Campus Alive

നിഷേധത്തിന്റെ കാവ്യാഖ്യാനങ്ങൾ

(അനീസ് വാവാട്, നിസാർ ഇരിമ്പുഴി എന്നിവർ എഡിറ്റ് ചെയ്ത് ബുക്ക് പ്ലസ് പുറത്തിറക്കാനിരിക്കുന്ന ‘പൗരത്വ നിയമം, മതം, ദേശീയത, രാഷ്ട്രീയം എന്ന പുസ്തകത്തിന് വേണ്ടി എഴുതിയ ലേഖനം)

‘കവിത ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. കാരണം കവിതയെഴുതുക എന്നാല്‍ സത്യം പറയുക എന്ന് കൂടി അര്‍ഥമുണ്ട്’. പ്രശസ്ത കവി ജോണ്‍ ജോര്‍ഡന്റേതാണീ വാക്കുകൾ. പൗരത്വ നിഷേധ സമരകാലത്ത് ഏറെ പ്രസക്തമാണീ വാക്യം. കവിതയെഴുത്തും ചൊല്ലലും കൃത്യമായ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് തെളിയിച്ച കവികള്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. കൊളോണിയല്‍ കാലഘട്ടത്തിനു മുമ്പും പിമ്പുമായി നടന്ന നിരവധി സമരങ്ങളില്‍ കവികള്‍ മുന്നോട്ടുവെച്ച ദര്‍ശനങ്ങളും പ്രവചനങ്ങളും ശ്രദ്ധേയമായിരുന്നു. ക്യൂബന്‍ സമരങ്ങളില്‍ ഉയര്‍ന്ന ഹെര്‍ബെര്‍ട്ടോ പാഡിലയുടെ ശബ്ദം, ഫലസ്തീന്‍ പ്രതിരോധ സമരങ്ങള്‍ക്കു ശക്തി പകര്‍ന്ന ദര്‍വേഷ് കവിതകള്‍, തുണീഷ്യന്‍ പ്രക്ഷോഭങ്ങള്‍ക്കു ഊര്‍ജം നല്‍കിയ ശാബി കവിതകള്‍, ഏകാധിപത്യത്തിനെതിരെ നിലകൊണ്ട പാകിസ്ഥാനിലെ ഫൈസ് അഹ്മദ് ഫൈസിന്റെ കവിതകള്‍, തുര്‍ക്കിയില്‍ സമരക്കാര്‍ക്കു ആവേശം നല്‍കിയ നസീം ഹിക്മത്തിന്റെ കവിതകള്‍, ചിലിയില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിനായി മുഴങ്ങിയ വിക്ടര്‍ ജാറയുട കവിതകള്‍ ഇങ്ങനെ എണ്ണിയാല്‍ തീരാത്ത, രാഷ്ട്രീയ പ്രേരിതമായ ശബ്ദങ്ങളുടെ ഒരു നീണ്ട പാരമ്പര്യം തന്നെ പൗരത്വ നിഷേധ കാലത്ത് അലയടിച്ച കവിതകള്‍ക്കുമുണ്ട്.

ഫൈസ് അഹ്മദ് ഫൈസ്

ഇന്ത്യന്‍ സ്വതന്ത്ര്യസമര കാലഘട്ടത്തിലും സമരക്കാര്‍ക്കു ആവേശം നല്‍കിയ കവിതകള്‍ നിരവധിയാണ്. ദേശസ്‌നേഹം കേന്ദ്രീകരിച്ചു മാത്രമായിരുന്നില്ല അക്കാലങ്ങളില്‍ രചിക്കപ്പെട്ട കവിതകള്‍. സമരങ്ങളുടെ മുദ്രാവക്യത്തിനനുയോജ്യമായി വാക്കും പ്രാസവും ഒപ്പിച്ചു ചൊല്ലുവാന്‍ പാകത്തില്‍ രചിച്ച കവിതകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അംശി നാരായണപിള്ളയുടെ ‘വരിക വരിക സഹജരെ’ എന്ന സ്വാതന്ത്രസമര കവിത മുന്നോട്ടുവെച്ച ആശയം നീതി ലഭിക്കുന്നതുവരെ പോരാടാനുള്ളൊരു ഊര്‍ജമായിരുന്നു. ഇത്തരം കവിതകളില്‍ നിന്നു പൗരത്വ നിയമ വിരുദ്ധ സമരങ്ങളിലേക്കെത്തുമ്പോള്‍ സാമ്പ്രദായികമായി പിന്തുടര്‍ന്നു പോന്നിരുന്ന ചില വാര്‍പ്പുമാതൃകകളെ നിരാകരിച്ചു വെല്ലുവിളിയും മുന്നറിയിപ്പുകളും വിളിച്ചോതുന്നതായി കവിതകളുടെ ശൈലികള്‍.

കാവ്യഗുണം മാത്രമല്ല, കാവ്യപ്രമേയത്തിന്റെ സമകാലിക പ്രസക്തി തന്നെയാണ് പ്രക്ഷോഭകരെ കുടുതല്‍ ആകര്‍ഷിക്കുന്നത്. അത് കൊണ്ട് തന്നെയാണ് ഫൈസ് അഹ്മദ് ഫൈസിനെ കാലങ്ങൾക്കും ദേശങ്ങൾക്കുമപ്പുറം ജനങ്ങള്‍ നെഞ്ചിലേറ്റുന്നത്. ഫൈസിന്റെ കവിതകള്‍ ഒരു ചരിത്രകാലഘട്ടത്തില്‍ എഴുതിയതാണെങ്കിലും വ്യത്യസ്ത രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഉപയോഗിക്കുകയും വിവാദമാവുകയും ചെയ്തിട്ടുണ്ട്. ഇതിനെക്കുറിച്ചു അദ്ദേഹത്തോടു ചോദിച്ചപ്പോള്‍ ‘ഞാന്‍ അന്നത്തെ സാഹചര്യത്തില്‍ എഴുതേണ്ടത് എഴുതി. കാലം മാറിയിട്ടും ഇവിടുത്തെ സാഹചര്യം മാറത്തതിന് ഞാന്‍ എന്ത് ചെയ്യാനാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പൗരത്വ സമരങ്ങളില്‍ മുഴങ്ങിക്കേട്ട കവിതകള്‍

പൗരത്വ സമരങ്ങളില്‍ ഉയര്‍ന്നുവന്ന കവിതകള്‍ നിരവധിയാണ്. സാമൂഹ്യമാധ്യമങ്ങളിലും പ്രതിഷേധയിടങ്ങളിലും കവിതകള്‍ സമരക്കാര്‍ക്കു നല്‍കിയ ഇന്ധനം വിവരണാതീതമാണ്. ആര്‍ത്തലക്കുന്ന പ്രതിഷേധാഗ്നിയില്‍ കവിത നല്‍കുന്നത് ഒരു സാന്ത്വനത്തിന്റെ ഭാഷയാണ്. ഷാഹീന്‍ ബാഗിലെ പ്രക്ഷോഭകരുടെ ഇത്തരം കവിതകള്‍ ചൊല്ലുന്ന രീതികളില്‍ തന്നെ ഇവ പ്രതിധ്വനിച്ചു കാണാം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഴങ്ങിക്കേട്ട കവിതയായിരുന്നു ഫൈസ് അഹ്മദ് ഫൈസിന്റെ ‘ഹം ദേഖേംഗേ’. രാജ്യത്തിന്റെ മുക്കുമൂലകളില്‍ ഉയര്‍ന്നുകേട്ട ഈ കവിതയുടെ വിവിധങ്ങളായ മൊഴിമാറ്റവും ആലാപന ശൈലിയും സമരക്കാര്‍ക്കു കൂടുതല്‍ കരുത്തേകി.

“ജബ് അര്‍സെ ഖുദാ കെ കഅ്ബ സെ – സബ് ബുത്ത് ഉഠ്‌വായേ ജായേംഗേ

ഹം അഹ്‌ലെ സഫാ മര്‍ദൂദെ ഹറം – മസ്നദ് പെ ബിഠായേ ജായേംഗേ

സബ് താജ് ഉഛാലെ ജായേംഗേ – സബ് തഖ്ത് ഗിറായെ ജായേംഗേ”

“ദൈവത്തിന്റെ ഭവനത്തില്‍ നിന്ന് എല്ലാ വിഗ്രങ്ങളും നീക്കപ്പെടുന്ന നാള്‍

അടിച്ചോടിക്കപ്പെട്ട നമ്മള്‍ സിംഹാസനങ്ങളില്‍ ഇരിക്കുന്ന ദിവസം,

അവരുടെ സകല കിരീടങ്ങളും പിഴുതെറിയപ്പെടുന്ന ദിവസം,

അവരുടെ സകല സിംഹാസനങ്ങളും തച്ചു തകര്‍ക്കപ്പെടുന്ന ദിവസം,

നമ്മള്‍ സാക്ഷിയാകും, നമ്മള്‍ തീര്‍ച്ചയായും സാക്ഷിയാകും”

ഫൈസിന്റെ ‘ഹം ദേ ഖേംഗേ’ എന്ന കവിതയിലെ ചില വരികളാണ് മേല്‍ സൂചിപ്പിച്ചത്. ഏകാധിപതികള്‍ക്കുള്ള താക്കീതായിരുന്നു ഫൈസ് കവിതകള്‍. പാകിസ്ഥാനിലെ ഏകാധിപതി ജനറല്‍ സിയാ ഉള്‍ ഹഖിനെതിരെയായിരുന്നു ഫൈസ് കവിത ആലപിച്ചത്. മനുഷ്യത്വത്തിന്റെ ഘാതകര്‍ സ്വേഛാധിപതികളാണ് എന്ന മുദ്രവാക്യമായിരുന്നു ഈ കവിതകളില്‍ നിറഞ്ഞിരുന്നത്. ഇതേ ആശയം തന്നെയായിരുന്നു സദ്ദാം ഹുസൈനെതിരെ ഇറാഖി കവി അബ്ദുല്‍ വഹാബ് ബയാത്തിയുടെ കവിതകളും മുന്നോട്ടുവെച്ചിരുന്നത്.

കവിതയുടെ യഥാര്‍ഥത്തിലുള്ള ശീര്‍ഷകം ഖുര്‍ആനിലെ ‘വ യബ്കാ വജ്ഹു റബ്ബിക ദുല്‍ ജലാലി വല്‍ ഇക്റാം’ എന്ന ആയത്തില്‍ നിന്നു കടം കൊണ്ടതായിരുന്നു. ഇതിനെയാണ് അദ്ദേഹം ഉര്‍ദുവില്‍ ‘ഹം ദേഖേംഗേ’ എന്ന രൂപത്തിലാക്കിയത്. ഇസ്‌ലാമിക ചരിത്രത്തില്‍ മക്കാ വിജയം എന്നറിയപ്പെടുന്ന ഒരു ചരിത്ര സംഭവത്തെ ഫൈസ് സ്വേച്ഛാധിപതികളോടുള്ള പ്രതിഷേധത്തിനുള്ള ഉപാധിയാക്കുകയായിരുന്നു. മക്കയില്‍ നിന്നു പ്രവാചകനെയും അനുയായികളെയും ആട്ടിയോടിച്ചതിനു ശേഷം മദീനയില്‍ നിന്നു മക്കയിലേക്കുള്ള തിരിച്ചുവരവില്‍ പ്രവാചകന്‍ നടത്തിയ ചില സംഭവങ്ങള്‍ കവിതയില്‍ സൂചകങ്ങളായി വരുന്നുണ്ട്. കഅബയില്‍ കയറി ബിംബങ്ങള്‍ പുറത്തിട്ടതെല്ലാം ഇതില്‍പെടും.

1979-ലാണ് ഫൈസ് ഈ കവിത രചിക്കുന്നത്. പട്ടാളത്തലവനായ ജനറല്‍ സിയാഉല്‍ ഹഖ് ‘ഓപ്പറേഷന്‍ ഫെയര്‍പ്ലേ’ എന്ന പട്ടാള അട്ടിമറിയിലൂടെ പാകിസ്ഥാന്‍ നേതാവായ സുള്‍ഫീക്കര്‍ അലി ഭൂട്ടോയെ പ്രധാനമന്ത്രി പദത്തില്‍ നിന്നും നീക്കം ചെയ്തിരുന്നു. അട്ടിമറിയിലൂടെ ഭരണത്തില്‍ പ്രവേശിച്ച സിയാ ഉൾ ഹഖ്, ഹുദൂദ് ഓര്‍ഡിനന്‍സ് എന്നൊരു പുതിയ നിയമം ഉണ്ടാക്കി. തുടര്‍ന്ന് നടന്ന സമരങ്ങള്‍ക്കിടെ, തന്റെ ഏറ്റവും വലിയ എതിരാളിയായിരുന്ന സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ അറസ്റ്റുചെയ്യുകയുണ്ടായി. തുടര്‍ന്ന് വിചാരണ നടത്തി കഴുമരത്തിലേറ്റി. പാകിസ്ഥാന്‍ അതിന്റെ ജാനാധിപത്യ സങ്കല്‍പത്തില്‍ നിന്നു വ്യതിചലിച്ചു ഏകാധിപത്യത്തിലേക്കു ഇരച്ചുകയറിയപ്പോഴാണ് ഫൈസ് ‘ഹം ദേഖേംഗേ’ എന്ന കവിത രചിക്കുന്നത്. കവിതയില്‍ സിയാ ഉൾ ഹഖിനോട് ഇസ്‌ലാം മതവിശ്വാസ മെറ്റഫറുകള്‍ ഉപയോഗിച്ചു തന്നെ ഫൈസ് വെല്ലുവിളിക്കുന്നുണ്ട്. അന്ത്യനാളില്‍ ദൈവത്തിനു മുന്നില്‍ ഹാജരാകേണ്ടി വരുമെന്നും ചെയ്തു കൂട്ടിയ തെറ്റുകള്‍ക്കു ന്യായം ബോധിപ്പിക്കേണ്ടി വരുമെന്നുമെല്ലാമാണ് ഫൈസിന്റെ ‘ഹംദേഖേംഗേ’ എന്ന കവിത മുന്നോട്ടുവെക്കുന്നത്.

ഇന്ത്യയിലുടനീളം മുഴങ്ങിക്കേട്ട ഈ കവിതയെ നിരോധിക്കാനുള്ള മുഴുവന്‍ പോംവഴികളും സംഘ്പരിവാര്‍ നടത്തിയെങ്കിലും ഒരു വകുപ്പും ലഭിച്ചില്ല. കവിതയുടെ ചില വരികള്‍ ഹിന്ദുമതത്തെ അപമാനിക്കുന്നതാണ് എന്നായിരുന്നു ഇതിനെതിരെ കേസു കൊടുത്ത ഐ.ഐ.ടി കാണ്‍പൂരിലെ ഒരു പ്രൊഫസറുടെ വാദം. ‘ദൈവത്തിന്റെ ഭവനത്തില്‍ നിന്ന് എല്ലാ വിഗ്രഹങ്ങളും നീക്കപ്പെടും’ എന്ന വരിയിലെ വിഗ്രഹം എന്നത് അമ്പലത്തിലെ വിഗ്രഹങ്ങളെയാണ് ഉദ്ദേശിച്ചതെന്നായിരുന്നു അദ്ദേഹം വാദിച്ചത്. പാകിസ്ഥാന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ എഴുതിയ ഈ കവിതയിലെ ‘വിഗ്രഹം’ മതനേതക്കാള്‍ തന്നെ അധികാര കേന്ദ്രങ്ങളില്‍ വിഗ്രഹങ്ങളായി സ്വയം അവരോധിക്കുന്നതിനെക്കുറിച്ചായിരുന്നു. പ്രൊഫസറുടെ വാദം വിവാദമായതോടെ ഐ.ഐ.ടി ഒരു ഉന്നതതല സമതിയെ ഈ വരികളിലെ ഹൈന്ദവവിരുദ്ധത പരിശോധിക്കാന്‍ രുപീകരിക്കുകയും ചെയ്തു. ഇതേ വരികള്‍ സിയാ ഉൾ ഹഖിന്റെ ഭരണകാലത്തും ഇസ്‌ലാം മത വിരുദ്ധമെന്നും പറഞ്ഞു നിരോധിച്ചതായും ചരിത്രരേഖകളില്‍ കാണാം.

ഹബീബ് ജാലിബ്

പൗരത്വ സമരങ്ങളില്‍ മുഴങ്ങികേട്ട മറ്റൊരു കവിതയായിരുന്നു ഹബീബ് ജാലിബിന്റെ ‘ദസ്ത്തൂര്‍’. അനീതിക്കെതിരെയുള്ള ശബ്ദങ്ങളായിരുന്നു ജാലിബ് രചിച്ച കവിതകളില്‍ നിറച്ചും. യുവ സമൂഹത്തോടായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍ സംസാരിച്ചിരുന്നത്. ‘ദസ്ത്തൂര്‍’ എന്ന കവിത നിയമത്തെ മാത്രമല്ല ചോദ്യം ചെയ്തിരുന്നത്. കുറച്ചുപേര്‍ക്കു മാത്രം സന്തോഷം നല്‍കുന്ന ഭരണഘടനയെ തന്നെ ചോദ്യം ചെയ്യുകയായിരുന്നു. കവിതയിലെ പ്രശസ്തമായൊരു വരി ഇങ്ങനെയാണ്:

“ദീപ് ജിസ്‌കാ മഹല്ലത്ത് മെ ഹി ജലി – ചന്ത് ലോഗോന്‍ കി ഹുഷിയോന്‍ കോ ലേകര്‍ ചലെ

അയ്സെ ദസ്ത്തൂര്‍ കോ – സുബ്ഹെ ബെനൂര്‍ കോ

മേ നഹി മാന്‍താ – മേ നഹി ജാന്‍താ”

“മാളികകളില്‍ മഹാവെളിച്ചങ്ങള്‍ തെളിയുന്നത്ചി – ല മനുഷ്യരുടെ സന്തോഷങ്ങളെ കെടുത്തിക്കളഞ്ഞിട്ടാണെങ്കില്‍,

ആ വ്യവസ്ഥിതിയെ ഞാന്‍ മാനിക്കുന്നില്ല – ഞാന്‍ അംഗീകരിക്കുന്നില്ല”

1962-ല്‍ ജനറല്‍ അയ്യൂബ് ഖാന്‍ പാകിസ്ഥാനില്‍ മുന്നോട്ടുവെച്ച ഭരണഘടനയായിരുന്നു ജാലിബിന്റെ കവിതയിലെ ഇതിവൃത്തം. ഫൈസ് കവിതകളെ പോലെത്തന്നെ പാകിസ്ഥാനിലെ ജനങ്ങള്‍ ഇതു നെഞ്ചിലേറ്റിയിരുന്നു. ഇന്ത്യയിലായിരുന്നു ജാലിബ് ജനിച്ചത്. യുവത്വം ഇന്ത്യയില്‍ കഴിച്ചുകൂട്ടിയ അദ്ദേഹം വിഭജനത്തിനു ശേഷം പാകിസ്ഥാനിലേക്കു കുടിയേറുകയായിരുന്നു.

റോജർ വാട്ടേഴ്സ്

പൗരത്വ സമരങ്ങളില്‍ ഉയര്‍ന്നുവന്ന മറ്റൊരു കവിതയാണ് അമീര്‍ അസീസിന്റെ ‘സബ് യാദ് രകാ ജായേഗാ’ (എല്ലാം ഓര്‍ത്തുവെക്കും) എന്ന മനോഹരമായ കവിത. ജാമിഅഃ മില്ലിയ്യയില്‍ നിന്നുള്ള യുവകവിയും ആക്ടിവിസ്റ്റുമായ അമീര്‍ അസീസിന്റെ ആലാപന ശൈലി തന്നെ കവിതകളുടെ വരികളോടു നീതി പുലര്‍ത്തുന്ന തരത്തിലായിരുന്നു. ലോക പ്രശസ്ത മ്യൂസിക് ബാന്‍ഡ് പിങ്ക് ഫ്ലോയ്ഡ് ബാന്റിലെ ഗിറ്റാറിസ്റ്റ് റോജര്‍ വാട്ടേഴ്സ് ലണ്ടനില്‍ വെച്ചു നടന്ന പ്രതിഷേധ സമരത്തില്‍ ഈ വരികള്‍ പാടിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ജയിലില്‍ കഴിയുന്ന ജൂലിയന്‍ അസാന്‍ജിന്റെ മോചനത്തിനു വേണ്ടിയായിരുന്നു അദ്ദേഹം ഈ കവിത ആലപിച്ചത്. ലോകത്തിലെ പല രാജ്യങ്ങളിലായി നടക്കുന്ന പ്രതിഷേധ സമരങ്ങളെക്കുറിച്ചു സംസാരിച്ചായിരുന്നു അദ്ദേഹം അമീറിന്റെ കവിത ചൊല്ലിയത്.

“തും റാത്ത് ലികോ ഹം ചാന്ത് ലികേംഗേ – തും ജയില്‍ മെ ഡാലോ ഹം ദീവാര്‍ പഹന്ത് ലികേംഗേ

തും എഫ്.ഐ.ആര്‍ ലികോ ഹം ഹെ തയ്യാര്‍ ലികേംഗേ – തും ഖത്ല്‍ കര്‍ദോ ഹം ബാങ്കെ ബൂത്ത് ലികേംഗേ

തുമാരാ ഖത്ല് കെ സാരെ സബൂത്ത് ലികേംഗേ

തും അദാലത്തോന്‍ സെ ബൈത്കര്‍ ചുട്ട്കുലെ ലികോ – ഹം സദ്കോന്‍ ദിവാറോന്‍ പെ ഇന്‍സാഫ് ലികേംഗേ

ബഹ്റെ ബി സുന്‍ മെ ഇത്നി സോര്‍ സെ ബോലെംഗേ – അന്തെ ബി പദ് ലെ ഇത്നാ സാഫ് ലികേംഗേ

തും കാലാ കമല്‍ ലികോ – ഹം ലാല്‍ ഗുലാബ് ലികേംഗേ

തും സമീന്‍ മെ സുലും ലികോ – ഹം ആസ്മാന്‍ മെ ഇങ്കിലാബ് ലികേംഗേ

സബ് യാദ് രകാ ജായെഗാ – സബ് കുച്ച് യാദ് രകാ ജായെഗാ”

“ഞങ്ങളെ കൊന്നോളൂ, ഞങ്ങള്‍ പ്രേതങ്ങളായി വരും – നിങ്ങള്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് തെളിവുകള്‍ നിരത്തും

നിങ്ങള്‍ കോടതികളിലിരുന്ന് തമാശ പറയുമ്പോള്‍ – ഞങ്ങള്‍ തെരുവുകളില്‍ നീതിയെന്നെഴുതും

ബധിരര്‍ക്ക് പോലും കേള്‍ക്കുമാറുച്ചത്തില്‍ ഞങ്ങള്‍ സംസാരിക്കും – അന്ധര്‍ക്ക് പോലും കാണാനാവും വിധം തെളിച്ചത്തില്‍ ഞങ്ങള്‍ എഴുതും

നിങ്ങള്‍ ഭൂമിയില്‍ ‘അനീതി’ എന്നെഴുതുമ്പോള്‍ – ഞങ്ങള്‍ ആകാശത്ത് ‘വിപ്ലവം’ എന്നെഴുതും

എല്ലാം ഓര്‍ത്തുവെക്കപ്പെടും – എല്ലാം രേഖപ്പെടുത്തിവെക്കപ്പെടും”

ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷയായിരുന്നു ലണ്ടനില്‍ നടന്ന സമര പരിപാടിയില്‍ റോജര്‍ ചൊല്ലിയത്. സമരത്തില്‍ മുഴങ്ങി കേട്ട മറ്റൊരു കവിതയായിരുന്നു തിരക്കഥാകൃത്തും കൊമേഡിയനുമായ വരുണ്‍ ഗ്രോവര്‍ എഴുതിയ ‘ഹം കാഗസ് നഹീ ദിഖായേഗാ’ എന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ മുഴങ്ങിക്കേട്ട ഈ വരികള്‍ ജനാധിപത്യത്തിന്റെ ദേശീയഗീതമായിട്ടായിരുന്നു പലരും വിശേഷിപ്പിച്ചത്. വരുണ്‍ കവിത തുടങ്ങുന്നതിങ്ങനെയാണ്.

“സ്വേഛാധിപതികള്‍ വരും പോവും – പൗരത്വ രേഖകള്‍ ഞങ്ങളൊരിക്കലും കാണിക്കില്ല.

കണ്ണീര്‍ വാതകങ്ങളാല്‍ അന്ധരാക്കിയാലും – കുടിവെള്ളത്തില്‍ വിഷം കലര്‍ത്തിയാലും

ഞങ്ങളുടെ സ്‌നേഹം മധുരിച്ചു തന്നെയിരിക്കും – ഞങ്ങളത് കുടിക്കുകയും ചെയ്യും.

എങ്കിലും, രേഖ കാണിക്കാനൊരുക്കമല്ല – രാം പ്രസാദും ബിസ്മിലും ജീവിക്കുന്ന രാജ്യമാണിത്.

എല്ലാവരുടേയും ചോര നിറമുള്ള ഈ ഭൂമിയെ – നിങ്ങളെങ്ങനെയാണ് നിറം തിരിക്കുക?”

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എഴുതിയ കവിതയിങ്ങനെയായിരുന്നു:

“രാജ്യം അപരിചിതമായിരിക്കുന്നു – ഇതെന്റെ ജന്മദേശമല്ല

ഞാന്‍ പിറന്ന ഇന്ത്യ – ഒരിക്കലും വിവേചനം പഠിപ്പിച്ചിട്ടില്ല,

എന്റെ അവകാശങ്ങള്‍ ചവിട്ടിമെതിക്കാനുള്ള – അവകാശം നിങ്ങള്‍ക്കാരാണ് തന്നത്

നിങ്ങളും നിങ്ങളുടെ ശക്തിയും തുലയട്ടെ.

എന്‍ആര്‍സി, സിഎഎ വെറുപ്പിന്റെ ഉപകരണങ്ങള്‍ – നമ്മള്‍ ക്യൂ നില്‍ക്കില്ല

പാവങ്ങള്‍ വീണ്ടും ക്യൂ നില്‍ക്കണമെന്നോ – ഇനിയും അവരെ വഞ്ചിക്കാനാവില്ല

നമ്മള്‍ എല്ലാവരും പൗരന്മാരാണ് – സിഎഎയും എന്‍ആര്‍സിയും ഞങ്ങള്‍ നിരാകരിക്കുന്നു”

വരുൺ ഗ്രോവർ

ഉപമകളൊന്നുമില്ലാതെ തന്നെ കവിത സാധരണക്കാരനു മനസ്സിലാകുന്ന രൂപത്തില്‍ പറയാനുള്ളത് തുറന്നു പറയുകയാണ്. സിഎഎ പോലോത്ത നിയമങ്ങളെ എതിര്‍ക്കുമെന്നും ഐക്യമുള്ളൊരു ഇന്ത്യയെന്ന രാജ്യമാണ് വേണ്ടതെന്നും കവിത പറയുന്നുണ്ട്.

പൗരത്വ അവകാശ സമരത്തില്‍ പൊലീസിന്റെ അക്രമങ്ങള്‍ക്കിരയായ ജാമിഅഃ മില്ലിയ്യയില്‍ നിന്നുയര്‍ന്നുവന്ന ‘ഖുര്‍ബാന്‍ ജാമിഅഃ തേരെ ഖുര്‍ബാന്‍ ജാമിഅഃ’ എന്ന കവിതയും സമരങ്ങള്‍ക്കിടയില്‍ പ്രതിധ്വനിച്ച മനോഹരമായ കവിതയായിരന്നു. ഇത്തരമൊരു ശൈലി തന്നെയായിരുന്നു ‘ഹം മുസല്‍മാന്‍ ഹു മേ’.. എന്ന കവിതയും. പ്രശസ്ത ഉര്‍ദു കവി റാഹത്ത് ഇന്തോരിയുടെ ഗസലിലെ ചില വരികളും സമരങ്ങളില്‍ മുഴങ്ങിക്കേട്ടിരുന്നു. സാമൂഹ്യമാധ്യമങ്ങള്‍ മുതല്‍ പാര്‍ലമെന്റ് വരെ ഈ ഗസല്‍ സമരക്കാര്‍ക്കു കൂട്ടിനുണ്ടായിരുന്നു.

“ജോ ആജ് സാഹിബെ മസ്നദ് ഹെ – കല്‍ നഹി ഹോംഗേ

കിറായെ ദാര്‍ ഹെ – സാത്തി മകാന്‍ തോഡീ ഹെ

സഭീ കാ ഖൂന്‍ ഷാമില്‍ ഹെ – യഹാം കി മിട്ടീ മെ

കിസീകെ ബാപ്പ് കാ – ഹിന്ദുസ്ഥാന്‍ തോഡീ ഹെ”

“ഇന്ന് അധികാരസ്ഥരായവര്‍ നാളെയുണ്ടാവില്ല – അവര്‍ പാട്ടക്കാരന്‍ മാത്രമാണ്. ഉടമസ്ഥരായി ആരുമില്ല.

ഈ മണ്ണ് എല്ലാവരുടെയും രക്തം കലര്‍ന്നതാണ് – ആരുടെയെങ്കിലും തന്തയുടെ വകയല്ല ഹിന്ദുസ്ഥാന്‍”

സമരങ്ങള്‍ മാത്രമല്ല അതിനെ ചുറ്റിപ്പറ്റി രൂപപ്പെടുന്ന കലയും സാഹിത്യവും കൂടിയാണ് പോരാട്ടങ്ങളെ ജീവസ്സുറ്റതാക്കുന്നത്. പോരാട്ടങ്ങള്‍ എപ്പോഴും വേദനിപ്പിക്കുന്നതും വിരസവുമാണ്. എന്നാല്‍ ഈ പോരാട്ടത്തെ മനോഹരമാക്കുന്നത് അതില്‍ നമ്മള്‍ ആലപിക്കുന്ന കഥകളും കവിതകളും മുദ്രാവാക്യങ്ങളുമാണ്. വളരെ ദുഃഖകരമായൊരു നിമിഷത്തെ അതിജീവിക്കാന്‍ കവിത നമ്മെ സഹായിക്കുന്നു. തണുത്തുറഞ്ഞു പോയൊരു നിമിഷത്തെ ഉച്ചത്തില്‍ ഉയരുന്ന മുദ്രാവാക്യങ്ങള്‍ കൊണ്ട് ഉത്തേജിപ്പിക്കാനാവും. ഒരു ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ പോരാട്ടത്തെ വിജയത്തോളം നയിക്കാന്‍ പോന്ന ഊര്‍ജ്ജപ്രവാഹമാണ് നമുക്ക് സമ്മാനിക്കുന്നത്. ഒരു പോരാട്ടത്തില്‍ കല ആ നിമിഷത്തെ അതിജീവനത്തിനും പില്‍ക്കാലത്തെ ഓര്‍മ്മപ്പെടുത്തലിനും വേണ്ടിയുള്ളതാണ്. അത് വര്‍ത്തമാനത്തിനും ഭാവിക്കും മീതെ കാലാതിവര്‍ത്തിയായി എല്ലാ പോരാട്ടങ്ങളെയും കണ്ണിചേര്‍ക്കുന്നൊരു നൂലായി നിലനില്‍ക്കും. അതിനാല്‍ കലയും കവിതയും ഒരു സമരത്തില്‍ അനിവാര്യമാണ്.

അതിനെക്കുറിച്ചാണ് പ്രശസ്തനായ ജര്‍മന്‍ കവി ബ്രെറ്റോള്‍ട് ബ്രെഹ്ത് (Bertolt Brecth) എഴുതിയത്:

“ഇരുണ്ട കാലങ്ങളില്‍ പാട്ടുകളുണ്ടാവുമോ?

അതെ, ഇരുണ്ട കാലങ്ങളെക്കുറിച്ച്”

 


അവലംബം:

  1. ‘ഹം ദേഖേംഗേ’ സിയാ ഉള്‍ ഹഖ് മുതല്‍ നരേന്ദ്ര മോദി വരെ, സര്‍ക്കാര്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരാനുള്ള ഒരു ഫൈസ് കവിതയുടെ നിയോഗം, ബാബു രാമചന്ദ്രന്‍, ഏഷ്യനൈറ്റ് ന്യൂസ്. ജനുവരി 2, 2020.
  2. ‘വെറുപ്പാണ് നിങ്ങളുടെ ഉള്ളം മുഴുവന്‍’ എന്‍.ആര്‍.സിക്കും സി.എ.എയ്ക്കുമെതിരെ കവിതയുമായി മമതാ ബാനര്‍ജി. മാതൃഭുമി, ഡിസംബര്‍ 28, 2019.
  3. അറബ് വസന്തം വിരിയിച്ച ശാബി കവിതകള്‍. അബൂ സ്വാലിഹ, പ്രബോധനം വാരിക, മാര്‍ച്ച് 10, 2012.
  4. പൗരത്വ പ്രതിഷേധ കവിതകളിലെ വരികള്‍ ഏറ്റെടുത്ത് ലോകപ്രശസ്ത മ്യൂസിക് ബാന്‍ഡ് പിങ്ക് ഫ്‌ളോയ്ഡ്. ഡ്യൂല്‍ന്യൂസ്, ഫെബ്രുവരി 27,2020.

ഫാസില്‍ ഫിറോസ്