Campus Alive

ആളുകൾ വെറും അക്കങ്ങളല്ല: ഇന്ത്യൻ സാഹചര്യത്തിൽ കാഫ്കയെ വായിക്കുമ്പോൾ

2019 ഡിസംബർ 7ന് ഇന്ത്യൻ ചീഫ് ജസ്റ്റിസ്‌ എസ്എ ബോബ്‌ഡെ ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി: നീതി തൽക്ഷണം ഉണ്ടാകാവുകയോ പകപോക്കലിന്റെ രൂപം പ്രാപിക്കുകയോ ചെയ്യരുത്. തൊട്ടു തലേദിവസം, ഹൈദരാബാദിൽ മൃഗഡോക്ടറായ ഇരുപത്തിയേഴുകാരിയെ ബലാത്സംഗം ചെയ്തു എന്നാരോപിക്കപ്പെട്ട നാലുപേർ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കിരയായ സംഭവത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ സംഭവം, ഇന്ത്യൻ നിയമസംവിധാനങ്ങളുടെ ശേഷിക്കുറവുകളെ കുറിച്ച ചർച്ചകൾക്ക് വഴിമരുന്നിട്ടു. കേസ് കൈകാര്യം ചെയ്യുന്നതിൽ തെലങ്കാന പോലീസിന്റെ മെല്ലെപ്പോക്ക് മുൻപുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പീഡനം നടന്ന അന്നുതന്നെ, കൃത്യം നടന്ന ഷംഷാബാദ് ടോൾ പ്ലാസക്കടുത്തെ പോലീസ് സ്റ്റേഷനിൽ യുവതി എത്തിയിരുന്നു. എന്നാൽ, കൃത്യം നടന്ന സ്ഥലം സ്റ്റേഷൻ പരിധിക്കു പുറത്താണെന്ന ന്യായം പറഞ്ഞുകൊണ്ട് അവരെ തിരിച്ചയക്കുകയാണ് പോലീസ് ചെയ്തത്. അടുത്ത സ്റ്റേഷനിലും സ്റ്റേഷൻ നിയമപരിധിയെകുറിച്ച ന്യായീകരണങ്ങൾ തുടർന്നുകൊണ്ടിരുന്നു. 4 മണിക്കൂറുകൾക്കു ശേഷമാണ് യുവതിയുടെ പരാതി രേഖപ്പെടുത്തപ്പെട്ടത്. തുടർന്ന് യുവതിയെ അന്വേഷിച്ചിറങ്ങിയ പോലീസിനു ടോൾ പ്ലാസക്കടുത്ത് നിന്നു ലഭിച്ചത് യുവതിയുടെ കത്തിക്കരിഞ്ഞ മൃതശരീരമായിരുന്നു.

ആ ദിവസം തന്നെ ഹൈദരാബാദ് കേസിൽ ആരോപിതരായവർ പോലീസ് വെടിയുണ്ടക്കിരയായി. മുൻപ് ഉന്നാവോ കേസിൽ പീഡനത്തിനിരയായ ഇരുപത്തി മൂന്നുകാരി, 90% പൊള്ളലേറ്റതിനെത്തുടർന്ന് ഡൽഹിയിലെ സഫ്ദജങ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ഹൃദയാഘാതം മൂലം മരണത്തിനു കീഴടങ്ങിയതും ജനരോഷത്തിനു കാരണമായിരുന്നു. തലേദിവസം, തന്നെ പീഡിപ്പിച്ചവർക്കെതിരിൽ കോടതി ഹിയറിങിനു പോകുന്ന വഴി, അക്രമികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയും മർദ്ദിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും തീയിടുകയും ചെയ്യുകയായിരുന്നു. കുറ്റാരോപിതർ തന്നെയാണ് ഇതും ചെയ്തതെന്നു കരുതപ്പെടുന്നു.

പെൺകുട്ടിയുടെ കുടുംബം ഇതിനുമുൻപേ അക്രമങ്ങൾക്കിരയായിട്ടുണ്ട്. കേസിലെ പ്രധാന ആരോപിതൻ ജാമ്യത്തിലിറങ്ങിയതു മുതൽ കേസ് പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന ഭീഷണിയുമായി പെൺകുട്ടിയെ പിന്തുടർന്നിരുന്നു. പെൺകുട്ടിയുടെയും കുടുംബത്തിന്റെയും പരാതികളോട് ആരോപിതരുടെ രാഷ്ട്രീയ സ്വാധീനം പരിഗണിച്ചുകൊണ്ട് നിസ്സംഗ നിലപാടാണ് പോലീസ് സ്വീകരിച്ചത്. അവരിലൊരാൾ ഗ്രാമമുഖ്യന്റെ മകനായിരുന്നു. കുറ്റാരോപിതൻ പെൺകുട്ടിയുടെ പിതാവിനെയും പത്തു വയസ്സുള്ള പെൺകുട്ടിയെയും മരുമകളെയും ക്രൂരമായി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സ്കൂളിൽ നിന്ന് പെൺകുട്ടിയുടെ പേര് വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും പിതാവിന്റെ വിളകൾ നശിപ്പിക്കുകയും ചെയ്തു. ആ കുടുംബം എല്ലാ അർഥത്തിലും പീഡിപ്പിക്കപ്പെട്ടു എന്ന് കോൺഗ്രസ്‌ നേതാവ് പ്രിയങ്കഗാന്ധി പ്രസ്താവിക്കുകയുണ്ടായി.

സമീപകാലത്ത് ഉന്നാവയിൽ നിന്ന് ഉയർന്നുവന്നതിൽ ഒന്നു മാത്രമാണ് ഈ കേസ്. 2019 ഡിസംബർ ഇരുപതിന് മുൻ ബിജെപി എം.എൽ.എ ആയിരുന്ന കുൽദീപ് സിങ് സെൻഗർ 17കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതിന് ജീവപര്യന്തം തടവിനു വിധിക്കപ്പെടുകയുണ്ടായി. ഒരു വർഷം മുൻപാണ് കേസിനാസ്പദമായ സംഭവങ്ങളുണ്ടായത്. കേസിന്റെ മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് പെൺകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ വസതിക്കു മുൻപിൽ തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചപ്പോഴാണ് സംഭവം വീണ്ടും ചർച്ചയായത്. പെൺകുട്ടിയുടെ പിതാവ് ദിവസങ്ങൾക്കു മുൻപ് അറസ്റ്റു ചെയ്യപ്പെടുകയും സെൻഗാറിന്റെ സഹോദരനും അനുയായികളും ചേർന്ന് മർദ്ദിക്കുകയും ചെയ്തതാണ് തീവ്രനിലപാട് സ്വീകരിക്കുന്നതിലേക്ക് പെൺകുട്ടിയെ നയിച്ചത്.

ഗുരുതരമായി പരിക്കേറ്റ പിതാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചു മാസങ്ങൾക്കു ശേഷം, പതിനെട്ടു വർഷം മുൻപ് നടന്ന കേസിന്റെ പേരിൽ പെൺകുട്ടിയുടെ അമ്മാവനെ പോലീസ് അറസ്റ്റു ചെയ്തു. പീഡനം നടന്ന് ഒരു വർഷത്തിനു ശേഷം 2019 ജൂലൈയിൽ പെൺകുട്ടിയെയും പെൺകുട്ടിയുടെ ബന്ധുക്കളെയും വക്കീലിനെയും ട്രക്കിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു. ട്രക്ക് സഞ്ചരിച്ചിരുന്നത് റോങ് സൈഡിലൂടെ ആയിരുന്നു എന്നുമാത്രമല്ല നമ്പർ പ്ലേറ്റുകൾ കറുത്ത പെയിന്റടിച്ച് മറക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയും വക്കീലും രക്ഷപ്പെട്ടെങ്കിലും, പെൺകുട്ടിയുടെ ബന്ധുക്കൾ കൊല്ലപ്പെടുകയാണുണ്ടായത്.

കുൽദീപ് സിങ് സെൻഗർ

ഇന്ത്യയിലെ പല ക്രിമിനൽ കേസുകളിലും ഇരകൾക്കെതിരിൽ സമാന ശൈലിയിലുള്ള അക്രമങ്ങൾ സാധാരണമായി കാണപ്പെട്ടു തുടങ്ങിയിരിക്കുന്നു. ചില സന്ദർഭങ്ങളിൽ അധികാരസ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥരുടെ പീഡനങ്ങൾക്കിരയാവുന്നർ തുടർന്നും അനവധി അക്രമങ്ങൾക്കിരയാകുന്നു. അവരും അവരുടെ കുടുംബവും നിരന്തരം വേട്ടയാടപ്പെടുന്നു. സഹായം അന്വേഷിച്ചു ചെല്ലുന്നവർ പോലും പലനിലക്ക് പീഡിപ്പിക്കപ്പെടുന്നു. പീഡനത്തിരയായ പെൺകുട്ടി അനുഭവിക്കുന്ന മാനസിക ആഘാതങ്ങൾ തന്നെ അവരെ തളർത്തിയിട്ടുണ്ടാകും. അതിനെ തുടർന്നുവരുന്ന കേസും ബഹളവും അവരുടെ ജീവിതവ്യവഹാരങ്ങളെയാകെ തകിടം മറിക്കുന്നു. നീതിയുടെ സംസ്ഥാപനത്തിനുവേണ്ടി സ്ഥാപിക്കപ്പെട്ട അതേ ബ്യൂറോക്രസിയെ അധികാരസ്ഥാനങ്ങൾ എളുപ്പം നിയന്ത്രിക്കുകയും, വ്യക്തി ജീവിതത്തിൽ തടസ്സങ്ങളുടെ നൂലാമാലകൾ തീർക്കുകയും ചെയ്യുന്നു. കേസും പോരാട്ടവുമായി മുന്നോട്ടു പോവാനുള്ള ഇച്ഛാശക്തിയെയാണ് അത് തകർക്കുന്നത്. ട്രക്ക് സംഭവത്തിനു ശേഷം, തന്റെ കുടുംബത്തെയും കേസിലെ സാക്ഷികളെയും ഇല്ലാതാക്കാനുള്ള ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് ഉന്നാവോ പെൺകുട്ടിയുടെ സഹോദരി ‘ദി ഹിന്ദു’ പത്രത്തോട് പറയുകയുണ്ടായി. കേസ് നടത്താൻ ആരുമില്ലാതെ വരണം എന്നാണവർ ആഗ്രഹിക്കുന്നത്.

അധികാര ചൂഷണങ്ങൾ ലൈംഗിക അതിക്രമങ്ങളുടെ രൂപം പ്രാപിക്കുന്നതും, സാധാരണ ജീവിതങ്ങളെ അവതാളത്തിലാക്കുന്ന ബ്യൂറോക്രസിയുടെ ഇടപെടലുകളും ഇന്ന് പൊതു അനുഭവമായിത്തീർന്നിരിക്കുന്നു. ശ്രേണീബദ്ധമായ അധീശ വ്യവസ്ഥിതിയെ സ്വാംശീകരിച്ചുകൊണ്ടാണ് ബ്യൂറോക്രസിയുടെ ചൂഷണങ്ങൾ അരങ്ങേറുന്നത്. അധികാരകേന്ദ്രങ്ങളോടുള്ള മമതയും നീക്കുപോക്കുകളും കാര്യനിർവഹണത്തിന്റെ ഭാഗമായി മാത്രമാണ് അവിടെ മനസ്സിലാക്കപ്പെടുന്നത്. ലിഖിത നിയമങ്ങൾ നിലനിൽക്കുമ്പോൾ തന്നെ അവ പാലിക്കുന്നതിന് വിഘാതമുണ്ടാകുന്നു. പലപ്പോഴും ലംഘിക്കപ്പെടുകയും ചെയ്യുന്നു. അധികാര ദുർവിനിയോഗത്തിന്റെ മറപിടിക്കാനായി ഉപയോഗപ്പെടുത്തപ്പെടുന്ന ഏതെങ്കിലും സംഘടനാ പ്രവർത്തനങ്ങളുടെ സ്വാഭാവിക പ്രത്യാഘാതമായി മാത്രമേ പലപ്പോഴും ഇത്തരം ക്രമരാഹിത്യങ്ങൾ മനസ്സിലാക്കപ്പെടാറുള്ളൂ. തങ്ങളുടെ അധികാരപദവി ചൂഷണം ചെയ്യാൻ താൽപര്യപ്പെടുന്നവർ ആഗ്രഹിക്കുന്നതും ഇത്തരമൊരു വികേന്ദ്രീകൃതവും ഗുപ്തവുമായ സംവിധാനമാണ്.

ഫ്രാൻസ് കാഫ്ക

ചൂഷണാത്മകമായ ഇത്തരം സാമൂഹിക വ്യവസ്ഥകളുടെയും, സാധാരണ മനുഷ്യരുടെ ജീവിതത്തിൽ അതുണ്ടാക്കുന്ന ഹീനമായ പ്രത്യാഘാതങ്ങളുടെയും അനുരണങ്ങൾ കൂടുതലായി ദൃശ്യപ്പെടുന്നത് ഫ്രാൻസ് കാഫ്കയുടെ എഴുത്തുകളിലാണ്. ഇത്തരം സാമൂഹ്യവ്യാഖാനങ്ങളുടെ വ്യത്യസ്തവും വിശാലവുമായ ഭൂമികകളിലേക്ക് കാഫ്കൻ സാഹിത്യങ്ങൾ സഞ്ചരിക്കുന്നുണ്ട്. ‘അനന്തതയും’ (infinity) അധമത്വവുമാണ് (subordination) കാഫ്കൻ സാഹിത്യങ്ങളുടെ കേന്ദ്രപ്രമേയങ്ങളെന്ന് യോർഗസ്‌ ലൂയിസ് ബോർജസ്‌ എഴുതിയിട്ടുണ്ട്. അധീശത്വ ശക്തികൾക്കെതിരെ പോരാടുന്നവർ അനുഭവിക്കുന്ന ബലഹീനതയെയും നിരന്തരമായ ആശങ്കകളെയും കുറിച്ച വ്യക്തമായ പ്രതിപാദനങ്ങൾ അതിലടങ്ങിയിരിക്കുന്നു. സ്റ്റേറ്റിന്റെ ഉദ്യോഗസ്ഥവൃന്ദം അവിചാരിതമായി നായകന്റെ ജീവിതത്തിൽ വിനാശകരമായി ഇടപെടുന്ന കഥാവസരങ്ങളാണ് കാഫ്കൻ കൃതികളിൽ അധികവും. 1939ൽ ‘ഇംഗ്ലീഷ് ലെക്സിക്കോണിൽ’ (വിഷയാനുബന്ധ ശബ്ദകോശം) ‘കാഫ്കസ്‌ക്യൂ’ എന്ന പദം ചേർക്കപ്പെട്ടതോടെ, ചൂഷണാത്മക സംവിധാനങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തിയുടെ മാനസികസംഘർഷങ്ങളെ കുറിച്ച കാഫ്കൻ അവബോധങ്ങൾ ഔപചാരികമായി അംഗീകരിക്കപ്പെട്ടു. അയുക്തികവും അതിസങ്കീർണവും ഭയാനകവുമായ മാനസികാവസ്ഥകളെ ‘കാഫ്കസ്‌ക്യൂ’ ധ്വനിപ്പിക്കുന്നു. ഇന്ത്യയുടെ സങ്കീർണമായ വിസ സംവിധാനം മുതൽ ഓരോ ഇന്ത്യക്കാരുടെയും സാധാരണ നിർവഹണ സംവിധാനങ്ങൾ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയിലെ പ്രശ്നസങ്കീർണതകളെ കുറിക്കാൻ വരെ ‘കാഫ്കസ്‌ക്യൂ’ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

സമീപകാലത്ത് രാജ്യവ്യാപകമായി ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) നടപ്പിലാക്കാനുള്ള നീക്കത്തിന്റെ ഭയാനകമായ യാഥാർഥ്യങ്ങളെ കുറിക്കാൻ നാഷണൽ പോളിസി റിസേർചിന്റെ പ്രസിഡന്റ് പ്രതാപ് ഭാനു മെഹ്ത ആ പദം ഉപയോഗിക്കുകയുണ്ടായി. പൗരന്മാരുടെ ഡാറ്റാബേസ് നിർമിക്കാനുള്ള ശ്രമങ്ങൾ മുൻപ് സുപ്രീംകോടതിയുടെ അധ്യക്ഷതയിൽ ആസാമിൽ മാത്രമായിരുന്നു നടന്നത്. 2019 ആഗസ്റ്റ്‌ പത്തൊമ്പതിന് എൻ.ആർ.സിയുടെ അന്തിമലിസ്റ്റു പുറത്തുവന്നപ്പോൾ 1.9 മില്യൺ ആളുകൾ ലിസ്റ്റിനു പുറത്താവുകയും പൊടുന്നനെ ദേശരഹിതരാക്കപ്പെടുകയുമാണ് ചെയ്തത്.

2018 ജൂലൈയിൽ പുറത്തുവന്ന ഡ്രാഫ്റ്റ് ലിസ്റ്റിൽ നിന്ന് 4 മില്യൺ ആളുകളാണ് പുറന്തള്ളപ്പെട്ടിരുന്നത്. ആസ്സാമിന്റെ കുന്നിൻപ്രദേശങ്ങളിലും താഴ്വരകളിലുമായി വസിക്കുന്ന 33 മില്യൺ ആളുകളാണ് തങ്ങളുടെ പൗരത്വം തെളിയിക്കപ്പെട്ടു കിട്ടുന്നതിനുവേണ്ടി നാലു വർഷം നീണ്ട, ദുർഘടമായ പ്രക്രിയയിൽ പങ്കെടുത്തത്. മൊത്തം ജനസംഖ്യയുടെ 30 ശതമാനത്തോളം നിരക്ഷരരും ദാരിദ്രരേഖക്കു താഴെയുള്ളവരുമായ ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ ബ്യൂറോക്രസിയെ ഉപയോഗിച്ചു നടത്തിയ ഈ പ്രക്രിയ, മില്യൺ കണക്കിന് ആളുകളുടെ ജീവിതത്തെയാണ് ദുരിതത്തിലാക്കിയത്. ഹിയറിങ്ങിനു വേണ്ടി നൂറുകണക്കിന് കിലോമീറ്ററുകൾ യാത്രചെയ്യേണ്ടി വരുന്ന ചെലവിലേക്കും, മറ്റു നിയമപ്രക്രിയകളിലുമായി തങ്ങളുടെ ദിവസവരുമാനങ്ങളടക്കം ആളുകൾക്ക് ചെലവു ചെയ്യേണ്ടിവരുന്നു.

ജനങ്ങൾക്കു വേണ്ടി സ്ഥാപിക്കപ്പെട്ട സംവിധാനങ്ങളും സ്ഥാപനങ്ങളും ജനങ്ങൾക്കെതിരിൽ തിരിയുന്ന സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദുരന്തസന്ധിയിൽ കാഫ്കയെ ഓർക്കേണ്ടത് അതിപ്രധാനമാണ്. ആവശ്യമായ നിയമപ്രക്രിയകൾ പൂർത്തീകരിച്ചുകഴിഞ്ഞാൽ ആരും ദേശരഹിതരാവുകയില്ല എന്നാണ് സ്റ്റേറ്റ് വാഗ്‌ദാനം. എന്നാൽ ഈ നിയമപ്രക്രിയകൾ തന്നെ അതിഭീതിതമായ ശിക്ഷാരൂപം പ്രാപിക്കുന്ന അനുഭവങ്ങളെ മുന്നിൽ വെച്ചുകൊണ്ടു മാത്രമേ ഈ വാഗ്ദാനത്തെ മനസ്സിലാക്കാൻ തരമുള്ളൂ. കാഫ്കൻ സാഹിത്യങ്ങൾക്ക് ഇതിനെ വിശദീകരിക്കാൻ സാധിക്കും. സ്വന്തം പൗരന്മാരെ വഞ്ചിക്കുന്ന അധികാരസ്ഥാപനത്തിനു കീഴിൽ ജീവിക്കേണ്ടിവരുന്നവരുടെ മാനസിക സംഘർഷങ്ങളുടെ പ്രാതിനിധ്യപരമായ അനുഭവങ്ങൾ കാഫ്കൻ സാഹിത്യങ്ങളിൽ കാണാൻ സാധിക്കും. അവരെക്കുറിച്ച മാനുഷിക ഭാവനകളെയും സഹാനുഭൂതിയെയും ഉദ്ധീപിപ്പിക്കാൻ തക്ക ക്ഷമതയുള്ളതാണ് കാഫ്കൻ എഴുത്തുകൾ.

കാഫ്കയുടെ ‘മെറ്റാമോർഫസിസ്‌’ എന്ന ചെറുകഥയാണ് തീർച്ചയായും ഇക്കൂട്ടത്തിൽ പ്രഥമസ്ഥാനത്തുള്ളത്. ഉറക്കത്തിൽ നിന്നുണർന്ന താനൊരു വലിയ പ്രാണിയായി രൂപംപ്രാപിച്ചതു കണ്ട് ഞെട്ടിത്തരിക്കുന്ന, വഴിക്കച്ചവടക്കാരനായ ഗ്രിഗർ സാംസയുടെ കഥയാണിത്. പ്രാണിയായി രൂപപ്പെട്ടതിനുശേഷം സ്വകുടുംബമുൾപ്പെടെ മുഴുവൻ സമൂഹത്തിന്റെയും തിരസ്കരണത്തിന്റെ സാദൃശ്യത അദ്ദേഹം കണ്ടെത്തുന്നത് ജൂതരെ അന്യാധീനപെടുത്തുന്ന ഹിറ്റ്ലറിന്റെ നടപടികളിലാണ്. ഹോളോകോസ്റ്റ് സാധ്യമാക്കുന്നതിൽ, സഹജനങ്ങളെ ദുരിതത്തിലാക്കാൻ തുനിഞ്ഞിറങ്ങിയ ജർമൻ ആഢ്യജനക്കൂട്ടത്തിന്റെ പങ്ക് വലുതാണ്. അതിനുവേണ്ടി ജൂതസമൂഹത്തിന്റെ മനുഷ്യത്വം കെടുത്തുന്ന വ്യവസ്ഥാപിതവും ആസൂത്രിതവുമായ പദ്ധതികൾക്ക് അവർ തുടക്കംകുറിച്ചു. സിനിമകളിലും കാർട്ടൂണുകളിലും മാസികകളിലും ജൂതരെ കീടങ്ങളും എലികളുമായി ചിത്രീകരിച്ചു. ഇത് സമകാലിക ഇന്ത്യൻ യാഥാർഥ്യങ്ങളോട് അപകടകരമാം വിധം സാദൃശ്യപ്പെടുന്നുണ്ട്. പൗരത്വ ഭേദഗതി നിയമം ഹിറ്റ്ലറിന്റെ ന്യൂറംബർഗ് നിയമങ്ങളോട് സാമ്യപ്പെടുത്തപ്പെടുന്നതു പോലെ. ന്യൂറംബർഗ് നിയമപ്രകാരം ജൂതരൊഴികെയുള്ള എല്ലാ വിഭാഗങ്ങളും പൗരന്മാരായി പരിഗണിക്കപ്പെടുന്നു. വിവിധ റാലികളിൽ നടത്തിയ പ്രഭാഷണങ്ങളിൽ ബംഗ്ലാദേശി കുടിയേറ്റക്കാരെ അമിത് ഷാ വിശേഷിപ്പിച്ചത് രാജ്യത്തു നിന്ന് തുരത്തേണ്ട ‘കീടങ്ങൾ’ എന്നാണ്. തങ്ങളുടെ രാജ്യത്തുനിന്നും ചില വിഭാഗങ്ങളെ ഒന്നടങ്കം വംശഹത്യക്കു വിധേയമാക്കിയ അധീശത്വ ഭരണാധികാരികൾ ഉപയോഗിച്ച പദാവലികളുടെ പ്രതിധ്വനിയാണ് അമിത് ഷായുടെ ഈ പരാമർശം.

കാഫ്കയുടെ മറ്റു രണ്ട് പ്രധാന നോവലുകളായ ‘വിചാരണയിലും’ (the trial) ‘ദി കാസിലിലും (the castle) സ്ഥാപനവൽകൃത ലൈംഗിക അക്രമങ്ങളും, ചൂഷണാടിസ്ഥിത ബ്യൂറോക്രസിയും കേന്ദ്രപ്രമേയങ്ങളായി കടന്നുവരുന്നുണ്ട്. 1922ൽ പുറത്തിറങ്ങിയ കാഫ്കയുടെ അവസാന നോവലായ ‘ദി കാസിലിൽ’ ഭൂമി സർവയറായ നായകൻ ‘കെ’, അജ്ഞാതമായ ഒരു പ്രദേശത്തേക്ക് വിളിക്കപ്പെടുന്നു. നിറയെ അവ്യക്തതകളാണ് അവിടെ കെയെ കാത്തിരുന്നത്. ഗ്രാമവാസികൾക്ക് അദ്ദേഹത്തെ ആവശ്യമുണ്ടായിരുന്നില്ല. ആഴ്ചകളും വർഷങ്ങളും യാതൊരു മാറ്റവുമില്ലാതെ കടന്നുപോയി. ഇതിനിടക്ക് ഗ്രാമവാസികളും കൊട്ടാരത്തിലെ (castle) ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കാനും തന്റെ ജോലി നിയമനം സ്ഥാപിച്ചിച്ചെടുക്കാനും കെ പരിശ്രമിക്കുന്നുണ്ട്. ഗ്രാമവാസികളും ഉദ്യോഗസ്ഥരുമായി കെയെ ബന്ധിപ്പിക്കുന്ന ഒരേയൊരു കണ്ണി, അദ്ദേഹത്തിന്റെ ദൂതൻ ബർണബാസാണ്. അയാളാണെങ്കിൽ അടുത്തുതന്നെ എല്ലാം ശരിയാകും എന്ന വാഗ്‌ദാനത്തിൽ ഉറച്ചുനിക്കുകയും ചെയ്യുന്നു. അവസാനം കെ ഒരുവിധേന കൊട്ടാരത്തിൽ എത്തിപ്പെടുന്നുണ്ട്. അറ്റമില്ലാത്ത റോഡുകളിലൂടെ നടന്നു തളർന്നാണ് അദ്ദേഹം കൊട്ടാരത്തിലെത്തിപ്പെടുന്നത്.

ബർണബാസിന്റെ ബഹിഷ്‌കൃതമായ കുടുംബത്തിന്റെ കഥ പറയുന്നിടത്ത്, സ്ഥാപനവൽകൃത ലൈംഗിക അക്രമങ്ങളെക്കുറിച്ച സൂചനകളുണ്ട്. കൊട്ടാരത്തിലെ ഫയർ ബ്രിഗേഡ് നടത്തിയ ആഘോഷങ്ങൾക്കു വേണ്ടി ബർണബാസിന്റെ സഹോദരിമാർ ആഴ്ചകളോളം പണിയെടുക്കുകയുണ്ടായി. അവരിലൊരുവളായ അമേലിയ, വലിയ സ്വാധീനങ്ങളുള്ള കൊട്ടാരം ഉദ്യോഗസ്ഥൻ സോർട്ടിനിയുടെ ശ്രദ്ധയിൽപെടുന്നു. പിറ്റേ ദിവസം അശ്ലീല ചുവയിൽ എഴുതിയ കത്തുമായി ഒരു ദൂതൻ അമേലിയയുടെ അടുത്തെത്തുന്നു. സാധാരണയായി ഗ്രാമങ്ങളിൽ നിന്ന് യുവതികളെ കൊണ്ടുപോകാനായി അധികാരികളുടെ ദൂതന്മാർ അപ്രകാരം വരാറുണ്ടായിരുന്നു.

സോർട്ടിനി അമേലിയയിൽ ആകർഷിക്കപ്പെടുകയും തന്റെ ജോലിയിൽ നിന്ന് വ്യതിചലിക്കപ്പെടുകയും ചെയ്യുന്നു. അമേലിയയോട് തന്നെ സമീപിക്കാൻ ആവശ്യപ്പെടുന്ന സോർട്ടിനി, വന്നില്ലെങ്കിൽ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യുന്നു. ആ കത്തു വലിച്ചുകീറി കൊണ്ടുവരുന്നയാളുടെ മുഖത്തെറിഞ്ഞുകൊണ്ടായിരുന്നു അമേലിയയുടെ മറുപടി. ഇത് അമേലിയയുടെ കുടുംബത്തെ പതനത്തിലേക്കും സാമൂഹിക ബഹിഷ്കരണത്തിലേക്കും നയിച്ചു. അവളുടെ സഹോദരി ഓൾഗ പറയുന്നതുപോലെ ഔദ്യോഗിക നിയമങ്ങളുപയോഗിച്ചു കൊണ്ട് അവളെ ശിക്ഷിക്കാൻ സാധിക്കില്ല. നേരിട്ടല്ല അവൾ ശിക്ഷിക്കപ്പെടുക. എന്നാൽ അവളും കുടുംബവും മറ്റനേകം വഴികളിലൂടെ നിരന്തരം ശിക്ഷിക്കപ്പെട്ടുകൊണ്ടിരുന്നു. സുഹൃത്തുക്കളിൽ നിന്നും പരിചയമില്ലാത്തവരിൽ നിന്നും കത്തിന്റെ പിന്നിലുള്ള യഥാർഥ കഥയെക്കുറിച്ച നിരന്തരമായ ചോദ്യങ്ങളോടെയാണ് അവൾക്കു നേരെയുള്ള പീഡനപർവം ആരംഭിക്കുന്നത്. ഉപഭോക്താക്കൾ അവളുടെ പിതാവിനെ ഉപേക്ഷിച്ചു പോവുകയും ബർണബാസിനെ ഫയർ ബ്രിഗേഡിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു. അവളുടെ കുടുംബം സ്ഥലം മാറുകയും മറ്റൊരു ചെറിയ കോട്ടേജിൽ താമസമാക്കുകയും ചെയ്യുന്നു. അനേകം തവണകളിലായാണ് അവരുടെ ജംഗമവസ്തുക്കൾ പുതിയ താമസസ്ഥലത്തേക്ക് മാറ്റപ്പെടുന്നത്. ഇതിനിടയിൽ ഗ്രാമവാസികളുമായി സമാധാനപരമായി പുനരധിവസിക്കാൻ അവർ ശ്രമിക്കുന്നുണ്ടെങ്കിലും അവരെ കാണുമ്പോഴെല്ലാം ഗ്രാമവാസികൾ തിരിഞ്ഞുനടക്കുകയാണ് ചെയ്യുന്നത്. കൊട്ടാരത്തിന്റെ സൂപ്രണ്ടുമാർക്കും സെക്രട്ടറിമാർക്കും അമേലിയയുടെ പിതാവ് സമർപ്പിക്കുന്ന പെറ്റീഷനുകൾ പാഴ്ശ്രമങ്ങൾ മാത്രമായി കലാശിക്കുന്നു. ബ്യൂറോക്രസിയുടെ സ്വാധീനങ്ങളുപയോഗിച്ചുകൊണ്ട് കേസ് നേരെ തിരിച്ചിടുകയാണ് അവർ ചെയ്യുന്നത്. എന്താണ് നിങ്ങളദ്ദേഹത്തെ ചെയ്തത്? എന്തിന്റെ പേരിലാണ് അദ്ദേഹം നിങ്ങൾക്കു മാപ്പു തരേണ്ടത്? എന്നൊക്കെയാണ് അമേലിയയുടെ അച്ഛനോട് ബ്യൂറോക്രാറ്റുകൾ ചോദിക്കുന്നത്. പരിഹാരം ലഭിക്കേണ്ട സ്ഥാനത്ത് കുറ്റം അദ്ദേഹത്തിനുമേൽ ചുമത്തപ്പെടുകയാണ് ഫലത്തിൽ സംഭവിക്കുന്നത്.

കാലം കടന്നുപോകുന്തോറും അവളുടെ പിതാവ് വാർദ്ധക്യസഹജമായ അവശതകളിൽ പെട്ടുപോകുന്നു. അദ്ദേഹം ഉദ്യോഗസ്ഥരെ കണ്ടാൽ മാപ്പുചോദിക്കുന്നതിനു വേണ്ടി കൊട്ടാരവാതിൽക്കൽ തന്നെ നിലയുറപ്പിച്ചു. പ്രായാധിക്യം മൂലം ഇതിനു സാധിക്കാതെ വന്നപ്പോൾ ഓൾഗ അടുത്തുള്ള ഒരു ബാറിൽ ജോലിയിൽ പ്രവേശിച്ചു. അമേലിയ അപമാനിച്ചുവിട്ട ദൂതനെക്കണ്ടാൽ മാപ്പു ചോദിക്കണമെന്ന് കരുതിയെങ്കിലും അയാളെ കണ്ടെത്താൻ ഓൾഗക്കു സാധിച്ചില്ല. എന്നിരുന്നാലും കൊട്ടാരം അധികൃതരുമായി സ്ഥാപിച്ച അനൗദ്യോഗിക ബന്ധം മുഖേന തന്റെ സഹോദരന് സർവെയറുടെ ദൂതനായി ജോലി വാങ്ങിക്കൊടുക്കാൻ അവൾക്കു സാധിച്ചു. ഔദ്യോഗിക പ്രക്രിയകളോ പ്രതിബന്ധങ്ങളോ കൂടാതെ തന്നെ കൊട്ടാരത്തിൽ പ്രവേശിക്കാൻ സാധിക്കുന്ന മാർഗങ്ങളെക്കുറിച്ച് കൊട്ടാരം സേവകരിൽ നിന്നു തന്നെ ഞാൻ പഠിച്ചു എന്ന് ഓൾഗ കെയോടു പറയുന്നുണ്ട്.

അമേലിയയുടെ കഥ രണ്ട് ഉന്നാവോ സംഭവങ്ങളോടും സാമ്യപ്പെടുന്നുണ്ട്. 1990ലെ ‘രുചിക ഗിർഹോത്രാ’ കേസിൽ പതിനാലുകാരിയായ പെൺകുട്ടി ഐ.പി.എസ് ഉദ്യോഗസ്ഥനാൽ മാനഭംഗം ചെയ്യപ്പെടുകയും, അതേപ്പറ്റി പരാതിപ്പെട്ടപ്പോൾ പെൺകുട്ടിയും കുടുംബവും പോലീസിന്റെയും മറ്റുദ്യോഗസ്ഥരുടെയും വ്യവസ്ഥാപിത പീഡനങ്ങൾക്കിരയാവുകയും ചെയ്തു. ഫീസ് അടച്ചില്ല എന്ന കാരണത്താൽ പഠിച്ചുകൊണ്ടിരുന്ന സ്കൂളിൽ നിന്നും രുചിക പുറത്താക്കപ്പെട്ടു. മുൻ‌കൂർ നോട്ടീസ് നൽകാതെ സാധാരണ നടപടി എന്ന നിലക്കാണ് പെൺകുട്ടിയെ പുറത്താക്കിയത്. സമാനമായ 135 ഫീസ് കുടിശ്ശിക കേസുകൾ നിലനിൽക്കെ രുചിക മാത്രമാണ് അക്കാരണത്താൽ പുറത്താക്കപ്പെടുന്നത്. ഫീസടക്കുന്നതിൽ വീഴ്ച വരുത്തിയവരുടെ കൂട്ടത്തിൽ ആരോപണവിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ മകളുമുണ്ടായിരുന്നു എന്നത് മറ്റൊരു വസ്തുത.

പരാതിപ്പെട്ടതിനു ശേഷം പെൺകുട്ടിയുടെ പിതാവിനെയും പത്തു വയസ്സുകാരനായ സഹോദരനെയും നിരവധി കള്ളക്കേസുകളിലും മാനനഷ്ടകേസുകളിലും പ്രതിചേർത്തു. പതിമൂന്നാം വയസ്സിൽ പെൺകുട്ടിയുടെ സഹോദരനെ നിയമവിരുദ്ധമായി തടവിൽ പാർപ്പിക്കുകയും പെൺകുട്ടിയുടെ മുന്നിൽവെച്ച് കെട്ടിയിട്ടു മർദ്ദിക്കുകയും ചെയ്തു. പരാതി പിൻവലിച്ചില്ലെങ്കിൽ നിങ്ങളും ഇതുപോലെ മർദ്ദനത്തിനിരയാകുമെന്ന് പെൺകുട്ടിയെയും പിതാവിനെയും ഭീഷണിപ്പെടുത്തി. കേസിലെ ഒരേയൊരു സാക്ഷിയായ പെൺകുട്ടിയുടെ കൂട്ടുകാരി ‘ആരാധനയുടെ’ പേരിൽ പത്തോളം സിവിൽ കേസുകളാണ് കെട്ടിവെക്കപ്പെട്ടത്. ആരാധനയുടെ പിതാവിനെ അദ്ദേഹം ജോലി ചെയ്തിരുന്ന ‘ഹരിയാന സ്റ്റേറ്റ് അഗ്രിക്കൾചറൽ മാർക്കറ്റിങ് ബോർഡിൽ’ നിന്നു പുറത്താക്കുകയും, ഇരുപതോളം കേസുകൾ അദ്ദേഹത്തിനുമേൽ കെട്ടിവെക്കുകയും ചെയ്തു.

അമേലിയയുടെ കഥ കേട്ടതിനു ശേഷമുള്ള കെയുടെ പ്രതികരണത്തിലൂടെ ശ്രേണീകൃതവും പുരുഷാധിപത്യപരവുമായ ഇത്തരം വ്യവസ്ഥിതികളുടെ നഗ്നയാഥാർഥ്യങ്ങളെക്കുറിച്ച് കാഫ്ക പറഞ്ഞുവെക്കുന്നുണ്ട്. കെ പറയുന്നു: “സോർട്ടിനിയാണ് എന്നെ ഭയപ്പെടുത്തുന്നത്, അധികാര ദുർവിനിയോഗത്തിന്റെ ഭീകരമായ സാധ്യതകളും. മറയില്ലാതെ പ്രത്യക്ഷപ്പെടുന്ന ഒരു തവണ പരാജയപ്പെട്ടേക്കാമെങ്കിലും, ആയിരം മറ്റുവഴികളിലൂടെ അതു പ്രവർത്തിച്ചുകൊണ്ടിരിക്കും”. ഓൾഗ പറയുന്നതുപോലെ, തങ്ങളുടെ കുടുംബങ്ങളെ അപകടപ്പെടുത്താതിരിക്കാൻ അനേകം പെൺകുട്ടികൾ അധികാരികൾക്കു വഴങ്ങിക്കൊടുത്തിരിക്കാം. ഔപചാരികതകളിൽ നിന്നു പുറത്തിറങ്ങിയാൽ, മാന്യരെന്നു കരുതുന്ന ഉദ്യോഗസ്ഥർ എങ്ങനെയാണ് അങ്ങേയറ്റം നികൃഷ്ടരായി മാറുന്നതെന്ന് ഓൾഗ ‘കെ’ക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. ഉദ്യോഗസ്ഥർ സമൂഹത്തിന് ഒരുനിലക്കും ഉപയോഗപ്പെടാത്തവരാണ്. തന്നെപ്പോലെ ഒരുദ്യോഗസ്ഥനും, ഗ്രാമത്തിലെ ഒരു ചെരുപ്പുകുത്തിയുടെ മകളും തമ്മിലെ അന്തരം മുതലെടുക്കുകയാണ് സോർട്ടിനി ചെയ്തത്. സത്യത്തിൽ ഞങ്ങളെല്ലാം കൊട്ടാരത്തിൽ പെട്ടതുതന്നെയാണ്. എന്നാൽ സുപ്രധാനമായ സംഗതികൾ വരുമ്പോൾ ഞങ്ങളതിൽ പെടാറില്ല എന്ന സത്യത്തിന്റെ അനുഭവസാക്ഷ്യങ്ങളാണ് ഞങ്ങളുടെ ജീവിതമെന്ന് ഓൾഗ പറയുന്നുണ്ട്.

ഇവിടെയൊരു ഭൂമി സർവെയറുടെ ആവശ്യമില്ല എന്ന് വില്ലജ് സൂപ്രണ്ട് പറയുമ്പോൾ, വെറുതെ മടങ്ങിപ്പോകാനായിരുന്നെങ്കിൽ ഇത്രെയും ദൂരം യാത്ര ചെയ്ത് ഞാനിവിടേക്ക് വരില്ലായിരുന്നു എന്നു പറഞ്ഞുകൊണ്ട് കെ അദ്ദേഹത്തോട് തർക്കിക്കുന്നുണ്ട്. പ്രവിശാലമായ രാഷ്ട്രത്തിന്റെ ഓഫീസ് സംവിധാനങ്ങളിൽ നിന്നുണ്ടാകുന്ന നിസ്സാരമായ പിഴവുകൾ മാത്രമാണിത്, രാഷ്ട്രസംവിധാനം ഇപ്പോഴും സുഭദ്രമാണ്, എന്നിങ്ങനെ പോകുന്നു സൂപ്രണ്ടിന്റെ വിശദീകരണങ്ങൾ. ‘കെ’ക്ക് കാര്യങ്ങളുടെ യാഥാർത്ഥ്യങ്ങൾ ഏകദേശം പിടികിട്ടുന്നു. എന്നാൽ ചില മനുഷ്യരുടെ ജീവിതത്തെ നിർണയിക്കുന്ന, ചിരിയുണർത്തുന്ന ചില യാഥാർത്ഥ്യങ്ങൾ താൻ ആസ്വദിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ‘കെ’യുടെ മുഖത്തുനോക്കി സൂപ്രണ്ട് പറയുന്നത്.

ഗുവാഹത്തി ഹൈകോടതിയിലെ ഡിഫെൻസ് വക്കീലും സി.ജെ.പി (citizens for justice and peace)യുടെ മുപ്പതോളം വളണ്ടിയർമാരിൽ ഒരാളുമായ ശൈദുദ്ധീൻ അഹ്‌മദ്‌, കേസിന്റെയും മറ്റു നിയമവ്യവഹാരങ്ങളുടെയും എഴുത്തുരേഖകളിൽ ഉപയോഗിക്കേണ്ട പദങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. തന്റെ രേഖയിൽ ‘ഇന്ത്യൻ പൗരൻ’ എന്നെഴുതേണ്ടയിടത്ത് അബദ്ധവശാൽ ‘ഇന്ത്യൻ വംശജൻ’ എന്നെഴുതിയ വ്യക്തിയെ വിദേശിയായി പ്രഖ്യാപിക്കപ്പെട്ടതിനെ കുറിച്ച് അദ്ദേഹം ഉദാഹരിക്കുന്നു. മറ്റൊരു ഉദാഹരണത്തിൽ, നാലു സഹോദരന്മാരിൽ രണ്ടാൾ ഒരേ ലിസ്റ്റിൽ നിന്നും പുറത്തായതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞുവെക്കുന്നു. പിതാവിന്റെ പേര് ‘ഹുസൈൻ അലി ശൈഖ്’ എന്നതിനു പകരം ‘ഹുസൈൻ അലി’ എന്നെഴുതിയതിനാലാണ് ലിസ്റ്റിൽ നിന്നും അവർ പുറത്താക്കപ്പെട്ടത്!

അസമിലെ ഗോപാൽപാറ ജില്ലയിൽ താമസിക്കുന്ന മൊർജീന ബീബി എന്ന സ്ത്രീ ഒമ്പതു മാസമാണ് സംശയാസ്പദ പൗരത്വത്തിന്റെ പേരിൽ ഡിറ്റെൻഷൻ സെന്ററിൽ കഴിഞ്ഞത്. മറ്റൊരു ഗ്രാമത്തിലെ മെർജീന ബീഗമെന്ന സ്ത്രീയാണെന്ന തെറ്റിദ്ധാരണയുടെ പുറത്താണ് 2016 നവംബർ 29ന് വീട്ടിൽ അതിക്രമിച്ചുകയറിയ പോലീസുകാർ ബീബിയെ അറസ്റ്റു ചെയ്യുന്നത്. 1997ൽ ഇലക്ഷൻ കമ്മീഷൻ നടപ്പിലാക്കിയ, സംശയാസ്പദ പൗരത്വത്തെ സൂചിപ്പിക്കുന്ന ‘D’ പൗരത്വമാണ് ബീബിക്കുള്ളതെന്ന തെറ്റിദ്ധാരണയുടെ പേരിൽ ‘കൊക്രാജർ ഡിറ്റെൻഷൻ കേന്ദ്രത്തിൽ അവരെ പ്രവേശിപ്പിച്ചു. തടവിൽ കഴിഞ്ഞ സമയത്ത് ഒന്നും കഴിക്കാനോ ഉറങ്ങാനോ എനിക്കു കഴിഞ്ഞിരുന്നില്ല, എല്ലാ സമയത്തും എന്തു തെറ്റാണ് ഞാൻ ചെയ്തത് എന്നാലോചിച്ചിരിക്കും, എന്ന് ബീബി പിന്നീട് മാധ്യമങ്ങളോട് പറയുകയുണ്ടായി.

ബീബിയുടെ കേസ് കാഫ്കയുടെ ‘വിചാരണ’ എന്ന നോവലിലെ കഥാവസരങ്ങളോട് സാമ്യപ്പെടുന്നുണ്ട്. “ആരെങ്കിലും ‘ജോസഫ് കെ’യെക്കുറിച്ച് കള്ളം പറഞ്ഞു വിശ്വസിപ്പിച്ചിരിക്കണം. അല്ലാതെ എന്തിനാണ് ഒരു തെറ്റും ചെയ്യാതെ പ്രശാന്തമായ ഒരു പുലർച്ചക്ക് അദ്ദേഹം അറസ്റ്റുചെയ്യപ്പെട്ടത്”, ഇങ്ങനെയാണ് ‘വിചാരണ’ തുടങ്ങുന്നത്. മൂന്നു പോലീസ് ഉദ്യോഗസ്ഥർ, ‘ജോസഫ് കെ’യുടെ മുറിയിലേക്ക് അദ്ദേഹത്തിന്റെ കൂട്ടുകാരുടെയും വാടകക്കാരിയുടെയും സാന്നിധ്യത്തിൽ അതിക്രമിച്ചുകയറുന്നു. സ്വകാര്യതയിലേക്കുള്ള ഇരച്ചുകയറലിന്റെ മൂർത്തഭാവമാണ് കാഫ്ക ചിത്രീകരിക്കുന്നത്. കോടതിയിൽ നേരിട്ടു ഹാജരാകാൻ അദ്ദേഹത്തോട് അധികാരികൾ ആവശ്യപ്പെടുന്നു.

അധികാരസ്ഥാപനങ്ങൾ ബലാൽക്കാരത്തിലൂടെ കയ്യടക്കിവെച്ചിരിക്കുന്ന ജീവിതങ്ങളുടെ നിസ്സഹായതയാണ് ‘വിചാരണയുടെ’ ആകെത്തുക. വിചാരണയുടെ തുടക്കത്തിൽ, തന്റെ നിരപരാധിത്വം തെളിയിക്കാൻ കഴിയുമെന്ന് കാഫ്ക കരുതുന്നു. നാളുകൾ കഴിഞ്ഞിട്ടും യാതൊരു മാറ്റവുമില്ലാതെയാകുമ്പോൾ, ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ച്, അവരെ പാട്ടിലാക്കുക മാത്രമാണ് രക്ഷപ്പെടാനുള്ള ഏക മാർഗമെന്ന് അഭിഭാഷകൻ അദ്ദേഹത്തെ ബോധിപ്പിക്കുന്നു. അതനുസരിച്ച്, ആസ്ഥാന ചിത്രകാരനായ ‘ടിറ്റോറെല്ലി’യുമായി ജോസഫ് കെ ചങ്ങാത്തത്തിലാകുന്നു. അടച്ചുകെട്ടിയ ഒറ്റമുറിയിലാണ് അദ്ദേഹം താമസിക്കുന്നത്. ആരോപണ വിധേയനായ ഒരാൾക്ക് രക്ഷപ്പെടാനുള്ള മൂന്നു സാധ്യതകൾ ടിറ്റോറെല്ലി ‘ജോസഫ് കെ’ക്ക് പറഞ്ഞുകൊടുക്കുന്നു. ഒന്ന്, നിരുപാധികമായ മോചനം, രണ്ട്, നാമമാത്രമായ മോചനം, മൂന്ന്, അനന്തമായ നീട്ടിവെക്കലുകൾ.

നിയമമനുശാസിക്കുന്നതു പോലെ- നിരപരാധി വിട്ടയക്കപ്പെടും- എന്നാണ് ടിറ്റോറെല്ലി നിരുപാധികമായ മോചനത്തെ (definite acquittal) പരിചയപ്പെടുത്തുന്നത്. എന്നാൽ സ്റ്റേറ്റ് ഇതുവരെ അത്തരമൊരു മോചനോപാധി അംഗീകരിച്ചിട്ടില്ല. ‘ജോസഫ് കെ’യുടെ കേസിലും അദ്ദഹത്തിന്റെ നിരപരാധിത്വം വായനക്കാരാണെന്ന പോലെ അദ്ദേഹത്തിനും അറിയാമെങ്കിലും നിരുപാധികമായ മോചനം ഒരുപാധിയായി പരിണമിക്കുന്നില്ല.

മറ്റു രണ്ടു സാധ്യതകളെയും ടിറ്റോറെല്ലി പരിചയപ്പെടുത്തുന്നുണ്ട്. നാമമാത്രമായ മോചനം ദീർഘവും കഠിനവുമായ അദ്ധ്വാനങ്ങൾ ആവശ്യപ്പെടുന്നതാണ്. നീട്ടിവെക്കലാകട്ടെ ദീർഘകാലം മാനസിക സംഘർഷങ്ങളിൽ അകപ്പെടുത്തുന്നതുമാണ്. അനേകം ജഡ്ജിമാർക്ക് അഫിഡവിറ്റ് സമർപ്പിക്കുന്നതോടെയാണ് ‘നാമമാത്ര മോചന പ്രക്രിയ’ (ostensible acquittal) ആരംഭിക്കുന്നത്. അവരുടെ ഒപ്പുകൾ ലഭിച്ചതിനു ശേഷം ചീഫ് ജഡ്ജിയുടെ അടുക്കൽ അഫിഡവിറ്റ് എത്തുകയും, അദ്ദേഹത്തിന്റെ അടുപ്പക്കാരനാണെകിൽ അയാൾക്ക് മോചനം ലഭിക്കുകയും ചെയ്യും. എന്നാൽ താൽകാലികമായി മാത്രമാണ് അയാൾ മോചിപ്പിക്കപ്പെടുന്നത്. അഫിഡവിറ്റ് കേസ് ഫയലിലേക്ക് ചേർക്കപ്പെടും, ദിനേനയെന്നോണം കേസ് ഫയലുകൾ കോടതിയിൽ കറങ്ങിനടക്കുകയും ചെയ്യുന്നു. ഒരുദിവസം, ഏതെങ്കിലുമൊരു ജഡ്ജി കേസ് ഇപ്പോഴും സാധുവാണെന്നു കണ്ടെത്തുകയും ആരോപിതനെ വീണ്ടും അറസ്റ്റു ചെയ്യാൻ ഉത്തരവിടുകയും ചെയ്യുന്നു. അപ്രകാരം കേസ് അനന്തമായി നിലനിൽക്കുന്നു.

മറ്റൊരു വശത്ത്, നീട്ടിവെക്കലെന്നാൽ കേസിനെ ഒരുതരത്തിലും മുന്നോട്ടുചലിക്കാൻ അനുവദിക്കാതിരിക്കുക എന്നാണർഥം. അത് ആരോപണ വിധേയനെ തെളിവെടുക്കലും ചോദ്യംചെയ്യലുമായി നിരന്തരം കോടതിയിൽ തളച്ചിടുന്നു. എന്നാൽ പെട്ടെന്നുള്ള അറസ്റ്റുകളിൽ നിന്ന് അയാൾ സുരക്ഷിതനായിരിക്കും.

അനന്തമായ പോരാട്ടങ്ങൾ ആവശ്യപ്പെടുന്ന ഈ രണ്ട് സാധ്യതകളെയും മുന്നിൽ വെച്ചുകൊണ്ട്, വ്യാജകേസുകളിലകപ്പെട്ട വ്യക്തികളുടെ പൊള്ളുന്ന ജീവിതയാഥാർഥ്യങ്ങളെ പ്രതിനിധീകരിക്കുന്നു. എൻ.ആർ.സി ലിസ്റ്റിൽ പേരില്ലാത്ത വ്യക്തികൾക്ക് ഉയർന്ന ട്രൈബ്യൂണലുകളിലും കോടതികളിലും അപ്പീൽ നൽകാം എന്ന ബി.ജെ.പി ഗവണ്മെന്റിന്റെ വാഗ്‌ദാനവും സമാനമായി ജനങ്ങളെ നിരന്തരമായ ദുരിതങ്ങളിലേക്ക് തള്ളിവിടുന്നതാണ്. അന്തിമ ലിസ്റ്റിൽ നിന്നും പുറത്താക്കപ്പെട്ട സികിർ അലി, പ്രക്രിയ തുടങ്ങിയതു മുതൽ ഇന്നേവരെ സമാധാനമായി ഉറങ്ങാൻ സാധിച്ചിട്ടില്ല എന്നു മാധ്യമങ്ങളോട് പറയുകയുണ്ടായി.

2019 ഏപ്രിലിൽ, സ്റ്റേറ്റ് സ്പോൺസേർഡ് അക്രമങ്ങളുടെ സകല സ്വഭാവങ്ങളും പേറുന്ന ഒരു കേസ് റിപ്പോർട്ടു ചെയ്യുകയുണ്ടായി. 2018ൽ ഇന്ത്യൻ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റെടുത്ത ഉടനെ രഞ്ജൻ ഗൊഗോയിക്കെതിരെ, സുപ്രീം കോടതിയിലെ മുൻജീവനക്കാരി ലൈംഗികാരോപണം ഉന്നയിച്ചതാണ് സംഭവം. അവരും കുടുംബവും അനുഭവിച്ച ‘നിരന്തരമായ പീഡങ്ങൾ’ അഫിഡവിറ്റിൽ അവർ ഉന്നയിക്കുന്നുണ്ട്. “എന്റെ തൊഴിൽ ജീവിതം ഒറ്റ രാത്രികൊണ്ട് മാറിമറിഞ്ഞു. ഞാൻ നേരിട്ട പീഡനങ്ങളും ഇരവൽക്കരണവും അവസാനം എന്നെ തൊഴിൽ രഹിതയാക്കിയിരിക്കുന്നു”, എന്നും അവർ കൂട്ടിച്ചേർക്കുന്നു. സുപ്രീം കോടതിയിലെ വിവിധ ഡിപ്പാർട്മെന്റുകളിലേക്ക് മൂന്നോളം തവണ ട്രാൻസ്ഫർ ചെയ്തതിനു ശേഷമാണ് അവർ പിരിച്ചുവിടപ്പെടുന്നത്. പരാതിക്കാരിയുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതവ്യവഹാരങ്ങളിലേക്ക് അപ്രകാരം സ്റ്റേറ്റ് കടന്നുകയറി. നിരന്തരമായി ട്രാൻസ്ഫർ ചെയ്യുന്നതിന്റെ കാരണമാരാഞ്ഞ അവർക്കു ലഭിച്ച മറുപടി, അച്ചടക്കരാഹിത്യവും കൃത്യവിലോപവും മൂലമാണെന്നാണ്. ശനിയാഴ്ച ദിവസം തന്റെ കുട്ടിയുടെ സ്കൂളിൽ പരിപാടിയിൽ പങ്കെടുക്കുന്നതിനു വേണ്ടി പകുതി ദിവസം കാഷ്വൽ ലീവെടുത്തതിന് അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയുമുണ്ടായി.

രഞ്ജൻ ഗൊഗോയ്

അച്ചടക്ക നടപടിയുടെ ഭാഗമായി മൊഴിയെടുക്കൽ നിശ്ചയിച്ച ദിവസം അവർ കുഴഞ്ഞുവീഴുകയും ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്തു. മൂന്നു ദിവസങ്ങൾക്കും ശേഷം അവരുടെ ജോലി നഷ്ടപ്പെട്ടു. ഒരാഴ്ച പിന്നിടുമ്പോഴേക്ക് അവരുടെ സഹോദരനും ഭർത്താവും ജോലിയിൽ നിന്നു പുറത്താക്കപ്പെട്ടു. “തുടർന്നുള്ള രണ്ടുമാസം ഞാൻ കനത്ത നിരാശയിലകപ്പെടുകയും ഇടക്കിടെ മോഹാലസ്യം ബാധിക്കുകയും ചെയ്തു” എന്നവർ അഫിഡവിറ്റിൽ എഴുതി.

ഇതേ അവസ്ഥയിലൂടെയാണ് ‘വിചാരണയിലെ’ ‘ജോസഫ് കെ’യും ‘ദി കാസിലിലെ’ ‘കെ’യും കടന്നുപോകുന്നത്. രാഷ്ട്രത്തിന്റെ അധികാര സ്ഥാപനങ്ങളുടെ സുതാര്യത നഷ്ടപ്പെടുന്നതിനെക്കുറിച്ചും അവയെക്കുറിച്ച് ജനങ്ങൾക്കിടയിൽ സംശയം ജനിക്കുന്നതിന്നെക്കുറിച്ചും കാഫ്ക സൂചിപ്പിക്കുന്നുണ്ട്. കൊട്ടാരത്തിലെ ‘ക്ലാം’ എന്നു പേരായ ഉദ്യോഗസ്ഥനെക്കുറിച്ച് ഒരു ഗ്രാമവാസി ‘കെ’ക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. അദ്ദേഹം ഇന്നേവരെ ഗ്രാമത്തിലെ ഒരാളോടും ഒരക്ഷരം പോലും മിണ്ടിയിട്ടില്ലത്രെ. അയാളെ കാണാൻ എങ്ങനെയിരിക്കും എന്നുപോലും അറിയാത്ത ആളുകൾ അവിടെയുണ്ട്. ഉയർന്ന പദവിയിലുള്ള ഉദ്യോഗസ്ഥനാണ് ‘ക്ലാം’ എന്നാണ് അദ്ദേഹത്തെക്കുറിച്ച ഈ വിവരണങ്ങൾ സൂചിപ്പിക്കുന്നത്. ക്ലാം എന്ന പദത്തിന്റെ അർഥകൽപനകളെ കുറിച്ചും നിരൂപകർക്കിടയിൽ ചർച്ചകളുണ്ട്. ക്ലാമർ എന്ന ജർമൻ പദത്തിന്റെ അർഥം താഴ്, കെട്ട് എന്നൊക്കെയാണ് അർഥം. ചെക്ക് ഭാഷയിൽ മതിഭ്രമം, മായ എന്ന അർഥമാണ് ക്ലാമിനുള്ളത്.

കാഫ്ക ഒരിക്കലും അത്തരം നിയമക്കുടുക്കുകളിലോ കേസുക്കെട്ടുകളിലോ അകപ്പെട്ടിട്ടില്ല. എന്നാൽ ബ്യൂറോക്രസിയുടെ സങ്കീർണതകളെ കുറിച്ച അനുഭവങ്ങൾ തന്റെ പ്രൊഫഷണൽ ജീവിതത്തിൽ നിന്നു കാഫ്ക ആർജിച്ചിട്ടുണ്ട്. 1883ൽ ആസ്ട്രോ-ഹംഗേറിയൻ ബൊഹീമിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ പ്രാഗിൽ മധ്യവർഗ ജൂത കുടുംബത്തിലാണ് കാഫ്ക ജനിക്കുന്നത്. പ്രാഗിലെ ജർമൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം നേടിയ കാഫ്ക ഒരു വർഷത്തോളം സിവിൽ കോടതിയിൽ പരിശീലനം നടത്തി. ബ്യൂറോക്രസിയെ നാട്ടിനിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഹബ്സ്ബർഗ് രാജാവ്, ഫ്രാൻസ് ജോസഫിന്റെ പേരൊപ്പിച്ചാണ് കാഫ്ക നാമധേയം ചെയ്യപ്പെട്ടത്. പ്രാഗിൽ ഗവണ്മെന്റ് സ്ഥാപിച്ച തൊഴിലാളി ഇൻഷുറൻസ് സ്ഥാപനത്തിലാണ് കാഫ്ക ജോലി ചെയ്തിരുന്നത്. ക്ഷയരോഗത്തിന്റെ പാരമ്യത്താൽ വിരമിക്കുന്നതു വരെ, പതിനാലു വർഷത്തോളം കാഫ്ക അവിടെ ജോലി ചെയ്യുകയുണ്ടായി.

ഇൻഷുറൻസിന്റെയും പ്രീമിയം പ്ലാനുകളുടേയും അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും കൂട്ടിയിണക്കേണ്ട ശ്രമകരമായ ഉത്തരവാദിത്വമാണ് ആ സ്ഥാപനത്തിനുണ്ടായിരുന്നത്. വ്യവസായികൾക്കനുകൂലമായ പദ്ധതികൾ രൂപീകരിക്കാൻ അവരുടെ ഭാഗത്തുനിന്ന് നിരന്തരം സമ്മർദ്ദമുണ്ടാകുമ്പോഴും, പദ്ധതിയുടെ യഥാർഥ ലക്ഷ്യസാക്ഷാത്ക്കാരത്തിനു വേണ്ടി പ്രവർത്തിക്കാൻ സ്ഥാപനം ബാധ്യസ്ഥമായിരുന്നു. അവകാശങ്ങളും പദ്ധതിയുടെ ഗുണഫലങ്ങളും പലപ്പോഴും ലഭ്യമാവാത്ത സാധാരണ തൊഴിലാളികളെ സഹതപിച്ചുകൊണ്ടുള്ള എഴുത്തുകൾ കാഫ്കയുടെ ഡയറിയിൽ കാണാം. തങ്ങളുടെ അവകാശങ്ങൾ വകവെച്ചുകിട്ടാൻ സ്ഥാപനത്തിൽ വന്ന് ഓച്ഛാനിച്ചു നിൽക്കുന്നതിനു പകരം, അവകാശ സമരങ്ങളുടെ ഭാഗമായി ആ കെട്ടിടം തകർത്തെറിയാനുള്ള അവകാശം പോലും അവർക്കുണ്ടെന്ന് കാഫ്ക വിശ്വസിച്ചിരുന്നു. തൊഴിലാളി ഇൻഷുറൻസ് വ്യവസ്ഥകളോട് സഹകരിക്കാതെ കമ്പനികൾക്കെതിരെ നിയമാനുസൃത നടപടികൾ എടുത്തിരുന്നത് കാഫ്‌കയായിരുന്നു. കമ്പനികൾക്ക് ഉപകാരപ്പെടുന്ന ആക്‌സിഡന്റ് ഇൻഷുറൻസ്‌ അവതരിപ്പിക്കുന്നതിനു വേണ്ടിയും കാഫ്ക പരിശ്രമിച്ചിരുന്നു.

കാഫ്കയുടെ പ്രൊഫഷണൽ ജീവിതത്തിലെ ചില അനുഭവങ്ങൾ ടിറ്റോറെല്ലിയുടെ ഉപരിസൂചിത മോചന സാധ്യതകളോട് സാമ്യപ്പെടുന്നതാണ്. 1906ൽ പ്രാഗിലെ സിവിൽ കോടതി, പ്രദേശത്തെ എല്ലാ വ്യവസായങ്ങളും, ഓഫ് സൈറ്റ്-ഓൺ സൈറ്റ് വ്യത്യാസമില്ലാതെ ഇൻഷുർ ചെയ്യപ്പെട്ടിരിക്കണം എന്ന വ്യവസ്ഥ കൊണ്ടുവന്നു. എന്നാൽ 1908ൽ നിർമാണ വ്യവസായികളുടെ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന്, അതേ കോടതി തന്നെ നിയമം പിൻവലിക്കുകയും പൂർവ നിയമത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. ഇതിനെത്തുടർന്നുണ്ടായ അനേകം കേസുകളിൽ ഒന്ന്- ക്വാറി ഉടമയായ ജോസഫ് ഫ്രാൻസ് റിനെൽറ്റിന്റെ കേസ് കൈകാര്യം ചെയ്തത് കാഫ്കയായിരുന്നു. ശിക്ഷയിൽ നിന്നൊഴിവാക്കിയെങ്കിലും പിഴയൊടുക്കുന്നതിൽ നിന്ന് മോചനം ലഭിക്കുന്നതിനുവേണ്ടി ഒന്നിനുപുറകെ ഒന്നായി പതിനൊന്നു വർഷത്തോളം വിവിധ പെറ്റിഷനുകളുമായി അദ്ദേഹം കോടതി കയറിയിറങ്ങിക്കൊണ്ടിരുന്നു. ടിറ്റോറെല്ലിയുടെ നാമമാത്ര മോചന മാതൃകയോട് (ostensible acquittal) സാമ്യപ്പെടുന്നതാണ് ജോസഫിന്റെ ഈ സംഭവം. അദ്ദേഹത്തിന് ലഭിച്ചിരുന്ന പ്രീമിയം തുക മുഴുവൻ നിരന്തരമായി നീട്ടിവെച്ചുകൊണ്ടിരുന്ന കേസിന്റെ നടത്തിപ്പിനു വേണ്ടി ചെലവാക്കേണ്ടിയും വന്നു.

അപകടകരമായ ഈ രണ്ടു മാതൃകകളും സമകാലിക ഇന്ത്യയിലും നിലനിൽക്കുന്നുണ്ട്. രാജ്യനിവാസികളുടെ പൗരത്വം തെളിയിക്കാൻ ഏതുസമയവും, ദുർഘടമായ പ്രക്രിയകൾ അവരുടെ മേൽ അടിച്ചേൽപ്പിക്കാൻ സാധിക്കുന്ന സ്റ്റേറ്റ് വ്യവഹാരങ്ങളാണ് നിലനിൽക്കുന്നത് എന്നോർക്കണം.

വിചാരണയിൽ, ജോസഫ് കെയുടെ കുറ്റം തെളിയിക്കപ്പെടുന്നത് വിചിത്രമായ ആചാരത്തിന്റെ അടിസ്ഥാനത്തിലാണ്. ആരോപിതരുടെ അധരങ്ങൾ ശ്രദ്ധിച്ചാൽ അവർ നിരപരാധികളാണോ അതോ കുറ്റവാളികളോ എന്നറിയാൻ കഴിയും എന്നതാണ് അവരുടെ വിശ്വാസം. പല കേസുകളിലും ഇതു തെറ്റായാണ് സംഭവിക്കുക, എന്നാൽ പ്രചുരപ്രചാരം സിദ്ധിച്ച അധീശ പരികൽപ്പനകളിൽ നിന്നും രക്ഷപ്പെടാൻ എളുപ്പം സാധിക്കില്ല എന്ന് അഭിഭാഷകന്റെ സഹായി അദ്ദേഹത്തെ ധരിപ്പിക്കുന്നുണ്ട്.

ജാമിഅഃ മില്ലിയ സർവകലാശാലയിൽ നിന്നും ഡിസംബർ പതിനഞ്ചിന് സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ, കലാപകാരികളെ അവരുടെ വസ്ത്രം നോക്കി തിരിച്ചറിയാമെന്നാണ് നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടത്. മുസ്‌ലിംകളെ വ്യംഗ്യമായി ലക്ഷ്യംവെച്ചുള്ള ഈ പ്രസ്താവനയെ പലരും അപലപിച്ചെങ്കിലും, ഏകദേശം പത്തു ദിവസങ്ങൾക്കു ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടു. സാമ്പ്രദായിക മുസ്‌ലിം വേഷമായ പൈജാമയും തൊപ്പിയും ധരിച്ച ഒരു വ്യക്തിയെ ഒരുകൂട്ടം ആളുകൾ ചേർന്ന് ഒറ്റതിരിച്ച് ആക്ഷേപിക്കുകയും ബസിന് മുന്നിലേക്ക് തള്ളിയിടുകയും ചെയ്യുന്നതായിരുന്നു അതിന്റെ ഉള്ളടക്കം. അധീശ കൽപനകൾ സ്വാധീനം നേടുന്നതിന്റെ ഉദാഹരണങ്ങളാണ് മോഡിയുടെ പ്രസ്താവനയിലും ജോസഫിന്റെ അനുഭവങ്ങളിലും ദൃശ്യപ്പെടുന്നത്.

കാഫ്ക വിചാരണ എഴുതാനാരംഭിക്കുന്നത് ഹിറ്റ്ലറിന്റെ നാസിസം ജർമനിയിൽ ഉയർന്നുവരുന്നതിനു മുൻപാണെങ്കിലും, ജൂതവിരുദ്ധ മനോഭാവങ്ങൾക്കും ജൂതജനതയെ ഒറ്റതിരിക്കാനുള്ള ആൾക്കൂട്ട ശ്രമങ്ങൾക്കും കാഫ്ക സാക്ഷ്യംവഹിച്ചിരിക്കണം. പ്രാഗിൽ ജീവിക്കുകയും ജർമൻ ഭാഷ സംസാരിക്കുകയും ചെയ്യുന്ന ജൂതൻ എന്ന നിലക്കും, ജർമൻ അധീശവിരുദ്ധ മനോഭാവം പേറുന്ന ആൾ എന്ന നിലക്കും, സമൂഹത്തിൽ നിന്ന്  ഒറ്റതിരിക്കപ്പെടുന്ന സമുദായത്തിൽപ്പെട്ട ഒരാളായിരുന്നു കാഫ്ക. 1920ൽ പ്രാഗിൽ ജൂതവിരുദ്ധ കലാപമുണ്ടായപ്പോൾ ‘ജൂതവിരുദ്ധ വിധ്വേഷം പുളക്കുകയാണെന്ന്’ കാഫ്ക എഴുതി. ‘കുളിമുറിയിൽ നിന്നു പോലും തുരത്താൻ കഴിയാത്ത പാറ്റകളുടെ ധൈര്യത്തോടാണ്’ വിധ്വേഷത്തെ ചെറുക്കുന്ന ജൂതരുടെ ധൈര്യത്തെ കാഫ്ക താരതമ്യപ്പെടുത്തിയത്.

1944ൽ ഹന്ന ആരെന്റ് എഴുതിയ ‘ദി ജ്യൂ എസ് പാരിയ’ എന്ന ലേഖനത്തിൽ കാഫ്കയുടെ ‘ദി കാസിലിലെ’ ഒരു ഭാഗം പ്രതിപാദിക്കുന്നുണ്ട്. “നിങ്ങൾ കൊട്ടാരത്തിൽ പെട്ടതല്ല, ഈ ഗ്രാമത്തിൽ പെട്ടതുമല്ല, നിങ്ങൾ ഒന്നുമല്ല” എന്ന് ‘കെ’യുടെ വാടകക്കാരി അദ്ദേഹത്തോടു പറയുന്നതായാണ് ആ ഭാഗത്തുള്ളത്. നാസി-സോവിയറ്റ് ഭരണകാലഘട്ടങ്ങളിൽ കാഫ്കൻ കൃതികൾ ജർമനിയിൽ നിരോധിക്കപ്പെടുകയും, കാഫ്കയെ പാമരനും, പരാജിതനുമായി മുദ്രകുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെയും അവരനുഭവിക്കുന്ന മാനസികസംഘർഷങ്ങളെയും, അവരുടെ ജീവിതത്തിൽ അതുണ്ടാക്കുന്ന ആഘാതവുമെല്ലാം കാഫ്ക സ്വന്തം അനുഭവങ്ങൾ മുന്നിൽ വെച്ചുകൊണ്ടാണ് ആവിഷ്കരിക്കുന്നത്. പിതാവിനോടും അദ്ദേഹത്തിന്റെ ഐഡന്റിറ്റിയോടു തന്നെയും സുഖകരമായ ബന്ധമായിരുന്നില്ല കാഫ്കക്ക് ഉണ്ടായിരുന്നത്. അത് അദ്ദേഹത്തിന്റെ കഥാപാത്ര നിർമിതിയിൽ പ്രതിഫലിക്കുന്നതായി കാണാം. മിക്ക കാഫ്കൻ കൃതികളിലും പ്രധാന കഥാപാത്രങ്ങളുടെ ജീവിതം ദുരന്തപൂർണമായ പര്യവസാനത്തിലാണ് കലാശിക്കുന്നത്. ചില കഥാപാത്രങ്ങൾ ആത്മഹുതി ചെയ്യുന്നു, ചിലർ മറ്റുള്ളവരാൽ പൂർണമായും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ‘ഇൻ ദി പീനൽ കോളനി’ എന്ന ചെറുകഥയിൽ, കുറ്റവാളികളുടെ ശരീരം തുളക്കുകയും അവരുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം അതിൽ തറച്ചുവെക്കുകയും, പിന്നീട് മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ശിക്ഷാരീതിയെ കുറിച്ച് പറയുന്നുണ്ട്.

നിരന്തരമായി അംഗീകാരങ്ങളും സ്ഥാനക്കയറ്റങ്ങളും ലഭിച്ചിരുന്നുവെങ്കിലും വിരമിക്കുന്നതു വരെ കാഫ്ക അദ്ദേഹത്തിന്റെ ജോലിയെ വെറുത്തിരുന്നു. എഴുത്തുകാരനായി അറിയപ്പെടാനാഗ്രഹിച്ചുവെങ്കിലും, അതിനെക്കുറിച്ച് അദ്ദേഹത്തിനുതന്നെ വലിയ നിശ്ചയങ്ങളുണ്ടായിരുന്നുമില്ല. കാഫ്ക, അദ്ദേഹത്തിന്റെ സന്തതസഹചാരിയായ മാക്സ്‌ ബ്രോഡിനോട് തന്റെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത മുഴുവൻ കൃതികളും നശിപ്പിക്കണം എന്നാവശ്യപ്പെട്ടിരുന്നു. ഭാഗ്യവശാൽ, മാക്സ് ബ്രോഡ് അതു ചെയ്തില്ല. കാഫ്കയുടെ കൃതികൾ സ്വയം തന്നെ രാഷ്ട്രീയ വ്യാഖ്യാനങ്ങൾക്കു വഴങ്ങുന്നതിനാൽ ജിരി വെസ്‌ലിയുടെ അഭിപ്രായത്തിൽ “കാഫ്കയുടെ കൃതികൾ തന്നെ രാഷ്ട്രീയ കലഹങ്ങൾ രൂപപ്പെടുത്തുകയായിരുന്നു”.

കാഫ്കൻ കൃതികളിൽ, പ്രധാന കഥാപാത്രങ്ങൾ തുടക്കത്തിൽ തന്നെ കുറ്റാരോപിതരാകുന്നു. പിന്നീട് അവരുടെ നിരപരാധിത്വം തെളിയിക്കാനുള്ള പരിശ്രമങ്ങളെ ചിത്രീകരിക്കുന്നു. സി.എ.എ, എൻ.ആർ.സി പദ്ധതികളും ഇതേ പ്രവർത്തനരീതിയാണ് പിന്തുടരുന്നത് എന്നു കാണാം. ‘പൗരത്വം’ ഒരു ബാധ്യതയായി (പലപ്പോഴും ആരോപണമായി) ജനങ്ങളുടെ മേൽ കെട്ടിവെക്കുകയും, പിന്നീടതു തെളിയിക്കാൻ ദുർഘടവും ചെലവേറിയതുമായ നിയമവ്യവഹാരങ്ങളിൽ ഏർപ്പെടാനും ജനങ്ങളെ നിർബന്ധിക്കുകയും ചെയ്യുന്നു. ലിസ്റ്റിൽ പേരില്ലാത്തവർക്ക് ഫോറിൻ ട്രൈബ്യൂണലിൽ അപ്പീൽ സമർപ്പിക്കാൻ നാലുമാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ ഓൾ ഇന്ത്യ ഡെമോക്രാറ്റിക്‌ ഫ്രണ്ടിന്റെ’ ജനറൽ സെക്രട്ടറി ‘അമീനുൽ ഇസ്‌ലാം’ പറയുന്നതനുസരിച്ച്, ഈ നിയമ ബാധ്യതകൾ പൂർത്തീകരിക്കാൻ തലമുറകളോളം വേണ്ടിവരും.

നിയമപ്രക്രിയകൾ പൂർത്തിയായതിനു ശേഷവും പൗരത്വ ലിസ്റ്റിൽ നിന്നും പുറത്താകുന്നവരെ സ്റ്റേറ്റ് എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന കാര്യത്തിലും നിഗൂഢതയാണ് നിലനിൽക്കുന്നത്. നിലവിൽ ആസാമിലുള്ള ആറു ഡിറ്റെൻഷൻ സെന്ററുകൾക്കു പുറമേ, കൂടുതൽ തടവുകേന്ദ്രങ്ങൾ നിർമിക്കാൻ ഭരണകൂട പദ്ധതികളുണ്ട്. 2015ൽ ലിസ്റ്റ് പുനഃക്രോഡീകരിക്കാനുള്ള ശ്രമങ്ങളാരംഭിച്ചതു മുതൽ 2018ൽ ഡ്രാഫ്റ്റ് പുറത്തുവന്നതു വരെയുള്ള കാലഘട്ടത്തിൽ ആസാമിൽ ആത്മഹത്യകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതുസംബന്ധിച്ച് ഗവേഷണം നടത്തുന്ന അബ്ദുൽ കലാം ആസാദ് ബീ.ബീ.സി ചാനലിനോട് പറയുന്നു: “ഇരകളാക്കപ്പെട്ട ആളുകളെ ഞാൻ നിരന്തരം സന്ദർശിക്കാറുണ്ടായിരുന്നു. സ്വയം ജീവനൊടുക്കിയവരിൽ അധികപേരും പൗരത്വം സംശയിക്കപ്പെടുന്നവരോ, പൗരത്വ പട്ടികയിൽ നിന്നു പുറത്താക്കപ്പെട്ടവരോ ആയിരുന്നു”.  മനുഷ്യാവകാശ പ്രവർത്തകൻ പ്രസൻജിത്ത് ബിശ്വാസ് പറയുന്നത്, ലക്ഷകണക്കിന് ആളുകളെ ദേശരഹിതരാക്കുകയും, സാമാന്യ നീതി സങ്കൽപ്പത്തെ അട്ടിമറിക്കുകയും ചെയ്യുന്ന മനുഷ്യത്വവിരുദ്ധ പദ്ധതിയാണ് ഇവയെന്നാണ്.

കാഫ്ക-ബാല്യകാല ചിത്രം

ഇതുപോലൊരു സമയത്ത്, സമാനമായ ജീവിതങ്ങളെ നേരിട്ടനുഭവിച്ച കാഫ്ക, അനുപേക്ഷികമായ വായനകൾ തുറന്നുവെക്കുന്നുണ്ട്. പല കാലഘട്ടങ്ങളിലായി അദ്ദേഹത്തിന്റെ കൃതികൾ പുനർവായിക്കപ്പെടുകയും, സമാന്തര സാഹിതീയ അനുഭവങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.1968ലെ പ്രാഗ് വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ, അദ്ദേഹത്തിന്റെ കൃതികൾ നിരോധനത്തെ അതിജീവിച്ചുകൊണ്ട് ഉയർന്നുവരികയും, കമ്മ്യൂണിസ്റ്റ്‌ കിരാത ഭരണകാലത്തെ ജനജീവിതങ്ങളുടെ വീർപ്പുമുട്ടലുകളെയും സംഘർഷങ്ങളെയും അവതരിപ്പിക്കുന്ന സാഹിത്യാവിഷ്കാരങ്ങളെന്ന നിലയിൽ പരക്കെ വായിക്കപ്പെടുകയും ചെയ്തു. 2011ൽ ചൈനീസ് ഉദ്യോഗസ്ഥന്റെ മകൾ, ഖനി വ്യവസായിയായ പ്രമുഖനാൽ പീഡിപ്പിക്കപ്പെടുകയും, നീതി തേടിയുള്ള അദ്ദേഹത്തിന്റെ യാത്രകൾ അനന്തമായി നീണ്ടുപോവുകയും ചെയ്ത സംഭവം ചർച്ചയായപ്പോഴും ‘കാഫ്കസ്‌ക്യൂ’ വീണ്ടും ചർച്ചാമണ്ഡലങ്ങളിൽ നിറഞ്ഞു.

അധികാരവും സമൂഹവും തമ്മിലുള്ള ഇടപാടുകളെകുറിച്ച കൃത്യമായ നിരീക്ഷണങ്ങളാണ് കാഫ്കൻ എഴുത്തുകളിൽ തെളിയുന്നത്. അധികാര സ്ഥാപനങ്ങളും ബ്യുറോക്രസിയും വിലയിട്ട തങ്ങളുടെ ജീവൻ രക്ഷിച്ചെടുക്കാൻ പാടുപെടുന്ന സാധാരണ മനുഷ്യരുടെ മാനസിക വിഹ്വലതകളും അറ്റമില്ലാത്ത ക്ലേശസങ്കീർണതകളും കാഫ്ക ആവിഷ്കരിക്കുന്നുണ്ട്. പൂർത്തിയാകാത്ത മൂന്നു നോവലുകളും ഡസനോളം ചെറുകഥകളും മാത്രമാണ് കാഫ്കയുടേതായി ഉള്ളതെങ്കിലും, എണ്ണമറ്റ വ്യാഖ്യാനങ്ങൾ കാഫ്കൻ കൃതികൾ ഉൽപ്പാദിപ്പിച്ചിട്ടുണ്ട്. പേരില്ലാത്ത ഗ്രാമങ്ങളും കഥാപാത്രങ്ങളുടെ ന്യൂനമായ പശ്ചാത്തല വിവരണവും അവ്യക്തമായ പദപ്രയോഗങ്ങളുമാണ് കാഫ്കൻ കൃതികളിൽ ഉള്ളതെങ്കിലും, ലോകമെമ്പാടും ഉണ്ടായ തിക്താനുഭവങ്ങൾക്കു സമാന്തരം നിൽക്കാൻ നൂറു വർഷങ്ങൾക്കു മുൻപ് രചിക്കപ്പെട്ട കാഫ്കൻ കൃതികൾക്കു കഴിഞ്ഞിട്ടുണ്ട്. ഡബ്ള്യൂ. എച്. ഓഡൻ പറഞ്ഞതുപോലെ, കാഫ്കൻ കൃതികളിലെ സംഘർഷങ്ങൾ ആധുനിക മനുഷ്യന്റെ ജീവിത സംഘർഷങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.

Courtesy: RAIOT

വിവർത്തനം: അഫ്സൽ ഹുസൈൻ

സഞ്ജന രാമചന്ദ്രൻ