Campus Alive

കല, നിഖാബ്, ഇസ്‌ലാം: സൗന്ദര്യദർശനങ്ങളുടെ ആത്മം.

തന്റെ ഫോട്ടോഗ്രഫിയും കലിഗ്രഫിയും പ്രദർശിപ്പിച്ച ഒരു വലിയ മൽസരവേദിയിൽ വെച്ച് വിധികർത്താക്കളിലൊരാൾ ചോദിച്ചു- നിഖാബണിഞ്ഞ് പൊതുരംഗത്ത് പ്രവർത്തിക്കുന്ന ഏതു പെൺകുട്ടിയും അഭിമുഖീകരിക്കാവുന്ന ആ വാർപ്പുമാതൃകാചോദ്യം- ” ഇത്രയും മികവുറ്റ ഒരു കലാകാരിയായിട്ടും, വ്യക്തിത്വം മറയ്ക്കുന്ന ഈ മുഖപടമെന്തിന്?” സദസ്സ് മുഴുവൻ മറുപടിക്കായി ആകാംക്ഷപ്പെട്ടിരിക്കേ, സിബ അഷ്റഫ് നിശ്ചയദാർഢ്യത്തോടെ പറഞ്ഞു “എന്റെ വ്യക്തിത്വം മുഖത്തിനകത്ത് മാത്രമൊതുങ്ങിനിൽക്കുന്ന ഒന്നാണെന്ന് നിങ്ങളെപ്പോലെ ഞാൻ കരുതുന്നില്ല. എന്റെ വ്യക്തിത്വം എന്റെ കലയിലൂടെ, പെരുമാറ്റത്തിലൂടെ, ജീവിതവീക്ഷണത്തിലൂടെ, സൗന്ദര്യാവിഷ്കാരത്തിലൂടെ, ഇടപെടലിലൂടെയാണ് നിലനിൽക്കുന്നത്.”

കോഴിക്കോട് ഫാറൂഖ് കോളേജിലെ മൾട്ടിമീഡിയ ബിരുദ വിദ്യാർഥിനിയാണ് മാഹി സ്വദേശിനിയായ സിബ അഷ്‌റഫ്. ഫോട്ടോഗ്രാഫിയിലും കാലിഗ്രഫിയിലും മികവു തെളിയിച്ച ഈ പത്തൊമ്പതുകാരിക്ക് ചെറുപ്പം മുതലേ ക്യാമറയോടും വരയോടും വലിയ അഭിനിവേശമാണ്. ഇൻസ്റ്റഗ്രാമിലൂടെ കലാവിഷ്കാരത്തിൽ സജീവമായ സിബക്ക് സഹൃദയരായ അനവധി ഫോളേവേഴ്സുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നടക്കം തന്റെ കാലിഗ്രഫി ഓർഡർ ചെയ്തു വാങ്ങിക്കുന്ന കസ്റ്റമേഴ്സിനു വേണ്ടി, തന്റെ പഠനത്തിന് ഭംഗം വരാതെ സിബ പ്രയത്നിക്കുന്നു. ഫാറൂഖ് കോളേജിലെ മൾട്ടിമീഡിയ വിദ്യാർഥികൾ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള കലാമേളയുടെ സംഘാടകരിലും പ്രധാനിയാണ് സിബ.
തന്റെ കലാജീവിതത്തെയും കാഴ്ചപ്പാടുകളെയും നിഖാബനുഭവങ്ങളെയും പറ്റി സിബ സംസാരിക്കുന്നു.

ഇങ്ങനെയൊക്കെയാണ് കലയുമായി ഞാന്‍ പ്രണയത്തിലാവുന്നത്

നാല് പെണ്‍മക്കളുള്ള കുടുംബത്തിലെ അവസാന കണ്ണിയായതിനാല്‍ എനിക്ക് എന്റേതായ വഴികള്‍ കണ്ടെത്താനുള്ള അവസരം എപ്പോഴും ഉണ്ടായിരുന്നു. മാര്‍ക്കും ഗ്രെയ്ഡും പറഞ്ഞ് പിറകെക്കൂടുന്നതിന് പകരം എന്നെ തന്റേടവും സാമർഥ്യവും ഉള്ളവളാക്കി വളർത്താനാണ് രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധിച്ചത്. മാഹിയിലെ, ഫ്രഞ്ച് മാധുര്യമുള്ള ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമായ ചെറിയ പ്രദേശത്താണ് ഞാന്‍ വളര്‍ന്നുവന്നത്. എന്റെ ജനനശേഷം ഗൾഫിൽ നിന്നും മാഹിയിൽ വന്ന് സ്ഥിരതാമസമാക്കിയതാണ് എന്റെ കുടുംബം. അതിനാല്‍ തന്നെ ആദ്യനാളുകള്‍ തൊട്ട് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഈ സ്ഥലത്തിന് എന്റെ ഇഷ്ടങ്ങളെയും അഭിരുചികളെയും നിര്‍ണ്ണയിക്കുന്നതില്‍ വലിയ പങ്കുണ്ട്. മാഹിയിലാണ് ഞാന്‍ ജീവിക്കുന്നത് എന്ന് പറയാന്‍ എനിക്കെപ്പോഴും അഭിമാനമാണ്.

മാഹിയിലെ അവില പ്രൈമറി സ്‌കൂളിലെ പ്രാഥമികവിദ്യാഭ്യാസം നർമ്മബോധത്തോടെ കാര്യങ്ങളെ നോക്കിക്കാണാൻ എന്നെ വലിയ അളവില്‍ സഹായിച്ചിട്ടുണ്ട്. അക്കാദമികവും പാഠ്യേതരവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ എനിക്ക് ഇഷ്ടമായിരുന്നു. എന്നെ സ്വയം അടയാളപ്പെടുത്താന്‍ അത്തരം പ്രവർത്തനങ്ങൾ സഹായകമായിട്ടുണ്ട്. പത്താം ക്ലാസ് വരെ പഠിച്ച മൗണ്ട് ഗൈഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച സ്ഥാപനമാണ്. കുടുംബത്തില്‍ നടക്കുന്ന ഏതു പരിപാടിയാണെങ്കിലും കൂട്ടുകാരുമായുള്ള ഒത്തുചേരലാണെങ്കിലും എന്റെ കയ്യില്‍ എപ്പോഴും ഒരു ക്യാമറയുണ്ടാവും. എനിക്ക് ലോകത്തെക്കാണാനുള്ള വഴിയാണത്. ഓര്‍ത്തുവെക്കാനുള്ള നിമിഷങ്ങൾ പകർത്തിത്തന്നും ക്യാമറ എന്റെ തോഴനായി. മെഡിസിനും മറ്റു മുഖ്യധാരാ പഠനമേഖലകളും മാത്രം സ്വപ്‌നം കണ്ടുനടക്കുന്ന വിദ്യാര്‍ഥികള്‍ പഠിക്കുന്ന എക്‌സല്‍ പബ്‌ളിക് സ്‌കൂളില്‍ നിന്നാണ് ഞാന്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കുന്നത്. അത്തരം പഠനമേഖലകളൊന്നും തന്നെ എന്നെ ആകര്‍ഷിച്ചിരുന്നില്ല. സ്‌കൂള്‍ കാലം മുതല്‍ ഇന്നുവരെയുള്ള എന്റെ യാത്രയില്‍ കലയുടെ വിസ്മയങ്ങളിലും കാര്യങ്ങളെ മാറ്റിമറിക്കാനുള്ള കലയുടെ വിസ്മയകരമായ ശക്തിയിലും മാത്രമാണ് ഞാന്‍ വശീകരിക്കപ്പെട്ടത്.

ക്യാമറയുടെ വിസ്മയ പ്രപഞ്ചം:

വ്യത്യസ്തമായ രീതിയിൽ ലോകത്തെ നോക്കിക്കാണുന്നതിന്റെ മനോഹാരിത പതുക്കെ ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി. ആളുകള്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരുതരം കാഴ്ചയാണത്. ഫാറൂഖ് കോളേജില്‍ മള്‍ട്ടിമീഡിയയില്‍ ബിരുദപഠനത്തിന് ചേര്‍ന്നതോടെ എന്റെ സ്വപ്നങ്ങളുടെ ഒരുഭാഗം പൂര്‍ത്തിയായി.

ക്യാമറയുമായുള്ള സൗഹൃദം കൂടുതൽ ദൃഢമായി. പ്രകൃതിയിൽ ദൃശ്യമായതും, പുറമേക്ക് ദൃശ്യതയില്ലാതെ ഒളിഞ്ഞിരിക്കുന്നതുമായ കാഴ്ചകള്‍ എന്റെ പ്രിയപ്പെട്ട വിഷയമായി. നിരീക്ഷണവഴികളിൽ ഹൃദ്യമായി വന്നുവീഴുന്ന അസുലഭനിമിഷങ്ങളെ ഞാന്‍ പകര്‍ത്തിത്തുടങ്ങി. ലോകത്തെ എന്റെ വീക്ഷണങ്ങളിലൂടെ വരച്ചിടാനുള്ള ഇടം എനിക്കത് നല്‍കി. ഭക്ഷണപ്രിയരുടെ സ്വര്‍ഗ്ഗമാണ് കോഴിക്കോട്, ആ കാരണം കൊണ്ടുതന്നെ ഞാന്‍ അതിനോട് എപ്പോഴും കടപ്പെട്ടിരിക്കും. ഒത്തുചേരലുകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഇടമായിട്ട് കൂടി അതിനെ മനസ്സിലാക്കാം.

മനോഹരമായ നിര്‍മ്മിതികളുടെ മറഞ്ഞുനില്‍ക്കുന്ന ഭാഗങ്ങള്‍, പൂച്ചെണ്ടിന് നടുവിലുള്ള ഒരു പൂവ്…അങ്ങനെയങ്ങനെ എന്റെ കാമറയില്‍ പതിഞ്ഞതും എന്റെ ഹൃദയത്തില്‍ രേഖപ്പെടുത്തപ്പെട്ടതുമായ ദൃശ്യങ്ങള്‍. സാധാരണയായി സംഭവിച്ചുകൊണ്ടിരിക്കുന്നതൊന്നും എന്നെ ആകര്‍ഷിച്ചിരുന്നില്ല. ആ ഒരു കാരണം കൊണ്ട് മാത്രമാണ് ഫോട്ടോഗ്രഫിയില്‍ ഞാന്‍ അത്രത്തോളം സൂക്ഷ്മത പുലര്‍ത്തുന്നത്. എന്റെ ഫോട്ടോഗ്രാഫുകള്‍ കണ്ട് ആളുകള്‍ എന്നെ അഭിനന്ദിക്കാറുണ്ട്. എന്നാല്‍ ക്യാമറകളെക്കുറിച്ച് പഠിക്കാന്‍ തുടങ്ങിയതിന് ശേഷം ഇനിയും ഞാന്‍ പഠിക്കാന്‍ ബാക്കിയുള്ളതിന്റെ അണുവളവ് മാത്രമേ ഞാന്‍ ചെയ്തുകഴിഞ്ഞിട്ടുള്ളൂ എന്ന തിരിച്ചറിവ് എനിക്കുണ്ടായി. എന്റെ ആദ്യത്തെ കാമറ ഇപ്പോഴും എന്റെ ഏറ്റവും പ്രിയപ്പെട്ടവനായി എന്നോടൊപ്പമുണ്ട്. അന്നുമുതല്‍ക്കേയുള്ളതാണ് ഫോട്ടോഗ്രഫിയോടുള്ള സ്‌നേഹവും.

കാലിഗ്രഫിയുടെ ഇളം കാറ്റ്:

എന്നെ തഴുകിക്കടന്നുപോയ ഇളം കാറ്റില്‍ നിന്നും ഞാന്‍ കണ്ടെത്തിയ മറ്റൊരു ഏടായിരുന്നു കാലിഗ്രഫി. ഇന്‍സ്റ്റഗ്രാമിലൂടെയുള്ള അലസമായ കറക്കങ്ങളിലെവിടെയോ ആണ് അതിന്റെ വിത്ത് എനിക്ക് ലഭിക്കുന്നത്. ആളുകള്‍ പേരെഴുതാൻ വേണ്ടി അക്ഷരങ്ങൾ കറക്കുന്നതും വളച്ചെഴുതുന്നതുമെല്ലാം ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അറബിഭാഷ എല്ലാകാലത്തും ഒരത്ഭുതമായിരുന്നു എനിക്ക്, അതിനാല്‍ തന്നെ ആ ഭാഷയിലുള്ള കാലിഗ്രഫി മനോഹരമായ ഒരു കലാവിഷ്‌കാരമായി എനിക്കനുഭവപ്പെട്ടു.

ഒരു പേന കൊണ്ട് എന്തോ കുത്തിക്കുറിക്കാന്‍ ഞാന്‍ ശ്രമിച്ചതാണ് കാലിഗ്രഫിയുടെ തുടക്കത്തെപ്പറ്റിയുള്ള എന്റെ ചെറിയ ഓര്‍മ്മ, പക്ഷേ ആ ശ്രമത്തെ എല്ലാവരും വലിയ അളവില്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്റെ സഹോദരി ഒരു പെട്ടി നിറയെ കാലിഗ്രഫി പേനകള്‍ എനിക്കുവേണ്ടി വാങ്ങിയതും അതുകൊണ്ട് എന്തുചെയ്യും എന്നറിയാതെ ഞാന്‍ ആശങ്കപ്പെട്ടതും എനിക്കിപ്പോഴും നല്ലപോലെ ഓര്‍മ്മയുണ്ട്. അതിനെ കുറിച്ച് കുറച്ചെല്ലാം അറിഞ്ഞ് കഴിഞ്ഞപ്പോള്‍ അതുമായി ഇടപഴകാന്‍ ആരംഭിച്ചു. കാലിഗ്രഫിയില്‍ യാതൊരുവിധ മുന്‍പരിചയവും അറിവും ഇല്ലാതെ തന്നെ സ്വന്തമായി പാറ്റേണുകളും അക്ഷരങ്ങളും നിര്‍മ്മിച്ചെടുക്കാന്‍ തുടങ്ങി. സുഹൃത്തുക്കളായിരുന്നു എന്റെ ആദ്യത്തെ ഉപഭോക്താക്കള്‍. അനന്തമായ സാധ്യതകളിലേക്കുള്ള യാത്രയായിരുന്നു പിന്നീടങ്ങോട്ട്.

കാലിഗ്രഫിയെ കുറിച്ച് കൂടുതല്‍ പഠിക്കാനും ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ആളുകളെ പരിചയപ്പെടാനും സാമൂഹിക മാധ്യമങ്ങൾ മികച്ചൊരു സാധ്യതയായിരുന്നു. കോഴിക്കോടു നിന്നും ഗൾഫിൽ നിന്നും ഓണ്‍ലൈനിലൂടെയുമൊക്കെയാണ് കാലിഗ്രഫിക്കാവശ്യമായ വസ്തുക്കള്‍ ഞാന്‍ വാങ്ങുന്നത്. ഇപ്പോള്‍ എന്റെ വര്‍ക്കുകള്‍ വിദേശങ്ങളില്‍ പോലും എത്തിയിട്ടുണ്ട്. ആദ്യനാളുകളില്‍ ഞാൻ ചെയ്ത വർക്കുകൾ വില്‍ക്കുവാനോ കാലിഗ്രഫി ഒരു ജോലിയായി കണക്കാക്കുവാനോ ഉദ്ദേശിച്ചിരുന്നില്ല.

കാരണം ഞാന്‍ ഈ മേഖലയില്‍ തുടക്കക്കാരിയാണെന്ന ബോധ്യം എനിക്കുണ്ടായിരുന്നു, എന്നാല്‍ അതിരില്ലാത്ത പിന്തുണ എല്ലാ കാലത്തും എനിക്കുണ്ടായിരുന്നു.

ഉപഭോക്താക്കളുടെ മുഖത്ത് സംതൃപ്തിയുണ്ടാക്കുന്ന തരത്തില്‍ നല്ല വര്‍ക്കുകള്‍ ചെയ്യാന്‍ മാത്രം വളരാന്‍ എനിക്ക് കഴിഞ്ഞതും എനിക്ക് കിട്ടിയ പിന്തുണ കൊണ്ടാണ്. ഹെലികോപ്റ്ററിന്റെയും എയര്‍ ബലൂണിന്റെയുമടക്കം വ്യത്യസ്ത രൂപങ്ങളിലും ആകൃതിയിലും അക്ഷരങ്ങളെ പരുവപ്പെടുത്തുന്നതിൽ ഞാന്‍ എന്നെത്തന്നെ വെല്ലുവിളിക്കുന്നതാണ് എനിക്കേറ്റവും ഇഷ്ടം. ഇസ്‌ലാമിക കല ഒരു ദഅവ പ്രവര്‍ത്തനം കൂടിയാണ്, അതിനാല്‍ തന്നെ അത് ചെയ്യുമ്പോള്‍ വളരെയധികം സൂക്ഷ്മത പുലര്‍ത്തേണ്ടിയിരിക്കുന്നു. എന്നിരുന്നാലും വെല്ലുവിളികള്‍ നിറഞ്ഞ എന്റെ എല്ലാ വര്‍ക്കുകളെയും സ്‌നേഹപൂര്‍വ്വം ഏറ്റെടുക്കുകയും തെറ്റുകള്‍ ക്ഷമിക്കുകയും ചെയ്യുന്ന ഉപഭോക്താക്കളോടാണ് ഞാൻ നന്ദി പറയേണ്ടത്. എഴുത്തില്‍ ഞാന്‍ ഏര്‍പ്പെടാത്ത സമയത്ത് ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനും ഡിജിറ്റല്‍ ഡിസൈനിംഗില്‍ പഠനം നടത്താനും ഞാന്‍ ശ്രമിക്കാറുണ്ട്.

നിഖാബിന്റെ സ്വാസ്ഥ്യം:

നല്ലതുമാത്രം ചെയ്യുവാനും ആള്‍ക്കൂട്ടത്തിനിടയില്‍ സ്വന്തമായി അസ്തിത്വം കണ്ടെത്താനും എന്റെ കുടുംബം എന്നെ പഠിപ്പിച്ചിട്ടുണ്ട്. മുസ്‌ലിം പെണ്‍കുട്ടി ആയതിനാലും ശിരോവസ്ത്രത്തിനുള്ളില്‍ മുഖം മറക്കുന്നതിനാലും മുന്‍ധാരണകളോടുകൂടിയ അഭിപ്രായപ്രകടനങ്ങളും നോട്ടങ്ങളും ചുറ്റുനിന്നും ഉണ്ടാവാറുണ്ട്. എങ്ങനെയാണ് പത്തൊമ്പതുകാരിയായ ഈ പെണ്‍കുട്ടിക്ക് തന്റെ കണ്ണുകള്‍ മാത്രം പുറത്തുകാട്ടിക്കൊണ്ട് ആള്‍ക്കൂട്ടത്തെ അഭിമുഖീകരിക്കാന്‍ കഴിയുക എന്നാലോചിച്ച് നെറ്റി ചുളിക്കുന്ന ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്.

സിബ അഷ്‌റഫ്‌

ഒരുപാട് പ്രാവശ്യം ഞാന്‍ സ്വയം തന്നെ ഭയപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ എന്റെ ഉള്ളിലെ ദൈവവിശ്വാസത്തിന്റെ കരുത്തും എന്റെ സ്വത്വത്തെ അടയാളപ്പെടുത്താനുള്ള ആത്മവിശ്വാസവും എനിക്ക് സന്തോഷം പ്രദാനം ചെയ്യുന്നു. ജീവിതം ആസ്വദിക്കുന്നതില്‍ നിന്നും മറ പെണ്ണിനെ തടഞ്ഞുനിര്‍ത്തുന്നു എന്ന പൊതുബോധം നാം ആദ്യം മാറ്റിയെടുക്കണം എന്നാണെനിക്ക് പറയാനുള്ളത്. എന്റെ താല്‍പര്യങ്ങളെയും എന്നെ തന്നെയും തുറന്നുകാട്ടാന്‍ ലഭിക്കുന്ന ഒരവസരം പോലും നഷ്ടപ്പെടുത്താതെയാണ് ഞാന്‍ മുന്നോട്ട് പോകുന്നത്.

ഫാറൂഖ് കോളേജിലെ വിദ്യാര്‍ഥി എന്ന നിലയില്‍ ഒരുപാട് മൽസരങ്ങളും സാധ്യതകളും എന്റെ മുന്നിലുണ്ട്. കലയോട് ആളുകള്‍ക്കുള്ള സ്‌നേഹം വര്‍ധിച്ചുവരുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എന്നെ ഞാൻ കണ്ടെടുക്കുന്ന ഇടമാണ് ഫാറൂഖ് . ഈ യാത്ര എന്നെ കലയുടെ കാമുകിയാക്കിയിരിക്കുന്നു.

 

കടപ്പാട്: ഡോ.വി.ഹിക്മത്തുള്ള

ചിത്രങ്ങള്‍: സിബ എടുത്ത ഫോട്ടോകളും വരച്ച കാലിഗ്രഫികളും

സിബ അഷ്‌റഫ്‌