Campus Alive

മുസ്‍ലിം രാഷ്ട്രീയ കർതൃത്വത്തെ അംഗീകരിക്കുന്ന ബഹുജൻ മുന്നേറ്റവും ജെ.എൻ.യുവിലെ പുതിയ രാഷ്ട്രീയവും

ജെ.എന്‍.യു കാമ്പസിലെയും പുറത്തേയും വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായ ഫ്രറ്റേണിറ്റി ദേശീയ കമ്മിറ്റി അംഗവും ജെ.എന്‍.യു സെന്റര്‍ ഫോര്‍ ലോ ആന്റ് ഗവേർണന്‍സില്‍ പി.എച്ച്.ഡി വിദ്യാർഥിയുമായ  വസീം ആർ.എസുമായി ബാസിൽ ഇസ്‌ലാം നടത്തിയ അഭിമുഖത്തിന്‍റെ രണ്ടാം ഭാഗം.

രോഹിത് വെമുലയുടെ മരണം മുതൽക്കാണ് പൊതുവേ കാമ്പസിലെ ദലിത് – ബഹുജൻ മുന്നേറ്റങ്ങളുടെ ചരിത്രം അടയാളപ്പെടുത്തപ്പെടുന്നത്. എന്നാൽ അതിനും വർഷങ്ങൾക്ക് മുമ്പ് തന്നെ അത്തരം മുന്നേറ്റങ്ങൾ ഉണ്ടാവുന്നുണ്ട്. ഇതിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ?

തീർച്ചയായും. 2009 മുതൽ ഹൈദരാബാദ് സർവകലാശാലയിലും 2012 മുതൽ യു.ഡി.എസ്.എഫുമായി ചേർന്നുകൊണ്ട് ജെ.എൻ.യുവിലും വ്യവസ്ഥാപിതമായി ദലിത് – ബഹുജൻ രാഷ്ട്രീയത്തെ കുറിച്ച ചർച്ചകളും പ്രവർത്തനങ്ങളും സജീവമായിരുന്നു. അങ്ങനെ നോക്കിയാൽ രോഹിത് വെമുല സംഭവത്തിന് ഒരു പതിറ്റാണ്ട്  മുന്നേ തന്നെ അത്തരം ഒരു രാഷ്ട്രീയം ശക്തിപ്പെട്ടിരുന്നു എന്നുവേണം മനസിലാക്കാൻ. ഹൈദരാബാദ് കാമ്പസിൽ യാക്കൂബ് മേമൻ വധത്തിൽ പ്രതിഷേധിച്ച് നടത്തിയ മയ്യിത്ത് നിസ്കാരത്തെ തുടർന്ന് രോഹിതടക്കം അഞ്ചു വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തപ്പോൾ മുതൽ അതിനെതിരെ പരിപാടികൾ ഇവിടെ നടത്തിയത് ഞങ്ങളാണ്. പിറ്റേന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് മാർച്ച് നടത്താനായുള്ള പ്രചാരണ പരിപാടികൾ നടത്തിക്കൊണ്ടിരിക്കെയാണ് രോഹിതിന്റെ വ്യവസ്ഥാപിത കൊലപാതകത്തെ കുറിച്ച് അന്ന് രാത്രി അറിയുന്നത്. എന്നാല്‍ അതുവരെ മിണ്ടാതിരുന്ന ശേഷം രോഹിത്തിന്റെ  മരണത്തിന് ശേഷം ഈ മൂവ്മെന്റിന് കൈവന്ന മാധ്യമശ്രദ്ധയെ ഉപയോഗിച്ച് വോട്ടാക്കാനും അതിന്റെ തലതൊട്ടപ്പന്മാരാവാനുമാണ് ഇടതുപക്ഷം ശ്രമിച്ചത്. എസ്.എഫ്.ഐ വിട്ടു എ.എസ്.എ, എസ്.ഐ.ഒ തുടങ്ങിയ സംഘടനകളുടെ സഹയാത്രികനായി മാറിയ ആളാണ് രോഹിത് വെമുല.

മറ്റൊരു സംഗതി, കേരളത്തിലെ മുഖ്യധാരാ സമൂഹം പോലും ഈ രാഷ്ട്രീയത്തെ ഏറ്റെടുക്കുന്നത് 2016ലെ രോഹിതിന്റെ മരണത്തിനു ശേഷം മാത്രമാണെന്നതാണ്. ഇത് നമ്മുടെ രാഷ്ട്രീയ അവബോധത്തിന്റെ പരിമിതി എടുത്തു കാണിക്കുന്നുണ്ട്. താഴെക്കിടയിലുള്ള (grassroot level) പ്രവർത്തനങ്ങളെയും പ്രതിശബ്ദങ്ങളെയും അറിയാൻ ഇവിടുത്തെ മുഖ്യധാര ശ്രമിക്കുന്നില്ല എന്നുവേണം മനസ്സിലാക്കാന്‍.

ജെ.എൻ.യുവിൽ നിന്ന് ഉമ്മുൽ ഫായിസയും സാലിഹ് മാലോളും അഹമദ് ഫായിസും  ഹാബീലും ഹിഷാമുൽ വഹാബും ഹൈദരാബാദ്‌ നിന്ന് താഹിർ ജമാലും സാദിക്ക് പി.കെയും  ഷാൻ മുഹമ്മദും അയൂബ് റഹ്‍മാനും റമീസ് വേളവും സഹല നെച്ചിയിലും പിന്നീട് ജോഹനാസ്ബര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തെക്കുറിച്ച് കെ.അഷ്റഫും തുടങ്ങി അനേകം പേര്‍ ഗവേഷണം ചെയ്തതും എഴുതിയിരുന്നതും പറഞ്ഞിരുന്നതും ഗ്രൗണ്ട് റിയാലിറ്റികളായിരുന്നു. മാധ്യമം പത്രവും ആഴ്ച്ചപതിപ്പും പച്ചക്കുതിര മാസികയും അന്ന് പ്രസ്തുത എഴുത്തുകളും പഠനങ്ങളും പ്രസിദ്ധീകരിക്കാന്‍ മുന്‍കൈ എടുത്തിരുന്നു. അത് പിന്നീട് നഹാസ് മാള എസ്.ഐ.ഒ കേരളയുടെ പ്രസിഡന്റായ കാലത്ത്  2016ല്‍ “കാമ്പസ്: വിദ്യാര്‍ഥി പ്രതിപക്ഷം സംസാരിക്കുന്നു” എന്ന പേരില്‍ എസ്.ഐ.ഒ പുസ്തകമാക്കി പുറത്തിറക്കിയിരുന്നു. വൈജ്ഞാനിക സമരങ്ങളെ ചരിത്രവൽക്കരിച്ചാണ് പുതിയ മുസ്‌ലിം വിദ്യാര്‍ഥി രാഷ്ട്രീയം ഇന്ത്യന്‍ കാമ്പസുകളില്‍ വികസിക്കുന്നത്. ‘ക്ലാസ്മേറ്റ്സും’ ‘വിദ്യാര്‍ഥി പ്രതിപക്ഷവും’ രണ്ടു പുസ്തകങ്ങള്‍ എന്ന നിലയില്‍ പ്രസ്തുത സമരങ്ങളുടെ ചരിത്ര രേഖകളും പോരാട്ടത്തിന്റെ മാനിഫെസ്റ്റോകളും സൈദ്ധാന്തിക ഗ്രന്ഥങ്ങളും കൂടിയാണ്. പോരാടാന്‍ മാത്രമല്ല സ്വന്തം ചരിത്രം നിര്‍മിക്കാനും അത് പുതിയ സൈദ്ധാന്തിക വൈജ്ഞാനിക പാഠമാക്കി മാറ്റാനും തയ്യാറായത് ഒർമ്മകളുടെയും സമരങ്ങളുടെയും കോളനിവല്‍ക്കരണത്തെ ചെറുത്തുനില്‍ക്കാന്‍ സഹായിച്ചു.

മാത്രമല്ല മണ്ഡല്‍ കമ്മീഷന്‍ ഫാക്കൽറ്റി  തലത്തില്‍ സംവരണം ഉറപ്പാക്കിയതിനു ശേഷമുള്ള കാലത്തായിരുന്നു ഈ രാഷ്ട്രീയ പോരാട്ടങ്ങള്‍ നടന്നത്. അതിനാല്‍ തന്നെ നിരവധി അധ്യാപകര്‍, ആക്റ്റിവിസ്റ്റുകള്‍ ഒക്കെ ഞങ്ങളെ സഹായിച്ചു. ജെനി റൊവീന, എം.ടി.അന്‍സാരി, ബി. രവിചന്ദ്രന്‍, സൗമ്യ ദേച്ചമ്മ, ജി.അലോഷ്യസ്, അരുണ്‍ അശോകന്‍, സിമി കോറോത്ത്, ഹാനി ബാബു, ഒ.കെ സന്തോഷ്‌, അജയ് ശേഖര്‍ തുടങ്ങിയ അധ്യാപകരും മുതിര്‍ന്ന ഗവേഷകരും കെ.കെ ബാബുരാജ്, എ.എസ് അജിത്‌കുമാര്‍ തുടങ്ങിയ ആക്റ്റിവിസ്റ്റുകളും ഈ ആശയ സമരത്തില്‍ അണിചേര്‍ന്നിരുന്നു. അവരുടെ ഒക്കെ എഴുത്തുകൾ എസ്.ഐ.ഒ പുറത്തിറക്കിയ പുസ്തകങ്ങളിലും കാമ്പസ് അലൈവിലും ചരിത്രപരമായ ഈ പോരാട്ടത്തിന്റെ രേഖകളായി അടയാളപ്പെട്ടിട്ടുണ്ട്. എം.ടി അന്‍സാരിയുടെ Islam and Nationalism in India: South Indian Contexts (2016) എന്ന പുസ്തകം എസ്.ഐ.ഒവിന്റെ ഈ പോരാട്ട കാലത്തെ അനുസ്മരിക്കുന്നുണ്ട്.

എന്നാൽ ആദ്യ ഘട്ടത്തില്‍ ഈ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ മുസ്‌ലിം സമുദായത്തിലെ പ്രബല വീക്ഷണങ്ങള്‍ പരാജയപ്പെട്ടു. ലിബറല്‍  മാധ്യമങ്ങളിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന കാമ്പസ് രാഷ്ട്രീയത്തെ കുറിച്ച ഇടതുപക്ഷ വർത്തമാനങ്ങൾക്കാണ് ഇന്ന് മുസ്‌ലിം സമുദായത്തിൽ പോലും മേൽക്കൈ ഉള്ളത്. കാമ്പസ് രാഷ്ട്രീയം ഇടതു വിദ്യാർഥി സംഘടനകൾ നിർണയിക്കുന്നതാണെന്ന (ഇടതുപക്ഷം തന്നെ സൃഷ്ടിച്ചെടുത്ത) ബോധം മൂലം കാമ്പസുകളിൽ 2016 മുമ്പ് വരെ മുസ്‌ലിം വിദ്യാർഥികൾ നടത്തുന്ന പോരാട്ടങ്ങളെ പലപ്പോഴും തിരിച്ചറിയാൻ സമുദായത്തിന് കഴിഞ്ഞില്ല. രോഹിതിന്റെ മരണത്തിനു ശേഷം നടന്ന മൂവ്‌മെന്റിൽ ഷാന്‍ മുഹമ്മദ്, റമീസ് വേളം തുടങ്ങി നിരവധി മുസ്‍ലിം വിദ്യാർഥികൾ അറസ്റ്റിലായതിന് ശേഷമാണ് കാമ്പസ് പോരാട്ടങ്ങളെ നയിക്കാനുള്ള കഴിവും ആത്മവിശ്വാസവും മുസ്‌ലിം വിദ്യാർഥികൾക്കുണ്ടെന്ന് പലരും മനസിലാക്കിയത്.

കാമ്പസ് രാഷ്ട്രീയത്തിലെ ഇടതുപക്ഷ സംഘടനകളുടെ ആധിപത്യത്തിന് വലിയ വെല്ലുവിളിയാണ് ദലിത് – മുസ്‌ലിം ഐക്യം ഉയർത്തിയത്. ഈ രാഷ്ട്രീയത്തോടുള്ള ഇടതുപക്ഷ പ്രതികരണങ്ങൾ എങ്ങനെയൊക്കെയായിരുന്നു?

2015 വരെ ഇടതുപക്ഷത്തിന്റെ പ്രധാന വോട്ടുബാങ്ക് മുസ്‌ലിംകളും മറ്റു പിന്നാക്ക സമുദായക്കാരുമായിരുന്നു. അവരെ വർഗ സങ്കൽപത്തിന്റെയും മതേതര ചട്ടക്കൂടിനുള്ളിൽ കേവലമായ അര്‍ഥത്തില്‍ അക്കങ്ങളാക്കി മാറ്റി, മനുഷ്യ പദവി നിഷേധിച്ചുകൊണ്ട്, രാഷ്ട്രീയമായി ചൂഷണം ചെയ്യാനാണ് ഇടതുപക്ഷം ശ്രമിച്ചത്. എന്നാൽ, കേവല വർഗാടിസ്ഥാനത്തിലല്ല ഇന്ത്യയിലെ സാമൂഹിക വിഭജനമെന്നും മറിച്ച് മതം, ജാതി, ദേശം, ലിംഗം  തുടങ്ങിയ വിവിധ തലങ്ങളിൽ സംഭവിക്കുന്ന ഒരു പ്രക്രിയയാണ് അതെന്നും മനസിലാക്കണം. അത്തരത്തിലുള്ള ഒരു രാഷ്ട്രീയ അവബോധത്തിലേക്ക് പിന്നോക്ക സമുദായങ്ങളിൽ നിന്നുള്ളവരെ ക്ഷണിക്കുകയാണ് ദലിത് – മുസ്‌ലിം മുന്നേറ്റങ്ങൾ ചെയ്തത്. ഇത് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളെ വിറളി പിടിപ്പിച്ചു.

ഞാന്‍ കാമ്പസില്‍ എത്തിയതിന് ശേഷം കാമ്പസിലെ ഇലക്ഷൻ സമയങ്ങളിൽ മുസ്‌ലിം വിദ്യാർഥികളെ ഐസ അനൗദ്യോഗികമായി വിളിച്ചുകൂട്ടുന്ന ഒരു പതിവുണ്ടായിരുന്നു. ദയൂബന്ദികളെയും ബറേൽവികളെയും തബ്‌ലീഗികളെയും ഒത്തുകൂട്ടി അവർ കാമ്പസിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ആരായുകയും ചർച്ചചെയ്യുകയും ചെയ്തത് ശേഷം അതിനെല്ലാം പരിഹാരം ഐസയാണെന്ന് സ്ഥാപിക്കലായിരുന്നു ഇതിലൂടെ സംഭവിച്ചിരുന്നത്. ഒരിക്കൽ അത്തരമൊരു മീറ്റിങിൽ ഞാനും കാംപസ് ഫ്രണ്ടിന്റെ ഖാലിദ് ഖാനും വൈ.എഫ്.ഡി.എയുടെ അബ്ദുൽ മത്തീനും പങ്കെടുത്തു. ഇലക്ഷൻ സമയത്ത് മാത്രം മുസ്‌ലിം വിദ്യാർഥികളെ പ്രീതിപ്പെടുത്താൻ നടത്തുന്ന ഈ ടോക്കണിസം ഇനി വിലപ്പോവില്ലെന്നും പറഞ്ഞ് ഞങ്ങൾ അവരുടെ നീക്കത്തെ തള്ളിക്കളയുകയും ചെയ്തു. ഇത്തരത്തിൽ ഇവിടത്തെ ഇടതുപക്ഷത്തിന്റെ രക്ഷാകർതൃത്വ മനോഭാവത്തെ ശക്തമായി ചോദ്യംചെയ്തുകൊണ്ടാണ് ഞങ്ങൾ മുന്നോട്ട് വരുന്നത്.

ഇതോടെയാണ് ഇടതുപക്ഷ രാഷ്ട്രീയത്തിൽ അന്തർലീനമായിരുന്ന ഇസ്‌ലാമോഫോബിയ മറനീക്കി പുറത്തുവരുന്നത്. ആർ.എസ്.എസ് ഉന്നയിക്കുന്ന ആരോപണങ്ങൾ അതേ ഭാഷയിൽ അല്ലെങ്കിലും ഇടതുപക്ഷ സിദ്ധാന്തത്തിന്റെ മറവിലും തുറവിലും ഉന്നയിക്കുകയാണ്  അവരാദ്യം ചെയ്തത്. മുസ്‌ലിം ധിഷണാശാലികളായ ഹസനുൽ ബന്നയും സയ്യിദ് ഖുതുബും മൗദൂദിയും അവർക്ക് തീവ്രവാദ ബുദ്ധികേന്ദ്രങ്ങളായിരുന്നു. ഇന്ത്യയില്‍ എല്ലാ റിസ്കും എടുത്തുകൊണ്ട് വലിയ സാമൂഹിക ദൗത്യനിർവഹണം നടത്തിയിരുന്ന ഇസ്‌ലാമിക മുന്നേറ്റങ്ങളെ ഹിന്ദുത്വ തീവ്രവാദ സംഘടനകളോടാണ് അവർ സമീകരിച്ചത്. കാരണം സ്വയം സംസാരിക്കുന്ന മുസ്‌ലിമിനെ അവര്‍ക്ക് പേടിയായിരുന്നു.

2015ല്‍ ബാപ്സയോട് പിന്തുണ പ്രഖ്യാപിച്ചതിനു ശേഷമാണ് ഇത്തരം ഇസ്‌ലാമോഫോബിക് പ്രചാരണങ്ങള്‍  ശക്തമാകുന്നത്. ദലിത് മുന്നേറ്റങ്ങളെ നേരിട്ട് ആക്രമിക്കാതെ അവർ മുന്നോട്ട് വെക്കുന്ന ബഹുജൻ ഐക്യമെന്ന ആശയത്തെ ആരോപണങ്ങൾ കൊണ്ട് പൊതിയാനാണ് അവർ ശ്രമിച്ചത്. മതരാഷ്ട്രവാദികളും സ്ത്രീവിരുദ്ധരും ജാതിവാദികളുമായ മുസ്‌ലിംകളോട് ഐക്യപ്പെടുന്ന ദലിത് രാഷ്ട്രീയം കപടമാണെന്നാണ് ഇടതുപക്ഷം അവരുടെ ലഘുലേഖകളിലൂടെയും പ്രസംഗങ്ങളിലൂടെയും പ്രചരിപ്പിച്ചത്. എന്നാൽ, ഇത്തരം ആരോപണങ്ങൾക്ക് ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും കൃത്യമായി മറുപടി പറയാനും ഇത് ഇസ്‌ലാമിനെതിരെയുള്ള വംശീയ പ്രചാരണങ്ങൾ തന്നെയാണ് എന്ന് വിദ്യാർഥി സമൂഹത്തിന് മനസിലാക്കി കൊടുക്കാനും ഞങ്ങൾക്ക് സാധിച്ചു. റ്റു സർക്കിള്‍സ്, റൗണ്ട് ടേബിള്‍ ഇന്ത്യ, ഫസ്റ്റ് പോസ്റ്റ്‌ തുടങ്ങിയ ബദല്‍ ഓണ്‍ലൈന്‍ സംരംഭങ്ങള്‍  ഞങ്ങളുടെ വീക്ഷണങ്ങള്‍ ഇംഗ്ലീഷില്‍ തന്നെ പ്രസിദ്ധീകരിച്ചു. ഇടത് ഇസ്‌ലാമോഫോബിയ, കാമ്പസിലെ നവ ഓറിയന്റലിസം, സവര്‍ണ രാഷ്ട്രീയത്തിന്റെ സമീകരണ യുക്തി, മുസ്‌ലിം രാഷ്ട്രീയത്തിന്റെ പുതിയ ഐക്യദാര്‍ഡ്യ രാഷ്ട്രീയം ഒക്കെ ഞങ്ങള്‍ പുത്തന്‍ രാഷ്ട്രീയ സങ്കല്‍പങ്ങളുടെ ഭാഗമാക്കി പാഠവൽക്കരിച്ചു. ഞങ്ങളുടെ രാഷ്ട്രീയം കേവലം സമരങ്ങള്‍ മാത്രമായിരുന്നില്ല അതൊരു വൈജ്ഞാനിക സമരങ്ങള്‍ കൂടിയായിരുന്നു.

ഒരുവശത്ത് ആരോഗ്യകരമായ വിമർശനങ്ങളെ സ്വീകരിച്ചു കൊണ്ട് വിമർശനാത്മകമായ ഒരു രാഷ്ട്രീയ ഇടം സൃഷ്ടിക്കാനും ഒപ്പം തന്നെ അന്ധമായ ആരോപണങ്ങളെ നിഷേധിച്ചു കൊണ്ട് കാലങ്ങളായി കേരളത്തിലും ബംഗാളിലുമുള്ള ഇടതുപക്ഷ സർക്കാറുകൾ മുസ്‌ലിംകളോടും ദലിതരോടും കാട്ടിക്കൂട്ടിയ അതിക്രമങ്ങളെ ഉയർത്തിക്കാട്ടിക്കൊണ്ട് കാമ്പസിൽ ചർച്ചയാക്കാനും കഴിഞ്ഞിട്ടുണ്ട്.

2016 യൂണിയൻ തിരഞ്ഞെടുപ്പിൽ രാഹുൽ സൊൻപിംപ്ലെ ബാപ്സയുടെ സ്ഥാനാർഥിയായി മത്സരിക്കുമ്പോഴാണ് അവർക്കെതിരെ ഇടതുപക്ഷ ആക്രമണം ശക്തമാകുന്നത്. ഒരു നീണ്ട പ്രസംഗത്തിനിടയിൽ മുസ്‌ലിംകളിലെ ജാതിയുമായി ബന്ധപ്പെട്ട് രാഹുൽ നടത്തിയ ഒരു പരാമർശം അതിന്റെ സാഹചര്യത്തിൽ നിന്നും മുറിച്ചെടുത്ത് അൻപത് സെക്കന്റുള്ള വീഡിയോ ആക്കി അവനും ബാപ്സക്കുമെതിരെ കാമ്പയിൻ നടത്തുകയാണ് ഷെഹലാ റാഷിദും ഉമർ ഖാലിദും കനയ കുമാറും അടക്കമുള്ള ഇടതുപക്ഷം ശ്രമിച്ചത്. കാമ്പസിലെ മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനത്തെ വളരെ പോസിറ്റീവായിക്കാണുന്ന മഹാരാഷ്‌ട്രകാരനായ ഒരു വിദ്യാർഥി നേതാവിനെ മുസ്‌ലിം വിരുദ്ധനായി ചിത്രീകരിക്കാനും അങ്ങനെ മുസ്‌ലിം – ദലിത് ഐക്യത്തെ ഇല്ലാതാക്കാനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് അവർ നടത്തിയത്.

വിദൂര ഇന്ത്യന്‍  ഗ്രാമങ്ങളിൽ നിന്നേ അംബേദ്കർ രാഷ്ട്രീയത്തെ ഉൾക്കൊണ്ട, കൺസ്ട്രക്ഷൻ സൈറ്റുകളിലും ഗ്യാസ് പൈപ്പ് ലൈനുകളിലും തൊഴിലെടുത്ത് പഠനത്തിനുള്ള പണം കണ്ടെത്തുന്ന ബാപ്സയുടെ പ്രവർത്തകരോട് നിങ്ങൾ സ്യൂഡോ അംബേദ്കറൈറ്റുകളാണെന്നും നിങ്ങൾക്ക് തൊഴിലിനെ കുറിച്ച സങ്കൽപമില്ലെന്നും പറയുന്നത് കുനിഞ്ഞ് കൈക്കോട്ട് പിടിച്ച് പോലും ശീലമില്ലാത്ത ഇടതു വരേണ്യരാണ്. കാമ്പസിൽ മാവോയിസ്റ്റ് നക്സൽ രാഷ്ട്രീയത്തെ കുറിച്ച് മാത്രം സംസാരിക്കുകയും എന്നാൽ രോഹിത് മൂവ്മെന്റിന്റെ കടന്നുവരവിന് ശേഷം മാത്രം ബാസോ (Bhagat Singh Ambedkar Student’s Organization) ഉണ്ടാക്കി അവസരവാദ രാഷ്ട്രീയം കളിക്കുകയും ചെയ്യുന്ന ഉമറിനെ പോലുള്ളവരെയാണ് മാധ്യമങ്ങൾ കാമ്പസ് വിപ്ലവ വീരന്മാരായി ചിത്രീകരിക്കുന്നത്. ഉമറിനെയും കനയ്യ കുമാറിയെയും ഷെഹ്‌ലാ റാഷിദിനെയും പോലുള്ള വീര കഥാപാത്രങ്ങൾ ഉയർന്നുവരുന്നത് മൂവ്മെന്റുകളുടെ യഥാർഥ ചരിത്രം അട്ടിമറിച്ചാണ്. അവരുടെ ചെറിയ ശബ്ദങ്ങള്‍ വലുതാക്കി കാണിച്ച മാധ്യമങ്ങള്‍ ആയിരകണക്കിന് വിദ്യാർഥികളുടെ പോരാട്ട ചരിത്രത്തെയാണ് മറച്ചുവെച്ചത്.

ഭൂമിഹാര്‍ ജാതിക്കാരനായ കനയ്യ കുമാറിന്റെ ജാതി സവര്‍ണ ഭീകരവാദികളായ രൺവീര്‍ സേനയുടെതാണ്. ഇത് മറച്ചു വെച്ചാണ് ദാരിദ്യം എന്ന നിരപേക്ഷ വായനയിലൂടെ കനയ്യ കുമാറിനെ ലിബറല്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. ഈ രീതികളിലൂടെ മതം, ജാതി അടക്കമുള്ള ന്യൂനപക്ഷാനുഭാവങ്ങളെ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ അദൃശ്യവൽക്കരിക്കുന്നുണ്ടായിരുന്നു. ഇങ്ങനെയുള്ള നിരവധി അട്ടിമറികളെ വകഞ്ഞുമാറ്റിയാണ് ബാപ്സ – ഫ്രറ്റേണിറ്റി സഖ്യം സാധ്യമായത്.

നവ രാഷ്ട്രീയ പ്രസ്ഥാനമായ ഫ്രറ്റേണിറ്റി മൂവ്‍മെന്‍റ് കാമ്പസുകളെ ജനാധിപത്യവൽക്കരിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ചരിത്രപരമായ വളർച്ച എങ്ങനെയാണ്?

മുസ്‌ലിംകളും മറ്റു പാർശ്വവൽകൃത സാമൂഹിക വിഭാഗങ്ങളും കൂടിച്ചേർന്നുകൊണ്ടുള്ള ഒരു മുന്നേറ്റത്തെ കുറിച്ച ചർച്ച അക്കാലത്ത് നടക്കുകയും അത് ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ രൂപീകരണത്തിൽ കലാശിക്കുകയും ചെയ്തു. കാമ്പസുകളിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇടപെട്ടുകൊണ്ട് പ്രവർത്തിക്കുന്ന സാമൂഹിക നീതിക്കായുള്ള ഒരു വിശാല വേദിയുടെ ആവശ്യകതയാണ് എസ്.ഐ.ഒ പ്രവർത്തകരെയടക്കം ഫ്രറ്റേണിറ്റിയിൽ ചേർന്നു പ്രവർത്തിക്കാൻ പ്രേരിപ്പിച്ചത്.

നിലവിലുണ്ടായിരുന്ന സാമൂഹിക നീതിയുമായി ബന്ധപ്പെട്ട പ്ലാറ്റ്ഫോമിലേക്ക് ഒരു പുതിയ സംഘടനയുടെ കടന്നുവരവാണ് ജെ.എൻ.യുവിൽ ഫ്രറ്റേണിറ്റിയുടെ രൂപീകരണത്തോടെ സംഭവിച്ചത്. കേവലം മുസ്‌ലിം വിദ്യാർഥികൾ മാത്രമല്ല, ദലിത്, ക്രിസ്ത്യൻ, ഫെമിനിസ്റ്റ് ധാരകളിലുള്ള നിരവധി വിദ്യാർഥികളുടെ ഐക്യദാർഡ്യ വേദിയായാണ് ഫ്രറ്റേണിറ്റി കാമ്പസിൽ വളരുന്നത്. ഇതോടെ ആ മുന്നേറ്റത്തിന് വൻ സ്വീകാര്യതയാണ് ഇവിടെ കിട്ടിയത്.

ഈ വർഷത്തെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലെ പ്രധാന സവിശേഷത ബാപ്സ – ഫ്രറ്റേണിറ്റി സഖ്യമാണ്. ഇതെങ്ങനെയാണ് സാധ്യമായത്? സഖ്യത്തെ കുറിച്ച പ്രതികരണങ്ങൾ എന്തെല്ലാമായിരുന്നു?

ദലിത് ബഹുജൻ ഇടങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്ക് സ്വന്തം സാമുദായിക അസ്തിത്വത്തെ ആവിഷ്ക്കരിക്കാനുള്ള ഒരു ഇടമായാണ് ബാപ്സ വിഭാവന ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ അഞ്ചു വർഷമായി 2015 മുതൽ ജെ.എൻ.യു യൂണിയൻ തിരഞ്ഞെടുപ്പിൽ ഒറ്റകക്ഷിയായി ബാപ്സ മത്സരിക്കുന്നുമുണ്ട്. 2017ൽ രോഹിത് മൂവ്മെന്റോടെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ബാപ്സ ഒറ്റക്ക് മത്സരിച്ചു ജയിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് അതിന് തടയിടാനാണ് അതുവരെ പ്രത്യയശാസ്ത്ര ഭിന്നതകളിൽ തർക്കിച്ച് പരസ്പരം മത്സരിച്ചിരുന്ന ഇടതുപക്ഷ സംഘടനകളും വ്യക്തികളും ഐക്യപ്പെടുന്നതും ലെഫ്റ്റ് യൂണിറ്റി ഉണ്ടാക്കുന്നതും. പ്രത്യക്ഷത്തിൽ എ.ബി.വി.പിയുടേതടക്കമുള്ള സംഘപരിവാർ ഫാസിസത്തെ പ്രതിരോധിക്കാനാണെന്ന് അവർ വാദിക്കുമ്പോഴും വാസ്തവത്തിൽ ഈ ഐക്യം സാധ്യമാക്കിയത് ദലിത് – ബഹുജൻ വിരുദ്ധതയായിരുന്നു. ഇതോടെ ബാപ്‌സയും രാഷ്ട്രീയ സഖ്യത്തെ കുറിച്ച് ആലോചിച്ചു തുടങ്ങുന്നുണ്ട്.

മാത്രമല്ല, അടിച്ചമർത്തപ്പെട്ടവരുടെ ഐക്യം എന്ന തലത്തിലേക്കുള്ള ബഹുജൻ സങ്കൽപത്തിന്റെ വികാസം മതന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും കശ്മീർ ആസാം, തമിഴ്നാട് പോലുള്ള പ്രാദേശീയ പ്രശ്നങ്ങളെയും മറ്റും അഭിമുഖീകരിക്കാൻ ബാപ്സയെ പ്രാപ്തമാക്കിയിരുന്നു. അങ്ങനെയാണ് ഇവിടെയുള്ള ആദിവാസികളും മുസ്‌ലിംകളും ഫെമിനിസ്റ്റുകളും ആയിട്ടുള്ള വലിയൊരു സമൂഹത്തോട് രാഷ്ട്രീയപരമായ ഇടപാടുകൾ സാധ്യമാക്കണമെന്ന് ബാപ്സ അതിന്റെ വളർച്ചയുടെ ഒരു ഘട്ടത്തിൽ തീരുമാനിക്കുന്നത്. കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിച്ചതും സംഘടനയുടെ മുതിർന്ന നേതാക്കൾ ആഗ്രഹിച്ചിരുന്നതും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇടത് വലത് ബ്ലോക്കുകൾക്ക് അതീതമായി ഒരു സാമൂഹിക നീതി ലക്ഷ്യം വെക്കുന്ന ഒരു സഖ്യം രൂപപ്പെടണം എന്നായിരുന്നു. അങ്ങനെ ബാപ്സയും ഫ്രറ്റേണിറ്റിയും തമ്മിൽ നടന്ന ചർച്ചകളുടെ ഫലമായാണ് സഖ്യം രൂപപ്പെടുന്നത്.

ഈ സഖ്യം യാഥാർഥ്യമായത് ഇവിടുത്തെ മുഖ്യധാരാ ഇടതുപക്ഷത്തിന് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഒന്നാമതായി മുസ്‌ലിം പങ്കാളിത്തം ധാരാളമായുള്ള ഒരു സംഘടന രാഷ്ട്രീയ രംഗത്തേക്ക് വരുന്നു എന്നത് ഇവിടുത്തെ ഇസ്‌ലാമോഫോബിക്കായ ലെഫ്റ്റിനെ സംബന്ധിച്ചെടുത്തോളം ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുന്ന കാര്യമായിരുന്നില്ല. രണ്ടാമതായി, മുസ്‌ലിം രാഷ്ട്രീയ മുന്നേറ്റങ്ങളെ അവരുടെ സമുദായത്തിനുള്ളിലെ ജാതീയതയുടെ പ്രതിഫലനങ്ങളായി മാത്രം അവതരിപ്പിച്ചിരുന്ന ഒരു രീതിശാസ്ത്രമാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ഉണ്ടായിരുന്നത്. എന്നാൽ ബാപ്സ പോലുള്ള പ്രസ്ഥാനങ്ങൾ ഇത്തരം ആരോപണങ്ങളെ മറികടക്കുകയും തങ്ങളുടെ കീഴാളചേരിയുടെ ഭാഗമാണ് ഫ്രറ്റേണിറ്റി പോലുള്ള പ്രാസ്ഥാനങ്ങൾ എന്ന് പ്രഖ്യാപിച്ചത് അവരെ വല്ലാതെ അസ്വസ്ഥരാക്കി.

അതുകൊണ്ട് തന്നെ ഈ ഐക്യത്തെ ആരോപണങ്ങളിലൂടെ പരിക്കേൽപിക്കാനാണ് ഇടതു വലത് കക്ഷികൾ തുടക്കം മുതലേ ശ്രമിച്ചത്. ഫ്രറ്റേണിറ്റി താഴ്ന്ന ജാതി മുസ്‌ലിംകളുടെ സംഘടനയല്ലെന്നും അവർ ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നില്ലെന്നും ഇവിടുത്തെ മുസ്‌ലിം തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള സംഘടനയാണ് എന്നുമൊക്കെയുള്ള സ്ഥിരം ആരോപണങ്ങൾ തന്നെ വീണ്ടും ഉന്നയിക്കാനും അതിന് പരമാവധി സ്വീകാര്യത ഉണ്ടാക്കാനാണ് അവർ ശ്രമിച്ചത്. അതിൽ അധ്യാപകരുടെ അടക്കം പിന്തുണ അവർക്ക് ലഭിച്ചിട്ടുണ്ട്. അധ്യാപക സംഘടനകൾ അടക്കം മുൻകാലങ്ങളിൽ ഇവിടുത്തെ മുസ്‌ലിം സംഘടനകൾക്കെതിരെ നടത്തിയ പ്രചാരണങ്ങൾ തന്നെ പൊടിതട്ടിയെടുത്ത് ഫ്രറ്റേണിറ്റിക്കെതിരെ ഉപയോഗിക്കുകയായിരുന്നു. ആഫ്രീൻ ഫാത്തിമയുടെ സ്ഥാനാർഥിത്വത്തിനെതിരെ, സവിശേഷിച്ചും ഒരു പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ സ്ത്രീ പ്രതിനിധാനത്തെ ഉയർത്തിക്കാട്ടിക്കൊണ്ടും അവരുടെ മതപരതയെ ചോദ്യംചെയ്തുകൊണ്ടും വലിയ തോതിലുള്ള പ്രചാരണം നടത്തുകയുണ്ടായി. ‘കാമ്പസിലെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാത്ത, കശ്‌മീരിനെ കുറിച്ച് സംസാരിക്കുന്ന ഒരു മുസ്‍ലിം യുവതി’ എന്ന രീതിയിൽ വളരെ ഇസ്‍ലാമോഫോബിക്കായ ഒരു ചിത്രീകരണത്തിന് ഇടതുപക്ഷം കാര്യമായിട്ട് ശ്രമിക്കുകയുണ്ടായി.

ബാപ്സക്കെതിരെയും മുസ്‌ലിം വിദ്യാർഥികൾക്കിടയിൽ വ്യാപകമായ പ്രൊപ്പഗാണ്ട നടത്താൻ ഇടതുപക്ഷം ശ്രമിച്ചു. ഒന്നാമതായി, ബാപ്സ ഹരിജനങ്ങളുടെ സംഘമാണ് എന്നൊക്കെ ജാതീയമായ, വ്യംഗ്യാർഥമുള്ള പ്രചാരണം അവർ നടത്തി. മുസ്‌ലിംകളെ ഏറ്റവും കൊല്ലുന്നത് ദലിതരാണെന്നും, കൂടാതെ മുസ്‌ലിംകളോട് മോശം നിലപാടുകളെടുക്കുന്ന ബി. എസ്.പിയുടെ (Bahujan Samaj Party) വിദ്യാർഥി സംഘടനയാണ് ബാപ്സയെന്നും അവർ ആരോപണങ്ങൾ അഴിച്ചുവിട്ടു. ഇങ്ങനെ ബാപ്സക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് മുസ്‌ലിം വോട്ടുകളും ഫ്രറ്റേണിറ്റിയെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ട് ലിബറൽ, ഹിന്ദു വോട്ടുകളും പിടിച്ചെടുക്കാനാണ് അവർ ശ്രമിച്ചത്.

കാമ്പസിലെ ചർച്ചകളിൽ മുസ്‌ലിംകളുടെ രാഷ്ട്രീയ സംഘാടനത്തെ വർഗീയവും മതമൗലികവാദവുമായി ചിത്രീകരിച്ചപ്പോൾ വർഗീയത, മതമൗലികവാദം തുടങ്ങിയ പരിവൽക്കരണങ്ങൾ ഉണ്ടാക്കിയത് ഇന്ത്യയിലെ അധീശ ദേശീയവാദവും ആഗോളതലത്തിൽ സാമ്രാജ്യത്വ ശക്തികളുമാണ് എന്നും അത് സാമ്രാജ്യത്വ ദേശീയവാദ വൈജ്ഞാനിക രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും തെളിയിക്കാൻ ബാപ്സ – ഫ്രറ്റേണിറ്റി സഖ്യത്തിന് സാധിച്ചു. മാത്രമല്ല, പോസ്റ്റ് സെക്കുലരിസം പോലുള്ള പുതിയ വൈജ്ഞാനിക പ്രവണതകളുടെ പശ്ചാത്തലത്തിൽ ലോകത്തെ മുസ്‌ലിം സാമൂഹിക പ്രസ്ഥാനങ്ങളുടെയും അവരുടെ ഐക്യദാർഡ്യ രാഷ്ട്രീയത്തെയും അവതരിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇടതുപക്ഷം നിർണയിച്ച ചട്ടക്കൂടുകളെ നിർവീര്യമാക്കുന്ന പുതിയ സാമൂഹിക ശാസ്ത്ര സങ്കൽപങ്ങളെ കാമ്പസിൽ അതിശക്തമായി കടത്തിവിടാനും കാമ്പസിന്റെ രാഷ്ട്രീയ ഭാഷ തന്നെ മാറ്റിമറിക്കാനും ഈ സഖ്യത്തിന് സാധിച്ചു. പോസ്റ്റ് സെക്കുലറും പോസ്റ്റ് ഓറിയന്റലിസ്റ്റും പോസ്റ്റ് എസൻഷ്യലിസ്റ്റുമായ ഒരു ഇസ്‌ലാമിക സാമൂഹിക വീക്ഷണത്തെ കുറിച്ചുള്ള അതിശക്തമായ സാമൂഹിക രാഷ്ട്രീയ സംവാദം തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉയർന്നുവന്നു. ഇതിലൂടെ പുതിയ അവബോധങ്ങൾ വിദ്യാർഥികൾക്കിടയിൽ ഉണ്ടാക്കാൻ സാധിച്ചു. അങ്ങനെ പരമ്പരാഗത രാഷ്ട്രീയ പദാവലിക്കപ്പുറത്തേക്ക് നാം വികസിപ്പിച്ച ഭാഷയ്ക്ക് കിട്ടിയ സ്വീകാര്യതയുടെ പ്രതിഫലനമായിരുന്നു പല ഡിപ്പാർട്ട്‌മെന്റുകളിലും ലഭിച്ച ഉയർന്ന വോട്ട് ഷെയർ എന്നാണ് മനസിലാക്കുന്നത്.

കാമ്പസിലെ വൈജ്ഞാനിക മേൽക്കോയ്മയെ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നതിലൂടെയാണല്ലോ താങ്കളുടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. വൈജ്ഞാനിക രാഷ്ട്രീയം എങ്ങനെയായിരിക്കണം മുന്നോട്ട് കൊണ്ടുപോകേണ്ടത്?

കാമ്പസുകളിലെ വൈജ്ഞാനിക പ്രവർത്തനമെന്നാൽ കേവലാർഥത്തിൽ ഡിഗ്രികൾ നേടുക, കരിയർ വളർത്തുക, മികച്ച സർവകലാശാലകളിൽ ഉപരിപഠനത്തിനു പോവുക എന്നതിലൊക്കെ പരിമിതമായ ഒരു കാര്യമായി കാണരുത്. മൊത്തം സാമൂഹിക അന്തരീക്ഷത്തെ മാറ്റുന്ന ഒരു രാഷ്ട്രീയ പ്രവർത്തനമായി കാമ്പസിലെ വൈജ്ഞാനിക രാഷ്ട്രീയത്തെ കാണണമെന്നാണ് ഫ്രറ്റേണിറ്റി അതിന്റെ ആക്റ്റിവിസത്തിലൂടെ പറഞ്ഞുവെക്കുന്നത്. ന്യൂനപക്ഷ സമുദായത്തിൽ നിന്നും ധാരാളമായി ഈ രംഗത്തേക്ക് കടന്നു വരേണ്ടത് അത്യാവശ്യമാണ്. പക്ഷേ നിലവിലുള്ള സാമൂഹിക രാഷ്ട്രീയ അവസ്ഥകളോട് താദാമ്യം ചെയ്യപ്പെടാത്ത കേവലം വ്യക്തിപരമായ അക്കാദമിക മികവുകൾ കീഴാളരും പാർശ്വവൽകൃതരുമായിട്ടുള്ളവരുടെ സാമൂഹിക ഉന്നമനത്തിന് വലിയ സഹായമൊന്നും ചെയ്‌തട്ടില്ല എന്നതാണ് കാമ്പസ് അനുഭവങ്ങൾ നമ്മോട് പറയുന്നത്.

അതുകൊണ്ട് തന്നെ ഇന്ത്യയിലെ അക്കാദമിക പ്രവർത്തനത്തിന് ഒരു രാഷ്ട്രീയ ഉള്ളടക്കമുണ്ടെന്നും അത് സാധ്യമാവേണ്ടത് നിലനിൽക്കുന്ന സവർണ മേൽക്കോയ്മയെ ചെറുത്തുകൊണ്ടാണെന്നുമുള്ള ബോധം വൈജ്ഞാനിക രംഗത്തേക്ക് പ്രവേശിക്കുന്ന മുസ്‌ലിം – കീഴാള വിദ്യാഥികൾക്ക് ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. കേവല വൈജ്ഞാനിക വളർച്ചക്ക് അപ്പുറം ഇതിലെ രാഷ്ട്രീയ സമരത്തെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടതുണ്ട്.  ഇലക്ഷനുകളിലൂടെ യൂണിയൻ ഭരണം എന്നതിനപ്പുറത്തേക്ക് കാമ്പസിനെ നിർമിച്ച വൈജ്ഞാനിക ചട്ടക്കൂടിനെ പുനർനിർമിക്കാനുള്ള പുതിയൊരു രാഷ്ട്രീയ ഇടപെടലാണ് കാമ്പസുകളിൽ ഫ്രറ്റേണിറ്റി ഉണ്ടാക്കേണ്ടത്.

ഉദാഹരണമായി, അഫ്സൽ ഗുരുവിന്റെ വധവുമായി ബന്ധപ്പെട്ട് ജെ.എൻ.യുവിൽ 2016 ഫെബ്രുവരി ഒമ്പതിന് നടന്ന സംഭവങ്ങളെ തുടർന്നുണ്ടായ ചർച്ചകൾ ദേശീയതയുമായി ബന്ധപ്പെട്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ ഇടതുപക്ഷ അധ്യാപകരുടെ സഹകരണത്തോടെ ഒരു ലെക്ച്ചർ സീരീസ് സംഘടിപ്പിക്കപ്പെടുകയുണ്ടായി. ജെ.എൻ.യു പ്രക്ഷോഭങ്ങളുടെ ഭാഗമായി നടന്ന വളരെ ശ്രദ്ധയാകർഷിച്ച പരിപാടിയായിരുന്നു അത്. ദേശീയതയുമായി ബന്ധപ്പെട്ട് വ്യത്യസ്ത തലത്തിലുള്ള 25ഓളം പ്രഭാഷണങ്ങളാണ് നടന്നത്. പിന്നീട് ഒരു പ്രമുഖ പ്രസിദ്ധീകരണാലയം അത് പുസ്തകമാക്കി ഇറക്കുകയും ചെയ്തിട്ടുണ്ട്. വൈവിധ്യമാർന്ന പല വിഷയങ്ങളും കൈകാര്യം ചെയ്യപ്പെട്ട സീരീസിൽ ഒന്നിൽ പോലും മുസ്‌ലിംകളുടെ ദേശീയതയുമായി ബന്ധപ്പെട്ട ഇടപാടുകളെയോ അല്ലാമാ ഇഖ്ബാൽ, മുഹമ്മദലി ജൗഹർ, മൗലാനാ ഷൗക്കത്തലി, മൗലാനാ മൗദൂദി, അബുൽ കലാം ആസാദ് തുടങ്ങിയ വ്യക്തികളെയോ മറ്റു പ്രസ്ഥാനങ്ങളെയോ അടയാളപ്പെടുത്തുന്ന യാതൊരു ചർച്ചയും ഉണ്ടായില്ല. ഇതിൽ പ്രതിഷേധമറിയിച്ചു കൊണ്ടും എന്തുകൊണ്ടാണ് ജെ.എൻ.യുവിന്റെ വൈജ്ഞാനിക ഭാവനായിലോ വ്യവഹാരങ്ങളിലോ മുസ്‌ലിം പ്രതിനിധാനം ഇല്ലാത്തത് എന്ന ചോദ്യമുയർത്തിക്കൊണ്ടും  വൈ. എഫ്.ഡി.എ ഒരു ബദൽ ലെക്ചർ സീരീസ് സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാലിതിന് ജെ.എൻ.യുവിലെ മുസ്‌ലിം ഫാക്കൽറ്റികൾ പോലും സംസാരിക്കാൻ ധൈര്യപ്പെട്ടില്ല. സർവകലാശാല അധികൃതർ അനുമതിയും തന്നില്ല. പുരോഗമനപരമെന്ന് പറയപ്പെടുന്ന ജെ.എൻ.യുവിലെ സംവാദ ഇടങ്ങൾ പോലും മുസ്‌ലിം ശബ്ദങ്ങളോടും ചോദ്യങ്ങളോടും പുറംതിരിഞ്ഞു നിൽക്കുന്നു എന്നതിന്റെ തെളിവായിരുന്നു ഈ സംഭവം. ഇനിയും നാം പൊരുതി നേടേണ്ട ഇടങ്ങളെ കുറിച്ചുള്ള ആലോചനകളും ശ്രമങ്ങളുമാണ് എപ്പോഴുമുണ്ടാവേണ്ടത്.

അവസാനമായി, വിദ്യാഭ്യാസ രംഗത്തെ  സംഘപരിവാർ ഇടപെടലിനെ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു? ജെ.എന്‍.യുവില്‍ വിദ്യാര്‍ഥി രംഗത്ത് ഇടതു മേല്‍കോയ്മ ആണെങ്കിലും അഡ്മിനിസ്ട്രേഷന്‍ രംഗത്ത് സംഘപരിവാറിന് ഇപ്പോഴും മേല്‍ക്കൈ ഉണ്ട്. ഈ മാറ്റം എങ്ങിനെയാണ് വിലയിരുത്തേണ്ടത്?

മോദി ഭരണകാലത്ത് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരിൽ നടത്തുന്ന വേട്ട വളരെ ശക്തമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ 2019 കരട് രേഖ ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. അംബാനിയുടെ ജിയോ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ളവക്ക് ഉദാരമായി പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുകയും മറുഭാഗത്ത്‌ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളോട് ലോണെടുത്ത് സംവിധാനം മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യപ്പെടുന്ന വിരോധാഭാസമാണ് നമുക്ക് കാണാൻ സാധിക്കുക. സാമ്പത്തിക സഹായം വെട്ടിക്കുറക്കുക, പല കോഴ്‌സുകളും ഇല്ലാതാക്കുക, പുതിയ കോഴ്‌സുകൾ തുടങ്ങണമെങ്കിൽ ലോണെടുത്തോ വിദ്യാർഥികളിൽ നിന്ന് ഉയർന്ന ഫീസീടാക്കിയോ നടത്താൻ നിർദ്ദേശിക്കുക, വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ പലതും പുതുതായി അപേക്ഷ ക്ഷണിക്കാതിരിക്കുക, നിയമനങ്ങളിലും അഡ്മിഷനിലും സംവരണം അട്ടിമറിക്കുക, ഇസ്‌ലാമിക ടെററിസം പോലുള്ള കോഴ്‌സുകൾ തുടങ്ങുക എന്നിങ്ങനെ വിദ്യാർഥി വിരുദ്ധമായ നയങ്ങളും നീക്കങ്ങളും കൈക്കൊള്ളുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.

ജെ.എൻ.യുവിൽ അടക്കം സംഘപരിവാർ അഭിമുഖ്യമുള്ളവരെ നിയമിക്കുന്നു എന്നതും ഒരു വസ്തുതയാണ്. ഇതിനെതിരെ അധ്യാപക യൂണിയനുകൾ പരസ്യമായി നിലപാടെടുത്തതായി കാണാം. എന്നാൽ പുരോഗമനവാദികളെന്ന് പറയുന്ന ഇവരിൽ പലരുമാണ് രണ്ടാം മണ്ഡൽ നിർദേശങ്ങൾ വന്നതിന് ശേഷം അധ്യാപക രംഗത്തെ സംവരണത്തെ ശക്തമായി എതിർക്കുന്നതും.  ബിപൻ ചന്ദ്ര, ടി.കെ ഉമ്മൻ, മൃദുല മുഖർജി, ആദിത്യ മുഖർജി പോലുള്ള പ്രൊഫസർമാരായിരുന്നു ഇതിൽ പ്രധാനികൾ. അതുകൊണ്ടു തന്നെ അധ്യാപക തലത്തിലുള്ള ജനാധിപത്യവൽക്കരണം ഇവിടെ നടപ്പായിട്ടില്ല. ഇന്നു പോലും ഒരു ഒ.ബി.സി പ്രൊഫസർ ഇവിടെയില്ല. ഇന്ന് സംഘ്‍പരിവാർ അധ്യാപക രംഗത്തേക്ക് കടന്നുകയറുന്നു എന്ന് നിലവിളിക്കുന്ന ഇവരിൽ പലരും അവരുടെ തന്നെ പ്രവൃത്തികളുടെ പ്രതിഫലനമാണ് ഇതെന്ന് മനസിലാക്കുന്നില്ല. ഇടതിന്റെ ഇത്തരം നയങ്ങള്‍ സംഘപരിവാറിനെതിരായ പോരാട്ടങ്ങളെയാണ് ദുര്‍ബലപ്പെടുത്തിയത്. പലപ്പോഴും സംവരണം അടക്കമുള്ള വിഷയത്തില്‍ ഇടതുപക്ഷം സ്വീകരിച്ച നിലപാട്‌ തന്നെയാണ് സംഘപരിവാരവും പിന്തുടരുന്നത്.

രണ്ടാം മണ്ഡൽ സാധ്യമാക്കിയ പിന്നോക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിന് തടയിടുക എന്നതാണ് സംഘപരിവാർ നീക്കത്തിന്റെ പിന്നിലുള്ള യഥാർഥ അജണ്ട. 2014 – 15 വാർഷിക റിപ്പോർട്ട് പരിശോധിച്ചാൽ ജെ.എൻ.യുവിലെ എസ്.സി / എസ്.റ്റി / ഒ.ബി.സി വിദ്യാർഥികളുടെ പ്രാതിനിധ്യം അൻപത് ശതമാനത്തിലധികം ആയിട്ടുണ്ടെന്ന് കാണാം. ഇതൊരു തരത്തിലും സംഘപരിവാറിന് അംഗീകരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അതാണ്‌ രോഹിത് വെമുലയുടെ  സ്ഥാപനവല്‍കൃത കൊലപാതകതിനും നജീബിന്റെ നിര്‍ബന്ധിത തിരോധാനത്തിനും കാരണമായത്‌. അതലാതെ ഇടതുപക്ഷം പറയുമ്പോലെ സാമ്പത്തിക കാരണമല്ല മറിച്ച് സാമുദായിക സ്ഥാനമാണ് (സംവരണം ഉദാഹരണം) ദേശീയതയുടെ പ്രശ്നമെന്ന നിലയില്‍ സംഘപരിവാറിന്റെ വളര്‍ച്ചയെ വ്യത്യസ്തമാക്കുന്നത്.

സംഘ്‍പരിവാറിനെതിരെ ശബ്ദമുയർത്തുന്ന അക്കാദമിക പ്രവർത്തകരെ വേട്ടയാടുകയും പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്യുന്ന ഭീതീതമായ സാഹചര്യം ഇന്നുണ്ട്. ഇഫ്ലുവിലെ പ്രൊഫ. കെ.സത്യനാരായണ, ഡോ. ആനന്ദ് തെൽതുംടെ, ഡൽഹി സർവകലാശാലയിലെ ഡോ. ജി.എന്‍.സായ്ബാബ തുടങ്ങി ഒട്ടനവധി പേർ ഇതിന്റെ ഇരകളാണ്. ഈ പരമ്പരയിലെ ഏറ്റവും പുതിയ സംഭവവികാസമാണ് ഡൽഹി സർവകലാശാലയിലെ പ്രൊഫ. ഹാനി ബാബുവിന്റെ വീട്ടിൽ നടന്ന റെയ്ഡ്. ഡൽഹി സർവകലാശാലയിലെ സംവരണ പോരാട്ടങ്ങളിലെ മുൻനിര ശബ്ദവും മനുഷ്യാവകാശ പ്രക്ഷോഭങ്ങളിലെ അവഗണിക്കാനാകാത്ത സാന്നിധ്യവുമാണ് ഹാനി ബാബു. ദലിത് ബഹുജൻ പിന്നോക്ക ആഭിമുഖ്യമുള്ളവരെയാണ് സംഘപരിവാർ കാര്യമായും ഉന്നംവെക്കുന്നത്. മാത്രമല്ല ഒരു സീവി വിവാദത്തിന്റെ പേരില്‍ ഉയര്‍ന്ന ജാതി പശ്ചാത്തലമുള്ള റോമില ഥാപ്പര്‍ക്ക് കിട്ടുന്ന പിന്തുണ ഹാനി ബാബുവിനെ പോലുള്ളവര്‍ക്ക് കിട്ടുന്നില്ല. കാരണം ഇന്ത്യയില്‍ ആരാണ് മനുഷ്യാവകാശത്തിനു അര്‍ഹര്‍ എന്നതു മുന്‍‌കൂര്‍ തീരുമാനിക്കപ്പെട്ടതാണ്. അത് സംഘപരിവാര്‍ വിമര്‍ശകര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്.

കാമ്പസിലുള്ള അധ്യാപകരും വിദ്യാർഥികളും ഒരർഥത്തിലുമുള്ള പ്രതിഷേധ സ്വരങ്ങൾ ഉയർത്തരുത് എന്ന നിലപാടിലാണ് ഈ വേട്ട തുടരുന്നത്. എന്നാൽ പ്രതിശബ്ദങ്ങൾ അടിച്ചമർത്തുന്നതിനനുസരിച്ച് വിദ്യാർഥി – അധ്യാപക പ്രതിപക്ഷ ശക്തിപ്പെടുമെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. മാത്രമല്ല ഫാസിസത്തിനെതിരായ സമരങ്ങള്‍ വലിയ മുദ്രാവാക്യങ്ങള്‍ മാത്രമല്ല സൂക്ഷ്മ സമരങ്ങള്‍ഡ് കൂടിയാണ്.

വസീം ആര്‍ എസ്‌