിക്കപ്പെട്ട പല വിഷയങ്ങളും തനിക്ക് പ്രത്യേക അനുരണനമാണെന്ന് അവർ പറഞ്ഞു. എന്റെ പ്രസംഗങ്ങൾ (പ്രത്യേകിച്ച് അലിഗഢ്) കേട്ടതോ എന്റെ ലേഖനങ്ങൾ വായിച്ചതോ ആയ മുസ്ലീങ്ങളിൽ നിന്നും അമുസ്ലിംകളിൽ നിന്നും എനിക്ക് അത്തരം നിരവധി കത്തുകൾ ലഭിച്ചിട്ടുണ്ട്, അവർ എന്റെ ചിന്താഗതിയെ അഭിനന്ദിക്കുകയോ അഭിപ്രായം പറയുകയോ ചെയ്യുന്നു. ദക്ഷിണേഷ്യയിലും അതിനപ്പുറവുമുള്ള ന്യൂനപക്ഷങ്ങളോട് – മുസ്ലീം, ഹിന്ദു, സിഖ്, ക്രിസ്ത്യൻ, അല്ലെങ്കിൽ സ്വന്തം രാജ്യങ്ങളിലെ ഭൂരിപക്ഷവാദത്തിന്റെ ഇരകളായ മറ്റുള്ളവരോട് – ഞങ്ങളുടെ സന്ദേശം പ്രതിധ്വനിച്ചിട്ടുണ്ടെന്ന് ഇത് കാണിക്കുന്നു.
എന്നെ മുന്നോട്ട് കൊണ്ടുപോകാൻ അത് ധാരാളം മതി. ഇന്ത്യയിലെ മുസ്ലീങ്ങൾ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശാൻ ശ്രമിക്കുന്ന ചില അർത്ഥവത്തായ വാക്കുകൾ എനിക്ക് പിന്നിൽ അവശേഷിപ്പിച്ചിരിക്കുന്നു എന്നതിൽ എനിക്ക് സംതൃപ്തി തോന്നുന്നു. ഇന്റർനെറ്റ് അറിവ് ഉൽപ്പാദനത്തിന്റെയും പങ്കുവയ്ക്കലിന്റെയും ജനാധിപത്യവൽക്കരണത്തിലേക്ക് നയിച്ചതുപോലെ 20 വർഷം മുമ്പ് അത്തരമൊരു തുറന്നുകാട്ടൽ സാധ്യമാകുമായിരുന്നില്ല. ഫാസിസ്റ്റുകൾ അവ ഇല്ലാതാക്കാൻ ആഗ്രഹിച്ചാലും എന്റെ വാക്കുകൾ നിലനിൽക്കും. അഹമ്മദ് ഫറാസ് പറഞ്ഞതുപോലെ: മെയ്ൻ കത് ഗിരുൻ കി സലാമത് രഹുൻ യാക്കിൻ ഹേ മുഝെ
കി യേ ഹിസാർ-ഇ-സിതം കോയി തോ ഗിരായേഗ
തമാം ഉംർ കി ഇസാ-നസിബിയോൺ കി ഖസം
മേരേ ഖലം കാ സഫർ റായേഗൻ ന ജായേഗ
ഞാൻ കൊല്ലപ്പെട്ടാലും ഞാൻ അതിജീവിച്ചാലും, ഞാൻ വിശ്വസിക്കുന്നു
ഈ ക്രൂരമായ ഉപരോധം ഒരു ദിവസം തകർക്കപ്പെടും ഒരു ജീവിതകാലത്തെ പീഡിത വിധികൾ സാക്ഷ്യം വഹിക്കുന്നു
എന്റെ വാക്കുകളുടെ യാത്ര വഴിതെറ്റിപ്പോകില്ല
ഇനിയും ഒരുപാട് എഴുതാനുണ്ട്. ഇപ്പോൾ, ഇത് മതിയാകും.
ഷർജീൽ.
വിവർത്തനം: ഹാജിറ ടി.പി.എസ്