Campus Alive

ഹാദിയ കേസ് : കോടതി വിധികളും സ്‌റ്റേറ്റ് വയലന്‍സും

കഴിഞ്ഞ മേയ് 24നായിരുന്നു കേരള ഹൈക്കോടതി ഇസ്‌ലാമിനെ പറ്റി രണ്ടു വര്‍ഷത്തോളം നീണ്ട തന്റെ പഠനത്തിനൊടുവില്‍ മതം മാറിയ വൈക്കം സ്വദേശിയായ ഹാദിയ(അഖില) എന്ന യുവതിയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ മുസ്‌ലിം യുവാവിനെ വിവാഹം ചെയ്ത യുവതിയുടെ നടപടി റദ്ദ് ചെയ്യുകയും തന്റെ താല്‍പര്യത്തിനു വിരുദ്ധമായി രക്ഷിതാക്കളുടെ കൂടെ പറഞ്ഞയക്കുകയും ചെയ്തത്. ജസ്റ്റിസ് സുരേന്ദ്ര മോഹന്‍ ,ജസ്റ്റിസ് കെ.അബ്രഹാം മാത്യൂ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധി ഏറെ വിവാദം സൃഷ്ട്ടിക്കുകയും. പ്രായപൂര്‍ത്തിയായ യുവതിയും യുവാവും തമിലുള്ള വിവാഹത്തിന് രക്ഷിതാക്കളുടെ സാന്നിധ്യം അനിവാര്യം എന്ന അടിസ്ഥാനത്തില്‍ പുറത്ത് വന്ന വിധിയെ പലരും വിമര്‍ശിക്കുകയുണ്ടായെങ്കിലും വിധിക്കെതിരെ ഹൈക്കോടതിയിലേക്ക് മുസ്ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് നടന്നതിനെ തുടര്‍ന്ന് മാര്‍ച്ച് നടത്തിയവരെ തീവ്രവാദ മുദ്ര പതിപ്പിക്കാനുള്ള മത്സരത്തിനിടെ വിധിയുടെ ഉള്ളടക്കത്തെ കുറിച്ച് കാര്യമായ സംവാദങ്ങള്‍ ഉയര്‍ന്നു വരികയുണ്ടായില്ല .

content_hadiya-islam-muslim-convert

യുവതിയെ രക്ഷിതാക്കളെ കൂടെ വിട്ടു കൊണ്ടുള്ള വിധിയില്‍ രണ്ടാം എതിര്‍കക്ഷിയായ പോലീസിനോട് നേരത്തെയുള്ള ഇടക്കാല ഉത്തരവ് പ്രകാരം അവര്‍ താമസിപ്പിക്കപ്പെട്ടിരുന്ന എറണാക്കുളം സദനം ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്ക് പോകുന്നേരം സംരക്ഷണം നല്‍കുവാനും അവരുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ നിരീക്ഷണത്തിന് കീഴിലായിരിക്കാനും ഉത്തരവിന്റെ അവസാന പേജില്‍ പറയുന്നുണ്ട് . എന്നാല്‍ അതിന് ശേഷം വിവിധ മാധ്യമ പ്രവര്‍ത്തകരും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഹാദിയയെ വൈക്കത്തെ അവരുടെ വീട്ടില്‍ ചെന്ന് കാണാന്‍ ശ്രമിച്ചെങ്കിലും കോടതി ഉത്തരവ് ലഭിക്കാതെ പുറത്ത് നിന്നുള്ള സന്ദര്‍ശകരെ അനുവദിക്കാനാവില്ല എന്ന നിഷേദാത്മക നിലപാടാണ് പോലീസ് പുലര്‍ത്തുന്നത് . മാത്രവുമല്ല ഹാദിയയുടെ വീട് നില്‍ക്കുന്ന പ്രദേശത്ത് നിരീക്ഷണത്തിന്റെ പേരില്‍ കനത്ത പോലീസ് ബന്ധവസ്സ് ഏര്‍പ്പെടുത്തിയിരിക്കുകയുമാണ് . കിടന്നുറങ്ങുന്ന റൂമിനകത്ത് പോലും പോലീസിന്റെ കടുത്ത പരിശോധനകളും നിരീക്ഷണത്തിലും കഴിയുന്ന ഹാദിയ ഫലത്തില്‍ വീട്ടു തടങ്കലില്‍ ആണ് ഇപ്പോള്‍ ഉള്ളത്. ഹാദിയക്ക് ഷെഫിന്‍ അയച്ച രജിസ്റ്റെര്‍ട് കത്തുകള്‍ ഹാദിയ വീട്ടില്‍ ഉണ്ടായിരിക്കെ തന്നെ ‘refused by guardians’ എന്നെഴുതി തിരിച്ചയക്കപ്പെടുകയുണ്ടായി . ഷെഫിന്‍ ജഹാന് പുറമേ അവരുടെ മൗലിക അവകാശത്തിന് വേണ്ടി നില കൊള്ളുന്നവര്‍ക്കും അവരെ ബന്ധപ്പെടാന്‍ കഴിയാത്ത വിധം തടങ്കലില്‍ നിര്‍ത്തിയിരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ് എന്ന് പ്രമുഖ നടിയുടെ നീതിക്ക് വേണ്ടി നിലകൊള്ളുന്നവര്‍ മനസ്സിലാക്കേണ്ടതുണ്ട് . ഏതാനും ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളും പത്രങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ ഹാദിയ അനുഭവിക്കുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളെ അര്‍ഹിക്കുന്ന അളവില്‍ ഏറ്റെടുക്കാനും അതിനു വേണ്ടി ഒച്ചയെടുക്കാനും പൊതുസമൂഹം തയ്യാറായിട്ടില്ല . ബ്രാഹ്മനിക ഭരണകൂടത്തിന് കീഴില്‍ ജീവിക്കുന്ന മുസ്ലിം സ്ത്രീയുടെ പ്രശ്‌നം എന്ന രീതിയില്‍ കൂടി കാണുമ്പോള്‍ മുത്തലാക്കില്‍ ഒതുങ്ങുന്ന ഒന്നല്ല ഇന്ത്യയിലെ മുസ്ലിം സ്ത്രീയുടെ പ്രശ്‌നം എന്ന്കാണാന്‍ കഴിയും . അതു തന്നെയാണ് ഹാദിയക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ അധികമാളുകള്‍ ഇല്ലാതെ പോകുന്നതും.

ഇത്തരമൊരു സാഹചര്യത്തിലാണ് ഹൈകോടതി വിധി ചോദ്യം ചെയ്തു കൊണ്ട് ഹാദിയയെ ഇസ്ലാമിക നിയമ പ്രകാരം വിവാഹം ചെയ്ത കൊല്ലം സ്വദേശിയായ ഷെഫിന്‍ ജഹാന്‍ അഡ്വ: ഹാരിസ് ബീരാന്‍ മുഖേന സുപ്രീം കോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്തിരിക്കുന്നത് . പതിനൊന്നു പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത് .. ഒരു പക്ഷെ ഈ വിഷയത്തെ രാഷ്ട്രീയപരമായാണോ നിയമപരമാണോ നേരിടേണ്ടത് എന്ന ചര്‍ച്ചയില്‍ മുഴുകി നിയമപരമായി മാത്രം നേരിടുകയാണ് വേണ്ടതെന്നും രാഷ്ട്രീപരമായി നേരിടുന്നതും ഇതൊരു മുസ്ലിം പ്രശ്‌നമായി ഉയര്‍ത്തി കാണിക്കുന്നതും അപക്വമായതും മതേതര വിരുദ്ധവുമായ നിലപാടാണ് തുടങ്ങിയ അധര വ്യായാമങ്ങളും വിമര്‍ശനങ്ങളും നടത്തിയവര്‍ക്കിടയില്‍ ഉയരാതെ പോയ ചോദ്യങ്ങളാണിവ. ചോദ്യങ്ങളുടെ സംക്ഷിപ്ത രൂപം താഴെ കൊടുക്കുന്നു.

content_kerala-conversion-hadiya

-പരാതിക്കാരനുമായുള്ള ഹാദിയയുടെ വിവാഹത്തിന്റെ മതപരമായ സാധുതയെ കുറിച്ച് നോക്കാതെ വിവാഹം റദ്ദ് ചെയ്ത ഹൈകോടതി നടപടി നിയമപരമായി ശരിയാണോ
-2016 ജനുവരി 25 ന് ഹാദിയയെ കോടതിക്ക് മുന്‍പില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹേബിയസ് കോര്‍പസ് ഹരജിയില്‍ വാദം കേട്ട ജസ്റ്റിസ് സി .കെ അബ്ദുല്‍ റഹീം ,ജസ്റ്റിസ് ഷാജി പി ചാലി ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ,ഹാദിയ ആരുടേയും നിയമവിരുദ്ധമായ കസ്റ്റഡിയില്‍ അല്ലെന്നും അവര്‍ സ്വതന്ത്രയാണെന്നും വിധി പ്രസ്താവിച്ചിട്ടുണ്ട് . അവര്‍ സ്വന്തം ഇഷ്ട്ടപ്രകരമാണ് സത്യസരണി എന്ന മത സ്ഥാപനത്തില്‍ ചേര്‍ന്നത് എന്നും വ്യക്തമാക്കുന്നു . എന്നിരിക്കെ ഇതേ കക്ഷിയെ കോടതിക്ക് മുന്‍പില്‍ ഹാജരാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് രണ്ടാമതും ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയതും കോടതി പ്രസ്തുത ഹരജി സ്വീകരിച്ചതും 1967 ലെ Ghulam Sarwar Vs. Union of India എന്ന കേസിലെ സുപ്രീം കോടതി വിധിക്ക് വിരുദ്ധമല്ലേ ?
– ഭരണഘടനയുടെ 226 വകുപ്പ് പ്രകാരം ഹേബിയസ് കോര്‍പസ് ഹരജിയിലൂടെയുള്ള ഹൈകോടതിയുടെ നിയമാധികാരം, പ്രായപൂര്‍ത്തിയായ മാനസിക പക്വത പ്രാപിച്ച രണ്ടു മുതിര്‍ന്ന ആളുകളുടെ വിവാഹം അവര്‍ സ്ഥലത്തില്ലാതിരിക്കെ അവരുടെ ആഗ്രഹത്തിന് വിരുദ്ധമായി റദ്ദാക്കാന്‍ കഴിയുമോ?
– ഹൈകോടതിയുടെ പ്രസ്തുത വിധി നടപ്പിലാവുന്നതിലൂടെ അതിന്റെ ഫലം ബാധകമാവുന്നവര്‍ എന്ന നിലയില്‍ വിധി പ്രസ്താവത്തിന് മുന്‍പ് ഇരുവര്‍ക്കും നോട്ടീസ് നല്‍കു കയും ഇരുവരുടെയും ഭാഗം കേള്‍ക്കുകയും ചെയ്യേണ്ടിയിരുന്നില്ലേ ?
– കേസില്‍ കക്ഷിയായ ഹാദിയ ചെറിയ കുട്ടിയോ(minor) ഭ്രാന്ത് പിടിപ്പെട്ടവള്‍(insane) അല്ലാത്തതിനാലും സ്വന്തം കാര്യം നോക്കാന്‍ കാര്യ പ്രാപ്തി ഉള്ളവളുമായിരിക്കെ ഹൈകോടതി തങ്ങളുടെ parens patreae എന്ന രക്ഷാധികാര തത്ത്വം ഉപയോഗിച്ച് മറ്റു വല്ലവരുടെയും കസ്റ്റഡിയില്‍ ഏല്‍പ്പിക്കാന്‍ ഹൈകോടതിക്ക് അധികാരം ഉണ്ടോ ?
– പരാതിക്കാരനായ ഷെഫിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ അടിസ്ഥാനമാക്കിയും അദ്ദേഹത്തിന്റെ പേരില്‍ ഒരു ക്രിമിനല്‍ കേസ് ഉള്ളതിനാലും ഷെഫിനെ ഒരു തീവ്രവാദിയായി മുദ്രകുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉള്ള ഹൈകോടതി വിധി നിതീകരിക്കത്ത ക്ക വണ്ണമുള്ള നടപടിയാണോ ?
– കോടതി നടപടികളിലുടനീളം രക്ഷിതാക്കളുടെ കൂടെ പോകാന്‍ താല്‍പര്യം ഇല്ലെന്നു വ്യക്തമാക്കിയിട്ടും രക്ഷിതാക്കളുടെ കസ്റ്റ്ഡിയിലേക്ക് പ്രായപൂര്‍ത്തിയായ യുവതിയായ ഹാദിയയെ വിട്ടു കൊടുത്ത നടപടി ശരിയാണോ?
– ഹരജിക്കാരനായ ഷെഫിനെ വിവാഹം ചെയ്തു എന്ന ഒറ്റ കാരണം കൊണ്ട് തന്നെ സ്വയം ചിന്തിച്ചു പ്രവര്‍ത്തിക്കാന്‍ പ്രാപ്തി ഇല്ലാത്ത ആളാണ് ഹാദിയ എന്ന നിഗമനത്തിലേക്ക് കോടതി എത്തിയത് ശരിയാണോ ?ഒരു വ്യക്തിയുടെ വിവാഹം സ്വയം ചിന്തിച്ചു പ്രവര്‍ത്തിക്കാന്‍ പ്രാപ്തി ഇല്ലാത്ത ആളാണ് എന്ന നിഗമനത്തിലേക്ക് എത്താനുള്ള ന്യായമായ കാരണം ആണോ ?
– കേരള ഹൈകോടതിയുടെ വിധി സ്വന്തം മതാചാര പ്രകാരം ജീവിക്കാന്‍ ഒരു പൌരന് ഭരണഘടന ആര്‍ട്ടിക്കിള്‍ 25 പ്രകാരം നല്‍കുന്ന അവകാശത്തിന് വിരുദ്ധമല്ലേ ?

കോടതി പറഞ്ഞതിനാല്‍ തന്നെ അതിനെതിരെ പറയുന്നത് ,കോടതിയലക്ഷ്യമാണ്, കോടതി വിധിക്കെതിരെ മാര്‍ച്ച് നടത്തുന്നത് രാജ്യദ്രോഹമാണ് എന്നിങ്ങനെയുള്ള വാദങ്ങള്‍ വിഷയവുമായി ബന്ധപ്പെട്ട് പലയാളുകളും സോഷ്യല്‍ മീഡിയ അടക്കം പലയിടങ്ങളിലും ഉയര്‍ത്തുകയുണ്ടായി . വഴിയോര യോഗങ്ങള്‍ക്കെ തിരെ വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെ ശുംഭന്‍ പ്രയോഗം നടത്തിയ സി.പി.ഐ .എം നേതാവ് ജയരാജനെ അനുകൂലിച്ചു നടന്ന പലരുമാണ് ഇത്തരം വാദങ്ങളില്‍ മുന്‍പില്‍ നിന്ന പലരും എന്നതാണ് രസകരം .

Hadiya-case-protest

നിലനില്‍ക്കുന്ന ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക , ഭരണകൂടത്തിന്റെ/ ഭരണകൂടത്തെ നിയന്ത്രിക്കുന്ന ആളുകളുടെ താല്‍പര്യങ്ങള്‍ക്ക് വിഘാതമാകുന്ന തരത്തില്‍ വിധികള്‍ പുറപ്പെടുവിക്കാതിരിക്കുക എന്നത് പലപ്പോഴും ഇന്ത്യന്‍കോടതികളില്‍ നിന്ന് കണ്ടു വരാറുണ്ട് . അത് പലപ്പോഴും ഭരണകൂടം ഏറ്റവും ആവശ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ ആണ് താനും .. കഴിഞ്ഞ മാസം പതിനഞ്ചിന് അന്തരിച്ച സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പി .എന്‍ ഭഗവതിയുടെ പല വിധികളിലൂടെയും കണ്ണോടിച്ചാല്‍ ഇത് ബോധ്യമാവും . അടിയന്തരാവസ്ഥ കാലത്ത് അന്യായമായി തടങ്കലില്‍ വെക്കുന്നതിനെതിരെ ജീവിക്കാനുള്ള അവകാശം ആവശ്യപ്പെട്ടു കൊണ്ട് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജികളില്‍ വാദം കേട്ട സുപ്രീം കോടതി അടിയന്തരാവസ്ഥക്ക് അനുകൂലമായി വിധി പറഞ്ഞ ADM Jabalpur കേസ് (1976) ഉദാഹരണം . പ്രസ്തുത കേസില്‍ നാം ഏറെ ബഹുമാനിക്കുകയും പൊതു താല്‍പര്യ ഹരജികള്‍ (Public Interest Litigation) എന്ന നിയമ വ്യവഹാര ശാഖയുടെ പിതാവ് എന്നറിയപ്പെടുകയും ചെയ്യുന്ന പി.എന്‍ ഭഗവതി അടിയന്തരാവസ്ഥക്ക് അനുകൂലമായ നിലപാടാണ് അന്ന് കൈകൊണ്ടത് .

നിലവില്‍ ഹാദിയയുടെ കേസിലും ഭൂരിപക്ഷബോധത്തില്‍/ഭരണകൂടത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഇസ്ലാമോഫോബിയയുടെയും സവര്‍ണ താല്‍പര്യങ്ങളുടെയും അനുരണങ്ങള്‍ കാണാന്‍ കഴിയും . അത് കൊണ്ടാണ് ഹാദിയ മതം പഠിക്കാന്‍ ചേര്‍ന്ന സത്യസരണിയെ സംബന്ധിച്ചും ഹാദിയ -ഷെഫിന്‍ ദമ്പതികളുടെ വിവാഹം സംബന്ധിച്ചും കോടതിയുടെ ആവശ്യപ്രകാരം അന്വേഷണം നടത്തി അസ്വാഭാവികമായി ഒന്നുമില്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ച പോലീസുക്കാരനെതിരെ അന്വേഷണം നടത്താനും ആവശ്യമെങ്കില്‍ നടപടി എടുക്കുവാനും കോടതി ഉത്തരവിടാന്‍ കാരണം.

അന്ന് ADM Jabalpur കേസില്‍ അടിയന്തരാവസ്ഥക്ക് അനുകൂലമായി ജസ്റ്റിസ് പി.എന്‍ ഭഗവതിക്ക് ഒപ്പം വിധി പറഞ്ഞവരില്‍ അപ്പോഴത്തെ ചീഫ് ജസ്റ്റിസ് ആയ എ .എന്‍ റായ് ,ജസ്റ്റിസ് എം.എച്ച് ബേഗ് ,ജസ്റ്റിസ് വൈ .വി ചന്ദ്രചൂഡ,ജസ്റ്റിസ് എച്ച് ആര്‍ ഖന്ന എന്നിവരാണ് ഉണ്ടായിരുന്നത് . ജസ്റ്റിസ് എച്ച് .ആര്‍ ഖന്ന ഒഴികെ ബാക്കി നാല് പേരും അടിയന്തരാവസ്ഥയെ അനുകൂലിക്കുന്ന വിധി പ്രസ്താവിച്ചപ്പോള്‍ നീതിപീഡത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരും അധസ്ഥിതരുമായ ജനങ്ങള്‍ക്കുള്ള പ്രതീക്ഷ നിലനിര്‍ത്തുന്ന വിധം എതിരഭിപ്രായം പുലര്‍ത്തി മൌലിക അവകാശങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയും ജസ്റ്റിസ് എച്ച് .ആര്‍ ഖന്ന നിലകൊണ്ടു. പ്രസ്തുത എത്രഭിപ്രായത്തിന് അദ്ദേഹത്തിന് കൊടുക്കേണ്ടി വന്ന വില സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി ആയിരുന്നു .അദ്ദേഹത്തേക്കാള്‍ ജൂനിയര്‍ ആയ ജസ്റ്റിസ് ബെഗ്ഗിനെ പരമോന്നത നീതിപീഡത്തിന്റെ അമരത്തേക്ക് ആനയിച്ചാണ് ഇന്ദിരാഗാന്ധി അന്ന് ഖന്നക്കെതിരെ പകരം വീട്ടിയത് .

മുസ്ലിം സ്ത്രീയുടെ സ്വാതന്ത്ര്യത്തിനായുള്ള ദാഹം എന്ന പേരില്‍ മുതതലാക്കിനെതിരെ സ്വയം പൊതു താല്‍പര്യ ഹരജി ഫയല്‍ ചെയ്ത് ഭരണകൂടത്തിനു ആവശ്യമുള്ള സമയത്ത് തന്നെ ശരീഅത്ത് -സിവില്‍ കോഡ് സംവാദം ഉയര്‍ത്തി കൊണ്ട് വന്നവരും, തിയേറ്ററില്‍ സിനിമ കാണിക്കും മുന്‍പ് ദേശീയ ഗാനം കേള്‍പ്പിക്കണം എന്ന ഏറെ വിമര്‍ശിക്കപ്പെട്ട വിധി പ്രസ്താവിച്ചവരുമുള്ള ജഡ്ജിമാര്‍ വാഴുന്ന അതേ പരമോന്നത കോടതിയില്‍ തന്നെയാണ് ഷെഫിന്‍ ജഹാന്‍ ഇപ്പോള്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത് . അടിയന്തരാവസ്ഥയുടെ കാലത്ത് കൂടെയുള്ള നാല് ജഡ്ജിമാരും ഭരണകൂട അനുകൂല മനോഭാവം പുലര്‍ത്തിയ സമയത്തും നീതിയുടെ, മനുഷ്യാവകാശത്തിന്റെ പക്ഷത്ത് നില കൊണ്ട ജസ്റ്റിസ് ഹന്‍സ് രാജ് ഖന്നയെ പോലുള്ളവരിലാണ് പശു ഭീകരരാല്‍ മുസ്ലിം ജീവനുകള്‍ പട്ടിയെ പോലെ തല്ലി കൊല്ലപ്പെടുന്ന കെട്ട കാലത്ത് നമുക്ക് പ്രതീക്ഷ . ഇപ്പോള്‍ ഹാദിയ കേസില്‍ കേരള ഹൈക്കോടതിയുടെ മനുഷ്യാവകാശ വിരുദ്ധമായ വിധിക്കെതിരെ തന്റെയും തന്റെ ഭാര്യടെയും മൗലിക അവകാശങ്ങള്‍ നേടിയെടുക്കാനായി ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിക്കുമ്പോള്‍ നീതി പുലരണം എന്നാഗ്രഹിക്കുന്ന മുഴുവന്‍ ആളുകളും അവരൊരുമിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ട് പ്രാര്‍ഥിക്കുന്നുണ്ട് .

അഡ്വ സി അഹ്മദ് ഫായിസ്‌