Campus Alive

ഉമര്‍ ഖാലിദിന് ഒരു കശ്മീരി വിദ്യാര്‍ത്ഥിയുടെ തുറന്ന കത്ത്

പ്രിയ ഉമര്‍,

JNUSU പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെ രോഷാകുലരായ ജനക്കൂട്ടം ആക്രമിക്കുന്നതിന്റെ വീഡിയോ രംഗങ്ങള്‍ കണ്ടതിന് ശേഷമാണ് നിനക്കൊരു കത്തെഴുതണമെന്ന് ഞാന്‍ തീരുമാനിക്കുന്നത്.

ജെ.എന്‍.യു വിലൂടെ നാമൊരുപാട് തവണ ഒരുമിച്ച് നടക്കുകയും പരസ്പരം സംസാരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും നാമിത് വരെ നമ്മുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ല. എങ്കിലും പല പ്രശ്‌നങ്ങളിലും നാം ഒരുമിച്ച് നില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

ഞങ്ങള്‍ക്ക് വേണ്ടി സംസാരിച്ച നിന്നെ മാധ്യമങ്ങളും സംഘ്പരിവാരവും  പുരോഗമനകാരികളും ഒരു പോലെ വിളിക്കുന്നത് ഭീകരന്‍, ദേശദ്രോഹി എന്നൊക്കെയാണ്. ഇനിയാരെങ്കിലും ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമെന്ന പ്രതീക്ഷ തന്നെ നശിച്ചിരിക്കുന്നു. കശ്മീരിനെക്കുറിച്ച് സംസാരിക്കുന്ന വേദികളിലൊക്കെ ഞാന്‍ നിന്നെ ഓര്‍ക്കാറുണ്ട്. നിന്നോടുള്ള ആദരവും സ്‌നേഹവും അപ്പോഴെല്ലാം വര്‍ധിച്ചിട്ടേയുള്ളൂ. നിന്നോടൊന്നിച്ചുള്ള യാത്രയും സംസാരവുമെല്ലാം എന്നെപ്പോലുള്ള കശ്മീരി വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ആശ്വാസ്യകരമായിരുന്നു. നീതിയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ഞങ്ങളുടെ സംസാരങ്ങള്‍ കാമ്പസില്‍ കേള്‍പ്പിച്ചത് നീയായിരുന്നല്ലോ.

സംഘ്പരിവാര്‍ ശക്തികള്‍ക്ക് മാത്രമല്ല, ഈ രാജ്യത്തെ പുരോഗമനകാരികള്‍ക്കും നീ വെറുക്കപ്പെട്ടവന്‍ തന്നെയാണ്. ദേശത്തെയും ദേശീയതയെയും കുറിച്ച ഘടനാപരമായ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നതിന് പകരം ദേശരാഷ്ട്രത്തിന്റെ ഭാഷയും യുക്തിയും സ്വംശീകരിച്ചാണ് അവര്‍ ജെ.എന്‍.യു പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നത്.

എന്റെ ചോദ്യം ഇതാണ്: കന്‍ഹയ്യയെ പിന്തുണക്കുന്നതും രാജ്യദ്രോഹപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നവരെ പിന്തുണക്കുന്നതും ഒന്നല്ല എന്ന സെക്കുലര്‍ വാചാടോപങ്ങളെ ഞങ്ങള്‍ അംഗീകരിക്കേണ്ടതുണ്ടോ? സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടങ്ങളെ എന്ത് കൊണ്ടാണ് പുരോഗമനകാരികള്‍ക്ക് പിന്തുണക്കാന്‍ കഴിയാത്തത്?

ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ ശിക്ഷിക്കണമെന്ന് കാമ്പസിലുള്ള പലരും പറയുന്നു. ഇങ്ങനെയാണോ ജെ.എന്‍.യു വിലെ ജനാധിപത്യ ഇടം സംരക്ഷിക്കപ്പെടേണ്ടത്? പ്രിയ ഖാലിദ്, പുരോഗമനകാരികളുടെ ജനാധിപത്യബോധം എന്താണെന്ന് നീ ശരിക്ക് മനസ്സിലാക്കിയിട്ടുണ്ട്. ഞങ്ങളുടെ നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി സംസാരിച്ചതിനാണോ നിന്നെയിപ്പോള്‍ പുരോഗമനകാരികള്‍ ഭീകരന്‍ എന്നും രാജ്യദ്രോഹി എന്നുമൊക്കെ വിളിക്കുന്നത്?

യൂണിവേഴ്‌സിറ്റികളിലെ കശ്മീരി വിദ്യാര്‍ത്ഥികളുടെ അക്കാദമികവും രാഷ്ട്രീയപരവുമായ ഇടങ്ങള്‍ നിഷേധിക്കപ്പെടുക എന്ന അവസ്ഥയാണ് ഇനി വരാനിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ആഖ്യാനങ്ങള്‍ നിഷേധിക്കപ്പെടുന്ന അങ്ങേയറ്റം വരേണ്യമായ ഒരു രാഷ്ട്രീയ സാഹചര്യത്തെയാണ് ഞങ്ങള്‍ക്ക് നേരിടേണ്ടത്.

ദേശത്തെയും ദേശീയതയെയും കുറിച്ച വരേണ്യമായ സംസാരങ്ങളാണ് സംഘ്പരിവാര്‍ പക്ഷത്ത് നിന്നും പുരോഗമന പക്ഷത്ത് നിന്നും ഇപ്പോള്‍ കേള്‍ക്കാന്‍ കഴിയുന്നത്. ഉമര്‍, ഇരു പക്ഷവും നിന്നെ, നിന്റെ രാഷ്ട്രീയത്തെ ഭയപ്പെടുന്നുണ്ട്. നിനക്ക് ശക്തിയും സ്ഥൈര്യവും ഉണ്ടാവട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇതൊരു നീണ്ട പോരാാട്ടം തന്നെയാണ്.

ഷാഹിദ് അലിയെ ഉദ്ധരിച്ച് കൊണ്ട് ഞാനവസാനിപ്പിക്കുന്നു: ‘ഷാഹിദിന്റെ അര്‍ത്ഥമെന്താണെന്ന് അവരെന്നോട് ചോദിക്കുന്നു. പ്രിയപ്പെട്ടവന്‍ എന്ന് പേര്‍ഷ്യയിലും സാക്ഷി എന്ന് അറബിയിലും അതിനര്‍ത്ഥമുണ്ട്.’ ഉമര്‍, രണ്ടിന്റെയും സങ്കലനമാണ് നീ…

കടപ്പാട്: Catch News

വിവ: ഷാഹിദ്. എം. ശമീം

campusadmin