Campus Alive

നരവംശശാസ്ത്രത്തിന്റെ നോട്ടപ്പിശകുകള്‍

 ഇസ്‌ലാം-നരവംശശാസ്ത്രപഠനങ്ങളുമായി ബന്ധപ്പെട്ട സംവാദങ്ങളോടുള്ള പ്രതികരണം

നരവംശശാസ്ത്രപഠന ശാഖയുടെ ചരിത്രത്തില്‍ മതം കടന്നു വന്നതിന് ചില നിര്‍ണ്ണിത പാറ്റേണുകള്‍ ഉണ്ടായിരുന്നു. ആ പാറ്റേണുകളെ ചോദ്യം ചെയ്യുന്നു എന്നതാണ് അസദ് അടക്കമുള്ള സ്‌കോളേഴ്‌സിന്റെ പ്രത്യേകത. ഈ ചോദ്യങ്ങളെ അടിസ്ഥാനപരമായി ആന്ത്രോപോളജി എന്തിനെയാണ് പഠിക്കുന്നത് എന്നതിലേക്ക് കൂടി ചേര്‍ത്താണ് നമ്മള്‍ മനസിലാക്കേണ്ടത്. ആന്ത്രപ്പോളജിയില്‍ മതം പഠിക്കാന്‍ പറ്റുമോ എന്നതിനേക്കാള്‍ പ്രത്യേകമായ ചോദ്യമാണ് ആന്ത്രോപ്പോളജിയില്‍ ഇസ്‌ലാമിനെ പഠിക്കാന്‍ പറ്റുമോ എന്നത്. ഈ പ്രശ്‌നത്തിനെ അഭിസംബോധന ചെയ്യുന്നതിന് പകരം ആന്ത്രപ്പോളജി എന്ന പഠനശാഖയുടെ നിരന്തര നവീകരണശേഷിയെ ഉയര്‍ത്തിപ്പിടിച്ചു ഈ പ്രശ്‌നത്തിന് പരിഹാരം കാണാമെന്നാണ് വീണാ മണി എന്ന ഗവേഷക വിദ്യാര്‍ത്ഥിനി ആബിദ് സേട്ട് എഴുതിയ ലേഖനത്തിന് മറുപടി ആയി ഉന്നയിക്കുന്നത്. ഇതിനകത്ത് മണി കാണാതെ പോകുന്ന ചില പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുക എന്നതാണ് ഉദ്ദേശിക്കുന്നത്. ആന്ത്രപ്പോളജി യഥാര്‍ത്ഥത്തില്‍ എന്തിനെയാണ് പഠിക്കുന്നത് എന്നത് കുഴക്കുന്ന ചോദ്യമാണ്. ഇസ്‌ലാമിനെ ആന്ത്രോപ്പോളജിക്ക് പഠിക്കാന്‍ പറ്റുമോ എന്ന ചോദ്യം പ്രസക്തമാകുന്നത് ആന്ത്രോപ്പോളജി എന്തിനെയാണ് പഠിക്കുന്നത് എന്ന ചോദ്യം ഉന്നയിക്കുമ്പോഴാണ്. രണ്ട് പ്രധാനപ്പെട്ട വീഴ്ചകളാണ് മണിയുടെ എഴുത്തില്‍ നിഴലിക്കുന്നത്. മതത്തെ മതപഠനത്തിന്റെ സങ്കേതങ്ങളുപയോഗിച്ചു പഠിക്കാവുന്ന ജ്ഞാനമേഖല ആധുനിക അക്കാദമിക ലോകത്ത് തന്നെ നിലനില്‍ക്കേ ആന്ത്രോപ്പോളജി പിന്നെ അതില്‍ നിന്ന് വിത്യസ്തമായി മതപഠനരംഗത്ത് ചെയ്യുന്നതെന്താണ് എന്ന ചോദ്യമാണ് ഒന്നാമത്തേത്. ഇസ്‌ലാമിന്റെ കാര്യത്തില്‍ ഇതു സവിശേഷമാണ്. ഇസ്‌ലാം പഠനം വെസ്റ്റില്‍ സ്വീകരിച്ചിരിക്കുന്ന പോസ്റ്റ് ഓറിയന്റലിസ്റ്റ് മെത്തേഡ് മാത്രമാണ് ആന്ത്രോപ്പോളജി. എന്നാല്‍ ഇസ്‌ലാം പഠനം മുസ്‌ലിം സാംസ്‌കാരിക ജീവിതവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത് സവിശേഷമായ ചില രീതികളിലൂടെയാണ്. ഓത്തു പള്ളി എന്നത് അതില്‍ ഒരു രീതി മാത്രമാണ്. അപ്പോള്‍ പിന്നെ ആന്ത്രോപ്പോളജിയുടെ പ്രഖ്യാപിത ഉന്നം എന്തായിരിക്കും? അത് മുസ്‌ലിം എന്ന സബ്ജക്ട് എങ്ങനെ ജീവിക്കുന്നു എന്നത് തന്നെയാണ്. ഇതിനകത്ത് രണ്ട് പ്രശ്‌നങ്ങളുണ്ട്. അസദ് ഫോര്‍മേഷന്‍ ഓഫ് ദ സെക്കുലര്‍ എന്ന പുസ്തകത്തില്‍ പറയുന്നത് പോലെ മുസ്‌ലിം ജീവിതത്തിലൂടെ ഇസ്‌ലാം എങ്ങനെ രൂപീകരിക്കപ്പെടുന്നു എന്നതാണ് ആന്ത്രപ്പോളജിയുടെ ജ്ഞാനപരമായ കണ്‍സേണ്‍. അഥവാ ആന്ത്രപ്പോളജി ഇസ്‌ലാം പഠനം അല്ല നടത്തുന്നത്. ഇസ്‌ലാം പഠനത്തിന് മറ്റൊരു മെത്തേഡ് വെക്കുക മാത്രമാണ് ചെയ്യുന്നത്. ഒന്നുകൂടി ഊന്നിപ്പറഞ്ഞാല്‍, ഓറിയന്റലിസം ടെക്‌സ്റ്റുകളെ മുന്‍നിര്‍ത്തി ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ ശ്രമിക്കുകയും പലയിടത്തുമുള്ള മുസലിം ജീവിതങ്ങള്‍ ആ മനസ്സിലാക്കലിനെ സംഘര്‍ഷപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ ആന്ത്രപ്പോളജി സമാനമായ രീതി മുസ്‌ലിം പ്രാക്ടീസിനെ പഠിക്കാന്‍ ശ്രമിക്കുന്നതിലൂടെ അപ്ലൈ ചെയ്യാന്‍ ശ്രമിക്കുന്നു. ടെക്സ്റ്റ്‌\ പ്രാക്ടീസ് എന്ന ക്ലാസിക്കല്‍ വെസ്റ്റേണ്‍ ഡൈക്കോട്ടമസ് സമീപനത്തെ അവലംബിച്ചു മുസ്‌ലിം മതപാരമ്പര്യത്തെയും സമകാലീനതയെയും പഠിക്കാന്‍ ശ്രമിക്കുന്നതിലെ അടിസ്ഥാനപരമായ പ്രശ്‌നമാണ് ഇതില്‍ മുഴച്ചു നില്‍ക്കുന്നത്. രണ്ടാമത്, ആബിദ് സേട്ട് മുന്നോട്ട് വെച്ച വാദങ്ങള്‍ ഒരു തരത്തില്‍ നരവംശശാസ്ത്രപരം തന്നെയായിരിക്കുമ്പോള്‍ അതില്‍ നിന്ന് മുന്നോട്ട് പോയിട്ട് മുസ്‌ലിം പരമ്പരാഗത രീതികളില്‍ ഇസ്‌ലാം പഠിക്കപ്പെടുന്നതെങ്ങനെ എന്ന ചോദ്യമുന്നയിക്കേണ്ടതുണ്ട്. അത് ഒരു തരത്തില്‍ ഇസ്‌ലാമിനെക്കുറിച്ചുള്ള ജ്ഞാനം എന്ന സങ്കല്‍പത്തെ തന്നെ പുതുക്കി പണിയുന്നതാണ്. ടെക്‌സ്റ്റിനെ അധികാരത്തിന്റെ ഉല്‍പന്നമായി കാണുന്ന രീതി ഒരിക്കലും ഇസ്‌ലാമിക് ടെക്‌സ്റ്റിനെയോ മുസ്‌ലിം സബ്ജക്ടിനെയോ മനസിലാക്കാന്‍ പര്യാപ്തമല്ല എന്നതില്‍ ഇവിടെ കൃത്യത വരുന്നുണ്ട്.

TalalAsad

മണിയുടെ സേട്ടു വിമര്‍ശത്തിന്റെ രണ്ടാമത്തെ പ്രശ്‌നമിതാണ്. മണിയുടെ വിമര്‍ശം ഊന്നുന്നത് തദ്ദേശീയം-ആഗോളം എന്നതിലെ പ്രശ്‌നത്തിലാണ്. തദ്ദേശീയ ജനവിഭാഗങ്ങളെയും ട്രൈബുകളെയുമൊക്കെ മനസിലാക്കാന്‍ ഉപയോഗിക്കുന്ന ഈ പാരഡൈമിന്റെ പ്രശ്‌നമല്ല യഥാര്‍ത്ഥത്തില്‍ ഇസ്‌ലാം പഠനത്തിന്റെ കാര്യത്തില്‍ ആന്ത്രപ്പോളജി അനുഭവിക്കുന്നത്. ആ പ്രശ്‌നം മറ്റൊന്നാണ്. ആ പ്രശ്‌നം മണിക്ക് മനസിലാക്കാന്‍ കഴിയാതെ വരുന്നതിന്റെ കാരണം തന്നെ ആന്ത്രപ്പോളജി എന്നത് സബ്ജക്ടുകളെയും ജീവിതരീതികളെയും കുറിച്ചു മാത്രമുള്ള പഠനവും ആ അര്‍ത്ഥത്തില്‍ (ഇസ്‌ലാമിക) ജ്ഞാനത്തെ സംബന്ധിച്ചുള്ള പഠനം അല്ലാതിരിക്കുന്നു എന്നുള്ളതുമാണ്. അത് മനസിലാക്കാന്‍ കഴിയാതെ ഇസ്‌ലാമിനെ സംബന്ധിച്ചുള്ള പഠനമായി ആ ജ്ഞാനശാഖയെ സ്വയം കരുതുന്നിടത്താണ് പുതുകാല ആന്ത്രപ്പോളജിസ്റ്റുകള്‍ക്ക് അബദ്ധം പറ്റുന്നത്. മണി സ്വദേശപരമായ ആശയങ്ങളെ പഠിക്കുന്നതിന്റെ പ്രശ്‌നം എന്ന നിലയില്‍ ഇതിനെ കണ്ട് ഫരീദ് അത്താസിനെ ഉദ്ധരിക്കുന്നതില്‍ തന്നെ അടങ്ങിയിരിക്കുന്ന പ്രശ്‌നമിതാണ്. ഇസ്‌ലാം എന്നതിനെ സംബന്ധിച്ച മുഖ്യധാരാ ദേശീയ വ്യവഹാരം തന്നെ ഇസ്‌ലാമിന്റെ തദ്ദേശീയതയില്ലായ്മയിലാണ് കേന്ദ്രീകരിക്കുന്നത്. ഖാസിം സമാന്‍ എഴുതുന്നതു പോലെ ഉത്തരേന്ത്യയിലെ മുല്ലമാര്‍ തദ്ദേശീയമായ അധികാരഘടനകളെ മറികടക്കുന്നത് തങ്ങളുടെ വൈദേശിക വേരുകളുയര്‍ത്തിപ്പിടിച്ചും അതിനായി അറബി ഭാഷയെയും അതിലൂടെ തങ്ങളുടെ ആഗോള ഇസ്‌ലാമിക സ്വത്വത്തെയും സ്ഥാപിച്ചെടുത്തുമാണ് എന്നതിനെ മണി മനസിലാക്കുന്ന സമീപനത്തിലൂടെ എങ്ങനെ അഭിസംബോധന ചെയ്യും? തദ്ദേശീയ സമൂഹം-ആഗോള സമൂഹം എന്നതിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്‌നം ആന്ത്രപ്പോളജിയില്‍ സുദീര്‍ഘമായി സംവദിക്കപ്പെട്ടു കഴിഞ്ഞ ഒന്നാണ്. ആ പഴയ സംവാദങ്ങളില്‍ ഈ പ്രശ്‌നത്തെ ലൊക്കേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് തന്നെ ലക്ഷ്യം മറന്നുള്ള വെടിവെപ്പാണ്.

za
മുഹമ്മദ് ഖാസിം സമാന്‍

ചുരുക്കത്തില്‍ പറഞ്ഞു വരുന്നത് ആബിദ് സേട്ട് മുന്നോട്ട് വച്ച വിമര്‍ശത്തെ വീണാമണി ആന്ത്രപ്പോളജിയിലെ തികച്ചും സാമ്പ്രദായികമായ സംവാദങ്ങളുടെ പരിസരത്തില്‍ നിന്ന് നോക്കിക്കാണുന്നത് ഇസ്‌ലാം പഠനവുമായി ബന്ധപ്പെട്ട് ആന്ത്രപ്പോളജി അനുഭവിക്കുന്ന പ്രശ്‌നങ്ങളെയും ആ പഠനമേഖലയുടെ പ്രത്യയശാസ്ത്രചരിത്രത്തെയും സംബന്ധിച്ച പുതിയ ചര്‍ച്ചകളെ ചുരുക്കിയൊതുക്കുന്നതിന് തുല്യമാണ്.

 

 

 

Reference:

Formation of the secular – Talal Asad

Arabic, the Arab Middle East, and the definition of Muslim Identity in Twentieth century India: Muhammad qasim zaman

http://beta.bodhicommons.org/article/anthropology-and-islam-veena-vimala-mani

https://campusalive.net/anthropologyandislam/

campusadmin