Campus Alive

ദലിതരുടെ ഇടയില്‍ അംബേദ്കറിന്റെ പല ജീവിതങ്ങള്‍

അംബേദ്കര്‍ക്ക് സമകാലീന സമൂഹത്തില്‍ വൈവിധ്യമുള്ള ഒട്ടേറെ ജീവിതങ്ങള്‍ ഉണ്ടെന്നു ഞാന്‍ കരുതുന്നു. വ്യത്യസ്ത രീതിയിലായിരിക്കണം വ്യത്യസ്ത വിഭാഗങ്ങളാല്‍ അംബേദ്കര്‍ അംഗീകരിക്കപ്പെടുന്നത്. ദലിതരുടെ ഇടയില്‍ തന്നെ പല ജീവിതങ്ങളുണ്ട് അദ്ദേഹത്തിന്. അവയില്‍ ചിലത് ഇങ്ങനെയാണ്. ഒന്ന്) ദലിതരെ സംബന്ധിച്ച് ‘ദലിത് ‘ എന്ന സമുദായത്തെ വിഭാവന ചെയ്യാനുള്ള ഒരു പ്രധാന ഘടകം തന്നെ അദ്ദേഹത്തിന്റെ ജീവിതവും ചിന്തകളുമാണ്. രണ്ട്) ഇന്ത്യയിലെ വിവിധ കോണുകളില്‍ ജീവിക്കുന്ന,വിവിധ ജാതികളായി ചിതറികിടക്കുന്ന ദലിതരെ സംബന്ധിച്ച് അവരുടെ പ്രാദേശികതയ്ക്കപ്പുറം ഒരു വലിയ സമുദായമായി ”തിരിച്ചറിയുന്നത്”/നിര്‍മ്മിക്കുന്നത് അംബേദ്കറിലൂടെയാണ്. അത് കൊണ്ട് തന്നെയാണ് മറ്റൊരു സ്ഥലത്ത് നടക്കുന്ന ഒരു ജാതീയ കൊലപാതകത്തെ സമുദായം നേരിടുന്ന ഒരു അതിക്രമമായി തിരിച്ചറിയുന്നത്. 3) ദേശ രാഷ്ട്രത്തിനു മേലുള്ള അവകാശം എന്ന നിലയില്‍. വിവേചനത്തിന്റെയും സാമൂഹ്യധികാരനിഷേധത്തിന്റെയും പ്രശ്‌നങ്ങളെ നേരിടുന്നത് രാഷ്ട്രത്തിനു മേലുള്ള അവകാശത്തെ പ്രഖ്യാപിച്ചു കൊണ്ടാകാം. ഭരണ ഘടനാ ശില്പി എന്ന നിലയില്‍ അംബേദ്കറെ ഉയര്‍ത്തി കാട്ടുന്നതിലൂടെ ദേശരാഷ്ട്രത്തെ വിഭാവന ചെയ്യുന്നതിലെ പങ്ക് ആയിരിക്കാം അവകാശപ്പെടുന്നത്. 4) നിലനില്‍പ്പിനായുള്ള ഒരു ശക്തി എന്ന നിലയില്‍ അദ്ദേഹം മനസിലാക്കപെടുന്നു. ദലിതരെ പുറംതള്ളുന്ന”ദേശ”ത്തില്‍ നിലനില്‍ക്കാനുള്ള ഒരു പിടി വള്ളി എന്ന നിലയില്‍.5) സാമൂഹ്യയിടങ്ങളില്‍ ജാതീയമായ ഒറ്റപ്പെടുത്തലിനെയും പുറന്തള്ളലിനെയും പ്രതിരോധിക്കാനുള്ള സാമൂഹ്യബോധം/രാഷ്ട്രീയം എന്ന നിലയില്‍. വിദ്യഭ്യാസയിടങ്ങളില്‍ ഈ സാമുദായിക രാഷ്ട്രീയ ബോധം ആണ് ഇപ്പോള്‍ നിലനില്‍പ്പിന്റെ ഏറ്റവും വലിയ ആയുധം എന്ന് ഹൈദരാബാദ് സര്‍വകലാശാലയിലും ഇഫ്‌ലുവിലും ഒക്കെ കണ്ടു.6) അംബേദ്കര്‍ ഒരു കീഴാള രാഷ്ട്രീയ/സാമുദായിക ചിഹ്നമെന്ന നിലയില്‍ ജീവിക്കുന്നു. കെ പി എം എസ്, കേരളാ ദലിത് പാന്തേര്‍സ്,ഡി എച് ആര്‍ എം അടക്കമുള്ള ദലിത് രാഷ്ട്രീയ/സാമുദായിക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരുന്ന ഇടങ്ങളില്‍ മിക്ക വീടുകളിലും പരിസരത്തെ പൊതുയിടങ്ങളിലും ഒക്കെ തന്നെ അംബേദ്ക്കര്‍ ഫോട്ടോകളോ പ്രതിമകളോ കാണാം. ഈ പൊതു ദൃശ്യത സാമൂഹ്യാധികാരത്തിനും ചെറുത്തുനില്‍പ്പിനുമുള്ള ഒരു ഉപാധിയാണ്. ഒരു ചിഹ്നം എന്നതിനെക്കാളും ഇത് ജീവത്തുള്ള ചെറുത്തു നില്‍പ്പ് തന്നെയാണ്. യു പി യിലെ ദലിത് പ്രേരണാ സ്ഥലിലെ അംബേദ്ക്കര്‍ പ്രതിമകള്‍ ബി എസ്‌ പിയിലൂടെ നേടിയെടുത്ത പൊതുയിടത്തെ ഒരു സാമൂഹിക അധികാരത്തിന്റെ പ്രഖ്യാപനമാണ്. പൊതുയിടത്തു നടക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലഘട്ടത്തോട് സംഘര്‍ഷത്തിലൂടെ നേടിയെടുത്ത ഒരു ദൃശ്യതയായ് ഇതിനെ കണക്കാക്കാം. 6) മറ്റൊരു പ്രധാന ഘടകം രാഷ്ട്രീയ സൈദ്ധാന്തികമായ ഒരു സ്രോതസ്സ് എന്ന നിലയിലാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ജാതിയെ കുറിച്ചും സാമൂഹികതയെ കുറിച്ചും അധികാരത്തെ കുറിച്ചും അതി സൂക്ഷ്മമായി വിലയിരുത്തുകയും ഒരു വിമോചന ധാര വികസിപ്പിച്ചെടുക്കുകയും ചെയ്ത ഒരു വ്യക്തിയെന്ന നിലയില്‍. ഇതില്‍ അംബേദ്കര്‍ ചിന്തകളും രാഷ്ട്രീയ പരിശ്രമങ്ങളും വരും.7) മറ്റൊന്ന് ബുദ്ധിസ്റ്റ് പ്രസ്ഥാനങ്ങള്‍ ആണ്. മുകളില്‍ സൂചിപ്പിച്ച ഏതെങ്കിലുമൊരു ഘടകത്തെ മാറ്റി നിര്‍ത്തി അംബേദ്ക്കറെ മനസിലാക്കാന്‍ കഴിയുമോ എന്നറിയില്ല.വ്യത്യസ്ത കീഴാള വിഭാഗങ്ങള്‍ക്ക് അവരുടെതായ രീതിയില്‍ അംബേദ്ക്കറെ കാണാനുള്ള അവകാശമുണ്ട്. അംബേദ്ക്കറെ ദൈവമായി കാണരുത് എന്ന് ആരോടും ശഠിക്കാന്‍ കഴിയില്ല.ഇവിടെ ഞാന്‍ ചര്‍ച്ച ചെയ്യാന്‍ ഉദേശിക്കുന്നത് അംബേദ്ക്കര്‍ ചിന്തകള്‍/രാഷ്ട്രീയ വീക്ഷണങ്ങള്‍ എന്നിവയോടുള്ള ഒരു സമകാലിക ഇടപെടലിന്റെ സാധ്യതകള്‍ എന്തൊക്കെയായിരിക്കും എന്നതാണ്. ആരും അതിനായി ശ്രമിക്കുന്നില്ല എന്നല്ല.മറിച്ചു അതിനെ കുറിച്ചുള്ള ചര്‍ച്ചകളെ മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയുമെന്ന് കരുതുന്ന ചില ചിന്തകള്‍ പങ്കു വയ്ക്കുക മാത്രമാണ് ചെയ്യുന്നത്.

 

അടുത്തകാലത്ത് പൊതു രാഷ്ട്രീയ മണ്ഡലത്തില്‍ അംബേദ്കര്‍ വളരെ ദൃശ്യത നേടുന്നത് കാണാം.രോഹിത് വെമുലയുടെ ആത്മഹത്യയും അതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളിലും ജെ എന്‍ യു പ്രതിഷേധങ്ങളിലും അംബേദ്കര്‍ വളരെ പ്രകടമായി ഉയര്‍ത്തി കാട്ടപെട്ടു.ഇത് കുറച്ചു വര്‍ഷങ്ങളായി ഹൈദരാബാദ് ഉള്‍പ്പടെയുള്ള ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ ഉയര്‍ന്നു വന്നിരുന്ന ദലിത് ബഹുജന്‍ രാഷ്ട്രീയം ദൃശ്യത നേടുന്നതിന്റെ തെളിവായിരുന്നു.എ എസ് എ എന്ന അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ പോലെയുള്ള ഒരു വിദ്യാര്‍ഥി സംഘടന ഉണ്ടാക്കിയെടുത്ത ഒരു രാഷ്ട്രീയ ഇടമായിരുന്നു ഇത്.ഇതേ പോലെ തന്നെ പല സര്‍വകലാശാലകളിലും അംബേദ്കര്‍ സ്റ്റഡി സര്‍ക്കിളുകളും വികസിച്ചു. അക്കാദമിക രംഗത്തെ ദലിത് സാന്നിധ്യം പോലെ തന്നെ ഇവ ഈ അക്കാദമിക ഇടങ്ങളെ തന്നെ പുനര്‍നിര്‍ണ്ണയിക്കുന്ന ശക്തികളായി.”ജാതി” ചര്‍ച്ച ചെയ്യപ്പെടാത്ത ഇടങ്ങളില്‍ ജാതി ചര്‍ച്ച ചെയ്യപ്പെടുകയും ഈ ഇടങ്ങളുടെ സ്ഥാപന വത്കരിക്കപെട്ട ജാതി വെളിവാക്കപ്പെടുകയും ചെയ്തു. അംബേദ്കര്‍ ഒരേ സമയം ഒരു ചെറുത്തു നില്‍പ്പിന്റെ പ്രതീകവും വ്യാവഹാരികമായ ഒരു ശക്തിയുമായി മാറി. ഈ അവസരത്തിലാണ് ഇടതു പാര്‍ട്ടികളും ഇടതു വിദ്യാര്‍ഥി സംഘടനകളും സംഘപരിവാര്‍ ശക്തികളും അംബേദ്കറെ അംഗീകരിക്കുന്ന വാചോടാപങ്ങളുമായി മുന്നോട്ടു വരുന്നത്.ലാല്‍ സലാം, നീല്‍ സലാം എന്ന മുദ്രാവാക്യങ്ങളും ഉയര്‍ത്തപ്പെട്ടു. എന്നാല്‍ ഈ വ്യവഹാരങ്ങള്‍ ഏതെങ്കിലും തരത്തില്‍ അംബേദ്കര്‍ രാഷ്ട്രീയവുമായി ഗൗരവത്തോടെ ഇടപെടുന്നുണ്ടോ? അംബേദ്ക്കറുടെ പേരിനെ ഉയര്‍ത്തിപ്പിടിക്കുകയല്ലാതെ അംബേദ്ക്കര്‍ ഉന്നയിച്ച രാഷ്ട്രീയത്തെ മനസിലാക്കുവാനും ഈ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയത്തെ പുന:സൃഷ്ട്ടിക്കാനും അവര്‍ക്ക് കഴിയുന്നുണ്ടോ? അംബേദ്ക്കറെ സമകാലികയവസ്ഥയില്‍ എങ്ങനെയാണ് മനസിലാക്കുക? സ്വതന്ത്ര്യാനന്തര ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്ന് കൊണ്ട് അംബേദ്ക്കര്‍ രാഷ്ട്രീയത്തെ മനസിലാക്കുക എങ്ങനെയായിരിക്കും എന്നതാണ് കാതലായ ചോദ്യം. ജാതിയുടെ രൂപങ്ങളില്‍ വന്ന മാറ്റങ്ങള്‍, ”ഇന്ത്യ’ എന്ന പുതിയ രാഷ്ട്രം നിലവില്‍ വരുകയും ഭരണഘടന പ്രാബല്യത്തില്‍ വരികയും ചെയ്തതിനു ശേഷം ഉണ്ടായ വികാസങ്ങള്‍ ദലിതരേയും മറ്റു കീഴാള വിഭാഗങ്ങളെയും സംബന്ധിച്ച് എന്ത് അനുഭവമാണ് നല്‍കിയത് എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. ഭരണഘടന വിഭാവനം ചെയ്ത അവകാശങ്ങളും പരിരക്ഷകളും ദലിത്/ആദിവാസി ബഹുജനങ്ങളുടെ മുമ്പുള്ള അവസ്ഥകളില്‍ നിന്നും വ്യത്യസ്തമായ ജീവിത പരിസരങ്ങളില്‍ എത്താന്‍ സാധ്യത നല്‍കി. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പുതിയ പ്രതിസന്ധികളും ആധുനിക വ്യവഹാരങ്ങളില്‍ ജാതിയുടെ പുന:ക്രമീകരണവും ഉണ്ടായി. ആധുനിക ജാതി രൂപങ്ങള്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തി. അത് കൊണ്ട് തന്നെ ഭരണഘടന നിലവില്‍ വന്നത് ദലിതരെയും ബഹുജനങ്ങളെയും സംബന്ധിച്ച് ജാതിയോടുള്ള സമരത്തിന്റെ അവസാനമായിരുന്നില്ല .മറിച്ചു ജീവിതത്തിലുടനീളം അംബേദ്കര്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തിയ സംഘര്‍ഷങ്ങള്‍ പുതിയ ഒരു തലത്തിലേക്ക് മാറ്റുകയായിരുന്നു. ഭരണഘടന എന്നത് തന്നെ ഭരണഘടന അസംബ്ലിയില്‍ നടത്തിയ നിരന്തരമായ കലഹങ്ങളുടെ ഒരു സൃഷ്ട്ടിയാണ്. നിലവില്‍ വരുന്ന രാഷ്ട്രത്തില്‍ അയിത്ത ജാതികാരുടെ അവകാശങ്ങള്‍ എത്രത്തോളം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് അംബേദ്കര്‍ ശ്രമിച്ചത്.

ഭരണഘടനയുടെ സംഘര്‍ഷങ്ങള്‍

1949 നവംബര്‍ ഇരുപത്തിയഞ്ചിനു ഭരണഘടന നിര്‍മ്മാണ അസംബ്ലിയില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍, നിലവില്‍ വരാന്‍ പോകുന്ന ഭരണ ഘടനയെ സംബന്ധിച്ചുള്ള ആശങ്കകളും പങ്കു വയ്ക്കുന്നുണ്ട്. ഭരണഘടന എത്രത്തോളം നല്ലതായാലും അത് പ്രാവര്‍ത്തികമാക്കാന്‍ ചുമതലപ്പെടുത്തുന്നവര്‍ മോശമാണെങ്കില്‍ ഭരണഘടനയും മോശമായി തീരുമെന്ന് അദേഹം കരുതിയിരുന്നു.ഭരണഘടനയുടെ സ്വഭാവത്തില്‍ മാത്രമല്ല അതിന്റെ പ്രവര്‍ത്തനം ആശ്രയിച്ചിരിക്കുന്നതെന്നും നിയമനിര്‍മ്മാണ സഭ, എക്‌സിക്ക്യൂട്ടിവ്,ജ്യുഡീഷ്യറി തുടങ്ങിയ അതിന്റെ അംഗങ്ങളെ നല്‍കാന്‍ മാത്രം ആയിരിക്കും ഭരണ ഘടനയ്ക്ക് കഴിയുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. ജനങ്ങളും തങ്ങളുടെ താല്‍പര്യങ്ങളും നടപ്പാക്കാനായി ജനങ്ങള്‍ സ്ഥാപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമായിരിക്കും ഇവയുടെ പ്രവര്‍ത്തനത്തെ നിര്‍ണ്ണയിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടി കാണിക്കുന്നു. ഭരണഘടന ലക്ഷ്യം വെക്കുന്നത് കൈയൊഴിയപ്പെടുമോ എന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു. അത് കൊണ്ടായിരിക്കണം പിന്നീടു രാജ്യസഭയില്‍ ചെയ്ത പ്രസംഗത്തില്‍ ദൈവത്തെ പ്രതിഷ്ട്ഠിക്കാന്‍ ആഗ്രഹിച്ചയിടത്തു ചെകുത്താന്‍ കയറിയിരുന്നാല്‍ ആ ക്ഷേത്രത്തെ തന്നെ നശിപ്പിക്കുകയല്ലേ വേണ്ടത് എന്ന് അദ്ദേഹം ചോദിച്ചത്.ഈ പ്രയോഗത്തിലെ ഭാഷ  അംബേദ്ക്കറുടേതായി തോന്നില്ലയെങ്കിലും അതില്‍ അടങ്ങിയിട്ടുള്ള വിമര്‍ശനം വളരെ പ്രധാനപെട്ടതാണ്. നവംബര്‍ 25 ന്റെ പ്രസംഗത്തില്‍ അദ്ദേഹം വളരെ വ്യക്തമായി പറയുന്നുണ്ട് ഭരണഘടനാ നിര്‍മ്മാണ അസംബ്ലിയിലേക്ക് കടന്നു വന്നത് പട്ടിക ജാതിക്കാരുടെ താല്‍പര്യങ്ങള്‍ പരിരക്ഷിക്കാന്നാണ് എന്ന്.മുമ്പ് ബോംബെ നിയമ നിര്‍മ്മാണ സഭയിലെ ഒരു പ്രസംഗത്തില്‍ ഞാന്‍ ഒരു ഭാഗത്തിന്റെ ഭാഗമാണ് എന്ന് പറയുന്നതും തൊട്ടു കൂടാത്തവരുടെ താല്‍പര്യത്തിനു വേണ്ടിയാണ് നില്‍ക്കുന്നത് എന്ന് വ്യക്തമാക്കാനാണ്. അത് കൊണ്ട് തന്നെ ഭരണഘടനാ നിര്‍മാണ അസംബ്ലിയില്‍ ഉടനീളം ഈ താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടിയാണ് അദ്ദേഹം പ്രധാനമായും പോരാടിയത്. രാജ്യത്തിന്റെ താല്‍പര്യങ്ങളും തൊട്ടുകൂടാത്തവരുടെ താല്‍പര്യങ്ങളും മുന്നില്‍ വന്നാല്‍ അതില്‍ തൊട്ടുകൂടാത്തവരുടെ താല്‍പര്യങ്ങള്‍ക്കായിരിക്കും പരിഗണന്ന എന്നും പറഞ്ഞു. ഇതില്‍ നിന്നും തന്നെ വ്യക്തമാണ് ഭരണ ഘടന ഒരു അവസാന വാക്കായിരുന്നില്ല അദേഹത്തിന്‌ എന്ന്. മറിച്ചു ജാതി വ്യവസ്ഥയോട് സമരം ചെയ്യാനുള്ള ഒരു ഉപാധിയായിരുന്നു അത്‌. അത് കൊണ്ട് തന്നെ ഭരണഘടനാ നിര്‍മ്മാണ അസ്സംബ്ലിയിലും മറ്റും നടന്ന സമരങ്ങളെ കാണേണ്ടതുണ്ട്. കേവലമായ ഒരു ഏകകമായി ഭരണ ഘടനയെ കണ്ട് കൊണ്ട് ഭരണഘടനാ /രാഷ്ട്രം എന്നിവയോടുള്ള ഒരു വിമര്‍ശന രഹിതമായ കൂറ് പ്രകടിപ്പിക്കേണ്ടതില്ല എന്നാണു എനിക്ക് തോന്നുന്നത്. ജാതിയെ അട്ടിമറിക്കാവുന്ന ഒരു രാഷ്ട്രീയത്തിന് നിയമപരമായ ഒരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുക എന്നതാണ് ഭരണഘടനയിലൂടെ അദ്ദേഹം ചെയ്യാന്‍ ശ്രമിച്ചത്.

 

ജനാധിപത്യം ഒരു തന്ത്രമെന്ന നിലയില്‍

ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ട ഒരു സാധ്യതയായി അദ്ദേഹം കണ്ടത് പാരമ്പര്യമായി കൈമാറ്റപ്പെടുന്ന ഒരു അധികാരത്തെ അത് അസാധുവാക്കുന്നു എന്നതാണ്.അതിന്റെ സ്ഥാനത്ത് ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഭരണം വരുന്നു എന്നത് ജാതിക്കെതിരായ ഒരു ശക്തമായ ഒരു ഉപാധിയായി കണ്ടു. ജന്മം കൊണ്ട് സാമൂഹിക രാഷ്ട്രീയ അധികാരം ഉറപ്പിക്കപ്പെടുന്ന ജാതിയുടെ അടിസ്ഥാനത്തെ രാഷ്ട്രീയ മണ്ഡലത്തില്‍ തകര്‍ക്കുക എന്നതാണ് അദ്ദേഹം ലക്ഷ്യം വച്ചത്. ശക്തമായ കേന്ദ്രം എന്ന അഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നത് പ്രാദേശികമായ ജാതിപാരമ്പര്യത്തില്‍ അധിഷ്ഠിതമായ അധികാരത്തെ തകര്‍ക്കുക എന്ന നിലയിലാണ്. ആധുനികതയുടെ സാധ്യതകളെ ഉപയോഗിക്കുന്ന ഒരു രീതിയായിരുന്നു ഇത്. ഹിന്ദു ”മത” വ്യവഹാരങ്ങള്‍ സാധുത നല്‍കുന്ന ഒരു ജാതീയ അധികാരത്തെ കടപുഴക്കുക എന്നതായിരുന്നു ലക്ഷ്യം.ഭാഷാ സംസ്ഥാന രൂപീകരണത്തെ കുറിച്ചും അദ്ദേഹം ആശങ്ക പങ്കു വച്ചു. ഭാഷ സംസ്ഥാന രൂപീകരണത്തിലൂടെ ഓരോ സംസ്ഥാനത്തും ന്യൂനപക്ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ അടിച്ചമര്‍ത്തപ്പെടാം എന്നും അദ്ദേഹം കരുതിയിരുന്നു. സമകാലീന ഇന്ത്യയില്‍ ദേശ രാഷ്ട്രം/ ഭരണ കൂടം കൂടുതല്‍ അധികാരം കവര്‍ന്നെടുക്കുമ്പോള്‍ പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ശക്തമായ കേന്ദ്രം എന്ന ആശയത്തെ പുനരാലോചിക്കേണ്ടതുണ്ട്. നെഹ്രുവിന്റെയും സര്‍ദാര്‍ പട്ടേലിന്റെയും ഒക്കെ ഭരണകൂട കേന്ദീകൃതമായ ആശയങ്ങളാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ശക്തി പ്രാപിച്ചത്. കാശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയിലെ ഇന്ത്യയുടെ നിലപാടുകള്‍ സൈനിക അടിച്ചമര്‍ത്തലിന്റേതാണ്.അത് പോലെ തന്നെ അടിയന്തിരാവസ്ഥയുടെ അനുഭവങ്ങളും ഉണ്ടായി. ദേശ രാഷ്ട്രത്തിന്റെ സൈനികവല്‍ക്കരണം പോലെ തന്നെ മറ്റൊരു പ്രതിഭാസം ഉണ്ടായത് രാഷ്ട്രം തന്നെ ജാതിവല്‍ക്കരിക്കപെട്ടു എന്നതാണ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നതും ഭരണകൂട /ഉദ്യോഗസ്ഥ /ജുഡീഷ്യറി എന്നിവയുടെ നിര്‍ണ്ണായക ഇടങ്ങളില്‍ ആധിപത്യം സ്ഥാപിച്ചതും സവര്‍ണ്ണ ഹിന്ദുക്കളാണ്.  ജാതി ദേശ രാഷ്ട്രത്തിലൂടെ കൂടുതല്‍ സ്ഥാപനാധിഷ്ട്ഠിതമായി. രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് കൊണ്ടെത്തിച്ച സാഹചര്യങ്ങള്‍ ദേശത്തിന്റെ ഈ സ്ഥാപനാധി ഷ്ഠിത ജാതീയത കൂടിയാണ്. സര്‍വകലാശാലകള്‍ ഈ ജാതീയതയുടെ ഒരു ഉപകരണം കൂടിയാണ്. കോടതികളും ജാതീയതയുടെ പ്രയോക്താക്കള്‍ ആകുന്നതു ഈ സ്ഥാപനവല്‍ക്കരിക്കപെട്ട ജാതി മൂലമാണ്. ഇവിടെയാണ് അംബേദ്ക്കര്‍ ചിന്തകളെ ഈ മാറിയ സാഹചര്യത്തില്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ചോദ്യം ഉയരുന്നത്.ഭരണഘടന നിലവില്‍ വരുന്നതോടെ രാഷ്ട്രീയമായ് തുല്യത നേടാന്‍ കഴിയുമെങ്കിലും സാമൂഹിക ജീവിത്തില്‍ അസമത്വം തുടരുമെന്നും എത്രയും പെട്ടന്ന് ഈ വൈരുദ്ധ്യം നീക്കേണ്ടതുണ്ട് എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ദേശരാഷ്ട്രത്തോടുള്ള ഇടപെടലുകള്‍

അടുത്തകാലത്ത് ഹൈദരാബാദ് സര്‍വകലാശാലയിലും ,ജെഎന്‍ യു വിഷയത്തിന്റെ ഭാഗമായും രാഷ്ട്രം/ദേശ സ്‌നേഹം എന്ന വ്യവഹാരങ്ങള്‍ വിമര്‍ശനപരമായി സമീപിക്കപെട്ടു. അംബേദ്ക്കറേറ്റുകള്‍ എങ്ങനെയാണ് ഈ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ടത്? മുമ്പ് ചര്‍ച്ച ചെയ്ത കാര്യങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ് അംബേദ്ക്കറെ കേവലം ഒരു രാഷ്ട്രവാദിയായി കാണുന്നത് ശരിയല്ല എന്നത്.രാഷ്ട്രത്തോടു /ദേശീയതയോട് വളരെ വിമര്‍ശനപരമായ ഇടപെടലുകള്‍ ആണ് അംബേദ്കര്‍ നടത്തിയിട്ടുള്ളത്. ഒരിക്കല്‍ ഗാന്ധിയോട് അയിത്ത ജാതിക്കാര്‍ക്ക് ഒരു സ്വന്തമായ ദേശമില്ല എന്ന് അദ്ദേഹം പറയുന്നുണ്ട്. രാജ്യത്തിന്റെ രാഷ്ട്രീയസ്വാതന്ത്ര്യം എന്നതിലേക്ക് മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിക്കുന്നതും സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യം മറന്നു പോകുന്നത് തെറ്റാണെന്നും അദ്ദേഹം കരുതി. ആന്തരികമായ സാമൂഹിക നീതിയും തുല്യതയുമാണ് അദ്ദേഹം പ്രധാനമായി കണ്ടത്. രാഷ്ട്രത്തോടുള്ള ഇടപെടല്‍ ഈ നിലയ്ക്ക് തൊട്ടു കൂടാത്തവരുടെ സാമൂഹിക നീതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം കണ്ടത്. കോണ്‍ഗ്രസ്സും മറ്റും മുന്നോട്ടു വച്ച സവര്‍ണ്ണമായ ദേശീയവാദത്തെ അദ്ദേഹം എതിര്‍ത്തിരുന്നു. ”ദേശീയത”” രാഷ്ട്രം” എന്നിവ സംബന്ധിച്ചുള്ള സമകാലിക സിദ്ധാന്തങ്ങളുടെ ഒപ്പം അംബേദ്കര്‍ ചിന്തയെ മനസിലാക്കേണ്ടതുണ്ട്. ദേശത്തോടുള്ള അംബേദ്ക്കറിന്റെ നീക്കുപോക്കുകളെ അന്നത്തെ സാഹചര്യത്തില്‍ മനസ്സിലാക്കണം. തൊട്ടു കൂടാത്തവരുടെ അവകാശങ്ങളുമായി ബന്ധപെട്ടു നിരന്തരം അടവുകളുടെയും നീക്കുപോക്കുകളുടെയും സാധ്യതകള്‍ ഉപയോഗിക്കുകയായിരുന്നു അദ്ദേഹം. അത് കൊണ്ട് തന്നെയാണ് അദ്ദേഹം ബിട്ടീഷ് അധികാരികളുടെ ഭരണ നടപടികളുടെ സാധ്യതകളെ ഉപയോഗിക്കുകയും മറ്റു സമയത്ത് സ്വതന്ത്ര രാജ്യത്തിന്റെ നിലപാട് ശകതമായി ഉയര്‍ത്തുകയും ചെയ്തത്. രാഷ്ട്രത്തോട് ഇങ്ങനെ പരസ്പര വിരുദ്ധമായ ,സംഘര്‍ഷാത്മകമായ ഒരു ബന്ധം അദ്ദേഹം വച്ച് പുലര്‍ത്തി.

MSS_Pandian
എം.എസ്.എസ് പാണ്ഡ്യന്‍

ആധുനിക ജാതി

ജാതിയെ ആധുനിക പൂര്‍വ്വമായ ഒന്നായി കാണുകയും ആധുനിക കാലഘട്ടത്തില്‍ ജാതീയമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ ഭൂതകാലത്തിലെ അവശിഷ്ടഠങ്ങളായി കാണുകയും ചെയ്യുന്നതിനെ ദലിത് ചിന്തകര്‍ ചോദ്യം ചെയ്തിട്ടുണ്ട്. ജാതി ആധുനിക മണ്ഡലത്തില്‍ എങ്ങനെ പുനക്രമീകരിക്കപെട്ടു എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കെ. സത്യനാരായണ  ‘ദളിത് റീകോണ്‍ഫിഗറെഷന്‍ ഓഫ് കാസ്റ്റ്:റെപ്രസന്റെഷന്‍,ഐഡന്റിറ്റി,പൊളിറ്റിക്‌സ്”എന്ന പ്രബന്ധത്തില്‍ ഇത് വിലയിരുത്തുനുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ എഴുപതുകളോടെ ഉണ്ടായ വ്യാപകമായ ദലിത് കൂട്ടക്കൊലകളുടെ പുതിയ പ്രവണതയെ കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. 1968 ല്‍ തമിഴ്‌നാട്ടിലെ കില്വേന്‍മണി, 1977ല്‍ ബീഹാറിലെ ബെല്ചി , 1985 ലെ ആന്ധ്രയിലെ കരംചെദു എന്നിവിടങ്ങളിലുണ്ടായ കൂട്ടകൊലകള്‍ ഇവയിലെ ആദ്യസംഭങ്ങളായി അദ്ദേഹം പറയുന്നു. ദലിത് പ്രസ്ഥാനങ്ങളുടെ വികാസത്തിനും ജാതിയുടെ പുതിയ ചര്‍ച്ചകള്‍ക്കും ഇത് കാരണമായി. സംവരണ വിരുദ്ധ പ്രസ്ഥാനങ്ങള്‍ കൂടി വന്നതോട് കൂടി ജാതിയെക്കുറിച്ച ഒരൊറ്റ നിര്‍വചനത്തില്‍ വിള്ളല്‍ ഉണ്ടായി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു ഭാഗത്ത് സവര്‍ണര്‍ തങ്ങളുടെ ആധിപത്യത്തെ ഊട്ടിയുറപ്പിക്കാന്‍ ജാതി പ്രാവര്‍ത്തികമാക്കുമ്പോള്‍ മറു വശത്ത് ജാതിയെ ഒരു പോസിറ്റിവ് സ്വത്വമായി കീഴാള ജാതികളും മുന്നോട്ടു വച്ചു. ദലിത് എന്ന സംഘ സ്വത്വം മുന്നോട്ടു വയ്ക്കപെട്ടു. ദലിത് കൂട്ടകൊലകള്‍ ആധുനിക ജാതിയുടെ ഒരു പ്രധാന ഘടകമായിരുന്നു. മറ്റൊന്ന് സ്ഥാപനവത്കൃതമായ ജാതിയാണ്.എം എസ് എസ് പാണ്ട്യന്‍ ചൂണ്ടി കാണിക്കുന്ന പോലെ ജാതി മറ്റെന്തോ ഒന്നായി പ്രച്ഛന്ന വേഷത്തില്‍ നിലനില്‍ക്കുന്ന അനുഭവവുമുണ്ടായി. ഏതായാലും വളരെ സങ്കീര്‍ണ്ണതകള്‍ അത് കൈവരിച്ചു എന്ന് പറയാം. ചിലപ്പോള്‍ വളരെ സജീവമായി അതിക്രമങ്ങളുടെ തലത്തില്‍ വെളിവാക്കപ്പെടുകയും മറ്റു പലപ്പോഴും ആധുനിക ലിബറല്‍ ഇടങ്ങളില്‍ നിശ്ശബ്ദമായ വിവേചനത്തിന്റെ അനുഭവങ്ങളുമായി ഇത് നിലനില്‍ക്കുന്നു. ഭൂമിയുടെ ഉടമസ്ഥതയുടെ വിഷയം തന്നെ എടുക്കുക. ആധുനിക ഭരണ പരിഷ്‌ക്കാരങ്ങളിലൂടെ പരമ്പരാഗത കാര്‍ഷിക /ഭൂമി ബന്ധങ്ങള്‍ക്ക് മാറ്റം വന്നു. ജന്മിത്തം തന്നെ നിരോധിക്കപെട്ടു. ഭൂമിയില്ലായ്മ കേരളത്തിലെ ദലിതര്‍ നേരിടുന്നത് ഭൂപരിഷ്‌ക്കരണം എന്ന ആധുനിക ഇടപാടിന്റെയും കൂടി ഫലമായാണ്. ഇതെങ്ങനെ സാധ്യമാകുന്നു എന്നത് ജാതി എത്രത്തോളം ആധുനിക ഭരണകൂട ശരീരത്തിലേക്ക്/ആധുനിക നിയമ സംവിധാനത്തിലേക്ക് സ്വാംശീകരിക്കപെട്ടു എന്ന് വെളിവാക്കുന്നു. ജാതി നിര്‍മൂലനം എന്ന പ്രബന്ധത്തില്‍ അംബേദ്കര്‍ ജാതിയെ വിശകലനം ചെയ്യുമ്പോള്‍ അതില്‍ പ്രധാനമായ ഒരു വാദം മുന്നോട്ടു വക്കുന്നത് ‘ശ്രേണീബദ്ധമായ അസമത്വം’ എന്ന നിലയിലാണ്. ഈ ശ്രേണി സാമൂഹ്യമായി പുന:ക്രമീകരിക്കപ്പെടുകയും പലയിടത്തും മധ്യമ ജാതികള്‍ ഉള്‍പ്പടെ അധീശ ജാതികളായി മാറുന്നതും കണ്ടു.കേരളത്തില്‍ തന്നെ നായര്‍ സമുദായം പ്രമുഖ അധീശ ജാതിയായി വികസിച്ചതും കാണണം. പുതുതായി ജാതികള്‍ ”നായര്‍” തുടങ്ങിയ ആധുനിക സമുദായങ്ങളായും സമുദായ ശക്തമാവുകയും ആധുനിക ഭരണ സംവിധാനത്തില്‍ സ്വാധീനം നേടുകയും ചെയ്തു.മറ്റൊന്ന് സര്‍ക്കാര്‍ സംവിധാനത്തില്‍, ഉദ്യോഗ സംവിധാനത്തില്‍ ഈ ‘ശ്രേണീബദ്ധ അസമത്വം’ മറ്റൊരു രീതിയില്‍ സ്വാംശീകരിക്കപ്പെട്ടു.

ആധുനിക ജാതി രൂപങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണ്. പൊതു ഇടത്തെ ദലിത് സാന്നിധ്യം വന്നതോട് കൂടി പൊതുയിടത്തെ ജാതി അനുഭവങ്ങളില്‍ വ്യത്യാസങ്ങളുണ്ടായി. പലപ്പോഴും പുറത്തു പറയാന്‍ കഴിയാത്ത വേദനകളുടെ അനുഭവമായി അവ നിന്നു.ആധുനിക ജാതി രൂപങ്ങളോട് ഇടപെടാന്‍ അംബേദ്ക്കര്‍ ചിന്തകളെ പുതിയ നിലയിലേക്ക് മുന്നോട്ടു കൊണ്ട് പോകേണ്ടതുണ്ട്. വളരെ ഗൗരവമുള്ള ഒരു വിഷയത്തിന്റെ ചില തലങ്ങള്‍ മാത്രമാണ് ഇവിടെ ചര്‍ച്ച ചെയ്തത്. ദളിത് സ്ത്രീ മുന്നേറ്റത്തിലെ പ്രധാന അടിത്തറയായ അംബേദ്ക്കര്‍ ചിന്തകളുടെ വിന്യാസത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അംബേദ്ക്കറിന്റെ ജീവിത കാലത്ത് മഹദ് സത്യാഗ്രഹം ഉള്‍പ്പടെയുള്ള മിക്ക സമരങ്ങളിലും സ്ത്രീ സാനിദ്ധ്യം ഉണ്ടായിരുന്നു. മീനാക്ഷി മൂണും ഊര്‍മിള പാവാറും ഈ സ്ത്രീ സാന്നിദ്ധ്യത്തെ കുറിച്ച് എഴുതിയിട്ടുണ്ട്.ദലിത് ഫെമിനിസ്റ്റ് രംഗത്ത് ഗൗരവമുള്ള അന്വേഷണങ്ങളും നടക്കുന്നുണ്ട് . അത് ദളിത് സ്ത്രീകള്‍ തന്നെ സജീവമായി എഴുതേണ്ട ഒരു മേഖലയാണ്. അംബേദ്കര്‍ രാഷ്ട്രീയം നിരന്തരം വികസിപ്പിക്കേണ്ട ഒന്നാണ് എന്ന് എനിക്ക് തോന്നുന്നു.അതുമായി വളരെ സജീവമായ ഇടപെടലുകള്‍ ആവശ്യമാണ്.അംബേദ്കര്‍ പറഞ്ഞതെല്ലാം അവസാന വാക്കുകളായി കാണാതെ പുതിയ ദളിത് അനുഭവങ്ങളില്‍ നിന്ന് പുനര്‍വായിക്കേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നു. അതിനു മറ്റു സിദ്ധാന്തങ്ങളുടെ സാധ്യതകളും ഉപയോഗിക്കേണ്ടതുണ്ട്.അംബേദ്ക്കറിന്റെ ചിന്താ ധാരയും അങ്ങനെ തന്നെയായിരുന്നു. വ്യത്യസ്ത വ്യവഹാരങ്ങളോട് ഇടപെട്ടാണ് അദ്ദേഹം സിദ്ധാന്തങ്ങള്‍ ആവിഷ്‌ക്കരിച്ചത്. അദ്ദേഹം സാമൂഹിക നീതിയെ കുറിച്ച് വളരെ കൃത്യമായ ഒരു സിദ്ധാന്തപദ്ധതി ആവിഷ്‌ക്കരിച്ചില്ല എന്ന് ഗോപാല്‍ ഗുരു പറയുന്നുണ്ട്. അംബേദ്ക്കര്‍ കൃതികളില്‍ അത് വ്യാപിച്ചു കിടക്കുകയാണ് ചെയ്യുന്നത്. അംബേദ്ക്കറുടെ ചിന്താ ധാര സാഹചര്യങ്ങള്‍ അനുസരിച്ച് നിരന്തരം വികസിപ്പിച്ചു കൊണ്ടിരുന്ന ഒന്നാണ്. അത്തരത്തില്‍ ഒരു തുറന്ന വിമര്‍ശന പരമായ ഒരു സമീപനമാണ് ദലിത് ബഹുജന്‍ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

(മാധ്യമം ആഴ്ചപതിപ്പില്‍ (2016 ജൂണ്‍ 6) പ്രസിദ്ധീകരിച്ച ലേഖനം )

എ എസ് അജിത് കുമാര്‍