Campus Alive

കറുത്ത രോഷവും വംശീയ വ്യവഹാരങ്ങളും

എനിക്ക് കൊല്ലാന്‍ മാത്രം ദേഷ്യമുള്ള അപരിചിതനായ ഒരു വെള്ളക്കാരന്റെ അടുത്ത് ഇരുന്നുകൊണ്ടാണ് ഞാന്‍ ഈ ലേഖനം എഴുതുന്നത്. എന്റെ സുഹൃത്തും എനിക്കൊപ്പം യാത്രചെയ്യുന്നവരുമായ കെയെ അവരുടേതല്ലാത്ത ഫസ്റ്റ് ക്ലാസ് സീറ്റീല്‍ ഇരിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ആരോപിച്ച് വിമാനത്തിന്റെ മുന്‍വശത്തേക്ക് വിളിക്കുകയും വെള്ളക്കാരായ വിമാന ജീവനക്കാര്‍ ആളുകളുടെ മുന്നില്‍ വെച്ച് അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ ഞാനും ഈ വെള്ളക്കാരനും പങ്കാളികളായിരിക്കുകയാണ്. യഥാര്‍ഥത്തില്‍ അവര്‍ക്ക് സീറ്റ് അനുവദിക്കപ്പെട്ടിരുന്നു, എന്നാല്‍ കൃത്യമായ ബോര്‍ഡിംഗ് പാസ് അധികൃതര്‍ അവര്‍ക്ക് നല്‍കിയിരുന്നില്ല. ജീവനക്കാര്‍ തന്നെ അവഗണിച്ചതായി അവര്‍ പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു കൊച്ചുകുട്ടിയോടെന്നവണ്ണം അധികൃതര്‍ അവര്‍ക്ക് കാര്യങ്ങള്‍ വളരെ ഉച്ചത്തില്‍ വിവരിച്ചു കൊടുക്കുന്നുണ്ടായിരുന്നു. എയര്‍ലൈന്‍ ഇംഗ്ലീഷ് വശമില്ലാത്ത വിദേശിയായി അവര്‍ കണക്കാക്കപ്പെടുകയും അതിനാല്‍ തന്നെ മറ്റൊരു സീറ്റ് അവര്‍ ഉപയോഗിക്കണമെന്ന് ഉച്ചത്തില്‍ അവരോട് പറയുകയും ചെയ്തു. എയര്‍ലൈനിന്റെ ഭാഗത്തുനിന്നും പറ്റിയ അബദ്ധത്തെ പറ്റി അവര്‍ക്ക് ആലോചിക്കേണ്ടി വരുന്നുമില്ല. ബോര്‍ഡിംഗ് കാര്‍ഡുള്ള വെള്ളക്കാരന് ഫസ്റ്റ് ക്ലാസ് സീറ്റ് ഉറപ്പാക്കുക എന്ന ലക്ഷ്യം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. സീറ്റുകള്‍ മാറുന്ന സമയത്ത് എത്രത്തോളം നിരാലംഭരാണ് ഞങ്ങള്‍ എന്ന തിരിച്ചറിവ് ഞങ്ങള്‍ക്കുണ്ടായി. കെ അവരുടെ സീറ്റ് മാറിയിരുന്നു. ഞാന്‍ ഈ അപരിചിതനായ വെള്ളക്കാരന്റെ അടുത്തിരിക്കുകയും അയാള്‍ സുഖമായിരുന്ന സീറ്റില്‍ നിന്നും കെ അവരുടെ ബാഗെടുത്ത് മാറിയിരിക്കുമ്പോള്‍ പെട്ടെന്ന് അവളോട് മാപ്പപേക്ഷിക്കുകയും ചെയ്തു. ഞാനയാളോട് കയര്‍ത്തു സംസാരിക്കുകയും അയാളുടെ ലിബറല്‍ മാപ്പപേക്ഷ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്ന് പറയുകയും ചെയ്തു. അത് തന്റെ വീഴ്ച്ചയല്ലെന്ന് അയാള്‍ തുടര്‍ച്ചയായി പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. വീഴ്ച്ച അംഗീകരിക്കാന്‍ കഴിയുന്നതാണെന്നും ഇതൊരു കുറ്റപ്പെടുത്തലിന്റെ വിഷയമല്ലെന്നും കെയോട് അധികൃതര്‍ കാണിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അത് വംശീയതയും ലിംഗ വിവേചനവും തുറന്നുകാണിക്കുന്നതാണെന്നും ഞാനയാളോട് ദേഷ്യത്തോടെ പറഞ്ഞു.

ബെൽ ഹൂക്സ്

അദ്ദേഹത്തിന്റെ മാപ്പുപറച്ചില്‍ പൂര്‍ണ്ണമാണെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടെന്ന കാര്യം ഞാനറിയണമെന്നും അദ്ദേഹത്തെ ഞാന്‍ വെറുതെ വിടണമെന്നും അദ്ദേഹം യാതൊരു മടിയും കൂടാതെ പറഞ്ഞു. സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയ ലൈംഗിക അസമത്വത്തില്‍ നിന്നും വംശീയതയില്‍ നിന്നും പുറത്തുകടക്കാനുള്ള സാധ്യത അയാള്‍ക്കുണ്ടായിരുന്നു എന്ന് എനിക്കും അയാളെ അറിയിക്കേണ്ടിയിരുന്നു (മറ്റൊരു വെള്ളക്കാരന്റെ സീറ്റില്‍ ഇരുന്നത് കാരണം ഒരു വെള്ളക്കാരനെയും ലൗഡ്സ്പീക്കറില്‍ വിളിച്ചു വരുത്തില്ല എന്ന് അയാള്‍ക്കും അറിയാം). ”നിങ്ങളുടെ സീറ്റ് ഒഴിഞ്ഞുകൊടുത്തതല്ല ഇവിടെ പ്രശ്നം. കറുത്തവര്‍ഗ്ഗക്കാരിയായ ഒരു സ്ത്രീയെ ആക്ഷേപിക്കുന്ന സംഭവത്തില്‍ നിങ്ങള്‍ പങ്കാളിയായതും അതില്‍ നിന്നും സ്വയം രക്ഷപ്പെടാനായി ആത്മാര്‍ഥതയില്ലാത്ത ക്ഷമാപണം നടത്തിയതുമാണ് നിങ്ങളുടെ പ്രശ്നം”, ഞാനയാളോട് ആക്രോശിച്ചു.

ആ സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് ശേഷം ഞാനും കെയും ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നും ടാക്സി വിളിച്ചിരുന്നു. കാര്‍ ഡ്രൈവര്‍ക്ക് എയര്‍പോര്‍ട്ടില്‍ പോകേണ്ട ആവശ്യം ഇല്ലാത്തതിനാല്‍ അയാള്‍ ഞങ്ങളോട് മറ്റൊരു കാബ് വിളിക്കാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ മറ്റൊരു കാബ് വിളിക്കാന്‍ തയ്യാറാണെന്നും പക്ഷേ ഡ്രൈവര്‍ക്കെതിരെ റിപ്പോര്‍ട്ട് കൊടുക്കുമെന്നും പറഞ്ഞപ്പോള്‍ അയാള്‍ പോകാന്‍ തയ്യാറായി. മറ്റൊരു കാബ് വിളിക്കാമെന്നായിരുന്നു കെ നിര്‍ദ്ദേശിച്ചത്. എയര്‍പോര്‍ട്ടിലെ ഫസ്റ്റ് ക്ലാസ് ലൈനില്‍ നില്‍ക്കുമ്പോഴും സമാനമായ ദുരനുഭവം ഞങ്ങള്‍ക്കുണ്ടായി. ഞങ്ങളുടെ കൂപ്പണുകള്‍ അപ്ഗ്രേഡ് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ ഞങ്ങളെ സഹായിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട വെള്ളക്കാരായ രണ്ട് വിമാനജീവനക്കാര്‍ അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കുകയും ഞങ്ങളെ സഹായിക്കുന്നത് അവരുടെ സംസാരത്തിന് തടസ്സമാകും എന്ന അര്‍ത്ഥത്തില്‍ പെരുമാറുകയും ചെയ്തു. ഞങ്ങള്‍ക്ക് കൂപ്പണ്‍ അപ്ഗ്രേഡ് ചെയ്യണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ “അയാള്‍ എന്നോടല്ല സംസാരിക്കുന്നത്” എന്നാണ് വെള്ളക്കാരനായ ജീവനക്കാരന്‍ മറുപടി പറഞ്ഞത്. എന്തുകൊണ്ടാണ് അവര്‍ക്ക് ഞങ്ങളോട് ഇത്രയധികം വിദ്വേഷം എന്ന് എനിക്കറിയില്ല. വെളുത്ത വര്‍ഗ്ഗക്കാരനായ പുരുഷന് ഫസ്റ്റ് ക്ലാസ് യാത്രയില്‍ ഒരിക്കലും ഇത്തരം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരില്ല എന്ന് ഞാന്‍ കെയോട് പറഞ്ഞപ്പോള്‍ വംശത്തിന് ഇവിടെ യാതൊരു പ്രസക്തിയുമില്ലെന്ന് പറഞ്ഞുകൊണ്ട് വെള്ളക്കാരിയായ സ്ത്രീ ജീവനക്കാരി പെട്ടെന്ന് തന്നെ ഞങ്ങളുടെ കാര്യങ്ങള്‍ ചെയ്തു തീര്‍ത്തു. ഞങ്ങളുടെ പിന്നില്‍ നിന്നിരുന്ന വെള്ളക്കാരന്‍ ഞങ്ങളുടേത് പൂര്‍ത്തിയാവാത്തതില്‍ ദേഷ്യം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. എന്റെ ഇടപെടല്‍ മൂലം കാര്യങ്ങള്‍ വേഗത്തിലായിട്ടും യാതൊരുവിധ നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചില്ല. സൂപ്പര്‍വൈസറോട് കാര്യങ്ങള്‍ സംസാരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടെങ്കിലും ഇനിയും ഈ രണ്ട് ജോലിക്കാരുടെയും സേവനം ആവശ്യമുള്ള കറുത്തവര്‍ഗ്ഗക്കാര്‍ക്ക് ഒരു ബാധ്യതയാവും എന്ന ബോധ്യമുള്ളതിനാല്‍ കുഴപ്പമൊന്നും ഉണ്ടാക്കരുത് എന്ന ഉള്‍വിളി എനിക്കുണ്ടായി. വെളുത്തവര്‍ഗ്ഗക്കാരായ മറ്റു ജീവനക്കാര്‍ എന്റെ ആവശ്യത്തോട് സത്യസന്ധത പുലര്‍ത്തുകയും സൂപ്പര്‍വൈസറെ വിളിക്കുകയും ചെയ്തു. അയാള്‍ ഞങ്ങളെ കേള്‍ക്കുകയും മാപ്പ് ചോദിക്കുകയും വെള്ളക്കാരിയായ ജീവനക്കാരി ഞങ്ങളെ വേണ്ടവിധത്തില്‍ സഹായിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഞങ്ങള്‍ക്കവര്‍ ടിക്കറ്റ് മടക്കിനല്‍കുന്ന സമയത്ത് എല്ലാം ശരിയാണെന്ന അര്‍ഥത്തില്‍ ഞാന്‍ ജീവനക്കാരെ ഒന്നു നോക്കി. എല്ലാം ശരിയായ രീതിയിലായിരുന്നു, എന്നാല്‍ എന്നെ ഭയപ്പെടുത്തും വിധം തീക്ഷ്ണമായ വിദ്വേഷത്തോടെ ആ ജീവനക്കാരി എന്നെ നോക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ ഗേറ്റിനടുത്തെത്തിയപ്പോള്‍ എനിക്ക് ടിക്കറ്റ് ഒന്നുകൂടി പരിശോധിക്കണമെന്നും കാരണം വിദ്വേഷപൂര്‍ണ്ണമായ നോട്ടം എനിക്കനുഭവപ്പെട്ടതായും കെയോട് ഞാന്‍ പറഞ്ഞു, പ്രതീക്ഷിച്ച പോലെ തന്നെ ടിക്കറ്റുകള്‍ കൃത്യമായി ചെയ്തിരുന്നില്ല.

ഞാന്‍ കൗണ്ടറിലേക്ക് തിരിച്ചുപോവുകയും അവിടെയുണ്ടായിരുന്ന കറുത്തവര്‍ഗ്ഗക്കാരനോട് സൂപ്പര്‍വൈസറെ കണ്ടെത്താന്‍ സഹായമഭ്യര്‍ഥിക്കുകയും ചെയ്തു. കറുത്തവര്‍ഗ്ഗക്കാരനായിട്ടു പോലും ഞങ്ങള്‍ വംശീയതയുടെ ഇരകളാണെന്ന് അയാളോട് പറഞ്ഞിരുന്നില്ല. എന്തുകൊണ്ടാണ് ഈ രണ്ടു വെള്ളക്കാരായ ജോലിക്കാര്‍ക്ക് ഇത്രത്തോളം വിദ്വേഷം എന്നാണ് ഞാന്‍ അയാളോട് ചോദിച്ചത്.

ഞാന്‍ വര്‍ഗ്ഗാധിപത്യത്തെ കുറിച്ച് എല്ലായ്പ്പോഴും ആലോചിക്കാറുണ്ട്. അതിനാല്‍ തന്നെ പൊതുജനങ്ങളെ സേവിക്കുന്ന താഴ്ന്ന നിലയില്‍ ഒരുപാട് മണിക്കൂറുകളോളം ജോലി ചെയ്യുന്നവര്‍ക്കെതിരെ പരാതിപ്പെടാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. ഞങ്ങളുടെ പരാതി പരിഹരിക്കപ്പെട്ടതായി എനിക്കനുഭവപ്പെട്ടു. വംശീയ ഹിംസയുടെ വിഷയമാണിത്. ദിനേനയെന്നോണം കറുത്തവര്‍ഗ്ഗക്കാര്‍ ഇത്തരം ദുരനുഭവങ്ങളെ നമുക്കൊരിക്കലും മാറ്റാന്‍ കഴിയാത്ത വെളള-പുരുഷ വംശീയതക്കകത്തെ സാമൂഹിക സാഹചര്യമാണ് എന്ന അര്‍ഥത്തില്‍ വിധേയപ്പെടുന്നതിനാല്‍ പരാതിപ്പെടല്‍ അനിവാര്യമാണെന്ന് എനിക്ക് തോന്നി. അങ്ങനെ വിധേയപ്പെടുക എന്നത് സങ്കീര്‍ണ്ണമായ കാര്യമാണ്. എനിക്ക് ശേഷം വരുന്ന കറുത്തവര്‍ഗ്ഗകാര്‍ക്കെല്ലാം ഉപകാരപ്പെടും എന്ന വിശ്വാസമൊന്നുമില്ലെങ്കിലും കുറഞ്ഞത് ആ രണ്ട് ജീവനക്കാരെങ്കിലും ഇനി കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കും എന്ന തോന്നല്‍ എനിക്ക് സന്തോഷം നല്‍കി.

വിമാനത്തിനകത്ത് നിന്നും കറുത്തവര്‍ഗ്ഗക്കാരിയായ ഒരു സ്ത്രീ തന്റെ സീറ്റിലേക്ക് പോകാന്‍ ശ്രമിക്കുന്നതും അതിനടുത്തിരുന്ന വെളളക്കാരന്‍ അവര്‍ പോകുന്നതിന് തടസ്സം സൃഷ്ടിക്കുന്നതും കാണാനിടയായത് ഈ അനുഭവത്തെ ഒര്‍മ്മപ്പെടുത്തി. ആ വെള്ളക്കാരന് കൃത്യമായ ബോര്‍ഡിംഗ് പാസ് ഇല്ലായിരുന്നു. എന്നാല്‍ ആ സ്ത്രീക്ക് ഉണ്ടായിരുന്നു. പക്ഷേ അയാളെ ആരും മുന്നിലേക്ക് വിളിച്ചില്ല. കുറച്ചു മിനിറ്റുകള്‍ക്ക് മുമ്പ് എന്റെ സുഹൃത്ത് കെയോട് ചെയ്തത് പോലെ ആരും അയാളെ സീറ്റുമാറാന്‍ നിര്‍ബന്ധിച്ചില്ല. “ഞാന്‍ എവിടെയും ഇരിക്കാന്‍ തയ്യാറാണ്” എന്ന് പതിഞ്ഞ ശബ്ദത്തില്‍ വിഷമത്തോടെ ആ സ്ത്രീ പറയുന്നുണ്ടായിരുന്നു. എന്നിട്ടവര്‍ മറ്റെവിടെയോ പോയി ഇരുന്നു.

കറുത്ത വംശക്കാരായ സ്ത്രീകള്‍ ഇരകളായ വംശീയമായ ഇത്തരം സംഭവങ്ങള്‍ എന്റെ അടുത്തിരിക്കുന്ന വെള്ളക്കാരനോടുള്ള എന്റെ ദേഷ്യം വര്‍ദ്ധിപ്പിക്കുകയായിരുന്നു. അയാളെ കൊല്ലാനുള്ള ദേഷ്യം എനിക്കനുഭവപ്പെട്ടു. എനിക്കയാളെ പതിയെ മുറിവേല്‍പ്പിക്കണമായിരുന്നു. എന്റെ പേഴ്സില്‍ തോക്കുണ്ടായിരുന്നെങ്കില്‍ എനിക്കതുപയോഗിച്ച് അയാളെ വെടിവെക്കണമായിരുന്നു. എന്നിട്ട് എനിക്കയാളുടെ വേദന കാണുകയും “വംശീയത അസഹനീയമാണ്” എന്ന് അയാളോട് പറയുകയും ചെയ്യേണ്ടിയിരുന്നു. ഒന്നും പുറത്ത് വന്നില്ല, എന്റെ ദേഷ്യം പതിയെ അടക്കാനാവാത്ത സങ്കടമായി, കൈകൊണ്ട് മുഖം പൊത്തിപ്പിടിച്ചുകൊണ്ട് കരയാനും തുടങ്ങി. ഒരാളൊഴിച്ച് മറ്റാരും എന്നെ കാണുന്നില്ല എന്ന അര്‍ഥത്തില്‍ അവരുടേതായ കാര്യങ്ങളില്‍ മുഴുകിക്കൊണ്ടിരുന്നു. എപ്പോഴെല്ലാം ഞാന്‍ എന്റെ ബാഗ് തുറക്കുന്നോ അപ്പോഴെല്ലാം ഭയപ്പാടോടെ എന്റെ അടുത്തിരിക്കുന്ന വെള്ളക്കാരന്‍ എന്നെ നോക്കിക്കൊണ്ടിരുന്നു. അയാളുടെ ഉറക്കം കെടുത്തുന്ന ദുഃസ്വപ്നം എന്ന തരത്തില്‍, അയാളുടെ വംശീയ ഭാവനകളെ ഉറപ്പിക്കുന്നതിനായി ഞാനയാളോട് കയര്‍ത്ത് സംസാരിക്കുന്നതും കാത്ത് നിന്നു. ഞാന്‍ അയാളുടെ വശത്തേക്ക് ചായുകയും എന്റെ ലീഗല്‍ പാഡില്‍ എഴുതിയ Killing Rage എന്നത് അയാള്‍ക്ക് കൃത്യമായി കാണാന്‍ കഴിയുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുകയും ചെയ്തു.

സിറ്റി യൂണിവേഴ്സിറ്റിയില്‍ ബ്ലാക്ക് സ്ത്രീ നോവലിസ്റ്റുകളെ പറ്റിയുള്ള കോഴ്സിലെ അധ്യാപിക എന്ന നിലക്ക് ഞങ്ങള്‍ നിരന്തരം കറുത്ത രോഷത്തെ(Black Rage) പറ്റി ചിന്തിക്കാറുണ്ട്. എവിടെയാണ് രോഷം? എന്ന് നമ്മോട് ചോദിക്കുന്ന ഹാരിയറ്റ് ജേക്കബിന്റെ ‘Incidents in the life of a slave girl’ എന്ന ആത്മകഥ മുന്‍നിര്‍ത്തിക്കൊണ്ടാണ് ഞങ്ങള്‍ ഈ സെമസ്റ്റര്‍ ആരംഭിച്ചത്. വെള്ളക്കാര്‍ കറുത്ത രോഷം കേള്‍ക്കാതിരിക്കുന്നിടത്തോളം അല്ലെങ്കില്‍ കറുത്ത രോഷം നിശബ്ദതക്കകത്ത് അടച്ചുമൂടപ്പെടുന്ന കാലത്തോളം കറുത്തവര്‍ക്കും വെളുത്തവര്‍ക്കും പരസ്പരം സംവേദനം സാധ്യമാകുമോ എന്ന് ചോദിക്കുന്ന ടോണി മോറിസണെ (Toni Morrison) ബിരുദ ക്ലാസുകളില്‍ ഞാന്‍ പഠിപ്പിക്കാറുണ്ട്. മോറിസന്റെ ആദ്യ നോവലായ The Bluest eye ല്‍ കഥാഖ്യാതാവ് അമാനവികയായ, കോളനിവത്കരിക്കപ്പെട്ട പെകോള എന്ന കറുത്ത ചെറിയ കുട്ടിയോട് അവളുടെ രോഷം പ്രകടിപ്പിച്ചാല്‍ മാത്രമേ പ്രതീക്ഷ നിലനില്‍ക്കൂ എന്ന് ഉപദേശിക്കുന്നുണ്ട്. ദേഷ്യമാണ് നല്ലത്, അത് നമ്മുടെ സാന്നിധ്യം അടയാളപ്പെടുത്തും എന്നാണ് നോവല്‍ നമ്മോട് പറയുന്നത്. സാന്നിധ്യം അഥവാ കൊളോണിയല്‍ ശക്തികള്‍ ഭയപ്പെടുന്ന കര്‍തൃത്വവത്കരണം, കോളനിവത്കരിക്കപ്പെട്ടവര്‍ തങ്ങളുടെ രോഷം പ്രകടിപ്പിക്കുന്നതിലൂടെ മാത്രമേ ദൃശ്യമാകുന്നുള്ളൂ.

 

പ്രതീക്ഷയറ്റ, നിരാശരായ, ആഗ്രഹങ്ങളില്ലാത്ത കറുത്ത യുവാക്കളുമായി ബന്ധപ്പെട്ടാണ് കറുത്ത രോഷം അടയാളപ്പെടാറുള്ളത്. ഞങ്ങളെ പോലുള്ള ‘അതിജീവിച്ച’ കറുത്തവര്‍ തങ്ങളുടെ രോഷം അടക്കിവെക്കാന്‍ പരിശീലനം നേടിയവരാണ്. ആന്‍ പെട്രി(Ann Petry) എഴുതിയ The Strete എന്ന കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകളുടെ രോഷത്തെ അടയാളപ്പെടുത്തുന്ന നോവലിലെ കഥാനായിക പറഞ്ഞ വാക്കുകള്‍ നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. ലൂട്ടീ ജോണ്‍സണ്‍ എന്ന നായിക തന്റെ സൗമ്യ സ്വഭാവത്തിനകത്ത് നിന്നും തനിക്കുള്ള അരിശം പുറത്ത് കാണിക്കുന്നുണ്ട്. “എല്ലാ ദിവസവും ഞങ്ങള്‍ ഈ ദേഷ്യം അടക്കിപ്പിടിക്കുന്നു” എന്നവര്‍ പ്രഖ്യാപിക്കുന്നുണ്ട്. തൊണ്ണൂറുകളില്‍ വെള്ളക്കാര്‍ തങ്ങള്‍ക്ക് കറുത്ത രോഷം കേള്‍ക്കാന്‍ താല്‍പര്യമില്ല എന്ന് അറിയിക്കാന്‍ ശ്രമിച്ചു എന്നത് മാത്രമല്ല പ്രശ്നം, മറിച്ച് ഞങ്ങളുടെ ദേഷ്യത്തിന് യാതൊരു സ്ഥാനവുമില്ല എന്ന് വെള്ളക്കാരന്റെ കാവല്‍ക്കാരായ ഉന്നതവിഭാഗക്കാരായ കറുത്ത ബുദ്ധിജീവികള്‍ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട് എന്നത് കൂടി ഗുരുതരമായ പ്രശ്‌നമാണ്. ബ്ലാക്ക് മാനസിക ശാസ്ത്രജ്ഞരായ വില്യം ഗ്രിയറും പ്രൈസ് കോബ്സും Black Rage എന്ന പുസ്തകം പോലും അതിനായി എഴുതിയിട്ടുണ്ട്. രോഷം ശക്തിയില്ലായ്മയുടെ അടയാളമാണ് എന്ന് വായനക്കാരനെ ബോധിപ്പിക്കാന്‍ അവര്‍ തങ്ങളുടെ ഫ്രോയിഡിയന്‍ രീതിശാസ്ത്രമാണ് ഉപയോഗപ്പെടുത്തിയത്. രോഷത്തെ അവര്‍ രോഗലക്ഷണമായാണ് അടയാളപ്പെടുത്തുന്നത്, രോഗാവസ്ഥ എന്നതിലപ്പുറം അടിച്ചമര്‍ത്തലിനും ചൂഷണത്തിനും എതിരായ ആരോഗ്യകരമായതും ആശ്വാസകരമായതുമായ പ്രതികരണമായി രോഷത്തെ മനസ്സിലാക്കാന്‍ അവര്‍ ശ്രമിക്കുന്നുമില്ല.

Race Matters എന്ന തന്റെ ഏറ്റവും പുതിയ ലേഖന സമാഹാരത്തിലെ മാല്‍കം എക്സും കറുത്ത രോഷവും (Malcolm X And Black Rage) എന്ന ലേഖനത്തില്‍ രോഷത്തെ കറുത്തവരോടുള്ള മഹത്തായ സ്നേഹമായാണ് കോര്‍ണല്‍ വെസ്റ്റ്(Cornel West) അടയാളപ്പെടുത്തുന്നത്. അമേരിക്കന്‍ ചരിത്രം മുമ്പ് കണ്ടിട്ടില്ലാത്ത വിധത്തിലാണ് മാല്‍കം എക്സ് കറുത്ത രോഷത്തെ രൂപപ്പെടുത്തിയെടുത്തത് എന്ന് വെസ്റ്റ് അഭിപ്രായപ്പെടുന്നു.

Malcom X

മഹത്തായ പ്രണയത്തില്‍ നിന്നും നീതിക്കുവേണ്ടിയുള്ള അഭിനിവേശം ഉണ്ടാവുന്നില്ല എന്നതിനാല്‍ അദ്ദേഹം രോഷത്തെ നീതിയുമായി ബന്ധിപ്പിക്കുന്നില്ല. മാല്‍കം എക്സിന്റെ രോഷത്തെയും സ്നേഹത്തെയും വിഭജിച്ചതിന് ശേഷം രോഷത്തെ കൂടുതല്‍ വ്യാഖ്യാനിക്കാനാണ് വെസ്റ്റ് ശ്രമിച്ചത്. മാല്‍കം എക്സിന്റെ രാഷ്ട്രീയ ജീവിതത്തെ പുനര്‍വായിക്കാനുള്ള പുതിയ ശ്രമങ്ങള്‍ ‘കൊല്ലാനുള്ള ദേഷ്യത്തില്‍’ നിന്നും അദ്ദേഹത്തെ രക്ഷിച്ചെടുക്കുന്നുണ്ട്. അഥവാ നീതിയോടുള്ള മാല്‍കം എക്സിന്റെ ധാര്‍മ്മികമായ അടങ്ങാത്ത മോഹമാണ് അദ്ദേഹത്തിന്റെ രോഷത്തിനുള്ള പ്രധാന കാരണമായി വായിക്കപ്പെടുന്നത്. വെള്ളക്കാരെ പറ്റിയും വംശീയ ഏകീകരണത്തെ പറ്റിയുമുള്ള എക്സിന്റെ ചിന്തകളില്‍ മാറ്റങ്ങള്‍ വന്നപ്പോഴും ആ രോഷത്തെ അത് ബാധിച്ചിരുന്നില്ല. രോഷത്തിന് വംശീയ-വിരുദ്ധ സമരങ്ങളില്‍ സ്ഥാനമില്ലെന്ന് വാദിക്കുന്ന സമകാലിക ബ്ലാക്ക് ചിന്തകരില്‍ നിന്നും മാല്‍കം എക്സിനെ വ്യത്യസ്തനാക്കുന്നതും രോഷത്തെ അദ്ദേഹം സവിശേഷമായി അടയാളപ്പെടുത്തിയത് കൊണ്ടാണ്. അത്തരം ബ്ലാക്ക് നേതാക്കന്‍മാര്‍ വെള്ളക്കാരുമായുള്ള സംവാദത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. അവര്‍ രോഷത്തെ അടക്കിപ്പിടിക്കുന്നതും മറ്റുള്ള കറുത്ത വര്‍ഗ്ഗക്കാരുടെ രോഷത്തെ പറ്റി നിശബ്ദരാകുന്നതും വെള്ളക്കാരായ കേള്‍വിക്കാരെ ലഭിക്കുവാന്‍ വേണ്ടിയുള്ള ത്യാഗത്തിന്റെ അടയാളപ്പെടുത്തലുകളാണ്. തങ്ങളുടെ ജീവിതം സുഗകരമാണെന്ന് കരുതുന്ന വംശീയ വിവേചനത്തിനെതിരെ രോഷം അനുഭപ്പെടാത്ത കറുത്തവര്‍ഗ്ഗക്കാര്‍ കറുത്ത രോഷത്തെ ഭയപ്പാടോടെ കാണുന്നുണ്ടാകും. ഇന്ന് കറുത്ത രോഷത്തിന്റെ അളവും ശക്തിയും വലിയ തരത്തില്‍ നിര്‍ണ്ണയിക്കുന്നതില്‍ പ്രാദേശിക രാഷ്ട്രീയത്തിനും വര്‍ഗാധികാരത്തിനും ശക്തമായ പങ്കുണ്ട്.

വര്‍ണ്ണ വിവേചനം നിലനിന്നിരുന്ന ദക്ഷിണ മേഘലയിലാണ് ഞാന്‍ വളര്‍ന്നു വന്നത്. രോഷം അനുഭവിക്കുകയും അത് വെള്ളക്കാര്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്ന കറുത്തവര്‍ഗ്ഗക്കാര്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചെറുപ്പത്തിലേ ഞങ്ങള്‍ പഠിച്ചിരുന്നു. ഞങ്ങളുടെ രോഷം കടിച്ചമര്‍ത്താന്‍ ഞങ്ങള്‍ പരിശീലിച്ചു പോന്നു. ഞങ്ങളുടേതായ അയല്‍പക്ക ബന്ധങ്ങള്‍ ദേഷ്യം അടിച്ചമര്‍ത്താന്‍ ഞങ്ങളെ സാധ്യമാക്കിയിരുന്നു. എല്ലാ ബ്ലാക്ക് സ്‌കൂളുകളിലും ചര്‍ച്ചുകളിലും കൂട്ടായ്മകളിലും ഞങ്ങള്‍ സ്വയം തന്നെ പലതും മറക്കാന്‍ പരിശീലിച്ചിരുന്നു. അത്തരം കറുത്ത ഇടങ്ങളുടെ ആനന്ദത്തില്‍ വെള്ളക്കാരന്റെ ആധിപത്യത്തെ പറ്റിയും അത് ഞങ്ങളുടെ സാമൂഹിക ജീവിതത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ പറ്റിയും ഞങ്ങള്‍ കൃത്യമായി ആലോചിച്ചിരുന്നില്ല. വെള്ളക്കാരനെ പറ്റി ആലോചിക്കാതെയാണ് ഞങ്ങളുടെ ജീവിതത്തിലെ വലിയൊരു ഭാഗം കടന്നുപോയിക്കൊണ്ടിരുന്നത്. ഞങ്ങള്‍ നിരാസത്തില്‍(Denial) ജീവിച്ചവരായിരുന്നു. അതില്‍ ജീവിക്കുന്നതിനാല്‍ തന്നെ ഞങ്ങളുടെ രോഷം അടക്കിപ്പിടിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. കറുത്തവര്‍ഗ്ഗക്കാര്‍ ഏതെങ്കിലും തരത്തിലുള്ള ക്രൂരകൃത്യം ചെയ്താല്‍ ദിനേനയെന്നോണം കറുത്തവര്‍ഗ്ഗക്കാര്‍ അനുഭവിക്കുന്ന ക്രൂരതകളുമായും അപമാനവുമായും ബന്ധപ്പെടുത്തി അതിനെ കാണാന്‍ അന്നും ഇന്നും ഞങ്ങളുടെ ബന്ധുക്കളും അയല്‍ക്കാരും ശ്രമിക്കാറില്ല. ആ സമയത്ത് രോഷം പ്രകടിപ്പിക്കുക എന്നത് ആത്മഹത്യാപരമാണ്. എല്ലാ കറുത്തവര്‍ഗ്ഗക്കാരനും ഇതറിയാം. വീട്ടിലെ ജീവിതത്തിന് മാത്രമുള്ളതാണ് രോഷം-ഒരാള്‍ മറ്റൊരാളോട്.

വെള്ളക്കാരന്റെ ആധിപത്യം നിലനിര്‍ത്താനായി കറുത്ത അമേരിക്കക്കാരെ വെള്ളക്കാര്‍ ആദ്യം കോളനിവത്കരിച്ചു, കോളനിവത്കരണത്തിന്റെ ഭാഗമായിക്കൊണ്ട് തന്നെ ഞങ്ങളുടെ ദേഷ്യത്തെ അടക്കിനിര്‍ത്താന്‍ ഞങ്ങളെ അവര്‍ പഠിപ്പിച്ചു, വംശീയതയെ പറ്റിയുള്ള ഞങ്ങളുടെ ദേഷ്യം ഒരിക്കലും അവര്‍ക്കെതിരെ ആവാതിരിക്കാനായിരുന്നു അത്. കറുത്തവരില്‍ ഭൂരിഭാഗം പേരും ആ സന്ദേശത്തെ സ്വാംശീകരിച്ചിട്ടുണ്ട്. വംശീയ ഏകീകരണത്തിന് മുമ്പ് ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ആ രോഷത്തെ അടക്കിപ്പിടിക്കേണ്ടതുണ്ട് എന്ന് ഞങ്ങളില്‍ പലരും പഠിപ്പിക്കപ്പെട്ടു. ആ രോഷം പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യപ്പെട്ടാലല്ലാതെ സാമ്പത്തിക ഭദ്രത എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയുകയില്ല എന്ന് ഞങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. വംശത്തെയും വംശീയതയെയും പറ്റി സംസാരിച്ചുകൊണ്ട് ഈ രാജ്യം മുഴുവന്‍ സഞ്ചരിക്കുമ്പോള്‍ എന്തുകൊണ്ടാണ് കറുത്തവര്‍ഗ്ഗക്കാരുടെ ഹിംസകളെ പറ്റി വെള്ളക്കാര്‍ ഭയപ്പാടോടുകൂടി പ്രതികരിക്കുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. അവര്‍ ചിലപ്പോള്‍ കറുത്തവര്‍ഗ്ഗക്കാരോട് സംസാരിച്ചിട്ട് പോലുമുണ്ടാവില്ല, ഒരു കറുത്തവര്‍ഗ്ഗക്കാരനാലും പ്രശ്നങ്ങള്‍ അനുഭവിച്ചിട്ടുമുണ്ടാകില്ല, എന്നാല്‍ കറുത്തവരോടുള്ള അവരുടെ പ്രതികരണം ആദ്യാവസാനം ഭയത്തോടും ഉത്കണ്ഡയോടും കൂടിയതാണെന്ന് അവര്‍ വിശ്വസിക്കുന്നു. അവരും നിരാസത്തിലാണ് ജീവിക്കുന്നത്. ഈ നാട്ടിലോ മറ്റുള്ള സ്ഥലങ്ങളിലോ കറുത്തവര്‍ഗ്ഗക്കാര്‍ വെള്ളക്കാരെ നിരന്തരം ഉപദ്രവിക്കുന്നു എന്നതിന് യാതൊരു തെളിവും കാണിക്കാന്‍ കഴിയാതിരിക്കുമ്പോഴും കറുത്തവര്‍ അവരെ ഉപദ്രവിക്കും എന്നവര്‍ വാദിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ കറുത്ത വര്‍ഗ്ഗക്കാരായ ആളുകള്‍ പല കുറ്റകൃത്യങ്ങളും ചെയ്യുമ്പോഴും എല്ലാ വെള്ളക്കാരും കറുത്തവരെ ഭയപ്പാടോടെയാണ് നോക്കിക്കാണുന്നത് എന്ന് പറയാനും കഴിയില്ല.

വെള്ളക്കാരന്റെ ആധിപത്യം നിലനില്‍ക്കുന്ന സംസ്‌കാരങ്ങളിലെല്ലാം കറുത്തവര്‍ഗ്ഗക്കാര്‍ സ്ഥിരമായി ഹിംസക്കിരയാവുകയും കൊല്ലപ്പെടുകയും ചെയ്യാറുണ്ട്. ഇത്തരം ഹിംസകളെ സ്റ്റേറ്റ് ന്യായീകരിക്കാറാണ് പതിവ്. കാരണം വംശീയ വ്യത്യാസങ്ങളെ നിലനിര്‍ത്തിക്കൊണ്ടൂപോകാന്‍ അത് ആവശ്യമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഞങ്ങള്‍ കറുത്ത വര്‍ഗ്ഗക്കാര്‍ രണ്ടാംകിട പൗരന്മാരാണെന്ന് പഠിപ്പിക്കപ്പെടാറില്ലെങ്കിലും ഞങ്ങളുടെ ശരീരങ്ങളുടെയും ആത്മാവിന്റെയും പുറത്ത് നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന വെള്ളക്കാരന്റെ ഹിംസകള്‍ ഞങ്ങളെ അത് പഠിപ്പിക്കാറുണ്ട്, എന്നാല്‍ ചില ഘട്ടങ്ങളിലെങ്കിലും ഞങ്ങള്‍ സമരത്തില്‍ ഏര്‍പ്പെടാറുമുണ്ട്. ഞങ്ങളുടെ സാമൂഹിക യാഥാര്‍ഥ്യത്തില്‍ നിന്നും ഈയടുത്ത് മാത്രം ഇല്ലാതാക്കപ്പെട്ട വംശീയ വിവേചനത്തിന്റെ അതേ ക്രൂരമായ സാമൂഹിക അവസ്ഥയിലല്ല ഞങ്ങള്‍ ഇപ്പോഴുള്ളത്. വെള്ളക്കാരന്‍ തീരുമാനിക്കുന്ന സ്വഭാവഗുണങ്ങള്‍ ഇല്ലാത്ത ആളുകള്‍ക്ക് ജീവിതം സാധ്യമല്ല എന്ന് ഭൂരിഭാഗം കറുത്തവര്‍ഗ്ഗക്കാരും വിശ്വസിച്ചിരുന്നു. വെള്ളക്കാര്‍ അവരുടെ രോഷത്താല്‍ കറുത്തവരെ കൊന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. എമ്മറ്റ് ടില്ലിന്റെയും (Emmett Till) ബെന്‍സംഗ്ഹോസ്റ്റ് (Bensunhurst) ന്റെയും ഹൊവാര്‍ഡ് ബീച്ചിന്റെയും (Howard Beach) മെല്ലാം സംഭവങ്ങള്‍ ഈ രാജ്യത്തിന്റെ ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും. കറുത്തവര്‍ഗ്ഗക്കാരനായ വ്യക്തി അവരുടെ ദേഷ്യത്തിന്റെ പുറത്ത് വെള്ളക്കാരനെ കൊല്ലുന്ന ഒറ്റപ്പെട്ട സംഭവങ്ങളും കാണാന്‍ കഴിയും. വെളളക്കാന്റെ ദേഷ്യം അംഗീകരിക്കപ്പെടുന്നതും പൊറുക്കപ്പെടുന്നതുമാണ്, എന്നാല്‍ കറുത്തവന്റെ രോഷത്തിന് യാതൊരു സ്ഥാനവും ഇവിടെയില്ല.

വംശീയ വിവേചനം നിലനിന്നിരുന്ന സൗത്തില്‍ നിന്നും വിട്ട് വെള്ളക്കാരന്റെ ആധിപത്യം വലിയ അളവില്‍ നിലനിന്നിരുന്ന സ്ഥാപനത്തില്‍ പഠനത്തിന് ചേരുമ്പോള്‍ എന്റെ രോഷവുമായി എനിക്ക് ബന്ധമൊന്നുമുണ്ടായിരുന്നില്ല. വംശീയത ഇല്ലാതായി വെള്ളക്കാരനും കറുത്തവനും ഒന്നാവുന്ന ലോകത്തെ സ്വപ്നം കാണാനായിരുന്നു അതുവരെ ഞാന്‍ പഠിച്ചത്. ഒരു കരണത്ത് അടി കിട്ടുമ്പോള്‍ മറ്റേ കരണവും കാണിച്ചുകൊടുക്കാനാണ് ഞാന്‍ ശീലിച്ചത്. എഴുപതുകളില്‍ വെസ്റ്റ് കോസ്റ്റിലേക്ക് കോളേജ് പഠനത്തിനായി പോയപ്പോള്‍ വംശീയ വിവേചനത്തില്‍ ജീവിക്കുന്ന വെള്ളക്കാര്‍ എനിക്കെതിരെ ചെയ്ത ഹിംസാത്മക കൃത്യങ്ങള്‍ വെള്ള ഉദാരതയുടെ സ്വതന്ത്ര ശ്വാസത്തെ പറ്റിയുള്ള സംശയങ്ങള്‍ എന്നിലുണ്ടാക്കി. എനിക്കെതിരെയുണ്ടായ ഭീഷണികള്‍ എന്റെ രോഷത്തെ തടഞ്ഞുനിര്‍ത്തുകയാണുണ്ടായത്. വംശീയതക്കെതിരായി. എനിക്കനുഭവപ്പെട്ട ആദ്യത്തെ ”രാഷ്ട്രീയ രോഷം” എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. ഫനനിനെയും മെമ്മിയെയും ഫ്രെയ്റെയെയും വായിച്ചപ്പോഴാണ് എന്നില്‍ അത് പടര്‍ന്നത്. മാല്‍കം എക്സിന്റെ ആത്മകഥ വായിക്കുമ്പോഴാണ് അത് പുറത്ത് വന്നത്. കോര്‍ണല്‍ വെസ്റ്റ് അഭിപ്രായപ്പെടുന്നത് പോലെ കറുത്തവര്‍ഗ്ഗക്കാരുടെ വൈകാരിക കര്‍തൃത്വം സ്ഥാപിക്കുവാനാണ് മാല്‍കം എക്സ് ശ്രമിച്ചത് എന്ന് എനിക്കും തോന്നിത്തുടങ്ങി. ഞങ്ങളുടെ രോഷത്തെ സ്ഥാപിച്ചുകൊണ്ടേ അത് സാധ്യമാവുകയുള്ളൂ. എല്ലാത്തരം അമര്‍ത്തിവെക്കലിനെയും പോലെ തന്നെ എന്റെ രോഷം പുറത്ത് ചാടുന്നതിനെ കുറിച്ച് ഞാന്‍ ഭയപ്പെട്ടിരുന്നു. മറന്നു പോയതിലേക്കുള്ള എന്റെ മടക്കത്തിലേക്കാണ് അതെന്നെ കൊണ്ടെത്തിച്ചത്. അത് സൗത്തുമായുള്ള-എന്റെ വീടുമായുള്ള എന്റെ ബന്ധത്തില്‍ മാറ്റങ്ങള്‍ വരുത്തി, എനിക്കവിടേക്ക് തിരിച്ചു പോകാന്‍ കഴിയാതായി. അതിന് ഫലമായി ഞാനൊരു മാര്‍ക്ക് ചെയ്യപ്പെട്ട സ്ത്രീയായി എനിക്ക് തോന്നിത്തുടങ്ങി. തന്റെ രോഷത്തെ കുറിച്ച് ലജ്ജയില്ലാത്ത, വിമര്‍ശനാത്മക ബോധം വളര്‍ത്തിയെടുക്കാന്‍ അത് അനിവാര്യമാണെന്ന് മനസ്സിലാക്കുന്ന, പൂര്‍ണ്ണമായ അപകോളനീകരണത്തിലൂടെ ആത്മ-സാക്ഷാത്കാരം നേടിയ കറുത്തവന് നിലനില്‍ക്കുന്ന സാമൂഹിക ഘടനക്കകത്ത് യാതൊരു സ്ഥാനവും ലഭിക്കുകയില്ല. ഒറ്റപ്പെടുന്നതായി എനിക്ക് തോന്നിത്തുടങ്ങി. എനിക്ക് എന്താണ് സംഭവിച്ചത് എന്ന് എന്റെ പ്രഫസര്‍മാരും സുഹൃത്തുക്കളും ആശങ്കപ്പെട്ടു. ഈ പുതിയ ആക്രമണ മനോഭാവം എന്നെ ഇല്ലാതാക്കുമെന്ന അവരുടെ ആശങ്ക എന്നോട് പങ്കുവെച്ചു. ഞാന്‍ എന്റെ വീട്ടുകാരെ കാണാന്‍ അവിടേക്ക് പോകുമ്പോഴെല്ലാം അവരുമായി വലിയ അളവില്‍ അകല്‍ച്ച അനുഭവപ്പെടാന്‍ തുടങ്ങി. പുതിയ എന്നെ കുറിച്ച് അവര്‍ക്ക് ആശങ്കയായിരുന്നു. സൗത്തിലെ എന്നോട് എപ്പോഴും സഹായ മനോഭാവത്തോടെ പെരുമാറുന്ന നല്ലവരായ വെള്ളക്കാരായ സുഹൃത്തുക്കള്‍ എന്റെ കോളേജ് എന്നെ നശിപ്പിക്കുന്നതായി ഭയപ്പെട്ടു. ഞാന്‍ സമൂലമായി രാഷ്ട്രീയവത്കരിക്കപ്പെടുകയാണെന്നും ആത്മസാക്ഷാത്കാരം നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഞാന്‍ മാത്രമേ അറിഞ്ഞിരുന്നുള്ളൂ.

എന്റെ ഉള്ളിലെ രോഷത്തെയും അതിന്റെ വളര്‍ച്ചയെയും മാറ്റത്തെയും മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് എല്ലാം തകര്‍ക്കാന്‍ മാത്രമല്ല നിര്‍മ്മാണാത്മകമായ സാധ്യതകളും ഉള്ളതായി കാണാന്‍ കഴിഞ്ഞു. പ്രതിരോധാത്മക പോരാട്ടത്തിന് രോഷം അനിവാര്യമാണെന്നാണ് അന്നും ഇന്നും ഞാന്‍ മനസ്സിലാക്കുന്നത്. ധൈര്യപൂര്‍വ്വമുള്ള പ്രവൃത്തികളില്‍ രോഷം ഉള്‍പ്രേരകമായി പ്രവര്‍ത്തിക്കുന്നതായി കാണാം. കറുത്തവര്‍ഗ്ഗക്കാര്‍ തങ്ങളുടെ രോഷത്തെ ഉന്‍മൂലനം ചെയ്താല്‍ മാത്രമേ വംശീയത ഇല്ലാതാവൂ എന്ന് വാദിച്ചുകൊണ്ട് വെളുത്തവന്റെ ആധിപത്യമുള്ള മുതലാളിത്ത പുരുഷാധിപത്യ സംസ്‌കാരത്തിന്‍ ബൗദ്ധികാധികാരം നിലനിര്‍ത്താനാണ് വെള്ളക്കാരന്‍ ശ്രമിക്കുന്നത്. ഏതെങ്കിലും ഒരു കറുത്തവര്‍ഗ്ഗക്കാരന് സാമ്പത്തികമായി അഭിവൃദ്ധി ആവശ്യമുണ്ടെങ്കില്‍ അയാള്‍ക്ക് അയാളുടെ രോഷത്തെ ഇല്ലായ്മ ചെയ്യേണ്ടി വരുന്നു. അതിനാല്‍ ഞങ്ങളില്‍ പലര്‍ക്കും രോഷമില്ല. ഞങ്ങള്‍ ലിബറല്‍ വ്യക്തിത്വങ്ങളായി മാറുകയും എന്നാല്‍ കറുത്തവനാണെന്ന ബോധ്യം സ്വയം ഉണ്ടാവുകയും ചെയ്യുന്നതിനാല്‍ സ്വതന്ത്രമായ പരസ്പര ബന്ധം സാധ്യമാവുന്നില്ല. വംശീയതയുടെ എല്ലാ ക്രൂരതകളും ഈയൊരു ബന്ധത്തെ അടിസ്ഥാനമാക്കിയാണ് നിലനില്‍ക്കുന്നത്.

ഈയൊരു ബന്ധത്തെ സുഗമമായി നടപ്പില്‍ വരുത്താന്‍ ആഗ്രഹിക്കുന്ന കറുത്തവര്‍ഗ്ഗക്കാര്‍ അവരുടെ രോഷത്തിന്റെ തീവൃതയെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. വംശീയ വിവേചനം വെള്ളക്കാരുമായുള്ള അടുത്തിടപഴകലില്‍ നിന്നും എന്നെ തടഞ്ഞുനിര്‍ത്തിയിരുന്ന കാലത്ത് വംശീയതയുടെ വേദന മറക്കാന്‍ എനിക്ക് നന്നായി സാധിച്ചിരുന്നു. ഇന്ന് വെള്ളക്കാരുമായി ഇടപഴകുന്ന ഘട്ടങ്ങളില്‍ അപൂര്‍വ്വമായി വംശീയത ഞാന്‍ അനുഭവിക്കുകയും ഇവിടുത്തെ സാംസ്‌കാരിക മണ്ഡലത്തോടുള്ള എന്റെ രോഷം അത് വര്‍ധിപ്പിക്കുകയും ചെയ്യാറുണ്ട്. വെള്ളക്കാരുമായുള്ള അടുത്ത ബന്ധങ്ങളില്‍ വംശത്തിന്റെയും വംശീയതയുടെയും അനന്തരഫലങ്ങളെ അവര്‍ പാടേ തള്ളിക്കളയുന്നതായി ഞാന്‍ കാണാറുണ്ട്. ഭൂതകാലത്തും ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന വംശീയ സാഹചര്യങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും അവര്‍ ഒഴിഞ്ഞു മാറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആന്‍ഡ്ര്യൂ ഹാക്കറിന്റെ(Andrew Hacker) TWO NationsBlack and White, Separate, Hostile, Unequal എന്ന പുസ്തകത്തില്‍ വെള്ളക്കാരനായ എഴുത്തുകാരന്‍ തന്നെ ഇതു സാക്ഷ്യപ്പെടുത്തുന്നതായി കാണാം. പല കറുത്തവര്‍ഗ്ഗക്കാരായ ചിന്തകരുടെയും ആശയങ്ങളെ വരച്ചുകാട്ടിക്കൊണ്ട് അദ്ദേഹം വെള്ളക്കാരന്റെ ആധിപത്യമുള്ള മുതലാളിത്ത പുരുഷാധിപത്യ വ്യവസ്ഥയില്‍ വെള്ളക്കാര്‍ ബ്ലാക്ക്വിരുദ്ധ വികാരം ശൃഷ്ടിക്കുകയും നിലനിര്‍ത്തിക്കൊണ്ട് പോവുകയും ചെയ്യുന്നതായി പറയുന്നുണ്ട്. വംശീയ വിദ്വേഷം ഒരു യാഥാര്‍ഥ്യമാണ്. രോഷം കൊണ്ട് അതിനെ പ്രതിരോധിക്കാന്‍ കഴിയേണ്ടതുമുണ്ട്.

കറുത്ത രോഷം എന്ന പദവുമായി യാതൊരു ബന്ധവും പുലര്‍ത്താതെ നല്ല ജീവിതം നയിക്കാന്‍ മേല്‍ത്തട്ട് കറുത്തവര്‍ഗ്ഗക്കാര്‍ക്ക് മറവിയിലൂടെയും നിരാസത്തിലൂടെയും സാധിക്കുന്നുണ്ട്. എല്ലാ തരത്തിലുമുള്ള ആസക്തി എല്ലാം മറക്കാനും വേദനയും രോഷവും ഉപേക്ഷിക്കാനും കറുത്തവരെ പ്രാപ്തരാക്കുകയും അപകടകരമായ നിര്‍വ്വികാരതയും ദുര്‍ബലതയും അതിന് പകരമായി സ്ഥാപിക്കുകയും ചെയ്യുന്നു. ഇരവത്കരണത്തിന്റെ പ്രയോജനരാഹിത്യത്തെ ആസക്തി അംഗീകരിക്കുന്നു. വലിയ വിഭാഗം കറുത്തവര്‍ഗ്ഗക്കാരും ഇരവത്കരണവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞതായി പരമ്പരാഗത കറുത്ത ചിന്തകര്‍ അഭിപ്രായപ്പെടുന്നുണ്ട്. അത് പൂര്‍ണ്ണമായും ശരിയായ വാദമല്ല.

Toni Morrison

മുഖ്യധാരാ വെളുത്ത സംസ്‌കാരം ഇരവത്കരണത്തിന്റെ ആവരണം അണിയിച്ചുകൊണ്ട് കറുത്തവരെ സാമൂഹിക മാറ്റത്തിനായി വിളിച്ചുകൊണ്ടിരിക്കുകയാണെന്ന് അവര്‍ അറിയേണ്ടതുണ്ട്. കറുത്തവരുടെ ഇരവാദത്തെ വെള്ളക്കാര്‍ പിന്തുണക്കുകയും വേവലാതിപ്പെടുകയും യാചിക്കുകയും അനുസരിക്കുകയും ചെയ്യുന്ന കറുത്തവര്‍ക്ക് വേണ്ടതു ചെയ്തുകൊടുത്തുകൊണ്ട് കറുത്തവന്റെ നിഷ്‌ക്രിയത്വത്തെ പ്രോര്‍സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ടോണി മോറിസന്റെ കഥാപാത്രമായ ജോയ്ക്ക് അയാളുടെ രംഗ പിതാവ്(Play Father) പറഞ്ഞുകൊടുക്കുന്നതും ഇതാണ് ”വെള്ളക്കാരന്റെ ഉദാരതയുടെ രഹസ്യം അവര്‍ ഒരു സാധനത്തെ ഇഷ്ടപ്പെടുന്നതിന് മുമ്പ് അതിനോട് അനുകമ്പ കാണിക്കും എന്നതാണ്.” കറുത്തവന്റെ ഇരവത്കരണം സ്വാഗതാര്‍ഹമാണ്. ആക്റ്റിവിസത്തിന് എതിരായി വരുന്നതിനാല്‍ പല വെള്ളക്കാരും അതിനെ പരിഗണിക്കുന്നുണ്ട്. ഇരവത്കരണത്തിന്റെ ആന്തരികവത്കരണം കറുത്തവനെ അശക്തനും അവന്റെ കര്‍തൃത്വത്തെ കണ്ടെത്താന്‍ കഴിയാത്തവനും ആക്കുന്നു. ഇരവത്കരണത്തെ നാം ഉയര്‍ത്തിക്കാട്ടുമ്പോള്‍ നമ്മുടെ രോഷത്തെയാണ് ബലി കഴിക്കുന്നത്.

ഒരു ഇരയല്ലാത്തതിനാല്‍ എന്റെ രോഷം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതെന്റെ മനസ്സില്‍ വ്യക്തതയോടെ എരിഞ്ഞുകൊണ്ടിരിക്കുകയാണ്. അത് നിര്‍മ്മാണാത്മകമായ ആശ്വാസം നല്‍കുന്ന രോഷമാണ്. സ്വന്തത്തെ തിരിച്ചറിയുക എന്നത് വ്യക്തമായി കാണാന്‍ പഠിക്കുക എന്നുള്ളതുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്ന് വിയറ്റ്നാമി ബുദ്ധിസ്റ്റ് സന്യാസി Tich Nhat Hanh പഠിപ്പിക്കുന്നുണ്ട്. അപകോളനീകരണത്തിന്റെ രാഷ്ട്രീയം വ്യക്തമായി കാര്യങ്ങള്‍ കാണാന്‍ നമ്മെ പഠിപ്പിക്കുന്നു. അത് കോളനിവത്കരിച്ചവന്റെയും കോളനിവത്കരിക്കപ്പെട്ടവന്റെയും സ്വാതന്ത്രത്തിലേക്കുള്ള വഴിയാണ്. മനസ്സിനെ അപകോളനീകരിച്ചവന് കറുത്തവന്റെ രോഷം കേള്‍ക്കാനും ക്രിയാത്മകമായി അത് ഉപയോഗിക്കാനും കഴിയും.

കറുത്ത രോഷത്തെ പറ്റിയുള്ള ഭയാനകമായ കഥകളാണ് ലോക മാധ്യമങ്ങള്‍ നമുക്ക് മുന്നില്‍ വിളമ്പിക്കൊണ്ടിരിക്കുന്നത്. നിരപരാധികളുടെ മേല്‍ കറുത്ത യുവാക്കള്‍ നടത്തുന്ന ആക്രമങ്ങളെ പറ്റി അവര്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കറുത്ത വിദ്വേഷം എന്നത് ഉപയോഗ ശൂന്യമായ, അര്‍ഥമില്ലാത്ത, നാശം വിതക്കുന്ന ഒന്നാണെന്നാണ് അത് ജനങ്ങളെ പഠിപ്പിക്കുന്നത്. വെള്ളക്കാരന്റെ സ്റ്റാറ്റസ് നിലനിര്‍ത്താനാണ് ഇത്തരം ഏകീകൃതമായ തെറ്റായ ആഖ്യാനങ്ങള്‍ സഹായിക്കുന്നത്. വംശീയതക്കും വംശത്തിനും എതിരെയുള്ള സായുധ പ്രതികരണങ്ങളെ ഇല്ലാതാക്കുമ്പോള്‍ ആ രോഷത്തിന് വിപ്ലവകരമായ ഒന്നായി മാറാനും നിര്‍മാണാത്മക സാമൂഹിക മാറ്റത്തിന് കാരണമാകാനും സാഹചര്യം ഇല്ലെന്ന് അവര്‍ ഉറപ്പ് വരുത്തുന്നു. മാല്‍കം എക്സിനെ പറ്റിയുള്ള സമകാലിക പുനര്‍വായനകളും വിമര്‍ശനങ്ങളും രോഷമാണ് അദ്ദേഹത്തിന്റെ മഹത്തായ സന്ദേശം എന്ന് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. നീതിക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ രോഷം അദ്ദേഹത്തെ കൂടുതല്‍ കൂടുതല്‍ ബോധവാനാക്കി മാറ്റുന്നുണ്ട്. അത് അദ്ദേഹത്തെ മാറ്റത്തിലേക്ക് വലിച്ചു കൊണ്ടുപോകുന്നു. ശക്തനാവാന്‍ എങ്ങനെ നമുക്ക് രോഷത്തെ ഉപയോഗപ്പെടുത്താം എന്നുള്ളതിന്റെ ഉദാഹരണം ആണ് അദ്ദേഹം.

കറുത്ത രോഷം എല്ലായ്പ്പോഴും നാശം വിതക്കുന്നതും പൈശാചികമായ ഒന്നുമായി പ്രതിനിധീകരിക്കപ്പെടുമ്പോള്‍ മാറ്റം സാധ്യമാക്കുന്ന വിപ്ലവാത്മകമായ ഒരു ആശയത്തെ പറ്റിയുള്ള ഭാവന നമുക്ക് ഇല്ലാതാവുന്നു. എന്റെ അടുത്തിരിക്കുന്ന വെള്ളക്കാരനെ കൊല്ലാനുള്ള ദേഷ്യം എന്നെ ഭ്രമിപ്പിക്കുന്നുണ്ടെങ്കിലും ഞാന്‍ അയാളെ കൊല്ലുകയില്ല. ഞാന്‍ എന്റെ രോഷത്തെ കേട്ടു… പേനയെടുക്കാനും ആ നിമിഷത്തിന്റെ ഹൃദയത്തില്‍ എഴുതാനും എന്നെ പ്രോല്‍സാഹിപ്പിക്കാന്‍ ഞാന്‍ അതിനെ അനുവദിച്ചു. അവസാനം എന്തുകൊണ്ടാണ് ഇവിടെ മുഴുവന്‍ വംശീയ ഹിംസകളും കൊലപാതകങ്ങളും അപമാനവും നടന്നുകൊണ്ടിരിക്കുന്നത് എന്ന് ഞാന്‍ ആലോചിച്ചു. അത്തരം സംഭവങ്ങള്‍ എന്റെ തീരുമാനങ്ങളെ നിര്‍ണ്ണയിക്കുന്നതിനും എന്റെ ശബ്ദം പുറത്തുകാണിക്കുന്നതിനുമുള്ള ഓര്‍മ്മപ്പെടുത്തലുകളാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. വംശീയ അധിക്ഷേപങ്ങളോടുള്ള നമ്മുടെ നിശബ്ദതകളെല്ലാം തന്നെ കുറ്റമാണ്. അനീതിക്കെതിരെയുള്ള നമ്മുടെ രോഷത്തെ നിശബ്ദമാക്കാനും ഭൗതികസുഖങ്ങള്‍ക്കകത്ത് മറന്നുപോകാനും കഴിയുമോ? കറുത്ത വര്‍ഗ്ഗക്കാര്‍ അവരുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി തങ്ങളുടെ വിമര്‍ശനാത്മകമായ രാഷ്ട്രീയ ബോധ്യങ്ങളെ വില്‍ക്കാന്‍ ശ്രമിച്ചാല്‍ രോഷത്തിന് അവിടെ യാതൊരു സ്ഥാനവും ഉണ്ടാവുകയില്ല എന്ന് മാത്രമല്ല, വെള്ളക്കാരന്റെ ആധിപത്യം ഇല്ലാതാക്കാനുള്ള പ്രതീക്ഷ പോലും പിന്നീട് ബാക്കിയുണ്ടാവില്ല.

രോഷം ചിലപ്പോള്‍ പാഴായിപ്പോകാന്‍ സാധ്യതയുണ്ട്. സ്വത്വ നിര്‍ണ്ണയനത്തിനായുള്ള കറുത്ത പോരാട്ടങ്ങളോട് പൂര്‍ണ്ണമായും വൈകാരികമായി പ്രതികരിക്കുന്നതിലൂടെ മാത്രമേ രോഷത്തെ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. മാല്‍കം എക്സിന്റെ ആത്മകഥ ഇരുപത് വര്‍ഷം മുമ്പ് വായിച്ചപ്പോള്‍ അദ്ദേഹം അനുഭവിച്ച നീതിക്കുവേണ്ടിയുള്ള അതേ രോഷം ഞാന്‍ അനുഭവിക്കുകയും എന്റെ ചുറ്റുമുള്ള ലോകം പുതിയതായി അനുഭവിക്കാന്‍ എനിക്ക് കഴിയുകയും ചെയ്തിട്ടുണ്ട.് എന്റെ സമപ്രായക്കാരില്‍ പലരും രോഷത്തിനും വിശ്വാസത്തിനും സ്ഥാനം കൊടുക്കാത്തവര്‍ ആണ്. അവര്‍ സ്വയം തന്നെ രോഷാകുലരായ കറുത്ത യുവാക്കളില്‍ നിന്നും അകലം പാലിക്കുന്നവരാണ്. വയസ്സും അനുഭവവും കൂടുതലുള്ള ഞങ്ങളെ പോലുള്ള ആളുകള്‍ രോഷം പ്രകടിപ്പിക്കുന്നത് കറുത്തവരും അല്ലാത്തവരുമായ സ്വയം നിര്‍ണയത്വത്തിനായുള്ള വഴികള്‍ അന്വേഷിക്കുന്ന യുവാക്കളുമായി ബന്ധം സ്ഥാപിക്കാന്‍ കാരണമാകുന്നുണ്ട്. കറുത്ത രോഷത്തെ സംഘടിതമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കൃത്യമായ കറുത്ത വിമോചനം (Black Liberation) സാധ്യമാവുകയില്ല. പുതിയ ബ്ലാക്ക് ആക്റ്റിവിസ്റ്റുകള്‍ എങ്ങനെയെല്ലാം നമുക്ക് കറുത്തവന്റെ രോഷത്തെ ഉപയോഗപ്പെടുത്താന്‍ കഴിയും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പുതിയ ചിന്തകള്‍ സാധ്യമാക്കുന്ന, ആശ്വാസം പ്രദാനം ചെയ്യുന്ന, സമരം സാധ്യമാക്കുന്ന സ്വാതന്ത്രത്തിനും നീതിക്കും വേണ്ടിയുള്ള അഭിനിവേശമായി ആ രോഷത്തെ നമുക്ക് ഉപയോഗിക്കേണ്ടതുണ്ട്.

ബെല്‍ ഹൂക്‌സ്‌