Campus Alive

ഇടത്-ലിബറല്‍ ഭാവനകളിലെ മുസ്‌ലിം പെണ്ണും കാമ്പസ് രാഷ്ട്രീയവും

കാമ്പസ് രാഷ്ട്രീയവും മുസ്‌ലിം സ്ത്രീ ഇടപെടലുകളും എന്ന ചര്‍ച്ചയില്‍, മുസ്‌ലിം സ്ത്രീയെ കുറിച്ചുള്ള പൊതുവ്യവഹാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി എന്ത് വായനയാണ് കാമ്പസിനുള്ളില്‍ നിലനില്‍ക്കുന്നത് എന്ന ആലോചന പ്രധാനപ്പെട്ടതാണെന്ന് കരുതുന്നു. പൊതു വ്യവഹാരങ്ങളില്‍ മുസ്‌ലിം പെണ്ണിനെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന ചര്‍ച്ചകളും ആകുലതകളും എന്താണ് എന്ന് പരിശോധിക്കുമ്പോള്‍ അതെല്ലാം മതം ,മതനിയമങ്ങള്‍ ,സമുദായം സമുദായത്തിലെ പുരുഷാധിപത്യം ,പര്‍ദ്ദ, ഹിജാബ് ,നിഖാബ് തുടങ്ങിയവക്കുള്ളില്‍ അകപ്പെട്ട് പൊറുതിമുട്ടുന്ന മുസ്‌ലിം പെണ്ണിനെ കുറിച്ചാണ് എന്ന് മനസിലാക്കാന്‍ സാധിക്കും .ഈ വായനയില്‍ നിന്നും വ്യത്യസ്തമായ ഒരു സമീപനമല്ല കാമ്പസില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനികളെക്കുറിച്ച് നിലനില്‍ക്കുന്നത്. കാമ്പസ് എന്ന രാഷ്ട്രീയ ഇടത്തിലെ മുസ്‌ലിം പെണ്ണിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കാമ്പസ് എന്ന വിദ്യാഭ്യാസ ഇടത്തിലെ മുസ്‌ലിം പെണ്ണ് എന്താണ് എന്ന ചര്‍ച്ച കടന്നുവരേണ്ടത് അനിവാര്യമായ കാര്യമാണ്. ദേശത്തെ നിര്‍മിക്കുക, നാളത്തെ ഇന്ത്യയെ നയിക്കുക, ഭാവിയുടെ പൗരന്മാരെ സൃഷ്ടിക്കുക എന്ന സമവാക്യങ്ങളില്‍ വിദ്യാഭ്യാസത്തെ നിര്‍വചിക്കുകയും വിദ്യാഭ്യാസ സംരംഭങ്ങള്‍ അതിനുള്ളതാകണം എന്ന് നിശ്ചയിക്കുകയും ചെയ്ത വിദ്യാഭ്യാസ വ്യവസ്ഥിതിയില്‍ മുസ്‌ലിം എത്തിപ്പെടുക എന്നത് ഒരുപാട് ചോദ്യങ്ങള്‍ ഉത്പാദിപ്പിക്കുണ്ട്. ഒന്നാമതായി ‘ദേശീയതയുടെ അപരന്‍ ‘എന്ന രാഷ്ട്രീയ സ്വത്വം സ്വയം തന്നെ എല്ലാ മുസ്‌ലിമിനും ഉണ്ട് എന്നതിനാല്‍ ദേശത്തെ നിര്‍മിക്കുന്ന വിദ്യാഭ്യാസ പ്രക്രിയയില്‍ മുസ്‌ലിം പ്രത്യക്ഷപ്പെടുമ്പോള്‍ ഉണ്ടാകുന്ന രാഷ്ട്രീയ ചോദ്യം. രണ്ടാമതായി വിദ്യാഭ്യാസം എന്ന പുരോഗമന ദൗത്യത്തെ നടപ്പിലാക്കുന്ന കാമ്പസില്‍ യാഥാസ്ഥിക മുസ്‌ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ കടന്നു ചെല്ലുന്നതോടുകൂടി ഉടലെടുക്കുന്ന രാഷ്ട്രീയ ചോദ്യം. അതായത് മുസ്‌ലിം സമുദായത്തില്‍ നിന്നും വിദ്യാഭ്യാസം എന്ന പുരോഗമനപരമായ ഒരു മേഖലയിലേക്ക് പെണ്‍കുട്ടികളെ പറഞ്ഞയക്കുക എന്നത് സംഭവിക്കാന്‍ സാധ്യതയില്ലാത്ത ഒന്നാണ്. ഇനി അഥവാ അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ തന്നെ അതെല്ലാം മുസ്‌ലിം സമുദായം പുരോഗമനപരമായി ചിന്തിക്കാന്‍ തുടങ്ങി എന്നതിന്റെ അടയാളമായിട്ടാണ് വിലയിരുത്തപ്പെടുന്നത് .

കാമ്പസ് എന്ന രാഷ്ട്രീയ ഇടത്തെക്കുറിച്ച് നിലനില്‍ക്കുന്ന പ്രബലമായ ഭാവന ‘കാമ്പസ് മതേതരമാണെന്നും വ്യത്യസ്ത മതജാതി ലിംഗ വിഭാഗങ്ങളില്‍പെട്ട ആളുകള്‍ തങ്ങളുടെ വ്യത്യാസങ്ങള്‍ ഒഴിവാക്കി ഒന്നാകുമ്പോള്‍ സംഭവിക്കുന്നതാണ് കാമ്പസ് എന്നുമാണ്. അങ്ങനെ ഒഴിവാക്കേണ്ടി വരുന്ന വ്യത്യാസമായി പുരോഗമന കാമ്പസ് എന്ന ആശയം മനസിലാക്കുന്നത് മുസ്‌ലിം സ്ത്രീയുടെ സാംസ്‌കാരിക ചിഹ്നങ്ങളെയാണ്. കാമ്പസ് മതേതരമാകാനും അതിലൂടെ പുരോഗമനമാകാനും സാധിക്കണമെങ്കില്‍ അതിന് തടസ്സം സൃഷ്ടിക്കുന്ന വേഷവിധാനങ്ങളുമായി മുസ്‌ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ ഇടങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല. കാമ്പസിന്റ സൗന്ദര്യം കാത്തു സൂക്ഷിക്കപ്പെടണമെങ്കില്‍ മുടികെട്ടിവെച്ചതെല്ലാം അഴിച്ച് വെച്ച് മുസ്‌ലിം വിദ്യാര്‍ത്ഥിനി കാമ്പസില്‍ വരണം. വിദ്യാഭ്യാസ രംഗത്തെ പല മേഖലകളിലും ഇങ്ങനെ തന്നെയാണ് എന്ന് കാണാന്‍ സാധിക്കും. അഡ്മിഷനോ പരീക്ഷയ്‌ക്കോ, സര്‍ട്ടിഫിക്കറ്റിനോ വേണ്ടി ഫോട്ടോ എടുക്കുമ്പോള്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് അഴിച്ച് വെക്കാന്‍ നിരന്തരം നിര്‍ബന്ധിക്കപ്പെടുന്ന സംഭവങ്ങള്‍ നിരവധി തവണ വാര്‍ത്തയാകുകയും ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായിട്ടുണ്ട്. അത് പോലെ തന്നെ ധാരാളം സ്‌കൂളുകളിലെ നിയമപ്രകാരമുള്ള ഹിജാബ് നിരോധനം പലപ്പോഴും പ്രശ്‌നവത്ക്കരിക്കപ്പെട്ടിട്ടുമുണ്ട്. മുസ്‌ലിം അല്ലാത്തവരുടെ സാംസ്‌കാരിക ചിഹ്നങ്ങള്‍ ( ഉദാ.പൊട്ട് കുത്തുക, നെറ്റിയില്‍ കുറി തേക്കുക .) കാമ്പസിലോ മറ്റു വിദ്യാദ്യാസ സ്ഥലങ്ങളിലോ പ്രശ്‌നവത്കരിക്കപ്പെടുകയോ പുരോഗമന വിരുദ്ധമായി കണക്കാക്കപ്പെടുകയോ ചെയ്യുന്നതായി നമുക്ക് കാണാനും സാധിക്കില്ല. വിദ്യാഭ്യാസം എന്ന പുരോഗമന ദൗത്യത്തെ കാമ്പസിലും മറ്റു വിദ്യാദ്യാസ മേഖലകളിലും നിര്‍വഹിക്കാന്‍ സാധിക്കുന്നത് കാമ്പസിനെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടിലൂടെ മാത്രമാണെന്നാണ് മുഖ്യധാരാ വിദ്യാര്‍ത്ഥി രാഷ്ട്രീയം മനസിലാക്കുന്നത്. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഈ പുരോഗമന പ്രോജക്ടും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെക്കുറിച്ചുള്ള ഈ മതേതര പ്രബല ധാരണയും നിലനില്‍ക്കുന്ന കാമ്പസില്‍ മുസ്‌ലിം പെണ്‍കുട്ടി പ്രവേശിക്കുക എന്നത് തന്നെ അതിശക്തമായ ഒരു ഇടപെടല്‍ ആയി മാറുകയാണ്. അതായത് മുസ്‌ലിം പെണ്ണ് പലരീതിയില്‍ അടിച്ചമര്‍ത്തപ്പെടുന്നുണ്ട് എന്നതിന്റെ തെളിവായി പുരോഗമന രാഷ്ട്രീയം ഉയര്‍ത്തിക്കാണിക്കുന്ന പര്‍ദ്ദയോ ഹിജാബോ ധരിച്ച് മതേതര കാമ്പസില്‍ മുസ്‌ലിം പെണ്‍കുട്ടി കയറുന്നതോടുകൂടി ഒരുപാട് രാഷ്ട്രീയ കാഴ്ചപ്പാടുകളെ അവള്‍ വെല്ലുവിളിക്കുന്നുണ്ട്. സ്വാഭാവികമായും പലരും അത്ഭുതത്തോടെ ചോദിക്കുന്ന ഒരുപാട് ചോദ്യങ്ങള്‍ കാമ്പസിനുള്ളില്‍ നിന്നും ആ മുസ്‌ലിം പെണ്‍കുട്ടി കേള്‍ക്കേണ്ടിവരും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്ന കാസര്‍ഗോഡ് സ്വദേശിനിയായ ശക്കീബ മൊയ്തു പങ്കുവെച്ച ചില കാര്യങ്ങള്‍ ഇങ്ങനെയാണ്:

df

‘അത്ഭുതത്തോടെയാണ് പലരും ചോദിക്കുന്നത് ,നിങ്ങളെ കൂട്ടര്‍ക്ക് ഇത്രയും ദൂരം ഒറ്റക്ക് പഠിക്കാനെല്ലാം വിടുന്നത് പ്രശ്‌നമല്ലേ? അതിനു നിങ്ങളെ വീട്ടുകാര്‍ എങ്ങനെയാണ് സമ്മതിച്ചത്? ഈ തട്ടം ഇടണം എന്ന് നിര്‍ബന്ധമുണ്ടോ നിങ്ങള്‍ക്ക്? ഇത് ഇട്ടിട്ടില്ലെങ്കില്‍ അത്രവലിയ പ്രശ്‌നാ ?

ഇങ്ങനെ അത്ഭുതം നിറഞ്ഞ ചോദ്യങ്ങള്‍ ഇടത്-മതേതര കാമ്പസില്‍ നിന്നും കേള്‍ക്കാത്ത മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ ഉണ്ടാകാന്‍ സാധ്യതയില്ലാത്ത യാഥാര്‍ത്ഥ്യമാണ്. ഇപ്രകാരം മതേതര കാമ്പസിനെ അസ്വസ്ഥപ്പെടുത്തുന്ന തരത്തില്‍ പര്‍ദ്ദയും ഹിജാബുമൊക്കെ ധരിച്ച് കാമ്പസില്‍ പ്രത്യക്ഷപ്പെടുന്നതിലൂടെ കാമ്പസ് രാഷ്ട്രീയത്തിലെ ധീരമായ ഒരു ഇടപെടല്‍ സാന്നിധ്യമായി മുസ്‌ലിം വിദ്യാര്‍ത്ഥിനി മാറുകയാണ് ചെയ്യുന്നത് .

ഹിജാബ് ധരിക്കുക എന്ന മതപരമായ താത്പര്യം നിര്‍വഹിക്കുകയും സെക്യുലര്‍ കാമ്പസില്‍ ഹിജാബ് ധരിച്ച് പ്രവേശിക്കുകയും ചെയ്യുമ്പോള്‍ തന്നെ അതൊരു രാഷ്ട്രീയ ഇടപെടലായി മാറുകയാണ് ചെയ്യുന്നത്. അതായത് ഹിജാബ് ധരിക്കുക എന്നതിലൂടെ രാഷ്ട്രീയമായ ഒരുപാട് അര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്ന് മുസ്‌ലിം പെണ്‍കുട്ടി മനസിലാക്കണമെന്നൊന്നും നിര്‍ബന്ധമില്ല. അല്ലാതെ തന്നെ അതൊരു രാഷ്ട്രീയ ഇടപെടലായി മാറുന്നുണ്ട്. സ്വഭാവികമായും പ്രസ്തുത ഇടപെടല്‍ മുസ്‌ലിം പെണ്ണിനെ കുറിച്ചുള്ള വാര്‍പ്പു മാതൃകകളില്‍ കുടുങ്ങികിടക്കുന്ന പൊതുധാരണകളെ നിരന്തരം അസ്വസ്ഥപ്പെടുത്തി കൊണ്ടിരിക്കും. മുസ്‌ലിം സ്ത്രീ അടിച്ചമര്‍ത്തപ്പെടുന്നുണ്ട് എന്ന വാദം നിലനിര്‍ത്തിയാല്‍ മാത്രം പിടിച്ച് നില്‍ക്കാന്‍ സാധിക്കുന്ന പുരോഗമന സ്ത്രീ രാഷ്ട്രീയ വ്യവഹാരത്തിനോട് ഹിജാബ് ധരിക്കുക എന്ന ഇടപെടല്‍ കലഹം സൃഷ്ടിച്ചു കൊണ്ടിരിക്കും. ഇപ്രകാരം പൊതുവ്യവഹാരങ്ങളിലെ മുസ്‌ലിം പെണ്ണിനെ കുറിച്ചുള്ള വാര്‍പ്പു മാതൃകകളെ പിന്തുടരുന്ന കാമ്പസുകളില്‍ പഠിക്കാന്‍ പോകുക എന്ന തീരുമാനമെടുക്കുമ്പോള്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനികളെ സംബന്ധിച്ച് അത് ശക്തമായ രാഷ്ട്രീയ പ്രവര്‍ത്തനമായി മാറുകയാണ്. കാരണം മതേതര കാമ്പസ് എന്ന അധികാരസ്ഥാനത്തെ സാന്നിദ്ധ്യം കൊണ്ടുതന്നെ വെല്ലുവിളിക്കുക എന്ന രാഷ്ട്രിയ പ്രാധാന്യമുള്ള ഇടപെടലാണ് മുസ്‌ലിം പെണ്‍കുട്ടികളാല്‍ നിര്‍വ്വഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് .

mvchjdjd-1ഇനി കാമ്പസിനുള്ളില്‍ ദൈനംദിന രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ മുസ്‌ലിം വിദ്യാര്‍ത്ഥി സംഘടനകളുടെ ഭാഗമായോ സ്വതന്ത്രമായോ രാഷ്ട്രീയപ്രവര്‍ത്തനം നിര്‍വഹിക്കാന്‍ മുസ്‌ലിം പെണ്‍കുട്ടി തീരുമാനിച്ചാല്‍ പെട്ടെന്ന് തന്നെ അത് അന്താരാഷ്ട്ര മാനങ്ങളുള്ള രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് മാറുന്നതായി കാണാന്‍ സാധിക്കും. ഇത്തരത്തില്‍ ആഗോളരാഷ്ട്രീയത്തിലെ മുസ്‌ലിം സാമൂഹികജീവിതവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളെയും തന്റെ മുസ്‌ലിം സ്വത്വത്തില്‍ വഹിക്കുന്ന രീതിയില്‍ കാമ്പസിനകത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ ധാരാളമുണ്ട്. കോഴിക്കോട് മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലെ സല്‍വ എന്ന മുസ്‌ലിം വിദ്യാര്‍ത്ഥിനി നടത്തിയ പോരാട്ടം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് .

തീവ്രവാദി ,ഭീകരവാദി,മതഭ്രാന്തി എന്ന് തുടങ്ങിയ രാഷ്ട്രീയ വിമര്‍ശനങ്ങളും ആരോപണങ്ങളും കൊണ്ട് സല്‍വയുടെ പോരാട്ടത്തെ ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐ തോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോഴും അപകര്‍ഷതാബോധത്തിന്റെയോ ക്ഷമാപണത്തിന്റേയോ ശൈലി സ്വീകരിക്കാതെ പോരടിച്ചുകൊണ്ടിരിക്കുന്ന സല്‍വയെയാണ് കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം കണ്ടുകൊണ്ടിരിക്കുന്നത്.

മുസ്‌ലിം സ്ത്രീയുടെ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് ധീരമായ മാതൃകകള്‍ തുറന്നിടുന്ന ധാരാളം പേരെ കാമ്പസിനകത്തും പുറത്തും കാണാവുന്നതാണ്. അവള്‍ മതപരമായ കാരണങ്ങള്‍കൊണ്ട് സാംസ്‌കാരികമായും, വൈജ്ഞാനികമായും, രാഷ്ട്രീയമായും അടിച്ചമര്‍ത്തപ്പെടുന്നു എന്നതിന്റെ ഉദാഹരണമായി പര്‍ദ്ദയെയും നിഖാബിനയെയും എല്ലാകാലത്തും ഉയര്‍ത്തിക്കാണിക്കുന്ന രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കാത്ത ഇടപാടുകളാണ് പര്‍ദയിലൂടെയും ഹിജാബിലൂടെയും മുസ്‌ലിം സ്ത്രീ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്.

ഭോപ്പാല്‍ എന്‍കൗണ്ടറില്‍ പ്രതിഷേധിച്ചുകൊണ്ട് മധ്യപ്രദേശിലെ ഉജ്ജയിനില്‍ ആയിരക്കണക്കിന് നിഖാബ് ധരിച്ച മുസ്‌ലിം സ്ത്രീകള്‍ നടത്തിയ പ്രകടനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകന്‍ നിഖാബ് ധരിച്ച് പ്രകടനം നടത്തിയതിനെ കുറിച്ച് കൗതുകത്തോടെ ചോദിച്ചപ്പോള്‍ ആ സ്ത്രീകള്‍ പ്രതികരിച്ചത് ഇപ്രകാരമാണ്.’നിഖാബ് ധരിച്ച് ഞങ്ങള്‍ പ്രകടനത്തിനിറങ്ങിയാല്‍ പൊലീസിന് ഞങ്ങളെ തിരിച്ചറിയാനും കള്ളക്കേസില്‍ കുടുക്കാനും സാധിക്കുകയില്ല. ഞങ്ങളിലെ പുരുഷന്മാര്‍ പുറത്തിറങ്ങിയാല്‍ പോലീസ് അവരെ തിരിച്ചറിയുകയും വേട്ടയാടുകയും ചെയ്യും’. അതായത് മുസ്‌ലിം സ്ത്രീയെ അടിച്ചമര്‍ത്തുന്നു എന്നതിന്റെ ഉദാഹരണമായി പ്രസ്തുത വസ്ത്രം ചൂണ്ടിക്കാണിക്കപ്പെടുമ്പോഴും മതപരമായ ശീലം എന്നതിനപ്പുറമുള്ള അതിജീവന രാഷ്ട്രീയ സാധ്യതയായി നിഖാബിനെ മാറ്റിത്തീര്‍ത്ത മുസ്‌ലിം സ്ത്രീകളെയാണ് ഉജ്ജയിനില്‍ കാണാന്‍ സാധിച്ചത് .

ഒരിക്കല്‍ക്കൂടി സല്‍വയെക്കുറിച്ച് തന്നെ സംസാരിച്ചാല്‍..

പര്‍ദ്ദയില്‍ ഒതുങ്ങുന്നതിന് പകരം മടപള്ളി കോളേജില്‍ ഇടത് ആധിപത്യത്തിനെതിരെ രംഗത്തിറങ്ങാന്‍ തീരുമാനിച്ച സല്‍വ അബ്ദുല്‍ ഖാദറിനെ നോക്കി നീ വിശുദ്ധ വസ്ത്രത്തെ കളങ്കപ്പെടുത്തുന്നു എന്നാണ് എസ് എഫ് ഐ പറഞ്ഞത്. അഥവാ പര്‍ദ്ദയെ വിശുദ്ധ വസ്ത്രമായി അംഗീകരിച്ച് കൊണ്ടാണെങ്കില്‍ പോലും പര്‍ദ്ദ ധരിച്ച സല്‍വ തങ്ങളുടെ ആധിപത്യ രാഷ്ട്രീയത്തെ എതിര്‍ക്കുന്നതിനെ എങ്ങനെയും തടയുകയെന്നതാണ് എസ് എഫ് ഐ ക്ക് പ്രധാനം എന്ന് മനസിലാക്കാവുന്നതാണ്. കാരണം പുരോഗമന രാഷ്ട്രീയം പറയുന്ന ഇടത് വിദ്യാര്‍ത്ഥി ആധിപത്യത്തിന് പുരോഗമന വിരുദ്ധമായ വസ്ത്രം ധരിച്ച സല്‍വയുടെ പ്രതിരോധം അസഹനീയമായ ഇടപെടലായി മാറുകയാണ് ചെയ്തത്.

ഇടത് പക്ഷ രാഷ്ട്രീയ പ്രസ്ഥാനം സാമൂഹിക രാഷ്ട്രീയത്തില്‍ എപ്പോഴും തങ്ങള്‍ക്ക് സൗകര്യമുള്ള രാഷ്ട്രീയമാണ് നടപ്പിലാക്കുന്നതെന്നും തങ്ങളുടെ അധികാര നേട്ടം എന്ന ആവശ്യം പരിഗണിച്ച് കൊണ്ടാണ് ഇന്ത്യന്‍ സാമൂഹിക ഘടനയിലെ ജാതി ശ്രേണിയെ ഇടത്പക്ഷം അഭിസംബോധന ചെയ്യുന്നതെന്നുമുള്ള വിലയിരുത്തലുകള്‍ ധാരാളം നടന്നിട്ടുണ്ട് (ക്ലാസ്‌മേറ്റ്‌സ്, എഡിറ്റര്‍ കെ അശ്‌റഫ്). കാമ്പസില്‍ എസ് എഫ് ഐ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്. രാഷ്ട്രിയ അധികാരം നേടാനുള്ള തന്ത്രത്തിന്റെ ഭാഗമായി മാത്രം കാമ്പസിലെ മതത്തെയും ജാതിയെയും അഭിമുഖീകരിക്കാന്‍ ശ്രമിക്കുക എന്ന നിലപാടാണ് എസ് എഫ് ഐ എപ്പോഴും സ്വീകരിക്കാറുള്ളത്. അത് കൊണ്ട് തന്നെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അറബിക് ഡിപാര്‍ട്ട്‌മെന്റില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ പേപ്പര്‍ വിരിച്ച് നമസ്‌കരിച്ചപ്പോള്‍ കാമ്പസിലെ മതേതരത്വത്തെ തകര്‍ക്കുന്ന മതമൗലികവാദ പ്രവര്‍ത്തനമായാണ് അതിനെ എസ്.എഫ്.ഐ വിശദീകരിച്ചത (ക്ലാസ്‌മേറ്റ്‌സ്, സി ദാവൂദ് എഴുതിയ ലേഖനത്തില്‍ വിശദീകരിച്ച അനുഭവം). എന്നാല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജിലേക്ക് നോക്കുമ്പോള്‍ മലബാറിലെ മുസ്‌ലിം മാപ്പിളപ്പാട്ടുകളും മംഗലപ്പാട്ടുകളും പാടി നടന്ന് കാമ്പസ് ഇലക്ഷനില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനികളോട് വോട്ട് ഇരക്കുന്ന എസ് എഫ് ഐ യെയാണ് കാണാന്‍ സാധിക്കുക. ആണത്ത പ്രകടനങ്ങളാല്‍ പകര്‍ന്നാടുന്ന കാമ്പസിലെ എസ് എഫ് ഐ ആധിപത്യത്തിനെതിരെയുള്ള മുസ്‌ലിം വിദ്യാര്‍ത്ഥി സംഘടനകളുടെ ജനാധിപത്യ പോരാട്ടങ്ങളില്‍ നിര്‍ണ്ണായക പ്രാധിനിധ്യം മുസ്‌ലിം പെണ്‍കുട്ടികള്‍ക്കാണ് എന്നത് ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ട യാഥാര്‍ത്ഥ്യമാണ്.

ഇന്ത്യയിലെ ഉന്നത സര്‍വകലാശാലകളില്‍ സവര്‍ണ ദേശീയ പ്രത്യയശാസ്ത്രം അടിച്ചമര്‍ത്തുന്ന ദളിത്-മുസ്‌ലിം വിദ്യാര്‍ത്ഥികളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും ചെറുത്ത്‌നില്‍പ്പ് പോരാട്ടങ്ങള്‍ പുതിയ ജനാധിപത്യത്തെയും സാമൂഹികനീതിയുടെ പുതിയ പ്രതീക്ഷകളെയും ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. ഈ ഘട്ടത്തില്‍ മുസ്‌ലിം സ്ത്രീയെ വായിക്കാനും മുസ്‌ലിം വിദ്യാര്‍ത്ഥിനികളുടെ കാമ്പസ് ഇടപെടലുകളെ നിര്‍വചിക്കാനും സാധിക്കുന്ന ആശയവികാസങ്ങള്‍ അനിവാര്യമാണെന്ന് മനസിലാക്കുന്നു. വിശ്വാസപരവും മതപരവും സാമുദായികവുമായ എല്ലാ മാനങ്ങള്‍ക്കുള്ളിലും നിന്ന്‌കൊണ്ട് തന്നെ സ്വയം നിര്‍വചിക്കാനുള്ള ശേഷി ചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും നിര്‍വഹിച്ച മുസ്‌ലിം സ്ത്രീ, പൊതുവ്യവഹാരങ്ങളോടും സമുദായം എന്ന വ്യവസ്ഥയോടും കലഹങ്ങളും ചര്‍ച്ചകളും കൊണ്ട് സങ്കീര്‍ണമായ ഇടപാടുകളാണ് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്.

മതത്തെയും മതജീവിതത്തെയും പുരോഗമന മതേതരത്വം നിര്‍വചിക്കുന്നതിനോട് കലഹിച്ചും സ്ത്രീത്വത്തെക്കുറിച്ചുള്ള പുരോഗമന ലിബറല്‍ യുക്തിയില്‍ നിന്ന് മുസ്‌ലിം പെണ്ണിനെ വായിക്കാന്‍ ശ്രമിക്കുന്നതിനോട് പോരടിച്ചും മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന മുസ്‌ലിം സ്ത്രീയുടെ രാഷ്ട്രീയത്തെ പ്രത്യേകമായി അഭസംബോധന ചെയ്യാന്‍ കാമ്പസിലെ പുതിയ ജനാധിപത്യ രാഷ്ട്രീയത്തിന് സാധ്യമാകേണ്ടതുണ്ട്. കാരണം പുതിയ കാലത്തെ കാമ്പസ് ജനാധിപത്യ പോരാട്ടങ്ങളും അതുണ്ടാക്കുന്ന സാമൂഹിക മുന്നേറ്റങ്ങളും മുസ്‌ലിം വിദ്യാര്‍ത്ഥിനി എന്ന രാഷ്ട്രീയ സ്ഥാനവും മുസ്‌ലിം വിദ്യാര്‍ത്ഥിനികളുടെ പോരാട്ടങ്ങളും ഉള്‍ച്ചേര്‍ന്നു വികസിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയമാണ്.

ലദീദ ഫർസാന

സ്റ്റുഡന്റ് ലീഡർ
ജാമിഅ മില്ലിയ്യ, ഡൽഹി