Campus Alive

ദേശമില്ലാത്ത ദേശീയതയും ദേശീയതയില്ലാത്ത ദേശവും: ജി. അലോഷ്യസിന്റെ പുസ്തകത്തെക്കുറിച്ച്‌

ഇന്ത്യന്‍ ദേശീയതയെക്കുറിച്ച വ്യവഹാരങ്ങള്‍ തര്‍ക്ക വിതര്‍ക്കങ്ങള്‍ക്കും ആശയ കാലുഷ്യത്തിനും ഇടയാക്കുന്ന ഒന്നാണ്. അപരനോടുള്ള കടുത്ത വിദ്വേഷത്തിലും പേടിയിലും തുടങ്ങി ‘ദേശാഭിമാനികള്‍’ക്കുള്ള വിശുദ്ധ പൂജയായി വരെ അത് മാറാറുണ്ട്.  ചിലര്‍ക്കത് എതിര്‍ക്കപ്പെടുന്നത് ചിന്തിക്കാന്‍ പോലുമാകാത്ത വിശുദ്ധ പശുവാണ്. ചിലര്‍ക്കത് തങ്ങളെ തരംതാഴ്ത്തുകയും നിരന്തരം ആരോപണ വിധേയരാക്കുകയും ചെയ്യുന്ന തീരാ ശാപമാണ്. ചരിത്രകാരനത് ഒരു രാജ്യത്തെ നിര്‍മ്മിച്ചെടുത്ത വിജയഗാഥയാണ്. സാമൂഹ്യ ശാസ്ത്രജ്ഞെനെ സംബന്ധിച്ചിടത്തോളം മതേതരത്വം, ജനാധിപത്യം തുടങ്ങിയ മാനവിക മൂല്യങ്ങളെ നിര്‍മ്മിച്ചെടുത്ത സാമൂഹ്യ സ്ഥാപനവും സോഷ്യല്‍ ഐഡിയോളജിയുമാണ്. ‘നാനാത്വത്തില്‍ ഏകത്വം’ സാധ്യമാക്കിയ ഒരിക്കലും എതിര്‍ക്കാന്‍ പാടില്ലാത്ത, നിരുപാധികമായി അനുസരണം നിരന്തരം തേടുന്ന, ജനങ്ങളെ ഒരുമിച്ചു നിര്‍ത്തുന്ന സുന്ദര മാനവിക മൂല്യമായാണ് ദേശീയത പൊതുവ്യവഹാരങ്ങളില്‍ സ്വീകരിക്കപ്പെടുന്നത്.

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെക്കുറിച്ചും ദേശീയതയുടെ രൂപീകരണത്തെക്കുറിച്ചുമുളള ആഴത്തിലുളള പഠനമാണ് ജി.അലോഷ്യസിന്റെ nationalism without a nation in india അഥവാ ദേശമില്ലാത്ത ദേശീയതയെക്കുറിച്ചുളള പഠനം. പാടിപ്പതിഞ്ഞ് ചൊല്ലിപ്പഠിപ്പിച്ച ഏകാത്മക ദേശീയതാ വ്യവഹാരത്തോടുളള അക്കാദമിക വിമര്‍ശമാണ് ഈ ഗ്രന്ഥം. മേല്‍ജാതി മേല്‍ക്കോയ്മാവാദികളുടെ സാമൂഹിക സാമ്പത്തിക താല്‍പര്യങ്ങളാണ് ‘ ഇന്ത്യന്‍ ദേശീയതയെ ‘ നിര്‍മ്മിച്ചെടുത്തതെന്ന് അലോഷ്യസ് വാദിക്കുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ ഇടപെടലുകള്‍ക്കുപരി ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയിലുണ്ടായ ആഭ്യന്തര ധ്രുവീകരണവും തേയ്മാനവുമാണ് ദേശീയ ചലനങ്ങളെ രൂപപ്പെടുത്തിയതെന്നും ജാതീയമായ വയലന്‍സ് നേരിട്ട കീഴാള ജനത, ജാതിഹിന്ദുക്കള്‍ക്കെതിരില്‍ നടത്തിയ രാഷ്ട്രീയ പ്രതികരണങ്ങളെ സമര്‍ത്ഥമായി കൊളോണിയല്‍ വിരുദ്ധമാക്കി പുകമറ സൃഷ്ടിച്ച് ‘ദേശീയതയുടെ’ വിശാല മുഖംമൂടി എടുത്തണിയുകയാണ് ജാതിഹിന്ദുക്കള്‍ ചെയ്തതെന്നും അദ്ദേഹം പറയുന്നു. തങ്ങള്‍ക്കെതിരില്‍ നടന്നു കൊണ്ടിരിക്കുന്ന കീഴാള പ്രക്ഷോഭങ്ങളെ ഒതുക്കിത്തീര്‍ക്കാന്‍ സവര്‍ണര്‍ കണ്ടെത്തിയ ബൗദ്ധിക വ്യവഹാരമായിരുന്നു ദേശീയത എന്ന് സമര്‍ത്ഥിക്കുന്ന പുസ്തകം ജാതിക്കെതിരിലുളള ബ്രാഹ്മണേതര മത-സാമൂഹ്യ പ്രസ്ഥാനങ്ങളെ പുതിയവെളിച്ചത്തില്‍ അന്വേഷിക്കുകയും ചരിത്രത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.

സാമൂഹ്യ ശാസ്ത്രപരമായി ദേശീയതയെക്കുറിച്ച് രണ്ട് വീക്ഷണങ്ങള്‍ വികസിപ്പിക്കാം. ഒന്ന്, ദേശീയത എന്നത് മറ്റു സാമൂഹിക പ്രക്രിയകളെപ്പോലെ വ്യത്യസ്ത പ്രദേശങ്ങളിലോ സാംസ്‌കാരിക സാഹചര്യങ്ങളിലോ തുടര്‍ച്ചയായി ആവര്‍ത്തിക്കപ്പെടുന്ന ഒന്നല്ല. വ്യത്യസ്ത ദേശീയതകളെക്കുറിച്ചുളള പഠനം ദേശീയതയെക്കുറിച്ച പൊതുവായ വിവരണങ്ങള്‍ നല്‍കുമെങ്കിലും ദേശീയത എന്നത് ഒരു അതുല്യമായ നിര്‍മ്മിതി (unique construction)അല്ല. രണ്ട്, ദേശീയതയെക്കുറിച്ച് പഠിക്കുമ്പോള്‍ അതിന്റെ സാഹചര്യം, സാമൂഹിക ഘടന, അതിലുണ്ടാകുന്ന മാറ്റം എന്നിവ കൂടി മനസ്സിലാക്കേണ്ടതുണ്ട്. ‘Nationalism without a nation in india’ എന്ന ഈ പുസ്തകം ഇന്ത്യന്‍ സാമൂഹിക ഘടനകളെക്കുറിച്ചും അതിനെ രൂപപ്പെടുത്തിയ സാഹചര്യങ്ങളെക്കുറിച്ചുമുളള സാമൂഹിക ശാസ്ത്രപരമായ വ്യാഖ്യാനമാണ്. ദേശ-ദേശീയ പഠനങ്ങള്‍ക്കൊരാമുഖം, കൊളോണിയല്‍ വാഴ്ചയും പഴയ വ്യവസ്ഥയും, അധികാരവും സംസ്‌ക്കാരവും തമ്മിലുളള സമന്വയം, ദേശീയ പ്രസ്ഥാനം, ദേശം-ദേശീയത ഒരു ഗാന്ധിയന്‍ സംയോജനം, ദേശമില്ലാത്ത ദേശീയത തുടങ്ങിയ വിഷയങ്ങള്‍ പുസ്തകം ചര്‍ച്ച ചെയ്യുന്നു.

nationalism

ഇന്ത്യന്‍ ദേശീയത രൂപീകരിക്കപ്പെടുന്നത് കൊളോണിയല്‍ അധിനിവേശത്തോടുളള ദേശത്തിന്റെ പ്രതികരണമായിട്ടായിരുന്നു എന്ന സാമ്പ്രദായിക സങ്കല്‍പ്പങ്ങളെ അട്ടിമറിക്കുന്നുണ്ട് ഈ പുസ്തകം. ‘ജാതീയപരമായ ശ്രേണികളാല്‍ ആഴത്തില്‍ വിഭജിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ ബ്രിട്ടീഷ് താല്‍പ്പര്യങ്ങള്‍ കൂടിച്ചേര്‍ന്നതോടെ ആഭ്യന്തരമായ ശോഷണത്തിന്റെ ആഴം കൂടുകയും ജാതികള്‍ക്കകത്തെ ആഭ്യന്തരമായ പ്രതികരണങ്ങള്‍ക്ക് ആക്കം കൂട്ടപ്പെടുകയും ചെയ്തു. ഇത് സാമൂഹിക ഘടനകളുടെ തിരശ്ചീനമായ ചലനത്തിലേക്കു നയിക്കുകയും മേല്‍ജാതി പീഢനങ്ങള്‍ക്കെതിരെ കീഴ്ജാതി പ്രതിഷേധങ്ങള്‍ രൂപീകരിക്കപ്പെടുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍, ബ്രിട്ടീഷ് ഭരണം ബ്രാഹ്മണന്മാരേയും മറ്റു ദ്വിജന്മാരേയും സാമൂഹികവും സാമ്പത്തികവുമായി ശക്തരാക്കുകയും കീഴാള പ്രതികരണങ്ങളെ ഒതുക്കേണ്ടുന്നതിനായി ദേശീയവല്‍ക്കരിക്കുകയും ചെയ്തു. മറ്റൊരര്‍ത്ഥത്തില്‍ ശൂദ്രരും അതിശൂദ്രരും ഗോത്രവിഭാഗങ്ങളുമായ മറ്റു പിന്നാക്കക്കാര്‍ക്ക് ഈ സാമൂഹികമായ അന്തരീക്ഷത്തില്‍ നിന്നും തങ്ങള്‍ മാറേണ്ടവരാണ് എന്ന ബോധമുണര്‍ത്തുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടോടു കൂടി ഉപഭൂഖണ്ഡത്തിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ ഇത്തരം രാഷ്ട്രീയ ഉണര്‍വ്വുകള്‍ക്ക് സാക്ഷിയായി. പഴയ സാമൂഹിക സാഹചര്യങ്ങള്‍ക്ക് പകരമായി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് ഇത്തരം ഇടപെടലുകളെ സ്വാധീനിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തിരുവിതാംകൂറിലെ ഈഴവര്‍ മതമേഖലയിലെ ബ്രാഹ്മണരുടെ കുത്തകയെ ചോദ്യം ചെയ്തു. C.E 1800ല്‍ ഈഴവര്‍ വൈക്കം ക്ഷേത്രത്തില്‍ തളളിക്കയറാന്‍ ശ്രമിച്ചെങ്കിലും അവരെ ദാരുണമായി അരിഞ്ഞു വീഴ്ത്തി അമ്പലത്തിലെ ദെല്‍വിക്കുളം എന്നറിയപ്പെടുന്ന ടാങ്കില്‍ സംസ്‌ക്കരിക്കുകയാണുണ്ടായത്. അക്കാലത്താണ് മദ്രാസിലെ അസ്പൃശ്യരായ ശണരും, തിരുവിതാംകൂറില്‍ ഈഴവരും ‘മാറു മറക്കല്‍ കലാപം’ നടത്തിയത്. ഇതിനു സമാന്തരമായിത്തന്നെ മുത്തുക്കുട്ടി സാമി എന്നയാള്‍ ബ്രാഹ്മണേതരമായ മതം വികസിപ്പിച്ചു. അയ്യാ വഴി എന്നു പേരിട്ട ഈ മതാനുയായികള്‍ കീഴാള ജനതക്കു വിലക്കിയിരുന്ന തലപ്പാവുകള്‍ എടുത്തണിയാന്‍ തുടങ്ങി. കേരളത്തില്‍ ശ്രീ നാരായണ ഗുരുവിനു കീഴില്‍ (1853-1928) ഈഴവ ശിവ പ്രതിഷ്ഠ, ഡോ.പല്‍പ്പുവിന്റെ നേതൃത്വത്തിലുളള മുസ്ലിം-കൃസ്ത്യന്‍ പിന്തുണയോടെയുളള ഈഴവ മെമ്മോറിയല്‍, അയ്യങ്കാളിയുടെ(1863-1943)സഞ്ചാര സ്വാതന്ത്ര്യത്തിനായുളള വില്ലുവണ്ടി യാത്ര, കല്ലുമാല പൊട്ടിക്കല്‍ സമരം, പൊയ്കയില്‍ അപ്പച്ചന്റെ കീഴാളര്‍ക്കു വേണ്ടിയുളള പ്രത്യേക ചര്‍ച്ച്, മദ്രാസ് പ്രസിഡന്‍സിയിലെ ശണര്‍-നാടാര്‍ ചെറുത്തു നില്‍പ്പുകള്‍, പരിയ്യ ജാതിക്കാരുടെ അധികാരത്തിനു വേണ്ടിയുളള ആവശ്യപ്പെടല്‍, ആന്റി ബ്രാഹ്മണലിക്കലായ ദ്രാവിഡര്‍ കഴകം, കോണ്‍ഗ്രസിന്റെ ബ്രാഹ്മണിക്കല്‍ നേതൃത്വത്തില്‍ അസംതൃപ്തനായി കോണ്‍ഗ്രസ് വിടുകയും ദ്രാവിഡ കഴകത്തെ ചിന്തപരമായും കര്‍മ്മപരമായും ഉത്തേജിപ്പിച്ച പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍, തമിഴ്-ദ്രാവിഡ സ്വത്വത്തെ ഊര്‍ജ്ജപ്പെടുത്തിയ അയോത്തീ ദാസ്, ബ്രാഹ്മണിക അടിമത്തത്തില്‍ നിന്നും മഡിഗരെ പിടിച്ചുയര്‍ത്തിയ സിദ്ധപ്പ, രാമ-രാജ്യ വര്‍ണാശ്രമ ധര്‍മ്മത്തിനു പകരം ബലിരാജ്യ-തുല്യനീതിയെ ഉയര്‍ത്തിപ്പിടിച്ച് ബോംബെയില്‍ ജ്യോതിബ ഫൂലെ(1827-1890), അതുപോലെ മറ്റു മറാത്ത കീഴ്ജാതിക്കാര്‍ക്ക് വേണ്ടി ബ്രാഹമണര്‍ക്കെതിരില്‍ ഫൂലെ രൂപപ്പെടുത്തിയ സത്യശോധക് സമാജ്, ബംഗാളിലെ നാമശൂദ്ര പ്രസ്ഥാനം, 1921ലെ മലബാറിലെ ജന്മിമാര്‍ക്കെതിരിലുളള മുസ്‌ലിം മാപ്പിള ലഹളകള്‍, സ്വാമി അച്ചുതാനന്ദിന്റെ ആദി ഹിന്ദു സഭ (ഇത് ആര്യ സമാജത്തിന്റെ ബ്രാഹ്മണവല്‍ക്കരണത്തിനെതിരെ പോരാടി). സര്‍വ്വോപരി അംബേദ്ക്കറിന്റെ നേതൃത്വത്തില്‍ നടന്ന മഹറുകളെയും മുസ്‌ലിംകളെയും സംയോജിപ്പിച്ചു കൊണ്ടുളള ബ്രാഹ്മണ വിരുദ്ധ പോരാട്ടങ്ങള്‍ എല്ലാം തന്നെ ഉപഭൂഖണ്ഡത്തിലെ ദേശീയ ഉണര്‍വ്വുകളായി കണക്കാക്കാം. ഇത്തരം ബഹുജന മുസ്‌ലിം രാഷ്ട്രീയ ഉണര്‍വ്വുകളില്‍ വിറളി പൂണ്ടാണ് ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ കീഴില്‍ തങ്ങളുടെ സമ്പത്തും സ്ഥാനമാനങ്ങളും സുരക്ഷിതരാക്കിയ ജാതി ഹിന്ദുക്കളാല്‍ കോണ്‍ഗ്രസിനു കീഴില്‍ പാന്‍ ഇന്ത്യന്‍ ദേശീയത നിര്‍മ്മിക്കപ്പെടുന്നത്. കോണ്‍ഗ്രസിന്റെ നേതാക്കളെല്ലാം തന്നെ ബ്രാഹ്മണരോ ക്ഷത്രിയരോ വൈശ്യരോ(ദ്വിജന്മാര്‍)ആയിരുന്നു. ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളിലായി നടന്ന കീഴാള ഉണര്‍വ്വുകളെ മൂന്ന് കാര്യങ്ങളിലായി തിരിക്കാം. 1.ബ്രാഹ്മണിക്ക് ഐഡിയോളജിക്കെതിരായ പോരാട്ടം 2.ബ്രാഹ്മണിക് നീരാളിപ്പിടുത്തത്തില്‍ നിന്നുളള മോചനം 3.ജാതി അധിഷ്ഠിത ഭൂമി ബന്ധങ്ങള്‍ക്കെതിരിലുളള സമരം.

ഇന്ത്യയില്‍ ഒരേ സമയം രണ്ട് വ്യത്യസ്ത ദേശീയതകളാണ് രൂപീകരിക്കപ്പെട്ടത്. 1.ബഹുജന മുസ്‌ലിം നേതൃത്വത്തിലുളള ബ്രാഹ്മണിക വരേണ്യതക്കെതിരായ സാമൂഹിക ചലനം 2.ഈ ചലനങ്ങളെ അടിച്ചമര്‍ത്താനുളള ദേശീയത. ഈ രണ്ടാമത് നിര്‍മ്മിക്കപ്പെട്ട ദേശീയത കീഴാള ദേശീയതയെ മറച്ചു വെക്കുകയും പാന്‍ ഇന്ത്യന്‍ സ്വഭാവം കൈവരിക്കുന്നതും ‘ഗാന്ധിയന്‍ യുഗത്തില്‍’ ഇന്ത്യന്‍ നാഷണല്‍ കോഗ്രസിനു കീഴിലായിരുന്നു.(natioanalism and nation :the gandhian synthesis,p.182)

 

ദേശം, ദേശീയത-ഒരു ഗാന്ധിയന്‍ മിശ്രണം

ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിലായിരുന്നു ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. റൗലത്ത് ആക്ടിനെതിരെയുളള സത്യാഗ്രഹം, ഇന്ത്യന്‍ ടൂര്‍, ചമ്പാരന്‍ കലാപം…തുടങ്ങി ആദ്യ 5 വര്‍ഷം കൊണ്ടു തന്നെ അദ്ദേഹം ദേശീയ നേതാവായി ഉയര്‍ത്തപ്പെട്ടു. ഇതിന് പ്രധാനമായും 5 കാരണങ്ങളുണ്ടായിരുന്നു.1. കോണ്‍ഗ്രസിന്റെ കലവറയില്ലാത്ത പിന്തുണ 2. ഗാന്ധിയെ ഉയര്‍ത്തിക്കാണിക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചില്ല എന്നത്, ഇത് സാധാരണക്കാരില്‍ വല്ലാതെ അദ്ദേഹത്തിന്റെ സ്വാധീനം ഉയര്‍ത്തി. 3. ഗുജറാത്തി, മാര്‍വാരി കച്ചവട സമുദായത്തില്‍ നിന്നും ഗാന്ധി മാത്രം അനുഭവിച്ച അകമഴിഞ്ഞ പിന്തുണ. 4. ഗാന്ധി പറയുന്നത് ചെയ്യാനായി സദാ സമയം അദ്ദേഹത്തിന്റെ കൂടെ നടന്ന ആശ്രമവാസികളും വളണ്ടിയര്‍മാരും 5. ഗാന്ധിയുടെ ദേശീയ സന്ദേശത്തിനുളള വ്യാഖ്യാനങ്ങള്‍ എന്നിവയാണവ. അദ്ദേഹത്തിന്റെ ആശ്രമം ഒരേ സമയം ഹിന്ദു പരിഷ്‌ക്കരണത്തിന്റേയും കോണ്‍ഗ്രസ് പ്രചാരണത്തിന്റേയും കേന്ദ്രമായിരുന്നു.അദ്ദേഹത്തിന്റെ ധാര്‍മ്മിക സദാചാര മൂല്യങ്ങളെല്ലാം വര്‍ണാശ്രമ ധര്‍മ്മത്തെ ചുറ്റിപ്പറ്റിയുളളവയായിരുന്നു. അദ്ദേഹത്തിന്റെ സത്യാഗ്രഹ ധര്‍മ്മം ജനങ്ങള വിശാലമായി ആകര്‍ഷിക്കാനും കോണ്‍ഗ്രസിന്റെ അധികാരം കയ്യാളാനുമുളളതായിരുന്നു. ഗാന്ധിയന്‍ പരീക്ഷണങ്ങള്‍ പ്രധാനമായും മൂന്ന് മേഖലകളെ കേന്ദ്രീകരിച്ചതായി കാണാം.1. പശു സംരക്ഷണം 2. ഖിലാഫത്ത് 3. അസ്പൃശ്യത(untouchability). അലീ സഹോദരന്മാരെ ഖിലാഫത്ത് ആവശ്യാര്‍ത്ഥം ഗവണ്‍മെന്റിനെതിരിലുളള നിസ്സഹകരണ പ്രസ്താനവുമായി സഹകരിപ്പിക്കാന്‍ ഗാന്ധിക്കായി. അതിനു പകരമായി പശുവിനെ അറുക്കുന്നതില്‍ നിന്നും മുസ്‌ലിംകളെ പിന്തിരിപ്പിക്കാന്‍ സാധിച്ചു. അങ്ങനെ മേല്‍ജാതിക്കാരായ കോണ്‍ഗ്രസിന്റെ പിന്തുണ അദ്ദേഹത്തിനു കിട്ടി. ഇത് ഹിന്ദു മുസ്‌ലിം ഐക്യമായി പ്രചരിപ്പിക്കാന്‍ ഗാന്ധിക്കായി. തൊട്ടു കൂടായ്മക്കെതിരെ ശബ്ദിച്ചു കൊണ്ട് ശൂദ്ര-അസ്പൃശ്യ വിഭാഗത്തിന്റെ പിന്തുണ കൂടി അദ്ദേഹം ഉറപ്പിച്ചു. ഇങ്ങനെ ദ്വിജര്‍ നേതൃത്വം കൊടുക്കുകയും തൊട്ടുകൂടാത്തവരും മുസ്‌ലിംങ്ങളും അണിചേരാന്‍ നിര്‍ബന്ധിതരാക്കപ്പെടുകയും ചെയ്ത ഒരു ദേശീയത രൂപീകൃതമായി.

 

പശു സംരക്ഷണം, ഖിലാഫത്ത്, തൊട്ടുകൂടായ്മ എന്നിവയായിരുന്നു ഗാന്ധിയുടെ മൂന്ന് മന്ത്രങ്ങള്‍. ഖിലാഫത്തിനായുളള പ്രോത്സാഹനത്തിലൂടെ കീഴാളരെ മുസ്‌ലിംകളില്‍ നിന്നും അകറ്റി. പശു സംരക്ഷണത്തിലൂടെ ജാതി ഹിന്ദുക്കളുടെ നിര്‍ലോഭ പിന്തുണ ഏറ്റുവാങ്ങിയ ഗാന്ധി തൊട്ടു കൂടായ്മക്കെതിരിലുളള മുദ്രാവാക്യത്തിലൂടെ സാമൂഹിക ചലനവും സ്വീകാര്യതയും ആഗ്രഹിച്ച കീഴാള മനസ്സുകളില്‍ ഇടം നേടി. അതോടു കൂടി ജാതി നിര്‍മൂലനത്തിനായി വികസിച്ചു വന്ന ബഹുജന മുസ്‌ലിം ദേശീയതകളെ പരിപൂര്‍ണമായും വരേണ്യ കോണ്‍ഗ്രസില്‍ വിലയിപ്പിക്കാന്‍ ഗാന്ധിക്കായി. സ്വാമി ശ്രദ്ധാനന്തയുടേതായി അലോഷ്യസ് ഉദ്ധരിച്ചതു കാണുക: ‘തൊട്ടുകൂടാത്തവരുമായി കൂടിക്കലര്‍ന്ന ധാരാളം പതിദാറുകള്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ തന്നെ കുളിച്ചു ശുദ്ധിയായി’. അഥവാ ഇത്തരം ആശയങ്ങളൊന്നും തന്നെ തന്റെ അനുയായികളുടെ ഹൃദയത്തിലേക്ക് പകര്‍ത്താന്‍ ഗാന്ധി മെനക്കെട്ടില്ല. അസ്പൃശ്യതയുടെ നിവാരണമോ ഹരിജന്‍ ഉന്നമനമോ ഗാന്ധിയന്‍ കാലഘട്ടത്തില്‍ സംഭവിച്ചില്ല. ഒരു തൊട്ടുകൂടാത്തവനെ ഗാന്ധി തന്റെ ആശ്രമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തന്നോട് സാമ്പത്തികമായി സഹകരിക്കുന്നവരുടെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം അയാളോട് ഗുഡ് ബൈ പറഞ്ഞു. ഗാന്ധിയുടെ മതകീയ വ്യവഹാരങ്ങള്‍ അദ്ദേഹം പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രയോഗിച്ചു. അഥവാ താഴ്ന്ന ജാതിക്കാര്‍ക്ക് മതവും ഉയര്‍ന്ന ജാതി ദേശീയ വാദികള്‍ക്ക് രാഷ്ട്രീയവും. ചുരുക്കിപ്പറഞ്ഞാല്‍ ഗാന്ധി ഒരു ബനിയയായിരുന്നു. അദ്ദേഹത്തിന് ഉടയവരില്‍ നിന്നും നാട്ടില്‍ നിന്നും നിര്‍ലോഭ പിന്തുണ കിട്ടി. ദേശീയ പ്രസ്ഥാനത്തിലുടനീളം അദ്ദേഹത്തിന്റെ നേതൃത്വം ഒരു കുത്തകയായിരുന്നു. അദ്ദേഹത്തിന് ആരോടും മറുപടി പറയേണ്ടി വന്നില്ല. ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ ‘നാനാത്വത്തില്‍ ഏകത്വത്തെ’ വിഭാവന ചെയ്തു. ഏകത്വം എന്നത് അധീശത്വപരമായ വിവിധ ഗുണങ്ങളെ ഏകീകരിക്കുന്ന ബ്രഹ്മണിക് ഹിന്ദൂയിസമാണ്. സംസ്‌കൃതം എല്ലാ ഭാഷകളുടേയും അടിസ്ഥാനമാണ്.വര്‍ണാശ്രമ ധര്‍മ്മമാണ് ഏറ്റവും ഉതമായ സാമൂഹിക വ്യവസ്ഥ. അദ്ദേഹത്തിന്റെ നിലപാട് ഇങ്ങനെയല്ലായിരുന്നുവെങ്കില്‍ 1931-ലെ വട്ടമേശ സമ്മേളനത്തില്‍ ഒരു ‘ദേശ’ത്തിനു വേണ്ടിയുളള, ദലിതുകള്‍ക്ക് സ്വന്തമായി നിയോജക മണ്ഡലത്തിനു വേണ്ടിയുളള -കമ്മ്യൂണല്‍ അവാര്‍ഡിനായുളള-അംബേദ്ക്കറിന്റെ ശക്തമായ ആവശ്യത്തെ ചെറുക്കാന്‍ അദ്ദേഹത്തിന് നിരാഹാരമനുഷ്ഠിക്കേണ്ടി വരില്ലായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ അലോഷ്യസിന്റെ പുസ്തകം മുന്നോട്ടു വെക്കുന്ന ആശയം ഇവയാണ്. ഇന്ത്യയെന്നത് ഇനിയും ദേശം നിര്‍മ്മിക്കപ്പെട്ടിട്ടില്ലാത്ത ദേശീയതയാണ്. ദേശം എന്നത് തുല്യതയിലും നീതിയിലും അധിഷ്ഠിതമായ ആധുനികതയുടെ സാമൂഹിക സ്ഥാപനമാണ്. ഇന്ത്യയിലെ ദേശീയത എന്നത് ജാതീയപരമായ അടിച്ചമര്‍ത്തലുകളില്‍ നിന്നും വിമോചനം ആവശ്യപ്പെട്ട് ബഹുജന മുസ് ലിംകള്‍ നടത്തിയ പ്രക്ഷോഭങ്ങളെ ഇല്ലായ്മ ചെയ്യാന്‍ മേല്‍ജാതി ഹിന്ദുക്കള്‍ കണ്ടെത്തിയ ബൗദ്ധിക വ്യവഹാരമാണ്. സ്വാതന്ത്ര്യം എന്നത് കൊളോണിയല്‍ അധികാരികളുടെ കയ്യില്‍ നിന്നും ആര്യ-ദ്വിജന്മാര്‍ക്കുളള അധികാര കൈമാറ്റം മാത്രമായിരുന്നു. നാനാത്വത്തില്‍ ഏകത്വം എന്നത് നാനാത്വത്തിന്റെ വൈവിധ്യങ്ങളെ ബ്രഹ്മണിക ഏകാത്മക ദേശീയതയില്‍ ലയിപ്പിക്കുക എന്നതാണ്. ഇന്ത്യന്‍ ദേശീയ ബോധം ഇന്നും വരേണ്യ ഭാവനകളില്‍ ഒതുങ്ങിക്കൂടുന്നു. ഇത്തരം ബ്രാഹ്മണിക സാമൂഹിക വ്യവസ്ഥകളെ (brahmanic social order-BSO)എതിര്‍ക്കുന്നവവര്‍ ദേശ വിരുദ്ധരായി മുദ്രണം ചെയ്യപ്പെടുന്നു. രോഹിത് വെമുലയും അഫ്‌സല്‍ ഗുരുവും എസ്. എ. ആര്‍ ഗിലാനിയും ഉമര്‍ ഖാലിദും കശ്മീര്‍ ജനതയുമൊക്കെ ഇന്ത്യന്‍ ദേശത്തിന്റെ പവിത്രമായ, നിരന്തരം പുണ്യാഹം തളിക്കപ്പെടുന്ന സാമൂഹ്യക്രമത്തിന് പുറത്താകുന്നത് അത് കൊണ്ടാണ്.

അഡ്വ: അബ്ദുല്‍ അഹദ്