Campus Alive

ശൈഖ് അബ്ദുൽ‌ ഖാദിർ ജീലാനിയുടെ ജീവിതവും ചിന്തകളും: ഹംസ മാലികിന്റെ പുതിയ പുസ്തകത്തെക്കുറിച്ച്

ഹംസ മാലികിന്റെ The Grey Falcon: The Life and Teaching of ShaykhʿAbd al-Qādir al-Jīlānī (2019) ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ ജീവിതത്തെയും ചിന്തകളെയും കുറിച്ച പുതിയ മാനങ്ങൾ വ്യക്തമാകുന്ന കൃതിയാണ്.

ശൈഖ് ജീലാനിയെക്കുറിച്ച സാമ്പ്രദായിക സാഹിത്യങ്ങളധികവും അദ്ധേഹത്തിന്റെ കറാമത്തുകളെ കേന്ദ്രീകരിച്ചും ഖാദിരീ ത്വരീഖത്തിന്റെ പരമ്പരയെ സംബന്ധിച്ച വിശദീകരണങ്ങൾ കൊണ്ട് നിറഞ്ഞവയുമാണ്. ഇതിനാൽ തന്നെ ഓറിയന്റലിസ്റ്റുകൾ പോലും ശൈഖിനെക്കുറിച്ച ഗൗരവതരമായ പഠനങ്ങൾക്ക് താത്പര്യം പ്രകടിപ്പിച്ചില്ലെന്നു ഹംസ മാലിക്  നിരീക്ഷിക്കുന്നു. ശൈഖിനെക്കുറിച്ച അറബി ഗ്രന്ഥങ്ങളിൽപോലും അദ്ധേഹത്തിന്റെ കൃതികളുടെ വിശദമായ നിരൂപണത്തിന്റെ അപര്യാപ്തതയുണ്ട്. ശൈഖിന്റെ ജീവിതം, ചിന്തകൾ, സ്വഭാവസവിശേഷതകൾ, ദൈവതത്വശാസ്ത്ര നിരീക്ഷണങ്ങൾ, അദ്ധേഹത്തിന്റെ കൃതികളുടെ നിരൂപണം, വിശ്വാസപരമായും ഫിഖ്ഹീ മേഖലകളിലുമുള്ള മദ്ഹബുകളോടുള്ള സമീപനം, സുഫീചിന്തകളും മറ്റു സൂഫീ സരണികളുമായുള്ള ബന്ധം, സമകാലിക സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളും മുസ്ലിംലോകത്തിലെ വിത്യസ്തവിഭാഗങ്ങളും തുടങ്ങി നിരവധിവിഷയങ്ങളെ ഈ കൃതി വിശകലനം ചെയുന്നുണ്ട്.

പ്രമുഖ ശീഈ വിഭാഗങ്ങളായ സൈദിയ്യ, ഇസ്മാഈലിയ്യ, ഇമാമിയ്യ, ദൈവശാസ്ത്ര വിഭാഗങ്ങളായ മുഅതസിലിയ്യ, അശ്അരിയ്യ മറ്റ് അവാന്തരവിഭാഗങ്ങൾ, പ്രമുഖ നാലു ഫിഖ്ഹീ മദ്ഹബുകൾ എന്നിവ ഇറാഖിന്റെ വൈജ്ഞാനിക മണ്ഡലങ്ങളിൽ ചെലുത്തിയ സ്വാധീനവും അവയോടെല്ലാം ശൈഖ് ജീലാനിയുടെ കാഴ്ചപ്പാടുകളും ഈ കൃതിയിൽ വിശകലനം ചെയ്യപ്പെടുന്നു. ശൈഖ് ജീലാനിയുടെ കുടുംബത്തിന്റെ പേർഷ്യൻ-അറബ്പാരമ്പര്യത്തെ സംബന്ധിച്ച വിവാദത്തിന്റെ പശ്ചാത്തലവും യാഥാർഥ്യവും വ്യക്തമാക്കുന്നുണ്ട്. ഫുതൂഹുൽ ഗൈബ്, ഫത്ഹുൽ റബ്ബാനി (ഈ രണ്ട്കൃതികളും ശൈഖിന്റെ പ്രഭാഷണ സമാഹരണങ്ങളാണ്), ഗുനിയ്യ ലി ത്വാലിബി ത്വരീഖിൽ ഹഖ് (നിരവധി വിഷയങ്ങൾ ഈ കൃതിയിൽ ഉള്ളതിനാൽ ഇമാം ഗസ്സാലിയുടെ ഇഹ്‌യാ, ശൈഖ് അബു താലിബ് അൽ-മക്കിയുടെ ഖൂതുൽ ഖുലൂബ്  എന്നിവയോടു താരതമ്യം ചെയ്യാൻ സാധിക്കുമെന്നു ഹംസ മാലിക് അഭിപ്രായപ്പെടുന്നു) ‘ഗുനിയ’ക്ക് സമാനമായ ജലാ’ അൽ-ഖ്വാതിർ, സിർറുൽ അസ്റാർ, പരമ്പരാഗത ഖുർആൻ വ്യാഖ്യാന രീതികളിൽനിന്നും ഭിന്നമായി അദ്ധ്യാത്മിക വിഷയങ്ങളിൽ കേന്ദ്രീകരിച്ചു വിശകലനം ചെയ്യുന്ന തഫ്സീർ അൽ- ജീലാനി തുടങ്ങി ശൈഖ് ജീലാനിയുടെ എല്ലാ കൃതികളും രചനക്ക് അവലംബിച്ചിട്ടുണ്ടെങ്കിലും അദ്ധേഹത്തിന്റെ സൂഫീ- ദൈവതത്വശാസ്ത്ര ചിന്തകൾ കൂടുതലും ഉൾകൊള്ളുന്ന ഗുനിയ, ഫത്ഹുൽ റബ്ബാനി, ഫുതൂഹുൽ ഗൈബ്  എന്നീ കൃതികളെ ആഴത്തിൽ അപഗ്രഥനം ചെയ്യുന്നുണ്ട്.

പ്രമുഖ സൂഫിവര്യന്മാരായ ശൈഖ് ഹമ്മാദ് അൽ ദബ്ബാസ്, ശൈഖ് യുസുഫുൽ ഹമദാനി എന്നിവരുമായുള്ള സമാഗമം ശൈഖ് ജീലാനിയുടെ ജീവിതത്തിൽ അനൽപ്പമായ പരിവർത്തനം സൃഷ്ടിച്ചിട്ടുണ്ട്. ഇതിനാൽ തന്നെ ‘ഗുനിയ’യിൽ അദ്ദേഹം സൂഫീസരണിയിലെ ശൈഖിന്റെ സ്ഥാനവും മഹിമയും പ്രാധാന്യപൂർവ്വം വിവരിക്കുന്നത് ഹംസ മാലിക് ഉദ്ധരികുന്നു. വിശ്വാസിയുടെ സാമൂഹിക ജീവിതത്തിൽ അദബുകളുടെ അനിവാര്യതയെ ശൈഖ് ജീലാനി ഊന്നിപ്പറയുന്നുണ്ട്. ഒരു വിശ്വാസിയുടെ ഇസ്ലാം, ഈമാൻ എന്നിവയെല്ലം സംരക്ഷിക്കപ്പെടുന്നത് അവന്റെ അദബുകളിലൂടെയാണ്. അദബുകൾ അവഗണിക്കാൻ തുടങ്ങുന്നതോടെ സുന്നത്തുകളെ നിരാകരിക്കാനാരംഭിക്കുകയും ഇഖ്ലാസ് അപകടത്തിലാകുകയും ഫർദായ കാര്യങ്ങളിൽ നിന്നകലുകയും അവസാനം അല്ലാഹുവിനെക്കുറിച്ച ദൃഢജ്ഞാനം (യഖീൻ) ഇല്ലാതാവുകയും ചെയ്യുന്നു.

ശൈഖ് ജീലാനിയും തസവ്വുഫും തമ്മിലുള്ള ബന്ധവും അദ്ധേഹത്തിന്റെ സൂഫീചിന്തകളുടെ വിശകലനവുമാണു ഈ കൃതിയുടെ പ്രധാന ലക്ഷ്യമെന്നു ഹംസ മാലിക് തന്നെ എഴുതുന്നു. ത്വരീഖത്, ശരീഅത്, മഅരിഫത്, ഫനാ, സമാ, അഹ്‌വാൽ, മഖാമാത്, പ്രവാചകത്വം തുടങ്ങിയ വിവിധ സൂഫീ ആശയങ്ങളെക്കുറിച്ച ശൈഖ് ജീലാനിയുടെ വീക്ഷണങ്ങൾ രചയിതാവ് അവലോകനം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ സൂഫീചിന്തകളിലെ നാലു ആത്മീയതലങ്ങൾ, (മനുഷ്യ പ്രകൃതം, തഖ്‌വ, വിലായത്, ബദലിയ്യ- മഅരിഫതിന്റെ മൂർദ്ധന്യഭാവം) ത്വരീഖത്തിന്റെ ഏഴ് അടിസ്ഥാന തത്വങ്ങളായ മുജാഹദത്തുന്നഫ്സ്, തവക്കുൽ, ഹുസ്നുൽ ഖുൽഖ്, ശുക്ർ, സ്വബ്ർ, രിദാ, സിദ്ഖ് എന്നിവയുടെ ആഖ്യാനവും ഇതിലുണ്ട്.

ഇസ്ലാമിക് സ്റ്റഡീസ്  മേഖലകളിൽ ഗോൾഡ്സ്വീഹ്റി (Ignaz Goldziher)നെപ്പോലുള്ള ഓറിയന്റലിസ്റ്റുകൾ രൂപപ്പെടുത്തിയ അയഥാർഥമായ ചിത്രങ്ങളെ ഈ കൃതി ചോദ്യം ചെയ്യുന്നുണ്ട്. ശൈഖ് ജീലാനിയെ വിമർശനാത്മകമായി സമീപിച്ച സഊദി പണ്ഡിതൻ സഈദ് അലി അൽ- ഖഹ്താനി, ആധുനിക സൂഫീ സ്റ്റഡീസ്  വിദഗ്ധരായ പണ്ഡിതരായ ജോൺ ട്രിമിംഗ് ഹാം, ആൻ മേരീ ഷിമ്മൽ, ജോർജ് മഖ്ദിസി തുടങ്ങിയവരുടെ രചനകളും അവലംബിച്ചിരിക്കുന്നു. ശൈഖിന്റെ ജീവിത സംഭവങ്ങൾ വിശദീകരിക്കുന്ന ചരിത്രഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ ഭാഷണങ്ങളും കറാമത്തുകളും വിവരിച്ചു വലിയ്യ് സ്ഥാനം സമർഥിക്കുന്ന ഹഗിയോഗ്രാഫികളും രചയിതാവ് പഠനത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ശംസുദ്ദീൻ അൽ ദഹബി, ഇബ്നുൽ ഇമാദ്, ഇബ്നുൽ ജൗസിയുടെ പൗത്രൻ സിബ്ത് ഇബ്നു ജൗസി, ഇബ്നു കഥീർ, ഇബ്നു റജബ്, ശഅറാനി, യഫഈ തുടങ്ങി നിരവധി ചരിത്രകാരന്മാരുടെ ഗ്രന്ഥങ്ങളും ഇബ്നു ഹജർ അൽ- അസ്ഖലാനി, അബ്ദുൽ ഹഖ് അൽ-ദഹ്ലവി, മുഹമ്മദ് ഇബ്നു അലി അൽ- സനൂസി, അലി ഇബ്നു യൂസുഫ് അൽ- ശത്താനൗഫി, മുഹമ്മദ് ഇബ്നു യഹ്‌യ അൽ- താദിഫി, ഇബ്നു യ’ഖൂബ് അൽ- ഫൈറൂസാബാദി, മെഹ്മദ് അലി ഐനി അടക്കം, ഉറുദു, പേർഷ്യൻ, തുർക്കിഷ്, അറബി ഭാഷകളിലെ പ്രാമാണിക ഹഗിയോഗ്രാഫികളും മാലിക് പഠനത്തിനായി  അവലംബിച്ചിട്ടുണ്ട്.

സമകാലികനായിരുന്ന പ്രശസ്തപണ്ഡിതൻ ശൈഖ് ഇബ്നുൽ ജൗസിയുടെ ശൈഖ് ജീലാനിയോടുള്ള നിലപാട് കൃതി വിശകലനം ചെയ്യുന്നുണ്ട്.  ഇബ്നുൽ ജൗസി അൽ-മുൻതസം എന്ന ചരിത്രഗ്രന്ഥത്തിൽ ശൈഖിനെക്കുറിച്ചു വളരെ ചെറിയ പരാമർശം മാത്രമേ നടത്തിയുള്ളൂവെന്നും അദ്ധേഹത്തെ വിമർശിച്ചുകൊണ്ടു ‘കിതാബുദമ്മി അലാ അബ്ദിൽഖാദിർ‘ എന്ന കൃതി പോലും രചിക്കുകയുണ്ടായി എന്നും ചരിത്രഗ്രന്ഥങ്ങൾ ഉദ്ദരിച്ചു ഹംസ മാലിക് വിശദീകരിക്കുന്നു.

ഇരുപതാം നൂറ്റാണ്ടോടുകൂടി ഹമ്പലീ മദ്ഹബിനെക്കുറിച്ച തെറ്റിദ്ധാരണകളും മുൻധാരണകളും നിറഞ്ഞ നിരൂപണങ്ങൾ, ശൈഖ് ജീലാനിയുടെ ഫിഖ്ഹീ-ദൈവതത്വശാസ്ത്ര കാഴ്ചപ്പാടുകളെ ശരിയായി വിലയിരുത്തുന്നതിൽ പ്രയാസം സൃഷ്ടിച്ചിട്ടുണ്ടെന്നു രചയിതാവ് എഴുതുന്നു. ഇൽമുൽകലാം, ഖുർആൻ സൃഷ്ടിവാദം തുടങ്ങിയ വിഷയത്തിൽ സുദൃഢമായ അഭിപ്രായമുന്നയിച്ച ഇമാം അഹ്മദ് ഇബ്നുഹമ്പലിന്റെ മദ്ഹബിനെ, ഇസ്ലാമിക അടിസ്ഥാന സ്രോതസ്സുകളുടെ അക്ഷര വായനമാത്രം നടത്തുന്നവരായി പിൽക്കാലത്തു ചിത്രീകരിക്കപ്പെടുകയുണ്ടായി. ഹമ്പലീ മദ്ഹബ് അനുധാവനം ചെയ്തിരുന്നശൈഖ് ജീലാനിക്ക് അദ്ധ്യാത്മികതയുടെ ഉള്ളറകൾ ചർച്ചചെയ്യപ്പെടുന്ന തസവ്വുഫ് എങ്ങനെ വഴങ്ങുമെന്ന ചോദ്യംപോലും ഉയർന്നുവന്നിട്ടുണ്ട്. ഹമ്പലീ മദ്ഹബിന്റെ പാരമ്പര്യവും തസവ്വുഫിൽ അവരുടെ സ്വാധീനവും വ്യക്തമാക്കുന്ന ഹംസ മാലിക് ശൈഖ് ജീലാനിയുടെ അത്മീയ പരിസരം വിശകലനം ചെയ്യുന്നുണ്ട്. ശരീഅത്തു പോലും സൃഷ്ടാവിലേക്ക് കൂടുതൽ അടുക്കാനുള്ള നിയമങ്ങളാണ് എന്നാണ് ശൈഖ്  അഭിപ്രായപ്പെടുന്നത്. മുസ്ലിം സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ അവലോകനം ചെയ്ത ശൈഖ് ജീലാനി അഹ്ലുസുന്ന: എന്നതിനൊപ്പം ഇസ്ലാമിൽ സലഫുസാലിഹുകളുടെ പ്രാധാന്യം പരിഗണിച്ചു അഹ്ലുൽ ആഥാർ, അസ്ഹാബുൽ ഹദീദ് എന്നീ നാമങ്ങളും വിശ്വാസി സമൂഹത്തെ ഉപമിക്കാൻ അദ്ധേഹം ഉപയോഗിച്ചിരുന്നു.

ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ ജീവിതവും ചിന്തകളും കൂടുതൽ വിശകലനം ചെയ്യുന്നതിനാൽ അദ്ധേഹത്തിലേക്കു ചേർക്കപ്പെട്ട സൂഫീസരണിയെകുറിച്ച വിശദാംശങ്ങൾ ഈ കൃതിയിലില്ല. അദ്ധേഹത്തിന്റെ ചില സന്താനങ്ങളുടെയും ചുരുക്കം ചില ശിഷ്യരുടെയും നാമങ്ങളേ പരാമർശിക്കപ്പെട്ടിട്ടുള്ളൂ. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇസ്ലാമിക പ്രബോധന-സംസ്കരണ മേഖലകളിൽ ആശ്ചര്യകരമായ സംഭാവനകളർപ്പിച്ച ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ മഹത്ജീവിതത്തെയും ചിന്തകളെയും കുറിച്ച ഗൗരവകരമായ വായന ഈ കൃതി മുന്നോട്ടു വെക്കുന്നു.

ഡോ: സൈഫുദ്ദീൻ കുഞ്ഞ്. എസ്