Campus Alive

മുത്വലാഖ്: ചോദ്യം ചെയ്യപ്പെടേണ്ട ഭരണകൂട തിടുക്കങ്ങള്‍

മുത്വലാഖ് ശിക്ഷാവിധേയമായ കുറ്റകൃത്യമാക്കിയ ഓര്‍ഡിനന്‍സിനെതിരെ മുസ്‌ലിം സമൂഹത്തിനകത്ത് രൂക്ഷ വിമര്‍ശനങ്ങള്‍ ഉയർന്നുവരുന്നുണ്ട്. ഓര്‍ഡിനന്‍സ് ദ്രുതഗതിയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന എന്‍.ഡി.എ സര്‍ക്കാറി​ന്റെ ദുഷ്ടടലാക്കുകളെ പ്രതിരോധിക്കുന്ന നീക്കങ്ങളുടെ ഭാഗമാണത്. ഏതായാലും 2017 ആഗസ്​റ്റ്​ മാസത്തില്‍ മുത്വലാഖ് അസാധുവാണെന്ന സുപ്രീംകോടതി വിധിക്കുശേഷം ഏകദേശം ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. എങ്കിലും മുത്വലാഖിനെതുടര്‍ന്ന് രാഷ്ട്രീയ-സാമൂഹിക പരിസരങ്ങളില്‍ ഉണ്ടായ വാദതര്‍ക്കങ്ങള്‍ വിസ്​മൃതിലായിട്ടില്ല. അവയെ വീണ്ടും പൊടിതട്ടിയെടുത്ത് പ്രശ്‌നവത്‌രിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

മുസ്‌ലിം സ്ത്രീ വിവാഹ അവകാശ സംരക്ഷണത്തിൻ്റെ ഭാഗമായി, മുത്വലാഖ് ജാമ്യമില്ലാ കുറ്റമായി അംഗീകരിക്കാനുള്ള ബില്‍ രാജ്യസഭ കടക്കാത്ത സാഹചര്യത്തിലാണ്, കേന്ദ്ര ഭരണകൂടം രാഷ്ട്രപതിയെ കൊണ്ട് മുസ്‌ലിം സ്ത്രീ വിവാഹ സംരക്ഷണ ഓര്‍ഡിനന്‍സ് പ്രഖ്യാപിക്കാനുള്ള ശ്രമം നടത്തിയത്. ത്വലാഖ് ബിദ്അത്ത് അഥവാ മുത്വലാഖ്​ ക്രിമിനല്‍പരിധിയില്‍ വരുത്താനുള്ള ഉത്തരവായിരുന്നു അത്.
മുത്വലാഖ് നിയപരമായി അസാധുവാണെന്ന വിധി പ​രമോന്നത കോടതി പുറപ്പെടുവിച്ചതിനുശേഷവും പ്രസ്തുത ആചാരം രാജ്യവ്യാപകമായി നടക്കുന്നുണ്ട് എന്ന് തെളിയിക്കുന്ന ഒരു രേഖയും ജനസമക്ഷം സമര്‍പ്പിക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല. എന്നിട്ടും കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ്​ ഓര്‍ഡിനന്‍സിൻ്റെ നിര്‍ബന്ധിതാവശ്യത്തെക്കുറിച്ചും അടിയന്തിര സാഹചര്യത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ലോക്‌സഭയില്‍ പാസായ ബില്ലിനേക്കാള്‍ അല്‍പം ഗൗരവം കുറഞ്ഞ ഉള്ളടക്കമാണ്​ പ്രസ്​തുത ഓര്‍ഡിനന്‍സിന്റേത്. ബില്ലിനെതിരെ പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങളുടെ പശ്ചാത്തലത്തില്‍, സര്‍ക്കാര്‍ അനുവദിച്ച ഇളവായിരുന്നു പ്രധാന ഭേദഗതി. മുത്വലാഖ്​ ചെയ്യപ്പെടുന്ന സ്ത്രീക്കും അവളുടെ കുടുംബത്തിനും മാത്രമാണ് പരാതി സമര്‍പ്പിക്കാന്‍ സാധ്യമാവൂ എന്നാണ് ഓര്‍ഡിനൻസിൽ പറയുന്നത്. ലോക്​സഭ പാസാക്കിയ ബില്ലിൽ മൂന്നാമതൊരു കക്ഷിക്കും പരാതി നല്‍കാനുള്ള അവസരമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ മുത്വലാഖ് Cognisable offence (വാറണ്ടില്ലാതെ പൊലീസിന്​ അറസ്​റ്റ്​ ചെയ്യാൻ കഴിയുന്ന ഗുരുതര കുറ്റകൃത്യം) ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓര്‍ഡിനൻസിൻ്റെ നാലാം ഭാഗം പറയുന്നത് ഇപ്രകാരമാണ് ‘ മുസ്​ലിം ഭർത്താവിൻ്റെ മുത്വലാഖ് മൂന്ന് വര്‍ഷം തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്​. തെറ്റുകാരനായ ഭര്‍ത്താവ് സ്വന്തം ഭാര്യക്കും മക്കള്‍ക്കും ജീവനാംശം നല്‍കുകയും വേണം. എങ്കിലും ഭാര്യയുടെ വാദം കേട്ട ശേഷം ജാമ്യം നല്‍കാന്‍ ജില്ലാ മജിസ്‌ട്രേറ്റിന് അധികാരമുണ്ട്. അഥവാ ഇരു കക്ഷികളും താല്‍പര്യപ്പെടുകയാണെങ്കില്‍, പ്രശ്‌നം പരിഹരിച്ച് മുന്നോട്ട് പോവാനുള്ള അവസരവും ഉണ്ടാവും. അത് അവരുടെ വിവാഹത്തെ സാധുവാക്കുകയും ചെയ്യുന്നു.’ അപ്പോള്‍ കുറ്റകൃതം compoundable (പരാതിക്കാര​നും പ്രതിയും തമ്മിൽ ധാരണയിലെത്തി അവസാനിപ്പിക്കാവുന്ന കേസ്​) എന്ന ഗണത്തില്‍ പെടുന്നു. ഇതൊക്കെയാണെങ്കിലും, മക്കളുടെ അടിയന്തിര ആവശ്യം നിറവേറ്റാനും ഭാര്യക്ക് ജീവനാംശം നല്‍കാനും എങ്ങനെ ജയിലിലകപ്പെട്ട ഭര്‍ത്താവിന് കഴിയു​മെന്ന വിഷയത്തില്‍ ഓര്‍ഡിനന്‍സ് മൗനം പാലിക്കുകയാണ്. ഭര്‍ത്താവ്, പിതാവ് എന്നിവരില്‍നിന്ന് ഭാര്യക്കും മക്കൾക്കും ലഭിക്കണമെന്ന്​ ഇസ്‌ലാം നിഷ്​കർഷിക്കുന്ന നടപടിയേക്കാള്‍ ബലഹീനമാണ് ഓര്‍ഡിൻസ്‌ നിയമം നല്‍കുന്ന ആനുകൂല്യം എന്ന് കാണാനാകും. വിവാഹ മോചിതയായ സ്ത്രീക്ക് ഇസ്‌ലാം ജീവനാംശം നല്‍കുന്നത് പോലെ മക്കളുടെ ഭക്ഷണം , വസ്ത്രം എന്നീകാര്യങ്ങളിലും സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ പിതാവിനോട് ഇസ്‌ലാം ആവശ്യപ്പെടുന്നുണ്ട്. മുലകുടി പ്രായമെത്തിയ ഒരു കുഞ്ഞിനുവേണ്ടിയടക്കം ഭാര്യക്ക് ചെലവ് നല്‍കാന്‍ ഇസ്‌ലാം കല്‍പിക്കുന്നു. എന്നാല്‍ ജയിലിലായ ഭര്‍ത്താവിൻ്റെ ഉപജീവന സാധ്യത ഇല്ലാതാക്കുകയും സ്ത്രീയുടെ അവകാശത്തെ കേവലം ടോക്കണ്‍ എന്ന ഗണത്തിലേക്ക് ന്യൂനീകരിക്കുകയും ചെയ്യുന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സ്.

എങ്കിലും കാലാന്തരത്തില്‍ ലോകത്ത് സംഭവിച്ച മാറ്റങ്ങള്‍ മുസ്‌ലിം സമൂഹത്തിൻ്റെ ഉല്‍കണ്‌ഠകളെ സവിശേഷമായും നീത കാംക്ഷിക്കുന്ന പൊതുജനത്തെ പൊതുവായും പ്രതിനിധീകരിക്കുന്നതില്‍ പരാജയപ്പെടുന്നുണ്ട്. ഓര്‍ഡിനന്‍സിന് മുമ്പ് സമര്‍പ്പിക്കപ്പെട്ട നിര്‍ദിഷ്​ട ബില്ലിനെതിരെയുള്ള മുസ്‌ലിസംഘടനകള്‍ നടത്തിയ പ്രധിഷേധ കാമ്പയിനില്‍ പങ്കെടുത്തത് ഏകദേശം അഞ്ചു കോടി മുസ്‌ലിം സ്ത്രീകളായിരുന്നു. ആള്‍ ഇന്ത്യാ പേഴ്‌സനല്‍ ലോബോര്‍ഡ് ( AIMLB)​ൻ്റെ വനിത ഘടകത്തിന് കീഴില്‍ പ്രതിഷേധിച്ച മുസ്‌ലിം വനിതകള്‍ വാദിച്ചത് ഇപ്രകാരമാണ്. ‘മുത്വലാഖ് സുപ്രീംകോടതി അസാധുവാണെന്ന് പ്രഖ്യാപിച്ചതോടെ മൊഴിചൊല്ലപ്പെട്ട ദമ്പതികള്‍ക്കിടയില്‍ വിവാഹം നിലനില്‍ക്കുകയാണ്​. പിന്നെങ്ങനെയാണ് ത്വലാഖ് കുറ്റകരമായി മാറുക?. സമാനമായ ചോദ്യം ആഗസ്റ്റ് മാസത്തില്‍ ന്യൂഡല്‍ഹിയിലെ റാംലീല മൈതാനത്ത് സംഘടിപ്പിച്ച പ്രധിഷേധ റാലിയിലും ഒരു മുസ്‌ലിം വനിതാ പ്രവർത്തക ഉന്നയിച്ചിരുന്നു ‘വിവാഹം സുഗമമായി തുടരുകയും ഭാര്യയും ഭര്‍ത്താവും വിവാഹസംബന്ധമായ എല്ലാ അവകാശങ്ങളും ആസ്വദിക്കുകയും ചെയ്യുമ്പോള്‍, പിന്നെങ്ങനെ ത്വലാഖ് ഒരു കുറ്റമായി ഗണിക്കപ്പെടും ?’ എന്നതായിരുന്നു അവരുടെ സുപ്രധാന വാദം.

‘അസന്തുഷ്ട വിവാഹ ബന്ധത്തിലകപ്പെട്ട മുസ്​ലിം സ്​ത്രീയുടെ അവകാശ സംരക്ഷണമാണ് ഓര്‍ഡിനന്‍സിന്റെ പ്രചോദനമെങ്കില്‍, തെറ്റുകാരനായ ഭര്‍ത്താവിനെ മൂന്നു വര്‍ഷത്തേക്ക് ജയിലിലടക്കുന്നതും ത്വലാഖ്, ത്വലാഖ്, ത്വലാഖ്, എന്ന പറഞ്ഞതിന്റെ പേരില്‍ ജാമ്യമില്ലാ കുറ്റം ചുമത്തുന്നതും എത്രമാത്രം ഫലപ്രദമാണെന്ന് ഏതൊരു ബുദ്ധിയുള്ള മനുഷ്യനും മനസ്സിലാക്കാവുന്നതേ ഉള്ളൂ… ഹതാശയായി കഴിയുന്ന മുസ്‌ലിം സ്ത്രീയെ സംരക്ഷിക്കലല്ല പ്രധാന ലക്ഷ്യം, പകരം മുസ്‌ലിം പുരുഷനെ ശിക്ഷക്ക് വിധേയമാക്കാനാണ് അവര്‍ക്ക് കൂടുതല്‍ താല്‍പര്യം. അക്കാരണത്താല്‍, മുസ്‌ലിം കുടുംബം ജീവിതം ഏറെക്കുറെ ശിഥിലമാവുകയും ചെയ്യുന്നു്.” അഹമ്മദാബാദില്‍ നടന്ന പ്രതിഷേധറാലിയില്‍ പങ്കെടുത്ത വനിതയുടെ വാക്കുകളാണിത്. മുത്വലാഖ് വിഷയത്തില്‍ മുസ്‌ലിം നേതൃത്വവുമായി എത്ര ആരോഗ്യകരമായ ചര്‍ച്ചകള്‍ സര്‍ക്കാര്‍ നടത്തി എന്നതിനെക്കുറിച്ച് വ്യക്​തിനിയമ ബോർഡിലെ സുപ്രധാന അംഗമായ അസ്മ സെഹ്‌റ പറഞ്ഞ വാക്കുകള്‍ വളരെ പ്രസക്തമാണ് ‘ഇൗ വിഷയത്തില്‍ ഭരണകൂടം മുസ്‌ലിംകളിലെ വനിതാ കൂട്ടായ്മകളോടോ മുസ്‌ലിം ബുദ്ധിജീവികളോടോ ചര്‍ച്ചചെയ്യാനോ സംവാദത്തിലേര്‍പ്പെടാനോ തയ്യാറായില്ല. മുത്വലാഖ് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന ബില്ലിനെതിരെ മുസ്‌ലിസമൂഹം ശേഖരിച്ച അഞ്ചുകോടി ഒപ്പുകളെയും അവഗണിച്ചു. രാജ്യസഭയിലെ അടുത്ത സെഷനില്‍ ബിൽ ചർച്ചക്കെടുക്കാനിരിക്കെ ഇത്ര തിടുക്കം എന്തിനായിരുന്നു?’.

ദക്ഷ്യണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തെലങ്കാന, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള ഇസ്‌ലാമിക വനിതാ പ്രവര്‍ത്തകരും സമാനമായ വിമര്‍ശനങ്ങൾ ഉന്നയിച്ചതായി കാണാം. ഓര്‍ഡിനന്‍സി​െൻറ ഭരണഘടനാപരമായ സാധുതയെ ചോദ്യംചെയ്​ത്​ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയിലെ ബഹുജനപ്രാധിനിത്യമുള്ള മത സംഘടന യായ സമസ്ത കേരള ജംഇയ്യത്തുല്‍ഉലമ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഓര്‍ഡിനന്‍സിന് പിന്നിലെ ലക്ഷ്യം മുസ്‌ലിം ഭര്‍ത്താക്കന്‍മാരെ ശിക്ഷിക്കൽ മാത്രമാണെന്നതായിരുന്നു അവര്‍ വാദിച്ചത്.
ഇനി നാം സർക്കാറി​െൻറ നിലപാട് സ്വീകരിക്കാന്‍ തയ്യാറായാലും, പ്രസ്തുത ഓര്‍ഡിനന്‍സ് വൈരുധ്യങ്ങള്‍ കൊണ്ട് ബന്ധിതമാണ്. ത്വലാഖ് ചൊല്ലപ്പെട്ടതിനുശേഷവും വിവാഹം നിലനില്‍ക്കുന്നുവെങ്കില്‍ എവിടെയാണ് തെറ്റുളളത്?. ഭര്‍ത്താവ് തെറ്റുകാരനാണെങ്കില്‍, അത് ഒരു സിവിൽ പ്രശ്‌നമാണ്. എന്നാല്‍ ആ പ്രശ്‌നത്തെ ക്രിമിനല്‍ നിയമങ്ങളുടെ പരിധിയിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണ്?. നിയമപരമായി സ്വയം വേര്‍പിരിയല്‍ സാധ്യമായ ഒരു സാമൂഹിക ഉടമ്പടിയായിട്ടല്ലേ നാം നികാഹിനെ കാണുന്നത്? എന്നതായിരുന്നു അവരുടെ വാദങ്ങള്‍.

ഇതേ നിലപാട് ഇതര മുസ്‌ലിം സംഘടനകളിലെ ഉലമാക്കൾ ഒരേ സ്വരത്തിൽ പങ്കുവെച്ചതായി കാണാം. മുത്വലാഖ് പൊതുവിൽ ചർച്ചചെയ്യപ്പെടാനുള്ള യാതൊരു സാധ്യതയുമില്ലാതിരിക്കെ, ഓര്‍ഡിനന്‍സ് ധൃതി പിടിച്ച് കൊണ്ടുവരുന്നതിലെ അസാംഗത്യത്തെയാണ് അവര്‍ ചോദ്യം ചെയ്തത്.  ഓര്‍ഡിനൻസിന്റെ വിവിധസെക്ഷനുകളിലെ ഉളളടക്കം പരിഗണിച്ച് സുപ്രധാന ചോദ്യങ്ങള്‍ ജമാഅത്തെ ഇസ്​ലാമി ഉന്നയിച്ചിരുന്നു. രാഷ്ട്രീയപരമായ താൽപര്യങ്ങള്‍ ഓര്‍ഡിനനസ് വിഷയത്തില്‍ മാറ്റി വെച്ചാലും, പ്രസിഡൻറ്​ ഒപ്പിട്ട ഓര്‍ഡിനന്‍സിലെ സെക്ഷന്‍ രണ്ട്(ബി) പറയുന്നത് ത്വലാഖിന്റെ ഒരു രൂപമായ ത്വലാഖ് ബിദ്അ പെ​ട്ടെന്ന് ഉണ്ടാവുക, തിരിച്ചെടുക്കാനാവാത്ത വിധം മോചനം ചെയ്യപ്പെടുക എന്നീ രണ്ട് സവിശേഷതകളെയും ഉള്‍കൊള്ളുന്നവയാണ് എന്നാണ് . എന്നാല്‍ അടുത്ത സെക്ഷനില്‍ പരാമര്‍ശിക്കുന്നത്, പ്രസ്തുത രീതിയിലുള്ള മൊഴി അസാധുവും നിയമവിരുദ്ധവുമെന്നാണ്. സെക്ഷൻ രണ്ട് തിരിച്ചെടുക്കാനാവാത്ത മോചനമായി പരിഗണിക്കുന്നുവെങ്കില്‍ പിന്നെങ്ങനെയാണ് സെഷന്‍ മൂന്ന് അതിനെ അസാധുവാക്കി പ്രഖ്യാപിക്കുക?

ജമാഅത്ത് പ്രസിഡൻറ്​ മൗലാനാ ജലാലുദ്ദീന്‍ ഉമരി പറയുന്നു ‘മുസ്‌ലിം സ്ത്രീയുടെ ക്ഷേമകാര്യങ്ങളില്‍ ആത്മാര്‍ഥമായി ഇടപെടാനാണ്​ ഗവര്‍ണ്‍മെൻറിന് താല്‍പര്യമെങ്കില്‍, ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലെ വിശാരദരോടും ഉലമാക്കളോടും ചര്‍ച്ച നടത്തേണ്ടതായിരുന്നു. ഒറ്റപ്രാവിശ്യമുള്ള മുത്വലാഖ് വിവാഹത്തെ റദ്ദാക്കുന്നില്ലെങ്കില്‍, ഇത്ര ധൃതിപ്പെട്ട് ഒരു നിയമം കൊണ്ടുവരേണ്ട ആവശ്യം എന്തായിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്ന എതൊരു സ്ത്രീക്കും കോടതിയെ സമീപിച്ച് നീതി തേടാനുള്ള അവസരമുണ്ടല്ലോ. അത് കൊണ്ട് ഓര്‍ഡിനന്‍സ് വ്യക്തിപരമായ നിയമങ്ങളെയും സ്വന്തം മതാചാരങ്ങളെയും സ്വതന്ത്രമായി പുലര്‍ത്താന്‍ അനുവദിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിന് എതിരെ നില്‍ക്കുന്നതാണ്. ഓര്‍ഡിനസ് ശരീഅത്തി​െൻറ താല്‍പര്യത്തിന് വിരുദ്ധമായ പ്രവര്‍ത്തിക്കുന്നതാണ്.’
ജലാലുദ്ധീൻ ഉമരി ഉന്നയിച്ച വാദങ്ങള്‍ പൂര്‍ണമായും ശരിയാണ്. ഭരണഘടനയില്‍ ലിഖിതമായ മൗലികാവശങ്ങള്‍ക്കെതിരെ നില്‍ക്കുന്നതാണ് ഓര്‍ഡിനന്‍സ്. ഒരു തെറ്റും ചെയ്യാത്ത പൗര​െൻറ വ്യക്തി സ്വാതന്ത്രത്തിന് തടസ്സം നില്‍ക്കാന്‍ നിയമപരമായി സഹായം തേടുന്നതും അവ​െൻറ വിവാഹം നിയമാനുസൃതമായി നിലനിന്നിട്ടും അവനെ ജയിലിടക്കാനുള്ള ശ്രമങ്ങളും ഭരണഘടന അനുശാസിക്കുന്ന ആര്‍ട്ടിക്കിള്‍ ഇരുപത്തിഒന്നിന് എതിരാണ്. നിയമത്താല്‍ സ്ഥാപിതമായ നടപടികളിലല്ലാതെ , ഒരു പൗരന്റെ വ്യക്തി സ്വാതന്ത്രവും വൈയക്തിക ജീവിതവും ഹനിക്കാന്‍ പാടില്ല എന്നാണ് പ്രസ്തുത ആര്‍ട്ടിക്ള്‍ പറയുന്നത്.

മറുഭാഗത്ത് ,ഓര്‍ഡിനസിന്റെ ഉള്ളടക്കം ഒറ്റതവണ മുത്വലാഖ് പ്രശ്‌നം ഉന്നയിക്കപ്പെട്ട സമയത്ത് സുപ്രീംകോടതി ഉദ്ധരിച്ച ഖുര്‍ആനിക വചനത്തോടും മൂല്യത്തോടും വിരുദ്ധമായി നില്‍ക്കുന്നതാണ്. തീര്‍ച്ചയായും ഖൂര്‍ആനില്‍ തിരിച്ചെടുക്കാന്‍ പറ്റുന്നതും പറ്റാത്തതുമായ ത്വലാഖുകളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. രണ്ട് അധ്യായങ്ങളിലാണ് അവയെ ക്രമീകരിച്ചിട്ടുളളത്. ഒന്നാമത്തേത് ഖുര്‍ആനിലെ സുദീര്‍ഘ അധ്യായമായ സൂറ ബഖറയും രണ്ടാമത്തേത് സൂറ ത്വലാഖുമാണ്. ത്വലാഖി​െൻറ ഏക മൊഴിയും -എന്നല്ല ത്വലാഖിന്റെ ബഹു മൊഴികളും- തിരിച്ചെടുക്കല്‍ സാധ്യമായ വിവാഹ മോചനത്തി​െൻറ പരിധിയില്‍ വരുന്നതാണ്. അങ്ങനെയാണെങ്കില്‍, നിശ്ചയിക്കപ്പെട്ട ഇദ്ദ കാലയളവില്‍ ഏതെങ്കിലും വാക്കോ പ്രവര്‍ത്തനോ കാരണമായി ഭര്‍ത്താവിന് അവളെ തിരച്ചെടുക്കാവുന്നതാണ്. ദമ്പതികള്‍ തമ്മിലുള്ള ലളിതമായ രഞ്ജിപ്പ് തന്നെ വിവാഹമോചനത്തെ റദ്ധാക്കുന്നതി​െൻറ അടയാളമായി ഗണിക്കപ്പെടും. അതാണ് ഖുര്‍ആന്‍ ഈ ആയത്തുകളിലൂടെ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ, കിടപ്പറയിലുള്ള അവരുടെ ചേരല്‍ തന്നെ വിവാഹം മോചനം അസാധുവാക്കാനുള്ള ഉപാധിയായ ഗണിക്കപ്പെടണമെന്ന തല്‍പരരായ ദമ്പതികളുടെ അവകാശത്തെ ഓര്‍ഡിനന്‍സ് തള്ളികളയുന്നുണ്ട്. സമാന പ്രശ്‌നത്തെതുടര്‍ത്ത് ഒരു മുസ്‌ലിം സ്ത്രീ പ്രവാചകന്‍ മുഹമ്മദ് (സ) യെ സമീപിക്കുന്നത്​ ഹദീസ് ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്​. ത​െൻറ ഭര്‍ത്താവ് തന്നെ മൊഴിചൊല്ലിയിരിക്കുന്നു എന്ന് പറഞ്ഞസ്ത്രീയോട് പ്രവാചകന്‍ മുഹമ്മദ് (സ) ചോദിച്ചുവത്രേ ‘അദ്ദേഹം നിന്നെ ത്വലാഖ് ചൊല്ലിയത് മൂന്ന് മാസത്തിലെ വ്യത്യസ്ത ഘട്ടത്തിലാണോ അതോ ഒറ്റ ഇരുപ്പിലാണോ?’. ആ സ്ത്രീ മറുപടി നല്‍കി ‘ഒറ്റ ഇരുപ്പിലാണ് മൂന്ന് ത്വലാഖ് ചൊല്ലിയത്’. പ്രവാചകന്‍ ആ ത്വലാഖിനെ ഒറ്റതവണയായിട്ടാണ് പരിഗണിച്ചത്. അഥവാ തിരിച്ചെടുക്കല്‍ സാധ്യമായ വിവാഹ മോചനമായിട്ട്. അന്നേരം പ്രവാചകന്‍ (സ) സ്ത്രീയോട് ഭര്‍ത്താവിലേക്ക്​ തിരിച്ച് പോവാന്‍ ആവശ്യപ്പെട്ടു. മത നിയങ്ങള്‍ അടിസ്ഥാനമാക്കി, മുസ്‌ലിമിന് വിവാഹ മോചനം നടത്തല്‍ അനയുവദീയമായ ഏഴ് മാര്‍ഗങ്ങള്‍ ഉണ്ട്. ത്വലാഖ് ബിദ്അ അവയിലൊന്നിനെയും ഉള്‍കൊള്ളിക്കുന്നില്ല എന്നതാണ് പ്രധാന വസ്തുത.

ഓര്‍ഡിനന്‍സി​െൻറ നിര്‍ബന്ധിത ആവശ്യകതയെ ക്കുറിച്ച് സംസാരിച്ച രവിശങ്കര്‍ പ്രസാദിനുള്ള മറുപടിയായി, ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് എന്ന സംഘടനയുടെ പ്രതിനിധിയായ മൗലാനാ മഹ്മദൂദ് മദനി സൂചിപ്പിച്ച ഓര്‍ഡിനന്‍സിലെ വൈരുധ്യം ഏറെ ശ്രദ്ദേയമാണ്. ‘സമീപകാലത്തെ കണക്കുകകള്‍ പ്രകാരം രണ്ട് വര്‍ഷത്തിനകത്ത 201 ത്വലാഖ് അല്ലെങ്കില്‍ ഒരു വര്‍ഷത്തില്‍ നൂറ് ത്വലാഖ് സംഭവിക്കുന്നുണ്ടെന്നാണ് ഗണിക്കപ്പെടുന്നത്. പതിനാറു കോടി ജനസംഖ്യ വരുന്ന മൂസ്‌ലിം സമുദായത്തിലാണിത്. അത് കൊണ്ട് പ്രസ്തുത കണക്ക് ഒരു ഓര്‍ഡിനന്‍സി​െൻറ ആവശ്യകതയെ ഒരിക്കലും ശരിവെക്കുന്നതായി തോന്നുന്നില്ല. കൂടാതെ ഭരണകൂടം നടത്തുന്ന സ്വേഛാധിപത്യപരമായ സമീപനങ്ങളുടെ ഉദാഹരണം കൂടിയായിട്ടുവേണം പ്രസ്തുത നീക്കങ്ങളെ നാം കാണേണ്ടത്. സമുദായത്തെ കണ്ട് ചര്‍ച്ചക്ക് വിധേയമാക്കേണ്ട സഗൗരവ വിഷയമാണെന്ന് പോലും അവര്‍ക്ക് തോന്നിയിട്ടില്ല.’ മറ്റൊരു ജംഇയ്യത്ത്​ അംഗം സൂചിപ്പിച്ചത് ഇപ്രകാരമാണ്: ‘ഓര്‍ഡിനന്‍സിന്റെ ഉള്ളടക്കം പരസ്പര വൈരുധ്യം നിറഞ്ഞതാണ്. ഓര്‍ഡിനന്‍സി​െൻറ നാലം ഭാഗം മൂന്നുവര്‍ഷം ജയില്‍ തടവും പിഴയുമാണ് വിധിക്കുന്നതെങ്കില്‍. ഏഴാം ഭാഗം അത് ജാമ്യമില്ലാത്ത കുറ്റമാണെന്ന് പറയുകയും ചെയ്യുന്നു. ഇതില്‍ ഏത് ഭാഗമാണ് നിയമപരിധിയില്‍ കൊണ്ടുവരുന്നത് ?.’
ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ എന്ന മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മ ഓര്‍ഡിനന്‍സി​െൻറ സുതാരാത്യയില്ലായ്മയാണ് ചൂണ്ടികാണിക്കുന്നത്. സംഘടനയുടെ പ്രസിഡൻറ്​ നവാഇദ് ഹമീദ് പറഞ്ഞത് ഏറെ ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ‘ഭരണ പരാജയങ്ങളില്‍ നിന്നും വിലകയറ്റം, അഴിമതി തുടങ്ങിയ കത്തുന്ന വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വര്‍ഗീയ നിറം എപ്പോഴും മുസ്‌ലിം സമുദായത്തിന് നല്‍കാനാണ് അവര്‍ ശ്രമിക്കുന്നത്. മുസ്‌ലിം സ്ത്രീയുടെ ക്ഷേമ കാര്യങ്ങളാണ് സര്‍ക്കാര്‍ ആത്മാര്‍ഥമായി ഉദ്ദേശിക്കുന്നതെങ്കില്‍, നാലുവര്‍ഷമായി ആള്‍കൂട്ട കൊലപാതങ്ങളില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ട മുസ്‌ലിം വിധവകള്‍ക്കുവേണ്ടി എന്തു ചെയ്തു എന്ന അവര്‍ പറയാന്‍ തയ്യാറാവണം.’ പ്രസ്തുത പ്രസ്താവനയോട് സഹ്‌റയുടെ വാക്കുകളും നമുക്ക് കൂട്ടിചേര്‍ക്കാം. ‘മുസ്‌ലിം ഭര്‍ത്താക്കന്മാരെ ജയിലടച്ചത് കൊണ്ട് മുസ്‌ലിം ഭാര്യമാർക്ക്​ ഒരിക്കലും സംരക്ഷണം നേടാനാകില്ല’.

(2018, ഒക്ടോബര്‍ 26ന് ഫ്രണ്ട് ലൈന്‍ വാരികയില്‍ സിയാഉസ്സലാം എഴുതിയ Questionable haste എന്ന ലേഖനത്തി​െൻറ വിവര്‍ത്തനം).

വിവര്‍ത്തനം:
സി. സ്വാലിഹ് അമ്മിനിക്കാട്

സിയാഉ സ്സലാം