2016 ഒക്ടോബർ 15-നാണ് ജെ.എൻ.യു വിദ്യാർഥി നജീബ് അഹ്മദ് കാണാതാക്കപ്പെടുന്നത്. എ.ബി.വി.പി അംഗങ്ങളുമായി ഉണ്ടായി എന്ന് പറയപ്പെടുന്ന ‘സംഘർഷ’ത്തിന്റെ പിറ്റേന്നാണ് നജീബിന്റെ നിർബന്ധിത തിരോധാനം സംഭവിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വിദ്യാർത്ഥികൾ സർവകലാശാല അധികൃതർക്ക് നേരെ നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നു. ഉത്തരവാദികളെ കണ്ടെത്താനും ഉത്തരവാദിത്തം ഏറ്റെടുക്കാനും ആവശ്യപ്പെടുന്നു. ‘നജീബ് എവിടെയാണ്’ എന്ന വളരെ ലളിതവും എന്നാൽ പിന്നീട് ഏറെ ദുഷ്കരവുമായിത്തീർന്ന ഒരു ചോദ്യത്തെ ചുറ്റിപ്പറ്റി ഒരു മൂവ്മെൻറ് രൂപംകൊള്ളുന്നു. പത്ത് വർഷങ്ങൾക്ക് ശേഷവും ആ ചോദ്യം ഉത്തരമില്ലാതെ തുടരുന്നു. സിബിഐ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ഡെൽഹി കോടതി അത് അംഗീകരിക്കുകയും ചെയ്തതോടെ 2025 ജൂണിൽ ഔദ്യോഗിക അന്വേഷണം അവസാനിപ്പിച്ചു. നജീബ് എവിടെയാണെന്നും നജീബിന് എന്താണ് സംഭവിച്ചതെന്നുമുള്ള ചോദ്യങ്ങൾക്ക് കോടതിയുടെ കയ്യിൽ ഉത്തരങ്ങളില്ല.
എന്നാൽ നജീബിന്റെ തിരോധാനം ജെ.എൻ.യുവിലെ രാഷ്ട്രീയ ജീവിതവുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാന ചോദ്യം ഉയർത്തുന്നു. “ജെഎൻയു എന്ന ആശയത്തിന് എന്താണ് സംഭവിച്ചത്?”

2015 മുതൽ ജെ.എൻ.യുവിലെ രാഷ്ട്രീയ ജീവിതത്തിന് ഞാൻ സാക്ഷിയാണ്. കേവലം തെരഞ്ഞെടുപ്പുകളിലൂടെയും സംഘടിത രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയും അല്ലാതെ, ക്ലാസ്മുറികളിലൂടെയും ഹോസ്റ്റലുകളിലൂടെയും ഫുഡ് കോർട്ടുകളിലൂടെയും ദൈനംദിന സംഭാഷണങ്ങളിലൂടെയും വിദ്യാർഥികൾ രാഷ്ട്രീയമായി വളരുന്ന ഇടമായിരുന്നു ജെഎൻയു. രാഷ്ട്രീയ സാമൂഹികവൽക്കരണം ക്യാമ്പസ് ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. വിയോജിപ്പ്, ബൗദ്ധിക സ്വാതന്ത്ര്യം, കോസ്മോപൊളിറ്റനിസം, ഉൾക്കൊള്ളലിന്റേതായ ഒരു രാഷ്ട്രവിഭാവന എന്നീ ആശയങ്ങളുമായി ജെഎൻയുവിന്റെ പൊതുപ്രതിച്ഛായ അടുത്തു ബന്ധപ്പെട്ടിരുന്നു.
2016 ഫെബ്രുവരിയിൽ ‘ദി ഹിന്ദു’വിൽ എഴുതിയ ലേഖനത്തിൽ പ്രൊഫസർ പീറ്റർ ഡിസൂസ ഇങ്ങനെ കുറിച്ചു: “ഏവരെയും ഉൾക്കൊള്ളുന്ന, വിവേചനങ്ങൾക്കതീതമായ, ലിംഗനീതിയും പരിസ്ഥിതിബോധവും പുലർത്തുന്ന, സർഗ്ഗാത്മകവും ബഹുസ്വരവും സാമൂഹിക പുനർവിന്യാസത്തിൽ അധിഷ്ഠിതവുമായ ഒരു രാഷ്ട്രസങ്കൽപ്പത്തെ രൂപപ്പെടുത്തുകയും പുനർനിർമ്മിക്കുകയുമായിരുന്നു ജെ.എൻ.യുവിൽ ഞങ്ങൾ ചെയ്ത് പോന്നത്.”
അദ്ദേഹം തുടർന്ന് എഴുതുന്നു: “ഭരണകൂടത്തിനും പൊതുസമൂഹത്തിനും ആവശ്യമായ മനുഷ്യവിഭവങ്ങളെ വാർത്തെടുക്കുന്ന ഒരിടം എന്നതിലുപരി, ഭരണകൂടത്തോട് വിയോജിക്കുന്ന ബദൽ ആശയങ്ങൾക്ക് ജന്മം നല്കുന്ന ഒരു വളർത്തുനിലം കൂടിയായിരുന്നു ജെ.എൻ.യു… ഇത്തരം ബഹുസ്വരതയുള്ള ഒരു സർവകലാശാല പൊതുസമൂഹത്തിന് ലഭിച്ച അപൂർവ്വമായൊരു സമ്പത്താണ്. കാരണം, പൊതുമണ്ഡലത്തിലേക്ക് അത് നിരന്തരം പുതിയ ചോദ്യങ്ങളും ഉത്തരങ്ങളും എറിഞ്ഞുനൽകുന്നു; സാമ്പ്രദായികമായി ഉറച്ചുപോയ സത്യങ്ങളെ വെല്ലുവിളിക്കുകയും ആധികാരിക പാഠങ്ങളെ പുനർവായനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു. എന്നാൽ ആ മഹത്തായ പാരമ്പര്യം ഇന്നിവിടെ ഭീഷണി നേരിടുകയാണ്. ‘ജെ.എൻ.യു എന്ന സങ്കൽപ്പത്തെ’ത്തന്നെ തിരിച്ചറിയാൻ കഴിയാത്ത ബാഹ്യശകതികൾ ആശയങ്ങളുടെയും സാമൂഹ്യബന്ധങ്ങളുടെയും മേൽ വിലക്കുകൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു.”
ഒരു പൊതുസർവകലാശാലയെ പറ്റിയുള്ള ഈ ഒരാശയത്തിൽ പ്രധാന്യമർഹിക്കുന്ന നിരവധിയുണ്ട്. ഒരു യൂണിവേഴ്സിറ്റി വിയോജിപ്പുകളെ നിലനിർത്തുകയും, അധികാരങ്ങളെ ചോദ്യം ചെയ്യുകയും, നിലവിലുള്ള വ്യവസ്ഥിതികളെ വെല്ലുവിളിക്കുന്ന ആശയങ്ങൾക്ക് ഇടം നൽകുകയും വേണം. ഒരു ആശയത്തിന്റെ പ്രഖ്യാപിത തത്ത്വങ്ങൾ എത്രത്തോളം പുരോഗമനപരമാണെങ്കിലും അത് മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെയോ തത്ത്വങ്ങളെയോ അടിസ്ഥാനമാക്കി മാത്രം അതിനെ വിലയിരുത്താൻ കഴിയില്ല. മറിച്ച് ആ മൂല്യങ്ങൾ എങ്ങനെ പ്രയോഗിക്കപ്പെടുന്നു, എങ്ങനെ വെല്ലുവിളിക്കപ്പെടുന്നു, ചില ഘട്ടങ്ങളിൽ എങ്ങനെ നിഷേധിക്കപ്പെടുന്നു എന്നതിലൂടെയും അത് പരിശോധിക്കപ്പെടണം. ഇവിടെയാണ് ജസ്റ്റിസ് ഫോർ നജീബ് പ്രസ്ഥാനം പ്രസക്തമാകുന്നത്. ഒരു സർവകലാശാലയുടെ വിയോജിപ്പിനോടുള്ള പ്രതിബദ്ധതയെ ആഘോഷിക്കുന്ന പൊതുമണ്ഡലത്തിൽ അതേ സർവകലാശാലയുടെ സ്ഥാപനജീവിതത്തെ അസ്വസ്ഥമാക്കുന്ന നീതിക്കായുള്ള ചോദ്യങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ എന്താണ് സംഭവിക്കുക എന്ന ചോദ്യമാണ് ഈ മൂവ്മെന്റ് മുന്നോട്ടുവെച്ചത്.
“ജെ.എൻ.യു എന്ന ആശയത്തിന്റെ” പരിമിതികൾ
ഒരു ആശയത്തിന് അത് പ്രതിനിധീകരിക്കുന്ന മൂല്യങ്ങളിലൂടെ നിയമസാധുത നേടാനാകും. കാലക്രമേണ, ആ മൂല്യങ്ങൾ വിശുദ്ധവത്കരിക്കപ്പെടുകയും ആവർത്തിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ഒടുവിൽ ആ ആശയത്തെ ചോദ്യം ചെയ്യുന്നത് ഒരു അക്രമണോത്സുക പ്രവൃത്തിയായി തോന്നുന്ന തരത്തിലേക്ക് അത് മാറുകയും ചെയ്തേക്കാം. “ജെ.എൻ.യു എന്ന ആശയവും” ഇതിൽനിന്ന് മുക്തമായിരുന്നില്ല. സർവകലാശാലയ്ക്കുള്ളിലെ അസമത്വങ്ങളെയും മാറ്റിനിർത്തലുകളെയും പരിശോധിക്കുന്നതിന് പകരം ആ ആശയത്തിന്റെ കേവലമായ ആഘോഷം സ്ഥാനംപിടിച്ചു.
ജെ.എൻ.യുവിന് വിയോജിപ്പിന്റെ പാരമ്പര്യമില്ല എന്നതായിരുന്നില്ല പ്രശ്നം. മറിച്ച്, സർവകലാശാലയുടെ ജനാധിപത്യ സ്വഭാവത്തിന് തെളിവായി ഈ ചരിത്രപാരമ്പര്യത്തെ കേവലം പുനരവതരിപ്പിക്കുക മാത്രം ചെയ്തു എന്നതാണത്.
“ജസ്റ്റിസ് ഫോർ നജീബ്” മൂവ്മെന്റ് ഈ വൈരുധ്യത്തെ തുറന്നുകാട്ടി. കാണാതാക്കപ്പെട്ട ഒരു സഹപാഠിയെക്കുറിച്ചും, കാണാതാക്കുന്നതിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും, അധികൃതരുടെ ഇടപെടലുകളെക്കുറിച്ചും വിദ്യാർത്ഥികൾ ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ചതടക്കമുള്ള പ്രക്ഷോഭങ്ങളും ഈ ആവശ്യങ്ങളോടുള്ള സ്ഥാപനത്തിന്റെ പ്രതികരണങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള പൊതുവ്യവഹാരങ്ങളും ഇതിൽ നിർണായകമായിരുന്നു.
ഉപരോധം ഏറെ വിവാദപരമായിരുന്നു. തങ്ങളെ തടഞ്ഞുവെച്ചതിനെ യൂണിവേഴ്സിറ്റി അധികൃതർ എതിർത്തപ്പോൾ, നജീബിന്റെ തിരോധാനത്തോട് അധികൃതർ നിസ്സംഗത പുലർത്തിയെന്ന് പ്രക്ഷോഭകരായ വിദ്യാർത്ഥികൾ വാദിച്ചു. ഈ പ്രശ്നം അതിന്റെ ചരിത്രപരമായ പശ്ചാത്തലത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ അതിനേക്കാൾ പ്രസക്തമായ മറ്റൊരു ചോദ്യം ബാക്കിയാവുന്നു: അധികൃതരോടുള്ള വിദ്യാർത്ഥികളുടെ ചോദ്യങ്ങൾ എന്തുകൊണ്ടാണ് ഇത്രപെട്ടെന്ന് നിയന്ത്രിക്കപ്പെടേണ്ടതോ, ഒതുക്കപ്പെടേണ്ടതോ, അവസാനിപ്പിക്കപ്പെടേണ്ടതോ ആയ ഒരു പ്രശ്നമായി മാറിയത്?
വിയോജിപ്പിന്റെ മഹത്തായ ഒരു ചരിത്രമുണ്ടെന്നതുകൊണ്ട് മാത്രം ഒരു പൊതു സർവകലാശാലയ്ക്ക് ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. ക്യാമ്പസ് ജനാധിപത്യത്തിന്റെ സംരക്ഷണം എന്നത് പുറത്തുനിന്നുള്ള ആക്രമണങ്ങളെ എതിർക്കുന്നതിൽ മാത്രം അവസാനിക്കുന്നതുമല്ല. സ്ഥാപനത്തിന്റെ തന്നെ നടപടികൾ, അതിനകത്തെ അധികാര വിഭജനം, പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികൾ നീതി ആവശ്യപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രതികരണങ്ങൾ എന്നിവ പരിശോധിക്കുന്നതും ഇതിന്റെ ഭാഗമാണ്.
ജെ.എൻ.യുവിലെ ഓരോ അഭിപ്രായവ്യത്യാസവും ഈ കാപട്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നോ ഉപരോധത്തെ എതിർത്ത എല്ലാവരും നജീബിനോട് അനീതി ചെയ്തുവെന്നോ വാദിക്കാനല്ല ഇത്. അങ്ങനെ ചെയ്യുന്നത് ക്യാമ്പസിൽ നിലനിന്നിരുന്ന രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളെ ലളിതവൽക്കരിക്കലാകും. ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് മുന്നോട്ടുവെച്ച നിബന്ധനകൾ എന്തൊക്കെയായിരുന്നു, ഏതെല്ലാം ആവശ്യങ്ങൾ ഉൾക്കൊള്ളാനാണ് കാമ്പസ് തയ്യാറായത്, സർവകലാശാലയുടെ സാധാരണ പ്രവർത്തനം പുനഃസ്ഥാപിക്കുന്നതിനായി ഏതെല്ലാം പരാതികളാണ് അടിച്ചമർത്തപ്പെട്ടത് എന്നിവയെക്കുറിച്ചാണ് കൂടുതൽ പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉയരേണ്ടത്.
ആരുടെ വേദനയ്ക്കാണ് ദൃശ്യത കൈവരിക്കുന്നത്?
ഈ സമരത്തിനിടയിലുണ്ടായ ഒരു സംഭവം സവിശേഷമായി എന്നെ അലട്ടുകയുണ്ടായി.
ഉപരോധ സമയത്ത്, വൈസ് ചാൻസലറുടെയും രജിസ്ട്രാറുടെയും ഭാര്യമാർ കർവ ചൗഥ് ആഘോഷത്തിന്റെ ഭാഗമായി തങ്ങളുടെ ഭർത്താക്കന്മാരെ കാണാൻ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിലെത്തി. ഉദ്യോഗസ്ഥർ തങ്ങളുടെ ‘ദുരിതാവസ്ഥ’ ട്വിറ്ററിലൂടെ പങ്കുവെച്ചതോടെ ഈ സംഭവം പൊതുശ്രദ്ധ നേടി. ഇതിനെത്തുടർന്നുണ്ടായ ചർച്ചകൾ ഉപരോധം അവസാനിപ്പിക്കാൻ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മേലുള്ള സമ്മർദ്ദം വർദ്ധിപ്പിച്ചു.
സമരത്തെച്ചൊല്ലിയുള്ള പെട്ടെന്നുള്ള അഭിപ്രായവ്യത്യാസങ്ങൾക്കപ്പുറമുള്ള ഒരു പ്രാധാന്യം ഈ സംഭവവികാസത്തിനുണ്ട്. കാണാതാക്കപ്പെട്ട ഒരു വിദ്യാർത്ഥിയുടെ നീതിക്ക് വേണ്ടിയുള്ള ആവശ്യം, കുടുംബബാധ്യതകളുടെ നിർവഹണത്തിനുള്ള അഭ്യർത്ഥനകളുമായും ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതിലുണ്ടായ പ്രയാസങ്ങളുമായും താരതമ്യം ചെയ്യപ്പെട്ടു.
ഭർത്താവിനെ കാണാനുള്ള ഒരു ഭാര്യയുടെ ആഗ്രഹമായിരുന്നില്ല എന്നെ അസ്വസ്ഥനാക്കിയത്. ആ ആഗ്രഹത്തിൽ അസ്വാഭാവികമായി ഒന്നുമില്ല. ഒരു അമ്മയുടെ വേദനയും ഒരു ഭാര്യയുടെ വിഷമവും പരസ്പരം നിഷേധിക്കുന്ന ഒന്നാകേണ്ടതുമില്ല. ചോദ്യം എന്തെന്നാൽ, ഈ രണ്ട് വ്യത്യസ്ത ആവശ്യങ്ങൾ എങ്ങനെയാണ് പൊതുശ്രദ്ധയും ധാർമ്മിക ബലവും നേടിയെടുത്തത് എന്നതും, ഏതിനാണ് ഉടനടി പ്രതികരണം ഉണ്ടാകേണ്ടതെന്ന കാര്യത്തിൽ പൊതുസമ്മതി രൂപപ്പെട്ടത് എന്നതുമാണ്.
ഫാത്തിമ നഫീസ് കാണാതായ തന്റെ മകനെ തിരയുകയായിരുന്നു. പ്രതീകാത്മകമായ ഒരു അടയാളപ്പെടുത്തലോ അനുതാപ പ്രകടനങ്ങളോ ആയിരുന്നില്ല അവരുടെ ആവശ്യം. നജീബിന് എന്ത് സംഭവിച്ചുവെന്ന് അറിയണമെന്നും, അവനെ കണ്ടെത്താൻ ഉത്തരവാദപ്പെട്ടവർ കൃത്യമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, ചോദ്യങ്ങളുന്നയിച്ച സമരത്തോടുള്ള സർവകലാശാലയുടെ പ്രതികരണം, സമരം ഉണ്ടാക്കിയ വിഘാതങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ളതായിരുന്നു.
ഈ വൈരുധ്യം അവഗണിക്കുക അസാധ്യമായിരുന്നു. വിശേഷപ്പെട്ട ഒരു സന്ദർഭത്തിൽ ഭർത്താവിനെ കാണാനുള്ള ഭാര്യയുടെ ആഗ്രഹത്തിന് പൊതുസഹതാപം നേടിയെടുക്കാൻ എളുപ്പത്തിൽ കഴിഞ്ഞു. എന്നാൽ, കാണാതാക്കപ്പെട്ട തന്റെ മകനെ കണ്ടെത്തണമെന്ന അമ്മയുടെ ആവശ്യത്തിന് പോരാടേണ്ടി വന്നത് സ്ഥാപനത്തിന്റെ നിസ്സംഗതയോടും, രാഷ്ട്രീയ ശത്രുതയോടും, സാധാരണ നില പുനഃസ്ഥാപിക്കാനുള്ള സമ്മർദ്ദങ്ങളോടുമായിരുന്നു.
ഇത് രണ്ട് തരത്തിലുള്ള വേദനകൾ തമ്മിലുള്ള താരതമ്യമല്ല. മറിച്ച്, വേദനകളെ പൊതുസമൂഹം തിരിച്ചറിയുന്നതിലും മനസ്സിലാക്കുന്നതിലുമുള്ള അസമത്വത്തെക്കുറിച്ചുള്ള ചോദ്യമാണ്. എന്തുകൊണ്ടാണ് ഒരു ആവശ്യം എളുപ്പത്തിൽ സഹതാപം നേടുകയും മറ്റൊന്ന് വെറുമൊരു അസൗകര്യമായി മാറ്റപ്പെടുകയും ചെയ്യുന്നത്? എന്തുകൊണ്ടാണ് സ്ഥാപനപരമായ ഉത്തരവാദിത്തത്തിന് വേണ്ടിയുള്ള ചോദ്യങ്ങൾ, സമരം ഉണ്ടാക്കുന്ന അസൗകര്യങ്ങളെക്കുറിച്ചുള്ള ചർച്ചകളാൽ പിന്തള്ളപ്പെടുന്നത്?
സർവകലാശാല ഉദ്യോഗസ്ഥരുടെയോ അവരുടെ കുടുംബങ്ങളുടെയോ വ്യക്തിപരമായ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഊഹിക്കുകയല്ല ഇവിടെ ലക്ഷ്യം; മറിച്ച്, ഈ സംഭവത്തിന്റെ പൊതുവ്യവഹാരം ഉണ്ടാക്കിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ പരിശോധിക്കുക എന്നതാണ്. അധികാര സ്ഥാനങ്ങളിലുള്ളവരുടെ പ്രയാസങ്ങൾ പെട്ടെന്ന് ശ്രദ്ധാകേന്ദ്രമാകുമ്പോൾ, പ്രക്ഷോഭത്തിന് തന്നെ കാരണമായ യഥാർത്ഥ വേദന കാഴ്ചയിൽ നിന്ന് മറഞ്ഞുപോകുന്നു.
നീതി ആവശ്യപ്പെടുന്നവർക്ക് നേരെ ഉയർന്ന മുസ്ലിം വിരുദ്ധ പ്രയോഗങ്ങൾ അടക്കം കലുഷിതമായ ഒരു രാഷ്ട്രീയ അന്തരീക്ഷത്തിലാണ് നജീബിന്റെ കാണാതാക്കലിനെക്കുറിച്ചുള്ള ചോദ്യം നിലനിന്നിരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഒരു പ്രക്ഷോഭം എങ്ങനെ ആഖ്യാനം ചെയ്യപ്പെടുന്നു എന്നത് നിർണായകമാണ്. പാർശ്വവൽക്കരിക്കപ്പെട്ട ഒരാളുടെ ആവശ്യം ന്യായമായ അവകാശമായി അംഗീകരിക്കപ്പെടുമോ അതോ സ്ഥാപനത്തിന്റെ ക്രമസമാധാനത്തിന് ഭീഷണിയായി മാറ്റപ്പെടുമോ എന്ന് തീരുമാനിക്കുന്നത് ആ ചിത്രീകരണമാണ്.
സമത്വരഹിത വിയോജിപ്പോ?
സമത്വരഹിതമാകുന്ന ഒരു വിയോജിപ്പ് എന്താണ്? സെലക്ടീവ് ആയി മാത്രം നൽകപ്പെടുന്ന സോളിഡാരിറ്റി കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
വിയോജിപ്പുകളെ ആഘോഷിക്കുകയും എന്നാൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ സ്വതന്ത്രമായ കർതൃത്വത്തെ ഉൾക്കൊള്ളാൻ കഴിയാതിരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ പരിധികളെ അഭിമുഖീകരിക്കാൻ “ജസ്റ്റിസ് ഫോർ നജീബ്” മൂവ്മെന്റ് നമ്മെ നിർബന്ധിതരാക്കി. ഇടതുപക്ഷ ഐക്യത്തോടോ വിപുലമായ പുരോഗമന പ്രസ്ഥാനത്തോടോ ഉള്ള പ്രതിബദ്ധതയ്ക്ക് മാത്രം, അതിനെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ രൂപീകരണങ്ങൾക്കുള്ളിലെ അസമത്വങ്ങളെ പരിഹരിക്കാൻ കഴിയില്ല.
ഐക്യം എന്നത് പരമോന്നത തത്ത്വമായി മാറുമ്പോൾ, ഒരു വലിയ കൂട്ടായ്മയുടെ താൽപ്പര്യങ്ങൾക്കായി സവിശേഷമായ ആവശ്യങ്ങൾ പിന്തള്ളപ്പെടാൻ സാധ്യതയുണ്ട്. അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങൾ ഉയർത്തുന്നവരോട്, ഒരു പൊതു പോരാട്ടത്തിന്റെ പേരിൽ തങ്ങളുടെ ആവശ്യങ്ങൾ മാറ്റിവെക്കാൻ പ്രത്യക്ഷമായോ പരോക്ഷമായോ ആവശ്യപ്പെടുകയും ചെയ്തേക്കാം.
ഈ പ്രശ്നം ജെഎൻയുവിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല; ഇടതുപക്ഷ രാഷ്ട്രീയത്തിന് മാത്രം ബാധകമാവുന്നതുമല്ല. സമത്വത്തോടുള്ള പ്രഖ്യാപിത പ്രതിബദ്ധത തങ്ങളുടെ തന്നെ പ്രവർത്തനങ്ങളെ പരിശോധിക്കുന്നതിൽ നിന്ന് ഒഴിവാക്കുന്നുവെന്ന് കരുതുന്ന ഏതൊരു രൂപീകരണത്തെയും ഇത് ബാധിക്കുന്നു.
ഉൾക്കൊള്ളലിന്റെ ഭാഷയ്ക്ക് സാമൂഹിക ശ്രേണികളെ നിലനിർത്തിക്കൊണ്ട് തന്നെ അതിനോട് ചേർന്നുപോകാൻ കഴിയും. വൈവിധ്യത്തെ ആഘോഷിക്കുമ്പോൾത്തന്നെ അതേസമയം ആ ഇടം പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളോട് പ്രബല രാഷ്ട്രീയ ശക്തികൾ നിശ്ചയിക്കുന്ന മുൻഗണനകൾക്ക് അനുസൃതമായി മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. ഒരു മൂവ്മെന്റിന് ബാഹ്യമായ അധികാരശക്തികൾക്കെതിരെ സുശക്തമായി വിയോജിപ്പ് രേഖപ്പെടുത്തുമ്പോൾ തന്നെ സ്വന്തം അണികൾക്കുള്ളിൽ നിന്ന് ഉയർന്നുവരുന്ന വിയോജിപ്പുകളെ കേവലം അസൗകര്യങ്ങളായി വിലയിരുത്താനും കഴിയും.
സാമൂഹിക നീതിക്കായി നിലകൊള്ളുന്നവരെ സംബന്ധിച്ചിടത്തോളം, ഈ വൈരുധ്യത്തെ ഒരു ചെറിയ വീഴ്ചയായി തള്ളിക്കളയാനാവില്ല. ആരുടെ ശബ്ദമാണ് കേൾക്കുന്നത്, ആരുടെ വേദനയ്ക്കാണ് സ്വീകാര്യത ലഭിക്കുന്നത്, ആരുടെ കർതൃത്വമാണ് അംഗീകരിക്കപ്പെടുന്നത് എന്നിവയെ നിർണ്ണയിക്കുന്ന അസമത്വങ്ങളെ ഇല്ലാതാക്കാൻ ഔപചാരിക സമത്വം (formal equality) കൊണ്ട് മാത്രം സാധിക്കില്ല. ഒരു രാഷ്ട്രീയ സമൂഹത്തിനുള്ളിൽ എല്ലാവരും തുല്യരാണെന്ന് പ്രഖ്യാപിക്കുന്നത്തുകൊണ്ട് മാത്രം സോളിഡാരിറ്റി പൂർത്തിയാവുകയില്ല. ആ സമൂഹത്തിലെ ചില അംഗങ്ങളെ ചോദ്യങ്ങൾ ചോദിക്കാൻ അർഹതയില്ലാത്തവരായി നിലനിർത്തുന്ന സാഹചര്യങ്ങളെ പരിശോധനാവിധേയമാക്കുക കൂടി ചെയ്യേണ്ടതുണ്ട്.
ജെ.എൻ.യുവിന്റെ ജനാധിപത്യ പാരമ്പര്യം നിലവിലുള്ള രാഷ്ട്രീയ അധികാരികളിൽനിന്ന് അനുവാദം ചോദിക്കാതെ തങ്ങളുടെ പരാതികൾ ഉന്നയിക്കാൻ പാർശ്വവൽക്കരിക്കപ്പെട്ടവരെ പ്രാപ്തരാക്കുന്നുണ്ടോ എന്ന ചോദ്യം പരിഗണിക്കപ്പെടാത്തിടത്തോളം ആ പാരമ്പര്യത്തിന്റെ ആഘോഷം അപൂർണ്ണമായിത്തീരുന്നു.
വിസമ്മതങ്ങളുടെ ഇടമെന്ന പേര് ജെ.എൻ.യു അർഹിക്കുന്നുണ്ടോ എന്നതല്ല; നീതിക്കായി ഉയരുന്ന ചോദ്യങ്ങൾ സ്ഥാപനത്തിന്റെ തന്നെ നടത്തിപ്പിനെ ചോദ്യം ചെയ്യുമ്പോൾ ആ പ്രശസ്തിക്ക് അതിനെ മറികടക്കാനാകുമോ എന്നതാണ് ചോദ്യം.
ഗൃഹാതുരത്തത്തിൽനിന്നും മനസ്സാക്ഷിയിലേക്ക്
ഒരു സ്ഥാപനത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ ഓർമ്മിക്കുന്നതും ആ പാരമ്പര്യത്തെ വിശുദ്ധമായി കാണുന്നതും തമ്മിൽ വ്യത്യാസമുണ്ട്. മുൻകാല പോരാട്ടങ്ങളുടെ ഓർമ്മകളെ നിലനിർത്താൻ ഭൂതകാല സ്മരണകൾക്ക് (nostalgia) കഴിഞ്ഞേക്കാമെങ്കിലും അവ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കുന്നതിൽ നിന്ന് അത് നമ്മെ തടയുകയും ചെയ്തേക്കാം.
“വി ആർ ജെ.എൻ.യു” എന്ന മുദ്രാവാക്യത്തിന് പൊതുവിദ്യാഭ്യാസം, അക്കാദമിക സ്വാതന്ത്ര്യം, ക്യാമ്പസ് ജനാധിപത്യം എന്നിവ സംരക്ഷിക്കാനുള്ള കൂട്ടായ പ്രതിബദ്ധത പ്രകടിപ്പിക്കാൻ കഴിയും. എന്നാൽ ആ കൂട്ടായ്മയിൽ ആരെല്ലാം ഉൾപ്പെടുന്നു? അതിനുള്ള നിബന്ധനങ്ങൾ എന്താണ്? സ്ഥാപനം നിലനിർത്താൻ ആഗ്രഹിക്കുന്ന അതിന്റെ പ്രതിച്ഛായയെ അസ്വസ്ഥമാക്കുന്നവരുടെ ആവശ്യങ്ങൾക്ക് ആ മുദ്രാവാക്യത്തിൽ ഇടമുണ്ടോ? പുരോഗമനപരമായ ഐക്യത്തിന്റെ ആശ്വാസകരമായ കഥകളിൽ ഒതുങ്ങാതെ, പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിദ്യാർത്ഥിയുടെ കർതൃത്വത്തെ അംഗീകരിക്കാൻ സർവകലാശാലയ്ക്ക് കഴിയുമോ?
ഈ ചോദ്യങ്ങൾ പ്രധാനമാണ്, കാരണം ഒരു സർവകലാശാലയുടെ സ്വയംഭരണത്തിന്റെ സംരക്ഷണവും അതിനുള്ളിലെ നീതിനിർവ്വഹണവും പരസ്പരവിരുദ്ധമായ കാര്യങ്ങളല്ല. ഒരു സർവകലാശാലയുടെ ജനാധിപത്യ സ്വഭാവം അളക്കേണ്ടത് ബാഹ്യ ഇടപെടലുകളോടുള്ള ചെറുത്തുനിൽപ്പിലൂടെ മാത്രമല്ല. സ്വന്തം ചുമരുകൾക്കുള്ളിലെ അസമത്വങ്ങളെ അഭിമുഖീകരിക്കാനുള്ള സന്നദ്ധതയിലൂടെ കൂടിയാണ്.
ഇത് ഇന്ത്യ എന്ന സങ്കൽപ്പത്തിനും ബാധകമാണ്. രാജ്യം വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതും ജനാധിപത്യപരവുമായി വിഭാവനം ചെയ്യപ്പെടുമ്പോൾ, ആ സങ്കൽപ്പം അതിന്റെ വാഗ്ദാനങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ അനുഭവങ്ങളിലൂടെ പരിശോധിക്കപ്പെടണം. വൈവിധ്യത്തെ കേവലം തത്ത്വത്തിൽ ആഘോഷിച്ചതുകൊണ്ട് മാത്രം ഒരു രാജ്യത്തിന് അതിനെ സംരക്ഷിക്കുന്നു എന്ന് അവകാശപ്പെടാനാവില്ല. വിയോജിപ്പിന്റെ ചരിത്രം ഉയർത്തിക്കാട്ടിയതുകൊണ്ട് മാത്രം ഒരു സർവകലാശാലയ്ക്ക് ജനാധിപത്യ മൂല്യങ്ങൾ ഉൾക്കൊള്ളുന്നുവെന്നും അവകാശപ്പെടാനാവില്ല.
പാർശ്വവൽക്കരിക്കപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരും ഒരു സ്ഥാപനത്തിന്റെ കീർത്തിയോ, ഒരു മൂവ്മെന്റിന്റെ ഐക്യമോ, ഒരു ദേശീയ വിഭാവനയുടെ ധാർമികസ്വൈര്യമോ സംരക്ഷിക്കുന്നതിനായി തങ്ങളുടെ രാഷ്ട്രീയ കർതൃത്വത്തെ അടിയറവ് വെക്കേണ്ടതില്ല. നീതിക്ക് വേണ്ടിയുള്ള അവരുടെ ആവശ്യം ജനാധിപത്യത്തിന് വിഘാതമുണ്ടാക്കുകയല്ല ചെയ്യുന്നത്. മറിച്ച് ജനാധിപത്യം പരിശോധിക്കപ്പെടുന്ന വഴികളിലൊന്നാണ് അത്.
നജീബ് അഹമ്മദിനെ കാണാതാക്കി പത്ത് വർഷങ്ങൾക്ക് ശേഷവും, നജീബ് എവിടെയാണെന്ന ചോദ്യം സർവകലാശാലയെയും പൊതുസമൂഹത്തെയും ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുന്നു. നജീബിന് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് ഇതിനകം അവസാനിപ്പിച്ച അന്വേഷണത്തിന് ഉത്തരം നൽകാനായിട്ടില്ല. അന്വേഷണ പ്രക്രിയ ഔദ്യോഗികമായി അവസാനിച്ചു എന്നതുകൊണ്ട് മാത്രം നജീബിന്റെ ഉമ്മയുടെ ഉത്തരങ്ങൾക്കായുള്ള തിരച്ചിൽ അപ്രത്യക്ഷമാകുന്നില്ല.
അതുകൊണ്ടുതന്നെ നജീബിനെ ഓർക്കുക എന്നത് ഒരു പോരാട്ടത്തെ സ്മരിക്കുന്നതിലോ ഒരു മുദ്രാവാക്യം ആവർത്തിക്കുന്നതിലോ ഒതുങ്ങുന്നതല്ല. പൊതു സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം, വേദനകളുടെ അതുല്യമായ സ്വീകാര്യത, രാഷ്ട്രീയ ഐക്യത്തിന്റെ പരിമിതികൾ, വിയോജിപ്പും സമത്വവും തമ്മിലുള്ള ബന്ധം തുടങ്ങി ആ പോരാട്ടം നമ്മെ അഭിമുഖീകരിക്കാൻ നിർബന്ധിതരാക്കിയ ചോദ്യങ്ങളിലേക്ക് മടങ്ങുക കൂടിയായിരിക്കണം അത്.

“നജീബ് എവിടെയാണ്” എന്ന് ചോദിക്കുന്നത് ഒരു വിദ്വിഷ്ട പ്രവൃത്തിയായിട്ടാണ് വിലയിരുത്തപ്പെടുന്നതെങ്കിൽ ഏത് തരം ആശയമാണ് സംരക്ഷിക്കപ്പെടുന്നത് എന്നും ആർക്ക് വേണ്ടിയാണ് അത് സംരക്ഷിക്കപ്പെടുന്നതെന്നുമുള്ള ചോദ്യം നമ്മൾ ഉണയിക്കേണ്ടിയിരിക്കുന്നു. ആ ചോദ്യത്തെ ഉൾക്കൊള്ളാൻ “ജെ.എൻ.യു എന്ന ആശയത്തിന്” കഴിയില്ലെങ്കിൽ, സാമൂഹിക നീതിയെയും ഐക്യദാർഢ്യത്തെയും കുറിച്ചുള്ള അതിന്റെ അവകാശവാദങ്ങൾ അപൂർണ്ണമായി തന്നെ തുടരും.
ഒരു ആശയത്തിന്റെ സാധുത ചോദ്യം ചെയ്യപ്പെടാതിരിക്കുന്ന ഘട്ടത്തിൽ നീതിയെക്കുറിച്ച് അത് എത്ര മനോഹരമായി സംസാരിക്കുന്നു എന്നതിലല്ല അതിന്റെ ആധികാരികത വിലയിരുത്തപ്പെടുന്നത്. മറിച്ച്, ആ ആശയത്തെത്തന്നെ അസ്വസ്ഥപ്പെടുത്തുന്ന ഒരാൾ നീതിക്ക് വേണ്ടി ശബ്ദിക്കുമ്പോൾ അതിന് എന്ത് സംഭവിക്കുന്നു എന്നതിലാണ്.
പത്ത് വർഷങ്ങൾക്ക് ശേഷവും ആ ചോദ്യം ഇന്നും നിലനിൽക്കുന്നു. ആ ചോദ്യം ഉണയിച്ചുകൊണ്ടേ ഇരിക്കാനുള്ള നമ്മുടെ സന്നദ്ധതയും നിലനിൽക്കട്ടെ.
തെലങ്കാനയിൽനിന്നുള്ള ഫൂലെ-അംബേദ്കറൈറ്റ് ഗവേഷകനാണ് ലേഖകൻ. ഹൈദരാബാദ് സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്മെന്റിലെ പിഎച്ഡി ഗവേഷകൻ. ഹൈദരാബാദ് തെല്ലാപൂരിലെ Phule Ambedkar Centre for Philosophical and English Training (PACPET) എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനാണ് അദ്ദേഹം. ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിച്ച ന്യൂസ് മിനിറ്റിന് കടപ്പാട്.





