Campus Alive

ഫിലോസഫറും ഫഖീഹും: ഇഖ്ബാലിനെ പുനരാലോചിക്കുമ്പോള്‍

ഒരു ഫിലോസഫര്‍ എന്ന നിലയില്‍ ഇഖ്ബാലിനെ (1887-1938) വായിച്ചു തുടങ്ങുവാന്‍ ആദ്യമായി അഭിമുഖീകരിക്കേണ്ടത് ഒരു ഫിലോസഫര്‍ എന്താണ് എന്നതിനെ പറ്റിയാണെന്ന് തോന്നുന്നു. ‘ഫിലോസഫര്‍’ എന്നതിനെ ഒരു കണ്‍സപ്റ്റ് ആയി പരിഗണിക്കാം. ദെല്യൂസിന്റെ അഭിപ്രായത്തില്‍ കണ്‍സപ്റ്റ് എന്നത് Heterogeneous ആയ ഒന്നാണ്. Heterogeneous ആണ് എന്നത് തന്നെ അത് മറ്റു കണ്‍സപ്റ്റുകളുമായി ബന്ധിതമായ ഒരു ബികമിംഗ്‌ ആയാണ് ദെല്യൂസ് പരിഗണിക്കുന്നത്. അത് നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. അനന്തതയിലേക്ക്‌ നീട്ടിവെക്കുന്ന (Extend) ഒന്നാണ് അതിന്റെ സത്ത (Essence) എന്ന് ദെല്യൂസ് പറയുന്നു. അഥവാ ഒരു കണ്‍സപ്റ്റ് എന്നത് അനന്തമായ മറ്റു കണ്‍സപ്റ്റുകളുമായി പരസ്പര ബന്ധിതവും ആ ബന്ധത്തിലൂടെ സ്വന്തം Self നെ കണ്ടെത്തുകയും ചെയ്യുന്ന ഒന്നായതിനാല്‍ അതിന്റെ സത്ത അനന്തമായി നിലനില്‍ക്കുന്നു. അതുകൊണ്ട് തന്നെ ഒരു കണ്‍സപ്റ്റ് എന്ന നിലയില്‍ ഫിലോസഫറെ പരിഗണിക്കുമ്പോള്‍ ലഭിക്കുന്ന അനന്ത സാധ്യതകള്‍ ഇഖ്ബാലിനെ വായിക്കുന്നിടത്തും ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. ഇഖ്ബാലിനെ വ്യത്യസ്തമായി വായിക്കുവാന്‍ ലഭിക്കുന്ന സാധ്യതകള്‍ വായനക്കാരന്റെ (Reader) സ്വാതന്ത്ര്യമായി കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഇനി ഇഖ്ബാലിനെ സ്വയം ഒരു കണ്‍സപ്റ്റ് ആയി പരിഗണിച്ചാല്‍ (കണ്‍സപ്റ്റ് Nothingness ല്‍ നിന്നല്ല നിര്‍മിക്കപ്പെടുന്നത് എന്ന് ദെല്യൂസ്) ആ കണ്‍സപ്റ്റ് രൂപപ്പെട്ട് വന്നതിനെ പറ്റിയുളള ആലോചനകള്‍ അനന്തമായി ഇഖ്ബാലിനെ കാണാനുളള സാധ്യതകള്‍ തുറന്നുതരുമെന്ന് തോന്നുന്നു. തീര്‍ച്ചയായും ഇഖ്ബാല്‍ Heterogeneous ആയ മറ്റു കണ്‍സപ്റ്റുകളുമായി അഭേദ്യമാണ്. ഖുര്‍ആനും സുന്നത്തും മിസ്റ്റിക്കല്‍ ഫിലോസഫിയും ഇഖ്ബാലിനെ സംബന്ധിച്ചിടത്തോളം അഭേദ്യമാണ് എന്നത് പോലെതന്നെ വെസ്റ്റേണ്‍ ഫിലോസഫിയില്‍ നീത്‌ഷേയും ബര്‍ഗ്‌സണും ഇഖ്ബാലിനെ സംബന്ധിച്ചിടത്തോളം കണ്‍സപ്റ്റ് പേഴ്സൺസ് (ദെല്യൂസിന് കടപ്പാട്) ആയി നിലനില്‍ക്കുന്നു. ഇഖ്ബാലിനെ കാല-സമയ ആഖ്യാനങ്ങള്‍ക്കപ്പുറം നിര്‍മിച്ച് കൊണ്ടിരിക്കാന്‍ മേല്‍ പറഞ്ഞ കണ്‍സപ്റ്റുകള്‍ക്ക് സാധിക്കുന്നു എന്നത് തന്നെയാണ് ഇഖ്ബാലിനെ nothing but concept എന്ന സങ്കല്‍പ്പത്തില്‍ നിന്ന് കൊണ്ട് വായിക്കാന്‍ പ്രേരിപ്പിക്കുന്നത്. നിര്‍മിക്കുന്നു എന്നതോടൊപ്പം ഇഖ്ബാലിന് meaning നല്‍കാനും മേല്‍പറഞ്ഞവക്ക് സാധിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍.

ഫിലോസഫര്‍ എന്ന കണ്‍സപ്റ്റ് heterogeneous ആയ മറ്റു കണ്‍സപ്റ്റുകളുമായി അഭേദ്യമായ ബന്ധം നിലനിര്‍ത്തുന്നു എന്ന വാദത്തെ മുന്‍നിര്‍ത്തി കൊണ്ടുതന്നെ ഒരു ഫിലോസഫര്‍ എന്ന നിലയില്‍ ഇഖ്ബാല്‍ എങ്ങനെയാണ് ഒരു ഫഖീഹ് ആയിരിക്കുന്നത് എന്നതിനെ ആധാരമാക്കിയാണ് ഈ ലേഖനം മുന്നോട്ട് പോകുന്നത്. ഇഖ്ബാല്‍ ഫിഖ്ഹിനെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന ആലോചനകള്‍ ഇസ്‌ലാമിലെ നിര്‍മാണാത്മക സങ്കല്‍പ്പങ്ങളായ (Constructive concept) ഖുര്‍ആനും, സുന്നത്തും, ഇജ്തിഹാദും ആയി അനന്തമായ ബന്ധം നിലനിര്‍ത്തിക്കൊണ്ട് മാത്രം നിര്‍മിക്കപ്പെടേണ്ടതും പുനര്‍വായിക്കപ്പടേണ്ടതുമാണെന്ന് തോന്നുന്നു. അതിനാല്‍ തന്നെ ഒരു ഫഖീഹ് എന്ന നിലയില്‍ ഇഖ്ബാല്‍ എങ്ങനെയാണ് ‘ഇജ്തിഹാദിനെ’ വായിക്കുന്നത് എന്നതിനെ പറ്റിയുളള ആലോചനകളാണ് ഇതിന്റെ ഉളളടക്കം.

ഇഖ്ബാല്‍ തന്റെ ‘Reconstruction of Religious Thought in Islam’ എന്ന ഗ്രന്ഥത്തില്‍ ഇസ്‌ലാമിന്റെ ഘടനയെ പറ്റി സംസാരിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ ഘടന സ്ഥലകാല ആഖ്യാനങ്ങള്‍ക്കുമപ്പുറം വ്യതിരിക്തമായി നിലനില്‍ക്കേണ്ട ഒന്നാണെന്ന് ഇഖ്ബാല്‍ പറയുന്നുണ്ട്. ആധുനിക ദേശരാഷ്ട്രത്തെ വിശകലനം ചെയ്യുന്നിടത്ത് ഇഖ്ബാല്‍ സമര്‍ഥിക്കുന്നത് ദേശവും ദേശീയതയും എന്നത് ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം അന്യമായ ഒന്നാണ് എന്നാണ്. ഇഖ്ബാലിന്റെ അഭിപ്രായത്തില്‍ ദേശീയത എന്നത് ഭൂമി കേന്ദ്രീകൃതമായ (earth rooted) ഒന്നാണ്. മനുഷ്യയുക്തി എന്നത് താന്‍ നില്‍ക്കുന്ന ground ഉം ആയി ആഴത്തിലുളള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇഖ്ബാല്‍ പറയുന്നു (figure-ground relation). ദേശം വികസിച്ച് വരുന്നതിന്റെ പ്രക്രിയയായി പറയാറുളള കിന്‍ഷിപ്പ്-ക്ലാന്‍-ട്രൈബ് തുടങ്ങിയ പരിണാമം ഇത്തരം earth rootedness ല്‍ നിന്നാരംഭിക്കുന്നതായി ഇഖ്ബാല്‍ നിരീക്ഷിക്കുന്നു. കൃത്യമായും territorial ആയ ഈ പ്രതിഭാസം ഇഖ്ബാലിനെ സംബന്ധിച്ചിടത്തോളം പ്രശ്‌നകരമാവുന്നത് ഈ ഒരാശയം മണ്ണിന്റെ അല്ലെങ്കില്‍ ഭൂമിയുടെ immanence നെ പരിഗണിക്കാതെ രൂപപ്പെട്ടതാണ് എന്നതാണ്. Territorial boundary ക്കപ്പുറം മണ്ണ് എന്നത് മൊത്തം പ്രപഞ്ചവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇഖ്ബാലിന്റെ ആഖ്യാനത്തില്‍ മണ്ണിന്റെ immanence ആയ സ്വഭാവം അത് പ്രപഞ്ചവുമായി ബന്ധപ്പെട്ടതാണ് എന്നതാണ്. ഈ ഒരാശയം വ്യക്തമാകാന്‍ മിഷേല്‍ ഫൂക്കോവിന്റെ geographical questions നെ അവലംബിക്കാം. ഫൂക്കോവിന്റെ അഭിപ്രായത്തില്‍ ഭൂമിയെ വ്യത്യസ്ത ഭൂഖണ്ഡങ്ങളായും ഉപഭൂഖണ്ഡങ്ങളായും രാഷ്ട്രങ്ങളായും വേര്‍തിരിക്കുന്നത്, പ്രത്യേക തരത്തിലുളള അധികാരഘടന ബോധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്.

ഗിൽസ് ദെല്യൂസ്

ഇഖ്ബാലിലേക്ക് തിരിച്ച് വന്നാല്‍ ആധുനിക ദേശീയതയും ദേശരാഷ്ട്രവും ആയി ബന്ധപ്പെട്ട ഒരുപാട് ചോദ്യങ്ങള്‍ തുടര്‍ന്ന് കാണാം. അതില്‍ തന്നെ ദേശരാഷ്ട്രത്തിനകത്ത് മുസ്‌ലിം ശരീരങ്ങള്‍ ദേശത്തെ സംബന്ധിച്ചെടുത്തോളം comfort ആയ പൗരന്‍മാരായിത്തീര്‍ന്നതിനെ പറ്റിയുളള വിമര്‍ശനങ്ങളാണ് ഇഖ്ബാലിനെ ഫിഖ്ഹിനെ പറ്റിയുളള ചോദ്യങ്ങളിലേക്ക് എത്തിച്ചതെന്ന് കാണാം. ഇസ്‌ലാമിക ലോകം ദേശരാഷ്ട്രങ്ങളായി വിഘടിക്കപ്പെടുകയും സ്വതന്ത്ര ദേശങ്ങളായി മാറുകയും ചെയ്ത സാമൂഹിക രാഷ്ട്രീയ സാഹചര്യത്തിലാണ് ഇഖ്ബാല്‍ ജീവിക്കുന്നത്. ഈ ഒരു അവസ്ഥയെ വിശകലനം ചെയ്യാന്‍ അദ്ദേഹം ആധുനിക തുര്‍ക്കിയുടെ രീപീകരണത്തെയും ഖിലാഫത്തിന്റെ തകര്‍ച്ചയെയും അവലംബിക്കുന്നു.

തുര്‍ക്കിയെ സംബന്ധിച്ചിടത്തോളം ഒരു ഇസ്‌ലാമിക രാഷ്ട്രമെന്ന നിലയില്‍ ഖിലാഫത്തിനെ മാറ്റാനും ദേശരാഷ്ട്രമായി പരിമിതപ്പെടാനും ഇജ്തിഹാദിനെ വലിയ അളവില്‍ ഉപയോഗപ്പെടുത്തിയതായി ഇഖ്ബാല്‍ നിരീക്ഷിക്കുന്നു. ഇതിനു കാരണമായി വിലയിരുത്താവുന്നത് എന്തെന്നാല്‍ ദൈവിക പ്രമാണങ്ങളുമായി നേരിട്ട് ഇടപെടുന്നു എന്ന നിലയില്‍ മുസ്‌ലിം ഉമ്മത്തിന്റെ പൊതു മണ്ഡലത്തെ തീവ്രമായി സ്വാധീനിക്കാന്‍ ഇജ്തിഹാദിലൂടെ രൂപപ്പെട്ടവരുടെ ഫത്‌വകള്‍ക്ക് സാധിക്കുന്നു എന്നതിനാലാണ്. മുസ്‌ലിം ശരീരത്തെയും അവന്റെ മുആമലാതുകളെയും അതിലൂടെ രൂപം പ്രാപിക്കുന്ന ഉമ്മത്തിന്റെ ഘടനയെയും കൃത്യമായി രൂപപ്പെടുത്താന്‍ ഇത്തരം ഫത്‌വകള്‍ക്ക് കഴിയുന്നുണ്ട് എന്ന് കാണാം. ഇഖ്ബാലിന്റെ അഭിപ്രായത്തില്‍ ഇത്തരം പൊതുമണ്ഡല രൂപീകരണത്തില്‍ തുര്‍ക്കിയിലെ ഫുഖഹാക്കള്‍ക്കും കവികള്‍ക്കും മന്ത്രിമാര്‍ക്കും വലിയ പങ്കുണ്ട്. തുര്‍ക്കിയിലെ ദേശീയതാ വാദിയായ കവി യഹ്‌യയുടെ സംഭാവന ഇഖ്ബാല്‍ എടുത്ത് പറയുന്നുണ്ട്. ഖിലാഫത്തിനെ മറികടക്കാന്‍ യഹ്‌യ മഹാനായ ഇബ്‌നു ഖല്‍ദൂന്റെ ഖിലാഫത്തിനെ പറ്റിയുളള സങ്കല്‍പ്പങ്ങള്‍ പാശ്ചാത്യ സാമൂഹിക ശാസ്ത്രജ്ഞന്‍ അഗസ്‌തെ കോംതെയുടെ സിദ്ധാന്തവുമായി ചേര്‍ത്ത് വായിക്കുന്നുണ്ട്. ഇബ്‌നു ഖല്‍ദൂന്‍ ഖിലാഫത്തിനെ പറ്റി മൂന്ന് സങ്കല്‍പങ്ങള്‍ പങ്കുവെക്കുന്നു.

1) അഹ്‌ലുസ്സുന്നത്തിന്റെ നിലപാട്- ഖിലാഫത്ത് എന്നത് ദൈവിക സ്ഥാപനം ആണെന്നും ദൈവത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ഖലീഫയുടെ കല്‍പനകള്‍ അനുസരിക്കല്‍ ഇബാദത് ആണെന്നുമുളള സങ്കല്‍പ്പം.
2) മുഅ്തസിലിയാ സങ്കല്‍പ്പം- ഖിലാഫത്തിനെ ഒരു സാമൂഹിക സ്ഥാപനം മാത്രമാണെന്ന നിലയില്‍ സമീപിക്കല്‍.
3) ഖവാരിജുകളുടെ നിലപാട്- ഖിലാഫത്ത് ആവശ്യമില്ലെന്നും അതിനാല്‍ തന്നെ അതിനെ തകര്‍ക്കണമെന്നുളള നിലപാട്.

യഹ്‌യ ഈ Analogy യെ കോംതെയുടെ മനുഷ്യബോധത്തിലെ പരിണാമഘട്ടങ്ങളെ പറ്റിയുളള സിദ്ധാന്തവുമായി ചേര്‍ത്തുവെക്കുന്നു. അതില്‍ ആദ്യത്തേത് ദൈവിക കാലഘട്ടമാണ്. പ്രപഞ്ചത്തില്‍ മുഴുവന്‍ ദൈവികത കണ്ടെത്തുക, ഈ ആശയവുമായി യഹ്‌യ അഹ്‌ലുസ്സുന്നത്തിന്റെ വാദത്തെ ചേര്‍ത്തുവായിക്കുന്നു. ഖിലാഫത്ത് ദൈവികമാണെന്ന വാദം മനുഷ്യയുക്തിക്ക് ഇടമില്ലാത്തവിധം ദൈവേഛയുടെ പ്രതിഫലനമാണെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. കോംതെയുടെ രണ്ടാമത്തെ ഘട്ടം അതി ഭൗതിക (Metaphysical) ഘട്ടമാണ്. യുക്തിക്ക് പരിഗണന ലഭിക്കുകയും ദൈവികതയുടെ ചോദ്യങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന ഘട്ടമാണിത്. യഹ്‌യ ഇതിനെ ഖല്‍ദൂന്റെ രണ്ടാമത്തെ ഘട്ടവുമായി ചേര്‍ത്ത് വെക്കുന്നു. മനുഷ്യയുക്തി പ്രഥമമായി പരിഗണിക്കപ്പെടുകയും സാമൂഹിക ക്രമവും രാഷ്ട്രീയ വ്യവസ്ഥിതിയും മനുഷ്യയുക്തിയില്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്ന ഘട്ടത്തോടാണ് ഖിലാഫത്തിനെ പറ്റിയുളള അവസാന സങ്കല്‍പ്പം യഹ്‌യ ചേര്‍ത്ത് വെക്കുന്നത്. അഥവാ ദൈവിക സ്ഥാപനമായ ഖിലാഫത്ത് യുക്തിയധിഷ്ഠിത ദേശ സങ്കല്‍പങ്ങള്‍ക്ക് വഴി മാറണമെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു.

ഇഖ്ബാലിനെ സംബന്ധിച്ചേടത്തോളം പ്രശ്‌നം നിലനില്‍ക്കുന്നത് തുര്‍ക്കി ദേശീയതാ വാദികള്‍ ദൈവിക സങ്കല്‍പ്പമായ ഇജ്തിഹാദിനെ ഇത്തരം ഒരു നിലപാടെടുക്കാന്‍ ഉപയോഗപ്പെടുത്തി എന്നിടത്താണ്. Territorial ആയ നിലനിൽപ്പ് ഒരിക്കലും ഇജ്തിഹാദിലൂടെ നിലനില്‍ക്കില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാരണം ഇജ്തിഹാദ് ഇടപെടുന്നത് ദൈവിക പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തുമായാണ്. ഖുര്‍ആന്റെയും സുന്നത്തിന്റെയും ഏറ്റവും വലിയ പ്രത്യേകതയായി അല്ലാഹു പരിചയപ്പെടത്തുന്നത് അത് കാല-സമയ (time- space) ആഖ്യാനങ്ങള്‍ക്കപ്പുറം മുഴുവന്‍ പ്രപഞ്ചത്തിനും വേണ്ടി അവസാന നാള്‍ വരേക്കും ഇറക്കപ്പെട്ടതാണ് എന്നതാണ്. സ്ഥലാഖ്യാനം പരിഗണിച്ചാല്‍ തന്നെ പ്രപഞ്ചം എന്നത് അനന്തമായ spatial imagination ആയതിനാല്‍ territorial ആയി ഖുര്‍ആനെയും പ്രവാചകത്വത്തെയും constitute ചെയ്യുക അസാധ്യമാണ്. സമയാഖ്യാനത്തെ പറ്റി സംസാരിച്ചാല്‍ അന്ത്യദിനമെന്നതും അതിന് ശേഷമുളളതും finite-infinite ആഖ്യാനങ്ങളാല്‍ ബന്ധിതമായതിനാല്‍ അബ്‌സ്ട്രാക്റ്റ് ആയ ബികമിംഗ് ആണ്. ഇതൊക്കെ കൊണ്ട് തന്നെ ടെറിട്ടോറിയല്‍ ബൈനറികള്‍ ആശയതലത്തിലും ഭൗതിക തലത്തിലും നിര്‍മിച്ചെടുക്കാന്‍ ദൈവിക പ്രമാണങ്ങള്‍ കൊണ്ട് കഴിയില്ലെന്ന് വരുന്നു. ഇതിനെ വിശദീകരിക്കാന്‍ ഇഖ്ബാല്‍ ഖുര്‍ആനെയും സുന്നത്തിനെയും വ്യത്യസ്ത തരത്തില്‍ വിശദീകരിക്കുന്നുണ്ട്.

ക്രിസ്ത്യൻ ജാംബറ്റ്

ഖുര്‍ആനിനെ പറ്റി സംസാരിക്കുമ്പോള്‍ ഇഖ്ബാല്‍ അത് ബൈനറികളെ മറികടക്കുന്നു എന്ന് പല വിധത്തില്‍ സമര്‍ഥിക്കുന്നുണ്ട്. ഒന്നാമത് അത് അഭിമുഖീകരിക്കുന്നത് മുഴുവന്‍ ജനങ്ങളെയുമാണ്. ദേശത്തെ നിര്‍മിച്ചെടുക്കുന്ന പ്രാദേശിക, വംശീയ, ഗോത്രപരമായ ആഖ്യാനങ്ങള്‍ക്കുമപ്പുറം നിലനില്‍ക്കുന്ന ഒന്നാണത്. പൊതു നിയമങ്ങളും സാര്‍വ്വലൗകികമായ കല്‍പ്പനകളും ഉള്‍ക്കൊളളുന്നതോടൊപ്പം ഇഖ്ബാല്‍ ഖുര്‍ആനിന്റെ ഏറ്റവും വലിയ പ്രത്യേകതയായി പരിഗണിക്കുന്നത് നിലനില്‍ക്കുന്ന സമയാഖ്യാനങ്ങള്‍ നിര്‍മിച്ചെടുക്കുന്ന ബൈനറികളെ ഖുര്‍ആന്‍ മറികടക്കുന്നു എന്നതാണ്. ഖുര്‍ആനിന്റെ ചരിത്രത്തോടുളള സമീപനത്തെ വികസിപ്പിച്ചാണ് അദ്ദേഹം ഈ ഒരു സങ്കല്‍പ്പം രൂപപ്പെടുത്തുന്നത്. വെസ്റ്റേണ്‍ ഫിലോഫസിയില്‍ ഭൂതം എന്നത് വർത്തമാനത്തില്‍ നിന്ന് കൃത്യമായും വേറിട്ട് നില്‍ക്കുന്ന binary opposition ആണ്. ഹെഗലിയന്‍ ഫിനമിനോളജി (phenomenology) വികസിക്കുന്നതും നിലനില്‍ക്കുന്നതും ഇത്തരം കൃത്യമായ ബൈനറികള്‍ നിര്‍മ്മിച്ചുകൊണ്ടാണ്. ഇഖ്ബാലിന്റെ അഭിപ്രായത്തില്‍ ഖുര്‍ആന്‍ ഭൂതം-വർത്തമാനം എന്ന ബൈനറികളെ നിരാകരിക്കുന്നുണ്ട്. ഖുര്‍ആനിന്റെ ചരിത്ര രചനാ ശൈലിതന്നെ കാലഗണ ക്രമമനുസരിച്ചുള്ള biblical narration ല്‍ നിന്നും വേറിട്ടുനില്‍ക്കുന്നു. മറ്റൊരര്‍ഥത്തില്‍ chronology യെ ഉല്‍പാദിപ്പിക്കുന്ന അധികാര ഘടനയെ മറികടക്കാന്‍ ഖുര്‍ആന് കഴിയുന്നു എന്ന് വേണം ഇതിലൂടെ മനസ്സിലാക്കാന്‍. ഇഖ്ബാലിലേക്ക് വന്നാല്‍ past നെയും present നെയും വേര്‍തിരിക്കാന്‍ സമയം എന്ന പാരഡൈമിന്‌ പകരം അദ്ദേഹം duration എന്ന ബെര്‍ഗ്‌സോണിയന്‍ ആശയം ആണ് ഉപയോഗിക്കുന്നത്. ബെര്‍ഗ്‌സണിന്റെ കാഴ്ച്ചപ്പാടില്‍ difference ന്റെ മൂല്യഹേതു duration ആണ്. Duration എന്ന് ഉപയോഗിക്കുന്നതിലൂടെ അദ്ദേഹം difference എന്നതിനെ സ്വതന്ത്രമായ അസ്ഥിത്വമുളള ഒന്നായും എന്നാല്‍ പരസ്പരം ബന്ധിതമായും അവതരിപ്പിക്കുന്നു. ഇതിന് ഉദാഹരണമായി അദ്ദേഹം ഒന്നിനെയും പത്തിനെയും പരിചയപ്പെടുത്തുന്നു. ഒന്നില്‍ നിന്നും പത്തിലേക്കുളള duration ആണ് യഥാര്‍ഥത്തില്‍ രണ്ടിന്റെയും സത്തയെ നിര്‍ണയിക്കുന്നത്. അഥവാ സത്ത (essence) എന്നത് durationലൂടെ പരസ്പരം ബന്ധിതമായ ഒന്നായി തീരുന്നു. ഇഖ്ബാല്‍ ചരിത്രത്തെ വായിക്കുന്നതും ഈ പാരഡൈം ഉപയോഗപ്പെടുത്തികൊണ്ടാണ്. Past ഉം present ഉം past ല്‍ നിന്നും present ലേക്കും present ല്‍ നിന്നും past ലേക്കും ഉളള ഡ്യുറേഷനാല്‍ പരസ്പരം ബന്ധിതമായി സത്ത നിര്‍ണയിക്കപ്പടുന്നവയാണ്. അഥവാ past നെ നിര്‍മിക്കുവാനും ചലിപ്പിക്കുവാനും നിലനിര്‍ത്താനും present ന് കഴിയുന്നു. ഇഖ്ബാലിന്റെ അഭിപ്രായത്തില്‍ ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന ചരിത്രാഖ്യാനം ബൈനറികളെ മറികടന്ന് പരസ്പരം ബന്ധിതമായി existence നെ കണ്ടെത്തുന്നവയാണ്. മുസ്‌ലിം ശരീര നിര്‍മിതിയില്‍ past എങ്ങനെയാണ് ഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് എന്ന ‘അലാമത്’ കമ്മ്യൂണിറ്റിയെ പറ്റിയുളള ക്രിസ്ത്യന്‍ ജാംബറ്റിന്റെ പഠനങ്ങള്‍ ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. കൃത്യമായും ഹെഗലിന്റെ phenomenology ക്ക് എതിരായി counter phenomenology രൂപപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞതും ഇത്തരം സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ്.

ഇഖ്ബാലിലേക്ക് തിരിച്ചുവന്നാല്‍ ഖുര്‍ആനിക സാരങ്ങള്‍ territorial ആയ ഭൂമിശാസ്ത്ര ബൈനറികളെ മറികടക്കുന്നു എന്നതോടൊപ്പം തന്നെ temporal philosophy യുടെ ideal ബൈനറികളെ സാങ്കേതികമായും ആശയപരമായും മറികടക്കുന്നുണ്ട് എന്ന് വേണം കരുതാന്‍. അഥവാ സാര്‍വ്വലൗകികമായ ഒന്നായി ഖുര്‍ആന്‍ എക്കാലവും നിലനില്‍ക്കുന്നു എന്നതിനാല്‍ തന്നെ ദേശരാഷ്ട്ര രൂപീകരണത്തിന് ഖുര്‍ആനിന്റെ അടിസ്ഥാന തത്വങ്ങള്‍ എതിരാണെന്ന് വരുന്നു. ‘ഇജ്തിഹാദ്’ ഭാഷാഖ്യാനത്തില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്ന അര്‍ഥങ്ങള്‍ ദീനിന്റെ പ്രഥമ പ്രമാണങ്ങളില്‍ അധിഷ്ഠിതമായതിനാല്‍ തന്നെ, ഖുര്‍ആനും സുന്നത്തും ദേശീയതക്കും, ദേശ രാഷ്ട്രത്തിലും സാധ്യതകള്‍ കല്‍പ്പിക്കുന്നില്ല എന്നത് കൊണ്ട്, ‘ഇജ്തിഹാദിലൂടെ’ ആധുനിക ദേശ രാഷ്ട്രം രൂപപ്പെടുത്താന്‍ കഴിയില്ല എന്നാണ് ഇഖ്ബാല്‍ സമര്‍ഥിക്കുന്നത്. ദേശ, രാഷ്ട്ര സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറം കോസ്‌മോപൊളിറ്റന്‍ ആയ പൗരത്വം അത് വിഭാവന ചെയ്യുന്നു. അത്തരം പൗരത്വത്തിന്റെ സത്ത രൂപപ്പെടുന്നത് ദൈവിക കല്‍പ്പനകള്‍ക്ക് അധിഷ്ഠിതമായതിനാല്‍ തന്നെ അത് divine subject ആയി നിലകൊളളുന്നു.

ഫിഖ്ഹിന്റെ ഇഖ്ബാലിയന്‍ വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തില്‍ അത് മുസ്‌ലിം ശരീരത്തെ നിര്‍മിച്ചെടുക്കുന്നു എന്ന നിലയില്‍ മനസ്സിലാക്കിക്കൊണ്ട് നിലനില്‍ക്കുന്ന ദേശ രാഷ്ട്ര വ്യവസ്ഥിതിയില്‍ ഒരു മുസ്‌ലിം ശരീരമെന്ന നിലയില്‍ Citizenship, Civility, Internal and External Affair, Defense തുടങ്ങി വ്യത്യസ്ത വ്യവഹാരങ്ങളില്‍ നിലപാടുകള്‍ രൂപപ്പെടുത്താന്‍ കഴിയണം എന്ന് മനസ്സിലാക്കുന്നു.


References

Allama Iqbal: Reconstruction of Religious Thought in Islam (1930)

Henry Bergson: Time And Free Will (1913)

Jacques Derrida: Rogues: Two Essays On Reason.

Ibraheem Moosa: The Human Person In Iqbal’s Thought

Robert C Whittmore: The Process Philosophy of Sir Muhammad Iqbal

Robert C Whittmore: Iqbal’s Pantheism

Talal Asad: Interview With Neaman Shaikh (2002)

(കുറ്റ്യാടി ഇബ്‌നു ഖല്‍ദൂന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി)

അസ്ഹര്‍ അലി