എസ്.ഡി.പി.ഐ ദേശീയ പ്രസിഡൻ്റ് എം.കെ ഫൈസിയുടെ അറസ്റ്റും തുടർന്ന് എസ്.ഡി.പി.ഐ ഓഫീസ്കളിൽ നടന്നു കൊണ്ടിരിക്കുന്ന കേന്ദ്ര ഏജൻസികളുടെ റെയ്ഡും ന്യൂനപക്ഷ ബഹുജന ഐക്യത്തെ പേടിച്ചുകൊണ്ടുള്ള സംഘപരിവാറിൻ്റെ പുറപ്പാടാണ്.

ഇന്ത്യയിൽ വ്യത്യസ്ത പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും സവിശേഷമായി മുസ്ലിം ജനസമൂഹത്തെ രാഷ്ട്രീയമായി പ്രബുദ്ധരാക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് എസ്.ഡി.പി.ഐ. ഏറ്റവുമൊടുവിൽ രാജ്യത്തിൻ്റെ വ്യത്യസ്ത ഇടങ്ങളിൽ വഖഫ് ഭേദഗതി ബില്ലിനെതിരെ എസ്.ഡി.പി.ഐ നടത്തിയ സമര പരിപാടികൾ ന്യൂനപക്ഷ രാഷ്ട്രീയത്തിൻ്റെ ഭൂമികയിൽ നിന്നുള്ള ശക്തമായ ജനാധിപത്യ പ്രതികരണവും പ്രതിഷേധവും തന്നെയായിരുന്നു. സ്വാഭാവികമായും അത്തരം സംഘാടനങ്ങളിലും പ്രതികരണങ്ങളിലും സംഘപരിവാറിനുള്ള പേടി തന്നെയാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ഇത്തരം അടിച്ചമർത്തൽ നടപടികൾക്ക് പിന്നിൽ.
ഇന്നത്തെ ഇന്ത്യൻ സമൂഹികാവസ്ഥ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം എത്രത്തോളം പ്രശ്‌നഭരിതമാണ് എന്നത് വാർത്ത മാധ്യമങ്ങളിലൂടെ കടന്ന് പോവുമ്പോൾ ആർക്കും മനസ്സിലാവും. ഒരു ഭാഗത്ത് പ്രത്യേക നിയമ നിർമാണങ്ങളിലൂടെ മുസ്ലിംകളുടെ പൗരവകാശങ്ങളെ ഇല്ലാതാക്കുകയും വഖഫ്, പേഴ്സണൽ ലോ തുടങ്ങി മുസ്ലിം സാമൂഹിക ജീവിതത്തിൻ്റെ ആണിക്കല്ലുകളെ അടർത്താൻ ശ്രമിക്കുകയും ചെയുന്നു. കൂടെ, സംഘപരിവാർ സംഘടനകളും അനുയായികളും ചേർന്ന് നടത്തുന്ന ക്രൂരമായ മുസ്ലിം വിരുദ്ധ അക്രമങ്ങൾ. അതിൽ ജീവൻ നഷ്ടപ്പെട്ടവർ നിരവധിയാണ്. വലിയ ആപത്തുകൾ ഉണ്ടാവുന്ന സമയത്ത് നിർവഹിക്കാറുള്ള നാസിലത്തിൻ്റെ ഖുനൂത്തും പ്രത്യേക ദുആകളും ഈ റമദാനിൽ ഇന്ത്യയിലെ മുസ്ലിങ്ങൾ നിർവഹിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ടുള്ള ആൾ ഇന്ത്യ മുസ്ലിം മുസ്ലിം പേഴ്സണൽ ലോ ബോർഡിൻ്റെ പ്രത്യേക സന്ദേശം ഇന്നലെ വന്നത് ഈ സാഹചര്യത്തിൽ കാണാം.
ഇത്തരമൊരു സമൂഹികപരിസരത്താണ് എസ്.ഡി.പി.ഐ പോലുള്ള പ്രസ്ഥാനങ്ങൾ ജനാധിപത്യ രാഷ്ട്രീയ പ്രവർത്തനം നടത്തി വരുന്നത്. ഫാസിസ്റ്റ് വിരുദ്ധമായ ഒരു സമത്വ ആശയവും വിഭവ പുനർവിതരണത്തിൻ്റെ നീതിയുടെ ഭാഷയും എസ്.ഡി.പി.ഐ മുന്നോട്ട് വെക്കുന്നുണ്ട്. അത്തരമൊരു ഭാവനയെ, രാഷ്ട്രീയ പ്രവർത്തനത്തെ ഇല്ലായ്മ ചെയ്യേണ്ടത് ഫാസിസ്റ്റ് ഐഡിയോളജിയിൽ നിരന്തരം പരിശീലനം ലഭിച്ച സംഘപരിവാർ ഭരണകൂടങ്ങളുടെ ഒന്നാമത്തെ അജണ്ടയിൽപെടുന്നത് അസ്വാഭാവികമല്ല.
പക്ഷേ,ജനാധിപത്യ ബോധമുള്ളവരെ ഭയപ്പെടുത്തേണ്ടത് ഇതിനേക്കാളെറെ മറ്റൊന്നാണ്. സ്വയം പ്രഖ്യാപിത മൗനങ്ങൾക്ക് നാം വിധേയരായിരിക്കുന്നു. ഒരു പ്രത്യേക തരം കൂടുകളിൽ മിണ്ടാതിരിക്കാനാണ് നമ്മളിൽ പലരുടെയും താൽപ്പര്യം. കാര്യങ്ങളെ പറ്റി സൂക്ഷ്മമായ ധാരണയുള്ളവർ എന്ന് പറയപ്പെടുന്ന അക്കാദമിക പഠന വിദഗ്ധരുടെ കാര്യവും അത് തന്നെ. നമ്മുടെ വിദ്യാഭ്യാസവും പഠനവും നിർവികാരമായ അവനവനിസത്തിലേക്ക് മാത്രമാണ് പറിച്ചുനടന്നത് എങ്കിൽ അതും വിലയിരുത്തപ്പെടേണ്ടതാണ്. വ്യത്യസ്ത സംഘടന സംവിധാനങ്ങളിൽ, സമുദായ പരിസരങ്ങളിൽ ഇരിക്കുമ്പോഴും ഇന്ത്യയിലെ മുസ്ലിം ജനസമൂഹം പൂർണ്ണമായും നേരിടുന്ന ഫാസിസ്റ്റ് അക്രമണങ്ങൾക്കെതിരെ പരസ്പരം ഐക്യപ്പെടാനുള്ള ഭാഷ ഉണ്ടാക്കാൻ പരിശ്രമിക്കേണ്ടത് നമ്മുടെ കടമയാണ്.
കേരളത്തിൽ ഭരണകൂടം കയ്യാളുന്ന ഇടതുപക്ഷ രാഷ്ട്രീയമാവട്ടെ, മുസ്ലിം ഭീതി ഉൽപാദിപിക്കുന്നതിൽ സംഘപരിവാറിനോട് മത്സരത്തിലാണ്. ഏറ്റവുമൊടുവിൽ ആശവർക്കർമാരുടെ സമരത്തെക്കുറിച്ച് പോലും, അതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ എന്നീ സംഘടനകളാണെന്നുള്ള പാർട്ടി സെക്രട്ടറിയുടെ വാക്കുകൾ എന്ത് കാലാവസ്ഥയെയാണ് നിർമിച്ചെടുക്കുന്നത്. സംശയത്തെ നിരന്തരം ഉൽപാദിപ്പിക്കുകയെന്നത് ഫാസിസ്റ്റ് തന്ത്രമാണ്. മുസ്ലിം സംഘാടനങ്ങളെ ഭീകരവത്കരിക്കുകയും ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഫാസിസത്തിൻ്റെ ടൂൾബോക്സിലുള്ള ആയുധങ്ങളായിരുന്നു. ആ ആയുധങ്ങൾ തന്നെ ഉപയോഗിച്ച് മുസ്ലിം സംഘാടനങ്ങളെ നേരിടേണ്ടി വരുന്നത്, സി.പി.എമ്മിൻ്റെ ആശയപരവും പ്രായോഗികവുമായ ദൗർബല്യം തന്നെയാണ്. മുസ്ലിങ്ങളുടെയും മറ്റു പിന്നാക്കരാക്കപ്പെട്ട സമൂഹങ്ങളുടെയും രാഷ്ട്രീയ സംഘാടനത്തിന് ജനാധിപത്യ വ്യവസ്ഥിയിൽ ഇടമുണ്ടെന്ന രാഷ്ട്രീയ ബാലപാഠം എത്ര പാർട്ടി കോൺഗ്രസ് കൂടിയാലും സി.പി.എം പഠിക്കുമെന്ന് തോന്നുന്നില്ല.
മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങി മുസ്ലിം സാമൂഹിക രാഷ്ട്രീയ പ്രാധാന്യമുള്ള സംഘടനകളൊക്കെയും സവർണ ഇടതു/ വലതു ദേശീയ വാദികളുടെ പൈശാചികവൽക്കരണത്തിന് നിരന്തരം വിധേയമായി കൊണ്ടിരിക്കുകയാണ്. മുസ്ലിങ്ങളിൽ തന്റെ സംഘടനക്കാരൻ അല്ലാത്തവനെ തീവ്രവാദ/ ഭീകരവാദ/ വർഗീയവാദ ചാപ്പകൾ ഉപയോഗിച്ച് അടയാളപ്പെടുത്താനുള്ള ചിലരുടെയെങ്കിലും ബോധങ്ങൾ സമുദായത്തിനകത്തുമുണ്ട്. ഫാസിസത്തിന്റെ ഡിക്ഷ്ണറികളെ ആന്തരിക വൽക്കരിക്കുന്ന ഈ പ്രവണത അർത്ഥശൂന്യവും വിപരീത ദിശയിൽ ഉള്ളതാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.
മുസ്ലിം സംഘടനകളെ സംബന്ധിച്ചിടത്തോളം അറസ്റ്റുകളും ജയിലുകളും സംഘടനാ നിരോധനങ്ങൾ തന്നെയും ഇന്ത്യയിൽ പുതിയ ഒരു സംഗതിയല്ല. അതിനെയൊക്കെ നേരിട്ട് കൊണ്ടാണ് ഏറെ പരിമിതികൾക്കിടയിലും വ്യത്യസ്ത സംഘടന സംവിധാനങ്ങളിലൂടെ മുസ്ലിംങ്ങൾ ഇന്നും രാജ്യത്ത് സംഘടിക്കുന്നത്. ആത്യന്തികമായ വിജയം സംഘപരിവാറിന് ഒരിക്കലും സാധ്യമല്ല. സ്വയം അഭിമാനത്തിൽ നിന്നല്ല സ്വയം പേടിയിൽ നിന്നാണ് പലപ്പോഴും ഫാസിസം ചിന്തകളെ ഉത്പാദിപ്പിക്കുന്നതും അക്രമണോത്സുകമാകുന്നതും. മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഭയപ്പെടുത്തിയാൽ പിൻവാങ്ങുന്ന ഒരു സമൂഹമല്ല അവരെന്നത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടതാണ്. കൊളോണിയൽ വിരുദ്ധ സമരങ്ങളിൽ ഇന്ത്യയിലെ രക്തസാക്ഷികളുടെ കണക്കുകളിൽ മുസ്ലിങ്ങളുടെ പേരുകൾ നിരന്നു നിൽക്കുന്നത് കാണാം. ലോകത്തെ ഇന്നത്തെ ഏറ്റവും വലിയ കൊളോണിയൽ വിരുദ്ധ പോരാട്ടമായ ഫലസ്തീനിന്റെ അവസ്ഥയും അതുതന്നെ. ഭയമുണ്ടാക്കി പിന്നോട്ടു നടത്താം എന്നത് സ്വേച്ഛാധിപത്യ പ്രത്യയശാസ്ത്രങ്ങൾ നിരന്തരം പരീക്ഷിക്കുകയും ചരിത്രത്തിൽ പരാജയപ്പെടുകയും ചെയ്ത വഴിയാണ്. അത്തരം ഫാസിസ്റ്റ് തന്ത്രങ്ങൾക്കെതിരെ ഐക്യപ്പെടുകയും അതിനെ പ്രതിരോധിക്കുകയും ചെയ്യാതെ നിർവാഹമില്ല. മൗനത്തെ ഭേദിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നമുക്ക് നേതൃത്വം നൽകാൻ കഴിയട്ടെ.