Campus Alive

മുസ്‌ലിം ശരീരവും മതേതരത്വവും: ‘മയ്യത്തി’നെ പറ്റിയുള്ള ആലോചനകള്‍

നജ്മല്‍ ബാബുവിന്റെ മരണാന്തരം ഉയര്‍ന്നു വന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉള്ള ചില ആലോചനകള്‍ മാത്രമാണിവിടെ പങ്കുവെക്കാന്‍ ശ്രമിക്കുന്നത്. ഇടതു- യുക്തിവാദ- ഹിന്ദുത്വ അതിരുകള്‍ നേർത്തതായി മാറിയ ഒരു വിവാദമായിരുന്നു അത്‌. സന്തോഷവും ദുഃഖവും സര്‍ഗാത്മകതയും ഇടകലരുന്ന മുസ്ലിം ജീവിതങ്ങളിലെ ഒരു സുപ്രധാന മേഖലയാണ് വിവേചനവും നീതിക്കുവേണ്ടിയുള്ള സംഘര്‍ഷവും. മരണ ശേഷവും  ഭൗതിക ശരീരത്തിന് ആ സംഘര്‍ഷം തുടരേണ്ടി വരുന്നുവെന്നത് എന്താണ് വ്യക്തമാക്കുന്നത്?

ശരീരത്തിന് എല്ലായ്‌പ്പോഴും എല്ലായിടത്തും ഒരേ അര്‍ത്ഥമല്ല. എല്ലാവരുടെയും ശരീരം ഒരേ പോലെയല്ല കാണപ്പെടുന്നതും. ജാതി, മതം, വംശം തുടങ്ങിയവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളില്‍ ശരീരം, അതിനി ജീവനുള്ളതാണെങ്കിലും ജീവന്‍ വെടിഞ്ഞതാണെങ്കിലും, വളരെ പ്രധാനപ്പെട്ട ഒന്നാണ്‌. അഭിജ്ഞാനത (ഐഡന്റിറ്റി)യുടെ കാര്യം തന്നെ ആലോചിക്കുകയാണെങ്കില്‍ പിറക്കുന്നതിനു മുന്‍പും ജീവിക്കുമ്പോഴും ജീവന്‍ വെടിഞ്ഞു കഴിഞ്ഞാലും സാമൂഹ്യമായ പല സ്ഥാനങ്ങളുടെ, അടയാളങ്ങളുടെ ഉറപ്പിക്കല്‍ നടക്കുന്നുണ്ട്. ഐഡന്റിറ്റിയെ മറയ്ക്കലും വെളിവാക്കലും സ്ഥാപിക്കലും വ്യക്തികളും സമുദായങ്ങളും നടത്തുന്നുണ്ട്, ഒപ്പം തന്നെ പുറത്തു നിന്ന് ഓരോരുത്തരുടെ മേലും സ്ഥാപിക്കപ്പെടുന്നുമുണ്ട്. ദലിതര്‍, മുസ്ലീങ്ങള്‍, ആദിവാസികള്‍, ട്രാന്‍സ് ജെന്‍ഡറുകള്‍ തുടങ്ങിയ അഭിജ്ഞാനതകള്‍ അവകാശപ്പെടുന്നവര്‍ അതെ സമയം തന്നെ അഭിജ്ഞാനതയെ മരവിപ്പിക്കുന്നതിനെതിരെയും സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നുണ്ട്. അഭിജ്ഞാനത എന്നാല്‍ being അല്ല becoming ആണെന്നാണ്‌ ഇത് വ്യക്തമാക്കുന്നത്. ശരീരം ഈ ആകലിലെ (becoming) ഒരു സുപ്രധാന site ആണ്.

identity യുടെ ഈ സംഘര്‍ഷങ്ങള്‍ നജ്മല്‍ ബാബുവിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളില്‍ കാണാം. ടി എന്‍ ജോയ് എന്ന പേര് പിറന്ന സമുദായ അടയാളം ആയിരിക്കില്ല ഉറപ്പിക്കുന്നത്. എന്നാല്‍ അത് സ്വീകാര്യമായിരുന്നു എന്ന് തോന്നുന്നു. രാഷ്ട്രീയമായ നിലപാടുകളുടെ പേരില്‍ പിന്നീട്‌ നജ്മല്‍ ബാബു എന്ന പേര് സ്വീകരിക്കുമ്പോള്‍ പക്ഷെ പ്രശ്നമായി എന്ന് വേണം കരുതാന്‍. അദേഹത്തിന്റെ ഇസ്ലാം സ്വീകരണവും അതിന്റെ ഭാഗമായി നജ്മല്‍ ബാബു എന്ന പേര് സ്വീകരിക്കുന്നതും ഒരു ഗൗരവമുള്ള കാര്യമായി എടുക്കാത്ത ഒരു വിഭാഗം ഉണ്ടായിരുന്നുവെന്നത് മുകളില്‍ സൂചിപ്പിച്ച സംഘര്‍ഷത്തെ സൂചിപ്പിക്കുന്നു. ഇതേ വിഭാഗമാണ്‌ ഹൈന്ദവാചാരപരമായി അദേഹത്തിന്റെ ഭൗതിക ശരീരം ദഹിപ്പിക്കാന്‍ വാദിച്ചതും അത് സാധ്യമാക്കിയതും.

“മതംമാറ്റവും” അഭിജ്ഞാനതയും

ഹിന്ദു ജാതിവ്യവസ്ഥ ജന്മം കൊണ്ട് ജാതി ഉറപ്പിക്കുന്ന പോലെ തന്നെ ജാതി ക്രമത്തിലെ സ്ഥാനവുമുറപ്പിക്കുന്നു. graded inequality എന്ന് ഡോ. അംബേദ്‌കര്‍ കൃത്യമായി ജാതിവ്യവസ്ഥയെ നിര്‍വ്വചിച്ചിട്ടുണ്ടല്ലോ. കേരളത്തിലെ ഹിന്ദു വ്യവസ്ഥയില്‍ നിന്നുള്ള കീഴാള ജാതികളുടെ കൂട്ടത്തോടെയുള്ള മത“പരിവര്‍ത്തനം” ജന്മം കൊണ്ടുള്ള ജാതി ബാധ്യതകളില്‍ നിന്നും രക്ഷപ്പെടാന്‍ ആയിരുന്നു. ജന്മം കൊണ്ട് അടിച്ചേല്‍പ്പിക്കപ്പെട്ട ജാതി സ്ഥാനത്ത്‌ നിന്നും സ്വന്തമായി നിര്‍വചിക്കുന്ന ഒരു അഭിജ്ഞാനതയിലേക്കുള്ള മാറ്റത്തെ, being ല്‍ നിന്നും ബോധപൂര്‍വമുള്ള ഒരു becoming ആയിട്ട് മനസ്സിലാക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്‌. തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ വിഭാഗത്തിന്റെ ക്രിസ്തുമത സ്വീകരണം ഭൗതികമായ തങ്ങളുടെ ജീവിതങ്ങള്‍ മാറ്റി തീര്‍ക്കാന്‍ വേണ്ടിയായിരുന്നുവെന്ന്‌ എം.എസ്.എസ് പാണ്ട്യന്‍ ഉള്‍പ്പടെയുള്ളവരുടെ പഠനങ്ങളില്‍ നിന്നും മനസ്സിലാക്കാം. ഡോ. അംബേദ്‌കര്‍ മുന്നോട്ടുവെച്ച ബുദ്ധമത സ്വീകരണവും ഈ നിലയ്ക്ക് ജാതിയുടെ അതിരുകളെ ഭേദിക്കുന്നതിനായിരുന്നു.

മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുന്ന ഒരു പ്രത്യേക രാഷ്ട്രീയ പരിസരത്തിലാണ്‌ ടി എന്‍ ജോയ് ഇസ്ലാം സ്വീകരിക്കുന്നത്. ഇത് മുസ്ലീങ്ങളോടുള്ള ഒരു ഐക്യദാര്‍ഢ്യം മാത്രമാകണമെന്നില്ല. സ്വന്തം ജാതി/മത അധികാരത്തെ തള്ളിക്കളയുന്ന, de-casting അല്ലെങ്കില്‍ de-hinduizing കൂടിയായിരിക്കാം. കാഞ്ചാ ഐലയ്യ ഞാന്‍ എന്ത് കൊണ്ട് ഹിന്ദുവല്ല എന്ന് പറഞ്ഞത് ഹിന്ദുവ്യവസ്ഥയുടെ അധികാരത്തിനു കീഴ്പ്പെടാത്ത ഒരു ജാതി വിരുദ്ധ നിലപാടായിരുന്നെങ്കില്‍ നജ്മല്‍ ബാബുവിന്റേത്‌ ഹിന്ദുത്വ അധികാരത്തെ സ്വന്തം ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നുമുള്ള പുറന്തള്ളല്‍ ആയിരിക്കാം.

ഘര്‍ വാപ്‌സി

ഹിന്ദുവായാണ് ജനിച്ചതെങ്കിലും ഹിന്ദുവായി മരിക്കില്ല എന്ന ഡോ. അംബേദ്കറിന്റെ പ്രഖ്യാപനം ജന്മത്തിലൂടെ ഹിന്ദുവ്യവസ്ഥ അടിച്ചേല്‍പ്പിക്കുന്ന ജാതിയെ തള്ളിക്കളയുന്നുണ്ട്. ആ വ്യവസ്ഥ തന്നെയാണ് ജാതിയെ നിലനിര്‍ത്തുന്നത് എന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. എന്നാല്‍ മാറ്റൊരു ചരിത്ര മുഹൂര്‍ത്തത്തില്‍ മറ്റൊരു രാഷ്ട്രീയ നിലപാടില്‍ നിന്ന് ഇസ്ലാം സ്വീകരിച്ച ഒരു വ്യക്തി മരണത്തോടെ ഹിന്ദു വ്യവസ്ഥയിലേക്കു തിരിച്ചു വലിച്ചെടുക്കപ്പെടുന്ന അവസ്ഥയെ എങ്ങനെ വിവരിക്കും? ഇവിടെയാണ്‌ നജ്മല്‍ ബാബു എന്ന വ്യക്തിയുടെ ജീവനില്ലാത്ത, പ്രതിഷേധിക്കാത്ത ശരീരം  ഹിന്ദുവാക്കപ്പെടാന്‍ എളുപ്പമാകുന്നത്. ബന്ധുത്വം ആണ് ഇവിടെ ഉപയോഗിക്കുന്നത്‌. ഒരു വ്യക്തി മറ്റൊരു മതം സ്വീകരിച്ചാലും ബന്ധുക്കളുടെ മതത്തില്‍ തന്നെ പെടുമെന്ന ന്യായം ഇവിടെ സ്ഥാപ്പിക്കപ്പെടുന്നുണ്ട്‌. ഘര്‍വാപസിക്ക് ഇവിടെ രണ്ട് അര്‍ഥങ്ങളാണുള്ളത്‌. ഒന്ന്– ജനിച്ച മതം/ജാതി ക്രമത്തിലേക്കുള്ള ഉറപ്പിക്കല്‍, രണ്ട്‌- കുടുംബത്തിന്റെ, വീടിന്റെ ഉടമസ്ഥതയിലേക്ക് തിരിച്ചു കൊണ്ടുവരല്‍. ഹിന്ദു ആചാരപ്രകാരമുള്ള മരണാനന്തര ചടങ്ങിലൂടെയാണ് ഹിന്ദുവായി ഉറപ്പിക്കുന്നത്.

മരണം, സമുദായം, വിശ്വാസങ്ങള്‍

വ്യത്യസ്ത സമുദായങ്ങളിലും വ്യത്യസ്ത വിശ്വാസങ്ങളിലും മരണം വ്യത്യസ്ത അര്‍ഥങ്ങളിലാണ് നിലനില്‍ക്കുന്നത്‌. മരണാന്തര ചടങ്ങുകള്‍ ഈ വിശ്വാസങ്ങള്‍ അനുസരിച്ചാണ് നടന്നുപോരുന്നത്‌. ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ദര്‍ശനങ്ങള്‍ അടങ്ങിയതാണല്ലോ ഓരോ വിശ്വാസവും. അത് കൊണ്ട് തന്നെ മരണാനന്തരം “സ്വന്തം” ഭൗതിക ശരീരത്തെ കുറിച്ചുള്ള ഒരു അഭിലാഷം മതം/വിശ്വാസം എന്നതുമായി ബന്ധപ്പെട്ടതായിരിക്കാം. അത് ജീവിതത്തെ കുറിച്ചുള്ള, ഒരു ജീവിതാഭിലാഷമായാണ് എനിക്ക് തോന്നുന്നത്. മരണാനന്തര അഭിലാഷമായിരിക്കില്ല. ഭൗതിക ശരീരം ചേരമാന്‍ പള്ളിയില്‍ വിശ്രമം കൊള്ളണമെന്ന ഒരു ജീവിതാഭിലാഷം, അത് നിഷേധിക്കുന്നതിലൂടെ നജ്മല്‍ ബാബുവിന്റെ ജീവിതത്തെ നിഷേധിക്കുന്നതായാണ് തോന്നുന്നത്. ഒപ്പം സമുദായങ്ങളുടെ അവകാശനിഷേധം ഇതിലുണ്ട്. മുസ്ലീം ആയിത്തീര്‍ന്ന ഒരു വ്യക്തിയുടെ അന്ത്യകര്‍മം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്യാനുള്ള അവകാശം കവര്‍ന്നെടുക്കപ്പെടുകയെന്നത്‌ ഒരു നിഷേധം തന്നെയാണ്.

മൃതശരീരത്തോടുള്ള വിവേചനത്തിന്റെ എത്രയോ ഉദാഹരണങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. മൃതശരീരം അടക്കാന്‍ സമ്മതിക്കാതിരിക്കുക, സ്ഥലം ഇല്ലാതിരിക്കുക, തുടങ്ങി കുറവിലങ്ങാട് സവര്‍ണ്ണ ക്രിസ്ത്യാനികള്‍ ദലിത് ക്രിസ്ത്യാനിയുടെ മറവു ചെയ്ത ശരീരം തോണ്ടി പുറത്തിട്ടത് പോലെയുള്ള ജാതീയ അതിക്രമങ്ങള്‍ വരെ ചരിത്രത്തിലുണ്ട്‌. നജ്മല്‍ ബാബുവിന്റെ കാര്യത്തില്‍ ഖബറടക്കാന്‍ സമ്മതിക്കാതെ അദേഹത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി ബന്ധുക്കള്‍ കൊണ്ട് പോയി ദഹിപ്പിച്ചു എന്നതാണ് അതിലെ ക്രൂരത. ജീവിക്കുമ്പോഴും ജീവന്‍ വെടിയുമ്പോഴും ശരീരം എത്രത്തോളം മറ്റുള്ളവരുടെ അവകാശങ്ങളുടേയും വിവേചനത്തിന്റെയും site ആകുന്നുവെന്ന്‌ ഈ സംഭവങ്ങള്‍ തെളിയിക്കുന്നു.

മതപരിവര്‍ത്തനം നടത്തിയവര്‍ പൂര്‍ണ്ണമായും അല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ സ്വീകരിച്ച മതത്തിന്റെ ഭാഗമല്ല എന്ന ഒരു യുക്തി നിലനില്‍ക്കുന്നുണ്ട്‌.  ക്രിസ്തു മതം സ്വീകരിച്ച ദലിതരെ പരിഹസിക്കുന്ന ഒരു സ്വഭാവം ഹിന്ദു ദലിതരില്‍ കാണാറുണ്ട്. ദലിത് എന്നത് മതപരമായ ഒരു കാറ്റഗറിയല്ലെങ്കിലും പലപ്പോഴും അത് സ്വാഭാവികമായും ഹിന്ദുവാണെന്ന് കാരുതപ്പെടാറുണ്ട്. എന്നാല്‍ ദലിത് ബന്ധുവലയങ്ങളില്‍ ഹിന്ദു/ക്രിസ്ത്യന്‍ വിശ്വാസങ്ങളില്‍പ്പെട്ടവര്‍ ധാരാളം ഉണ്ടാവും. പലപ്പോഴും ഒരു ഇരട്ടമതത്വം പുലര്‍ത്തുന്നവര്‍ ഇവിടെയുണ്ട്‌. അത് കൊണ്ട് തന്നെ മതപരമായ അതിര്‍വരമ്പ് നേര്‍ത്തതായിരുന്നു. ഈ അടുത്തകാലത്ത് വരുന്ന ഒരു മാറ്റം മരണാന്തര ചടങ്ങിലാണ്. ദലിത് കുടുംബങ്ങളില്‍ മുന്‍പ് ദഹിപ്പിക്കല്‍ അത്ര സാധാരണമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ദഹിപ്പിക്കല്‍, മറ്റു ഹിന്ദു ചടങ്ങുകള്‍, ആണ്ടിന് പുരാണ പാരായണം തുടങ്ങി പലതും നടക്കാറുണ്ട്.  ഹൈന്ദവ സമുദായം എന്ന ഒരു അതിര് ഇത്തരം ചടങ്ങുകളിലൂടെ ഉണ്ടായിത്തീരുന്നു. നജ്മല്‍ ബാബുവിന്റെ ഭൌതിക ശരീരം ദഹിപ്പിക്കുന്നത് ഈ ഒരു പ്രക്രിയയെ ഓര്‍മിപ്പിക്കുന്നുണ്ട്.

പേരിലെന്തിരിക്കുന്നു?  

ടി എന്‍ ജോയ് എന്ന പേര് നിരന്തരം ഉപയോഗിച്ച് കൊണ്ട് ഇസ്ലാം മത സ്വീകരണത്തെ ആസാധുവാക്കാനുള്ള ശ്രമം ശ്രദ്ധേയമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്ലാം പേരൊന്നുകൊണ്ട് മാത്രം വിവേചനം അനുഭവിക്കേണ്ടി വന്നവര്‍ ഉണ്ട്. വിമാനത്താവളങ്ങളില്‍, ജോലി സ്ഥലത്ത്, വാടക വീടന്വേഷിക്കുമ്പോള്‍ അങ്ങനെ പേര് തന്നെ പൊതു ഇടത്തില്‍ അസ്വസ്ഥതയുണ്ടാക്കാറുണ്ട്. നജ്മല്‍ ബാബുവിന്റെ പേര് തന്നെ നിഷേധിച്ചു കൊണ്ട് ആ വ്യക്തിയില്‍ നിന്നും ഇസ്ലാമിനെ, മുസ്ലിം അഭിജ്ഞാനതയെ തന്നെ പുറന്തള്ളാനും ശുദ്ധി ചെയ്ത്‌ ഹിന്ദു/മതേതര മണ്ഡലത്തിലേക്ക് തിരിച്ചു പിടിക്കാനുമാണ് ഇടതു/യുക്തിവാദ ധാരകളില്‍പ്പെട്ടവര്‍ ശ്രമിക്കുന്നത്.

സ്വന്തം ജീവിതത്തെ മാറ്റിത്തീര്‍ക്കാന്‍ ശ്രമിച്ച നജ്മല്‍ ബാബുവിന്റെ പ്രവൃത്തികളെയും ജീവിതാഭിലാഷങ്ങളെയും നിഷേധിക്കുന്ന ഒന്നായിരുന്നു ഇടതു/യുക്തിവാദികളായ സുഹൃത്തുക്കളും ബന്ധുക്കളും ചെയ്തത്. എന്നാല്‍ അത് അവരുടെ മാത്രം പ്രശ്‌നമായി ഒതുങ്ങുന്നില്ല. കേരളത്തിലെ മതേതര മണ്ഡലത്തിന്റെ പ്രതിസന്ധികളിലേക്കാണ്‌ ഇത് വിരല്‍ ചൂണ്ടുന്നത്. മുസ്‌ലിംകള്‍ ദൈനംദിനം അക്രമങ്ങളും വംശഹത്യകളും നേരിടുന്നുണ്ടെന്ന് മാത്രമല്ല, പുതുതായി ഇസ്ലാം സ്വീകരിക്കുന്നവരും മുസ്ലീങ്ങളോട് പക്ഷം ചേരുന്നവരും ഭീകരമായ ഹിംസക്കിരയാകുന്നുണ്ട്‌ എന്നുള്ളതും ഈ പ്രതിസന്ധികളെയാണ് വ്യക്തമാക്കുന്നത്.

അജിത് കുമാര്‍ എ.എസ്‌