Campus Alive

അനുഭവിക്കാത്ത അനുഭവത്തെക്കുറിച്ച്; അനുഭവിക്കേണ്ട അനുഭവത്തെക്കുറിച്ചും

അക്‌ബേറിയന്‍ ഫിലോസഫിയെ മുന്‍നിര്‍ത്തി ഒരന്വേഷണം

From Identity to Epistemology എന്ന തലക്കെട്ടില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ കേള്‍വിക്കാരനായി ഇരുന്നപ്പോഴുളള ചില സംഘര്‍ഷങ്ങളാണ് ഇവിടെ രേഖപ്പെടുത്തുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ദലിതനായ ചിത്രകാരന്‍ സുഹൃത്ത് പറഞ്ഞതു കാണുക.’ഞാന്‍ ഒരു ദലിതനാണ്. 1987ലാണു ഞാനതു ‘തിരിച്ചറിയുന്നത്’.സംസ്ഥാന സ്‌കൂള്‍ കലോത്സവത്തി ല്‍ സമ്മാനം തിരസ്‌ക്കരിക്കപ്പെട്ടപ്പോഴായിരുന്നു അത്. പിന്നീടും എനിക്ക് അത്തരം അനുഭവങ്ങളുണ്ടായി. ‘മത’ത്തിന്റെ കെട്ടുപാടുകളില്ലാത്ത ചിത്രകാരനാണു ഞാന്‍. 19 വയസ്സുവരെ താനൂര്‍ കടപ്പുറത്തായിരുന്നു ഞാന്‍ വളര്‍ന്നത്. അവിടെയുളള മുസ്‌ലിം സുഹൃത്തുക്കള്‍ പരസ്പരം തെറിയായി വിളിച്ചിരുന്നത് ‘ചെറുമന്‍’ എന്ന എന്റെ ജാതിപ്പേരായിരുന്നു. ബാബരി മസ്ജിദിന്റെ തകര്‍ച്ചയുടെ കാലത്ത് മുസ്‌ലിംകള്‍ ഹിന്ദുവാണെന്നു കരുതി എന്നെയും കുടുംബത്തേയും ആക്രമിച്ചു.അവരെ തിരിച്ചാക്രമിക്കാന്‍ RSS ഞങ്ങളെ നിര്‍ബന്ധിക്കുകയും ചെയ്തു.7 വയസ്സുവരെ RSS കേന്ദ്രത്തില്‍ തന്നെയായിരുന്നു ഞങ്ങള്‍ വളര്‍ത്തപ്പെട്ടത്. ഞങ്ങള്‍ കളിച്ചിരുന്നത് അവരുടെ ശാഖാ പ്രവര്‍ത്തനം നടക്കുന്ന ഗ്രൗണ്ടിലായിരുന്നു. എന്റെ കുടുംബത്തിലും ഇസ്‌ലാമുകള്‍ ഉണ്ടായിരുന്നു. അഥവാ ഇസ്‌ലാം മതം സ്വീകരിച്ചവര്‍. കലാപകാരികളില്‍ നിന്നും രക്ഷപ്പെടാന്‍ കടലിനോടു ചേര്‍ന്ന് കിടക്കുന്ന പുഴക്കക്കരക്ക് ഗര്‍ഭിണിയായ എന്റെ ചേച്ചി തുഴഞ്ഞുപോയതും ആ നേരം മീനുകള്‍ അവരുടെ ഗര്‍ഭത്തെ പൊതിഞ്ഞു സംരക്ഷിച്ചുവെന്ന് പറഞ്ഞതും ഞാനോര്‍ക്കുന്നു. ചിത്രകാരനായ എനിക്ക് ഇന്നതൊരു വിഷ്വല്‍ ഇമേജായാണു അനുഭവപ്പെടുന്നത്’.

അദ്ദേഹത്തിന്റെ അനുഭവത്തെയോ അതിലെ സത്യസന്ധതയെയോ അന്വേഷിക്കാനല്ല ഞാന്‍ ശ്രമിക്കുന്നത്. അനുഭവം(experience) എന്നതിനെ ചോദ്യം ചെയ്യാനുമല്ല ഞാനുദ്ദേശിക്കുന്നത്. അദ്ദേഹം തനിക്കുണ്ടായി എന്നു പറയുന്ന അനുഭവത്തെ എങ്ങനെ മനസ്സിലാക്കുന്നു അല്ലെങ്കില്‍ എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നു എന്നു വിശകലനം ചെയ്യാനാണ് ഞാനാഗ്രഹിക്കുന്നത്. ചര്‍ച്ചയിലേക്ക് കടന്നുവന്ന ‘മതവിദ്യാര്‍ത്ഥി’എന്നു സ്വയം പരിചയപ്പെടുത്തിയ സുഹൃത്തിന്റെ വിശദീകരണം കൂടി നോക്കേണ്ടതുണ്ടെന്നു തോന്നുന്നു. ‘ഞാന്‍ ഒരു മതകലാലയത്തില്‍ നിന്നാണ് വരുന്നത്. ഇവിടെ പറയുന്ന കാര്യങ്ങളൊന്നും എനിക്ക് അനുഭവമില്ല. തികച്ചും ഒരു observer ആയി സംസാരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മതവിദ്യാഭ്യാസത്തോടൊപ്പം എക്കണോമിക്‌സ് വിദ്യാര്‍ത്ഥിയായ എനിക്ക് സാമൂഹ്യ ശാസ്ത്രപരമായ കാര്യങ്ങള്‍ വായിക്കുന്നതു കൊണ്ടാണ് ഇത്തരം കാര്യങ്ങളില്‍ താല്‍പ്പര്യം.’

ഇവിടെ ഞാനനുഭവി്ക്കുന്ന സംഘര്‍ഷം മറ്റൊന്നാണ്. experience നെ നമുക്കെങ്ങനെയാണ് മനസ്സിലാക്കാന്‍ സാധിക്കുക?. അതിനെ എങ്ങനെയാണ് മറ്റുളളവരോട് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കുക? From identity to epistemology എന്നത് അതിനെ തടഞ്ഞുവെക്കുന്നു എന്നാണു ഞാന്‍ കരുതുന്നത്. നമുക്ക് ആദ്യത്തെ ഉദാഹരണത്തിലേക്കു തന്നെ മടങ്ങാം. അവിടെ ദലിതനായ സഹോദരന്‍ തന്റെ ദലിതത്വത്തെ തിരിച്ചറിയുന്നത്  വിദ്യാര്‍ത്ഥി ആയിരിക്കെ പൊതുസമൂഹത്തില്‍ നി്ന്നും അയാളനുഭവിച്ച തിരസ്‌ക്കാരത്തിലൂടെയായിരുന്നു. എന്നാല്‍ തന്റെ വിശദീകരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ ദലിതത്വം തിരിച്ചറിയപ്പെടുന്നത് ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് താനൂര്‍ ഉണ്ടായി എന്ന് അയാള്‍ പറയുന്ന സംഘര്‍ഷത്തിലാണ്. അവിടെ ഒരേ സമയം മുസ്‌ലിംകള്‍ക്കെതിരിലും RSSനെതിരിലുമാണ് അയാള്‍ ദലിതത്വം അനുഭവിക്കുന്നത്. അഥവാ പൊതുസമൂഹം എന്ന അമൂര്‍ത്തതയില്‍ നി്ന്നും മുസ്‌ലിം/RSS(ചര്‍ച്ചക്കായി ഇതിനെ ഹിന്ദു എന്നു വിളിക്കാന്‍ ഞാനാഗ്രഹിക്കുന്നു)എന്ന ബൈനറിയിലേക്ക് അതു പോയിരിക്കുന്നു. ഇവിടെയാണ് ചര്‍ച്ചയുടെ മര്‍മം എന്നു ഞാന്‍ വിശ്വസിക്കുന്നു. ഇനി ഒരു ലോകോളേജ് അനുഭവം പറയാം. ഒരു ഫ്‌ളക്‌സ് ബോര്‍ഡാണത്. കോളേജ് യൂണിയന്‍ ഇലക്ഷനുമായി ബന്ധപ്പെട്ട് SFI സ്ഥാപിച്ചതാണത്. പൂണൂലിട്ട നമ്പൂതിരിക്ക് വെളളം കോരിക്കൊടുക്കുന്ന മുസ്‌ല്യാര്‍. അതിനെ ആശീര്‍വദിച്ച് തൊട്ടടുത്ത് തന്നെ നില്‍ക്കുന്നു പളളീലച്ചന്‍. മതസൗഹാര്‍ദത്തെ ഊട്ടിയുറപ്പിക്കുന്ന തലവാചകവും. ദലിതനോ ആദിവാസിക്കോ മറ്റുളളവര്‍ക്കോ അതില്‍ യാതൊരു റോളുമി്ല്ല. നിയമവിദ്യാര്‍ത്ഥിക്ക് അതിനു കൃത്യമായ ഉത്തരമുണ്ട്. ഫാമിലി ലോ പ്രകാരം ഇന്ത്യയില്‍ ജീവിക്കുന്ന മുസ്‌ലിമോ കൃസ്ത്യാനിയോ പാര്‍സിയോ ജൂതനോ അല്ലാത്ത മറ്റെല്ലാവരും ഹിന്ദുവാണ്.(ഏക സിവില്‍ കോഡിന്റെ ചര്‍ച്ചക്ക് ഇതില്‍ ഉത്തരമുണ്ടായേക്കാം…) മതാന്ധതക്കും മതവര്‍ഗീയതക്കെതിരെയും തന്നെയായിരുന്നു ABVP അടക്കമുളള എല്ലാ ‘ഇടതു’പക്ഷ സംഘടനകളുടേയും പ്രധാന കാമ്പയിനിംഗുകള്‍.
കേരളത്തിലെ ദലിത്-മുസ്‌ലിം-ബഹുജന അനുഭവങ്ങളേയും ആയിത്തീരലിനെ(becoming)നേയും മതം/മതേതരത്വം എന്ന fixation കള്‍ എങ്ങനെയാണ് തടഞ്ഞുവെച്ചത് എന്നു സൂചിപ്പിക്കാനാണ് ഈ മൂന്നനുഭവങ്ങളും വിവരിച്ചത്. നമുക്കെല്ലാവര്‍ക്കുമറിയുന്നതു പോലെ കേരളത്തിന്റെ സാമൂഹിക അവസ്ഥകളെ വിശകലനം ചെയ്യാനുളള അളവുകോലാകാന്‍ മതേതരത്വത്തിനു(fixation) പറ്റില്ല എന്നാണ് ഞാന്‍ വാദിക്കുന്നത്. കേരളത്തിലെ ബഹുജന becomingകളെ തടയുന്ന regressive force ആയും ദലിതനേയും മുസ്‌ലിമിനേയും അവന്റെ അനുഭവത്തെ വിവര്‍ത്തനം ചെയ്യുന്നതില്‍ നിന്നും തടയുന്ന മതിലായാണുമാണ് ഇത്തരം ജ്ഞാന വ്യവഹാരങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അഥവാ ഐഡന്റിറ്റികളുടെ becomingനെ തടയുന്ന ഒന്നായി ഈ എസ്റ്റാബ്ലിഷ്ഡ് എപ്പിസ്റ്റമോളജികള്‍ വര്‍ത്തിക്കുന്നു.

ഇനി നമുക്ക് ആദ്യത്തെ രണ്ട് അനുഭവങ്ങളിലേക്കു തന്നെ മടങ്ങിപ്പോകാം. “താന്‍ ഒരു മതവിദ്യാര്‍ത്ഥി ആയതുകൊണ്ടു തന്നെ ഈ അനുഭവങ്ങള്‍(തീര്‍ച്ചയായും അത് ജാതിപരമായ അനുഭവങ്ങളായേക്കാം)എനിക്കില്ല.ഞാന്‍ ഇവിടെ observer മാത്രമാണ്”.നമുക്ക് ഈ നരേഷനെ സൂക്ഷ്മാര്‍ത്ഥത്തില്‍ പരിശോധിക്കേണ്ടിയിരിക്കുന്നു.മതവിദ്യാര്‍ത്ഥിയാവുമ്പോള്‍ ജാതിയെ ‘അനുഭവിക്കുന്നില്ല’എന്നതിനെ ‘തിരിച്ചറിയുന്നില്ല’എന്നു വായിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.ജാതി എന്നത് മത/മതേതര അളവുകോലുകളില്‍ തിരിച്ചറിയപ്പെടാതെ പോവുകയോ അപ്രത്യക്ഷമാകുകയോ ചെയ്യുന്നു.വിശ്വാസത്തെയോ അനുഭവങ്ങളേയോ റദ്ദ് ചെയ്യാനല്ല ഞാനിത് പറയുന്നത്.മതം എന്ന സിഗ്നിഫിക്കേഷന് ഇന്നത്തെ എപ്പിസ്റ്റമോളജികള്‍ നല്‍കുന്ന അര്‍ത്ഥത്തെക്കൂടിയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്.ഉദാഹരണത്തിന് ഇസ്‌ലാം ‘മത’മാവുന്നത് മുസ്‌ലിമിന്റെ അനുഭവ പരിസത്തിനേക്കാളുമുപരിയായി otherന്റെ കാഴ്ചയിലൂടെയും ചിന്തയിലൂടെയുമായിത്തീരുന്നു എന്നുളളതാണത്.അഥവാ ഈ രണ്ട് നരേഷനുകളിലും അനുഭവത്തെ foreground ചെയ്യാന്‍ ആഗ്രഹിക്കുമ്പോള്‍ വളരേ informed/established ആയ ഒരു വ്യാവഹാരിക ശൃംഖല(discursive pattern)യിലേക്ക് പോവുന്നതായി കാണാം.ഇങ്ങനെ എസ്റ്റാബ്ലിഷ്ഡ് ആയ വ്യാവഹാരിക ശൃംഖലകള്‍ അധികാരത്തെ നിരന്തരമായി ഉല്‍പ്പാദിപ്പിക്കുന്നതായി കാണാം.ഈ അധികാരം നമ്മുടെ അനുഭവങ്ങളെ ആവര്‍ത്തനത്തിന്റെ രീതിയില്‍ കുടുക്കിയിടുന്നിടത്താണ് പുതിയ തരത്തിലുളള ആവിഷ്‌ക്കരണങ്ങള്‍ നമുക്ക് സാധ്യമാകാതെ പോകുന്നത്.ജാതി വിരുദ്ധ രാഷ്ട്രീയം പലപ്പോഴും ജാത്യാധികാരത്തിന്റെ സാമൂഹികതയില്‍ കുടുങ്ങിപ്പോവുന്നതിനാല്‍ ഈ അധികാരങ്ങള്‍ക്കു പുറത്ത് എത്തിക്കലായ ഒരു തിയോ പൊളിറ്റിക്‌സിന്റെ ആവശ്യകതയെപ്പറ്റി ഹൈദരാബാദ് യൂണിവേഴിസിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ഷാന്‍ മുഹമ്മദ് സൂചിപ്പിക്കുന്നുണ്ട്.

download
ലക്കാന്‍

കേരളത്തിലെ ദലിത്-മുസ്‌ലിം അനുഭവങ്ങളെ മനസ്സിലാക്കുന്നതിനും അവരുടെ becomingനെ തടഞ്ഞു നിര്‍ത്തുന്ന fixationകളെ ചോദ്യം ചെയ്യാനുമായി പന്ത്രണ്ടാം നൂറ്റാണ്ടിലെ ഫിലോസഫറും മിസ്റ്റിക്കുമായ മുഹ്‌യുദ്ധീന്‍ ഇബ്‌നു അറബിയുടെ ചിന്തകളെ പരിചയപ്പെടാത്താനുളള ശ്രമമാണിവിടെ നടത്തുന്നത്.പ്രപഞ്ചത്തെ അദ്ദേഹം മനസ്സിലാക്കിയത് അല്ലാഹുവിന്റെ(the real) വിശാലതയുമായി(divine vastness) ബന്ധിപ്പിച്ചാണ്.ലക്കാനൊക്കെ(jaques lacan)പറയുന്നതു പോലെ മനുഷ്യന്റെ ബോധ മണ്ഡലത്തിന് ഉള്‍ക്കൊളളാന്‍ കഴിയുന്നതിനും അപ്പുറമാണ് truth.അത് മനുഷ്യന്റെ സ്ഥല കാല ബോധത്തിനെ(temporal order)എത്തിപ്പിടിക്കാന്‍ കഴിയുന്നതിനും അപ്പുറം ചലനാത്മകമാണ്. പ്രാപഞ്ചികതയെക്കുറിച്ചുളള ഇബ്‌നു അറബിയുടെ കാഴ്ചപ്പാടിനെ നമുക്കൊന്ന് പരിശോധിക്കാം. അഥവാ സത്യം(actual) യഥാര്‍ത്ഥത്തിന്റെ(reality)ഭാഗികമായ പ്രകടനം മാത്രമാണ് എന്ന അദ്ദേഹത്തിന്റെ സത്താപരമായ നിലപാട് പ്ലാറ്റോവിനു സമാനമാകുമ്പോള്‍ തന്നെ real സ്ഥായിയായി നില്‍ക്കും എന്ന പ്ലാറ്റോവിന്റെ ചിന്തകളോട് വലിയ തരത്തില്‍ വ്യത്യാസപ്പെടുകയും ചെയ്യുന്നുണ്ട്. അല്ലാഹു എന്ന real ഭാഗികമായി പ്രകടമാകുന്നത് അവന്റെ 99 വിശുദ്ധ നാമങ്ങളിലാണ്.ഈ 99 വിശുദ്ധ നാമങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഈ പ്രപഞ്ചത്തെയും അറിവുകളേയും നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്.പ്രപഞ്ചം അവന്റെ വിശുദ്ധ നാമത്തെ പ്രകടമാക്കിക്കൊണ്ടിരിക്കുന്നു എന്നു പറയുമ്പോള്‍ തന്നെ പ്രപഞ്ചത്തിന്റെയും അതിലെ അനുഭവങ്ങളുടേയും ആവര്‍ത്തനത്തെ ഇബ്‌നു അറബി നിഷേധിക്കുന്നു.ഒരേ സമയം തന്നെ സ്ഥിരീകരണത്തിന്റേയും(conviction) മാറ്റത്തിന്റേയും സ്വഭാവം കാണിക്കുന്നു എന്നുളളതാണ് ഇബ്‌നു അറബിയുടെ ചിന്തകളുടെ പ്രത്യേകത.ഇതിനെ നെഗറ്റീവ് തിയോളജി എന്നു വിളിക്കുന്നു.യുക്തിയും (reason/aql)സങ്കല്‍പ്പനവു(imagination/hayal)മാണ് ഇതിലെ മുഖ്യ ഘടകങ്ങള്‍.ഇവ രണ്ടു കണ്ണുകളേപ്പോലെയാണ്.realനെ യുക്തി കൊണ്ട് മനസ്സിലാക്കാന്‍ സാധിക്കാതെ വരുമ്പോള്‍ തന്നെ ഇമേജിനേഷനുപയോഗിച്ച് നാമതിനെ തിരിച്ചു കൊണ്ടു വരുന്നു.അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം യുക്തി ആവര്‍ത്തനത്തേയും ആവര്‍ത്തനം അധികാരത്തെയും നിര്‍മ്മിക്കുന്നു.ആവര്‍ത്തിക്കപ്പെടാതിരിക്കുമ്പോഴാണ് realലേക്കുളള becoming നമുക്ക് സാധ്യമാവുക.നമുക്ക് ജാതിയെക്കുറിച്ചു തന്നെ സംസാരിച്ചു തുടങ്ങാം. ഇന്ത്യന്‍ സാമൂഹ്യ പരിസരങ്ങളിലും അധികാരം ആവര്‍ത്തന സ്വഭാവം കാണിക്കുന്നുണ്ട്. ഇവിടെ ജാതി എന്നത് സാമൂഹികവും രാഷ്ട്രീയവും ആയ becoming കളെ തടഞ്ഞ് നിര്‍ത്തുന്ന അധികാരമായാണ് പ്രവര്‍ത്തിക്കുന്നത് .അനുഭവങ്ങളെ എസ്റ്റാബ്ലിഷ്ഡ് ആയ ജാതിയുടെ ഫ്രെയിം വര്‍ക്കിലൂടെ വായിക്കുമ്പോള്‍ ആവര്‍ത്തനത്തിന്റെ ജാത്യാധികാരത്തില്‍ അകപ്പെട്ടു പോകുകയാണ് നാം ചെയ്യുന്നത്.

എങ്ങനെ ഈ അധികാരത്തിനു പുറത്ത് അനുഭവങ്ങള്‍ സാധ്യമാക്കാം? ഇവിടെ ‘മൊമെന്റിനെ'(moment)പരിചയപ്പെടുത്താന്‍ ഞാനാഗ്രഹിക്കുന്നു.സമയം,സ്ഥലം എന്നിവ പരിഗണിക്കാത്ത, ആവര്‍ത്തിക്കപ്പെടുകയോ വ്യാഖ്യാനിക്കപ്പെടുകയോ ചെയ്യാത്ത അനുഭവമാണ് ‘മൊമന്റ്‌’. ഓരോ സെല്‍ഫിനും(ഇന്ത്യന്‍ സാഹചര്യത്തില്‍ സെല്‍ഫ് എന്നത് വ്യക്തിയോ കൂട്ടായ്മയോ ആവാം) മൊമെന്റുകള്‍ വ്യത്യസ്തമായിരിക്കും എന്നു മാത്രമല്ല,നാമിന്നു മനസ്സിലാക്കുന്ന സെക്കന്റുകള്‍ എന്ന ആശയത്തില്‍ തന്നെ ഒരുപക്ഷേ ധാരാളം ‘മൊമെന്റു’കള്‍ ഉള്‍ച്ചേര്‍ന്നിരിക്കും. ചിലപ്പോള്‍ അത് മാസമോ,വര്‍ഷങ്ങളോ,ഇവന്റുകളോ ആയേക്കാം. മൊമെന്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നില്ല എന്നു പറയുമ്പോള്‍ തന്നെ നെഗറ്റീവ് തിയോളജി പ്രകാരം ഒരേ സമയം തുടര്‍ച്ചയുടേയും മാറ്റത്തിന്റേയും സ്വഭാവം ഇതു കാണിച്ചു കൊണ്ടിരിക്കുന്നു. ഒരനുഭവത്തെ തീര്‍ച്ചപ്പെടുത്താന്‍ തുടങ്ങുമ്പോള്‍ തന്നെ നേരത്തെ സൂചിപ്പിച്ച വ്യവഹാരിക ശൃംഖലകളുടെ അധികാരത്തില്‍ നിന്നും വ്യത്യസ്തമാകാനുളള ഒരു സാധ്യതയെക്കൂടി ഇവ നമുക്ക് നല്‍കുന്നു. അനുഭവങ്ങളെ ‘മൊമെന്റു’കളാക്കി മനസ്സിലാക്കാനാണ് ഞാനാഗ്രഹിക്കുന്നത്.ദെല്യൂസിന്റെ ചിന്തകളെ കടമെടുക്കുകയാണെങ്കില്‍ ആന്റി ഈഡിപ്പലായ അഭിലാഷത്തെ(desire)സാധ്യമാക്കുന്നവയാണ് ‘മൊമെന്റുകള്‍’.

deleuze-1
ദെല്യൂസ്‌

ഇന്ത്യന്‍ സാഹചര്യത്തിലെ അഭിലാഷം(desire)എന്തായിരിക്കും? ഒരു ട്രെയിന്‍ യാത്രക്കിടയിലുണ്ടായ ചര്‍ച്ച ഓര്‍മ വരുന്നു. ജാതിയിലെ കര്‍തൃത്വത്തിലേക്കും സബ്ജക്ടിവിറ്റിയിലേക്കും നീണ്ട ചര്‍ച്ചക്കിടെയുണ്ടായ പ്രധാന ചോദ്യമിതായിരുന്നു.ഹൈന്ദവതയില്‍ വിശ്വസിക്കാന്‍ നിര്‍ബന്ധിതരായവരും അല്ലാത്തവരുമായ ദലിതരടക്കമുളള പലരും ബ്രാഹ്മണനായിത്തീരാന്‍ ആഗ്രഹിക്കുന്നു.കശ്യപാശ്രമം പോലുളള കേന്ദ്രങ്ങള്‍ ജാതികള്‍ക്കും മതങ്ങള്‍ക്കുമതീതമായി എല്ലാവര്‍ക്കും വേദം പഠിപ്പിച്ചു കൊടുക്കുകയും ബ്രഹ്മം അറിഞ്ഞവനാണ് ബ്രാഹ്മണന്‍ എന്നും അതെല്ലാവര്‍ക്കും പഠിക്കാം എന്ന തരത്തില്‍ ക്ലാസുകള്‍ സംഘടിപ്പിക്കുകയും(‘അങ്ങനെ എല്ലാവരെയും ബ്രാഹ്മണരാക്കുകയും) ചെയ്യുന്നു.ഇതിനെ എങ്ങനെയാണ് നോക്കിക്കാണേണ്ടത്?ഇവിടെയും അനുഭവ വിശദീകരണത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല.ഫ്രോയിഡിയന്‍ ചിന്തപ്രകാരം മേല്‍ സൂചിപ്പിച്ചതിലെ അഭിലാഷം(desire)ബ്രാഹ്മണനാകുക എന്നതാണ്.ഇത് ഒരു ഈഡിപ്പല്‍ വൃത്തത്തില്‍ സഞ്ചരിക്കുന്നു.അതൊരു തരം fixationനെ കൂടി നിര്‍മിക്കുന്നു.അഭിലാഷത്തെ ആവര്‍ത്തിച്ച് നിര്‍മ്മിക്കുകയും അനുഭവങ്ങളെ ബ്രാഹ്മണന്‍ എന്ന അധികാരത്തിലേക്കു അറിഞ്ഞോ അറിയാതെയോ സന്നിവേശിപ്പിക്കുകയും ചെയ്യുന്നു.ഇവിടെയാണ് ദെല്യൂസിന്റെ ആന്റി ഈഡിപ്പല്‍ ചിന്തയിലെ ‘അഭിലഷിക്കുന്ന യന്ത്രങ്ങള്‍(desiring machines)’പ്രസക്തമാവുന്നത്.ജീവിതം എന്നതു തന്നെ യന്ത്രമാണ്.അത് സ്വയം പ്രവര്‍ത്തിക്കുന്ന ഒന്നല്ല.ഒരുപാട് ഭാഗങ്ങളുടെ കണക്ഷനിലൂടെയാണ് അത്‌ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.ഇബ്‌നു അറബിയെ സംബന്ധിച്ചിടത്തോളം ഈ കണക്ഷന്‍ അല്ലാഹുവിന്റെ 99 നാമങ്ങളിലൂടെയാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.ഈ 99 നാമത്തിന്റേയും വെളിവാകലിനു കാരണമായത് ‘അല്ലാഹുവിന്റെ കാരുണ്യം'(rahm) എന്ന ആശയമാണ് .ദെല്യൂസിന്റെ desireഉം ഇബ്‌നു അറബി സൂചിപ്പിക്കുന്ന rahmഉം why does a letter always arrive at its destination?എന്ന ലേഖനത്തില്‍ സീസെക്ക് സൂചിപ്പിക്കുന്ന ‘ദൈവിക കരവു’മെല്ലാം തന്നെ ഈ കണക്ഷനു കാരണമാകുന്നു.വ്യത്യസ്ത പ്രക്രിയകളെ ബന്ധിപ്പിക്കുന്ന ഇവയെയാണ് നാം ‘മൊമെന്റുകള്‍’എന്നു വിളിക്കേണ്ടത്.മൊമെന്റുകളില്‍ നിന്നും മൊമെന്റുകളിലേക്കുളള പ്രയാണമാണ് becoming. ഉദാഹരണത്തിന്,മുകളില്‍ സൂചിപ്പിച്ച ചര്‍ച്ചയെ എടുത്തു പരിശോധിക്കുകയാണെങ്കില്‍ അതിനെ നമുക്ക് ഒറ്റ മൊമെന്റ് എന്നു വിളിക്കാം.ഒരു വ്യക്തിയുടെ അനുഭവങ്ങളെയാകമാനം അത് ‘ബ്രാഹ്മണനായിത്തീരുക’ എന്ന ഒറ്റ മൊമെന്റില്‍ കുടുക്കിയിടുകയും becomingനെ അസാധ്യമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. മൊമെന്റുകളെ നെഗോഷ്യേറ്റ് ചെയ്യാന്‍ പ്രാപ്തമാക്കും എന്നുളളതാണ് ഇബ്‌നു അറബി ചിന്തയിലെ നെഗറ്റീവ് തിയോളജിയുടെ സാധ്യത.

അനുഭവങ്ങളെ ‘മൊമെന്റു’കളിലൂടെ അടയാളപ്പെടുത്തണമെന്നാണ് ഞാന്‍ വാദിക്കുന്നത്.വ്യാവഹാരിക ശൃംഖലക്കു പുറത്ത് അധികാരത്തെ നെഗോഷ്യേറ്റ് ചെയ്യാനുളള സാധ്യത അതു നമുക്കു തരുന്നു.നിയതമായ ചിന്താ പദ്ധതിക്കു പുറത്ത് ‘എന്തും ചെയ്യാന്‍/അഭിലഷിക്കാന്‍ സാധിക്കുന്ന’ ഒരു സ്ഥാനം അത് എല്ലാ സ്വത്വങ്ങള്‍ക്കും നല്‍കിയേക്കാം.അതു സാധിക്കുന്നത് നേരത്തെ സൂചിപ്പിച്ച മൊമെന്റുകളുടെ കണക്ഷനിലൂടെ ആയിരിക്കും.ഇബ്‌നു അറബി ഇതിനെ ‘ഇന്‍സാനെ കാമില്‍'(പരിപൂര്‍ണ സ്വത്വം)എന്നാണ് വിളിക്കുന്നത്.

 

അഡ്വ: അബ്ദുല്‍ അഹദ്