Campus Alive

ഖുര്‍ആന്‍ വായനയുടെ അര്‍ക്കൂനിയന്‍ പരീക്ഷണങ്ങള്‍

ആധുനിക ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ രീതിശാസ്ത്രപരമായ നിരവധി പുതിയ പരീക്ഷണങ്ങള്‍ നടത്തിയ പ്രമുഖ അള്‍ജീരിയന്‍ ഫ്രഞ്ച് ചിന്തകനാണ് മുഹമ്മദ് അര്‍ക്കൂന്‍. ഗ്രന്ഥ കേന്ദ്രീകൃതമായ ഇസ്‌ലാമിക നവോത്ഥാനവാദ(Islamic revivalism)ത്തില്‍ നിന്നും ഫസലുര്‍റഹ്മാനടക്കമുള്ളവര്‍ പരിചയപ്പെടുത്തുന്ന ഇസ്‌ലാമിക് ആധുനികത(Islamic modernism)യില്‍ നിന്നും കൃത്യവും വിമര്‍ശനപരവുമായ അകലം പാലിച്ചു കൊണ്ടാണ് അര്‍ക്കൂന്‍ തന്റെ ചിന്തകള്‍ രൂപപ്പെടുത്തുന്നത്. ആധുനികവും ഉത്തരാധുനികവുമായ പാശ്ചാത്യ ജ്ഞാനശാഖകളിലെ നൂതനമായ രീതിശാസ്ത്രങ്ങളെ ക്രിയാത്മകമായി വിമര്‍ശിക്കുകയും അവയെ പരമ്പരാഗത ഇസ്‌ലാമിക ചിന്തയുമായി വിമര്‍ശനാത്മകമായി സമന്വയിപ്പിക്കുകയും ചെയ്തു കൊണ്ടാണ് അദ്ദേഹം തന്റെ ദര്‍ശനത്തെ മുന്നോട്ട് വെക്കുന്നത്. മാര്‍ക്ക് ബ്ലോക്ക് (mark bloch), ലൂസിയന്‍ ഫെബ്‌റെ (lucien febvre) തുടങ്ങിയ ഫ്രഞ്ച് ചരിത്രകാരന്മാര്‍ അടിത്തറയിടുകയും ഫെര്‍നാന്റ് ബ്രോഡലിനെ പോലുള്ള പ്രമുഖ ചിന്തകന്മാര്‍ വികസിപ്പിക്കുകയും ചെയ്ത ചരിത്ര രചനാ ശസ്ത്രത്തിലെ അന്നെയ്ല്‍ ചിന്താധാര(annale school)യെ അദ്ദേഹം വലിയൊരളവോളം തന്റെ വിമര്‍ശന പദ്ധതിക്കു വേണ്ടി ഉപയോഗിക്കുന്നുണ്ട്. ബ്ലോക്കിന്റെ രചനകളില്‍ നിന്നും കണ്ടെടുക്കാവുന്ന ‘മനോഭാവങ്ങളുടെ ചരിത്ര’ (history of mentalities) മെന്ന ചരിത്ര രചനയുമായി ബന്ധപ്പെട്ട വിപ്ലവാത്മകമായ സംപ്രത്യയത്തിന്റെയും ഫെബ്‌റെ മുന്നോട്ട് വെക്കുന്ന അചിന്തനീയത (unthinkabiltiy) എന്ന കാഴ്ച്ചപ്പാടിന്റെയും സാന്നിധ്യം അര്‍ക്കൂന്റെ രചനകളിലുടനീളം കാണാം. ബ്രോഡലിന്റെ ദി മെഡിറ്ററേനിയന്‍ ആന്റ് ദി മെഡിറ്ററേനിയന്‍ വേള്‍ഡ് ഇന്‍ ദ ഏജ് ഓഫ് ഫിലിപ് സെകന്റ് (the mediterranean and the mediterranean world in the age of philip 2) എന്ന കൃതി അദ്ദേഹത്തിന്റെ ഭൗമ സാംസ്‌കാരിക (geocultural) കാഴ്ച്ചപാടുകളെ അങ്ങേയറ്റം സ്വാധീനിച്ചിട്ടുണ്ട്. പടിഞ്ഞാറ്/ഇസ്‌ലാം, ആധുനികത/ പരമ്പരാഗതത്വം തുടങ്ങിയ ദ്വന്ദങ്ങളെ തന്റെ അള്‍ജീരിയന്‍ സ്വത്വം നല്‍കിയ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ താത്വികമായി തകര്‍ക്കാന്‍ ബ്രോഡലിന്റെ ഇതു സംബന്ധമായ സംഭാവനകളെയാണ് അര്‍ക്കൂന്‍ കൂട്ടുപിടിക്കുന്നത്.

Fazlur-Rahman
ഫസ്‌ലുറഹ്മാന്‍

ഇതു കൂടാതെ ഫെര്‍ഡിനാന്റ് സോഷോര്‍ മുന്നോട്ട് വെച്ച ഘടനാപരമായ ഭാഷാ ശാസ്ത്രം (structural linguistics), ഴാക് ദെറിദയുടെ രചനകള്‍ മുന്നോട്ട് വെക്കുന്ന അപനിര്‍മ്മാണ(deconstruction)മടിസ്ഥാനപ്പെടുത്തിയ ചിന്താരീതി, പോള്‍ റിക്കൊയര്‍ മുന്നോട്ട് വെക്കുന്ന ഉത്തരഘടനാവാദപരമായ വ്യാഖ്യാന ശാസ്ത്രം (post-structural hermeneutics), നരവംശ ശാസ്ത്രത്തില്‍ ലെവി സ്‌ട്രോസ് നടത്തിയ ഘടനാപര(structural)മായ ഇടപെടലുകള്‍, ബാര്‍ത്തിന്റെ ചിഹ്നശാസ്ത്രപര(semiotic)മായ സംഭാവനകള്‍, മനോവിശകലന ശാസ്ത്രത്തിലെ ലകാങിന്റെ കാഴ്ച്ചപ്പാടുകള്‍, ഫൂക്കോയുടെ ജ്ഞാന ശാസ്ത്രപര(epistemological)മായ നിരീക്ഷണങ്ങള്‍, മതത്തെക്കുറിച്ചുള്ള ദര്‍ഖീമിയന്‍ കാഴച്ചപ്പാട് തുടങ്ങി പാശ്ചാത്യ ചിന്തയിലെ അനേകം ധാരകളെ അര്‍ക്കൂന്‍ തന്റെ പദ്ധതിക്കു വേണ്ടി സ്വാംശീകരിക്കുന്നുണ്ട്. പക്ഷെ, ഇവയെ നേരിട്ട് തന്റെ രചനകളില്‍ പ്രയോഗിക്കുന്നതിനു പകരം വിമര്‍ശനാത്മകമായി ഉപയോഗപ്പെടുത്തുകയാണ് അദ്ദേഹം ചെയ്യുന്നത്.

foucault43
ഫൂക്കോ

അര്‍ക്കൂനിന്റെ ബഹുമുഖങ്ങളായ ചിന്താപദ്ധതിയെ, അദ്ദേഹം തന്നെ നിരീക്ഷിക്കുന്നത് പോലെ ഇസ്‌ലാമിക ചിന്താ വിമര്‍ശം (critique of Islamic reason) എന്ന വിശാലമായ സംജ്ഞയുപയോഗിച്ച് പരിചയപ്പെടുത്താവുന്നതാണ്. നിലനില്‍ക്കുന്ന മുഴുവന്‍ മതവിജ്ഞാനീയങ്ങളെയും, വിശേഷിച്ച് ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ സമൂലമായ വിമര്‍ശന(radical critique) വിധേയമാക്കുക എന്ന ഏറെ ശ്രദ്ധേയവും ചരിത്രപരവുമായ ദൗത്യമാണ് അദ്ദേഹം നിര്‍വ്വഹിക്കുന്നത്. നിലവിലെ പരമ്പരാഗത ഇസ്‌ലാമിക ജ്ഞാന ശാസ്ത്രങ്ങളെയും ക്ലാസിക്കല്‍ ഇസ്‌ലാമോളജി (classical Islamology) എന്ന് അദ്ദേഹം പരിചയപ്പെടുത്തുന്ന, ഓറിയന്റലിസ്റ്റുകള്‍ രൂപം കൊടുത്ത ഇസ്‌ലാമിക ജ്ഞാനമാതൃകകളെയും അദ്ദേഹം രൂക്ഷമായ വിമര്‍ശനത്തിന് വിധേയമാക്കുന്നുണ്ട്. ഹസന്‍ ഹനഫിയെ പോലുള്ളവരുടെ ശുദ്ധ ഇസ്‌ലാമിക തത്വചിന്താ പദ്ധതിയെയും ആബിദുല്‍ ജാബിരിയുടെ അവിറോസിയന്‍ ചിന്തയെ മുന്‍നിര്‍ത്തിയുള്ള തത്വചിന്താപരമായ അന്വേഷണങ്ങളെയും അദ്ദേഹം തളളിക്കളയുന്നുണ്ട്. പടിഞ്ഞാറ്/ ഇസ്‌ലാം തുടങ്ങിയ പ്രശ്‌നവല്‍കൃതമായ ദ്വന്ദങ്ങളെ സര്‍ഗാത്മകമായി മറികടക്കാന്‍ കഴിയുന്നില്ല എന്നതാണ് അവരുടെ പ്രശ്‌നമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഫ്രഡറിക് നീച്ചെ, ഴാക് ദറിദ തുടങ്ങിയ ചിന്തകന്മാര്‍ പാശ്ചാത്യ തത്വചിന്താ സമുച്ചയത്തോട് സ്വീകരിച്ച വിമര്‍ശനാത്മകമായ നിലപാടാണ് ഒരര്‍ത്ഥത്തില്‍ അര്‍ക്കൂന്‍ ഇസ്‌ലാമിക ചിന്താചരിത്രത്തോടും സ്വീകരിക്കുന്നത്. നിലവിലെ ഇസ്‌ലാമിക ചിന്തയുമായി ബന്ധപ്പെട്ട രണ്ടു ജ്ഞാനരൂപങ്ങളും വചന കേന്ദ്രികൃതമാ (logocetnric)ണ് എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിമര്‍ശനം. ഇസ്‌ലാമിക ചിന്താ പാരമ്പര്യത്തെ അദ്ദേഹം മറ്റേതു ചിന്തകരില്‍ നിന്നും വ്യത്യസ്തമായി സമ്പൂര്‍ണ്ണ പാരമ്പര്യമെന്ന (exhaustive tradition) കാഴ്ച്ചപ്പാടിലൂടെയാണ് നോക്കിക്കാണുന്നത്. അഥവാ, ആശയപരമോ രാഷ്ട്രീയമോ ആയ കാരണത്താല്‍ ഓരവല്‍ക്കരിക്കപ്പെടുകയോ മതവിരുദ്ധമായി കണക്കാക്കപ്പെടുകയോ ചെയ്യപ്പെട്ട മുഴുവന്‍ ചിന്താപ്രസ്ഥാനത്തെയും അദ്ദേഹം തന്റെ രീതിശാസ്ത്രപരമായ ഇസ്‌ലാമിക ജ്ഞാനനിര്‍മ്മാണത്തില്‍ പരിഗണിക്കുന്നുണ്ട്. ഇതിനായി അദ്ദേഹം ഒരു പരിധി വരെ ഫെബ്വറെയുടെ അചിന്തനീയത അടിസ്ഥാനപ്പെടുത്തി, ചിന്ത(thought)/അചിന്ത(unthought), ചിന്തനീയത(thinkabiltiy)/അചിന്തനീയത(unthinkabiltiy), എന്നീ സംവര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കുന്നത്. ദി അണ്‍ തോട്ട് ഇന്‍ കണ്ടെംപെററി ഇസ്‌ലാമിക് തോട്ട് (The unthought in contemporary Islamic thought) എന്ന അദ്ദേഹത്തിന്റെ തന്നെ രചന ഇതിന് മികച്ച ഉദാഹരണമാണ്. ഇസ്‌ലാമിക ചിന്തയിലെ തന്റെ സംഭാവനകളെ അദ്ദേഹം പ്രായോഗിക ഇസ്‌ലാമിക ശാസ്ത്രം എന്ന് പരിഭാഷപ്പെടുത്താവുന്ന പ്രാഗ്മാറ്റിക് ഇസ്‌ലാമോളജി, അപ്ലൈഡ് ഇസ്‌ലാമോളജി (Pragmatic Islamology, Applied Islamology) എന്നീ വാക്കുകളിലാണ് പരിചയപ്പെടുത്തുന്നത്. സാംസ്‌കാരികമായ സീമാവസ്ഥകളിലെ (cultural border situation) സങ്കരസംസ്‌കാര രൂപീകരണത്തിനെ കുറിച്ചു വിവരിക്കാന്‍ റോജര്‍ ബാസ്റ്റൈഡ് ആവിഷ്‌കരിച്ച അപ്ലൈഡ് ആന്ത്രോപോളജി(Applied anthropology) എന്ന സംവര്‍ഗത്തെ മുന്‍നിര്‍ത്തിയാണ് ഇത് അദ്ദേഹം നിര്‍മ്മിക്കുന്നത്.

the-unthought-in-contemporary-islamic-thought

ആവിര്‍ഭാവ ചിന്ത പദ്ധതി(emerging reason)യാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട സംഭാവന. മതകീയ ചിന്ത (religious reason), ജ്ഞാനോദയ ചിന്ത (enlightenment reason), പ്രയോജക ശാസ്ത്ര, സാങ്കേതിക ചിന്തയെന്ന പേരില്‍ ദെറിദ പരിചയപ്പെടുത്തുന്ന ശാസ്ത്രീയ ചിന്ത (tele-techno-scientific reason) എന്നീ പ്രബലമായ മൂന്ന് ചിന്തകളുടെയും വിമര്‍ശനാത്മകമായ ചരിത്രവിശകലനമായാണ് അദ്ദേഹം തന്റെ പുതിയ ചിന്തയെ മുന്നോട്ട് വെക്കുന്നത്. അദ്ദേഹത്തിന്റെ ബ്രഹത്തായ സംഭാവനകള്‍ ജ്ഞാനശാഖാന്തര(interdisciplinary)മായത് കൊണ്ട് തന്നെ സമൂഹ ശാസ്ത്രം, നരവംശശാസ്ത്രം, ചിഹ്നശാസ്ത്രം, ഭാഷാശാസത്രം, ചരിത്ര രചനാ ശാസ്ത്രം തുടങ്ങി ഒട്ടേറെ പാശ്ചാത്യ ജ്ഞാന ശാഖകളുടെ സഹായത്തോടെ മാത്രമേ അത്തരം രചനകളിലേക്ക് കടന്നു ചെല്ലാന്‍ കഴിയൂ എന്നതാണ് അര്‍ക്കൂന്റെ രചനാ പരമായ ഒരു സവിശേഷത. ഇസ്‌ലാമിക ചിന്താ പാരമ്പര്യത്തിന് ഇനിയുമേറെ സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ടെങ്കിലും സ്ഥലപരിമിതി മൂലം അവയെല്ലാം വിശദീകരിക്കാന്‍ കഴിയില്ല. അര്‍ക്കൂന്‍ ഖുര്‍ആന്‍ വായനക്ക് നല്‍കിയ രീതിശാസ്ത്രപരമായ സംഭാവനകളെ വിശദീകരിക്കാനാണ് ഞാനീ ലേഖനത്തില്‍ ഉദ്ദേശിക്കുന്നത്.

നാം നേരത്തെ പറഞ്ഞുവച്ചതു പോലെ ക്ലാസിക്കല്‍ ഇസ്‌ലാമിക പഠനങ്ങളില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹം കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ജ്ഞാനശാസ്ത്രപര(epistemological)വും രീതിശാസ്ത്രപര(methodological)വുമായ അടിസ്ഥാനങ്ങളിലാണ്. അത് കൊണ്ടുതന്നെ ഖുര്‍ആന്‍ വായനയുമായി ബന്ധപ്പെട്ട അര്‍ക്കൂന്റെ കാഴ്ച്ചപ്പാടുകള്‍ മനസ്സിലാക്കണമെങ്കില്‍ ഇസ്‌ലാമിലെ യാഥാസ്ഥികത്വത്തിന്റെ? ചരിത്രപരവും ആശയപരവുമായ നിര്‍മ്മാണം(historical and ideological formation of orthodoxy) എങ്ങനെ സംഭവിച്ചു എന്നു അന്വേഷിക്കേണ്ടതുണ്ട്. അദ്ദേഹം തന്നെ പരിചയപ്പെടുത്തുന്നത് പോലെ ‘ഒരു സമൂഹം തങ്ങളുടെ ചരിത്രരൂപീകരണത്തിനും ചരിത്രഗ്രഹണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഐതിഹ്യപരമായ പ്രതിനിധാനങ്ങളുടെയും വിശ്വാസ സംഹിതകളുടെയും ഗണത്തെയാണ് യാഥാസ്ഥികത്വം?(orthodoxy) എന്ന് പറയുന്നത്’. അഥവാ തങ്ങളുടെ നിലനില്‍പ്പിനെയും സുരക്ഷയെയും ഉറപ്പുവരുത്തുന്നവയായിരിക്കും ഇത്തരം സംഹിതകള്‍. മറ്റൊരര്‍ത്ഥത്തില്‍ ഓര്‍ഥഡോക്‌സിയുടെ നിര്‍മ്മാണത്തില്‍ അതിനു അനുരൂപമല്ലാത്ത മറ്റു പല രചനകളും ചിന്തകളും ദര്‍ശനങ്ങളും ഓരവല്‍ക്കരിക്കപ്പെടുകയോ അടിച്ചമര്‍ത്തപ്പെടുകയോ ചെയ്യപ്പെട്ടിട്ടുണ്ടാവും. ഇത് വരെ നടന്ന പഠനങ്ങളില്‍ ദൈവശാസ്ത്രപരമായ വിശകലനമമുപയോഗിച്ചല്ലാതെ ചരിത്രപരമായ രീതികളവലംബിക്കപ്പെട്ടിട്ടില്ലെന്നതാണ് അര്‍ക്കൂന്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നത്. ഇസ്‌ലാമിലെ വെളിപാട് (Islamic revelation) എന്ന സംപ്രത്യയത്തെ ചരിത്രപരമായ യാഥാസ്ഥിതിക നിര്‍മ്മാണത്തിന്റെ പാശ്ചാത്തലത്തില്‍ കൂടി നോക്കിക്കാണണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. അതിന്റെ ഭാഗമായി അദ്ദേഹം ഖുര്‍ആനിന്റെ ചരിത്രപരതയെ രണ്ടായി വിഭജിക്കുന്നു. ഖുര്‍ആനിക വസ്തുത/സംഭവം(quranic fact/event), ഇസ്‌ലാമിക വസ്തുത/സംഭവം. ഖുര്‍ആന്‍ അവതരണത്തിലെ ആദ്യഘട്ടത്തെയാണ് ഖുര്‍ആനിക സംഭവം എന്നു സൂചിപ്പിക്കുന്നത്. വെളിപാട്, വാചികമായ ഖുര്‍ആന്റെ പ്രചാരം, അതില്‍ ക്രിയാത്മകമായ പ്രതിപ്രവര്‍ത്തിച്ച ആദ്യ ജനത എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ ഘട്ടം. ദൈവം/ജിബ്‌രീല്‍, പ്രവാചകന്‍, ജനത(al nas)എന്നീ മൂന്ന് ഘടകങ്ങളാണ് ഇതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്. വാചികത(oraltiy)യാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഖുര്‍ആനിക അവതരണത്തിനു ശേഷമുള്ള എഴുത്തുശേഖരണവുമായി ബന്ധപ്പെട്ട ഘട്ടമാണ് ഇസ്‌ലാമിക വസ്തുത/സംഭവം(islamic fact/event). ഈ ഘട്ടത്തിലാണ് ഖുര്‍ആന്‍ എഴുത്തുരൂപത്തില്‍ ക്രോഡീകരിക്കപ്പെടുകയും ഓര്‍ത്തഡോക്‌സിയുടെ രൂപീകരണം നടക്കുകയും ചെയ്യുന്നത് എന്നാണ് അര്‍ക്കൂന്‍ നിരീക്ഷിക്കുന്നത്. വാചികതയില്‍ നിന്നും നിയതമായ എഴുത്തുരൂപത്തിലേക്കുള്ള മാറ്റം ഔദ്യോഗിക സംവൃത ഗ്രന്ഥസമുച്ചയ(official closed corpus)ത്തിനു രൂപം നല്‍കി. ഒരു സമൂഹത്തിന്റെ ആശയരൂപീകരണവുമായി ബന്ധപ്പെട്ട വിശകലനങ്ങള്‍ക്ക് വേണ്ടി കോര്‍ണേലിയന്‍ കാസ്റ്റോറിയാഡിസ് (Cornelius Castoriadis), ഴാക് ലകാങ്(jacques lacan), ചാള്‍സ് ടൈലര്‍ തുടങ്ങിയവര്‍ ഉപയോഗിക്കുന്ന സാമൂഹിക സങ്കല്പനം (social imaginary) എന്ന കാഴ്ച്ചപ്പാടാണ് അര്‍ക്കൂനും ഒരു പരിധി വരെ ഇസ്‌ലാമിക ചിന്തയുടെ ചരിത്രരൂപീകരണവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നത്.

re

തന്റെ ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സുപ്രധാനവും മൗലികവുമായ രണ്ടു ചോദ്യങ്ങള്‍ക്കാണ് അര്‍ക്കൂന്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നത്. സത്താപര(ontological)മായ ചോദ്യമാണ് ഒന്നാമത്തേത്. എന്താണ് ഖുര്‍ആന്‍? അഥവാ സത്താപരമായി എന്തിനെയാണ് വ്യാഖ്യാനിക്കേണ്ടത്.? രണ്ടാമത്തേത് രീതിശാസ്ത്രപരമായ അന്വേഷണമാണ്. അഥവാ എങ്ങിനെയാണ് വ്യാഖ്യാനം സാധ്യമാകുന്നത്?. പ്രവാചകീയ ദൗത്യത്തെയും അതുല്‍പാദിപ്പിച്ച വിപ്ലവകരമായ സാമൂഹിക സംസ്ഥാപനത്തെയും വിശുദ്ധവല്‍കൃതമായ ചട്ടക്കൂടിനുള്ളിലൂടെ കാണുന്നതിന് പകരം ആശയപരമായ കടം (debt of meaning) എന്ന സാമൂഹ്യശാസ്ത്രപരമായ സംജ്ഞയുപയോഗിച്ചാണ് അദ്ദേഹം മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. ഈ കാഴ്ച്ചപ്പാട് വെളിപാടിന്റെ വിശുദ്ധാത്മകത(sacraltiy)യെ നിര്‍വ്വീര്യമാക്കിക്കളയുന്നുണ്ട്. അര്‍ക്കൂന്‍ പറയുന്നു: ‘പ്രായോഗികതയിലേക്ക് നയിക്കുന്ന വാഗ്‌വ്യവഹാരമാണ് വെളിപാട്. മനുഷ്യന്റെ ആത്യന്തികമായ ഉത്ഖണ്ഡകള്‍ക്ക് പ്രായോഗികമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് കൊണ്ട് തന്നെ അത് ഇന്നും നിര്‍ബാധം മനുഷ്യചരിത്രത്തെ സ്വാധീനിക്കുന്നുണ്ട്’.

സത്താപരമായി വെളിപാടിനെ രണ്ടുവര്‍ഗങ്ങളായാണ് അര്‍ക്കൂന്‍ മനസ്സിലാക്കുന്നത്. ഒന്ന് ഉമ്മുല്‍ കിതാബ് (മൂലഗ്രന്ഥം) എന്നറിയപ്പെടുന്ന, സംരക്ഷിത ഫലക(lauhul mahfouz)ത്തില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള പ്രാഗ് ഗ്രന്ഥം. രണ്ടാമത്തേത് ഇത് വരെ അവതരിക്കപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥത്തിന്റെ ലൗകികമായ പതിപ്പുകളും(worldly editions). ആദ്യത്തെ വിതാനത്തില്‍ അത് അനന്തവും സനാതനവും ആത്യന്തികവുമാണ്. അത് കൊണ്ട് തന്നെ മനുഷ്യമനസ്സുകള്‍ക്ക് ഗ്രഹിക്കാന്‍ കഴിയാത്തതും. രണ്ടാമത്തേത് ഏകപക്ഷീയമായ ചരിത്രപരത(arbtirary historictiy)യാല്‍ ബന്ധിതമായത് കൊണ്ടുതന്നെ അത് മനസ്സിലാക്കാന്‍ അതിനെ ചരിത്രവല്‍ക്കരിക്കേണ്ടി വരുന്നു. അത്തരമൊരു വായനക്കു വേണ്ടി അദ്ദേഹം മൂന്നു തലത്തിലുള്ള ഒരു പെരുമാറ്റച്ചട്ടത്തെയാണ് നിര്‍ദ്ദേശിക്കുന്നത്. ചരിത്ര-നരവംശ ശാസ്ത്ര വ്യാഖ്യാനം(historical-anthropological), ചിഹ്ന-ഭാഷാ ശാസ്ത്രപരവും സാഹീതിയവുമായ വ്യാഖ്യാനം(semiotic, linguistic and literary interpretation), മതപരവും ദൈവശാസ്ത്രപരവുമായ(religious and theological) വ്യാഖ്യാനം, എന്നീ മുന്‍ഗണനാ ക്രമനുസരിച്ച് ക്രമീകരിച്ച വായനകളാണവ.

dg

1. ചരിത്ര നരവംശശാസ്ത്ര വ്യാഖ്യാനം

ഇസ്‌ലാം: റ്റു റിഫോം ഓര്‍ റ്റു സബ്‌വേര്‍ട്ട് (Islam; to reform or to subvert) എന്ന തന്റെ രചനയില്‍ ഈ മൂന്ന് രീതിയിലുള്ള വായനകളെക്കുറിച്ചും അര്‍ക്കൂന്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ മൂന്ന് മേഖലകളിലും വന്നുകഴിഞ്ഞിട്ടുള്ള വായനകളെ അദ്ദേഹം പൂര്‍ണ്ണമായും നിരാകരിക്കുന്നില്ല. നിലവിലെ ഇതുസംബന്ധമായി രചനകളെ വിമര്‍ശിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ വ്യത്യസ്തവും നൂതനവുമായ കാഴ്ച്ചപ്പാടുകളെ മുന്നോട്ട് വെക്കുന്നത്. ഹെര്‍ബെര്‍ട്ട് ബെര്‍ഗിന്റെ ദി ഡവലപ്‌മെന്റ് ഓഫ് എക്‌സെജസിസ് ഇന്‍ ഏലീ ഇസ്‌ലാം (development of exegesis in early islam), ജാക്വലിന്‍ ചബി യുടെ ദി ട്രൈബല്‍ ലോര്‍ഡ് (the tribal lord), ഇസ്സ ബുല്ലറ്റയുടെ ലിറ്റററീ സ്റ്റക്ചര്‍സ് ഓഫ് റിലീജ്യസ് മീനിംഗ് ഇന്‍ ഖുര്‍ആന്‍(literary structures of religious meaning in qur’an), ആന്‍ഡ്ര്യൂ റിപിന്‍ എഡിറ്റ് ചെയ്ത അപ്രോച്ച് റ്റു ദി ഹിസ്റ്ററി ഓഫ് ദി ഇന്റര്‍പ്രിറ്റേഷന്‍ ഓഫ് ദി ഖുര്‍ആന്‍(approach to the history of interpretation of the qur’an), ജി. ആര്‍ ഹോറ്റിനും അബ്ദുല്‍ ഖാദര്‍ ശരീഫും എഡിറ്റു ചെയ്ത അപ്രോച്ചസ് റ്റു ദി ഖുര്‍ആന്‍ (approach to the qur’an), തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഈ വഴിയിലെ പരീക്ഷണങ്ങളാണ്. മേലുദ്ധരിക്കപ്പെട്ട രചനകളെ ഏറിയോ കുറഞ്ഞോ തന്റെ നിരീക്ഷണങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തുകയും അതേസമയം അവകളുടെ രീതി ശാസ്ത്രപരമായ പോരായ്മകളെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് അര്‍ക്കൂന്‍.

ഖുര്‍ആന്റെ ചരിത്രത്തെ രണ്ടു ഘട്ടങ്ങളായി അര്‍ക്കൂന്‍ കണക്കാക്കുന്നു. വെളിപാട് കാലം എന്ന് വിളിക്കാവുന്ന രൂപീകരണ ഘട്ട(formative period)വും ക്രോഢീകരണ ഘട്ട(period of fixation)വുമാണവ. ആദ്യ ഘട്ടത്തെ അദ്ദേഹം പ്രവാചകീയ/ഖുര്‍ആനിക വ്യവഹാരം(prophetic/quranic discourse) എന്നും ഔദ്യാഗിക ഗ്രന്ഥ സമുച്ചയം (official closed corpus) എന്നുമാണ് വിളിക്കുന്നത്. ആദ്യഘട്ടത്തില്‍ വാചികമായ വ്യവഹാര(oral discourse)ത്തിന് പ്രാധാന്യം ലഭിച്ചപ്പോള്‍ രണ്ടാം ഘട്ടത്തില്‍ ലിഖിതരൂപത്തിനാണ് പ്രാധാന്യം ലഭിച്ചത്. ഇത് അദ്ദേഹം നാം നേരത്തെ വിവരിച്ച ഓര്‍ത്തഡോക്‌സിയുമായി ബന്ധപ്പെടുത്തിയാണ് മനസ്സിലാക്കുന്നത്. ചരിത്രപരമായ ഈ കാഴ്ച്ചപ്പാടുമാറ്റമാണ് അദ്ദേഹത്തിന്റെ വ്യാഖ്യാനശാസ്ത്രത്തെ ആത്യന്തികമായി നിയന്ത്രിക്കുന്നതും.

2. ചിഹ്ന-ഭാഷാശാസ്ത്രപരവും സാഹിതീയവുമായ വ്യാഖ്യാനം.

അറുപതുകളിലും എഴുപതുകളിലും ഫ്രാന്‍സില്‍ ഗ്രെയ്മാസ്, ബാര്‍ത്ത് തുടങ്ങിയവരുടെ ഇടപെടലുകളിലൂടെ പുതിയ വായനാ രീതികള്‍ രൂപപ്പെട്ടിരുന്നു. ചിഹ്നശാസ്ത്രപരവും നവസാഹിതീയ വിമര്‍ശ(new literary criticism)പരവുമായ വായനയാണ് അത്തരത്തില്‍ വികസിച്ചു വന്ന സമീപനങ്ങള്‍. ഖുര്‍ആനില്‍ നിന്ന് വിഭിന്നമായി ബൈബിള്‍ ഇത്തരം നവസങ്കേതങ്ങളുപയോഗിച്ച് വായിക്കപ്പെട്ടിരുന്നു. സാഹിതീയ രംഗത്ത് മുസ്‌ലിം പരമ്പരാഗത പക്ഷത്തു നിന്നു തന്നെ ധാരാളം വായനകളുണ്ടായതായി അര്‍ക്കൂന്‍ നിരീക്ഷിക്കുന്നുണ്ട്. ഇബ്‌നുല്‍ ഖയ്യിം, അബൂ ഉബൈദ, ശരീഫ് റളി, അല്‍ ജുര്‍ജാനീ, അല്‍ ബാഖില്ലാനീ, ഫഖ്‌റുദ്ദീന്‍ അല്‍ റാസി, അല്‍ സകാകി തുടങ്ങിയവരുടെ രചനകളെ അദ്ദേഹം പരിശോധിക്കുന്നുണ്ടെങ്കിലും അവയില്‍ അദ്ദേഹം പ്രതീക്ഷിക്കുന്ന സാഹിത്യപരവും ആലങ്കാരികവുമായ വിമര്‍ശപഠനങ്ങളെ കണ്ടെത്താന്‍ സാധിക്കാത്തത് അദ്ദേഹത്തെ അലോസരപ്പെടുത്തുന്നു. സയ്യിദ് ഖുതുബിന്റെ അല്‍ തസവ്വുറുല്‍ ഫന്നീ ഫില്‍ ഖുര്‍ആന്‍, മശാഹിദുല്‍ ഖിയാമ ഫില്‍ ഖുര്‍ആന്‍ തുടങ്ങിയ രചനകളെ അദ്ദേഹം ഒരു പരിധി വരെ പരിഗണിക്കുകയും വിമര്‍ശനത്തിനു വിധേയമാക്കുകയും ചെയ്യുന്നുണ്ട്. പ്രാമാണികമായ വേലിക്കെട്ടി(dogmatic enclosure)നുള്ളില്‍ നിന്നും ഖുതുബിന്റെ സാഹിതീയ സംഭാവനകള്‍ക്ക് പുറത്ത് കടക്കാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല, അത്തരം പ്രാമാണികത(dogmatism)യെ വീണ്ടും ഉറപ്പിക്കുകയാണ് ഖുതുബിന്റെ വായനകള്‍ ചെയ്യുന്നതെന്നാണ് അര്‍ക്കൂന്റെ ഇതു സംബന്ധമായ പ്രധാനപ്പെട്ട ഒരു വിമര്‍ശം.
ഖുര്‍ആനിക ഭാഷയുടെ ചരിത്രപരതയെ വ്യക്തമാക്കുകയാണ് അദ്ദേഹത്തിന്റെ ചിഹ്നശാസ്ത്രപരമായ വായനയുടെ ഒരു പ്രധാന ലക്ഷ്യം. ഖുര്‍ആന്റെ വാക്കുകള്‍ ചരിത്രപരതക്ക് വിധേയമാണെങ്കില്‍ എങ്ങിനെയാണ് അതിനെ വിശുദ്ധവും അതീന്ദ്രിയവുമായി പരിഗണിക്കാന്‍ കഴിയുന്നത്? ഖുര്‍ആന്റെ പാരായണ ഭേദത്തെയും അദ്ദേഹം അതിന്റെ ചിഹ്നശാസ്ത്രപരമായ കാഴ്ച്ചപ്പാടുപയോഗിച്ച് വിശദീകരിക്കുന്നുണ്ട്. ഖുര്‍ആനെ അനിയതമായ അര്‍ത്ഥങ്ങള്‍ വഹിക്കുന്ന ചിഹ്നങ്ങളുടെയും സൂചകങ്ങളുടെയും ഒരു കൂട്ടമായാണ് അര്‍ക്കൂന്‍ ഗണിക്കുന്നത്. അഥവാ ഒരു വ്യാഖ്യാനത്തിനും അതിന്റെ പൂര്‍ണ്ണമായ പാഠത്തെ ഉള്‍വഹിക്കാന്‍ കഴിയില്ലെന്നര്‍ത്ഥം.

3. ദൈവ ശാസ്ത്രപരമായ വ്യാഖ്യാനം.

ആദ്യരണ്ടുവായനകളുടെയും കണ്ടെത്തലുകള്‍ക്കു പുറത്താണ് ദൈവശാസ്ത്ര വായനയുടെ സാധ്യത. വിശ്വാസം മാത്രമടിസ്ഥാനപ്പെടുത്തിയ വായനകള്‍ അര്‍ക്കൂന്‍ നിരാകരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു ‘വിശ്വാസത്തിന്റെ യുക്തിഹീനത വ്യക്തമാക്കാന്‍ വേണ്ടിയോ അതിന്റെ ശാസ്ത്രീയമായ യുക്തി വിശദീകരിക്കുകയോ അല്ല ലക്ഷ്യം. മറിച്ച് നീച്ചെയുടെ കാഴ്പ്പാടിലെ മൂല്യങ്ങളുടെ വിമര്‍ശനവും അതേ പോലെ ഓരോ വ്യക്തിയുടെയും വളര്‍ച്ചയില്‍ അവ വഹിക്കുന്ന മനശാസ്ത്രപരമായ ഭാഗധേയങ്ങളെ മനസ്സിലാക്കലുമാണ്.’ ബൗദ്ധികമായ വിശ്വാസ(rational belief)ത്തെയാണ് അര്‍ക്കൂന്‍ ഇവിടെ പരിഗണിക്കുന്നത്. പരമ്പരാഗതമായി നടന്ന ശുദ്ധ വിശ്വാസമടിസ്ഥാനപ്പെടുത്തിയ വായനകളെ ആചാര വായന(ritual reading) യെന്നാണ് അര്‍ക്കൂന്‍ പരിചയപ്പെടുത്തുന്നത്. സൂക്ഷ്മമായ നിരീക്ഷണത്തില്‍ ഹാര്‍വെ കോക്‌സ് ബൈബിളില്‍ നിന്നും കണ്ടെത്താന്‍ ശ്രമിക്കുന്ന മതേതരവല്‍ക്കരണത്തിന്റെ സാധൂകരണങ്ങളാണ് ഒരര്‍ത്ഥത്തില്‍ അര്‍ക്കൂനും ഖുര്‍ആനില്‍ നിന്ന് വികസിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. ഖുര്‍ആനിലും മദീനിയന്‍ അനുഭവത്തി(medinan experience)ലും മതേതരത്വ(seculartiy)മുണ്ടെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം ഇത് വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം മുന്നോട്ട് വെക്കുന്ന ഖുര്‍ആനിക വിജ്ഞാന രീതിശാസ്ത്രത്തില്‍ സാമൂഹ്യശാസ്ത്രപരമായതും ചരിത്രപരമായതുമായ നിരവധി ഉപോല്‍ബലകമായ കാഴ്ച്ചപ്പാടുകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. മുസ്‌ലിം സബ്ജക്ടിന്റെ നിര്‍മ്മാണം (construction of muslim subject), ജ്ഞാനത്തിന്റെ മനശാസ്ത്രം(psychology of knowledge), തുടങ്ങിയവയാണവ. ദൈര്‍ഘ്യം ഭയന്ന് വിശദീകരിക്കുന്നില്ല.

അര്‍ക്കൂന്റെ ചിന്തകള്‍ വിപ്ലവാത്മകമായിരുന്നെങ്കിലും അതിന് അര്‍ഹിക്കുന്ന പരിഗണനകള്‍ അറബ് ലോകത്ത് നിന്നോ യൂറോപ്യന്‍ ചിന്തകരില്‍ നിന്നോ ലഭിച്ചിട്ടില്ല. വിവിധ വിജ്ഞാന ശാഖകളില്‍ നിന്ന് അദ്ദേഹം ഉപയോഗിക്കുന്ന ഏറെക്കുറെ ദുര്‍ഗ്രഹമായ പദാവലികളും ആശയങ്ങളും ഒരു പക്ഷെ അതിനു കാരണമായിരിക്കാം. അതേ പോലെ ഏറെയും ഫ്രഞ്ചിലും അറബിയിലും എഴുതിയ അദ്ദേഹത്തിന്റെ ഏതാനും ഗ്രന്ഥങ്ങള്‍ മാത്രമാണ് ഇംഗ്ലീഷിലേക്ക് ഭാഷാന്തരപ്പെടുത്തപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ചിന്താ പദ്ധതി നിരവധി പ്രശ്‌നങ്ങളുള്ളതാണെങ്കിലും അതിനോട് സര്‍ഗാത്മകമായി സംവദിക്കാന്‍ നാം തയ്യാറാകേണ്ടതുണ്ട്.

campusadmin