Campus Alive

ജെ.എന്‍.യുവും ഇടത്പക്ഷത്തിന്റെ സൈദ്ധാന്തിക ദാരിദ്ര്യവും: മണികണ്ഢന്‍ സംസാരിക്കുന്നു

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ യൂണിയന്‍ ചെയര്‍മാനായിരുന്ന മണികണ്ഢന്‍ ഇപ്പോള്‍ ജെ.എന്‍.യുവില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ഗവേഷക വിദ്യാര്‍ത്ഥിയും ബാപ്‌സയുടെ  (Birsa Ambedkar Phule Students’ Association) മെമ്പറുമാണ്. അദ്ദേഹവുമായി സി. അഹമ്മദ് ഫായിസ് നടത്തിയ സംഭാഷണത്തില്‍ നിന്ന്…

അഞ്ച് വര്‍ഷത്തോളം ഞാന്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായിരുന്നു. ജെഎന്‍യുവില്‍ വന്നിട്ട് ഏകദേശം ഏഴോ എട്ടോ മാസമേ ആയിട്ടുള്ളൂ. എങ്കിലും ജെ.എന്‍.യുവില്‍ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നെനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. എച്ച്‌സിയുവില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത് അംബേദ്കറൈറ്റ്
പ്രസ്ഥാനങ്ങളാണ്‌.തെലങ്കാനയില്‍ നിന്ന് ഒരുപാട് വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കാന്‍ വരുന്നുണ്ട്. അവിടെ നടന്ന പോരാട്ടത്തിന്റെ വലിയ ചരിത്രം നമുക്കറിയാം. തെലുങ്കാനയെക്കുറിച്ച് നമുക്ക് പറയാനുള്ളത് വ്യത്യസ്തമായൊരു ചരിത്രമാണ്. എച്ച്.സി.യുവില്‍ ഞങ്ങള്‍ സംസാരിച്ചിരുന്നത് ബഹുജന തെലുങ്കാനയെക്കുറിച്ചായിരുന്നു. മുസ്‌ലിംകളടക്കമുള്ള ഇന്ത്യന്‍ ദേശരാഷ്ട്രത്തിന്റെ സാമൂഹ്യഭാവനയിലില്ലാത്ത എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയാലോചനയായിരുന്നു അത്. ഭൂമിശാസ്ത്രപരമായ തെലുങ്കാന എന്ന ആശയത്തിന് ഞങ്ങളെതിരായിരുന്നു. തെലുങ്കാനയിലെ ദലിത് ബുദ്ധിജീവികളും എച്ച്‌സിയു, ഉസ്മാനിയ, ഇഫ്‌ലു തുടങ്ങിയ സ്ഥാപനങ്ങളിലെ ദലിത്-ബഹുജന്‍ വിദ്യാര്‍ത്ഥിഗ്രൂപ്പുകളും ബഹുജന്‍ തെലുങ്കാന എന്ന ഈ ആവശ്യം ശക്തമായുന്നയിച്ചു. ദലിതനെ മുഖ്യമന്ത്രിയാക്കുക എന്നതായിരുന്നു ഞങ്ങളുടെ ഒരാവശ്യം. എന്നാല്‍ അത് നടന്നില്ല. ഒരു വര്‍ഷത്തോളമായി ജെ.എന്‍.യുവില്‍ ബാപ്‌സ (Birsa Ambedkar Phule Students’ Association) പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ബാപ്‌സ മാത്രമാണ് ക്യാമ്പസിലെ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടുന്ന ഒരേയൊരു അംബേദ്കറൈറ്റ് സംഘടന. മറ്റൊരു വിദ്യാര്‍ത്ഥി മൂവ്‌മെന്റായ യു.ഡി.എസ്.എഫ് ഒരു സാംസ്‌കാരിക സംഘടനയാണ്. 2014 ലാണ് ബാപ്‌സ രൂപീകരിക്കപ്പെടുന്നത്.

ഞാന്‍ മനസ്സിലാക്കുന്നത് ജെഎന്‍യുവില്‍ ഇടതുരാഷ്ട്രീയത്തിന് ധാരാളം പ്രതിലോമകരമായ വശങ്ങള്‍ ഉണ്ടെന്നാണ്. അവര്‍ ജാതിയെ അഭിമുഖീകരിക്കുന്നില്ല. ജാതിയെ അടിസ്ഥാനപ്രശ്‌നമായി അവര്‍ മനസ്സിലാക്കുന്നില്ല. മറിച്ച് അവരുടെ സംഘടനാപരനായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ജാതിയെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ ജെ.എന്‍.യു വില്‍ നടന്ന് കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളിലും അവര്‍ ഈ നയം തന്നെയാണ് സ്വീകരിക്കുന്നത്. വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി രോഹിത് വിഷയം നമുക്കുന്നയിക്കാം എന്നാണവര്‍ പറയുന്നത്. ജാതി അവര്‍ക്കിവിടെ ഒരുപകരണം മാത്രമാണ്. എന്നാല്‍ എച്ച്‌സിയുവിലേയും ജെഎന്‍യുവിലേയും അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ജാതി് അടിസ്ഥാനപ്രശ്‌നം തന്നെയാണ്.

ജെ.എന്‍.യുവില്‍ ബാപ്‌സയും യു.ഡി.എസ്.എഫുമാണ് ജയ് ഭീം എന്ന മുദ്രാവാക്യം വിളിച്ചിരുന്നത്. ബാപ്‌സയാണ് ഈ മുദ്രാവാക്യം കാമ്പസില്‍ തുടങ്ങിവെച്ചത്. മുദ്രാവാക്യങ്ങളുടെ രാഷ്ട്രീയത്തിനുപോലും വളരെയധികം പ്രാധാന്യമുണ്ട്. കാരണം നഷ്ടപ്പെട്ട ഇടം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാണത്. ഇലക്ഷന്‍ സമയത്തുപോലും ബാപ്‌സ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ക്യാമ്പസിലുടനീളം സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇടതുപക്ഷവും അത്തരം മുദ്രാവാക്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അംബദ്കറൈറ്റ് പ്രസ്ഥാനങ്ങള്‍ ഇലക്ഷനില്‍ സജീവമാകുന്നതിനു മുമ്പ് പ്രാന്തവത്കരിക്കപ്പെട്ടവരുടെ വിമോചകരും സംരംക്ഷകരുമായാണ് ഇടത്പക്ഷം സ്വയം നടിച്ചിരുന്നത്. ബാപ്‌സ വന്നതിന് ശേഷം തങ്ങളുടെ വോട്ട് ചോര്‍ന്ന് പോകുമോ എന്ന പേടി അവര്‍ക്കുണ്ട്. ബാപ്‌സയുടെ മുന്നേറ്റത്തിലാണ് ഐസക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. ഐസയുടെ പ്രവര്‍ത്തകര്‍ ദലിത് വിദ്യാര്‍ത്ഥികളോട് പറയുന്നത് ബാപ്‌സ കാരണമാണ് തങ്ങള്‍ പരാജയപ്പെട്ടത് എന്നാണ്. എ.ബി.വി.പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ഇടതിന് വോട്ട് ചെയ്യണമെന്നാണ് അവര്‍ പറയുന്നത്. അംബേദ്കറൈറ്റ് ഗ്രൂപ്പുകള്‍ രാഷ്ട്രീയമായും സാമൂഹികമായും സാംസ്‌കാരികമായും വലതുപക്ഷത്തെ നേരിടുമ്പോള്‍ ഇടതുപക്ഷം അവരെ രാഷ്ട്രീയമായി നേരിടുന്നതിനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. ഇടത് രാഷ്ട്രീയം അതിശക്തമായി നിലനില്‍ക്കുന്ന ജെ.എന്‍.യുവില്‍ എന്ത് കൊണ്ടാണ് മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് ബീഫിനെക്കുറിച്ച് സംസാരിക്കാന്‍ ഭയം നേരിടേണ്ടി വരുന്നത്?

ca6e849abaac437b97df2657854ae172_6

ഇന്ത്യയെയും ജെ.എന്‍.യുവിനെയും വീണ്ടെടുക്കുക എന്ന ഇടത് മുദ്രാവാക്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം നമുക്കൊരു രാജ്യം പോലുമില്ല. ജാതിയിലധിഷ്ഠിതമായ ഒരു ദേശത്തെ നിങ്ങള്‍ക്കെങ്ങനെയാണ് നിര്‍മ്മിക്കാന്‍ കഴിയുക? അംബേദ്കര്‍ ഇക്കാര്യം ആഴത്തില്‍ വിശദീകരിക്കുന്നുണ്ട്. ഇന്ത്യന്‍ ദേശീയത ദേശത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ദേശത്തിനകത്ത് ജീവിക്കുന്ന ജനങ്ങളെക്കുറിച്ച് എന്ത് കൊണ്ടാണതിന് സംസാരിക്കാന്‍ കഴിയാത്തത്? കാശ്മീര്‍ എന്ന പ്രദേശം ദേശീയ ഭാവനയില്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. അതേസമയം കശ്മീര്‍ ജനതയെക്കുറിച്ച ആലോചനകള്‍ എന്ത്‌കൊണ്ടാണ് ദേശഭാവനകളില്‍ കടന്ന് വരാത്തത്? മുനകൂര്‍ത്ത ഇത്തരം ചോദ്യങ്ങള്‍ നാം നിരന്തരമായി ചോദിച്ച് കൊണ്ടിരിക്കേണ്ടതുണ്ട്.

ജാതിയെക്കുറിച്ച് സംസാരിക്കാതെ ഇന്ത്യന്‍ ദേശരാഷ്ട്രത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുക എന്ന തീര്‍ത്തും ഉപരിപ്ലവമായ നിലപാടാണ് ജെ.എന്‍.യുവിലെ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. രോഹിത്തിന്റെ ജീവത്യാഗത്തിന് ശേഷം രാജ്യത്തുടനീളം ദലിത് പ്രസ്ഥാനങ്ങളുടെ നേത്യത്വത്തില്‍ അലയടിച്ച ജാതിവിരുദ്ധ പ്രക്ഷോഭങ്ങളെ വഴിതിരിച്ച് വിടുന്ന പണിയാണ് അവര്‍ ചെയ്ത്‌കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ അവര്‍ ജെഎന്‍യു എന്ന ആശയത്തെക്കുറിച്ചും സേവ് ജെഎന്‍യു എന്നും രാജ്യത്തെ വീണ്ടെടുക്കുക എന്നുമൊക്കെയാണ് പുലമ്പിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ബാപ്‌സയെ സംബന്ധിച്ചിടത്തോളം ജാതിബന്ധിതമായ ഇന്ത്യന്‍ സാമൂഹിക ഘടനയെ ചോദ്യം ചെയ്യുക എന്നത് തന്നെയാണ് പ്രധാനം. ക്യാമ്പസില്‍ നടന്നു കൊണ്ടിരിക്കുന്ന ഘടനാപരമായ അസമത്വങ്ങളെ ഞങ്ങള്‍ ചോദ്യം ചെയ്ത് കൊണ്ടേയിരിക്കും.

 

വിവ: അബ്ദുല്‍ കബീര്‍

 

campusadmin