Campus Alive

അറബ് വസന്താനന്തര കാലത്തെ മുസ്‌ലിം മീഡിയകൾ

പ്രാദേശികവും ആഗോളവുമായ സ്വാധീനങ്ങളെക്കാളുപരി, അറബ് വസന്താനന്തരം അറബ് രാജ്യങ്ങളിലെ മുസ്‌ലിം മാധ്യമങ്ങളെ- വിശേഷിച്ചും ഈജിപ്ഷ്യൻ മാധ്യമങ്ങളെ- നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ പ്രതിഭാസം രൂപപ്പെട്ടിട്ടുണ്ട്. ആഗോള സാഹചര്യത്തിൽ ഇസ്‌ലാമോഫോബിയ നിലയുറപ്പിച്ചിട്ടുണ്ട്. PEW റിസർച്ച് സെന്ററിന്റെ സമീപകാല സർവേയിൽ നിന്നു വ്യക്തമാവുന്നതു പോലെ, അമേരിക്കയിലെ ഭൂരിപക്ഷം ജനങ്ങളും മത-വിവേചനങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്, വിശേഷിച്ചും മുസ്‌ലിംകൾ. മറ്റൊരു റിപ്പോർട്ടു പ്രകാരം,  മുസ്‌ലിംകളെ കുറിച്ചുള്ള യു.കെയിലെ മിക്ക ന്യൂസ്‌ കവറേജുകളും പ്രതിലോമകരമാണെന്നാണ് വ്യക്തമാവുന്നത്. അറബ്-മുസ്‌ലിം ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ പോപ്പുലിസത്തിന്റെ ഉയർച്ചക്കു സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയുമാണ്. ഇവ ജനാധിപത്യ സംവിധാനങ്ങളെ ഞെരുക്കുകയും വസ്തുതാധിഷ്ടിത അക്കാദമിക-മാധ്യമ മേഖലകളെ കടന്നാക്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മറ്റൊരു വസ്തുത, ജനാധിപത്യ രാജ്യങ്ങളിലും അല്ലാത്തവയിലും, അഭയാർഥികൾക്കെതിരിൽ വിധ്വേഷം അലയടിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ്. വിശേഷിച്ചും അറബ് രാജ്യങ്ങളിൽ നിന്നുള്ള നിർബന്ധിത കുടിയേറ്റക്കാർക്കെതിരിൽ. അതിനുപുറമേ, രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി ട്രംപ് ബ്രെക്സിറ്റ് ക്യാമ്പയിനിൽ ഉപയോഗിച്ചതു പോലെ, കമ്പനികളുടെ ഡാറ്റാ കച്ചവടവും തകൃതിയാണ്. ഇതിനോടൊപ്പമാണ് വിവിധ വെബ്സൈറ്റുകളും സാറ്റലൈറ്റ് ചാനലുകളും തടഞ്ഞുവെക്കുന്ന പ്രവണതയെ ചേർത്തു വായിക്കേണ്ടത്. Netblocks റിപ്പോർട്ടു പ്രകാരം, ഈജിപ്തിൽ മാത്രം 34000ഓളം വെബ് ഡൊമൈനുകളാണ് തടഞ്ഞു വെച്ചിരിക്കുന്നത്.

ജനനസംഖ്യാശാസ്ത്രപരമായ (demographic) വ്യവഹാരങ്ങളെ ചേർത്തുവായിച്ചുകൊണ്ടാണ് അറബ്-മുസ്‌ലിം മാധ്യമങ്ങളെ മനസ്സിലാക്കേണ്ടത്. സമീപകാല മതപരതയെയും മതബോധങ്ങളെയും (വിദ്യാഭ്യാസത്തെയും) പ്രത്യക്ഷപ്പെടുത്തുന്നതിൽ മാധ്യമങ്ങൾ മുഖ്യ പങ്കുവഹിക്കാൻ ആരംഭിച്ചതു മുതൽ ഇത് വിശേഷിച്ചും പ്രസക്തമാണ്. അറബ്-അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ‘മതത്തെയും മതനേതൃത്വത്തെയും കുറിച്ച ആധുനിക മുസ്‌ലിം തലമുറയുടെ മനോഭാവങ്ങളെ‘ കുറിച്ചു നടത്തിയ അഭിപ്രായ കണക്കെടുപ്പിൽ നിന്നു വ്യക്തമാവുന്നത്, ആധുനിക തലമുറയുടെ സ്വത്വ-രൂപീകരണത്തിൽ ഇസ്‌ലാം കേന്ദ്ര-ഉറവിടമായി വർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നാണ്:

“മതത്തെ വ്യാഖ്യാനിക്കാൻ ആർക്കാണ് അവകാശം എന്നു ചോദിക്കുമ്പോൾ, തങ്ങളുടെ രാജ്യത്തെ ഗ്രാന്റ് മുഫ്തിക്കും മറ്റു ശൈഖുമാർക്കുമാണെന്നാണ് നിരന്തരമായി ലഭിക്കുന്ന മറുപടി. പൂർവ്വാധുനിക കാലത്തെ മുസ്‌ലിം മതപരതയിൽ നിന്നു വ്യത്യസ്തമായ, ഔദ്യോഗിക ഇസ്‌ലാമിന്റെ പങ്കിനെ വ്യക്തമാക്കുന്ന മറുപടിയാണിത്. അതേസമയം, നിങ്ങളുടെ മതവിദ്യാഭാസത്തിന്റെയും മാർഗദർശനത്തിന്റെയും പ്രധാന സ്രോതസ്സ് ഏതാണെന്ന ചോദ്യത്തിന് അവർ നൽകുന്ന മറുപടി, ടെലിവിഷനിലെ മതപരിപാടികളാണെന്നാണ്”.

തീർച്ചയായും, മത-സാംസ്കാരികതയും വിദ്യഭ്യാസവും രൂപപ്പെടുത്തുന്നതിൽ സാമൂഹ്യ മാധ്യമങ്ങൾക്കും വെബ്സൈറ്റുകൾക്കും മുഖ്യമായ പങ്കുണ്ട്. പഠനങ്ങളുടെയും മാർഗദർശനത്തിന്റെയും പ്രധാനമായ ഉറവിടമായി മസ്ജിദുകൾ നിലനിന്നിരുന്ന ഇസ്‌ലാമിക ചരിത്രസാക്ഷ്യങ്ങളിൽ നിന്നുള്ള വലിയ മാറ്റത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. ഗവണ്മെന്റുകളുടെ അഴിമതിയും അടിച്ചമർത്തലുകളും പ്രതിനിധാന ഹിംസയുമാണ് യുവതലമുറയെ തീവ്രവാദ-വിമത ഗ്രൂപ്പുകളിൽ ചേരുന്നതിലേക്കു നയിക്കുന്നതെന്ന വാദം ആധുനിക മുസ്‌ലിം തലമുറയിൽ ശക്തിപ്പെട്ടിട്ടുണ്ട് എന്നതാണ് ഈ റിപ്പോർട്ടിലെ മറ്റൊരു പ്രധാന നിരീക്ഷണം.

മീഡിയയും മതവും തമ്മിലെ ഇടപെടലുകൾക്കും, സത്യാന്വേഷണത്തിലും വിജ്ഞാന വ്യാപനത്തിലും ഇരുകൂട്ടർക്കുമുള്ള താൽപര്യത്തിനും അപ്പുറം, സ്വന്തമായി സ്വതാൽപര്യങ്ങളേയും യുക്തികളേയും അടിസ്ഥാനപ്പെടുത്തിയാണ് ആധുനിക മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. മാധ്യമ രംഗത്തെ മത്സരബുദ്ധി, ഹൃസ്വകാല സാമ്പത്തിക നേട്ടങ്ങൾ മുന്നിൽകണ്ടുള്ള പ്രവർത്തനങ്ങൾ, മുറി-വിവരങ്ങളെയും അറിവുകളെയും പ്രചരിപ്പിക്കൽ, ആവശ്യമില്ലാതെ ഉദ്വേഗം ജനിപ്പിക്കൽ എന്നിവ ഉദാഹരണം. മാധ്യമവൽകൃത ഇസ്‌ലാമിക വ്യവഹാരങ്ങളുടെ ഉയർച്ചക്കിടയിൽ മേൽപറഞ്ഞ വസ്തുതകളെ വിലകുറച്ചു കാണാൻ സാധ്യമല്ല. ധൈഷണിക ശേഷിയുള്ളവർക്കു മേൽ മീഡിയാ ഭാവുകത്വമുള്ള വ്യക്തികൾക്കു മുൻഗണന ലഭിക്കുക, മതവ്യാഖ്യാന അധികാരത്തെ മീഡിയ ടൂളുകളുമായി ബന്ധിപ്പിക്കുക (സാമൂഹ്യ മാധ്യമങ്ങളിലുള്ള ഫോളോവേർസും മറ്റും), മുസ്‌ലിം സെലിബ്രിറ്റി സംസ്കാരം ഉയർത്തിക്കൊണ്ടു വരിക (muslim 500 പോലുള്ള പദ്ധതികൾ, മുസ്‌ലിംകളായ പ്രശസ്തരും സ്വാധീനശേഷിയുമുള്ള വ്യക്തികളെ ലിസ്റ്റു ചെയ്യാനുള്ള ശ്രമങ്ങളാണ്), മറ്റുള്ളവർക്കിടയിൽ ഖണ്ഡന സ്വഭാവത്തിലുള്ള പരിപാടികൾ ആവിഷ്ക്കരിക്കുക തുടങ്ങിയവയാണ് മേൽസൂചിപ്പിച്ച വ്യവഹാരങ്ങളുടെ ഫലമായി ഉണ്ടാകുന്നത്. ഇവ ആഴത്തിലുള്ള പഠനങ്ങൾക്കോ ഉത്തരാവാദിത്വമുള്ള പാണ്ഡിത്യത്തിനോ യുക്തിദീക്ഷയുടെ വൈജ്ഞാനിക സംഭാഷണങ്ങൾക്കോ വഴിയൊരുക്കുന്നവയല്ല. ഇസ്‌ലാമിനെ ചരിത്രപരമായി അടയാളപ്പെടുത്തിയ, പുസ്തക-ഗ്രന്ഥ കേന്ദ്രീകൃത സംസ്കാരത്തിൽ നിന്നുള്ള ഗതിമാറ്റത്തെയാണ് ഇതു സൂചിപ്പിക്കുന്നത്.

സാങ്കേതിക മുന്നേറ്റങ്ങൾ മോശമാണെന്നു പറയാനല്ല ഇതു സൂചിപ്പിച്ചത്. മറിച്ച്, മീഡിയാ പ്രഭാവമുള്ള വ്യക്തികൾക്കാണ് ഇതുകൊണ്ട് കൂടുതൽ പ്രയോജനം എന്നു പറയാം. സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നതു പോലെ, ഇസ്‌ലാമിക പഠനത്തിന്റെ പ്രധാന ഉപാധിയായി മൊബൈൽ ആപ്പുകളും സാമൂഹ്യ മാധ്യമങ്ങളിലെ ഗ്രൂപ്പുകളും (ഫേസ്ബുക്ക്, ടെലിഗ്രാം) മാറിയിട്ടുണ്ട്.

ടെലിഗ്രാമിലും ഫേസ്ബുക്കിലും വാട്ട്‌സ്‌ ആപ്പിലുമായി പഠന സംഘങ്ങൾ ഒരുമിച്ചു കൂടുകയും ചർച്ചകൾ നടത്തുകയും, പണ്ഡിതരും കലാകാരന്മാരും തങ്ങളുടെ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതുമായ നിരവധി ഇടങ്ങളുണ്ട്. ദിവസേനയുള്ള റിമൈൻഡറുകൾ, പ്രാർത്ഥനകൾ, വീഡിയോ പാഠങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ നമുക്കു ലഭ്യമാകുന്നുണ്ട്. ചില പ്രത്യേക വിഷയങ്ങളിൽ ഊന്നി നിന്നുകൊണ്ടുള്ള ചർച്ചകളും നമുക്കു കാണാം. ഇസ്‌ലാമും ശാസ്ത്രവും ഉദാഹരണം. തദ്വിഷയവുമായി ബന്ധപ്പെട്ട ‘ഡാർവിനിസത്തിന്റെ യാഥാർഥ്യം’ പോലുള്ള ചിന്താപരമായ ഇടപെടലുകളും അവിടെ നടക്കും.

എന്നാൽ ഇവിടെ നാം ശ്രദ്ധിക്കേണ്ടതും പരമപ്രധാനവുമായ കാര്യം, മാധ്യമ  രംഗത്തേക്കുള്ള സ്റ്റേറ്റിന്റെ കടന്നുകയറ്റമാണ്. നിരവധി സ്വതന്ത്ര സാറ്റലൈറ്റ് ചാനലുകളും വെബ്സൈറ്റുകളും സമാരംഭിച്ച 1990-2000 കാലഘട്ടത്തിൽ നിന്നു ഭിന്നമായ സാഹചര്യങ്ങളാണ് ഇന്നുള്ളത്. ഇന്ന്, മാധ്യമരംഗം പൂർണമായും ഗവണ്മെന്റ് ഫണ്ട്‌ ചെയ്യുന്നതോ ഗവൺമെന്റിനോട് രാജിയായ ബിസിനസ്‌ ഭീമന്മാർ ഫണ്ട്‌ ചെയ്യുന്നതോ ആണ്. സൗദിയിലോ ഈജിപ്തിലോ മസ്ക്കറ്റിലോ ആവട്ടെ, ഭൂരിഭാഗം ഇസ്‌ലാമിക ടെലിവിഷൻ പരിപാടികൾക്കും ഫണ്ട് ചെയ്യുന്നത് ഗവൺമെന്റോ, ഗവൺമെന്റിനോട് ബന്ധപ്പെട്ടു കിടക്കുന്ന ഗ്രൂപ്പുകളോ ആണ് (സൗദിയിലെ ഇഖ്‌റ, അൽ ആരിഫി/ഈജിപ്തിലെ പൂർവ സലഫിയും ഇപ്പോൾ അഭിനവ-സുന്നി യാഥാസ്ഥികരുമായ അൽ-നാസ് എന്നിവ ഉദാഹരണം). വെബ്സൈറ്റുകളുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. അധിക വ്യക്തിഗത വെബ്സൈറ്റുകളും സ്റ്റേറ്റ്-ഭക്തരായ മതപ്രചാരകരുടെ (മുസ്‌തഫ ഹുസ്നി, അംർ ഖാലിദ്, മുഹമ്മദ്‌ അൽ ആരിഫി തുടങ്ങിയവർ) പേരിലാണ് ഉള്ളത് എന്നതും യാദൃശ്ചികമല്ല.

എന്നാൽ, ഇതു ഫണ്ടുകളുടെ മാത്രം പ്രശ്നമല്ല. സ്റ്റേറ്റിസ്റ്റ് ഇസ്‌ലാമിന്റെ ആവിർഭാവത്തോടു കൂടി, സാമൂഹികവും മതപരവുമായ ജീവിതത്തെ സ്റ്റേറ്റിന്റെ സർവവ്യാപകത്വം മുൻനിർത്തിക്കൊണ്ട് വ്യാഖ്യാനിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരു ഇസ്‌ലാമും, ആളുകളുടെ സ്വകാര്യ-സാമൂഹ്യ ജീവിതങ്ങളിൽ അതിന്റെ പങ്കും ചർച്ചയായിട്ടുണ്ട്. സ്റ്റേറ്റിസ്റ്റ് ഇസ്‌ലാമിനു കീഴിൽ ദേശീയതയും ഭരണകൂടത്തോടുള്ള കീഴ്‌വഴക്കവും മതപരമായ ബാധ്യതയായിത്തീരുന്നു. തദ്ഫലമായി, മതനേതൃത്വത്തിന് സാമൂഹ്യവും മതപരവുമായ ഇവെന്റുകൾക്കു പോലും സ്റ്റേറ്റിന് ഹിതകരമായ തരത്തിൽ വ്യഖ്യാനങ്ങൾ ചമക്കേണ്ടി വരുന്നു. സ്റ്റേറ്റ് അതിന്റെ മത വ്യവഹാരങ്ങൾക്കൊപ്പം, സർവവ്യാപകവും സമഗ്രാധിപത്യപരവും മാത്രമല്ല, അത് അബോധപരമായി കേന്ദ്രസ്ഥാനത്ത് അവരോധിക്കപ്പെടുകയുമാണ് ഇവിടെ.

ഈജിപ്തിൽ സ്റ്റേറ്റിനോട് വിസമ്മതിക്കുന്ന മുസ്‌ലിം ബ്രദർഹുഡിനെതിരിൽ ഉരുക്കുമുഷ്ടി പ്രയോഗിക്കുകയും അവരുടെ ശബ്ദങ്ങളെ അടിച്ചമർത്തുകയും ചെയ്യുമ്പോൾ, ഈ മതപ്രചാരകർ മുഖ്യധാരാ മാധ്യമങ്ങളിൽ നിന്ന് പിൻവലിക്കപ്പെടുകയാണ് ചെയ്യുന്നത്. മുസ്‌ലിം ബ്രദർഹുഡ് മീഡിയകളും അഭ്യുദയകാംക്ഷികളും ഈജിപ്തിനു പുറത്തുനിന്ന് സംപ്രേക്ഷണം ചെയ്യുന്ന- പ്രധാനമായും തുർക്കിയിൽ നിന്ന് സംപ്രേക്ഷണം ചെയ്യുകയും അനുകൂല ബിസിനസ് ഉടമകൾ ഫണ്ട് ചെയ്യുന്നതുമായ- സാറ്റലൈറ്റ് ചാനലുകളിലൂടെയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇത് 1970-80 കാലഘട്ടങ്ങളിലുണ്ടായ ഇസ്‌ലാമിക ഉയിർപ്പിന്റെ പശ്ചാത്തലങ്ങളിൽ നിന്നു ഭിന്നമായ സാഹചര്യങ്ങളാണ് സൃഷ്ടിക്കുന്നത്. ആരോൺ റോക്ക് സിങ്ങറിന്റെ സമീപകാല പഠനം സൂചിപ്പിക്കുന്നതു പോലെ, അക്കാലത്ത് സ്റ്റേറ്റിസ്റ്റ്-ഇസ്‌ലാമിസ്റ്റ് വീക്ഷണങ്ങൾ തമ്മിൽ ബൗദ്ധികമായ പങ്കുവെക്കലുകൾ നടക്കുകയും സ്റ്റേറ്റ് സ്ഥാപനങ്ങൾ രൂപപ്പെടുത്തുക വഴി സമൂഹത്തെ പരിവർത്തിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്തിരുന്നു.

ഖാലിദ് അൽ ഗിന്ദി

സ്റ്റേറ്റിസ്റ്റ് മത മീഡിയകളുടെ മൂർത്തമായ ഉദാഹരണമാണ്, 2019ൽ മതപ്രചാരകനായ ഖാലിദ് അൽ ഗിന്ദി അദ്ദേഹത്തിന്റെ ടെലിവിഷൻ പരിപാടിയിലൂടെ “ലഅല്ലഹും യഫ്ഖഹൂൻ” എന്നു പ്രഖ്യാപിച്ചതിലൂടെ നാം കണ്ടത്. അങ്ങനെ പറയുന്നതിലൂടെ അദ്ദേഹവും അദ്ദേഹത്തിന്റെ പണ്ഡിതനായ അഥിതിയും ‘തങ്ങൾ സുൽത്താന്റെ ശൈഖുമാരാണെന്ന‘ സ്റ്റേറ്റിനോടുള്ള കൂറ് സംശയരഹിതമായും അഭിമാനപൂർവവും പ്രഖ്യാപിക്കുകയാണ് ചെയ്തത്. ദൈവിക കൽപനകൾ നടപ്പാക്കുന്നതിനെ കുറിച്ചോ നീതി നടത്തുന്നതിനെ കുറിച്ചോ ഒരു പരാമർശം പോലും നടത്തിയതുമില്ല. മുമ്പ്, അൽ ഗിന്ദി ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ പക്ഷം ചേർന്നുകൊണ്ട്, വാചികമായ വിവാഹമോചന പ്രഖ്യാപനത്തിന്റെ പ്രാബല്യം റദ്ദു ചെയ്യുന്ന വിവാദ ഫത്‌വ നൽകുകയുണ്ടായി. വിവാഹമോചനത്തിന്റെ വാചിക-രേഖാ പരമായ പ്രാബല്യത്തെ കുറിച്ചുള്ള പ്രശ്നം ശൈഖ് അൽ അസ്ഹർ അഹ്‌മദ്‌ അത്വയ്യിബിനും, അബ്ദുൽ ഫത്താഹ് അസ്സീസിക്കുമിടയിൽ ഉരസലുകലുണ്ടാക്കുന്നതിനു കാരണമായി. സീസി അദ്ദേഹത്തോട് ഈ ആചാരം എടുത്തുകളയാൻ ആവശ്യപ്പെടുകയാണുണ്ടായത്. എന്നാൽ മുതിർന്ന പണ്ഡിതന്മാരുടെ കൗൺസിൽ ശൈഖ് അത്വയ്യിബിന്റെ അഭിപ്രായം സ്വീകരിക്കുകയാണുണ്ടായത്.

അബ്ദുൽ ഫത്താഹ് അൽ സീസി

രണ്ടാമതായി, മത-മീഡിയകൾ അങ്ങേയറ്റം ധ്രുവീകൃതമായാണ് നിലനിൽക്കുന്നത്. ഈജിപ്ത്/യുഎഇ/കെഎസ്എ v/s ഖത്തർ/തുർക്കി, സുന്നി v/s ശിയാ, മതപരം v/s മതേതരം എന്നിങ്ങനെ ഇരു പാർശ്വങ്ങളിലായാണ് ഇവ നിലയുറപ്പിച്ചിരിക്കുന്നത്. ഈ വേർതിരിവുകളുടെ അടിസ്ഥാനത്തിലാണ് മത-നേതാക്കൾ തങ്ങളുടെ ഉള്ളടക്കങ്ങൾ വേണ്ടി വരുമ്പോളെല്ലാം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. 2017 ജൂണിൽ, ഖത്തറിനു മേൽ ഏർപ്പെടുത്തിയ ഉപരോധം മുസ്‌ലിംകൾക്കും ഖത്തരികൾക്കു തന്നെയും പ്രയോജനപ്രദമാണെന്നു പ്രസ്താവിച്ച സൗദി മുഫ്തി, അബ്ദുൽ അസീസ് അശൈഖിന്റെ വാക്കുകൾ നോക്കൂ! അദ്ദേഹം ഖത്തറിന്റെ പക്ഷത്തല്ലേ? എങ്കിൽ ഹിസ്ബുള്ളയെ പിന്തുണക്കുന്നുണ്ടാവുമല്ലോ? മതനേതാക്കൾക്കു നേരെയുള്ള ഇത്തരം വർഗീകരണ ചോദ്യങ്ങളുടെ വിഹാരകേന്ദ്രമായി ഈജിപ്ത് മാറിയിട്ടുണ്ട്.

മൂന്നാമതായി, ആധുനിക മത-മീഡിയകൾ ഏറെ പ്രൊഫെഷണലായി തീർന്നിരിക്കുന്നു. മുൻ കാലങ്ങളിൽ ഒരു മത പണ്ഡിതൻ ഏതെങ്കിലും മതകീയമായ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ക്യാമറയോടു നടത്തുന്ന വരണ്ട ലക്ച്ചറുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന്, ഫത്‌വാ പരിപാടികൾ പോലും, പ്രൊഫഷണൽ ടോക്-ഷോയുടെ സെറ്റിങ്ങുകളോടെ, ആദ്യാന്ത്യം ഉയർന്ന ഗ്രാഫിക്സുകളും ബിൽ ബോർഡുകളും സോഷ്യൽ മീഡിയ ക്യാമ്പയിനുകളും ഉപയോഗിച്ചു കൊണ്ട് നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. മറ്റൊരു ഉദാഹരണം, മത-സീരീസുകളുടെ കൂറ്റൻ പ്രൊഡക്ഷൻ പ്രൊജക്റ്റുകളാണ്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഓട്ടോമൻ സാമ്രാജ്യം സ്ഥാപിക്കപ്പെടുന്നതിന്റെ കഥ പറയുന്ന നെറ്റ്ഫ്ലിക്സിന്റെ തുർക്കിഷ് ചരിത്ര-സീരീസായ ‘ദിരിലിസ് എർതുറുൽ

ഈ രാഷ്ട്രീയ വൽക്കരണങ്ങളുടെയും പ്രൊഫഷണലിസങ്ങളുടെയും പ്രത്യാഘാതമെന്നോണം സൗദിയിലും യു.എ.ഇയിലും എർതുറുലിന്റെ പ്രദർശനം നിരോധിക്കുകയുണ്ടായി. ഇതിനെതിരിൽ 40 മില്യൺ ഡോളറിന്റെ ഒരു പ്രതി സിനിമയും അവർ ആലോചിക്കുകയുണ്ടായി (kingdoms of fire). അതിനു പുറമേ ഈജിപ്തിലെ ദാറുൽ ഇഫ്തായുടെ ഉപഘടകവും, ആഗോള ഫത്‌വാ അതോറിറ്റിയുടെ ജനറൽ സെക്രട്ടേറിയേറ്റും, ഈ പ്രദർശനം തുർക്കിഷ് പ്രസിഡന്റ്‌ ഉർദുഗാന്റെ പ്രചാരണ തന്ത്രങ്ങളുടെ ഭാഗമാണെന്ന് ജനങ്ങൾക്കു മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള റിപ്പോർട്ട് പുറത്തിറക്കുകയുമുണ്ടായി.

നാലാമതായി, അറബ് വസന്താനന്തരം ഗണ്യമായ തോതിൽ ‘സ്റ്റാർ ശൈഖുമാരുടെ’ ഉദയവും മുസ്‌ലിം ടെലി-ഇവാൻജലിസ്റ്റുകളുടെ (ടെലിവിഷൻ സുവിശേഷ പ്രാസംഗികർ) അപചയവും ഉണ്ടായിട്ടുണ്ട്. ജാക്വിലിൻ ബ്രിൻറ്റന്റെ അടുത്തിറങ്ങിയ ഈജിപ്തിന്റെ ബഹുമാന്യ ശൈഖും ടെലിവിഷൻ ഫിഗറുമായ ശൈഖ് അൽ ഷറാവിയെക്കുറിച്ചുള്ള പഠനത്തിൽ, മതവ്യക്തികളും മീഡിയയും തമ്മിലുള്ള ബാന്ധവം എങ്ങനെയാണ് ദ്വിമുഖ പ്രക്രിയയായി മാറുന്നത് എന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ആളുകളെ പിടിച്ചിരുത്താൻ കഴിവുള്ളവരെ മീഡിയകൾ അനുകൂലിക്കുന്നു. മത വ്യവഹാരങ്ങളെയും പഠനങ്ങളെയും പൊതു ആചാരങ്ങളുമായി കൂട്ടിയിണക്കിക്കൊണ്ട് ജനപ്രിയമായി അവതരിപ്പിക്കുക എന്നതാണ് ഷാറാവിയുടെ ശൈലി. ഈ പാഠങ്ങൾ ശൈഖ് അലി ഗോമ്മ, അൽ ഹബീബ് അലി തുടങ്ങിയവരും ഏറ്റെടുത്ത മട്ടാണ്. അതേസമയം, അംർ ഖാലിദ് ഉൾപ്പെടെയുള്ള ടെലി-ഇവാൻജലിസ്റ്റുകളുടെ സാന്നിധ്യത്തിൽ വൻ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. അവർ സ്വമേധയാ രംഗം വിട്ടതാണെന്നു സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ നിലപാടുകളിലുള്ള അവരുടെ കരണം മറിച്ചിലുകൾക്കും മറ്റു നിലപാടുകളിലുള്ള അസ്ഥിരതകൾക്കും എതിരെയുള്ള ജനരോഷവും, സിനിമ, പ്രൊഡക്ഷൻ മേഖലകളിൽ നിന്നുള്ള അവരുടെ പിൻവലിയലുമാണ് ഈ അപചയങ്ങളുടെ കാരണം. മുസ്‌ലിം ടെലി-ഇവാൻജലിസ്റ്റുകളുടെയും മീഡിയ വ്യക്തികളുടെയും പ്രവർത്തനങ്ങൾ പുതിയൊരു തരം സെക്കുലറിസത്തിന്റെ രൂപീകരണത്തിനു വഴി തുറന്നിട്ടുണ്ട്. ഇസ്‌ലാമിന്റെ അകത്തുനിന്നു തന്നെ രൂപപ്പെടുന്ന ഒരു സെക്കുലറിസമാണത്. കൂടുതലായും വ്യക്തികളുടെ മോക്ഷത്തിലും, മത ആശയങ്ങളുടെയും ഉൽപന്നങ്ങളുടെയും ഭോഗപരതയിലും കേന്ദ്രീകരിക്കപ്പെട്ട, ഇസ്‌ലാമിന്റെ അനേകം ചേരുവകളിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുള്ള ഒന്ന്. സാറ്റലൈറ്റ് ചാനലുകളിലെ മത വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട യഹ്‌യാ അൽ യഹ്‌യോവിയുടെ ഒരു പഠനത്തിൽ അദ്ദേഹം സൂചിപ്പിക്കുന്നത്, ഈ പ്രക്രിയകൾ ഇസ്‌ലാമിനകത്തു നിന്നു തന്നെ അതിനെ പൂർണമായും മതേതരവൽകരിക്കുകയും, മാർക്കറ്റിന്റെയും മീഡിയ പ്രൊഡ്യൂസർമാരുടെയും നിയന്ത്രണത്തിലുള്ള കേവല മാധ്യമ ഉൽപന്നമായി അതിനെ മാറ്റിത്തീർക്കുകയും ചെയ്തു എന്നാണ്. മുമ്പ് ഉണ്ടായിരുന്നതു പോലെ ഫലതീനിയൻ പ്രശ്നത്തിന് ഇത്തരം സംഘടിത മത ഇടങ്ങളിൽ പ്രവേശനം ലഭിക്കാത്തതിൽ അത്ഭുതമൊന്നുമില്ല. ചൈന, മ്യാന്മർ, ഇൻഡ്യ എന്നിവിടങ്ങളിൽ മുസ്‌ലിം ന്യൂനപക്ഷങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന അതിക്രമങ്ങളെ കുറിച്ച് സൗകര്യകരമാം വിധം മൗനം പാലിച്ചുകൊണ്ടിരിക്കുന്നതും ഈ മതേതരവൽക്കരണത്തിന്റെ ഫലമാണെന്നു പറയാവുന്നതാണ്.

അഞ്ചാമതായി, മുസ്‌ലിം മീഡിയാ വ്യവഹാരങ്ങളിൽ പുരോഗമന-ലിബറൽ പ്രഘോഷണങ്ങൾക്കും ഇടം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഡീക്കൺസ്‌ട്രെക്ക്ചറലിസ്റ്റായ മുഹമ്മദ്‌ ഷുറൂർ, യു.എ.ഇയിലെ വിവാദ മതപ്രചാരകനായ അദ്നാൻ ഇബ്രാഹിം, ഈജിപ്തിലെ അൽ ബഹ്‌റൈനി തുടങ്ങിയവർ ഉദാഹരണം. പരമ്പരാഗത ഉലമാ സങ്കൽപ്പത്തെ ആഴത്തിൽ വിമർശന വിധേയമാകുന്ന ഇവർക്ക്, ഇത്തരം വേദികൾ മുമ്പ് നൽകപ്പെടുകയുണ്ടായിട്ടില്ല. അത്തരം വ്യവഹാരങ്ങളെ പിന്തുണക്കുന്നവർ ഉണ്ട് എന്നതു ശെരിയാണ്, പക്ഷേ ഇത്തരം പുരോഗമന-യാഥാസ്ഥിക പ്രൊ-സ്റ്റേറ്റ് വ്യവഹാരങ്ങളെ പ്രചരിപ്പിക്കുക വഴി മുസ്‌ലിം ബ്രദർഹുഡിന്റേതു പോലെയുള്ള ശബ്ദങ്ങളെ ഇല്ലാതാക്കുക കൂടിയാണു ചെയ്യുന്നത്.

നിലവിലെ മുസ്‌ലിം മീഡിയാ സാഹചര്യം സങ്കീർണമാവുകയും, സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളോട് പ്രതികരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. നിലനിൽപ്പിനെ ബാധിക്കുന്ന പ്രതിസന്ധികളെയും (മനുഷ്യരാശിക്ക് ആപൽക്കരമായ പ്രകൃതി പ്രശ്നങ്ങളും, നിർബന്ധിത കുടിയേറ്റവും) മുതലാളിത്തത്തിനകത്തെ ആത്മീയ പ്രതിസന്ധികളെയും, ഒഴിഞ്ഞുമാറാൻ കഴിയാത്ത രാഷ്ട്രീയ ചോദ്യങ്ങളെയും (ദേശരാഷ്ട്രത്തിനു കീഴിലെ മതാധികാരത്തിന്റെ പങ്ക്, അനീതി-അക്രമ ഭരണകർത്താക്കളോടുള്ള അനുസരണം, അറബ് വസന്താനന്തരം രൂപപ്പെട്ട മറ്റു രാഷ്ട്രീയ ചോദ്യങ്ങൾ എന്നിവ), ഉപരിസൂചിതമായ സാംസ്കാരിക ഗതിമാറ്റങ്ങളെയും കുറിച്ച അനിശ്ചിതത്വത്തിലാണ് അതു മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ആധുനിക മീഡിയകൾ മുസ്‌ലിം ജ്ഞാനശാസ്ത്രത്തെ മാറ്റി മറിച്ചിരിക്കുന്നു. സ്വയം ചോദ്യം ചെയ്യാത്ത/ചെയ്യാൻ സാധിക്കാത്ത ഒരു മതപരതയാണ് ഇന്ന് നമുക്കുള്ളത്. അതുകൊണ്ട് സ്റ്റേറ്റിസ്റ്റ്, ധ്രുവീകൃത, ഭോഗപരമായ, സെലിബ്രിറ്റി സ്റ്റാറ്റസുകളാൽ നയിക്കപ്പെടുന്ന മതേതരവൽകൃത മീഡിയകളാണ് നമ്മുടേത് എന്നിരിക്കെ, അതു പ്രക്ഷേപിക്കുന്ന, നമ്മിലേക്ക്‌ പ്രചരിപ്പിക്കുന്ന ഇസ്‌ലാമിക സന്ദേശങ്ങളും അപ്രകാരമായിരിക്കും എന്നു മനസ്സിലാക്കേണ്ടതാണ്.

വിവർത്തനം: അഫ്സൽ ഹുസൈൻ

courtesy: Maydan

താരിഖ് ഗനീം