Campus Alive

ചരിത്രം, ആഖ്യാനം, രേഖീയത: വിശുദ്ധ ഖുര്‍ആന്റെ സൗന്ദര്യ ദര്‍ശനം

എന്തുകൊണ്ടാണ് ഖുര്‍ആന് രേഖീയമായ ആഖ്യാന സ്വഭാവമില്ലാത്തത് എന്ന് മിക്ക ഭാഷാ ശാസ്ത്രജ്ഞരും ചോദിച്ചിട്ടുണ്ട്. കൃത്യമായ ഒരു ഭാഷാ ഘടനയില്ലാത്തതും ആവര്‍ത്തനങ്ങള്‍ നിരന്തരമായി വരുന്നത് കൊണ്ടുമാണ് അവര്‍ അങ്ങനെയൊരു ചോദ്യം ഉന്നയിക്കുന്നത്. ഈ ചോദ്യത്തിന് ഞാന്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നത് ഭാഷാശാസ്ത്രത്തിലൂടെയാണ്. ടെക്‌സ്റ്റിന്റെ ഘടനാപരമായ ബന്ധങ്ങളെ പരിശോധിക്കുന്നതിലൂടെയാണ് അതിന് കഴിയുക എന്നാണ് ഞാന്‍ കരുതുന്നത്.

സോഷോര്‍

ആധുനിക ഭാഷാശാസ്ത്രത്തിന്റെ പിതാവായ സൊഷോറിന്റെ (Ferdinan de saussure) രേഖീയത(Linearity) എന്ന ആശയം എനിക്ക് വളരെ താല്‍പര്യജനകമായി തോന്നിയിട്ടുണ്ട്. ലീനിയാരിറ്റിയെയാണ് ഭാഷാശാസ്ത്ര ഘടന ആശ്രയിക്കുന്നത് എന്നാണ് സൊഷോര്‍ പറയുന്നത്. രേഖീയമായ സമയത്തിന്റെ അടിസ്ഥാനത്തില്‍ വരുന്ന ശബ്ദങ്ങളുടെ അടിസ്ഥാനത്തിലാണ് സൊഷോര്‍ ലീനിയാരിറ്റിയെ നിര്‍വ്വചിക്കുന്നതെങ്കിലും അക്ഷരങ്ങള്‍ക്കും വാചകങ്ങള്‍ക്കും അത് ബാധകമാണ്. അഥവാ, വളരെ രേഖീയമായ സ്വഭാവത്തില്‍, ഒന്നിന് പിറകെ ഒന്നായി നടന്ന സംഭവങ്ങളെക്കുറിച്ച് പറയലാണ് ലീനിയറായ ആഖ്യാനം എന്നു പറയാവുന്നതാണ്.

ലീനിയാരിറ്റിയുമായി ബന്ധപ്പെട്ട ഖുര്‍ആനിലെ സൂക്തങ്ങളെയാണ് ഈ പഠനത്തില്‍ ഞാന്‍ മുഖ്യമായും അന്വേഷിക്കുന്നത്. അതിലൂടെ ഖുര്‍ആന്റെ യോജിപ്പ് അല്ലെങ്കില്‍ ഒരുമ (coherence) എന്ന പരമ്പരാഗതമായ ആശയത്തെയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്. കാരണം, coherence എന്ന ആശയം ഏറെ സങ്കീര്‍ണ്ണമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനുപകരം ഞാന്‍ മുന്നോട്ടുവെക്കുന്നത് അപൂര്‍ണ്ണത (fragmentary) എന്ന ആശയമാണ്. എന്നാല്‍ ഖുര്‍ആനിലെ തുടര്‍ച്ചയായ വിഷയമാറ്റവും ആവര്‍ത്തനവും മാത്രമെടുത്തിട്ട് അതിന്റെ fragmentary ആയ സ്വഭാവത്തെക്കുറിച്ച് എഴുതാന്‍ പറ്റില്ല. അതുകൊണ്ടുതന്നെ അരേഖീയം (Non-linearity) എന്ന ഐഡിയയാണ് ഖുര്‍ആന്റെ ഭാഷാശാസ്ത്രപരമായ സ്വഭാവത്തെ വിശേഷിപ്പിക്കാന്‍ ഞാനുപയോഗിക്കുന്നത്. അതൊരു സ്വതന്ത്ര വിഷയമായി സാഹിത്യത്തില്‍ ഇതുവരെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.

fragmentary, incoherence എന്ന് ഞാന്‍ മനസ്സിലാക്കുന്ന ഖുര്‍ആന്റെ സവിശേഷതകളെ അരേഖീയം(non-linearity) എന്നാണ് ഞാന്‍ വിശേഷിപ്പിക്കുന്നത്. ഖുര്‍ആനിലെ പല ഭാഗങ്ങളിലായി ഒരേ വിഷയം തന്നെ പലതവണ ആവര്‍ത്തിക്കുന്നത് കൊണ്ടാണ് ഖുര്‍ആനെ ഞാന്‍ അരേഖിയ (non-linear) ടെക്‌സ്റ്റ് എന്നു വിളിക്കാന്‍ കാരണം. ഈ ലേഖനത്തിലൂടെ ഞാന്‍ ശ്രമിക്കുന്നത് നോണ്‍-ലീനിയര്‍ എന്നത് ഖുര്‍ആനുമായി ബന്ധപ്പെട്ട ഒരു കണ്‍സപ്റ്റായി ഉയര്‍ത്തിക്കൊണ്ടു വരാനാണ്. അതിലൂടെ സാധാരണ വാക്കുകളും ദൈവിക വചനവും തമ്മിലുള്ള മൗലികമായ വ്യത്യസ്തതയെ മനസ്സിലാക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം, ദൈവമൊരിക്കലും മനുഷ്യനെപ്പോലെ സംസാരിക്കില്ലല്ലോ. അപ്പോള്‍ മനുഷ്യനെപ്പോലെ ലീനിയറായ ആഖ്യാനം എന്നത് ദൈവിക സ്വഭാവത്തിന് ചേരുന്നതല്ല. ഖുര്‍ആന്‍ പറയുന്നു: ‘വെളിപാടുകളിലൂടെയോ മറക്കു പിന്നില്‍ നിന്നോ അവന്റെ ആജ്ഞപ്രകാരം അവന്റെ ഇച്ഛകളെ വെളിപ്പെടുത്താനായി അവതരിപ്പിച്ച പ്രവാചകന്‍മാരിലൂടെയോ അല്ലാതെ ദൈവം മനുഷ്യനോട് സംസാരിക്കുകയില്ല. അവന്‍ ഉന്നതനും ബുദ്ധിമാനുമാണ്. (42:51).

ലീനിയറായ ക്രമത്തിന് പുറത്തു കടക്കുക എന്നതിനര്‍ത്ഥം ലൗകിക ക്രമത്തെയും പശ്ചാത്തലത്തെയും തകര്‍ക്കുക എന്നതു കൂടിയാണ്. അപ്പോള്‍ തീര്‍ച്ചയായും ഖുര്‍ആന്‍ ഏത് തരത്തിലുമുള്ള സവിശേഷമായ പശ്ചാത്തലത്തിനും പുറത്താണ് നിലനില്‍ക്കുന്നത്. അതിനര്‍ത്ഥം ഖുര്‍ആന് യാതൊരു ക്രമവുമില്ല എന്നല്ല. മറിച്ച്, ലീനിയര്‍ ആയ ക്രമം ഖുര്‍ആനിനില്ല എന്നാണ് ഞാന്‍ പറയുന്നത്. ഖുര്‍ആനിന് സ്വന്തമായ ഒരു ക്രമമുണ്ട്. ഖുര്‍ആന്റെ അരേഖീയമായ സ്വഭാവം തന്നെയാണ് അതിന്റെ ക്രമം. ഉദാഹരണത്തിന് സൂറ ഇസ്രാഇലെ 23 മുതല്‍ 36 വരെയുള്ള ആയത്തുകള്‍ നമുക്ക് പരിശോധിക്കാം: ‘അങ്ങയുടെ നാഥന്‍ വിധിക്കുന്നു: അവനെ മാത്രമേ നിങ്ങള്‍ ആരാധിക്കാവൂ. മാതാപിതാക്കളോട് നന്‍മ ചെയ്യുക. അവരിലൊരാള്‍ അല്ലെങ്കില്‍ ഇരുവരും നിന്റെയടുക്കല്‍ പ്രായാധിക്യം വരുന്നവരാകും. അപ്പോള്‍ അവരോട് ഛെ എന്നുപോലും പറയരുത്. അവരോട് പരുഷമായി സംസാരിക്കരുത്. അവരോട് മാന്യമായ വാക്കുകള്‍ സംസാരിക്കുക. അവര്‍ക്കിരുവര്‍ക്കും കാരുണ്യത്താല്‍ വിനയത്തിന്റെ ചിറക് താഴ്ത്തിക്കൊടുക്കുക. എന്നിട്ട് പറയുക: ‘ രക്ഷിതാവേ, അവരെന്നെ ചെറുപ്രായത്തില്‍ വളര്‍ത്തിയതു പോലെ നീ അവര്‍ക്കിരുവര്‍ക്കും കരുണയേകേണമേ’. നിങ്ങളുടെ മനസ്സിലുള്ളത് രക്ഷിതാവാണ് ഏറ്റവും നന്നായി അറിയുന്നത്. നിങ്ങള്‍ നല്ലവരാവുകയാണെങ്കില്‍ പശ്ചാത്തപിച്ച് മടങ്ങിവരുന്നവര്‍ക്ക് അവന്‍ മാപ്പു നല്‍കുന്നതാണ്. അടുത്ത ബന്ധുക്കള്‍ക്ക് അവരുടെ ബാധ്യത നല്‍കുക. അതുപോലെ ആവശ്യക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും. എന്നാല്‍ നീ ധൂര്‍ത്തടിച്ചു കളയരുത്. ധൂര്‍ത്തമ്മാര്‍ പിശാചിന്റെ സഹോദരങ്ങളാണ്. പിശാച് അവന്റെ നാഥനെ നിഷേധിച്ചവനുമാണ്. നിങ്ങള്‍ പ്രത്യാശയോടെ രക്ഷിതാവിന്റെ അനുഗ്രഹത്തിനായി കേണുകൊണ്ടിരിക്കുമ്പോള്‍ അവരോട് പുറംതിരിഞ്ഞേക്കാം. അപ്പോള്‍ അവരോട് ആശ്വാസമേകുന്ന വാക്കെങ്കിലും പറയുക. നിന്റെ കൈകള്‍ ഒന്നും നല്‍കാതെ കഴുത്തിന് ചുറ്റും ബന്ധിച്ചു കൊണ്ടിരിക്കരുത്. അങ്ങനെ വന്നാല്‍ ആക്ഷേപിക്കപ്പെട്ട് ഖേദം പ്രകടിപ്പിക്കേണ്ടി വരും നിങ്ങള്‍. താങ്കളുടെ നാഥന്‍ അവന്‍ കരുതുന്നവര്‍ക്ക് അവന്റെ വിഭവങ്ങള്‍ വിശാലമാക്കിക്കൊടുക്കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അളന്നുമുറിച്ചു കൊടുക്കും. അവന്‍ അവന്റെ ദാസനെ അറിയുന്നു, നിരീക്ഷിക്കുന്നു. നിങ്ങളുടെ മക്കളെ ദാരിദ്രഭയത്താല്‍ നിങ്ങള്‍ വധിക്കരുത്. അവര്‍ക്കും നിങ്ങള്‍ക്കും വിഭവം നല്‍കുന്നത് നാമാണ്. നിങ്ങള്‍ അവരെ കൊന്നുകളയുന്നത് മഹാപാതകമാണ്. വ്യഭിചാരത്തോട് അടുത്തുപോകരുത്. അത് അതിക്രമമാണ്. മോശം മാര്‍ഗ്ഗവുമാണ്. ദൈവം പവിത്രമാക്കിയ ശരീരത്തെ അനീതിപൂര്‍വ്വം നിങ്ങള്‍ ഹനിക്കരുത്. അനാഥകളുടെ സമ്പത്തിനോട് അടുത്തുപോകരുത്. അവരുടെ നന്‍മക്കു വേണ്ടിയല്ലാതെ. വാഗ്ദത്തം പൂര്‍ത്തീകരിക്കുക. വാഗ്ദാനങ്ങളെക്കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടും. നിങ്ങള്‍ അളന്നു നോക്കിയാല്‍ അത് കൃത്യമായി അളക്കുക. നേരായ തുലാസ് കൊണ്ട് അളക്കുക. നിങ്ങള്‍ക്ക് യാതൊരു അറിവുമില്ലാത്തതിന്റെ പിറകെ പോകരുത്.’

പതിമൂന്ന് വ്യത്യസ്തങ്ങളായ വിഷയങ്ങളാണ് ഇതില്‍ ചര്‍ച്ച ചെയ്തിരിക്കുന്നത്. ഇരുപത്തിമൂന്നാമത്തെ സൂക്തം പറയുന്നത് അല്ലാഹുവെയല്ലാതെ വേറൊന്നിനെയും ആരാധിക്കരുത് എന്നാണ്. അതിന് ശേഷം മാതാപിതാക്കളോട് നന്‍മ ചെയ്യാന്‍ ആവശ്യപ്പെടുന്നു. രണ്ടാമത്തെ സൂക്തത്തിന്റെ അവസാനത്തില്‍ വിഷയത്തില്‍ മാറ്റം വരികയും മൂന്ന് വേറെ വിഷയങ്ങള്‍ കടന്നുവരികയും ചെയ്യുന്നു. എന്നാല്‍ തുടര്‍ന്ന് വീണ്ടും പഴയ (മാതാപിതാക്കളുമായി ബന്ധപ്പെട്ട) വിഷയത്തിലേക്ക് തന്നെ വരുന്നു. സാധാരാണഗതിയില്‍ ഒരു സാഹിത്യ വിദ്യാര്‍ത്ഥി ഖുര്‍ആന്റെ ഇത്തരത്തിലുള്ള ഒരു ഘടനയെ incoherence എന്നാണ് വിശേഷിപ്പിക്കുക. ഞാന്‍ പറയുന്നത് വളരെ നെഗറ്റീവ് ആയി ഖുര്‍ആന് നല്‍കപ്പെടുന്ന ഈ വിശേഷണം തന്നെയാണ് ഖുര്‍ആന്റെ സൗന്ദര്യം എന്നാണ്. കാരണം ഒരു ടെക്‌സറ്റ് coherent ആകണമെങ്കില്‍ ഇടക്ക് വെച്ച് മുറിയാത്ത തുടര്‍ച്ചയായ ആഖ്യാനമുണ്ടാകണം. അങ്ങനെയൊന്ന് ഖുര്‍ആനില്‍ ഏതായാലും ഇല്ല. അപ്പോള്‍ പിന്നെ incoherent ആകാനല്ലേ ഖുര്‍ആന് കഴിയൂ എന്നാണ് ഞാന്‍ ചോദിക്കുന്നത്.

ഇനി ഖുര്‍ആന്റെ fragmentary ആയ അവസ്ഥയെക്കുറിച്ച് സൂചിപ്പിക്കാം. ഒരേ വിഷയം തന്നെ പലയിടങ്ങളിലായി പറയുന്നത് കൊണ്ടാണ് fragmentary എന്നു വിശേഷിപ്പിക്കുന്നത്. ഉദാഹരണത്തിന് പതിനേഴാമത്തെ അധ്യായത്തില്‍ ‘നാം മൂസാക്ക് വേദം നല്‍കുകയും ഇസ്രയേല്‍ സന്തതികള്‍ക്ക് മാര്‍ഗദര്‍ശനമേകുകയും ചെയ്തു’ എന്ന സൂക്തം 1, 7, 20, 26, 28, 40 അധ്യായങ്ങളിലായി തുടര്‍ച്ചയായി വരുന്നുണ്ട്. അഥവാ, വ്യത്യസ്തങ്ങളായ പശ്ചാത്തലങ്ങളില്‍ ഒരേ വിഷയം തന്നെ തുടര്‍ച്ചയായി വരുന്നത് ഖുര്‍ആനില്‍ കാണാം. മാത്രമല്ല, വേറെ പല വിഷയങ്ങളോടൊപ്പമാണ് അതു വരുന്നത്. മൂസാ നബിയുടെ കഥ 20, 28, 40 അധ്യായങ്ങളില്‍ തുടര്‍ച്ചയായി വരുന്നുണ്ട്. രേഖീയമായ ആഖ്യാനത്തെ തടയുന്നു എന്നതാണ് മൂസാ കഥനത്തിന്റെ പ്രത്യേകത. കാരണം, വ്യത്യസ്തങ്ങളായ ഭാഗങ്ങളില്‍ വരുന്ന മൂസായുടെ കഥകള്‍ തമ്മില്‍ ഘടനാപരമായ ബന്ധമൊന്നുമില്ല. അപ്പോള്‍ ഖുര്‍ആനിലെ ആവര്‍ത്തനം അതിന്റെ അരേഖീയമായ ആഖ്യാനസ്വഭാവത്തെയാണ് കാണിക്കുന്നത്. ആവര്‍ത്തനവും അരേഖീയതയും ഒരിക്കലും ടെക്‌സ്റ്റിന്റെ യൂണിറ്റിക്ക് കോട്ടം തട്ടിക്കില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് ഖുര്‍ആന്റെ അടിസ്ഥാനപരമായ ഭാഷാശാസ്ത്ര പ്രത്യേകതയായി non-linearity യെ ഞാന്‍ അടയാളപ്പെടുത്തുന്നത്. മാത്രമല്ല, തുടക്കം മുതല്‍ ഒടുക്കം വരെ രേഖീയമായി സംസാരിക്കുകയല്ല അല്ലാഹു ചെയ്യുന്നത്. ഒരവതാരികയോ ആമുഖമോ തുടക്കമോ അവസാനമോ ഖുര്‍ആനിനില്ല. എവിടെ നിന്നും ഒരു വായനക്കാരന് ഖുര്‍ആന്‍ വായിച്ചു തുടങ്ങാവുന്നതാണ്.

നോണ്‍ ലീനിയറായ ടെക്‌സ്റ്റിന്റെ പ്രത്യേകത അതിനൊരിക്കലും ഒരു സ്പീക്കര്‍ മാത്രമല്ല ഉണ്ടാവുക എന്നാണ്. ഖുര്‍ആനില്‍ ബഹുവചനമായിട്ടും (first person plural) ഏകവചനമായിട്ടും (first person singular) അല്ലാഹു സംസാരിക്കുന്നുണ്ട്. ഉദാഹരണത്തിന് ‘നാമാണ്’ ഖുര്‍ആനെ ഇറക്കിയത് (ഞാനാണ് എന്നല്ല) എന്നാണ് ഒരിടത്ത് അല്ലാഹു പറയുന്നത്. (12:2) മറ്റൊരിടത്ത് ‘എന്നെ’ (First person singular) ഓര്‍ക്കുവിന്‍, നിങ്ങളെ ഞാനും ഓര്‍ക്കും എന്ന് അല്ലാഹു പറയുന്നുണ്ട്. (2:152). ചിലയിടങ്ങളില്‍ മാലാഖമാര്‍ സംസാരിക്കുന്നതായി കാണാം (19:64). മറ്റൊരിടത്ത് വായനക്കാരന്‍ തന്നെ ദൈവത്തെ അഭിസംബോധന ചെയ്യുന്നു. (1:5-7) ഒരു സാഹിത്യ കൃതിയിലെന്ന പോലെ സ്പീക്കര്‍ വായനക്കാരനോട് സംവദിക്കുന്ന ലീനിയറായ ആഖ്യാനരീതി ഖുര്‍ആനിലില്ല എന്നാണിത് കാണിക്കുന്നത്.

ഏതൊരു ലീനിയറായ സാഹിത്യസൃഷ്ടിയുടെയും പ്രത്യേകത അതില്‍ ആവര്‍ത്തനങ്ങളോ പശ്ചാത്തലത്തിന് നിരക്കാത്ത സംഗതികളോ ഉണ്ടാവില്ല എന്നതാണ്. വളരെ നിര്‍ണ്ണിതമായ ഒരു temporal ക്രമത്തെ പിന്തുടരുന്നവയായിരിക്കും അവ. എന്നാല്‍ ഖുര്‍ആനില്‍ ഉടനീളം നാം കാണുക ആവര്‍ത്തനങ്ങളും പശ്ചാത്തല വിരുദ്ധമായ ആഖ്യാനങ്ങളുമാണ്. വളരെ നിര്‍ണ്ണിതമായ പശ്ചാത്തലം ഖുര്‍ആനിനില്ല. അതിന്റെ ഘടന തന്നെ അതിന് വിരുദ്ധമാണ്. കാരണം ഖുര്‍ആനില്‍ നമുക്ക് കാണാനാവുക നിരന്തരമായ ആവര്‍ത്തനങ്ങളാണ്. ആവര്‍ത്തനങ്ങളുള്ള ഒരു ടെക്സ്റ്റില്‍ നിര്‍ണ്ണിതമായ ഒരു പശ്ചാത്തലം ഉണ്ടാവുക എന്നത് അസാധ്യമാണ്. ഒരു പ്രത്യേകമായ ചരിത്ര സന്ദര്‍ഭത്തില്‍ നിന്ന് മാറി സമയത്തെയും കാലത്തെയുമെല്ലാം മറികടക്കുന്ന ടെക്സ്റ്റായി നിലനില്‍ക്കാന്‍ ഖുര്‍ആന് സാധിക്കുന്നതും അതുകൊണ്ടാണ്.

അമീര്‍ അര്‍സലാന്‍