Campus Alive

ജെ.എൻ.യു നജീബിനെ ഓർക്കുന്നുണ്ടോ?

(ബാപ്സ, ഫ്രറ്റേണിറ്റി മൂവ്മെന്റ്, എംഎസ്എഫ്, എസ്ഐഓ, വൈഎഫ്ഡിഎ നജീബ് ദിനത്തിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവന)


ജെഎൻയു വിദ്യാർത്ഥിയായ നജീബ് അഹ്മദ് കാമ്പസ് പരിസരത്ത് നിന്ന് നിർബന്ധിത തിരോധാനത്തിന് വിധേയനായ ദിവസമാണ് ഒക്ടോബർ 15. ഒന്നാം വർഷ എംഎസ്‌സി ബയോടെക്നോളജി വിദ്യാർത്ഥിയായിരുന്ന നജീബിന്റെ നിർബന്ധിത തിരോധാനത്തിന് തലേന്ന് രാത്രി യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വെച്ച് വലതുപക്ഷ ആൾക്കൂട്ടം (ABVP) ചേർന്ന് ക്രൂരമായി മർദ്ദിച്ചു. അഞ്ചു വർഷങ്ങൾക്കുശേഷവും, “നജീബ് എവിടെ?” എന്ന ചോദ്യം അവശേഷിക്കുന്നു. ഇതോടൊപ്പം, “നജീബിന്റെ നിർബന്ധിത തിരോധാനത്തിന് ആരാണ് ഉത്തരവാദികൾ? കുറ്റവാളികൾക്ക് എന്ത് സംഭവിക്കും?” തുടങ്ങിയ ചോദ്യങ്ങൾ കൂടി നാം കൂട്ടിച്ചേർക്കേണ്ടതുണ്ട്.

2018 മെയ് മാസത്തിൽ നജീബിനെതിരെ കുറ്റകൃത്യം നടന്നതായി തെളിയിക്കുന്ന തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സിബിഐ പ്രഖ്യാപിച്ചു. നജീബിനെ കണ്ടെത്തുന്നതിൽ പരാജയപ്പെടുന്നതിന് കാരണക്കാർ ഭരണകൂടം മാത്രമല്ല, ജെഎൻയു അധികൃതരുടെയും ഇടതുപക്ഷ നേതൃത്വത്തിലുള്ള ജെഎൻയു വിദ്യാർത്ഥി യൂണിയന്റെയും (JNUSU) സഹകരണമില്ലാതെ ഇത് സംഭവിക്കില്ലായിരുന്നു. ഇവ്വിഷയത്തിലുള്ള ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ അവഗണന മാത്രമല്ല, നജീബ് അഹ്മദിന്റെ തിരോധാനത്തിലും അദ്ദേഹത്തെ ക്രിമിനൽവൽക്കരിക്കുന്നതിലും അവർ സജീവ പങ്കാളികളാണെന്ന കാര്യവും ആദ്യ ദിനം മുതൽ തന്നെ തെളിഞ്ഞതാണ്. അന്നത്തെ യൂണിയൻ പ്രസിഡന്റായിരുന്ന ഐസക്കാരനായ (AISA) മോഹിത് പാണ്ഡേയും മറ്റൊരു ഐസ വിദ്യാർത്ഥിയും കൂടി നജീബ് ഒരു കുറ്റവാളിയാണെന്ന് വാദിക്കുന്ന ഹോസ്റ്റൽ വാർഡന് സമർപ്പിച്ച ഒരു കത്തിലും, നജീബ് മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും അതായിരിക്കാം അദ്ദേഹത്തിന്റെ തിരോധാനത്തിന് കാരണമെന്നും പ്രഖ്യാപിക്കുന്ന മറ്റൊരു കത്തിലും ഒപ്പുവെച്ചിരുന്നു (ഈ കത്തുകൾ പൊതുയിടത്തിൽ ലഭ്യമാണ്). അങ്ങനെ, പിന്നീട് ജെഎൻയു അധികൃതരും ഡൽഹി പോലീസും സിബിഐയും ഏറ്റെടുത്ത നജീബ് അഹ്മദിനെതിരെ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന വസ്തുത അംഗീകരിക്കാൻ കൂട്ടാക്കാത്ത ആഖ്യാനത്തിന് തുടക്കം കുറിച്ചു.

നജീബ് അഹ്മദ്

നജീബിന്റെ നിരന്തര തിരോധാനത്തിൽ ജെഎൻയുവിന്റെ പങ്ക്

നജീബ് അഹ്മദ് ആക്രമണത്തിന് വിധേയനായ ആദ്യ ദിവസം മുതൽ തന്നെ, അവനെ സംരക്ഷിക്കുകയും തിരോധാനത്തിന് തടയിടുകയും ചെയ്യാമായിരുന്ന അദ്ദേഹത്തിന്റെ സഹതാമസക്കാരും, ഹോസ്റ്റൽ അധികാരികളും, ജെഎൻയു അഡ്മിനിസ്ട്രേഷനും, മാധ്യമ സ്ഥാപനങ്ങളുമുൾപ്പടുന്ന എല്ലാ കക്ഷികളും അദ്ദേഹത്തെ ഒരു കുറ്റവാളിയായി അവതരിപ്പിക്കാനാണ് ശ്രമിച്ചത്. നജീബിനെതിരെ യഥാർത്ഥത്തിൽ ശാരീരിക അക്രമം നടത്തിയവർ ആദ്യം അക്രമം ആരംഭിച്ചത് നജീബാണെന്ന ആഖ്യാനത്തെ ഉറപ്പിച്ചെടുക്കുകയും പ്രചരിപ്പിക്കുകയും, അതിലൂടെ അവരുടെ പ്രത്യാക്രമണത്തെ ന്യായീകരിക്കുകയും നജീബിനെ സംശയത്തിന്റെ നിഴലിലാക്കുകയും ചെയ്തു. അസഹിഷ്ണുക്കളും, അക്രമാസക്തരും, സഹവർത്തിത്വത്തിന് ഭീഷണിയുമെന്ന മുസ്ലിങ്ങളെക്കുറിച്ചുള്ള സ്ഥിരമായ വാർപ്പുമാതൃകകളുടെ തുടർച്ചയിൽ, നജീബിന്റെ മേലുള്ള പ്രത്യക്ഷമായ ഹിംസ നജീബ് തന്റെ ഹോസ്റ്റൽ മുറിയിലേക്ക് വന്ന നിരപരാധികളായ വിദ്യാർത്ഥികളെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിച്ചുവെന്ന തികച്ചും തെറ്റായതും നിർമ്മിതവുമായ ആഖ്യാനത്തിലൂടെ മറയ്ക്കുകയും ന്യായീകരിക്കപ്പെടുകയും ചെയ്തു. അതോടൊപ്പം ആരുടെയെങ്കിലും കൈയിൽ ഒരു ചുവന്ന നൂൽ കണ്ടാൽ തന്നെ നജീബ് ‘പ്രകോപിതനാവുമായിരുന്നു’ എന്ന ആരോപണവും ആഖ്യാനത്തിന് കൂടുതൽ നിറം പകർന്നു. അസാധ്യവും തികച്ചും അസത്യവുമായ ഈ ആഖ്യാനം പക്ഷെ അനിയന്ത്രിതമായി വ്യാപിക്കുകയും ഉദ്ദേശിച്ച നാശം തന്നെ വരുത്തി വെക്കുകയും ചെയ്തു. അതോടൊപ്പം, നജീബിന്റെ റൂംമേറ്റ്, തന്നോടുള്ള നജീബിന്റെ പെരുമാറ്റത്തിൽ തനിക്ക് ഭീഷണി അനുഭവപ്പെട്ടു എന്ന് വാദിച്ചുകൊണ്ട് ഒരു കത്തെഴുതി (പിന്നീട് നിസ്സാരമായ കാരണങ്ങൾ പറഞ്ഞു അത് നിഷേധിച്ചു). ശാരീരികമായ ആക്രമണത്തിനും മുസ്ലിം വിരുദ്ധ അധിക്ഷേപങ്ങൾക്കും ഇരയായി ഹോസ്റ്റലിൽ നിന്ന് പുറത്താക്കപ്പെട്ടേക്കാം എന്ന അവസ്ഥയിലായിരുന്ന നജീബ് ഇതെല്ലാംകൊണ്ട് പൂർണ്ണമായും തകരുകയും തന്റെ ഹോസ്റ്റലിൽ ഒറ്റപ്പെടുകയും ചെയ്തു.

അങ്ങനെയിരിക്കെ മഹി-മാണ്ഡവി ഹോസ്റ്റൽ അഡ്മിനിസ്ട്രേഷനും ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതൃത്വവും നജീബ് അഹമ്മദിനെ ആക്രമിച്ച വിദ്യാർത്ഥികൾക്ക് പകരം നജീബിനെ കുറ്റക്കാരനാക്കുകയും, ഒപ്പം അദ്ദേഹത്തെ ഹോസ്റ്റലിൽ നിന്ന് ഒഴിവാക്കാനുള്ള അഭ്യർത്ഥനയുടെ ഭാഗമാവുകയും ചെയ്തു. അന്നത്തെ ജെ‌.എൻ‌.യു‌.എസ്‌.യു നേതൃത്വം അദ്ദേഹത്തെ കുറ്റവാളിയായി മുദ്രകുത്തുക മാത്രമല്ല, സർവകലാശാലയിലെ പൊതുവിദ്യാർത്ഥി സമൂഹത്തിനു മുന്നിൽ നിർണായകമായ ആദ്യത്തെ നാൽപ്പത് മണിക്കൂറോളം പ്രശ്നത്തെ മറച്ചുവെക്കുകയും ചെയ്തു. ‘ഇസ്ലാമോഫോബിയ കേവല ജൽപ്പനങ്ങൾ മാത്രമാണ്’ എന്ന് തുടങ്ങിയ പ്രസ്താവനകളുമായി മുസ്ലിം ആക്ടിവിസ്റ്റുകളെ പരിഹസിക്കുന്നത് മുതൽ നജീബ് ഒരു മുസ്ലിമായതിനാലാണ് അക്രമം നേരിട്ടതെന്ന് തിരിച്ചറിയാൻ കൂട്ടാക്കാത്തത് വരെയുള്ള ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ ഇസ്ലാമോഫോബിയ നിർലജ്ജം പുറത്തുവന്നു. ജെ‌എൻയു‌വിലെ ഇടതു-ലിബറൽ മൂല്യങ്ങളുടെ വാഹകരായ ജെ‌എൻ‌.യു‌.ടി‌.എയുടെ ഭാഗത്തുനിന്ന് ഇവ്വിഷയകമായി ഒരു കുറിപ്പ് പോലും ഒരു വർഷക്കാലത്തോളം പുറത്തുവരികയുണ്ടായില്ല. ഒരു വർഷത്തിനു ശേഷവും ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ ഒരു പ്രതിഷേധമോ ഐക്യദാർഢ്യ യോഗമോ നജീബിന്റെ വിഷയത്തിൽ നടത്താൻ ശ്രമിച്ചില്ല; ആ സമയത്ത് ക്യാമ്പസിലെ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും നജീബ് എന്ന ഒരു വ്യക്തി അവിടെ ഉണ്ടായിരുന്നെന്നു പോലും അറിയില്ലായിരുന്നു.

നിരന്തരമായ സമ്മർദ്ദം ഉണ്ടായിരുന്നിട്ടുകൂടി സി.ബി.ഐയും ഡൽഹി പോലീസും നടത്തിയ അന്വേഷണം കേസിൽ ഒരു മുന്നോട്ടുപോക്കുമുണ്ടാക്കിയില്ല. നിരപരാധികളായ മുസ്ലിം യുവാക്കളെ അതിയായ നിരീക്ഷണത്തിന് വിധേയമാക്കുകയും അവരുടെ ഡിവൈസുകൾ പിടിച്ചെടുക്കുകയും ഹാക്ക് ചെയ്യുകയും അതിന്റെയടിസ്ഥാനത്തിൽ സിദ്ധാന്തങ്ങൾ ചമയ്ക്കുകയും ചെയ്യാൻ കെൽപ്പുള്ള, അങ്ങനെ ചെയ്തതിന്റെ ദീർഘകാല ചരിത്രമുള്ള, ഏജൻസികളാണ് ഇവ. നജീബിനെ കാണാതായതിന്റെ പ്രാരംഭ നാളുകളിൽ തന്നെ, ഈ ഏജൻസികൾ നജീബിനെ ‘ഭീകര’ സംഘടനകളുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചിരുന്നു. തുടക്കത്തിൽ, നജീബ് സ്വന്തമായി ജാമിഅയിലേക്ക് പോയതാകാമെന്ന് പറഞ്ഞ അവർ പിന്നീട് അദ്ദേഹത്തെ ദർഭംഗയിൽ കണ്ടുവെന്ന കെട്ടിച്ചമച്ച കഥയും, ഒടുവിൽ ഡൽഹിയിലെ ചില മാധ്യമങ്ങൾ വഴി വ്യാജവാർത്തകൾ പുറത്തുവിട്ടുകൊണ്ട് അദ്ദേഹം ഐ.എസ്.ഐ.എസിൽ ചേർന്നുവെന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചു. പക്ഷേ, ഈ വാർത്താപ്രചാരണം ഡൽഹി ഹൈക്കോടതി തന്നെ വ്യാജമാണെന്ന് കണ്ട് നിരസിക്കുകയാണുണ്ടായത്. ഞങ്ങൾ പലപ്പോഴായി പറഞ്ഞു കൊണ്ടിരിക്കുന്നത് പോലെതന്നെ, ഈ സ്ഥലങ്ങളും പേരുകളൊന്നും നിഷ്കളങ്കമായി തിരഞ്ഞെടുക്കപ്പെടുന്നതല്ല, മറിച്ച് ഈ രാജ്യത്തെ മുസ്ലിങ്ങളുടെ പേരിൽ കുറ്റകൃത്യങ്ങൾ കെട്ടിച്ചമയ്ക്കുന്നതിൽ സുദീർഘമായ ചരിത്രമുള്ള ഇസ്ലാമോഫോബിക് പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണത്. തങ്ങളുടെ രാഷ്ട്രീയ മുൻവിധിയും വിധേയത്വവും സ്വതന്ത്രവും നീതിപൂർവ്വവുമായ അന്വേഷണം നടത്താനുള്ള വിമുഖതയും മറച്ചുവെക്കാൻ വേണ്ടി ഇത്തരം പ്രതിയാഖ്യാനങ്ങളെ നട്ടുവളർത്തുകയും നജീബിന്റെ നിരപരാധിത്വത്തെയും അദ്ദേഹത്തിന്റെ പീഡനാനുഭവങ്ങളെയും സംശയത്തിന്റെ നിഴലിൽ നിർത്തുകയും ചെയ്തു. പതിറ്റാണ്ടുകളായി രാജ്യത്തിന്റെ പൊതുഭാവനയും പൊതുമനസ്സാക്ഷിയും ‘ഭീകരതയുടെ’ കേന്ദ്രങ്ങളായി നിർമ്മിച്ചെടുത്ത ജാമിഅയും ദർഭംഗയും പോലുള്ള സ്ഥലങ്ങളിൽ നജീബിനെ തിരയാം എന്ന അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ അവരുടെ ഉദ്ദേശങ്ങളെ വെളിപ്പെടുത്തുക മാത്രമല്ല, അന്വേഷണത്തെ ഗണ്യമായി അട്ടിമറിക്കുകയും ചെയ്തു. ഇന്ത്യയിലെ മുൻനിര അന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണങ്ങൾ തെളിയിക്കുന്നത് തങ്ങളുടെ മുസ്ലിം വിരുദ്ധ മുൻവിധി കാരണം ഈ ഏജൻസികൾക്ക് കാര്യക്ഷമമായ അന്വേഷണം മുന്നോട്ടു കൊണ്ടുപോവാൻ കഴിയില്ല എന്നാണ്.

സിബിഐയുടെ വീഴ്ചകൾ

നജീബിന്റെ ആക്രമണകാരികളെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യുന്നതിലും (പ്രോക്ടോറിയൽ അന്വേഷണത്തിൽ അവർ നജീബിനെ അക്രമിച്ചു എന്ന് കണ്ടെത്തിയെങ്കിലും), ഈ അക്രമികളുടെ സെൽ ഫോണുകളിൽ നിന്ന് സമ്പൂർണ്ണമായ ഫോറൻസിക് ഡാറ്റകൾ ശേഖരിക്കുന്നതിലും സിബിഐ പരാജയപ്പെട്ടു (പാറ്റേൺ ലോക്കാണെന്ന കാരണത്താൽ മൂന്ന് ഫോണുകളാണ് ടാപ് ചെയ്യാതെ വെച്ചിരിക്കുന്നത്). സി.ബി.ഐയുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചയ്ക്ക് ഡൽഹി ഹൈക്കോടതിയും കൂട്ടുനിന്നു. നാം സ്വയം തെറ്റിദ്ധരിക്കപ്പെട്ടുകൂടാ, പാർശ്വവൽക്കരിക്കപ്പെട്ടവരോടും അടിച്ചമർത്തപ്പെട്ടവരോടുമുള്ള ഇസ്ലാമോഫോബിക്-ബ്രാഹ്മണ്യ ശക്തികളുടെ പെരുമാറ്റത്തിന്റെ സ്വഭാവം അന്വേഷണ ഏജൻസികളുടെയും യൂണിവേഴ്സിറ്റി അധികൃതരുടെയും ജെഎൻയു വിദ്യാർത്ഥി യൂണിയന്റെയും കഴിവില്ലായ്മ മാത്രമല്ല; സഭ്യതയും മാന്യമായ പെരുമാറ്റവും പ്രകടിപ്പിക്കാനുള്ള അവരുടെ വിമുഖതയും പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതത്തെ നിരന്തരം അപകടപ്പെടുത്താനും ഉപദ്രവിക്കാനുമുള്ള അവരുടെ സന്നദ്ധതയുമാണ് ഇസ്ലാമോഫോബിയയുടെ ദൈനംദിന പ്രവർത്തനത്തിന്റെ സവിശേഷത. ഈ യുക്തിയാണ് ഒരു മുസ്ലിം വിദ്യാർത്ഥി എവിടെയാണെന്ന് കണ്ടെത്തുന്നതിൽ അന്വേഷണ ഏജൻസികളുടെ പരാജയത്തിനും തങ്ങളുടെ വിദ്യാർത്ഥികളിൽ ഒരാളുടെ, ഒരുപക്ഷേ അവർ കൂട്ടത്തിൽ കൂട്ടാത്ത ഒരാളുടെ തിരോധാനവുമായി ബന്ധപ്പെട്ട യൂണിവേഴ്സിറ്റി അധികൃതരുടെ നിർദ്ദയ മനോഭാവത്തിനും കാരണം. ഈ ദിനത്തിന്റെ കേവല അടയാളപ്പെടുത്തൽ മാത്രമല്ല ഞങ്ങളാഗ്രഹിക്കുന്നത്, ‘വായുവിൽ മാഞ്ഞുപോയി’, ‘ഒരു തുമ്പും ഇല്ലാതെ കാണാതായി’ തുടങ്ങിയ തെറ്റായ ആഖ്യാനങ്ങൾ സ്വീകരിക്കാൻ ഞങ്ങൾ ഒരു നിലക്കും തയ്യാറല്ല.

നജീബിനും, ക്യാമ്പസിനകത്തും പുറത്തുമുള്ള മറ്റു മുസ്ലിംകൾക്കും നിരന്തരമായി നീതി നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അന്നുമുതൽ മുസ്ലിം വിദ്യാർത്ഥികൾ അനീതിക്കെതിരെ പൊരുതിക്കൊണ്ടിരിക്കുന്നു; തങ്ങളെ ഉന്നംവെച്ച് അക്രമം നടന്നുവെന്ന വസ്തുത തിരിച്ചറിയപ്പെടുന്നതിനും അടയാളപ്പെടുത്തപ്പെടുന്നതിനും വേണ്ടിയുള്ള പോരാട്ടമാണ് അതിൽ പ്രഥമം; ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല, അല്ലെങ്കിൽ തുല്യമായ പോരാട്ടങ്ങളല്ല, പകരം മറുവശത്തുള്ളത് ഒരു സമ്പൂർണ്ണ ഇസ്ലാമോഫോബിക് സംവിധാനമാണെന്ന് തെളിയിക്കാൻ വേണ്ടിയുള്ള പോരാട്ടമാണ്. ജെ.എൻ.യുവിനു ചാർത്തിനൽകിയ അക്കാദമിക മികവൊക്കെ അവിടെയിരിക്കെ തന്നെ, തങ്ങളുടെ അന്തസിനും അതിജീവനത്തിനും വേണ്ടി ചോരയും നീരുംകൊണ്ട് പോരാടേണ്ടി വരുന്ന അവസ്ഥയിലാണ് മുസ്ലിംകളെ ഈ യൂണിവേഴ്സിറ്റി കൊണ്ടെത്തിച്ചിട്ടുള്ളത്.

മർദ്ദിതരായ ജാതി/ഗോത്ര/മതവിഭാഗങ്ങൾക്കെതിരെ പലവിധേനയാണ് അധികാര ഘടനകൾ പ്രവർത്തിക്കുന്നത്. ഈ ഗ്രൂപ്പുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഹിംസയുടെ സ്വീകർത്താക്കളായി മാറാൻ രാഷ്ട്രീയമായി വാചാലരാകേണ്ടതില്ല, പകരം യൂണിവേഴ്സിറ്റി ഇടങ്ങളിലെ അവരുടെ സാന്നിദ്ധ്യം പോലും ബ്രാഹ്മണിക, ഇസ്ലാമോഫോബിക് അഹന്തയ്ക്ക് ഭീഷണിയാണ്. അതുകൊണ്ടുതന്നെ അവർ അക്രമത്തിന് ഇരയാവുകയും ചെയ്യുന്നു. ഇത്തരം ദുരവസ്ഥക്കിടയിലും, ജാതി/ഗോത്ര/മത വിഭാഗങ്ങളുടെ ഒന്നിച്ചുള്ള അടിച്ചമർത്തപ്പെട്ടവരുടെ ഐക്യം ബ്രാഹ്മണ്യ അധീശവ്യവസ്ഥകളുടെ മർമ്മത്തിലാണ് ആഘാതമേൽപ്പിക്കുന്നത്. നീതിക്കുവേണ്ടിയുള്ള ഫാത്തിമ നഫീസിന്റെ ആഹ്വാനം തുടർന്നും മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കും. കഠിനമായ അനീതിയുടെയും നിസ്സംഗതയുടെയും പശ്ചാത്തലത്തിൽപ്പോലും പ്രതിരോധം തീർക്കേണ്ടത് നമ്മുടെ കടമയാണ്. പ്രതിഷേധം ഇനിയും തുടരുകയും നജീബിനെക്കുറിച്ചുള്ള നമ്മുടെ ചോദ്യങ്ങളെ ഭയക്കുന്നവരിൽ നിന്ന് തന്നെ അതിന്റെ ഉത്തരം ആവശ്യപ്പെടുകയും വേണം. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ അദ്ദേഹത്തിന്റെ സഹപാഠികളെന്ന നിലയിൽ നാം നജീബിനോട് കടപ്പെട്ടിരിക്കുന്നു. നജീബിനെ തേടിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ഉമ്മയായ ഫാത്തിമ നഫീസിനും കുടുംബത്തിനും വേണ്ടി നാമത് ചെയ്യണം.


വിവർത്തനം: ഇവാന

BAPSA, FRATERNITY, MSF, SIO, YFDA