Campus Alive

ഇസ്‌ലാമും സ്വവര്‍ഗലൈംഗികതയും

(സ്വവർഗ്ഗവിവാഹത്തെ നിയമ വിധേയമാക്കികൊണ്ടുള്ള അമേരിക്കൻ ഭരണകൂട നടപടികളോട് അവിടത്തെ മുസ്‌ലിംകൾക്കിടയിൽ നിന്നും ഉയർന്നു വന്ന പ്രതികരണങ്ങളെ അമേരിക്കൻ സാമൂഹ്യ-രാഷ്ട്രീയ പരിസരത്തിൽ നിന്ന് കൊണ്ട് വിശകലനം ചെയ്യുന്നു. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ഇസ്‌ലാമിക് സോഷ്യല്‍ സയന്‍സസിന്റെ (AJISS) 2017ലെ ഹോമോസെക്ഷ്വാലിറ്റിയും ഇസ്‌ലാമും എന്ന പ്രത്യേക പതിപ്പിന് മുഖപ്രസംഗമായി ഒവാമീര്‍ അഞ്ജൂം എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര വിവർത്തനം.)


 

സ്വവർഗ വിവാഹത്തെ അംഗീകരിച്ചുകൊണ്ടുള്ള യുഎസ് സുപ്രീംകോടതിയുടെ 2015ലെ ഒബർഗഫൽ (Obergefell) വിധിയും,  ഈ വിധിയിലൂടെ സാധ്യമാവുന്ന – സ്വവർഗസ്വാഭാവികത (Homonormativity) എന്ന് വിളിക്കാൻ കഴിയുന്ന – നാഗരികവും ചിന്താപരവുമായ വലിയ മാറ്റങ്ങളും കഴിഞ്ഞ കുറേ കാലമായി വർധിച്ചുവരുന്ന സ്വവർഗ സ്വത്വപ്രകാശനവുമെല്ലാം (identity assertion) എങ്ങനെയാണ് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ചർച്ചാവിഷയമാവുന്നത്?  ആഗോളവല്‍ക്കരണത്തിന്റെയും അമേരിക്കന്‍ ആധിപത്യത്തിന്റെയും കാലത്ത് യുഎസ് ഉൽപാദിപ്പിക്കുന്ന സംസ്‌കാരത്തിന്റെയും സമ്പ്രദായങ്ങളുടെയും നയങ്ങളുടെയും ഭീകരതയ്‌ക്കെതിരായ യുദ്ധത്തിന്റെയും ഉപഭോക്താക്കളും ലക്ഷ്യവും ലോകത്താകമാനമുള്ള മുസ്‌ലിംകൾ ആയതിനാല്‍ ഇതിന്റെ അനന്തരഫലങ്ങള്‍ അമേരിക്കന്‍ മുസ്‌ലിംകളില്‍ മാത്രം ഒതുങ്ങുന്നതാവില്ല.

അതിനാല്‍ തന്നെ, സ്വവര്‍ഗസ്വാഭാവീകരണം (homonormativity) ഉയര്‍ത്തുന്ന രാഷ്ട്രീയപരവും മതപരവുമായ ചോദ്യങ്ങളെ മനസിലാക്കാനും, തീര്‍ത്തും വ്യത്യസ്തമായ സാഹചര്യത്തില്‍ രൂപം കൊണ്ട ഇസ്‌ലാമിക ചിന്താപദ്ധതികൾ എങ്ങനെയെല്ലാമാണ് ഈ വിഷയത്തെ അഭിമുഖീകരിക്കുന്നത് എന്ന് അന്വേഷിക്കാനുമാണ് ഈ കുറിപ്പ് ശ്രമിക്കുന്നത്. ഇസ്‌ലാമികമല്ലാത്ത നിയമ സമ്പ്രദായങ്ങള്‍ക്കു കീഴില്‍ ജീവിക്കുന്ന ഒരു ന്യൂനപക്ഷമെന്ന നിലയ്ക്ക്, രാഷ്ട്രീയത്തിന്റെയും നിയമത്തിന്റെയും കാര്യത്തില്‍ തങ്ങളുടെ ധാര്‍മികവും സാംസ്‌കാരികവും മതപരവുമായ ജീവിതത്തില്‍ നിന്നും വ്യത്യസ്തമായ നിലപാടുകൾ പാശ്ചാത്യ മുസ്‌ലിംകള്‍ കൈക്കൊണ്ടേക്കാം. രാഷ്ട്രീയ ഉപദേശങ്ങളോ വിമർശനങ്ങളോ മുന്നോട്ടു വെക്കുന്നതിന് പകരം, സ്വവർഗ വിവാഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പാശ്ചാത്യ മുസ്‌ലിംകളുടെ നിലപാടുകളെയും അതിനായുള്ള അവരുടെ വാദങ്ങളെയും വരച്ചുകാട്ടാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

സ്വവര്‍ഗവിവാഹത്തെ ഭരണഘടനാ അവകാശമായി പ്രഖ്യാപിച്ചു കൊണ്ടുള്ള യുഎസ് സുപ്രീംകോടതിയുടെ ഒബര്‍ഗഫല്‍ വിധി മത യാഥാസ്ഥിതികതയുടെ അന്ത്യമാണെന്ന് ക്രിസ്ത്യാനിയും അമേരിക്കന്‍ കണ്‍സര്‍വേറ്റീവ് മാഗസിന്റെ എഡിറ്ററുമായ റോഡ് ഡ്രെഹര്‍ എഴുതുന്നുണ്ട്. “ഒബർഗഫൽ വിധിയുടെ പശ്ചാത്തലത്തിൽ വൈവാഹിക ബന്ധത്തിലെ ലൈംഗിക നിയമങ്ങളെ കുറിച്ചുള്ള ക്രിസ്ത്യൻ വിശ്വാസങ്ങളെ നശിച്ച മുൻവിധികളായി കണക്കാക്കിക്കൊണ്ട് തിരുത്തപ്പെടേണ്ടതായി വരുന്നു” എന്ന് ഡ്രെഹർ അഭിപ്രായപ്പെടുന്നു. ഇതൊരു കേവല അതിശയോക്തി മാത്രമാണോയെന്ന് കാണാനിരിക്കുന്നതേയുള്ളൂ. എന്നാൽ യാഥാസ്ഥിതികരായ വലിയൊരു വിഭാഗം അമേരിക്കക്കാരും അങ്ങനെ ചിന്തിച്ചു എന്നുള്ളതാണ് 2016ലെ നിർണായകമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്കെതിരെ ട്രംപിന്റെ വിജയത്തിന്റെ  പ്രധാന കാരണങ്ങളിൽ ഒന്ന്.

ദശകങ്ങളായുള്ള ഈ പ്രത്യയശാസ്ത്ര ഗതിമാറ്റം സ്വവര്‍ഗലൈംഗികതയെ ഒരു സ്വകാര്യ തിരഞ്ഞെടുപ്പ് എന്നതിലുപരി മനുഷ്യാവകാശത്തിന്റെ പുതിയ ഭൂമികയായും ചരിത്രത്തിന്റെ ‘ശരിയെ’ നിര്‍വചിക്കുന്നതിന്റെ പ്രധാന ഘടകമായും മാറ്റിത്തീര്‍ത്തു. ഒടുക്കം, പില്‍ക്കാല-ആധുനിക മുതലാളിത്തവും അതിന്റെ ആശയാടിത്തറയായ ലിബറല്‍ ഹ്യൂമനിസവും  വൈയക്തിക കാമനകളുടെ പരമാധികാര പാതയിൽ നിന്നും മതവിലക്കുകളെയും വിശുദ്ധിയെയും നിരോധനങ്ങളെയും പുറന്തള്ളുകയും ചെയ്തു. 1960കള്‍ മുതൽക്കേ വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ സമ്പ്രദായങ്ങളെ (പിൽക്കാലത്ത് ജൂഡിയോ-ക്രിസ്ത്യൻ എന്ന് വിളിക്കപ്പെട്ട) അടിസ്ഥാനമാക്കി രൂപപ്പെട്ടിട്ടുള്ള അമേരിക്കന്‍ സമൂഹികതയുടെ അടിത്തറയെ തന്നെ സ്വവര്‍ഗസ്വാഭാവീകരണം ഇളക്കിത്തുടങ്ങിയെന്ന് പറയാം.

വലിയൊരു വിഭാഗം പടിഞ്ഞാറൻ മുസ്‌ലിംകളും കഴിഞ്ഞ അര നൂറ്റാണ്ടായി തങ്ങളുടെ സാമ്പ്രദായിക രീതികൾക്ക് വിരുദ്ധമായ ജീവിതരീതിക്ക് വഴങ്ങിക്കൊണ്ടല്ലേ ജീവിക്കുന്നത് എന്ന് ഒരാൾക്ക് ചോദിക്കാം. അങ്ങനെയുള്ള മറ്റൊരു സമ്പ്രദായമായി പാശ്ചാത്യ മുസ്‌ലിം ചിന്തകര്‍ക്കും മത പണ്ഡിതര്‍ക്കും എന്തുകൊണ്ട് ഈ പുതിയ സ്വവര്‍ഗസ്വാഭാവീകരണത്തെ കണ്ടുകൂടാ? ക്രമരഹിതമായ ലൈംഗിക വേഴ്ചയെക്കാളും വിവാഹേതര ലൈംഗിക ബന്ധങ്ങളേക്കാളും വിശ്വാസികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന എന്താണ് ഈ വിഷയത്തിലുള്ളത്?

എന്തുകൊണ്ടാണ് ഇത്തരം ആശങ്കകളുയരുന്നത് എന്നതിന് ചില കാരണങ്ങള്‍ മുന്നോട്ടു വെക്കാന്‍ കഴിയും. സ്വവര്‍ഗസ്വാഭാവീകരണം അമേരിക്കന്‍ നിയമ സംവിധാനങ്ങളും ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ സാമൂഹിക-കുടുംബ ഘടനയും തമ്മിലുള്ള വൈരുധ്യങ്ങളെ ശക്തിപ്പെടുത്തുന്നു. തൽഫലമായി വിശ്വാസികളായ മുസ്‌ലിംകള്‍ (വ്യക്തിപരമായും സാമുദായികമായും ഒറ്റപ്പെട്ട) തങ്ങളുടേതായ ജീവിതപരിസരം നിര്‍മിച്ചുകൊണ്ട് പരമ്പരാഗത ജൂതരും അമിഷുകളും ചെയ്തത് പോലെ മുഖ്യധാരാ സാമൂഹിക മണ്ഡലത്തില്‍ നിന്നും അവര്‍ പിന്‍വലിയുന്നു. അങ്ങനെ ഇസ്‌ലാമിനും അമേരിക്കക്കും ഇടയിലെ ഊരാക്കുടുക്കില്‍ അകപ്പെടുന്ന മുസ്‌ലിം മുഖ്യധാര, യൂറോപ്യന്‍ മുസ്‌ലിംകളുടേതു പോലെ അന്യവല്‍ക്കരണത്തിലേക്കും പാര്‍ശ്വവല്‍ക്കരണത്തിലേക്കും നയിക്കപ്പെടുന്നു.

ലൈംഗികവും ലിംഗപരവുമായ ഈ പുതിയ സമ്പ്രദായങ്ങള്‍ മൂലം അമേരിക്കന്‍ മുസ്‌ലിംകളിൽ പലരും സാമൂഹിക ഉൾച്ചേരലിനായി (social integration) വലിയ അളവിൽ പ്രയാസങ്ങളനുഭവിക്കുന്നുണ്ട്. വംശീയതാ വിരുദ്ധതയെ പൂര്‍ണമായും ഇസ്‌ലാമികവല്‍ക്കരിക്കുകയും ലിംഗ വിവേചനങ്ങളെ ശരിയായ വിധത്തിൽ കൈകാര്യം ചെയ്യുമ്പോഴും സ്വവര്‍ഗലൈംഗികതയെ സ്വാഭാവീകരിക്കുന്നത് മുസ്‌ലിം സമുദായത്തിന്റെ സദാചാര അടിത്തറയിളക്കുന്നതിന് കാരണമാകും. സുസ്ഥിരവും സമാധാനപൂര്‍ണവുമായ ചിന്താധാരകൾ രൂപപ്പെടുത്തിയും, പ്രതി-സാംസ്‌കാരിക മുന്നേറ്റങ്ങളും പുതിയ സഖ്യങ്ങളും സൃഷ്ടിച്ചുകൊണ്ടും മാത്രമേ ഇസ്‌ലാമിനും സ്വവര്‍ഗലൈംഗികതയ്ക്കുമിടയിലെ പിളര്‍പ്പിനെ മറികടക്കാൻ കഴിയുകയുള്ളൂ.

സമൂഹത്തിന്റെ സംസ്‌കാര മണ്ഡലത്തിലേക്ക് നുഴഞ്ഞുകയറാനും അതിനെ പുനർനിർവചിക്കാനുമുള്ള ആധുനിക രാഷ്ട്രത്തിന്റെ ശേഷിയെ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്; ആധുനിക രാഷ്ട്രം വെറും പൊള്ളയായ രാഷ്ട്രീയ ചട്ടക്കൂടല്ല. മറിച്ച്, സമൂഹത്തിന്റെ സമ്പ്രദായങ്ങളെ രൂപപ്പെടുത്തുന്ന ഒരു സജീവ ശക്തിയാണത്. നിയമപരമായ ഔദ്യോഗികതയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന, ആളുകൾ പരസ്പരമുള്ള കലഹങ്ങൾ തീർപ്പാക്കുന്ന കേവല തര്‍ക്കപരിഹാരങ്ങളല്ല സുപ്രീംകോടതി വിധികള്‍. മറിച്ച് ശക്തമായ എതിർവാദങ്ങളുയർന്നു വരുന്നത് വരെ അമേരിക്കന്‍ സമൂഹത്തിന്റെ ധാര്‍മികതയെയും സദാചാരത്തെയും നിര്‍ണയിക്കുന്ന, രാഷ്ട്രീയ വീക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ആശയങ്ങളുടെ യാഥാര്‍ഥ്യവൽക്കരണമാണത് (actual articulation).

സമുദായങ്ങള്‍ക്ക് വ്യാഖ്യാനിക്കാനും ചര്‍ച്ചചെയ്യാനും കഴിയുന്ന, സാമുദായികതയെ അടിസ്ഥാനമാക്കിയുള്ള നിയമ പാരമ്പര്യത്തിലൂടെ സമൂഹം സ്വയം ഭരണം നടത്തുന്ന പൂർവാധുനിക ഇസ്‌ലാമിക പാരമ്പര്യത്തിന് വിരുദ്ധമായി, ആധുനിക രാഷ്ട്ര സംവിധാനം വ്യക്തിയെ അകത്തു നിന്നും പുറത്തുനിന്നും ഭരിക്കുന്നു. അതുകൊണ്ട് നിയമത്തിനും സംസ്‌കാരത്തിനും രാഷ്ട്രത്തിനും സമൂഹത്തിലുള്ള പങ്ക് അനിഷേധ്യമാണ്. അതുകൊണ്ട് തന്നെ, നിയമപരമായി വൈവിധ്യങ്ങളുള്ള തങ്ങളുടെ സമുദായത്തില്‍ അനാവശ്യമായി ഇടപെടലുകള്‍ നടത്താത്ത ഭരണകൂടങ്ങൾ നിലനിന്നിരുന്നപ്പോൾ ആധുനിക പൂര്‍വ (pre-modern) മുസ്‌ലിം സമുദായം കൈകൊണ്ട രാഷ്ട്രീയ ഉദാസീനതയെ മുൻനിർത്തി, അമേരിക്കന്‍ സമൂഹത്തിലുണ്ടായിത്തീര്‍ന്നിട്ടുള്ള ഇത്തരം മാറ്റങ്ങളോട് മുസ്‌ലിംകള്‍ മുഖംതിരിക്കുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ല.

സ്വവര്‍ഗസ്വാഭാവീകരണത്തെയും അതിനു വേണ്ടി വാദിക്കുന്ന മുസ്‌ലിംകളുടെ കടന്നുവരവിനെയും അഭിമുഖീകരിക്കുന്നതിന് മുന്‍പായി പരസ്പരബന്ധമുള്ള ഒരുപാട് പ്രശ്‌നസ്ഥലികളെ പണ്ഡിതര്‍ സൂക്ഷ്മ പരിശോധന നടത്തേണ്ടതുണ്ട്. പൊതുവേ ഏകാഭിപ്രായമുള്ളതായി മനസിലാക്കപ്പെടുന്ന ഗുദഭോഗത്തിനെതിരായ (sodomy) പരമ്പരാഗത അഭിപ്രായങ്ങളെ നിയമപരമായും നൈതികവും തത്വചിന്താപരവുമായ തലങ്ങളിലും വിശകലനവിധേയമാക്കേണ്ടതുണ്ട്. എന്നാൽ സമകാലിക സ്വവര്‍ഗലൈംഗികതയെന്ന പ്രതിഭാസത്തിലേക്ക് പരമ്പരാഗത അഭിപ്രായങ്ങളെ പ്രയോഗിക്കുന്നതില്‍ നല്ല ജാഗ്രതയും ആവശ്യമാണ്. സ്വവർഗലൈംഗികതയുടെ വളർച്ചയ്ക്ക് കാരണമായ ചരിത്രാവസ്ഥയെയും പൂർവാധുനിക നിരോധനങ്ങളുടെ പശ്ചാത്തലത്തെയും അതിന്റെ അർഥത്തെയും സൂചനകളെയും പരിശോധിക്കേണ്ടതുണ്ട്. അങ്ങനെയാവണം ഇസ്‌ലാമികാദർശങ്ങളുടെ ഇനിയങ്ങോട്ടുള്ള പ്രസക്തിക്കും സമ്പൂർണതക്കും വേണ്ടി ധാർമികവും നൈതികവുമായ ഒരു വ്യവഹാരത്തെ സൃഷ്ടിക്കേണ്ടത്. അത്തരം അന്വേഷണങ്ങളിലൂടെ എത്തിച്ചേരുന്ന തീര്‍പ്പുകളും നിര്‍ദേശങ്ങളും മനുഷ്യ മൂല്യത്തെ അവഹേളിക്കുന്ന ഒന്നാവുകയും ചെയ്യരുത്. ഒപ്പം സ്വവര്‍ഗസ്വാഭാവീകരണത്തോട് നൈതികവും ഫലപ്രദവുമായ രീതിയില്‍ സംവദിക്കാൻ ഉതകുന്ന മതപരവും രാഷ്ട്രീയവുമായ സമീപനങ്ങളെയും നാം പരിഗണിക്കണം.

പ്രകൃത്യായുള്ള പരിമിതികളെ മറികടക്കാനുതകുന്ന സാങ്കേതികത (ക്ലോണിംഗ്, ടെസ്റ്റ്യൂബ് ശിശു പോലുള്ള) വികാസം പ്രാപിച്ച കാലത്തും അത്തരം സ്വാഭാവിക പരിമിതികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നൈതികവും മതപരവുമായ ഏതൊരു സംവിധാനവും അപ്രസക്തവും യുക്തിരഹിതവുമായിത്തീരും. സമാനമായി, ആദ്യകാലത്ത് ദൈവവും കുടുംബവും സമുദായവും പരിപാലിച്ചിരുന്ന നിയമങ്ങള്‍, നിര്‍ദേശങ്ങള്‍, സുരക്ഷ തുടങ്ങിയ ഭരണപരമായ കാര്യനിര്‍വഹണം മതേതര ക്ഷേമരാഷ്ട്രം ഏറ്റെടുത്തതോടുകൂടി വിവാഹവും കുടുംബവുമൊക്കെ അധിക ബാധ്യതയായിത്തീര്‍ന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സ്വവർഗസ്വാഭാവീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നത് നൈതികവും മതപരവുമായ തകർച്ചയും, കലഹിക്കുന്ന ഒരു ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ വിജയവും മാത്രമല്ല. മറിച്ച്, പില്‍ക്കാല ആധുനിക രാഷ്ട്രീയത്തിലും സമ്പദ് വ്യവസ്ഥയിലും വന്നിട്ടുള്ള മാറ്റങ്ങളുമായും അതിനെ ചേർത്തുവായിക്കേണ്ടതുണ്ട്.

ഇരുപതാം നൂറ്റാണ്ടിലെ ക്ഷേമരാഷ്ട്ര സങ്കൽപ്പത്തെയും പിന്നീട് വന്നിട്ടുള്ള നിയോ ലിബറലിസത്തിന്റെ വളര്‍ച്ചയെയും കൃത്യമായി ചോദ്യം ചെയ്യുന്നതിന് പകരം അവയോട് ചേർന്നുനിൽക്കും വിധം ഇസ്‌ലാമിനെ പുനരാലോചിക്കാനാണ് മുസ്‌ലിം ചിന്തകന്മാര്‍ ശ്രമിക്കുന്നത്. ഇസ്‌ലാമിന്റെയും മുസ്‌ലിം സമുദായത്തിന്റെയും വിശാല താല്‍പര്യങ്ങളെ വിഭാവനം ചെയ്യാന്‍ സഹായകമാവുന്നതും, ‘കാലത്തിനൊപ്പം സഞ്ചരിക്കുക’ എന്ന പഴഞ്ചന്‍ ശൈലിക്ക് പകരം ഇസ്‌ലാമിന്റെ സ്വന്തം കാഴ്ച്ചപ്പാടുകളില്‍ അധിഷ്ടിതമായ പുതിയ വ്യവഹാരങ്ങള്‍ രൂപപ്പെടുത്താന്‍ ശേഷിയുള്ളതുമായ ഒരു രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ അഭാവം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് ഞാന്‍ വാദിക്കുന്നത്.

സമ്മതത്തിന്റെ പരിമിതികളും ആത്മത്തിന്റെ പരമാധികാരവും

സ്വവര്‍ഗസ്വാഭാവീകരണത്തിന്റെ അടിസ്ഥാനം സമ്മതമാണ് (consent). ഏതൊരു ലൈംഗിക ബന്ധവും പരസ്പര സമ്മതപ്രകാരമാണെങ്കില്‍ അനുവദനീയമാകും എന്നതാണത്. ആധുനിക മതേതര ലോകത്ത് എല്ലാ കാര്യങ്ങളെയും തീരുമാനിക്കുന്ന, എന്നാല്‍ ബാഹ്യ സ്വാധീനങ്ങൾക്ക് വഴങ്ങാത്ത നിഗൂഢ സ്വത്വമാണ് മനുഷ്യന്റെ ആത്മം (self). അങ്ങനെയുള്ള ആത്മത്തിന്റെ പ്രതിഫലനമാണ് സമ്മതം. എന്നാല്‍ ആത്മത്തിനും ഒരു ചരിത്രമുണ്ട്. ആധുനിക പൂര്‍വ മതപരമായ ആത്മാവ് (ഇസ്‌ലാമിക പാരമ്പര്യത്തിലെ നഫ്‌സ്) എല്ലാ കാമനകളുടെയും ഉറവിടമായാണ് പഠിപ്പിക്കപ്പെട്ടത്, എന്നാല്‍ അതിനെ നിയന്ത്രിക്കുകയും സംസ്‌കരിക്കുകയും ചെയ്യേണ്ടതുണ്ട്. നല്ല കാമനകള്‍ പ്രകൃതിപരവും പ്രകൃതത്തിന്റെ (ഫിത്റ) ഭാഗവുമാകുമ്പോള്‍ ദുഷിച്ചവ ചെകുത്താനില്‍ നിന്നുള്ളതും ചെറുക്കപ്പെടേണ്ടതുമാകുന്നു. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്പില്‍ നിന്നുള്ള ആധുനികതയുടെ പ്രവാചകന്മാർ (ഡാര്‍വിനും നീഷേയും മുതല്‍ ഫ്രോയിഡും വെബറും വരെ) തങ്ങളുടെ ആത്മസംതൃപ്തിക്കായി ദൈവത്തെ കൊന്നു കളയുകയും പുതിയ ഒരു പരമാധികാരിയെ കണ്ടെത്തുകയും ചെയ്തു: അതാണ് മനുഷ്യാത്മാവ്.

‘ശരിയായ’ കാര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതു കൊണ്ടുമാത്രമല്ല ആത്മത്തിന് പരമാധികാരമുള്ളത്, മറിച്ച് എന്താണ് ‘ശരി’ എന്ന് ആത്മം കണ്ടെത്തുകയും നിര്‍വചിക്കുകയും ചെയ്യുന്നതുകൊണ്ടു കൂടിയാണ് എന്ന് കാന്റ് അഭിപ്രായപ്പെടുന്നു. അങ്ങനെ ധാര്‍മികതയുടെ കാന്റിയന്‍ കണ്ടുപിടിത്തതോടെ ദൈവം അപ്രസക്തമാവുകയും ആത്മം പിടികിട്ടാത്തതും സ്വതന്ത്രമാവുകയും ചെയ്തു. അതിനാല്‍ നല്ലതും ചീത്തയുമായ എല്ലാ പ്രഖ്യാപനങ്ങളും കാമനകളുമായി ബന്ധപ്പെട്ട എല്ലാ വിധികളും അടിസ്ഥാനരഹിതമാണെന്ന് നീഷേ വാദിച്ചു. ദൈവമില്ലാതെ ധാര്‍മികത ഉണ്ടാവില്ലെന്ന് പലപ്പോഴും പറയാറുണ്ട്. എന്നാല്‍ ദൈവമുണ്ടെങ്കില്‍ നിയന്ത്രണാതീതമായ ആത്മമുണ്ടാകില്ലെന്നത് അധികമാരും മനസിലാക്കാത്ത ഒരു കാര്യമാണ്. പിശാചിന്റെ കളിസ്ഥലമായ, നിയന്ത്രണമില്ലാത്ത ആത്മത്തേക്കാള്‍ (ഹവാ) മോശപ്പെട്ട ഒന്നില്ലെന്നാണ് ഖുര്‍ആന്‍ പറയുന്നത്.

ഫ്രഡറിക് നീഷേ

ദൈവിക പ്രവാചകന്മാര്‍ ദൈവിക നിശ്വാസത്തില്‍ (റൂഹ്) നിന്നാണ് നഫ്‌സിന്റെ ആരംഭം എന്ന് വിശദീകരിച്ചപ്പോള്‍, ആധുനിക വിശ്വാസരാഹിത്യത്തിന്റെ പ്രവാചകനായ ഫ്രോയിഡ്, അടിച്ചമര്‍ത്തപ്പെട്ടതും അനിയന്ത്രിതവുമായ ഒന്നായി ആത്മത്തെ സൈദ്ധാന്തിച്ചുകൊണ്ട് അതിനെ ദൈവത്തില്‍ നിന്നും സ്വതന്ത്രമാക്കി. സ്വയം ഒരു ലോകം തന്നെയാണ് ആത്മം എന്നദ്ദേഹം പഠിപ്പിച്ചു. അതില്‍ വ്യാവഹാരിക യുക്തിയുടെ സ്ഥാനം വളരെ ചെറുതാണ്.

ദൈവമില്ലാത്ത ലോകത്ത് മാത്രം നിലനില്‍ക്കാനും സങ്കല്‍പിക്കാനും സാധിക്കുന്ന പരമാധികാരമുള്ള ആത്മത്തിന്റെ ആവിഷ്‌കാരമായിട്ടാണ് ‘സമ്മതം’ കടന്നുവരുന്നത്. അങ്ങനെയുള്ള ലോകത്ത് മനുഷ്യാസക്തികളുടെ (അഹ്‌വാ) വിധി നിർണയനം സാധ്യമല്ല. എന്നാല്‍ അരിസ്റ്റോട്ടിലിയനിസത്തിലും തോമിസത്തിലും ഇസ്‌ലാമിലുമൊക്കെ ആത്മമെന്നാല്‍ യുക്തിയുടെയോ വെളിപാടിന്റെയോ അടിസ്ഥാനത്തിലുള്ള തത്വങ്ങള്‍ക്കനുസരിച്ച് നിർണയിക്കപ്പെടേണ്ടതും ക്രമപ്പെടുത്തേണ്ടതും പരിശീലിപ്പിക്കേണ്ടതുമായ ഒന്നാണ്. അതിനാലാണ് സ്വവർഗലൈംഗികത ആത്മത്തിന്റെ ഒരു സ്വത്വമായി (identity) പൂർവാധുനിക ലോകത്ത് നിലനിൽക്കാതിരുന്നത്. അതിനുപകരം, പ്രമാണങ്ങളാലും മത പാരമ്പര്യങ്ങളാലും നിരോധിക്കപ്പെട്ട കാമനകളുടെയും പ്രവൃത്തികളുടെയും ഒരു കൂട്ടത്തെയാണ് കാണാന്‍ കഴിയുക.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അമേരിക്കയെ സെക്കുലര്‍ ആത്മം സ്വവര്‍ഗസ്വാഭാവീകരണത്തിലേക്ക് യാന്ത്രികമായി നയിച്ചതല്ല. പില്‍ക്കാല-മുതലാളിത്തം എന്ന് വിളിക്കാവുന്ന ആധുനികതയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ ചില പ്രത്യേക അവസ്ഥകള്‍ കാമനകളെ പരമോന്നതമായി മനസിലാക്കുന്ന ഒരു ലോകത്തിലേക്ക് നയിക്കുകയാണുണ്ടായത്. അമേരിക്ക പോലുള്ള ‘ജയിച്ച’ സമൂഹങ്ങളിലെ സമ്പല്‍സമൃദ്ധി നിയന്ത്രണാതീതമായ കാമനകളെ തൃപ്തിപ്പെടുത്താന്‍ മാത്രമല്ല, അവയെ ആരാധിക്കാനും വിഗ്രഹവല്‍ക്കരിക്കാനും നിയമവിധേയമാക്കാനും അന്വേഷിക്കാനുമുള്ള സാഹചര്യമൊരുക്കുകയുണ്ടായി.

ആധുനിക മുതലാളിത്ത ആത്മത്തിന് മാര്‍ക്‌സിസമായിരുന്നു ലിബറലിതര ബദല്‍. തത്വങ്ങളെ പ്രചരിപ്പിക്കുക, ദരിദ്രരെ നിയന്ത്രിക്കുക, ജയപരാജിതരെ സാധൂകരിക്കുക, പാപങ്ങളെ ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങളിലേക്ക്  സ്വയം ചുരുങ്ങുന്ന ഒരു മതത്തെ മുതലാളിത്തത്തിന് അംഗീകരിക്കാൻ കഴിയും. എന്നാല്‍ പ്രത്യയശാസ്ത്ര ശുദ്ധിയും സ്ഥിരതയും മുഖമുദ്രയാക്കിയ മാര്‍ക്‌സിസം അത്തരം നാമമാത്രമായ മതത്തെ പോലും അനുവദിച്ചില്ല. മനുഷ്യ കാമനകളുടെ പരിധികളില്ലാത്ത സഞ്ചാരത്തിന് വഴിയൊരുക്കുകയും ആത്മസംതൃപ്തിക്കായി ആത്മത്തെ കെട്ടഴിച്ചുവിടുകയും ചെയ്യുന്ന മുതലാളിത്തത്തില്‍ നിന്നും വിഭിന്നമായി, തങ്ങളുടെ ഭൗതികവാദത്തിലേക്കും അത് അനുവദിച്ചു നല്‍കുന്ന കാമനകളിലേക്കും മാത്രമായി മാര്‍ക്‌സിസ്റ്റ് ആത്മം ചുരുങ്ങി. തങ്ങളുടെ പ്രധാന ശത്രുവിനെ പരാജയപ്പെടുത്തിയ മുതലാളിത്തം ഇപ്പോള്‍ രാഷ്ട്രീയത്തെയും ജനാധിപത്യത്തെയും മറികടന്നിരിക്കുന്നു. ‘കാമനകളുടെ നിര്‍മാണം’ (നോം ചോസ്‌കിയുടെ ആശയമായ manufacturing consent) എന്ന ദൗത്യം യുദ്ധവേളകളിൽ നിര്‍വഹിച്ചത് ദേശരാഷ്ട്രമായിരിക്കാം. എന്നാല്‍ നിയോലിബറല്‍ കാലത്ത് ആഗോള മുതലാളിത്തം രാഷ്ട്രങ്ങളെ മുരടിപ്പിക്കുകയും വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെയും സ്വാതന്ത്ര്യത്തിന്റെയും മിഥ്യയെ ഊട്ടിയുറപ്പിച്ച് ജനങ്ങളുടെ കാമനകളെ നിയന്ത്രിക്കുന്ന പണി ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. അതോടെ സാമ്പത്തികവും പാരിസ്ഥിതികവുമായ മഹാദുരന്തത്തിലേക്ക് എന്നത്തേക്കാളും വേഗത്തില്‍ നമ്മെ നയിച്ചുകൊണ്ടിരിക്കുന്ന, ദൈവിക നിരോധനങ്ങള്‍ക്കും അനുമതികള്‍ക്കും വിരുദ്ധമായി സ്ഥാപിക്കപ്പെട്ട ഈ ലോകവ്യവസ്ഥ ആത്മീയമായി മാത്രമല്ല, ഭൗതികാര്‍ത്ഥത്തിലും അസന്തുലിതമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

ചരിത്രാധിഷ്ഠിത വാദത്തിന്റെയും സാമൂഹിക നിര്‍മാണത്തിന്റെയും പരിമിതികള്‍

സമാന ലിംഗത്തിലുള്ളവര്‍ തമ്മിലുള്ള ലൈംഗിക പ്രവൃത്തി കഴിഞ്ഞുപോയ മിക്ക സമൂഹങ്ങളിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍,  ലൈംഗികാഭിരുചികളെ മാത്രം അടിസ്ഥാനപ്പെടുത്തി ചില ആളുകൾ തിരിച്ചറിയപ്പെടുന്നതും, അവരുടെ സ്വത്വത്തിന്റെ മൗലികമായ സവിശേഷതയായി സ്വവര്‍ഗ ലൈംഗികത മാറിയതും ചരിത്രപരമായി പുതിയതും സാമൂഹികമായി നിര്‍മിക്കപ്പെട്ടതുമായ കാര്യമാണ്.

സ്വവര്‍ഗ ലൈംഗികത ജൈവിക നിര്‍മിതി എന്നതിനേക്കാള്‍ സാംസ്‌കാരിക നിര്‍മിതിയാണ് എന്നു പറയുമ്പോള്‍ അത് യഥാർഥത്തിൽ അനുഭവിക്കാവുന്ന കാമനകളേക്കാള്‍ മറ്റെന്തിലോ അടിസ്ഥാനപ്പെടുത്തിയതാണെന്നല്ല അര്‍ഥമാക്കുന്നത്. ഇമാം ഗസ്സാലി പറഞ്ഞതു പോലെ, എല്ലാ കര്‍മങ്ങളുടെയും അടിസ്ഥാനവും നിര്‍ണായക ഘടകവുമായ ഉദ്ദേശ്യം ഏതു സാഹചര്യത്തിലും ഭാഗികമായി മാത്രം സ്വമേധയാ സംഭവിക്കാവുന്ന (semi-voluntary) ഒരു കാര്യമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പെട്ടെന്നൊരാള്‍ക്ക് സ്വയം ശുദ്ധീകരണം നടത്താനോ തോന്നുമ്പോള്‍ ദൈവഭക്തി കൈവരിക്കാനോ കഴിയില്ല. വൈകാരിക പ്രകൃതത്തെ നമ്മുടെ ശാരീരിക പ്രകൃതത്തോട് വേണമെങ്കില്‍ ഉപമിക്കാം; പരിശീലനത്തിലൂടെയും പഥ്യത്തിലൂടെയും പാരിസ്ഥിതികവും ജൈവികവുമായ മറ്റു കാര്യങ്ങളിലൂടെയും ഒരാളുടെ ശരീരം പുഷ്ഠിപ്പെടുന്നതു  പോലെ പല തലങ്ങളുള്ളതും എന്നാൽ ഭാഗികമായി മാത്രം സ്വമേധയാ സംഭവിക്കുന്നതുമായ ഒന്നാണ് നമ്മുടെ വൈകാരിക അവസ്ഥ. എന്നിരുന്നാലും ഒരാളുടെ കാമനയുടെ സ്രോതസ്സ് വ്യക്തിപരവും ക്ഷണികവുമായ വീക്ഷണത്തില്‍ മാത്രം തീർച്ചപ്പെടുത്താൻ കഴിയില്ല. ദൈവഭക്തിയുള്ള സ്വവര്‍ഗാനുരാഗിയായ ഒരു വ്യക്തിയനുഭവിക്കുന്ന പ്രയാസങ്ങൾ തീര്‍ച്ചയായും പിന്തുണയും സഹാനുഭൂതിയും ആവശ്യപ്പെടുന്നുണ്ട്. എന്നിരുന്നാലും അത്തരം സമീപനങ്ങൾ പലപ്പോഴും സ്വവർഗ സ്വാഭാവീകരണത്തിലേക്ക് എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന കാര്യം തള്ളിക്കളയാനും കഴിയില്ല.

ഏകദേശം എല്ലാ സമൂഹങ്ങളിലും കാണപ്പെട്ടിട്ടുള്ള സ്വവര്‍ഗാനുരാഗത്തിൽ (homoeroticism) നിന്ന് വ്യത്യസ്തമായി അതിനെ അടിസ്ഥാന അവകാശമായി സ്ഥാപിക്കുന്ന സ്വവര്‍ഗലൈംഗിക സ്വത്വം ഒരു ആധുനിക നിര്‍മിതിയാണ്. കഴിഞ്ഞ കുറച്ചു നൂറ്റാണ്ടുകളിലായി ലൈംഗിക ബന്ധത്തെ കുറിച്ചുള്ള പാശ്ചാത്യ സമൂഹത്തിന്റെ വീക്ഷണങ്ങള്‍ക്ക് വലിയ മാറ്റം സംഭവിച്ചതായി ഹിസ്റ്ററി ഓഫ് സെക്ഷ്വാലിറ്റിയിൽ ഫൂക്കോ കാണിച്ചു തരുന്നുണ്ട്. സമാന ലിംഗത്തിലുള്ളവര്‍ തമ്മില്‍ ബന്ധങ്ങളും കാമനകളും നിലനിന്നിരുന്നെങ്കിലും സ്വവര്‍ഗലൈംഗികത ഒരു ജൈവിക രൂപമായോ സാമൂഹിക സ്വത്വമായോ കണക്കാക്കപ്പെട്ടിരുന്നില്ല. സ്വവര്‍ഗലൈംഗിക സ്വഭാവങ്ങളെ കുറിച്ച വാര്‍പ്പുമാതൃകകളും ആശയധാരകളും വികസിച്ചത് പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇംഗ്ലണ്ടിലാണെന്ന് ഫൂക്കോയെ കൂടാതെ പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നുണ്ട്.

ഉത്തരാധുനിക വിമര്‍ശനങ്ങള്‍ വ്യക്തിയെ കുറിച്ചുള്ള ലൈംഗിക സത്യങ്ങളെ മാത്രമല്ല, പൊതുവില്‍ യാഥാർഥ്യം എന്നതിനെ തന്നെ വിമർശിക്കുന്നുണ്ട്. മതപരമായ സത്യങ്ങളും മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ലിംഗ കര്‍ത്തവ്യങ്ങളുടെ (gender roles) വര്‍ഗീകരണവും സ്വവര്‍ഗലൈംഗികതയെ പോലെത്തന്നെ നിര്‍മിതമാണ്. മറ്റൊരു തരത്തില്‍, സ്വവര്‍ഗസ്വാഭാവീകരണം ഒരാളുടെ ഉണ്മയുടെ അനിവാര്യ ഘടകമാണെന്നല്ല ഉത്തരാധുനികത വാദിക്കുന്നത്. മറിച്ച്, യാതൊരു വിധത്തിലുമുള്ള മൗലികമായ രീതികളോ, യാഥാര്‍ഥ്യങ്ങളോ, ആത്മാവോ ഇല്ലാത്തതിനാലും ആത്മാവിനെ നിയന്ത്രണവിധേയമാക്കാനുള്ള തത്വങ്ങളെ തള്ളിക്കളയേണ്ടതിനാലും മറ്റെല്ലാ കാര്യങ്ങളെയും പോലെ സ്വവര്‍ഗസ്വാഭാവികതയും നല്ലതോ ചീത്തതോ ആവുന്നു.

സമാനമായി, ഇസ്‌ലാമിക ചരിത്രകാരന്മാര്‍ സ്വവര്‍ഗലൈംഗിക പ്രവൃത്തികളെ കുറിച്ച് രേഖപ്പെടുത്തുന്നുണ്ടെങ്കിലും സമകാലിക സ്വവര്‍ഗലൈംഗിക സ്വത്വം പോലൊന്ന് അവിടെയും കാണാൻ കഴിയില്ല. പരമ്പരാഗത മുസ്‌ലിം ലോകത്ത് ആണ്‍കുട്ടികളോടുള്ള – വിശിഷ്യാ താടിരോമങ്ങളില്ലാത്തവരോട് – കാമാതുരമായ/പ്രണയാതുരമായ സമീപനവും ലൈംഗികബന്ധങ്ങളും സാധാരണമായിരുന്നെന്ന് ഖാലിദ് അല്‍ റുഐഹിബ്(1) എഴുതുന്നുണ്ട്. ഇത്തരം പ്രവൃത്തികള്‍ മുസ്‌ലിം സമുദായത്തിന്റെ സൗന്ദര്യാത്മകതയുടെയും അഭിമാനത്തിന്റെയും ഭാഗമായിരുന്നിട്ടു പോലും പണ്ഡിതര്‍ ഒരിക്കലും അതിനെ ന്യായീകരിച്ചില്ല എന്ന കാര്യം ഇവിടെ ശ്രദ്ധാർഹമാണ്. വാസ്തവത്തില്‍ ഇത്തരം ലൈംഗിക ബന്ധത്തിന്റെ നിരോധനത്തെ ആരെങ്കിലും നിഷേധിച്ചാല്‍ അവര്‍ വിശ്വാസത്തില്‍ നിന്നും പുറത്തായതായി കണക്കാക്കപ്പെട്ടിരുന്നു. പുരുഷ അടിമയുമായി ലൈംഗിക ബന്ധം അനുവദിക്കുന്ന ഒരാള്‍ വിശ്വാസിയാകുമോ, അതനുവദനീയമാണെന്ന് കരുതുന്നവരെ സമുദായത്തില്‍ നിന്ന് പുറത്താക്കണോ എന്നൊക്കെയുള്ള കാര്യങ്ങളിൽ മാത്രമാണ് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നത്.

പ്രായം കൂടിയ പുരുഷനും പ്രായം കുറഞ്ഞ ആണ്‍കുട്ടിയും തമ്മില്‍ ലൈംഗികമായി ബന്ധപ്പെടുന്നത് (pederasty) അക്കാലത്തെ വരേണ്യര്‍ക്കിടയില്‍ വ്യാപകമായിരുന്നെങ്കിലും അവര്‍ സവിശേഷമായ ലൈംഗിക കാമനകളുള്ള ഒരു കൂട്ടം വ്യക്തികളാണെന്ന് ഒരിക്കലും അവകാശപ്പെട്ടിരുന്നില്ല. വിശ്വാസികള്‍ അവരെ തെറ്റുകാരായി കണക്കാക്കിയിരുന്നു. മുസ്‌ലിംകള്‍ ഇതിനെ വൈന്‍ കുടിക്കുന്നതിനെ പോലെയാണ് കണ്ടിരുന്നത്; പലരും അതില്‍ ഏര്‍പ്പെട്ടിരുന്നപ്പോഴും അതിന്റെ നിരോധനത്തെ കുറിച്ച് ആരും ചർച്ച ചെയ്തിരുന്നില്ല.

എന്നാല്‍ സാമൂഹിക വിഭാഗങ്ങളുടെ ചരിത്രപരമായ രൂപപ്പെടല്‍ എങ്ങനെയാണ് വര്‍ത്തമാനകാല മുസ്‌ലിംകളെ ബാധിക്കുന്നത്? ആധുനിക സ്വവര്‍ഗലൈംഗികതയെയും പൂര്‍വാധുനിക കാലത്തെ ഗുദഭോഗത്തെയും വലിയ അളവിൽ വിഭജിച്ചു കൊണ്ട് സ്വവര്‍ഗലൈംഗികതയുടെ ഖുര്‍ആനിക നിരോധനത്തെ ചിലര്‍ തള്ളിക്കളയുന്നുണ്ട്. സ്ത്രീകളെയും ഗുദഭോഗത്തില്‍ ഏര്‍പ്പെടാത്തവരെയും മാറ്റിനിർത്തിക്കൊണ്ട് മഅബൂന്‍ (ഗുദഭോഗത്തിന് വിധേയമാകുന്നവര്‍) എന്ന വിഭാഗം ക്വിയര്‍ വ്യക്തികളെ നിര്‍വചിക്കുന്നില്ല എന്ന് അല്‍ റുഐഹിബിന്റെയും ഡോ. സ്‌കോട്ട് കൂഗിളിന്റെയും(2) രചനകള്‍ വ്യക്തമായി സൂചിപ്പിക്കുന്നു. സമാന ലിംഗത്തിലുള്ളവരോട് തോന്നുന്ന പ്രത്യേകതരം നൈസര്‍ഗിക താല്‍പര്യത്തെ അഭിമുഖീകരിക്കുന്നതിന് പകരമായി സ്ത്രീകളിലേക്ക് വഴിതിരിച്ചുവിടാവുന്ന അമിതാഭിനിവേശത്തെയാണ് മുന്‍കാല നിയമജ്ഞരും പണ്ഡിതന്മാരും അഭിമുഖീകരിച്ചിരുന്നത് എന്ന് കേഷ്യാ അലി(3) അഭിപ്രായപ്പെടുന്നു. നിയമ രേഖകളെ പരാവര്‍ത്തനം ചെയ്യുന്നത് ഇന്ന് സഹായകമല്ലെന്ന് യാഥാസ്ഥിതിക മുസ്‌ലിം നേതാക്കള്‍ ഇനിയെന്നാണ് മനസിലാക്കുക?

പ്രായത്തിലോ പദവിയിലോ തുല്യരല്ലാത്ത പങ്കാളികള്‍ക്കിടയിൽ ബന്ധങ്ങള്‍ നിലനിന്നിരുന്ന കാലത്താണ് മുന്‍കാല വ്യാഖ്യാതാക്കളും നിയമജ്ഞരും പ്രവര്‍ത്തിച്ചിരുന്നത്. മുസ്‌ലിം നേതാക്കളും നിയമജ്ഞരും ഖുര്‍ആന്‍ മനഃപാഠമാക്കിയവരുമൊക്കെ ലിവാത്തിൽ – യുവാക്കളോ അടിമകളോ മഅബൂനുകളോ ആയ പുരുഷൻമാരുമായുള്ള ഗുദഭോഗം – പങ്കാളികളായിരുന്നതായി പതിനാലാം നൂറ്റാണ്ടിലെ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്‌നു കസീര്‍ എഴുതിയിട്ടുമുണ്ട്.

കേഷ്യാ അലി

തുല്യരല്ലാത്ത പങ്കാളികള്‍ക്കിടയില്‍ സാമൂഹിക പദവി ദുരുപയോഗപ്പെടുത്തി പരസ്പര സമ്മതം കൂടാതെ സംഭവിക്കുന്നതിനാലാണ് ഖുര്‍ആനും മധ്യകാല നിയമജ്ഞരും സ്വവര്‍ഗ ലൈംഗിക പ്രവൃത്തിയെ കുറ്റകൃത്യമാക്കിയിരുന്നത് എന്ന് ചിലര്‍ അനുമാനിക്കുന്നു. വർത്തമാനകാലത്ത് സ്വവർഗകാമനയുള്ള ആളുകൾക്ക് സ്വന്തം ലിംഗത്തിൽ പെട്ട ആളുകളോട് സവിശേഷമായ താൽപര്യമാണുളളത് എന്നവർ വാദിക്കുന്നു. ഈ വാദപ്രകാരം തോറ മുതല്‍ ഖുര്‍ആനും ഹദീസും വരെയുള്ള പ്രമാണങ്ങളില്‍ രേഖപ്പെടുത്തപ്പെട്ട ഇതു സംബന്ധിച്ച ദൈവിക വിധി കാലഹരണപ്പെട്ടതായിത്തീരും.

സ്വവര്‍ഗലൈംഗികതയുള്ള ആളുടെ ആധുനികവും പരസ്പര സമ്മതപ്രകാരം സംഭവിക്കുന്നതും മനപ്പൂര്‍വമല്ലാത്തതുമായ ത്വരകള്‍ പൂര്‍വാധുനിക മത പാരമ്പര്യങ്ങളില്‍ കുറ്റകൃത്യമാക്കപ്പെട്ട പ്രായം കൂടിയ പുരുഷനും പ്രായം കുറഞ്ഞ ആണ്‍കുട്ടിയും തമ്മിലെ ലൈംഗിക ബന്ധത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന വാദത്തിന്റെ ചരിത്രപരമായ ഘടകങ്ങളെ അന്വേഷിക്കാനാണ് ഞാൻ താൽപര്യപ്പെടുന്നത്. സമ്മതത്തെ അടിസ്ഥാനമാക്കുന്നതിലെ കുഴപ്പത്തെ കുറിച്ച് – അത് അസാധ്യമല്ലെങ്കിൽ പോലും – നേരത്തെ പറഞ്ഞിരുന്നല്ലോ. സമ്മതവും ഒരു സാമൂഹിക നിര്‍മിതിയാണ്. മറ്റു സംസ്കാരങ്ങളിൽ ദുഷിച്ചവെയെന്ന് കരുതപ്പെടുന്ന കാര്യങ്ങളെ അംഗീകരിക്കുന്നവരും പലപ്പോഴും അതിനായി വാദിക്കുന്നവരുമായി ആളുകളെ മാറ്റിത്തീർക്കാൻ കഴിയും.

അതിനാല്‍ കാമനയുടെയും സമ്മതത്തിന്റെയും രാഷ്ട്രീയം ഇപ്പോഴും സങ്കീര്‍ണമായി തുടരുന്നു. അഭിലഷണീയ ആത്മാവിന് (desiring self) പ്രാധാന്യം നൽകുന്നതും സമ്മതത്തെ കേന്ദ്രീകരിച്ചുള്ള വ്യക്തിവാദവുമെല്ലാം തീർത്തും ആധുനികമായ സങ്കൽപനങ്ങളാണ്. എങ്കിലും, പൂര്‍വാധുനിക കാലത്ത് ചില വ്യക്തികള്‍ക്ക് പ്രകൃത്യാ തന്നെ സ്വവര്‍ഗലൈംഗിക ബന്ധങ്ങളോട് താല്‍പര്യമുണ്ടായിരുന്നു എന്ന സാധ്യതയെ തള്ളിക്കളയാനും കഴിയില്ല.

സ്കോട്ട് കൂഗിൾ

നിഷ്ക്രിയനായ പങ്കാളിയുടെ (passive partner) അസ്ഥിത്വത്തെ നിരാകരിക്കുന്നതിനാലും, സാമൂഹികവും വ്യവസ്ഥാപിതവുമായി രൂപപ്പെട്ടുവന്ന അയാളുടെ സമ്മതം പൂർണമനസോടെയല്ലാത്തതിനാലുമാണ് പ്രമാണങ്ങളും പണ്ഡിതന്മാരും ഗുദഭോഗത്തെ ശക്തമായി എതിർത്തതെങ്കിൽ ഇസ്‌ലാം അനുവദിച്ചു നൽകിയ പല എതിർലൈംഗിക ബന്ധങ്ങൾക്കും ഇതേ കാരണങ്ങള്‍ ബാധകമാവേണ്ടതല്ലേ? പഴയ നിയമവും ഖുര്‍ആനും അടിമസ്ത്രീകളുമായിട്ടുള്ള (concubines) ലൈംഗിക ബന്ധം അനുവദിക്കുന്നുണ്ട്. എന്തൊക്കെയായാലും ഗുദഭോഗത്തെ സംബന്ധിച്ച ബൈബിളിന്റെയും ഖുര്‍ആനിന്റെയും വിധിയെ പങ്കാളി അനുഭവിക്കുന്ന അപമാനത്തിലേക്കോ സമ്മതം ഇല്ലായ്മയിലേക്കോ മാത്രമായി ചുരുക്കാന്‍ കഴിയില്ല.

നിലനിൽക്കുന്ന എല്ലാത്തരം സമ്പ്രദായങ്ങളെയും അപനിര്‍മിച്ചുകൊണ്ടുള്ള സാമൂഹിക നിര്‍മിതിയെ വിഭാവനം ചെയ്യുന്ന, ചരിത്രത്തോടുള്ള ഫൂക്കോവിയന്‍ സമീപനത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നിട്ടുള്ള വാദങ്ങളെ ഇനി പരിശോധിക്കാം. ആണും ആണും തമ്മിലുള്ള ലൈംഗിക ബന്ധത്തെ കുറിച്ചുള്ള സങ്കൽപനങ്ങൾ ലൂത്ത് നബിമുതല്‍ മുഹമ്മദ് നബി വരെയുള്ള 2500 വർഷക്കാലവും ഒരുപോലെയായിരുന്നു എന്നാണ്‌ പ്രസ്തുത വാദം ഈ വിഷയത്തില്‍ ഉന്നയിക്കുന്നത്. അതുകൊണ്ടാണ് തോറയിലുള്ള അതേ നിരോധനം ഖുര്‍ആനിലും സുന്നത്തിലും വന്നത്. കൂടാതെ സ്വവര്‍ഗലൈംഗികത എന്ന സാമൂഹിക വിഭാഗത്തെ ആധുനിക മനഃശാസ്ത്രജ്ഞര്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് യൂറോപ്പില്‍ കണ്ടുപിടിച്ചതോടെ മേല്‍പറഞ്ഞ ദൈവിക വിധി കാലഹരണപ്പെട്ടതും അപ്രസക്തവും അശക്തവുമായിത്തീര്‍ന്നു എന്നും അവർ പറയുന്നു. ഇതുപ്രകാരം ചരിത്രത്തില്‍ ഒറ്റത്തവണയേ ലൈംഗികതയെ കുറിച്ച ധാരണകള്‍ക്ക് കാര്യമായ മാറ്റം സംഭവിച്ചിട്ടുള്ളൂ: അത് ആദ്യകാല ആധുനിക യൂറോപ്പിലാണത്രേ! ചരിത്രത്തിലുണ്ടായ സങ്കല്‍പങ്ങളുടെ മാറ്റത്തെ ദൈവിക സമ്പ്രദായങ്ങള്‍ക്ക് അതിജീവിക്കാനാകുമോ എന്നതിനെ സംബന്ധിച്ച ചര്‍ച്ചയുടെ ഒരു പ്രധാന ഘടകമാണ് ഇത്തരം വാദങ്ങൾ.

നീഷേയും പിന്നീട് ഫൂക്കോയും വികസിപ്പിച്ചെടുത്ത സങ്കല്‍പന ചരിത്രത്തോടുള്ള ഉത്തരഘടനാവാദപരവും ചരിത്രവാദപരവും അപനിര്‍മാണപരവുമായ പ്രവണത ആധുനികത, പോസിറ്റിവിസം തുടങ്ങിയ “സാർവലൗകിക” ആശയങ്ങളെ തുറന്നുകാണിക്കുന്ന ഉപകരണമെന്ന നിലക്കും, മനുഷ്യ ചരിത്രത്തിലെ സങ്കീർണമായ വികാസങ്ങളെ നോക്കിക്കാണാനുള്ള കണ്ണാടി എന്ന നിലക്കും ഭാഗികമായി ഉപകാരപ്രദമാണ്. ഈ വാദമനുസരിച്ച് എല്ലാ സങ്കൽപനത്തിനും (concept) ചരിത്രമോ വംശാവലിയോ ഉണ്ട്. എന്നാല്‍ ഈ വീക്ഷണത്തിന്റെ തീവ്ര രൂപം നിഷേധാത്മകതയിലേക്ക് (nihilism) നയിക്കുക മാത്രമല്ല, മറിച്ച് അത് സ്വയം തന്നെ ശിഥിലീകരിക്കപ്പെടുകയും ചെയ്യും.

ചുരുക്കം ചില സങ്കല്‍പനങ്ങള്‍ക്ക് (അതിഭൗതികത പോലുള്ള) ചരിത്രപരമായ ഇടര്‍ച്ചകളെ (rupture) അതിജീവിക്കാന്‍ കഴിയുമെങ്കിലും സാമൂഹിക സ്ഥാപനങ്ങളെ അവയ്ക്ക് മറികടക്കാന്‍ കഴിയില്ലെന്ന് ദുര്‍ബലമായ സാമൂഹിക നിര്‍മിതി (social  constructivism) സിദ്ധാന്തങ്ങള്‍ കരുതുന്നു. അഥവാ, പൊതുവായ ആധികാരികതയെ അസാധുവാക്കാതെ തന്നെ ഖുര്‍ആനിലെ ചില പ്രത്യേക നിയമങ്ങള്‍ മാത്രം കാലഹരണപ്പെട്ടേക്കാം. എന്റെ അഭിപ്രായത്തില്‍, ഈ വീക്ഷണത്തിലൂടെ ഉണ്ടായേക്കാവുന്ന ഇസ്‌ലാമിക പാരമ്പര്യ വിമര്‍ശനങ്ങളെ പണ്ഡിതന്മാർ സൂക്ഷ്മമായും വ്യവസ്ഥാപിതമായും അഭിമുഖീകരിക്കേണ്ടതുണ്ട്.

ദൈവിക പ്രമാണങ്ങള്‍ക്ക് പോലും മുന്‍കൂട്ടി കാണാന്‍ കഴിയാത്തത്ര വ്യാപ്തിയില്‍ മനുഷ്യ ചരിത്രത്തിന്റെ സവിശേഷവും ഒറ്റപ്പെട്ടതുമായ ഇടർച്ചയാണ് ആധുനികത എന്ന് ഒരാൾ വിശ്വസിക്കാത്തിടത്തോളം കാലം, ആധുനികവാദികളും പുരോഗമനവാദികളും ഇസ്‌ലാമിക സമ്പ്രദായങ്ങളെയും ആചാരങ്ങളെയും മൊത്തമായി നിരാകരിക്കുന്നതിനെ ന്യായീകരിക്കാന്‍ ബുദ്ധിമുട്ടാണ്. കാരണം, മതേതര ലോകം ഖുര്‍ആനെ ചരിത്രവത്കരിക്കാന്‍ ശ്രമിക്കുന്നതിന് സമാനമായി ഖുര്‍ആന്‍ മതേതര ലോകത്തിന് അതിന്റേതായ ചരിത്രവും തത്വശാസ്ത്രവും പ്രദാനം ചെയ്യുന്നുണ്ട്‌. ഏഴാം നൂറ്റാണ്ടില്‍ അവതീര്‍ണമായ ഖുര്‍ആന്‍, അതിനും 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂസാ(അ)ന് അവതീര്‍ണമായ തോറയിലെ പ്രധാനപ്പെട്ട പല നിയമങ്ങളും, സ്വവര്‍ഗ ലൈംഗികതയും പലിശയും (രിബ) അടക്കം, അതേപടി നിലനിര്‍ത്തുന്നുണ്ട്. ഉദാഹരണത്തിന്, നിരോധിക്കപ്പെട്ടിട്ടും പലിശയിടപാട് നടത്തിയതിന് ജൂതരെ ഖുര്‍ആന്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട് (ഖുര്‍ആന്‍ 4:161). എങ്ങനെയാണ് ജൂതന്മാര്‍ ഒരുപാട് നൂറ്റാണ്ടുകാലം പലിശ നിരോധനത്തെ അംഗീകരിച്ച് മുന്നോട്ടു പോയതെന്നും, എന്നാല്‍ റോമന്‍ വ്യാപാര-സാമ്പത്തിക വികാസ കാലഘട്ടത്തില്‍ അവര്‍ അതിനെ എങ്ങനെയെല്ലാമാണ് ഈ നിരോധനത്തെ യുക്തിഭദ്രമായി കൈവെടിഞ്ഞതെന്നും – ഇജ്തിഹാദ് എന്ന് വിളിക്കാവുന്ന – ജൂത ചരിത്രകാരന്മാര്‍ വിവരിക്കുന്നുണ്ട്. അതെല്ലാം സംഭവിച്ചത് ആറാം നൂറ്റാണ്ടിനു മുന്‍പായതിനാല്‍ ഏഴാം നൂറ്റാണ്ടിലിറങ്ങിയ ഖുര്‍ആനിക വിമര്‍ശനം ഈ പറഞ്ഞ ‘ഇജ്തിഹാദിന്റെ’ ദൈവിക പുനര്‍വിചാരണയായി മനസിലാക്കാം. കാര്യമെന്തെന്നാല്‍, പലിശയുടെ നിരോധനത്തെ ന്യായീകരിച്ച് ഇല്ലാതാക്കാന്‍ ഉപയോഗിച്ച ‘ചരിത്രപരവും സാമൂഹികവും ആശയപരവുമായ മാറ്റമെന്ന’ യുക്തി ജൂതര്‍ക്ക് ഗുണം ചെയ്തില്ല. ചില നിരോധനങ്ങള്‍ ശാശ്വതമാണെന്നാണ് ഇതിലൂടെ ഖുര്‍ആന്‍ ഓര്‍മ്മിപ്പിക്കുന്നത്.

യുക്തിസഹമായ അതിരുകള്‍ വരക്കേണ്ടതിന്റെ അനിവാര്യത

പണ്ഡിതന്മാരെ അല്‍ഭുതപ്പെടുത്തുന്നതും മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ കഴിയാത്തതുമായ വിധത്തില്‍ സങ്കല്‍പനങ്ങള്‍ക്കും ശീലങ്ങള്‍ക്കും കാലക്രമേണ മാറ്റങ്ങള്‍ സംഭവിക്കും. സമകാലിക ലോകത്ത് നിലവിലുള്ള പല ആധുനിക സങ്കല്‍പനങ്ങളും വളരെ ചുരുങ്ങിയ കാലം കൊണ്ട് രൂപം പ്രാപിച്ചതാണ്. മുന്‍കാലങ്ങളില്‍ ഇറക്കപ്പെട്ട പല ദൈവിക നിയമങ്ങളെയും ഖുര്‍ആന്‍ തന്നെ റദ്ദുചെയ്തിട്ടുമുണ്ട്. ചരിത്രപരമായി വന്നിട്ടുള്ള മാറ്റങ്ങൾ കൊണ്ടായിരിക്കാമത്. എന്നാൽ ചരിത്രപരമായ മാറ്റമെന്നത് ഏതെല്ലാം സന്ദര്‍ഭങ്ങളില്‍, എത്രത്തോളം അനുയോജ്യമായ ഒരു വിശദീകരണമാണ്?

പാരമ്പര്യത്തെയും പ്രമാണങ്ങളെയും അടിസ്ഥാനമാക്കിക്കൊണ്ടല്ല പല ആളുകളും ഇസ്‌ലാമിക ലൈംഗിക വിപ്ലവത്തിന് വേണ്ടി വാദിക്കുന്നത്. എന്നിരുന്നാലും ഒരു സഹസ്രാബ്ദത്തോളം ഈ പ്രമാണങ്ങളെ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്ത പാരമ്പര്യത്തോട് സംവദിച്ചുകൊണ്ടായിരിക്കണം ദൈവിക പ്രമാണങ്ങളെ അവലംബിക്കുന്ന ആളുകൾ കൃത്യമായ ഒരു വ്യാഖ്യാനം നിര്‍മിക്കേണ്ടത്. ഇസ്‌ലാമിലെ നിയമത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും വിശിഷ്ടവും എന്നാല്‍ (മാനുഷികമായതിനാല്‍) അപൂര്‍ണവുമായ നിയമ-ദൈവശാസ്ത്ര പാരമ്പര്യം അതിന്റെ നൂറ്റാണ്ടുകളായുള്ള നിലനില്‍പ്പിനിടയില്‍ ഒരിക്കല്‍ പോലും ഇത്രയും നാടകീയമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടില്ല എന്ന കാര്യവും നാം മനസിലാക്കേണ്ടതാണ്. തീര്‍ച്ചയായും സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങള്‍ക്കൊപ്പം നമ്മുടെ ജ്ഞാനശാസ്ത്രവും ഒരുപാട് മാറിയിട്ടുണ്ട്. ഈ മാറ്റങ്ങളെ പിന്തുടരാനും പരിഹരിക്കാനും ദൈവിക പ്രമാണങ്ങളിലുള്ള നമ്മുടെ വിശ്വാസം നമ്മോട് ആവശ്യപ്പെടുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. ഒപ്പം കഴിഞ്ഞ കാലത്തിൽ നിന്നുള്ള ഈ പിളര്‍പ്പിന്റെ പ്രാധാന്യത്തെ നിരാകരിക്കുന്നവരെ നിശിതമായി വിമർശിക്കേണ്ടതുണ്ട്. ഇസ്‌ലാമിന്റെ നിയമപരവും നൈതികവുമായ മാര്‍ഗദര്‍ശനത്തെ നിരര്‍ഥകമാക്കുന്ന ചില മാറ്റങ്ങളെ ചെറുക്കുകയും ചരിത്രവല്‍ക്കരിക്കുകയും ചെയ്യേണ്ടതിന് പകരം അതിനെയെല്ലാം ഒരു അനിവാര്യതയായിക്കണ്ട് മൗനാനുവാദം നല്‍കുന്ന സമീപനവും വിമര്‍ശന വിധേയമാക്കേണ്ടതാണ്.

സ്വവര്‍ഗസ്വാഭാവീകരണത്തിന്റെ വളര്‍ച്ചയെ നിഷ്‌ക്രിയത്വത്തോടെ നോക്കിക്കാണുന്ന മുസ്‌ലിം മുഖ്യധാരയെയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്. ചലനാത്മകവും സ്വതന്ത്രവുമാവാനുള്ള ആധുനിക മാര്‍ഗങ്ങളെ പിന്‍പറ്റിക്കൊണ്ട് പല മുസ്‌ലിംകളും അണുകുടുംബങ്ങളായി മാറാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ജൈവികവും പരസ്പര സഹായകവുമായ വിശാല കുടുംബങ്ങളെയും സമുദായത്തെയുമാണ് ഇസ്‌ലാമിക നിയമങ്ങളും സമ്പ്രദായങ്ങളും ആചാരങ്ങളും പ്രോല്‍സാഹിപ്പിക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാല്‍, മുതലാളിത്ത തത്വങ്ങളും ആധുനിക ക്ഷേമരാഷ്ട്ര വിഭാവനകളും അംഗീകരിക്കുന്നതോടെ കുടുംബത്തെയും, വംശാവലിയെയും, ലൈംഗിക സദാചാരത്തെയും സംരക്ഷിച്ചു നിര്‍ത്തുന്ന ശരീഅത്തിന്റെ തത്വങ്ങള്‍ കാലഹരണപ്പെട്ടതാകും.

ഒവാമിർ അഞ്ജൂം

പിൽക്കാല-ആധുനികതയില്‍ ഇസ്‌ലാം എന്നാല്‍ എന്താണ് (സ്വകാര്യ മതമാണോ മറ്റെന്തെങ്കിലുമാണോ) എന്നതല്ല, മറിച്ച് ഇസ്‌ലാമിക സമ്പ്രദായങ്ങള്‍ ഇപ്പോഴും അര്‍ഥവത്താണോ എന്നതാണ് ചോദ്യം. ഇസ്‌ലാമിനെ സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രതികരിക്കാന്‍ പ്രാപ്തമാക്കുകയും ഫിഖ്ഹിന്റെ സ്വതന്ത്രമായ തീര്‍പ്പുകള്‍ സാധ്യമാക്കുകയും ചെയ്യുന്ന, പ്രവാചക പ്രതിരോധത്തിന്റെയും പുനര്‍നിര്‍മാണത്തിന്റെയും വിശാല വീക്ഷണം രൂപപ്പെടുത്തിയെടുക്കും വരെ ഇപ്പോഴുള്ളതു തന്നെയായിരിക്കും നമ്മുടെ ഭാവിയും.

 


കുറിപ്പ്

1- Khaled El-Rouayheb: Before Homosexuality in the Arab‐Islamic World, 1500–1800

2- ഇസ്‌ലാമിനെയും സ്വവർഗ്ഗലൈംഗികതയെയും കുറിച്ച് പഠനം നടത്തിയ പ്രമുഖ പണ്ഡിതനാണ് ഡോ. സ്കോട്ട് സിറാജുൽ ഹഖ് കൂഗിൾ. ഇവ്വിഷയകമായ അദ്ദേഹത്തിന്റെ പ്രസിദ്ധമായ രചനയാണ് ‘Homosexuality in Islam: Critical Reflection on Gay, Lesbian, and Transgender Muslims’. ഡ്യൂക് യൂണിവേഴ്സിറ്റിയിൽ നിന്നും ഹിസ്റ്ററി ഓഫ് റിലീജ്യനിൽ ഡോക്റ്ററേറ്റ് നേടിയ അദ്ദേഹം, സൂഫിസം, ദക്ഷിണേഷ്യൻ ഇസ്‌ലാമിക സമൂഹങ്ങൾ, ലൈംഗികത, ജെൻഡർ തുടങ്ങിയ മേഖലകളിൽ നിപുണനാണ്.

3- ബോസ്റ്റൺ യൂനിവേഴ്സിറ്റിയിൽ മതവിഭാഗം പ്രൊഫസറാണ് ഡോ കേഷ്യ അലി. ഇസ്‌ലാമിക് ലോ, സ്ത്രീ, ജെൻഡർ തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തുന്നു. ‘Sexual Ethics and Islam: Feminist Reflections on Qur’an, Hadith and Jurisprudence’, ‘Marriage and Slavery in Islam’, ‘Imam Shafi’i: Scholar and Saint’, ‘The Lives of Muhammed’ തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അധിക വായനക്ക്: (http://www.keciaali.com/#human-in-death). കേഷ്യ അലിയുടെ കാമ്പസ് അലൈവ് പ്രസിദ്ധീകരിച്ച ലേഖനം

വിവര്‍ത്തനം: ബാസില്‍ ഇസ്‌ലാം

ഒവാമിർ അഞ്ജൂം