Campus Alive

ഷഹീൻ ബാഗും സമരവഴിയിലെ മുസ്ലിം സ്ത്രീ സാന്നിധ്യവും

(ന്യൂയോർക് യൂണിവേഴ്സിറ്റി ആന്ത്രോപോളജി വിഭാഗം പ്രൊഫസ്സർ ദീന എം സിദ്ദീഖിയുമായി ഹഫ്ഫ് പോസ്റ്റ് പൊളിറ്റിക്സ് എഡിറ്റർ ബെത്‌വ ശർമ നടത്തിയ അഭിമുഖം)

ഷഹീൻ ബാഗിലെ സ്ത്രീകൾ ഇന്ത്യൻ മുസ്ലിംകൾക്ക് വേണ്ടി സംസാരിക്കുന്നവരായി മാറി എന്നാണ്  ന്യൂയോർക്ക് യൂണിവേഴ്സിറ്റി പ്രൊഫസറും  ‘സൗത്തേഷ്യയിലെ ജെൻഡർ, ഫെമിനിസം’ എന്ന വിഷയത്തിൽ വിദഗ്ദയുമായ ദീന എം സിദ്ധീഖി നിരീക്ഷിക്കുന്നത്. “ഇന്ത്യൻ മുസ്ലിംകൾ എന്താണ് ചിന്തിക്കുന്നത്, അവരുടെ മുൻഗണനകൾ എന്തൊക്കെയാണ് എന്ന് സാധാരണക്കാരായ ആളുകൾ പോലും ചിന്തിക്കുന്ന അവസ്ഥ സംജാതമായിരിക്കുന്നു. ഈ സ്ത്രീകൾ തങ്ങൾ  ആലോചിക്കുന്നതിനെക്കുറിച്ചും തങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചും ഏറെ വാചാലമാണ്.” നരേന്ദ്ര മോഡിയേയും പാർലമെന്റിനെയും പ്രശ്നഭരിതമായ പൗരത്വ നിയമത്തിന്റെ പശ്ചാത്തലത്തിൽ വെല്ലുവിളിക്കുന്ന ഷഹീൻ ബാഗിലെ മുസ്ലിം സ്ത്രീകൾ ആ നിയമത്തെ എതിർക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക്  ആവേശമായി  ചരിത്രത്തിന്റെ ഭാഗമായി.

സൗത്ത് ഡൽഹിയിലെ ഷഹീൻ ബാഗിൽ നൂറുകണക്കിന് സ്ത്രീകളാണ് മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണ്ണയിക്കുന്ന CAA റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരുമിച്ച് കൂടിയിരിക്കുന്നത്. ഇത് രേഖകളില്ലാതെ ജീവിക്കുന്ന ജനങ്ങളെ തിരിച്ചറിയാനുള്ള NRC യുമായി ചേർത്ത് വായിക്കുമ്പോൾ ഇന്ത്യയിലെ മുസ്ലിംകൾക്കെതിരായ വിവേചനപരമായ നടപടിയാവുന്നു. ഡിസംബർ മുതൽ രാപകലില്ലാതെ വിവിധ പ്രായത്തിലുള്ള സ്ത്രീകൾ ഒരുമിച്ചുകൂടുകയും, പാട്ട് പാടുകയും, സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ചില രാത്രികളിൽ താപനില 2 ഡിഗ്രി സെൽഷ്യസിലേക്ക് വരെ താഴ്ന്നിരുന്നു. പക്ഷേ അവർ ആയിരങ്ങളായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു, ചില ദിവസങ്ങളിൽ അവർ ലക്ഷങ്ങളോളം ജനങ്ങളാൽ രാജ്യ തലസ്ഥാനത്തെ ഊർജ്ജസ്വലമായ സമരസ്ഥലമായി   അവിടം മാറ്റുന്നു. രാജ്യത്തിന്റെ വിവിധ നഗരങ്ങളിലെ മുസ്ലീം  സ്ത്രീകൾക്ക് CAA വിരുദ്ധ സമരങ്ങളിൽ ഊർജ്ജമായി മാറാനും അവർക്ക് കഴിഞ്ഞു. ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ ശാക്തീകരണത്തെക്കുറിച്ച് അഭൂതപൂർവ്വമായ ഈ സമരം പുതിയ ആലോചനകൾ  സാധ്യമാക്കുന്നുണ്ട്.

മുസ്ലിം സ്ത്രീകളുടെ കർതൃത്വത്തിൽ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഷഹീൻ ബാഗ് മൂവ്മെന്റിനെക്കുറിച്ചാണ് നമ്മൾ ധാരാളമായി സംസാരിക്കുന്നത്. അത് അഭൂതപൂർവ്വമായ വികാസം നേടിയതിനെക്കുറിച്ച് താങ്കളുടെ പ്രതികരണം?

ഇത് വളരെ താൽപര്യജനകമായ ഒരു നിമിഷമാണ്. എന്നാൽ ഇന്ത്യയിലെ മുസ്ലിം സ്ത്രീകൾ ഏർപ്പെടുന്ന എല്ലാ വ്യവഹാരങ്ങളും അവരുടെ കർതൃത്വത്തിൽ തന്നെയായി മനസ്സിലാക്കപ്പെടാറില്ല. വിവാദമായ മുത്വലാഖ് വിഷയത്തിൽ കോടതിയെ സമീപിച്ച സ്ത്രീകളുണ്ടായിരുന്നു. ഷാ ബാനുവിനെക്കുറിച്ച് ചിന്തിക്കുമ്പോഴും, മുസ്ലീം സ്ത്രീകൾ കോടതിയെ സമീപിക്കുന്നതും, നിയമങ്ങൾ മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രവണതകൾ കാണാൻ കഴിയുന്നുണ്ട്. അവർ ‘നിക്കാഹ് ഹലാല’ മാറ്റാൻ ശ്രമിക്കുന്നുണ്ട്. അങ്ങനെ പലതും സംഭവിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ ഇത് മുസ്ലീം സ്ത്രീ പ്രസ്ഥാനങ്ങൾക്കെന്ന പോലെ ഇതര പ്രസ്ഥാനങ്ങൾക്കും പ്രതീക്ഷക്ക് വകയുള്ള  സന്ദർഭമാണ്.  ഞാൻ ഷഹീൻ ബാഗിലായിരിക്കെ ഒരു പ്രാഭാഷകന്റെ സംസാരം കേൾക്കുകയുണ്ടായി. “മുത്വലാഖ് വിഷയത്തിൽ ഞങ്ങൾ തെരുവിലിറങ്ങിയില്ല, ബാബരി വിധി വന്നപ്പോഴും ഞങ്ങൾ തെരുവിലിറങ്ങിയില്ല, പക്ഷേ ഇനി ഞങ്ങൾക്ക് പിറകോട്ട് മാറാനാവില്ല” എന്നാണ് അവർ പറഞ്ഞത്. ഇത്തവണ ഇത് ഭരണഘടനാ പ്രശ്നമാണ്, ഭരണഘടന പവിത്രവുമാണ്.  അതിനാൽ അവർക്ക് പിറകോട്ട് പോവാൻ സാധിക്കുന്നില്ല എന്നാണ് ഇതിൽ നിന്ന് മനസ്സിലാവുന്നത്. മുസ്‌ലിംകൾക്ക് അവരുടെ നിലനിൽപ്പിനെയും കർതൃത്വത്തെയും സി‌എ‌എ അപകടപ്പെടുത്തുന്നു എന്നതിനാൽ  നിശബ്ദത പാലിക്കാൻ കഴിയാത്ത ഒരു സവിശേഷ സന്ദർഭമാണിതെന്നാണ് എനിക്ക് നിരീക്ഷിക്കാൻ കഴിയുന്നത്.

“ഞങ്ങളുടെ മക്കളുടെ ഭാവിയോർത്തിട്ടാണ് ഞാനിത് ചെയ്യുന്നത്” എന്ന് ഒരു സ്ത്രീ പറയുന്നതായി ഞാൻ കേട്ടു. അവരിതൊരു വലിയ ഫെമിനിസ്റ്റ് പ്രവൃത്തിയായി കാണുന്നു എന്ന് ഞാൻ കരുതുന്നില്ല.  ഇത് അവരുടെ കുട്ടികളുടെയും ആൺ-പെൺമക്കളുടെയുമൊക്കെ പ്രശ്നമാണ്. ഇപ്പോൾ അവർ മുസ്‌ലിംകളായി സംസാരിക്കുന്നില്ലെങ്കിൽ പിന്നീടൊരിക്കലും അവർ സംസാരിക്കില്ലെന്ന് അവർ തന്നെ  ചിന്തിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു.

ഷഹീൻ ബാഗിനെക്കുറിച്ച്  എന്താണ് നിങ്ങൾക്ക് തോന്നുന്നത്?

ഞാൻ അവിടെ മൂന്ന് പ്രഭാഷകരെ കണ്ടു. ഒരാൾ ജെ.എൻ.യു വിൽ നിന്നുള്ള ഒരു  മുസ്ലിം ചെറുപ്പക്കാരനായിരുന്നു. അതുപോലെ പാറ്റ്നയിൽ നിന്നുള്ള ഒരു അഭിഭാഷകനും, ഒരു മുസ്ലിം വനിതാ നേതാവുമായിരുന്നു അവർ. ഇന്ത്യയിൽ ഇത്തരത്തിൽ ഇസ്ലാമികവൽക്കരിക്കപ്പെട്ട ഒരു സംസാരവും മുമ്പ് ഞാൻ കണ്ടിട്ടില്ല. ഇവിടെ സ്ത്രീകൾക്ക് ആശംസകൾ നൽകപ്പെട്ടത് തീർത്തും ഇസ്ലാമികമായ രീതിയിലായിരുന്നു. നിങ്ങൾക്ക് ഒരു പൗരനാകാനും, മുസ്ലിം പൗരനായിരിക്കെ മാപ്പുസാക്ഷിയാവാതിരിക്കാനുമുള്ള ഒരിടം നിർമ്മിക്കൽ ഇപ്പോഴല്ലെങ്കിൽ പിന്നെ ഒരിക്കലും അതിന് സാധിക്കില്ല എന്നുള്ളത് ഇന്ത്യയിലെ ഒരുവിധം മുസ്ലിംകളൊക്കെയും തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണ് ഞാൻ കരുതുന്നത്. ഷഹീൻ ബാഗ് അതിനെയാണ് പരിപോഷിപ്പിക്കുന്നത്. മുസ്ലിമിനെ ഉൾക്കൊള്ളാൻ പ്രയാസമുള്ള ഇസ്ലാമോഫോബിയയാണ് ഇവിടെ ഉയർന്ന് വരുന്നത്. ഇസ്ലാമോഫോബിക്കായ ഇത്തരം സംഭവങ്ങളെ മുസ്ലിം പൗരനായി തന്നെ നിലയുറപ്പിച്ച്‌ പ്രതീക്ഷയോടുകൂടി തന്നെ അഭിമുഖീകരിക്കാൻ സാധ്യമാവുന്ന ഒരു മൊമന്റ് കൂടിയാണ് ഇത് എന്നും ഞാൻ മനസ്സിലാക്കുന്നു. മുസ്ലിമായതിൽ മാപ്പുസാക്ഷിയാവാതെ ഇസ്ലാമോഫോബിയയെ ആളുകൾ വെല്ലുവിളിക്കുന്ന ഒരു കാഴ്ചയും ഞാൻ കാണുന്നുണ്ട്.

മുസ്ലീം സ്ത്രീകൾ, കുറഞ്ഞത് ലഖ്‌നൗവിലെങ്കിലും,  സമരത്തിന് നേതൃത്വം നൽകുന്നത് തന്ത്രപരമായ കാര്യമല്ലേ? സ്ത്രീകളെ അഭിമുഖീകരിക്കുമ്പോൾ പോലീസ് അക്രമം ഒഴിവാക്കും എന്നത് കൊണ്ടല്ലേ ഇങ്ങനെ ചെയ്യുന്നത്?

ഞാൻ ഷഹീൻ ബാഗിൽ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ മറ്റു സ്ഥലങ്ങളെക്കുറിച്ച് ധാരാളം വായിക്കാൻ കഴിഞ്ഞു. ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ചും, ഇവിടെ ഒരു ചെറുപ്പക്കാരനായ മുസ്ലിമായി ജീവിക്കുന്നതിന്റെ അപകടകരമായ ചരിത്രത്തെക്കുറിച്ച് അറിയുമ്പോഴും നമുക്ക് ഇതിൽ കൃത്യമായ ഒരു ധാരണ രൂപീകരിക്കാൻ കഴിയും ഇതിനെ കേവലമായ ഒരു ശാരീരിക അക്രമത്തെ തടയുന്നു എന്ന തരത്തിലേക്ക് ന്യൂനീകരിക്കുന്നത് ശരിയാണെന്ന് ഞാൻ കരുതുന്നില്ല. മറിച്ച്, ഇത് ഒരു തിരിച്ചറിവാണ്, ചെറുപ്പക്കാരനായ ഒരു മുസ്ലീം ഏതുവിധേനെയും അക്രമിക്കപ്പെടുമെന്ന തിരിച്ചറിവ്. അപ്രത്യക്ഷാമാവാനും ഭീകരവാദിയെന്ന് മുദ്രകുത്തപ്പെടാനും സാധ്യതകളുള്ളവനാണ് മുസ്ലിം ചെറുപ്പക്കാരൻ. ഇത് മറ്റിടങ്ങളിലും കാണുന്ന ഒരു സ്ട്രാറ്റജിയാണ്. ചെറുപ്പക്കാരൻ അക്രമിക്കപ്പെടാൻ സാധ്യതയുള്ള സന്ദർഭങ്ങളിൽ മുസ്ലിം സ്ത്രീകൾ മുന്നോട്ട് വരാറുണ്ട്. മുമ്പത്തെ യുഗോസ്ലാവിയയെക്കുറിച്ചും അർജന്റീനയെക്കുറിച്ചും സംസാരിച്ചപ്പോൾ എന്റെ ഒരു സുഹൃത്ത് പറഞ്ഞത് അവിടെ യുവാക്കൾ അദൃശ്യരാവാൻ തുടങ്ങിയപ്പോൾ സ്ത്രീകൾ മുന്നോട്ട് കയറി വന്നു എന്നാണ്. ഇതൊരു തന്ത്രമാണ്, ചെറുപ്പത്തെ സംരക്ഷിക്കാനുള്ള ഒരു തന്ത്രം.

മുസ്ലീം സ്ത്രീകൾ എങ്ങനെയാണ് രാഷ്ട്രീയമായി ശാക്തീകരണം സാധ്യമാക്കിയത് എന്നത് ഇന്ത്യയിൽ വലിയ ചർച്ചയാണ്, എന്താണ് അത്കൊണ്ട് അർത്ഥമാക്കുന്നത്‌?

ഇതൊരു നല്ല ചോദ്യമാണ്. എന്താണ് അത് കൊണ്ട് അർത്ഥമാക്കുന്നത്? അവിടെയുള്ള സ്ത്രീകൾ വീടും, ഭർത്താവിനെയുമൊക്കെ ഉപേക്ഷിച്ച് ദിവസങ്ങളോളം പുറത്ത് വന്നിരിക്കുമെന്ന് നാമാരും ഒരിക്കലും ചിന്തിച്ചിരുന്നില്ല എന്നത് സത്യമാണ്. ഇവരിൽ ഭൂരിഭാഗവും ജോലി ചെയ്യുന്ന സ്ത്രീകളല്ല.  ഭാര്യമാരും അമ്മമാരും എന്ന നിലയിലുള്ള അവരുടെ സ്വതം ഒഴിച്ചുനിർത്തിയാൽ ആ അനുഭവങ്ങൾ ആരെയും മാറ്റും എന്നതാണ് ശരി. ഈയർത്ഥത്തിൽ ഇത് ഈ സ്ത്രീകളുടെ ബോധത്തിൽ  മാറ്റം വരുത്തേണ്ടതുണ്ട്‌. ഇതേ പശ്ചാത്തലത്തിൽ നിന്നും വരുന്ന മറ്റു സ്ത്രീകൾക്കും ഒരു പക്ഷേ, അവർക്ക് മുന്നനുഭവമില്ലാത്ത ഒരു ശബ്ദം ലഭിച്ചിട്ടുണ്ടാവാം. മുസ്ലികളായ ഒരു കൂട്ടം സ്ത്രീകൾക്ക് ഇത്തരമൊരു  അവബോധം ഏതെങ്കിലും രൂപത്തിൽ  രൂപപ്പെടാനുള്ള സാധ്യതയുണ്ട്. പക്ഷേ, ഇത് രാഷ്ട്രീയ ശാക്തീകരണത്തിന്റെ ക്ലാസിക്കൽ നിർവചനത്തിലേക്ക് ചേർത്തുവെക്കാൻ പറ്റുന്ന ഒരു മാറ്റമാണോ? അതിന്റെ അർത്ഥം വിദ്യഭ്യാസ രംഗത്തും രാഷ്ട്രീയ രംഗത്തും ധാരാളം സ്ത്രീകൾ കടന്നു വരലാണ്. നിങ്ങൾ സച്ചാർ കമ്മിറ്റി റിപ്പോർട്ട് വായിച്ചിട്ടുണ്ടെങ്കിൽ ഇത് സംഭവിക്കേണ്ടുന്നതിന് ഘടനാപരമായ ധാരാളം മാറ്റങ്ങൾ ആവശ്യമാണ് എന്ന് മനസ്സിലാക്കാൻ കഴിയും. നമ്മൾ മുസ്ലീം സ്ത്രീകളെക്കുറിച്ച് ചിന്തിക്കുമ്പോൾ മതപരമായ കാര്യങ്ങൾ മാത്രമാണ് ചിന്തിക്കുന്നത്. എന്നാൽ അത് ശരിയല്ല, മുസ്ലിം സ്ത്രീകൾ മുസ്ലീം പ്രശ്നങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്നവരല്ല.

2007 ൽ പ്രസിദ്ധീകരിച്ച സച്ചാർ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച്, മുസ്‌ലിംകൾക്കിടയിലെ സാക്ഷരതാ നിരക്ക് 59.1 ശതമാനമാണ്, ഇത് ദേശീയ ശരാശരിയായ 65.1 ശതമാനത്തേക്കാൾ കുറവാണ്, എന്നാൽ മറ്റു സമുദായങ്ങളിലെ സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ മുസ്‌ലിം സ്ത്രീകൾ 50 ശതമാനമാണ്. അതുപോലെ തന്നെ  റിപ്പോർട്ട് പ്രകാരം ഏകദേശം 44 ശതമാനം സ്ത്രീകൾ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ മുസ്ലീം സ്ത്രീകളിൽ അത് 25 % ആണ്. നഗരപ്രദേശങ്ങളിൽ അത് 18 ശതമാനം വരെ കുറവാണ്. ഇന്ത്യയിലെ 1.2 ബില്യൺ ജനങ്ങളിൽ 6.9% മുസ്ലീം സ്ത്രീകളാണ്.  നിലവിലെ ലോക്സഭയിൽ മൂന്ന് മുസ്ലീം സ്ത്രീകളാണുള്ളത് അഥവാ ലോകസഭയുടെ 0.5 ശതമാനമാണത്. രാജ്യസഭയിൽ അത് പൂജ്യവുമാണ്.

ഷഹീൻ ബാഗ് മൂവ്മെന്റിന്റ പ്രതിഫലനങ്ങൾ എന്തൊക്കെയാണ്?

സ്ത്രീ ശാക്തീകരണമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സാധാരണയായി മുസ്ലിം സമൂഹത്തെ പ്രതിനിധീകരിച്ചിരുന്നവരിൽ നിന്നും മാറിയിട്ടുണ്ട് കാര്യങ്ങൾ, അത് ഏറെ വിധ്യപൂർണ്ണമാണ്. അഥവാ, സയ്യിദ് ഷഹാബുദ്ധീനെപ്പോലുള്ളവരുടെയൊക്കെ കാലം കടന്നുപോയിരിക്കുന്നു. ഇത് വളരെ പ്രധാനമാണ്. ഈ സ്ത്രീകൾ തികഞ്ഞ ആത്മവിശ്വാസത്തോടെയും വിശകലന പാടവത്തോടെയുമാണ് സംസാരിക്കുന്നത്. ഇതൊരു വലിയ മാറ്റം തന്നെയാണ്. രാഷ്ട്രീയക്കാർ തങ്ങളുടെ വോട്ട് ബാങ്ക് ആയാണ് മുസ്ലിംകളെ കാണുന്നത്. അവർക്ക് തോന്നുന്നവരെ തങ്ങളുടെ വക്താക്കളാക്കുന്നു, എന്നിട്ട് അവരാണ് സ്ത്രീകളുടെ ചോദ്യങ്ങൾ തീരുമാനിക്കുന്നത്. അത്തരം ദിനങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു എന്നാണ് ഞാൻ വിചാരിക്കുന്നത്. ഇന്ത്യയിലെ മുസ്ലിം സ്ത്രീകൾ നടത്തുന്ന വലിയൊരു മുന്നേറ്റം തന്നെയാണിത്. ഇത് വലിയൊരു കാര്യമാണ്. അവരെ ഒരിക്കലും പ്രതിനിധാനം ചെയ്യാത്ത പുരുഷന്മാരുടെ അടുത്തേക്ക് അവർ തിരിച്ചുപോകുന്നില്ല. അവർ ഒരു പ്രത്യേകമായ രാഷ്ട്രീയ മൂലധനമുള്ള പുരുഷന്മാരാണ്. ഇത് മുസ്ലീം സ്ത്രീ പ്രസ്ഥാനങ്ങൾക്ക് അല്ലെങ്കിൽ മറ്റു സ്ത്രീ പ്രസ്ഥാനങ്ങൾക്ക് ഒരു മുതൽകൂട്ടാണ്.

(സയ്യിദ് ഷഹാബുദ്ധീൻ, ഒരു ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്രോഗസ്ഥനായിരിന്നു. പിന്നീട് രാഷ്ട്രീയക്കാരനായി മാറി. ഷാബാനു എന്ന സ്ത്രീക്ക് മൂന്നു മാസത്തെ ഇദ്ദ കാലയളവിനപ്പുറം ജീവനാംശം നൽകേണ്ടതില്ല എന്ന യാഥാസ്ഥിത മുസ്ലിം പക്ഷത്ത് നിലയുറപ്പിച്ച വ്യക്തി)

ഈ പ്രസ്ഥാനം ഇന്ത്യൻ മുസ്ലിംകൾക്കു വേണ്ടിയുള്ള ശബ്ദങ്ങളിൽ പരിവർത്തനം സൃഷ്ടിച്ചിട്ടുണ്ടോ? അത് ശാശ്വതമാണോ?

തീർച്ചയായും, അത് ശാശ്വതമാണ് എന്ന് പറയാൻ എനിക്ക് കഴിയില്ല. എന്നാൽ, ഇന്ത്യൻ മുസ്ലിംകൾ എന്താണ് ചിന്തിക്കുന്നത്, അവരുടെ മുൻഗണനകൾ എന്തൊക്കെയാണ് എന്ന് സാധാരണക്കാരായ ആളുകൾ പോലും ചിന്തിക്കുന്ന അവസ്ഥ സംജാതമായിരിക്കുന്നു. ഈ സ്ത്രീകൾ തങ്ങൾ  ആലോചിക്കുനതിനെക്കുറിച്ചും തങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചും ഏറെ വാചാലമാണ്. മാധ്യമപ്രവർത്തകരും രാഷ്ട്രീയക്കാരുമൊക്കെ ചില പ്രത്യേക മുഖങ്ങളിലേക്ക് തിരിയുകയും മുസ്‌ലിംകൾക്ക് എന്താണ് വേണ്ടതെന്ന് ചോദിക്കുകയും ചെയ്യുന്ന ഒരു കഴിഞ്ഞ കാലത്തിലേക്കുള്ള  മടക്കം ഇനി  വളരെ പ്രയാസകരമായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്.

എന്താണ് ഷഹീൻ ബാഗിൽ വേറിട്ട് നിൽക്കുന്നതായി നിങ്ങൾ തോന്നിയത്?

അവിടെ പിറകിലായി, ചില പോസ്റ്ററുകൾ കണ്ടു, അതിലെ അവസാന പോസ്റ്ററിൽ ബംഗാളി മുസ്ലിമായ റോഖിയ സഖാവത്ത് ഹുസൈൻ ആയിരുന്നു. അവൾ ഞങ്ങൾക്ക് (ബംഗ്ലാദേശിൽ) ഒരു ഐക്കണാണ്. ഞാൻ അവിടെ പോയി എന്റെ മുറിഹിന്ദിയിലും ഉറുദുവിലുമായി അവരോട് ബംഗ്ലാദേശിൽ നിന്നുള്ള എന്റെ ഐക്യദാർഢ്യം അറിയിച്ചു. അവർ വളരെ ഊഷ്മളമായി എന്നെ വരവേറ്റു. ഞാനതിൽ വല്ലാതെ ആകൃഷ്ടയായി. എന്റെ ഐക്യദാർഢ്യം അറിയിക്കുന്നതിനായി ഒരു വാക്ക് കണ്ടെത്താൻ ഞാൻ ശ്രമിക്കുമ്പോൾ അടുത്തുള്ള ഒരു സ്ത്രീ പറഞ്ഞു “നിങ്ങൾ ഉദ്ദേശിച്ചത് ‘ഹിമ്മത്ത്’ ആണ്”. ഞങ്ങൾക്ക് ഇത്തരം കാര്യങ്ങൾ അതിർത്തിക്കപ്പുറം അനുഭവപ്പെടുന്നു.

(റോഖിയ സഖാവത്ത് ഹുസൈൻ, 1880ൽ ജനിച്ചു ഇന്ത്യയിലെ ആദ്യത്തെ ബംഗാൾ ഫെമിനിസ്റ്റായി അറിയപ്പെടുന്നു. പെൺകുട്ടികൾക്ക് വേണ്ടി അവർ 1911ൽ കൊൽക്കത്തയിൽ സ്ഥാപിച്ച സ്കൂൾ വിഖ്യാതമാണ്. ഇപ്പോൾ അത് വെസ്റ്റ് ബംഗാൾ ഗവൺമെന്റാണ് നടത്തുന്നത്.)

ഈ നിമിഷം എന്തെങ്കിലും മാറ്റം നടക്കേണ്ടതായിട്ടുണ്ടോ?

സി‌എ‌എയിൽ നിന്നുള്ള രക്ഷയാണ് അവർക്ക് വേണ്ടത്.  ഇന്ത്യയിലെ മുസ്ലീം സ്ത്രീകൾക്ക് ഇത് അവിശ്വസനീയവും ശക്തവുമായ നേട്ടമാകുമെന്ന് ഞാൻ കരുതുന്നു.  അത് ആളുകൾക്ക് ഒരു പുതിയ തരം ശബ്ദവും പ്രതീക്ഷയും സമ്മാനിക്കും. ഇത് വ്യക്തിപരമായും സ്ത്രീകളെ അവിശ്വസനീയമാംവിധം ശാക്തീകരിക്കും. ഇത് സംഭവിക്കുക എന്നത് യഥാർത്ഥത്തിൽ പ്രയാസമുള്ള കാര്യമാണ്.  അവർക്ക് സർക്കാരിൽ നിരന്തരമായ സമ്മർദ്ദം ചെലുത്താനും രാജ്യമെമ്പാടും ഉയർന്നുവരുന്ന രൂപത്തിൽ പ്രതിഷേധം സൃഷ്ടിക്കാനും കഴിയുമെങ്കിൽ, അതൊരു നേട്ടം തന്നെയാണ്. ഇതിനെ അംഗീകരിക്കാൻ വിസമ്മതിച്ച പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആം ആദ്മി സർക്കാരിനെയടക്കം ഏതെങ്കിലും വിധത്തിൽ ഗവൺമെന്റിനെക്കൊണ്ട് പ്രതികരിപ്പിക്കാൻ അവർക്ക് കഴിയുമെങ്കിൽ, അതും ഒരു യഥാർത്ഥ നേട്ടമായിരിക്കും.

ദീന എം സിദ്ദീഖി

അതിനൊക്കെയപ്പുറം, സ്ത്രീകൾ എങ്ങനെ സംഘടിപ്പിക്കപ്പെടുന്നു  എന്നത് പ്രാദേശിക പ്രശ്നങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് യഥാർത്ഥ്യം.  മുത്വലാഖ് ഒരു വലിയ പ്രശ്നമാണെന്ന് വളരെ കുറച്ച് സ്ത്രീകളെങ്കിലും കരുതിയിരുന്നു.പക്ഷേ പിന്നീട് അത് ഒരു ദേശീയ പ്രശ്നമായി മാറി.  നിക്കാഹ് ഹലാലയും അത്തരത്തിലുള്ള ഒരു പ്രശ്നമാണ്.

സി‌എ‌എ യുമായി ബന്ധപ്പെട്ട ഒരു മാറ്റവും ഇതിന് കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ എന്തു സംഭവിക്കും?  ഷഹീൻ ബാഗ് പ്രതിഷേധം അവസാനിപ്പിക്കാൻ സുപ്രീംകോടതിക്ക് കഴിയുമോ? അപ്പോൾ ഇത് മറക്കപ്പെടുമോ?  ഇത് എങ്ങനെയാണ് ഓർമ്മിക്കപ്പെടുക?

ഈ മൊമൻറ്  മറന്നുപോകില്ലെന്ന് മാത്രമല്ല, ഈതൊരു വലിയ ചാലകശക്തിയാവുന്ന ഓർമ്മയായി മാറും, പ്രതീക്ഷ നൽകുന്ന, ചില ആഭ്യന്തര ഘടനകളെ നിങ്ങൾക്ക് ഉപേക്ഷിക്കാൻ കഴിയുമെന്ന് പഠിപ്പിച്ച ഒരോർമ്മയായി ഇത് അവശേഷിക്കും. ഇവർ സ്റ്റേറ്റിനെ വെല്ലുവിളിച്ച സ്ത്രീ സമൂഹമാണ്. ഈ സ്റ്റേറ്റാകട്ടെ ഒരു സ്വേച്ഛാധിപത്യ സ്വഭാവം പൂണ്ടിരിക്കുന്നു. ഇതിൽ അവരുടെ ആവശ്യങ്ങൾ നിറവേറ്റപ്പെട്ടിട്ടില്ലെങ്കിലും ഇതൊരു പരാജയമാവില്ല. ഇത് ഐക്കണോക്ലാസ്റ്റിറ്റാക്കായ ഒന്നിനെയും സാധ്യമാക്കിയിട്ടില്ലെങ്കിലും, ഭാവിയിൽ എന്ത് തന്നെ സംഭവിച്ചാലും ഒരു ചാലകശക്തി എന്ന അർത്ഥത്തിൽ ഷഹീൻ ബാഗിനെക്കുറിച്ചുള്ള കഥകൾ ഏറെ പ്രധാനവുമാണ്. സി‌എ‌എയ്‌ക്കെതിരെ ആദ്യമായി തെരുവിലിറങ്ങിയവർ  എന്ന നിലയിൽ ഈ സ്ത്രീകൾ ഓർമ്മിപ്പിക്കപ്പെടും.  അത് യഥാർത്ഥത്തിൽ ധീരതയുടെ കഥയാണ്.

കടപ്പാട് : ഹഫ് പോസ്റ്റ്

വിവർത്തനം: ഹാമിദ് ടി.പി

ദീന എം സിദ്ദീഖി