Campus Alive

ബര്‍ണാഡ് ലൂയിസ് എന്ന വംശീയവാദിയെ ഓര്‍ക്കുമ്പോള്‍

പ്രസിദ്ധനായ ഹാംലെറ്റിനോട് ശവക്കുഴി തോണ്ടുന്നവന്‍ പറയുന്നുണ്ട് ” ഇവിടെ ഒരു തലയോട്ടിയുണ്ട്, മുപ്പതിരണ്ട് വര്‍ഷം കഴിഞ്ഞിട്ടും അത് ഭൂമിയില്‍ കിടക്കുകയാണ്’. അത് രാജ വിദൂഷകനായ യോറിക്കിന്റേതായിരുന്നു. അന്നേരം ഹാംലെറ്റ് തന്റെ പ്രസിദ്ധമായ വരികള്‍ ഇങ്ങനെ കുറിച്ചിടുന്നു ‘അയ്യോ പാവം യോറിക്ക്… എനിക്ക് നിന്നെ അറിയാം, ഹോറാഷ്യോ… അനന്തമായ ഹാസ്യത്തിന്റെയും ഭാവനാലോകത്തിന്റെയും തോഴനാണ് നീ.’
ബര്‍ണാഡ് ലൂയിസ് മരണമടഞ്ഞു എന്ന് കേട്ടപ്പോള്‍ എനിക്ക് പെട്ടെന്ന് ഓര്‍മവന്നത് യോറിക്കിന്റെ തലയോട്ടിയെക്കുറിച്ചും ഹാംലെറ്റിനെക്കുറിച്ചുമായിരുന്നു. പിന്നെയാണ് മനുഷ്യന്റെ നശ്വരതയെക്കുറിച്ച് നിരന്തരം ഓര്‍മപ്പെടുത്തുന്ന ഒമര്‍ ഖയ്യാമിന്റെ കവിതാശകലങ്ങള്‍ മനസ്സിലേക്ക് വന്നത്.
‘ഈ വഴിമധ്യേ, നിറുത്തി ഞാന്‍
സ്മരിക്കുന്നു
കൊശവന്‍ തന്റെ കയ്യിലെ
നനഞ്ഞ കളിമണ്ണിനെ തൊഴിക്കുന്നത് കാണാന്‍…
അത് നാശം പിടിച്ച നാവ് കൊണ്ട്
പിറുപിറുക്കുന്നുണ്ട്
‘മൃദുലമായി… സഹോദരാ… പ്രാര്‍ഥിക്കുക’

ഒരു ഭീകരനായ മനുഷ്യന്റെ ക്രൂരതകളെ അദ്ദേഹത്തിന്റെ മരണശേഷം സ്മരിക്കുക എന്നത് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല. എന്നാല്‍ ബര്‍ണാഡ് ലൂയിസ് കേവലം നാം കണ്ട സാധാരണ വഞ്ചകരിലൊരാളല്ല. മറിച്ച് ഈ ലോകത്ത് അനേകം രക്തചൊരിച്ചിലുകളും പീഡനങ്ങളും സൃഷ്ടിച്ചെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഒരു വ്യക്തിത്വമാണ്. മുസ്‌ലിംകളെ അവഹേളിക്കാനും അവര്‍ക്കെതിരെ പടിഞ്ഞാറ് എന്ന് അദ്ദേഹം വിളിക്കുന്ന ഭീമന്‍ സൈനിക ശക്തിയെ അണിനിരത്താനും വേണ്ടി ഇസ്‌ലാമിനെ സുദീര്‍ഘ കാലം പഠന വിധേയമാക്കിയ കുപ്രസിദ്ധ മുസ്‌ലിം വിരോധിയാണ് ലൂയിസ്.

ഒരു വ്യക്തി തന്റെ ജീവിതം മുഴുവന്‍ അദ്ദേഹം വെറുക്കുന്ന ജനതയെക്കുറിച്ച് പഠിക്കാനാണ് ചെലവഴിച്ചെതെങ്കില്‍ അദ്ദേഹം ഏതു തരം സ്വഭാവക്കാരനായിരിക്കും! നിങ്ങള്‍ അല്‍പം ചിന്തിച്ചുനോക്കൂ… ലൂയിസ് അത്തരത്തിലുള്ള ദൗത്യം വളരെ ഗംഭീരമായി ജീവിതത്തില്‍ പുലര്‍ത്തിയ ആളാണെന്ന് നിനക്ക് വളരെയധികം ബോധ്യപ്പെടുകതന്നെ ചെയ്യും.
9/11ന് ശേഷം മുസ്‌ലിംകള്‍ക്ക് നേരെയും ഇസ്‌ലാമിന് നേരെയും വെറുപ്പിന്റെ രാഷ്ട്രീയം എന്ന പ്രത്യയശാസ്ത്രം നിര്‍മിക്കുന്നതില്‍ മുഖ്യ സൂത്രധാരനായിരുന്നു അദ്ദേഹം. ശീതയുദ്ധകാലത്തെ മുഖ്യ സ്വാധീന ശക്തിയും ഇസ്രയേലിന്റെ ഗുണകാംക്ഷിയുമായ സെന്‍ ഹെന്ററി സ്‌കൂപ്പ് ജാക്‌സനുമായുള്ള ലൂയിസിന്റെ സൗഹൃദവും പ്രത്യയശാസ്ത്രപരമായ ബാന്ധവവും അവര്‍ക്ക് തലസ്ഥാനത്ത് പുതിയ വഴികള്‍ തുറന്നുകൊടുത്തു. മാത്രമല്ല അവസാനം 2003ലെ ഇറാഖ് അധിനിവേശത്തിന് മുമ്പ് പെന്റെഗണിന്റെയും വൈറ്റ് ഹൗസിലെയും മുഖ്യസൂത്രധാരകളിലൊരാളുടെ സ്ഥാനവും ലൂയിസിന് നല്‍കപ്പെട്ടു. അതായിരുന്നു ഇറാഖില്‍ നടന്ന മനുഷ്യാവകാശ ധ്വംസനത്തിന്റെ അക്രമത്തിന്റെയും അധിനിവേശത്തിന്റെയും ബര്‍ണാഡ് ലൂയിസ് തുടങ്ങി വച്ച പാരമ്പര്യം.

മര്‍ദ്ദക- ധ്വംസക ശക്തികളോടുള്ള ലൂയിസിന്റെ അഗാധമായ ബാന്ധവമാണ് അഫ്ഗാനിസ്ഥാനിനെയും ഇറാഖിനെയും ഇന്ന് കാണുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. സാമ്രാജ്യത്യ ശക്തികളുമായി അദ്ദേഹം നടത്തിയ ആശയ കൈമാറ്റവും ലേഖനങ്ങളിലും പുസ്തകങ്ങളിലുമായി നിരന്തരം മുസ്‌ലിംകള്‍ക്കെതിരെ നടത്തിയ വ്യവസ്ഥാപിത ചായം പൂശലുകളും മൂലമാണ് വലിയ തോതില്‍, അറബികളും അറബേതര മുസ്‌ലിംകളും കൊലചെയ്യപ്പെട്ടത്. കൂടാതെ അനേകം പേര്‍ സൈനികാധിനിവേശത്തിന്റെ ഇരകളായി
അഭയാര്‍ഥി ക്യാമ്പുകളില്‍ ജീവിതം ഹോമിക്കാന്‍ വിധിക്കപ്പെടുകയും ചെയ്തു.
സാമ്രാജ്യത്യ ശക്തികളെ സംബന്ധിച്ചിടത്തോളം, ലൂയിസ് അവര്‍ക്ക് ഇസ്‌ലാം എന്താണെന്നും മുസ്‌ലിംകള്‍ ആരാണെന്നും അറിയാനുള്ള മുഖ്യ സ്രോതസ്സായിരുന്നു. ‘ഇസ്‌ലാം നമ്മെ വെറുക്കുന്നു’ എന്ന് യു എസ് പ്രസിഡണ്ട് ഡൊണാള്‍ട് ട്രംപ് പറഞ്ഞപ്പോള്‍ സംസാരിക്കുന്നത് ബര്‍ണാഡ് ലൂയിസായിരുന്നു. ‘ഇസ്‌ലാം കാന്‍സറിനെ പോലെയാണ്’ എന്ന് ട്രംപിന്റെ അദ്യ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മിഷേല്‍ ഫ്‌ളിന്‍ പറഞ്ഞപ്പോഴും സംസാരിച്ചിരുന്നത് ലൂയിസായിരുന്നു.

പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയായിക്കുമ്പോള്‍, പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു സമ്മേളനത്തിലാണ് ഞാന്‍ അദ്ദേഹത്തെ അദ്യമായി കണ്ടുമുട്ടുന്നത്. അക്കാലത്ത് തന്നെ ബാക്കിയുള്ള പണ്ഡിതസമൂഹത്തിന്റെയും അദ്ദേഹത്തിന്റെയും ഇടയില്‍ പ്രകടമായ അകല്‍ച്ചയും വിമുഖതയും കാണപ്പെട്ടിരുന്നു. ഭരണകൂട മേധാവികള്‍, രാഷ്ട്ര ചാരന്മാര്‍, സൈനിക മേധാവികള്‍,
അധിനിവിഷ്ട മുസ്‌ലിം പ്രദേശങ്ങളിലെ സാമ്രജ്യത്യ കങ്കാണിമാര്‍, ഫലസ്ഥീനിലെ കൊളോണിയല്‍ പ്രഭൃതികള്‍ തുടങ്ങിയ എല്ലാവരുടെയും കൂട്ടാളിയായിരുന്നു അദ്ദേഹം. നാം നിരന്തരം വെറുത്തിരുന്ന അധികാരത്തെ അദ്ദേഹം സ്വന്തമാക്കുകയും കൂടെക്കൂട്ടുകയും ചെയ്തു. ഇപ്പോഴും അദ്ദേഹം യുഎസിലെയും ഇസ്രായേലിലെയും ശക്തരായ സിയോണിസ്റ്റ് ഇസ്‌ലാമോഫോബുകളുടെ ഇഷ്ടഭാജനവും അവരുടെ സ്തുതികളുടെ പാത്രീഭൂതനുമാണ്. അറബ് മുസ്‌ലിം വിരോധം എന്ന പ്രത്യയശാസ്ത്രം നിര്‍മിക്കുകയും അതിനെ പ്രോല്‍സാഹിപ്പിക്കുകയും ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്ത ലൂയിസിന്റെ ഇസ്രായേല്‍ കിങ്കരന്മാരുടെ വേലിക്കപ്പുറത്ത്‌, ഫലസ്ഥീനികള്‍ക്കൊപ്പമാണ്‌ നാം നിലകൊള്ളുന്നത്.

എന്റെ സങ്കല്‍പ്പത്തില്‍ എത്ര വെറുക്കപ്പെട്ടവന്‍…

ബര്‍ണാഡ് ലൂയിസിന്റെ മരണത്തോടെ, എഡ്വാര്‍ഡ്‌ സൈദും അദ്ദേഹവും തമ്മിലുള്ള ജ്ഞാന വിഭവ വിതരണത്തിന്റെ നീണ്ട ചരിതമാണ് അവസാനിക്കുന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയത്ത്, 1986 നവംബര്‍ 26ന് ബോസ്റ്റണില്‍ വെച്ച് മിഡില്‍ ഈസ്റ്റ് അസോസിയേഷന്‍ നടത്തിയ ഐതിഹാസികമായ സംവാദത്തില്‍ ഞാനും പങ്കെടുത്തിരുന്നു. അതിനുമുമ്പും യുവ ഗവേഷകരെപ്പോലെതന്നെ ലണ്ടന്‍ റിവ്യൂ ഓഫ് ബുക്‌സിലെ പേജുകളില്‍ ഞാന്‍ അവരുടെ സംവാദങ്ങള്‍ നിരന്തരം വായിച്ചിരുന്നു. എങ്കിലും ഞാന്‍ നിലയുറപ്പിക്കുന്നത് സൈദിന്റെ പക്ഷത്താണ്. ഈ നിലപാട് അന്നും ഇന്നും രാഷ്ട്രീയ പ്രേരിതമല്ല. മറിച്ച് ധൈഷണികതയുടെയും നൈതികതയുടെയും നിലാപാടാണ്. ലാഭകരമായ അധികാര രാഷ്ടീയവും വിപ്ലവത്തോടുള്ള ധൈഷണികമായ അഭിനിവേശവും തമ്മിലുള്ള വ്യത്യാസമാണ് അവര്‍ തമ്മിലുള്ളത്.

Arabian Lawrence

നമ്മെ ഭരിക്കുകയും നിരന്തരം ലാഭം കൊയ്യുകയും ചെയ്യുന്ന ഒരധികാര വ്യവസ്ഥയുടെ ചരിത്രകാരനാണ് ബര്‍ണാഡ് ലൂയിസ്. ജ്ഞാനോല്‍പാദനത്തിലെ സാമ്രാജ്യത്വ ശക്തിയെയാണ് ലൂയിസ് പിന്തുണച്ചത്. എന്നാല്‍ സൈദ് ആ വേലിയുടെ മറുവശത്തായിരുന്നു. അദ്ദേഹം ഫലസ്ഥീനിനെ ഉചിതമായ വായനക്ക് ഉപയുക്തമാക്കുകയും ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലെ അധിനിവേശ വിരുദ്ധ സമരങ്ങളുമായി ചേര്‍ന്നുനില്‍ക്കുകയും ചെയ്തു.

നിങ്ങള്‍ ലൂയിസിനെ കാണാന്‍ ശ്രമിച്ചപ്പോള്‍, കണ്ടത് അറേബ്യന്‍ ലോറന്‍സിന്റെ അവതാരത്തെയായിരിക്കും. അധിനിവേശ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. നൂറുവര്‍ഷക്കാലം ബ്രീട്ടീഷ് താല്‍പര്യങ്ങള്‍ക്ക് നിറം പകരാന്‍ തദ്ദേശവാസികളുടെ ഭാഷ- സംസ്‌കാരങ്ങള്‍ക്ക് മുകളില്‍ ആജ്ഞകള്‍ പുറപ്പെടുവിച്ചവനാണവന്‍. എന്നാല്‍ സൈദിനെ കാണാന്‍ ശ്രമിച്ചപ്പോള്‍, കണ്ടത് എമെ സിസറെ, ഫ്രാന്‍സ് ഫാനന്‍, വി വൈ മുഡിംബെ, എന്‌റിക്‌ ഡസ്സല്‍, അന്റോണിയോ ഗ്രാംഷി, തിയഡോര്‍ അഡോര്‍ണോ തുടങ്ങിയ എക്കാലത്തെയും വിപ്ലവനായകരായ ബുദ്ധിജീവികളുടെ നേര്‍രഖയിലായിരിക്കും. ഭൂമുഖത്തിലെ എല്ലാ ഭൂഖണ്ഡത്തിലും കാണപ്പെട്ട സര്‍വ്വ ധൈഷണികവൃന്ദത്തെയും സൈദ് ആകര്‍ഷിച്ചിരുന്നു. പക്ഷേ ലൂയിസ് ഇഷ്ടപെട്ടത് അധികാരത്തോട് അടുപ്പവും സ്‌നേഹവും കാണിച്ച അവസരവാദികളെയായിരുന്നു.

2003 ജനുവരിയില്‍, എഡ്വേര്‍ഡ് സൈദ് മരിക്കുന്നതിന്റെ അല്‍പം മാസങ്ങള്‍ക്ക് മുമ്പ്, മൊറോക്കയിലെ റബാത്തില്‍ നടക്കുന്ന ഡയലോഗ്‌സ് ഓണ്‍ സിവിലൈസേഷന്‍ എന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഞാനും അദ്ദേഹവും ക്ഷണിക്കപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹത്തിന് വരാന്‍ സാധിച്ചില്ല. ഞാന്‍ നിര്‍ബന്ധമായും പോകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം എനിക്ക് സ്‌പെയിനില്‍ നിന്ന് വിളിച്ചിരുന്നു. ലൂയിസ് ഉണ്ടന്നറിഞ്ഞ് കൊണ്ട് തന്നെ ഞാനും റബാത്തിലേക്ക് പോയി. സമ്മേളനത്തിന്റെ മിക്ക സമയത്തും ഞാന്‍ ഒപ്പം ഇരുന്നത് പ്രമുഖ ഈജിപ്ത്യന്‍ തത്വചിന്തകനായ നസ്വര്‍ അബൂ ഹാമിദ് സൈദിന്റെയും സാഹിത്യ നിരൂപകനായ ഫെരിയല്‍ ഗസൂലിന്റെയും കൂടെയായിരുന്നു. ലൂയിസ് കൂടെകൂട്ടിയിരുന്നത് യുഎസ് അധിനിവേശത്തിനുശേഷം ഇറാഖിലെ സഖ്യസേനയുടെ താല്‍ക്കാലിക ഭരണകര്‍ത്താവ്, പോള്‍ ബ്രമറുടെ നിയമോപദേഷ്ടാവായ നോഹ് ഫെല്‍ഡ്മാനെയായിരുന്നു. അടുത്ത തലമുറയെ നിയന്ത്രിക്കാന്‍ പര്യാപ്തമായ സേവനപാരമ്പര്യത്തിന്റെ കുറുവടിയാണ് ലൂയിസ് ഉപയോഗിച്ചിരുന്നതെന്ന് വളരെ വ്യക്തമാകും.

ദുഷ്ടരുടെ തിന്മ അവരുടെ മരണശേഷവും ജീവിക്കും

ബര്‍ണാഡ് ലൂയിസിന്റെ മരണശേഷം വന്ന നിരവധി കുറിപ്പുകളിലും പത്രവാര്‍ത്തകളിലും എഴുതപ്പെട്ടത് അദ്ദേഹം ആഗോള ഇടത് ശക്തിയുടെ വിരോധിയും വലതുപക്ഷ സിയോണിസ്റ്റ് പ്രഭൃതിയുടെ ഇഷ്ടഭാജനമെന്നുമായിരുന്നു. തന്ത്രപരമായി ചുവടുകള്‍ നീക്കുകയും വേഷപകര്‍ച്ചയോടെ സംസാരിക്കുകയും ചെയ്യുന്ന ഈ അസാമാന്യ വ്യക്ത്യത്വത്തെക്കുറിച്ച് അവര്‍ പറയുന്നത് അദ്ദേഹം നല്ല പണ്ഡിതനെന്നാണ്. പക്ഷേ പിന്നീട് അദ്ദേഹത്തിന്റെ പാണ്ഡിത്യം അസ്തമിച്ചുകഴിഞ്ഞിരുന്നു. രാഷ്ട്രീയമായ ബ്രാന്‍ഡിംഗിന്റെ മുഖ്യ ഉപകരണവും ഗൗരവമായ വിഷയങ്ങളില്‍ നെറികേടിന്റെ പക്ഷത്ത് നില്‍ക്കുന്ന വെറുക്കപ്പെട്ടവനായി അദ്ദേഹം മാറുകയും ചെയ്തു.

Nasr Hamid Abu Zaid

ലൂയിസിനോടുള്ള ധാര്‍മ്മികവും രാഷ്ട്രീയവുമായ വെറുപ്പിനപ്പുറം, അദ്ദേഹത്തിന്റെ ചിന്താരീതിയും രചനാ ശൈലിയും വംശീയവും അധിനിവേശ ജ്ഞാനോല്‍പാദന ശക്തികള്‍ക്കനുസൃതമായതായിരുന്നു. അതുകൊണ്ട് തന്നെ അധിനിവേശാനന്തര ജ്ഞാന വ്യവസ്ഥയുടെ കാലത്ത് അദ്ദേഹം പ്രതിസന്ധിയിലാവുകയും ചെയ്തു. ബര്‍ണാഡ് ലൂയിസ് ചരിത്രപരമായ സത്യങ്ങളെ നിക്ഷ്പക്ഷമായി സമീപിക്കുന്ന പണ്ഡിതനായിരുന്നില്ല.
അദ്ദേഹം സേവിച്ചുപോന്ന അധിനിവേശ അധികാരവ്യവസ്ഥയ്ക്ക് മുമ്പില്‍ മുസ്‌ലിംകളെ അവഹേളിക്കാനും തേജോവധം ചെയ്യാനും അവരുടെ സംസ്‌കാരത്തെ വളച്ചൊടിക്കാനും വേണ്ടി എല്ലാ പുസ്തകങ്ങളിലൂടെയും അദ്ദേഹം വസ്തുതാവിരുദ്ധമായ കണക്കുകയും ആശയങ്ങളും പ്രചിപ്പിച്ചു. What Went Wrong?: The Clash Between Islam and Modernity in Middle East (2002) എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഗ്രന്ഥം പണ്ഡിതോചിതമായ ഗവേഷണ സൃഷ്ടിയൊന്നുമല്ല; മറിച്ച് മുസ്‌ലിം ലോകത്തെ എങ്ങനെ നിയന്ത്രണവിധേയമാക്കാം എന്ന് യുഎസിലെ സൈന്യത്തെയും രഹസ്യാന്വേഷണ വിഭാഗത്തെയും പഠിപ്പിക്കുന്ന ഒരു കൈപ്പുസ്തകം മാത്രമാണ്.

ലൂയിസ് എക്കാലത്തും ചരിത്രത്തിന്റെ തെറ്റായ വശത്തായിരുന്നു നിലകൊണ്ടത്. അദ്ദേഹത്തിന്റെ സംസ്‌കാരികവ്യാപാരത്തില്‍ അന്ധമായ വെറുപ്പും വംശീയതയും അദ്ദേഹം കൊണ്ടുനടന്നിരുന്നു. 2011 ലെ അറബ് വിപ്ലവങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം അദ്ദേഹത്തിന്റെ ചിന്താരീതി എങ്ങനെയാണെന്ന്‌ കൃത്യമായി നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അറബ് വിപ്ലവങ്ങളുടെ തുടക്കകാലത്ത് അദ്ദേഹം അഭിപ്രായപ്പെട്ടു: ‘എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, മുസ്‌ലിം ലോകത്ത് പാശ്ചാത്യ രീതിയിലുള്ള കാഷ്വല്‍ സെക്‌സ് നിലവിലില്ല. ഒരു ചെറുപ്പക്കാരന് ലൈംഗികമായ താല്‍പര്യമുണ്ടെങ്കില്‍ അവന് അവിടെ രണ്ട് സാധ്യതകളാണുള്ളത്; വിവാഹവും വേശ്യാലയവും. കാശില്ലാതെ അമിത ലൈംഗികാസക്തിയുമായി, വേശ്യാലയങ്ങളിലേക്കോ വിവാഹമൂല്യത്തിനോ വേണ്ടി കറങ്ങിനടക്കുന്ന ചെറുപ്പക്കാരെ നിനക്ക് കാണാന്‍ സാധിക്കും. മറുഭാഗത്ത് സ്വര്‍ഗത്തിലെ ഹൂറിമാരെ സ്വപ്‌നം കണ്ട് ചാവേര്‍ സ്‌ഫോടകരായി മാറുന്നു. എന്നാല്‍ അവര്‍ക്ക് ലഭിക്കുന്നത് കേവലം ദു:ഖം മാത്രം’. ഇത് അശ്ലീലതയാണ്; ഹൃദയം നിറയെ ധാര്‍മ്മിക പാപ്പരത്തം കൊണ്ടുനടക്കുന്നതിന്റെ ഉദാഹരണവുമാണ്.

ഫര്‍ഹദ് ദഫതാരിയെ പോലെയുള്ള ഉന്നത പണ്ഡിതന്മാര്‍ വസ്തുതാവിരുദ്ധമായ വാചോടാപം എന്ന് പറഞ്ഞ് പ്രത്യക്ഷമായി തള്ളികളഞ്ഞ അദ്ദേഹത്തിന്റെ The Assassins: The Radical Sect in Islam (1967) എന്ന ഗ്രന്ഥം മുസ്‌ലിംകളെ ജന്മവാസനകൊണ്ട് തന്നെ കൊലപാതകികളാണെന്ന് ചിത്രീകരിക്കുന്നുണ്ട്. ഇസ്‌ലാമും പടിഞ്ഞാറും തമ്മില്‍, മുസ്‌ലിംകളും ആധുനിക ലോകവും തമ്മില്‍ പ്രകൃത്യാ വിഭജനമുണ്ടെന്ന് സ്ഥാപിച്ചെടുക്കുന്നതിലായിരുന്നു അദ്ദേഹം താല്‍പര്യം കണ്ടത്തിയത്. The Muslim Discovery of Europe (1982), Islam and the West (1993) എന്നീ രണ്ട് പുസ്തകളിലും മുഖ്യ വിഷയം ഇതു തന്നെയാണ്.

Farhad Daftary

ബര്‍ണാഡ് ലൂയിസ് ഇസ്‌ലാമിക പണ്ഡിതനൊന്നുമല്ല. അദ്ദേഹം ബ്രിട്ടീഷ് അധികാരികള്‍ക്ക് എങ്ങനെ ഇസ്‌ലാമിക ലോകം വളരെ മികച്ച രീതിയില്‍ ഭരിക്കാം എന്ന് എഴുതികൊടുക്കുന്ന ബ്രിട്ടീഷ് ഓഫീസര്‍ മാത്രമാണ്‌. A handbook of Diplomatic and Political Arabic (1947) -അദ്ദേഹത്തിന്റെ ഏറ്റവും ആദ്യത്തെ വാള്യങ്ങളിലൊന്ന് – ബ്രിട്ടീഷുകാരുടെയും പിന്നീട് അമേരിക്കന്‍ സാമ്രാജ്യങ്ങളുടെയും സേവനത്തില്‍ കഴിയുന്ന കൊളോണിയല്‍ കൂലിയെഴുത്തുകാരന്‍ എന്ന നിലയില്‍ തന്റെ ജീവിതം അദ്ദേഹം നേരത്തെ പ്രവചിച്ചിരുന്നു.

ഇന്ന് ബര്‍ണാഡ് ലൂയിസിന്റെ പാരമ്പര്യത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍, നാം ഓര്‍ക്കുക ട്രംപും അദ്ദേഹത്തിന്റെ വൈറ്റ് ഹൗസില്‍ കിരീടം ചൂടിയ കോടിപതികളും കോപ്പുകൂട്ടുന്ന മുസ്‌ലിം വിരോധ വ്യാപാരത്തിന്റെ കഥയെക്കുറിച്ചാണ്. വീണ്ടും ലൂയിസിനെ ഓര്‍ക്കുമ്പോള്‍, ഓര്‍മ വരുന്നത് ട്രംപിന്റെ രാഷ്ട്രീയ പിമ്പുകളെയാണ്. അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും അമേരിക്കന്‍ പ്രസിഡന്റിന്റെ വലംകൈയ്യായ സൂത്രധാരനുമായ ജോണ്‍ ബോള്‍ട്ടനെ, മുസ്‌ലിം വിരോധം കൂടെകൊണ്ടുനടക്കുന്ന മതവിദ്വേഷി സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയെ, മുസ്‌ലിംകളെ പീഡിപ്പിക്കാന്‍ ഉത്തരവ് നല്‍കിയ അമേരിക്കന്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ പുതിയ നിയുക്ത ഡയറക്ടര്‍ ജിന ഹാസ്പലിനെ, എല്ലാം ലൂയിസിന്റെ പാരമ്പര്യമാണ്.

ഇസ്‌ലാമിനും പടിഞ്ഞാറിനും ഇടയില്‍ മൗലികമായ വ്യത്യാസവും അബദ്ധജഡിലമായ ധാരണയും നിര്‍മിക്കുന്നതില്‍ ലൂയിസിനേക്കാള്‍ മുഖ്യ പങ്ക് വഹിച്ച ഒരാളില്ല. അദ്ദേഹത്തിന്റെ ഈ ഏക സൃഷ്ടിയിലൂടെയാണ് സാമുവല്‍ ഹംണ്ടിംഗ്ടണ്‍ തന്റെ സംസ്‌കാരിക സംഘട്ടനം എന്ന ആശയം ആവിഷ്‌കരിക്കുന്നത്. ലൂയിസിനെ അറിയാന്‍ (തെളിവായി)അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തെ ആര് പ്രശംസിക്കുന്നുവെന്ന് പരിശോധിച്ചാല്‍ മതി. ‘സമകാലിക യുഗത്തില്‍ ഇസ്‌ലാമിനെക്കുറിച്ചും മധ്യപൂര്‍വ്വ ദേശത്തെക്കുറിച്ചും പഠിച്ച മുഖ്യ വ്യക്തികളിലൊരാളാണ്‌ ലൂയിസ്. ഇസ്രായേലിന്റെ പ്രതിരോധകാര്യങ്ങളില്‍ അദ്ദേഹം കാണിച്ച സന്മനസ്സിന് നാം ഒരുപാട് കടപ്പെട്ടവരാണ്’. ഈ പ്രസ്താവനയിലൂടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അദ്ദേഹത്തെ ഇസ്‌ലാമിലെ ഉന്നത ജ്ഞാനസ്രോതസ്സായിട്ടാണ് കാണിക്കുന്നത്.

യുഎസ് സ്‌റ്റേറ്റ് സെക്രട്ട്രറി മൈക്ക് പോംപെ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഇസ്‌ലാമിക വിജ്ഞാനീയത്തില്‍ ഖ്യാതി നേടിയ പണ്ഡിതനെന്നാണ്. ”എനിക്ക് മധ്യപൂര്‍വ്വ ദേശത്തെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ ധാരണ ലഭ്യമായത് അദ്ദേഹത്തിന്റെ കൃതിയിലൂടെയാണ്. ഞാന്‍ വിശ്വസിക്കുന്നത് പോലെ ചെയ്യുന്ന മനുഷ്യനായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യത്തിന്റെ ഉയര്‍ച്ചയില്‍ നമുക്ക് മനോവീര്യമുണ്ടാകണം. നന്ദി ലൂയിസ്, ഒരുപാട് ജീവിതം മുഴുവന്‍ സേവനമായി അര്‍പ്പിച്ചതിന്….’ അബൂ ഗുറൈബും വാട്ടര്‍ബോര്‍ഡിംഗ് തുടങ്ങിയ പീഡന മുറകളും നമുക്ക് സമ്മാനിച്ച മുന്‍ ഉപ പ്രധാനമന്ത്രി ഡിക് ചെനീ അഭിപ്രായപ്പെട്ടത് ‘മധ്യപൂര്‍വ ദേശത്തെക്കുറിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ സ്രോതസ്സ് കണ്ടെത്താന്‍ കഴിയുകയില്ല’. ഇസ്‌ലാമിക ചരിത്രത്തിലെയും ചിന്താസരണിയിലെയും മുഖ്യസ്രോതസ്സായിട്ടാണ് അദ്ദേഹത്തെ വാഴ്ത്തുന്നത്. നെതന്യാഹു, മൈക്ക് പോംപെ, ഡിക് ചെനീ എന്നിവരുടെ ലൂയിസിനോടുള്ള ബഹുമാനവും സ്‌നേഹവും പരിശോധിച്ചാല്‍, അവര്‍ തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഭീകരത മനസ്സിലാകും. വെറുപ്പ് കാണിക്കാനും അക്രമം കാണിക്കാനും നാശം വിതക്കാനും ഒരു സമൂഹത്തെക്കുറിച്ച് പഠിച്ചവരായിരുന്നു അദ്ദേഹം.

മരണത്തിനുമുമ്പ് മരിച്ചു

സര്‍വ്വ് സ്രഷ്ട്രാവിനെ നേരില്‍ കാണുന്നതിന് മുമ്പ് തന്നെ ലൂയിസ് മരണപ്പെട്ടിട്ടുണ്ട്. യുഎസ്, യൂറോപ്പിനെ പോലെ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക തുടങ്ങിയ ലോക രാജ്യങ്ങളില്‍ വിമര്‍ശനചിന്ത വ്യവസ്ഥാപിതമായി പരിചയപ്പെടുത്തിയ ഒരു വ്യക്തിയായിരുന്നു സൈദ്. അദ്ദേഹം ലൂയിസിന്റെ പുസ്തകങ്ങളെ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പൗരസ്ത്യചരിത്രപഠനങ്ങളുടെ ചവറ്റുകൊട്ടയില്‍ നിക്ഷേപിച്ചിരുന്നു.

എല്ലാ വസ്തുതകളെയും തെറ്റായി സമീപിക്കാനുള്ള കഴിവിനെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രപരമായ നിക്ഷിപ്ത താല്‍പര്യത്തെയും മറച്ചുവെക്കുന്നതാണ് അദ്ദേഹത്തിന്റെ സംസാരശൈലി എന്ന് മുപ്പതിയാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൈദ് സൂചിപ്പിച്ചിരുന്നു. രണ്ടുപേരും ഒരു പോലെയാണെന്ന്‌ പലപ്പോഴും ചിലര്‍ വിശേഷിപ്പിക്കാറുണ്ട്. പക്ഷേ വസ്തുതകള്‍ അങ്ങനെയായിരുന്നില്ല. ഇരുവരും എല്ലാ അര്‍ഥത്തിലും രണ്ട് ധ്രുവങ്ങളിലായിരുന്നു. സാഹിത്യമേഖലയും പോസ്റ്റ് കൊളോണിയല്‍ പഠന മേഖലയും വിപ്ലവകരമായി കൈകാര്യം ചെയ്ത വിമര്‍ശന ചിന്തകനായിരുന്നു സൈദ്. എങ്ങനെ മുസ്‌ലിംകളെ വെറുക്കാം എന്ന് പറഞ്ഞ് കൊടുക്കാന്‍, അധികാരമോഹികളുടെ ചെകിടിന് മന്ത്രമോതുന്ന ഫ്രാന്‍സിസ് ഫുകുയാമയുടെയും ഹംണ്ടിംഗ്ടണിന്റെയും പ്രത്യയശാസ്ത്ര നിര്‍മ്മാതാവും രഹസ്യാന്വേഷണ ഉദ്യോഗസ്ഥനുമായിരുന്നു ലൂയിസ്. വിമര്‍ശന ചിന്തകരുടെ തലമുറക്ക് ധാര്‍മ്മിക അടിത്തറ പാകിയ വ്യക്തിയായിരുന്നു സൈദ്. ലൂയിസ് സൈനിക നയതന്ത്രര്‍ക്ക് എങ്ങനെ അറബ് മുസ്‌ലിം സമൂഹത്തെ ഭരിക്കാമെന്ന് പറഞ്ഞുകൊടുക്കുകയും ചെയ്തു.

ലൂയിസിനെപോലെയുള്ള ഓറിയന്റലിസ്റ്റുകളുടെ പ്രത്യയശാസ്ത്രബന്ധിതമായ ജ്ഞാനോല്‍പാദനരീതി സത്യത്തെ കണ്ടത്താനുള്ള അതിയായ മോഹം കൊണ്ടായിരുന്നില്ല. മറിച്ച് മനുഷ്യ സമൂഹത്തെ അവഹേളിക്കാനും അത്മാഭിമാനബോധം ഇല്ലാതാക്കാനും വെളുത്തവര്‍ഗക്കാരനായ അധിനിവേശ ശക്തി മാത്രമാണ് യോഗ്യനെന്ന് നിരന്തരം ബോധ്യപ്പെടുത്താനുമായിരുന്നു.

Enrique Dussel

ഈ വിമര്‍ശനം സൈദിന്റെ മാന്ത്രിക പുസ്തകമായ ഓറിയന്റലിസം മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല. ജ്ഞാനം അധികാരത്തിന്റെ സേവകനായി വരുന്നതിനെക്കുറിച്ച് മുമ്പ് ഫഞ്ച് ചിന്തകനായ ഫൂക്കോ സംസാരിച്ചിട്ടുണ്ട്. അതുപോലെ തന്നെ അര്‍ജന്റീനിയന്‍ ഫിലോസഫറായ എന്‌റിക്‌ ഡസ്സല്‍ തന്റെ Philosophy of Liberation എന്ന കൃതിയില്‍ പറഞ്ഞു ‘സത്താമീമാംസ എന്നത് വേറെ ഇടത്ത് നിന്ന് ഉണ്ടായതല്ല. പ്രത്യുത മറ്റുള്ള വ്യക്തികള്‍ക്കുമേല്‍ മനുഷ്യന്‍ നടത്തിയ അധികാരനുഭവങ്ങളില്‍നിന്നും മറ്റുള്ളവരുടെ ലോകങ്ങള്‍ക്കുമേല്‍ നടത്തിയ സാംസ്‌കാരിക അടിച്ചമര്‍ത്തലുകളില്‍നിന്നും ഉല്‍ഭൂതമായതാണ്. ഈഗോ കോഗീറ്റോ (I Think) ക്കുമുമ്പുതന്നെ ഈഗോ കോണ്‍ക്വറോ(I Conquire) ഉണ്ട്. അഥവാ ഞാന്‍ കീഴടക്കുന്നു(ego conquero) എന്ന ഭാവം, ഞാന്‍ ചിന്തിക്കുന്നു (ഈഗോ കോഗീറ്റോ) എന്നതിന്റെ പ്രായോഗിക അടിത്തറയാണ്’.

സെയ്ദ്, ലൂയിസ് എന്നീ രണ്ടുപേരും ഇപ്പോള്‍ പോയിരിക്കുന്നു. എന്നാല്‍, സൈദ് എല്ലാവരുടെയും നല്ല ഭാവിക്കുവേണ്ടി ഉന്നതമായതിനെ പ്രതീക്ഷിക്കുമ്പോള്‍, റെസ്റ്റ് എന്നതിന്റെ ചെലവില്‍ വെസ്റ്റ് എന്ന മിഥ്യ സങ്കല്‍പ്പം ഉയര്‍ത്തികൊണ്ടുവരുന്ന വംശീയ പാരമ്പര്യമാണ് ലൂയിസ് നമുക്ക് ല്‍കിയത്.

(അല്‍ജസീറയില്‍ വന്ന ഹാമിദ് ദബാശിയുടെ ‘Alas poor Bernard Lewis, a fellow of infinite jest’ എന്ന ലേഖനത്തിന്റെ വിവര്‍ത്തനം)

മൊഴിമാറ്റം: സി സ്വാലിഹ് അമ്മിനിക്കാട്

ഹാമിദ് ദബാശി