Campus Alive

ഖുര്‍ആന്‍: പാഠവും വ്യാഖ്യാനവും

നാസര്‍ ഹമീദ് അബൂസയ്ദിന്റെ ആലോചനകള്‍

നാസര്‍ ഹമീദ് അബൂ സയ്ദ് പാരമ്പര്യ മുസ്‌ലിം പണ്ഡിതന്‍മാര്‍ക്കിടയില്‍ ഏറെ അനഭിമതനായ ഈജിപ്ഷ്യന്‍ ഖുര്‍ആന്‍ വ്യാഖ്യാതാവാണ്. അദ്ദേഹത്തിനെതിരെ മതനിന്ദാ ആരോപണവും വധഭീഷണിയും വരെയുണ്ടായിരുന്നു. എന്നാല്‍ അബൂ സയ്ദ് വളര്‍ന്ന് വന്ന സാഹചര്യം പരിശോധിക്കുമ്പോള്‍ ഈജ്പ്തിലെ ഇസ്‌ലാമിക തിയോളജിക്ക് തന്നെ വെല്ലുവിളിയാകുന്ന ഒരാളായി അദ്ദേഹം മാറുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. എട്ടാം വയസ്സില്‍ തന്നെ അദ്ദേഹം ഖുര്‍ആന്‍ മനപ്പാഠമാക്കുകയുണ്ടായി. വളരെ ചെറുപ്പത്തില്‍ തന്നെ മുസ്‌ലിം ബ്രദര്‍ഹുഡില്‍ ചേര്‍ന്ന അദ്ദേഹം പതിനൊന്നാമത്തെ വയസ്സില്‍ ജയില്‍ വാസമനുഷ്ഠിക്കുകയും ചെയ്തു. സയ്യിദ് ഖുതുബിന്റെ രചനകള്‍ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു. പിന്നീട് മുസ്‌ലിം ബ്രദര്‍ഹുഡുമായി അകന്ന അബൂ സയ്ദ് കൈറോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാഹിത്യം പഠിക്കുകയും പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലേക്ക് ഉപരിപഠനത്തിനായി പോവുകയും ചെയ്തു. പിന്നീട് ഈജിപ്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം കൈറോ യൂണിവേസ്റ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതനായി. 1993 ലാണ് കൈറോ ദാറുല്‍ ഉലൂമിലെ പ്രൊഫസറായ അബ്ദുല്‍ സാബൂര്‍ ഷാഹിന്‍ അബൂസയ്ദിനെ മുര്‍ത്തദ്ദായി പ്രഖ്യാപിക്കുന്നത്. മാത്രമല്ല, അല്‍-അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം പ്രൊഫസര്‍മാര്‍ അബൂസയ്ദിനെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേത്തുടര്‍ന്ന് അദ്ദേഹം ഭാര്യയോടൊപ്പം നാടുവിടുകയും ഹോളണ്ടിലെ ലെയ്ഡന്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി നിയമിതനാവുകയും ചെയ്തു. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വായനയെക്കുറിച്ച് ജര്‍മ്മന്‍ ചിന്തകനും സാഹിത്യകാരനുമായ നവീദ് കിര്‍മാനി എഴുതിയ ഒരു പഠനമാണ് (From revelation to interpretation: Nasr Hamid Abu Zayd and the Iiterary study of the Quran) ചെറിയ ഭാഗങ്ങളായി ഇവിടെ വിവര്‍ത്തനം ചെയ്യുന്നത്. നവീദ് കിര്‍മ്മാനി ഒരു അപാര സ്‌കോളറാണ്. സാഹിത്യത്തിലും ഫിലോസഫിയിലുമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. God is Beautiful: The Aesthetic Experience of the Quran, Terror of God, Quran and Kafka തുടങ്ങിയ അസാധ്യ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹമെഴുതിയ ഒരു ചെറിയ പഠനമാണിത്.

വിവര്‍ത്തകക്കുറിപ്പ്‌

മുസ്‌ലിം-മുസ്‌ലിമേതര ലോകത്ത് heretic എന്നു മുദ്രകുത്തി മാറ്റിനിര്‍ത്തുന്നവരോട് എന്താണെന്നറിയില്ല, ഭയങ്കര ഇശ്ഖാണ്. മാത്രമല്ല, പാരമ്പര്യം, ആധുനികം എന്നിങ്ങനെയുള്ള സമയ-കാല വിഭജനത്തില്‍  വ്യക്തിപരമായി യാതൊരു താല്‍പര്യവുമില്ല. പാരമ്പര്യത്തിന് ഒരു Rupture സമ്മാനിച്ചു എന്നതാണ് അബൂസയ്ദിന്റെ പ്രത്യേകത. പാരമ്പര്യത്തെ തന്നെ അദ്ദേഹം അവിശ്വസിച്ചു. സമയത്തിനും കാലത്തിനും പുറത്തുനില്‍ക്കുന്ന ഒരനുഭവമായി ഇസ്‌ലാമിനെ കാണാന്‍ അദ്ദേഹം ശ്രമിച്ചു. സെല്‍ഫ്-അദര്‍ എന്ന ബൈനറിയെ മുന്‍നിര്‍ത്തി അദ്ദേഹം വിജ്ഞാനത്തെ സമീപിക്കുന്നില്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ എഴുത്തുകളില്‍ ഇസ്‌ലാമികം, ഇസ്‌ലാമികേതരം എന്നിങ്ങനെ വിഭജിച്ച് കൊണ്ട് ജ്ഞാനത്തെയും ജ്ഞാനവ്യവഹാരങ്ങളെയും സമീപിക്കുന്ന രീതി കാണാന്‍ കഴിയുകയില്ല. അതുകൊണ്ടുതന്നെയാണ് അബൂസയ്ദിനെക്കുറിച്ച ഈ പഠനം വിവര്‍ത്തനം ചെയ്യാന്‍ തീരുമാനിച്ചത്.


നവീദ് കിര്‍മ്മാനി

അബൂസയ്ദിന്റെ ഖുര്‍ആന്‍ വ്യാഖ്യാനശാസ്ത്രം

അബൂ സയ്ദിനെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്റെ നാഗരിക ധര്‍മ്മം അറബ് സംസ്‌കാരത്തെ ടെക്‌സ്റ്റിന്റെ സംസ്‌കാരമാക്കി മാറ്റുന്നുണ്ട്. മനുഷ്യന്റെ യാഥാര്‍ത്ഥ്യവുമായുള്ള ഏറ്റുമുട്ടലിലൂടെയാണ്, ടെക്‌സ്റ്റുമായുള്ള സംഭാഷണത്തിലൂടെയാണ് അറബ് സംസ്‌കാരം വികസിക്കുന്നത്. അറബ്-ഇസ്‌ലാമിക് നാഗരികതയെ ടെക്‌സ്റ്റിന്റെ സംസ്‌കാരം എന്ന് വിശേഷിപ്പിക്കുന്നതിനര്‍ത്ഥം അത് വ്യാഖ്യാനത്തിന്റെ സംസ്‌കാരം കൂടിയായിരുന്നു എന്നതാണ്. ഖുര്‍ആനിന്റെ ഭാഷ എന്നത് എല്ലാ ടെക്സ്റ്റുകളെയും പോലെ സ്വയം വിശദീകരിക്കുന്ന ഒന്നല്ല. കാരണം, ടെക്‌സ്റ്റിനെക്കുറിച്ച ഏതൊരു തരത്തിലുള്ള മനസ്സിലാക്കലും അതിന്റെ അര്‍ത്ഥവും നിര്‍ണ്ണയിക്കപ്പെടുന്നത് വായനക്കാരന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ ചക്രവാളത്തിനനുസരിച്ചാണ്. അതുകൊണ്ടുതന്നെ ആ ടെക്‌സ്റ്റിന്റെ അര്‍ത്ഥം അതിന്റെ വ്യാഖ്യാതാക്കളിലൂടെ മാത്രമേ വെളിവാവുകയുള്ളൂ. അപ്പോള്‍ ടെക്‌സ്റ്റും (നസ്സ്) വ്യാഖ്യാനവും (തഅ്‌വീല്‍) പരസ്പര ബന്ധിതമാണ്. അബൂസയ്ദ് പറയുന്നത് വ്യാഖ്യാനം ടെക്‌സ്റ്റിന്റെ മറുപുറമാണ് എന്നാണ്. അദ്ദേഹം തഫ്‌സീര്‍ (വിശദീകരണം) എന്നതിന് പകരം തഅ്‌വീല്‍ എന്ന വാക്കാണ് ഉപയോഗിക്കുന്നത്. വ്യാഖ്യാനം എന്ന പ്രവര്‍ത്തനത്തിലെ മനുഷ്യബുദ്ധിയുടെ (അഖ്ല്‍) പങ്കിന് ഊന്നല്‍ കൊടുക്കാന്‍ വേണ്ടിയാണത്. ആഖ്യാനങ്ങളുടെ പാരമ്പര്യത്തിന് (നഖ്ല്‍) പ്രാധാന്യം നല്‍കുന്ന വ്യാഖ്യാനശാസ്ത്ര സമീപനം ടെക്‌സ്റ്റിനെ മനസ്സിലാക്കാന്‍ വേണ്ടി അദ്ദേഹം സ്വീകരിക്കുന്നില്ല. മുസ്‌ലിം തിയോളജിയുടെ ആദ്യ കാലഘട്ടങ്ങളില്‍ ഖുര്‍ആന്‍ വ്യാഖ്യാനത്തിനായി തഅ്‌വീലിനെയായിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് അവ്യക്തമായ ആയത്തുകളുടെ (ആയത്ത് മുത്തശാബിഹാത്ത്) ആലങ്കാരിക വ്യാഖ്യാനമായി അത് പരിമിതപ്പെടുകയാണുണ്ടായത്. ഖുര്‍ആനിന്റെ തോന്നിയ വ്യാഖ്യാനമാണ് തഅ്‌വീല്‍ സാധ്യമാക്കുന്നതെന്ന ആരോപണവും ഉണ്ടായിരുന്നു. അബൂസയ്ദിനെ സംബന്ധിച്ചിടത്തോളം വ്യാഖ്യാനം എന്ന പ്രവര്‍ത്തനം വിശദീകരണം എന്ന തലത്തിനുമപ്പുറത്തേക്ക് പോകുന്നതാണ്. കാരണം, വ്യാഖ്യാനമില്ലെങ്കില്‍ ഖുര്‍ആന്‍ ഒരു അര്‍ത്ഥരഹിത ടെക്‌സ്റ്റായി മാറും. അഥവാ, മനുഷ്യലോകത്തിന് യാതാരു സന്ദേശവും നല്‍കാനില്ലാത്ത വെറുമൊരു ഒബ്ജകട്റ്റ്. നാസര്‍ ഹമീദ് എഴുതുന്നു:

‘ആദ്യത്തെ നിമിഷത്തില്‍ തന്നെ ഖുര്‍ആനിന് മാറ്റം സംഭവിച്ചിട്ടുണ്ട്. അഥവാ, ഖുര്‍ആന്റെ അവതരണത്തിന്റെ സമയത്ത് പ്രവാചകന്‍ അത് പാരായണം ചെയ്തപ്പോള്‍ തന്നെ ഖുര്‍ആനിന് മാറ്റം സംഭവിച്ചിട്ടുണ്ട് എന്നര്‍ത്ഥം. ഒരു ദൈവിക ടെക്‌സ്റ്റില്‍ (നസ്സ് ഇലാഹി) നിന്ന് മനസ്സിലാകുന്ന ഹ്യൂമന്‍ ടെക്‌സ്റ്റിലേക്കുള്ള (നസ്സ് ഇന്‍സാനി) മാറ്റമായിരുന്നു അത്. അഥവാ, അവതരണത്തില്‍ നിന്ന് വ്യാഖ്യാനത്തിലേക്കുള്ള മാറ്റം.’

റഷ്യന്‍ ചിഹ്നശാസ്ത്രകാരനായ ജുരിജ്.എം.ലോട്മാനെ (Jurij.M.Lotman) പിന്തുടര്‍ന്ന് കൊണ്ട് ഒരു സൈദ്ധാന്തിക വിനിമയത്തിന്റെ മാതൃക അബൂസയ്ദ് വികസിപ്പിക്കുകയുണ്ടായി. അതനുസരിച്ച് ഖുര്‍ആന്‍ മറ്റേതൊരു സന്ദേശത്തെയും പോലെ (ഒരു ഭാഷാശാസ്ത്ര വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള) മുര്‍സിലും (sender) മുസ്തഖ്ബിലും (reciever) തമ്മിലുള്ള ഒരു ആശയവിനിമയ ബന്ധത്തെയാണ് കാണിക്കുന്നത്. ലോട്മാന്റെ രണ്ട് പുസ്തകങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത അബൂസയ്ദ് ടെക്‌സ്റ്റിനെക്കുറിച്ച അദ്ദേഹത്തിന്റെ കണ്‍സപ്റ്റിനെ സ്വീകരിക്കുകയുണ്ടായി. ലോട്മാന്‍ പറയുന്നത് കല എന്നത് ആശയവിനിമയത്തിന്റെ ഒരു പ്രത്യേക വഴിയാണ് എന്നാണ്. പ്രത്യേകരീതിയില്‍ ക്രമീകരിക്കപ്പെട്ട ഭാഷയാണത്. അതുപ്രകാരം ഓരോ ആര്‍ട്ട് വര്‍ക്കും ചിഹ്നങ്ങളുടെ വ്യവസ്ഥയിലൂടെയാണ് വിവരങ്ങള്‍ നല്‍കുന്നത്. അപ്പോള്‍ ഓരോ ആര്‍ട്ടും ഒരു പ്രത്യേക ഭാഷാവ്യവസ്ഥക്കകത്തെ ടെക്‌സ്റ്റായി മാറുന്നു. ഓരോ ആര്‍ട്ടിസ്റ്റിക്ക് ടെക്‌സ്റ്റും വായനക്കാരനുമായി സംവദിക്കുകയും അവന് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഓരോ വായനക്കാരനും വ്യത്യസ്തമായ വിവരമാണ് അത് നല്‍കുന്നത്.

വായനക്കാരന്റെ വ്യക്തിപരവും സാംസ്‌കാരികവും സാമൂഹികവുമായ ചക്രവാളങ്ങള്‍ക്കനുസരിച്ച് ടെക്‌സ്റ്റിനകത്തെ വിവരത്തിന് മാറ്റം വരുമെങ്കില്‍ ഇരുപതാം നൂറ്റാണ്ടില്‍ ജീവിക്കുന്ന ഒരാള്‍ക്കുള്ള ഖുര്‍ആനിക സന്ദേശമായിരിക്കില്ല ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചയാള്‍ക്ക് ലഭിച്ചിരിക്കുക. അതിനാല്‍ തന്നെ ക്ലാസിക്കല്‍ ഖുര്‍ആനിക വ്യാഖ്യാന പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ളതോ പ്രവാചകന്റെയോ അനുയായികളുടെയോ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതോ ആയ ഏതൊരു വ്യാഖ്യാനത്തിനും ഓരോ കാലഘട്ടത്തിലെയും സവിശേഷതകളെ പിന്തുടരാന്‍ സാധ്യമല്ല. എല്ലാ കാലത്തേക്കുമായി പ്രവാചകന്‍ കൈമാറി എന്നു പറയപ്പെടുന്ന ഒരൊറ്റ വ്യാഖ്യാനത്തില്‍ വിശ്വസിക്കുന്നതിനെ അബൂസയ്ദ് രൂക്ഷമായി വിശ്വസിക്കുന്നുണ്ട്.

ഇബ്‌നുസയ്ദിന്റെ വീക്ഷണത്തില്‍ ഒരു വ്യക്തിയുടെ വ്യാഖാനം ഒരിക്കലും പരമമല്ല. അതെല്ലായ്‌പ്പോഴും ആപേക്ഷികമാണ്. കാരണം ദൈവിക സന്ദേശത്തിലടങ്ങിയിരിക്കുന്ന വിവരം അത് സ്വീകരിക്കുന്നവര്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. പരമ്പരാഗത അക്ഷര വ്യാഖ്യാനത്തെ മറികടക്കുന്ന ഈ വീക്ഷണം ഖുര്‍ആനുമായും ഇസ്‌ലാമിക ദൈവശാസ്ത്രവുമായും സംഘട്ടനത്തിലേര്‍പ്പെടുന്നുണ്ടെന്ന വാദത്തെ സയ്ദ് തള്ളിക്കളയുന്നുണ്ട്.

മനുഷ്യയുക്തിയിലൂടെയും കാര്യക്ഷമമായ സാഹിത്യ രീതികളിലൂടെയുമുള്ള വ്യാഖ്യാനത്തെയാണ് ഖുര്‍ആന്‍ തന്നെ ആശ്രയിക്കുന്നത് എന്നാണ് അദ്ദേഹം വാദിക്കുന്നത്. ഈ വാദത്തിന് ഉപോല്‍പ്പലകമായി അല്‍ സര്‍കാശിയുടെയും അല്‍ സുയൂത്തിയുടെയും ഖുര്‍ആനിക പഠന (ഉലൂമുല്‍ ഖുര്‍ആന്‍) പാരമ്പര്യത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മുന്‍കഴിഞ്ഞുപോയവരുടെ അതോറിറ്റിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഏതൊരു വ്യാഖ്യാനവും ടെക്‌സ്റ്റിന്റെ അര്‍ത്ഥത്തെ ഇസ്‌ലാമിന്റെ ആദ്യതലമുറയുടെ ചരിത്രപശ്ചാത്തലത്തിലേക്ക് കൊണ്ടുപോവലാണ്. അബൂ സെയ്ദ് എഴുതുന്നു:

‘പാരമ്പര്യവുമായി ഖുര്‍ആനിക അര്‍ത്ഥത്തെ ബന്ധപ്പെടുത്തുക എന്നത് സമയത്തെയും കാലത്തെയും മറികടക്കുന്ന ഖുര്‍ആനിന്റെ സത്തക്ക് തന്നെ എതിരാണ്. അതിനാല്‍ തന്നെ ആദ്യതലമുറയുടെ വ്യാഖ്യാനത്തിലേക്ക് നമ്മെ ചുരുക്കുന്നത് പരിമിതി തന്നെയാണ്.’     (തുടരും)

വിവ: സഅദ് സല്‍മി

 

നവീദ് കിര്‍മ്മാനി