Campus Alive

മുസ്ലിം രാഷ്ട്രീയ കർതൃത്വവും ഇസ്ലാമിന്റെ നൈതികതയും

(രാഷ്‌ട്രീയ നൈതികതയും ഇസ്ലാമും[ പാർട്ട് 2])

രാഷ്‌ട്രീയ നൈതികതയും ഇസ്‌ലാമും:ശൈഖ് ഹംസ യൂസുഫിനൊരു വിമർശനം എന്ന തലകെട്ടിലൂടെ ചർച്ച ചെയ്യാൻ തുടങ്ങിയ കാര്യങ്ങളോട് ബന്ധമുളള മറ്റുചില മേഖലകളിലേക്ക് കൂടി പ്രവേശിക്കാനാകും എന്ന് കരുതുന്നു. ഇസ്ലാമിന്റെ നീതിശാസ്ത്രം, ഇസ്ലാമിസത്തിന്റെ വ്യാവഹാരിക പാരമ്പര്യം,മുസ്ലിംകളുടെ അതിജീവന രാഷ്‌ട്രീയ കർതൃത്വം, ഭരണകൂടത്തോടും അധികാരത്തോടുമുള്ള മുസ്ലിം ഇടപാടുകളുടെ രാഷ്‌ട്രീയം എന്ന് തുടങ്ങി പല മേഖലകളിലേക്കും അത്‌ വ്യാപിച്ചു കിടക്കുന്നുമുണ്ട്.
ആധുനികതയിൽ മുസ്ലിമിനുണ്ടായിത്തീരുന്ന രാഷ്‌ട്രീയ കർതൃത്വത്തെ കുറിച്ചുള്ള വിലയിരുത്തലുകളിലൂടെ മുസ്ലിമിന്റെ രാഷ്‌ട്രീയത്തെ കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ പ്രാഥമികമായി മുന്നോട്ടുവെക്കാനാണ് ഉദ്ധേശിക്കുന്നത്.

ആധുനികതയും മുസ്ലിം സ്വത്വവും

മുസ്ലിമിന്റെ കർതൃത്വവും (Subjectivity) പ്രതിനിധാനവും (Representation ) ആധുനിക ദേശരാഷ്ട്രങ്ങൾക്കുള്ളിൽ നിർണയിക്കപ്പെട്ടത് രാഷ്‌ട്രീയം -ഭരണകൂടം തുടങ്ങിയ വ്യവസ്ഥകളിലൂടെയാണ്. അത്കൊണ്ട് തന്നെ ദേശരാഷ്ട്ര വ്യവഹാരങ്ങൾക്ക് മുസ്ലിംകൾ ഒരു രാഷ്‌ട്രീയ കർതൃത്വമാണ്.ആ രാഷ്‌ട്രീയ കർതൃത്വത്തെ ദേശരാഷ്ട്രങ്ങൾ നിർണയിച്ചത് തന്നെ ആധുനികതയ്ക്ക് വഴങ്ങാത്ത മുസ്ലിമിനെ കുറിച്ചുള്ള ആലോചനകളിൽ നിന്നാണ്. ആ ആലോചനകളാണ് മുസ്ലിമിനെ ശത്രുവാക്കുന്ന രാഷ്‌ട്രീയ ചിന്തയിലേക്ക് എത്തിച്ചേരാൻ ദേശരാഷ്ട്രങ്ങളെ പ്രേരിപ്പിച്ചതും. മുസ്ലിമല്ലാത്ത എല്ലാതരം ശത്രുക്കളെയും, രാഷ്‌ട്രീയവും സാങ്കേതികവുമായ നീക്കുപോക്കുകളിലൂടെ ദേശരാഷ്ട്രങ്ങൾക്ക് പരിഹരിക്കാൻ സാധിക്കും.അധികാര വ്യവഹാരങ്ങൾക്കകത്ത് പലരീതിയിൽ സ്വാംശീകരിച്ചും വ്യത്യസ്തമായ ഇടങ്ങൾ നൽകിയും മുസ്ലിം അല്ലാത്ത ശത്രുക്കളെ അഭിസംബോധന ചെയ്യാൻ ദേശരാഷ്ട്രങ്ങൾക്ക് എപ്പോഴും സാധിക്കാറുമുണ്ട്. എന്നാൽ സ്വാംശീകരണത്തിന്റെയും ഇടം നൽകലിന്റെയും രീതികളിലൂടെ മുസ്ലിംകളെയും ദേശരാഷ്ട്രങ്ങൾ സമീപിക്കാറുണ്ട്. പക്ഷെ അതൊരിക്കലും മുസ്ലിമിനെ ആധുനികതയുടെ അപരൻ, അല്ലെങ്കിൽ ദേശത്തിന്റെ രാഷ്‌ട്രീയ ശത്രു, എന്ന നിർണയത്തിൽ നിന്നും മോചിപ്പിക്കണമെന്ന്‌ നിർബന്ധമില്ല. രാഷ്ട്രീയ സൈദ്ധാന്തികനായ കാൾ സ്മിത്തിന്റെ The distinction between friend and enemy എന്ന, “രാഷ്‌ട്രീയം” എന്നതിനെ കുറിച്ചുള്ള നിർവചനത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് ദേശരാഷ്ട്രങ്ങളിലെ മുസ്ലിം അപരത്വത്തെ കുറിച്ച് ആലോചിച്ചു നോക്കിയാൽ, മുസ്ലിംകൾ സ്ഥിരം ശത്രുവായി (Permanant Enemy ) എക്കാലത്തും നിലനിൽക്കുന്നതായി കാണാനും സാധിക്കും. ഗിൽ അനിദ്ജാർ തന്റെ A Jew and the Arab :The History of the Enemy എന്ന പഠനത്തിൽ എങ്ങനെയാണ് യൂറോപ്പ് എന്ന രാഷ്‌ട്രീയ സ്ഥാപനത്തിന്റെ ആന്തരികവും,ബാഹ്യവുമായ ശത്രുവായി (Interior and Exterior enemy) മുസ്ലിംകൾ മാറുന്നത് എന്ന്‌ കാൾ സ്മിത്തിന്റെ Friend and Enemy Distinction നെ ഉപജീവിച്ച് കൊണ്ട് വിശകലനം ചെയ്യുന്നുണ്ട്.

ഇത്തരത്തിൽ ആധുനിക രാഷ്‌ട്രീയ സിദ്ധാന്തങ്ങൾക്ക് എന്താണ് “രാഷ്‌ട്രീയം” എന്ന അന്വേഷണത്തിന്റെ പരിധിയിൽ നിന്ന് കൊണ്ട്, മുസ്ലിമിന്റെ രാഷ്‌ട്രീയ കർതൃത്വത്തെ കുറിച്ചുള്ള ആലോചനകൾ നടത്തുക എന്നത് പ്രാധാന്യമുള്ള ഒരു സൈദ്ധാന്തിക സമീക്ഷ തന്നെയാണ്.

കാൾ ഷ്മിത്ത്

മുസ്ലിമിന്റെ രാഷ്‌ട്രീയ കർതൃത്വം മുസ്ലിം സമൂഹത്തിന് തന്നെ അനിവാര്യമാക്കിത്തീർക്കുന്ന ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. ദേശരാഷ്ട്രം പതിച്ചു നൽകുന്ന അപര-സ്വത്വത്തിന്റെ അനന്തരഫലങ്ങളെ അതിജീവിക്കുക എന്നതാണ് അതിൽ പ്രധാനപ്പെട്ട ഉത്തരവാദിത്തം. അതോടൊപ്പം ഇസ്ലാമിന്റെ വിശ്വാസത്തിന്റെ ഭാഗമായ നൈതിക സമൂഹത്തിന്റെ രൂപീകരണവും (Ethical Community Formation) പ്രധാനപ്പെട്ട ധർമമാണ്. ഇത് രണ്ടും സാധ്യമാക്കാൻ മുസ്ലിം സമൂഹം സ്വീകരിച്ചിട്ടുള്ള മാർഗങ്ങളെ വിശകലനം ചെയ്യുമ്പോൾ അനവധി വ്യാവഹാരിക മേഖലകളിലേക്ക് പ്രവേശിക്കേണ്ടതായി വരുന്നുണ്ട്.  മുസ്ലിമിന്റെ രാഷ്‌ട്രീയ കർതൃത്വത്തിന്റെ രുപീകരണങ്ങൾ, ദേശരാഷ്ട്രം- ഭരണകൂടം തുടങ്ങിയവകളിലെ മുസ്ലിംകളുടെ പങ്കാളിത്തവും പ്രാതിനിധ്യവും തുറന്നിടുന്ന രാഷ്‌ട്രീയം, അതിജീവന രാഷ്‌ട്രീയത്തിലെ സങ്കീർണതകൾ എന്ന് തുടങ്ങി പല കാര്യങ്ങളിലേക്കും ആലോചനകൾ ആവശ്യമായിത്തീരുന്നുണ്ട്.

മുസ്ലിമിന്റെ രാഷ്‌ട്രീയ കർതൃത്വ രുപീകരണങ്ങൾ

ഗിൽ അനിദ്ജാർ

ഇസ്ലാമിന്റെ ആശയാദർശങ്ങളുടെ അടിത്തറയിൽ നിന്ന് വികസിച്ചു വന്ന സിദ്ധാന്തങ്ങളുടെയും പ്രയോഗങ്ങളുടെയും രാഷ്‌ട്രീയം (So Called Islamism and Political Islam) മുതൽ ഇസ്ലാം അടിസ്ഥാന പ്രേരണ ആകണമെന്നില്ലാത്ത രാഷ്‌ട്രീയ വ്യവഹാരങ്ങളിൽ വരെ ചരിത്രത്തിലും വർത്തമാനത്തിലും മുസ്ലിമിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിക്കും.അതുപോലെ തന്നെ രാഷ്‌ട്രീയമായ അർത്ഥങ്ങൾ ഇല്ല എന്ന കാഴ്ചപ്പാടിൽ അവതരിപ്പിക്കപ്പെടുന്ന മുസ്ലിം ഇടപാടുകളിലും പലരീതിയിൽ രാഷ്‌ട്രീയം ബാധകമാകുന്നതും കണ്ടെത്താൻ സാധിച്ചേക്കാം. അഥവാ ഏകശിലാത്മകമായ നിർണ്ണയനങ്ങളും നിർവ്വചനങ്ങളും കൊണ്ട് മുസ്ലിമിന്റെ രാഷ്‌ട്രീയത്തെ അടയാളപ്പെടുത്താൻ സാധിക്കുകയില്ല എന്നത് യഥാർത്ഥ്യമാണ്. കാരണം മുസ്ലിമിന് എപ്പോഴും രാഷ്ട്രീയം ബാധകമായിത്തീരുന്നത്,വ്യത്യസ്‍തമായ ജീവിതാനുഭവങ്ങൾ,വിജ്ഞാനങ്ങൾ, കാഴ്ചപ്പാടുകൾ, കാഴ്ചപ്പാടുകളുടെ തന്നെ പലവിധ വ്യാഖ്യാന വൈവിധ്യങ്ങൾ തുടങ്ങിയതിൻ്റെയെല്ലാം പരിധിയിൽ നിന്നുകൊണ്ടാണ്. അതുകൊണ്ട് തന്നെ ഭരണകൂടത്തോടും അധികാരത്തോടും ഇടപാടുകൾ നടത്തുന്ന, അധികാരമില്ലാത്ത അല്ലെങ്കിൽ അധികാരത്തിൽ പ്രാതിനിധ്യ സാധ്യതകൾ മാത്രമുള്ള മുസ്ലിംകൾ എന്തെല്ലാം കാര്യങ്ങൾ പരിഗണിക്കണം എന്ന അന്വേഷണത്തിലൂടെ മുസ്ലിമിന് ബാധകമാകുന്ന രാഷ്ട്രീയത്തെ കണ്ടെത്താനും സാധിക്കേണ്ടതുണ്ട്. മുസ്ലിംകളുടെ അതിജീവന വ്യവഹാരങ്ങളെ കുറിച്ചുള്ള അക്കാദമിക വിശകലനങ്ങളിൽ അത്‌ പ്രാധാന്യത്തോടെ പരിഗണിക്കപെട്ടിട്ടുണ്ട് എന്നും മനസ്സിലാക്കാൻ സാധിക്കുന്നതാണ്. “രാഷ്ട്രീയം” എന്നതിനകത്ത് സൈദ്ധാന്തികമായും പ്രായോഗികമായും ഇടപെടുന്ന മുസ്ലിമിനെ “രാഷ്‌ട്രീയ മുസ്ലിം” എന്ന ഗണത്തിൽപ്പെടുത്തി മാറ്റി നിർത്തിയ ശേഷം, “രാഷ്‌ട്രീയം” എന്നതിന് പുറത്ത്‌ നിൽക്കുന്ന മറ്റൊരു മുസ്ലിമിനെ കണ്ടെത്താൻ സാധിക്കുമോ എന്നതും പ്രാധാന്യമുള്ള ഒരന്വേഷണം തന്നെയാണ്.

ആധുനിക ദേശരാഷ്ട്രങ്ങൾക്കുള്ളിൽ മുസ്ലിമിനുണ്ടാകുന്ന രാഷ്ട്രീയ സ്വത്വത്തെ മൂന്നു തരത്തിൽ വർഗ്ഗീകരിക്കാം എന്ന് കരുതുന്നു.

1.അധീശവ്യവഹാരങ്ങളും അധികാര നിയന്ത്രണങ്ങളും ഇസ്ലാമിനെയും മുസ്ലിമിനെയും അടിച്ചമർത്താനും വിധേയപ്പെടുത്താനും ശ്രമിക്കുന്നതിനെ മുൻനിർത്തി മുസ്ലിമിന് ഉണ്ടായിത്തീരുന്ന രാഷ്ട്രീയ സ്വത്വം. മുസ്ലിം നാമം തന്നെ ഈ സ്വത്വനിർമ്മിതിക്ക് കാരണമാകുന്നു.

2. ഇസ്ലാമിന്റെ രാഷ്‌ട്രീയ സിദ്ധാന്തങ്ങളും നൈതികതയും അടിസ്ഥാനമാക്കി ഒരു സംഘടനയിൽ പ്രവർത്തിക്കുകയോ, സ്വതന്ത്രമായി നിലകൊള്ളുകയോ ചെയ്യുന്ന ഒരു മുസ്ലിമിനുണ്ടാകുന്ന രാഷ്‌ട്രീയ സ്വത്വം.

3.ശരീഅത്, ഫിഖ്ഹ്, തസവ്വുഫ് തുടങ്ങിയവയെ മുൻനിർത്തി വ്യത്യസ്‍തമായ ഒരു വ്യാഖ്യാന പരിസരത്ത് നിന്ന്കൊണ്ട് ദേശരാഷ്ട്രങ്ങളുടെ വ്യവഹാരങ്ങൾക്കുള്ളിൽ ജീവിക്കുന്ന മുസ്ലിമിന്റെ രാഷ്‌ട്രീയ സ്വത്വം.

ഈ വർഗ്ഗീകരണത്തിലൂടെ ദേശരാഷ്ട്രങ്ങളിലെ മുസ്ലിമിന്റെ രാഷ്‌ട്രീയ സ്വത്വത്തെ നോക്കിക്കാണാൻ ശ്രമിക്കുന്നതിന് ഒരുപക്ഷെ പരിമിതികൾ ഉണ്ടായേക്കാം. കാരണം മുസ്ലിംകളുടെ ജീവിതവും ഇടപാടുകളും ഇസ്ലാമിന്റെ വ്യാഹാരികമായ പാരമ്പര്യത്തിലേക്ക്‌ പലതരത്തിൽ ചേർന്ന് നിൽക്കുന്നതും, ഒന്നിനെ മറ്റൊന്നിൽ നിന്ന് വേർതിരിച്ചെടുക്കാൻ സാധിക്കാത്ത വിധം ഇടകലർന്നു കിടക്കുന്നതുമാണ്. വിശ്വാസം-കർമ്മം എന്നതിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഇടപാടുകളിൽ ഓരോ മുസ്ലിമിന്റെ ജീവിതത്തിൽ തന്നെയും വൈവിധ്യം കണ്ടെത്താൻ സാധിക്കും. എങ്കിലും അതിജീവന രാഷ്‌ട്രീയത്തിന്റെ സ്വാഭാവികമായ സങ്കീർണതകളും സാധ്യതകളും മുൻനിർത്തി വിശകലനം ചെയ്യാനായി ഈ വർഗ്ഗീകരണത്തെ ഉപയോഗിക്കുകയാണ് തൽക്കാലം ചെയ്യുന്നത്.

1. മുസ്ലിം സ്വത്വത്തിന്റെ രാഷ്‌ട്രീയം

ആധുനികതയുടെ ജ്ഞാനശാസ്ത്ര പരികല്പനകളും ദേശരാഷ്ട്രങ്ങളുടെ അധികാര പ്രയോഗങ്ങളും മുസ്ലിം സ്വത്വത്തെ നിരന്തരമായി രാഷ്ടീയ വിഷയം ( Political Subject) ആക്കിത്തീർക്കുന്നുണ്ട്. വിശ്വാസത്തിന്റെ അതിഭൗതികമായ തലങ്ങളിൽ നിന്ന് കൊണ്ട് മുസ്ലിം മുന്നോട്ട് വെക്കുന്ന ജീവിത സംസ്കാരങ്ങളെ നിർവ്വചിക്കാനും നിയന്ത്രിക്കാനും ആധുനിക ദേശരാഷ്ട്രങ്ങൾക്ക് പരിമിതികൾ നേരിടേണ്ടി വന്നു എന്നതാണ് ഇതിന്റെ പ്രധാനകാരണം. അത്കൊണ്ട് തന്നെ പൂർണ്ണമായും പിടുത്തം കൊടുക്കാത്ത, പാരമ്പര്യത്തിലേക്ക് (ആധുനിക നിർണയിച്ച പാരമ്പര്യം അല്ല ) ചേർന്ന് നിൽക്കുന്ന മുസ്ലിം എപ്പോഴും ദേശരാഷ്ട്രങ്ങൾക്ക് അപരൻ തന്നെയായിരുന്നു. അതിനാൽ തന്നെ ആധുനികതയുടെ അധിനിവേശ രാഷ്‌ട്രീയവും, ദേശത്തിന്റെ നിയമ സംവിധാനങ്ങളും നിരന്തരമായി മുസ്ലിമിനെ ശത്രുവാക്കുകയും,ആക്രമിച്ചു കീഴടക്കുകയും ചെയ്തുകൊണ്ടിരുന്നു.

വിജ്ഞാനം,രാഷ്‌ട്രീയം,നിയമം,ഭരണനിയന്ത്രണം,സംസ്കാരം,യുദ്ധം, തുടങ്ങിയ അനവധി കാര്യങ്ങളെ ഉപാധിയാക്കികൊണ്ടാണ് ഈ അപരവത്കരണം സാധ്യമാക്കിത്തീർത്തത്. ഇവിടെ രാഷ്‌ട്രീയമായും, സാങ്കേതികമായും ദേശരാഷ്ട്രങ്ങളോട് പലവിധ ഇടപാടുകളിലൂടെ ജീവിതം നയിക്കുന്ന മുസ്ലിം സ്വയം തന്നെ ഒരു രാഷ്‌ട്രീയ സ്വത്വത്തിലേക്ക് എത്തിച്ചേരുകയാണ് ചെയ്യുന്നത്.മുസ്ലിം പേര് കൊണ്ടും ഇസ്ലാമിന്റെ രാഷ്‌ട്രീയ പ്രതിനിധാനം കൊണ്ടും ആത്മീയതയുടെയും ശരീഅത്തിന്റെയും ഫിഖ്‌ഹിന്റെയും പലതരം പ്രയോഗങ്ങൾ കൊണ്ടും ജീവിക്കുന്ന എല്ലാതരം മുസ്ലിംകൾക്കും ഈ രാഷ്‌ട്രീയ സ്വത്വം പല അർത്ഥത്തിൽ ബാധകമായിത്തീരുകയും ചെയ്യുന്നുണ്ട്.

മുസ്ലിം അപരത്വത്തെ നിലനിർത്താൻ ആധുനികതയുടെ വ്യവഹാരങ്ങൾ തന്നെ മുസ്ലിങ്ങളിൽ നിന്ന് പലതിനെയും സ്വാംശീകരിക്കുന്നുണ്ട്.ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും അടിസ്ഥാനമാക്കി ദേശരാഷ്ട്രങ്ങൾ നേരിടുന്ന ചോദ്യങ്ങളെ മറികടക്കാനുള്ള സ്വംശീകരണങ്ങളാണ് അതിൽ അധികവും. പങ്കാളിത്തം, പ്രാതിനിധ്യം പോലുള്ള അധികാര ബന്ധിതമായ ഘടകങ്ങളെ നിലനിർത്താനും,വിയോജിപ്പിന്റെ സാധ്യതകളെ ഇല്ലാതാക്കാനും വേണ്ടി സ്വാംശീകരണ നയങ്ങൾ ഉപയോഗിക്കുന്നുണ്ട് .സ്വാഭാവികമായും അത്തരം സാങ്കേതിക അധികാരങ്ങളുടെ പരിധിയിൽ നിന്ന് കൊണ്ട് ഭരണകൂടങ്ങളെ പങ്കാളിത്തപരമായും പ്രാതിനിധ്യപരമായും ഉപയോഗിക്കുന്ന മുസ്ലിം വ്യക്തികളുടെയോ വിഭാഗങ്ങളുടെയോ രാഷ്‌ട്രീയം എത്രമാത്രം മുസ്ലിം രാഷ്ട്രീയത്തിന് സഹായകമാകുന്നുണ്ട് എന്നത് മുസ്ലിം രാഷ്‌ട്രീയത്തിന്റെ മറ്റൊരു അന്വേഷണ വിഷയം കൂടിയാണ്.

2. ഇസ്ലാമിന്റെ നീതിശാസ്ത്രവും മുസ്ലിം രാഷ്‌ട്രീയവും

മുകളിൽ വിശദമാക്കിയത് പോലെ, മുസ്ലിം സ്വത്വം ഉള്ളതിനാൽ തന്നെ മുസ്ലിംകൾ കൈവരിക്കേണ്ടതായി വരുന്ന രാഷ്‌ട്രീയ ആവശ്യങ്ങളാണ് നിലനിൽപ്പും അതിജീവനവും. ആധുനികതയിലെ മുസ്ലിം സമൂഹത്തിന്റെ മൗലികമായ ഈ രാഷ്‌ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുക എന്നത് ഇസ്ലാമിന്റെ നൈതിക രാഷ്ട്രീയത്തിന്റെ താല്പര്യം കൂടിയാണ്.ഇസ്ലാമിന്റെ നൈതികത മുസ്ലിം സമൂഹത്തിന് മാത്രമായുള്ള വിഭാവനയിൽ ഒതുങ്ങുന്നില്ല എന്നിരിക്കെ തന്നെ മുസ്ലിം അനുഭവിക്കുന്ന നിലനിൽപ്പിന്റെ പ്രശ്നങ്ങൾ ഇസ്ലാമിന്റെ അടിസ്ഥാന രാഷ്‌ട്രീയ ചോദ്യം തന്നെയാണ്.അതോടൊപ്പം ഇസ്ലാമിന്റെ നീതിശാസ്ത്രം മുസ്ലിമിന്റെ നൈതികതയെ നിർണയിക്കുകയും ചെയ്യുന്നുണ്ട്.അഥവാ ഒരേ സമയം മുസ്ലിമിന്റെ നൈതികത നിർണ്ണയിക്കുന്നതോടൊപ്പം മുസ്ലിമിന്റെ നിലനിൽപ്പിനും അതിജീവനത്തിനും വേണ്ടി നിലകൊള്ളാൻ ആവശ്യപ്പെടുന്ന നീതിശാസ്ത്രത്തെയും ഇസ്ലാം പ്രതിനിധാനം ചെയ്യുന്നുണ്ട് എന്ന് കാണാവുന്നതാണ്. ഈ രണ്ട് അടിസ്ഥാനങ്ങളിൽ നിന്നതുകൊണ്ടാണ് ഇസ്ലാമിക രാഷ്ടീയ വ്യവഹാരങ്ങളും മുസ്ലിം രാഷ്‌ട്രീയയത്തിന്റെ അനവധി രൂപങ്ങളും മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.ഇസ്ലാമിക രാഷ്‌ട്രീയം, ഇസ്ലാമിക ഭരണകൂടം, ശരീഅത്തിന്റെ പൊതു നന്മകൾ,തുടങ്ങിയ പല പരിഗണനകൾക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ ഇസ്ലാമിന്റെ നൈതിക രാഷ്‌ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നവർക്ക് രാഷ്‌ട്രീയമായ അർഥങ്ങൾ സ്വാഭാവികമായും ഉണ്ടായി തീരുന്നുമുണ്ട്.

ഇത്തരത്തിലുള്ള ഇസ്ലാമിന്റെ രാഷ്ട്രീയ രൂപങ്ങളെ ആധുനികതയും, അതിലെ പലവിധ അധികാര വ്യവഹാരങ്ങളും രാഷ്‌ട്രീയ ഇസ്ലാം, ഇസ്ലാമിസം, ഇസ്ലാമിക്‌ ഫണ്ടമെന്റലിസം,തീവ്രവാദം തുടങ്ങിയ ഏകശികാത്മകമായ നിർണയനത്തിൽ കൊണ്ടുവരികയാണ് ചെയ്തിട്ടുള്ളത്.പ്രത്യേകിച്ചും “ഭീകര വിരുദ്ധ യുദ്ധം “( War on Terror) തന്നെ ഇസ്ലാമിന്റെ ഇത്തരം രാഷ്‌ട്രീയ പ്രധിനിധാനങ്ങളെ ലക്ഷ്യമാക്കി വികസിപ്പിക്കപ്പെട്ട ഒന്നാണ്. ഭീകരവിരുദ്ധ യുദ്ധത്തിന്റെ വ്യവഹാരികമായ വളർച്ചയുടെ ഒരു പ്രത്യേകത എന്തെന്നാൽ ലോക മുസ്ലിംകൾക്കിടയിലെ ഒറ്റപ്പെട്ട മിലിറ്റന്റ് രൂപങ്ങളോട് ചേർത്തു നിർത്തിയാണ് ഇസ്ലാമിന്റെ എല്ലാ രാഷ്‌ട്രീയ രൂപങ്ങളെയും കണക്കാക്കുന്നത് എന്നതാണ്. അത്കൊണ്ട് തന്നെ ഈ സ്വഭാവത്തിൽ മുസ്ലിമിനെ അപരനാക്കുകയും അധികാര നിയന്ത്രണം കൊണ്ട് അടിച്ചമർത്തുകയും ചെയ്യുന്ന ആധുനിക അധീശ വ്യവഹാരങ്ങളോടും,ഇസ്ലാം-മുസ്ലിം ഭീതിയെ നിരന്തരം ഉറപ്പിച്ചുകൊണ്ടിരിക്കുന്ന രാഷ്‌ട്രീയത്തോടും നിരന്തരം കലഹിക്കുന്ന മുസ്ലിം വിഭാഗങ്ങളുടെ ഇടപെടലുകളെയും പോരാട്ടങ്ങളെയും, ഇസ്ലാമിക രാഷ്‌ട്രീയം അല്ലെങ്കിൽ മുസ്ലിം രാഷ്‌ട്രീയം എന്ന്‌ വിവക്ഷിക്കാനും സാധിക്കുന്നതാണ്.

3. ശരീഅത്ത്-തസവ്വുഫ്-രാഷ്ട്രീയ സ്വത്വം

ഇസ്ലാമിക രാഷ്‌ട്രീയത്തിന്റെ ആധുനികതയിലെ പ്രായോഗിക പരീക്ഷണങ്ങളിൽ (ഇസ്ലാമിസം, പൊളിറ്റിക്കൽ ഇസ്ലാം )നിന്നും വ്യത്യസ്‍തമായി, ശരീഅത്തിനെ ദേശരാഷ്ട്ര വിഭാവനകളുടെ അധികാരബന്ധങ്ങളുടെ മുകളിൽ കാണാൻ കഴിയണം എന്നും കർമശാസ്ത്രത്തിന്റെ ജീവിത ഭാഷകൊണ്ട് സാമൂഹിക വ്യവഹാരങ്ങളിൽ ഇടപെടണം എന്നും ആവശ്യപ്പെടുന്ന മുസ്ലിം വിഭാഗങ്ങളും,പണ്ഡിതന്മാരും, സൂഫികളും ഇസ്ലാമിക ലോകത്ത് എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്.അതിനെ തന്നെ ഏകശിലാത്മകമായി നിർവചിക്കാൻ ഒരിക്കലും സാധിക്കുകയില്ല. കാരണം ഭരണകൂടത്തോടും അധികാരത്തോടും മുസ്ലിമിന്റെ അതിജീവന രാഷ്‌ട്രീയത്തോടും ഇസ്ലാമിന്റെ നൈതിക രാഷ്‌ട്രീയത്തിൽ നിന്ന് കൊണ്ട് വ്യത്യസ്‍തമായ രീതിയിൽ ഇടപെടലുകൾ നടത്തിയിട്ടുള്ള പല വിഭാഗങ്ങളെയും പണ്ഡിതന്മാരെയും മുസ്ലിംകളുടെ എല്ലാ പാരമ്പര്യങ്ങളിലും കാണാൻ സാധിക്കും. മാത്രവുമല്ല രാഷ്ട്രീയ ഇസ്ലാം അല്ലെങ്കിൽ ഇസ്ലാമിസം എന്ന് വിവക്ഷിക്കപ്പെടുന്ന ആധുനികതയിലെ ഇസ്ലാമിക രാഷ്‌ട്രീയ പരീക്ഷണങ്ങൾക്കെല്ലാം തന്നെ ഇസ്ലാമിന്റെ എല്ലാതരം പാരമ്പര്യകളിലും വേരുകൾ കണ്ടെത്താനും സാധിക്കും. അത്കൊണ്ട് തന്നെ രാഷ്‌ട്രീയ മുസ്ലിം -കർമശാസ്ത്രം മുസ്ലിം-സൂഫി മുസ്ലിം -തുടങ്ങിയ വിഭജനങ്ങൾ മുൻനിർത്തിയുള്ള ചർച്ചകൾക്ക് സ്വാഭാവികമായ പരിമിതികളുണ്ട്.

എന്നാൽ ഇസ്ലാമിസം എന്ന് വിവക്ഷിക്കപ്പെടുന്ന ഇസ്ലാമിക രാഷ്‌ട്രീയ പരീക്ഷണങ്ങളോട് നേർക്ക്‌ നേരെ വിയോജിപ്പുകൾ പ്രകടിപ്പിക്കുന്ന വിഭാഗങ്ങൾ മുസ്ലിംകളിലെ വിജ്ഞാനധാരയിലും പണ്ഡിത-സൂഫിധാരയിലും ഈ കാലഘട്ടത്തിലും ധാരാളം കാണാൻ സാധിക്കും .ഇസ്ലാമിലെ അഖീദ, ശരീഅത്,.തഖ്‌ലീദ്‌, ഇജ്തിഹാദ്,ഉസൂലുൽ ഫിഖ്ഹ്,തസവുഫ് തുടങ്ങിയവകളുടെ വൈജ്ഞാനിക വ്യാഖ്യാനത്തെയും പ്രായോഗിക രീതികളെയും കേന്ദ്രീകരിച്ചു കൊണ്ടുള്ള തർക്കങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രസ്തുത വിയോജിപ്പുള്ള വിഭാഗങ്ങൾ തന്നെ നിലനിൽക്കുന്നത്.

ആധുനികതയിലെ ഇസ്ലാമിക രാഷ്‌ട്രീയത്തിന്റെ അല്ലെങ്കിൽ ഇസ്ലാമിസത്തിന്റെ രാഷ്‌ട്രീയ പരീക്ഷണങ്ങളോട് വിയോജിക്കുന്ന അത്തരം വൈജ്ഞാനിക -ആത്മീയ ചിന്താധാരകൾക്ക് രാഷ്‌ട്രീയ ബാഹ്യമായ അർഥങ്ങൾ മാത്രമാണ് ഉള്ളതെന്ന് വിലയിരുത്തപ്പെടാറുണ്ട്. എന്നാൽ ആധുനിക ദേശരാഷ്ട്രങ്ങളോടും, അധികാര ക്രമങ്ങളോടും, ഭരണാധികാരികളോടും പലവിധത്തിലുള്ള ഇടപാടുകൾ അത്തരം വിഭാഗങ്ങൾ നടത്തുന്നുമുണ്ട്. ഭരണകൂടത്തോടുള്ള അത്തരം ഇടപാടുകൾക്ക് ശരീഅത്തിന്റെയും ഫിഖ്‌ഹിന്റെയും പരിധികൾ മാത്രമാണ് ഉള്ളതെന്ന് വാദിക്കുന്നത്തിലൂടെ അത്തരം വിഭാഗങ്ങളുടെ ഇടപെടലുകൾക്ക് രാഷ്‌ട്രീയ സ്വത്വം ഉണ്ടാകുന്നില്ല എന്ന് പറയാൻ സാധിക്കില്ല. കാരണം  ഒരേ സമയം മുസ്ലിം ആയത് കൊണ്ട് വന്നു ചേരുന്ന രാഷ്‌ട്രീയ സ്വത്വവും,ഇസ്ലാമിസത്തോട് വിയോജിച്ച്‌ കൊണ്ട് തന്നെ ആധുനിക ദേശരാഷ്ട്രങ്ങളിൽ ഇടപാടുകൾ നടത്തുന്നു എന്നതിനാൽ ഉണ്ടാകുന്ന രാഷ്‌ട്രീയ സ്വത്വവും അവരിൽ വന്നുചേരുന്നുണ്ട്.

ഉദാഹരണമായി മതപ്രചരണം (ദഅ്‌വ), ആരോഗ്യമേഘലയിലെ പ്രവര്‍ത്തനങ്ങൾ പള്ളി നിര്‍മ്മാണം, പ്രസാധനാലയങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൊതുനന്മക്കുവേണ്ടിയുള്ള സംരംഭങ്ങൾ തുടങ്ങിയവകളെല്ലാം തന്നെ രാഷ്‌ട്രീയ ഇസ്ലാമിനോട് വിയോജിക്കുന്ന വിഭാഗങ്ങളും ഇസ്ലാമിക പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിപ്പോരുന്നുണ്ട്. ഇതിനെല്ലാം വേണ്ടി ആധുനിക ദേശരാഷ്ട്രങ്ങളുടെ അധികാരത്തിന്റെയും നിയമ- കാര്യനിര്‍വ്വഹണങ്ങളുടയും സാങ്കേതികവും രാഷ്‌ട്രീയവുമായ പരിസരങ്ങളുമായെങ്കിലും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. മാത്രവുമല്ല ഇലക്ഷൻ രാഷ്‌ട്രീയത്തിൽ പ്രത്യേകമായ പിന്തുണകൾ നൽകിയും ദേശരാഷ്ട്ര അധികാരങ്ങളിൽ പലവിധ പങ്കാളിത്തം വഹിച്ചും,രാഷ്‌ട്രീയ പ്രാധാന്യമുള്ള വേദികൾ പങ്കിട്ടും,ഭരണകൂടത്തോട് അഭിപ്രായ പ്രകടനങ്ങൾ നടത്തിയും, ഇസ്ലാമിസത്തെ വിമർശിക്കുന്ന മുസ്ലിം പണ്ഡിത-സൂഫി വിഭാഗങ്ങൾ ഇടപാടുകൾ നടത്താറുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയ സ്വത്വത്തെ നിരാകരിച്ചു കൊണ്ടുള്ള ഒരു വിശകലനം മുസ്ലിം സമൂഹത്തിലെ അത്തരം വിഭാഗങ്ങളെ കുറിച്ച് നടത്താൻ സാധിക്കില്ല എന്നതും യാഥാർഥ്യമാണ്.

മുസ്ലിം അതിജീവന രാഷ്‌ട്രീയത്തിലെ സങ്കീർണതകൾ

ഏതൊരു രാഷ്‌ട്രീയത്തെ പോലെ തന്നെയും അതിജീവന രാഷ്ട്രീയങ്ങളുടെ സിദ്ധാന്തങ്ങൾക്കും അതിന്റെ പ്രയോഗങ്ങൾക്കും കർമ മണ്ഡലത്തിൽ പല തരത്തിലുള്ള സമീപന വ്യത്യാസങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. അധികാര വ്യവസ്ഥകളിൽ പ്രാതിനിധ്യപരമായും പങ്കാളിത്തപരായും (Representation and Participation ) ഇടമുണ്ടാക്കാൻ ശ്രമിക്കുന്ന വ്യത്യസ്‍ത സാമൂഹിക വിഭാഗങ്ങളുടെ ആശയപരമായ മൗലികതയെ, അവരുടെ പ്രായോഗിക സമീപനങ്ങളെ മുൻനിർത്തി മാത്രം മനസിലാക്കാൻ സാധിക്കില്ല. അതുപോലെ തന്നെ ആശയപരമായ മൗലികതയെ മാത്രം മുൻനിർത്തി കൊണ്ട് പ്രയോഗികതയെ നിർവ്വചിക്കാനും പരിമിതികൾ ഉണ്ടാകും. കാരണം അധികാരത്തിൽ പങ്കാളിത്തമില്ലാത്ത അല്ലെങ്കിൽ പ്രാതിനിധ്യ സാധ്യത മാത്രമുള്ള ഓരോ സാമൂഹിക വിഭാഗങ്ങളെയും പഠിക്കാൻ ശ്രമിച്ചാൽ അവർ രാഷ്ട്രീയ പരീക്ഷണങ്ങളിൽ ഏർപ്പെടുമ്പോൾ ഏതൊരു രാഷ്‌ട്രീയത്തെയും പോലെ, മൗലികമായ ഒരു ആശയത്തെ ഉൾകൊള്ളുന്നുണ്ട് എന്ന് കണ്ടെത്താവുന്നതാണ്. എന്നാൽ പ്രായോഗികതയിൽ വൈവിധ്യങ്ങളെ നിലനിർത്തിക്കൊണ്ടിരിക്കുകയും ചെയ്യും. പ്രസ്തുത പ്രായോഗിക വൈവിധ്യങ്ങൾ ചിലപ്പോൾ അവരുടെ മൗലികമായ ആശയം നൽകുന്ന സാധ്യതയുമായിരിക്കും.
ആശയപരമായ മൗലികത തന്നെ പലതരത്തിലുള്ള അനുഭവങ്ങൾ കാരണം മാറ്റങ്ങൾക്ക് വിധേയമാകുകയും ചെയ്തേക്കാം. അപ്രകാരം സിദ്ധാന്തം പ്രയോഗത്തെ നിർണയിക്കുന്നതിലൂടെയും പ്രയോഗങ്ങൾ സിദ്ധാന്തങ്ങളെ രൂപപ്പെടുത്തുന്നതുമായ പ്രക്രിയകളിലൂടെയും അതിന്റെ പ്രശ്ന മേഖലകളിലൂടെയും തന്നെയാണ് അതിജീവന രാഷ്ട്രീയ വ്യവഹാരങ്ങളും മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. അപ്പോൾ തന്നെയും സിദ്ധാന്തത്തെ നിരാകരിക്കുന്ന പ്രയോഗത്തിലേക്കും, പ്രയോഗങ്ങളെ ന്യായീകരിക്കുന്ന സിദ്ധാന്തത്തിലേക്കും പലരും എത്തുന്നതിന് പിന്നിൽ പലവിധ താല്പര്യങ്ങളും പ്രേരണകളും ഉണ്ടാകുന്നതും സ്വാഭാവികമാണ്. ഒരു രാഷ്‌ട്രീയവും രാഷ്ടീയ പ്രവർത്തകനും, രാഷ്ട്രീയ സമൂഹവും രൂപം കൊള്ളുന്നത് തന്നെ പ്രസ്തുത സങ്കീർണതകളിലും,പ്രശ്നമേഖലകളിലും സാധ്യതകൾ കണ്ടെത്തികൊണ്ടാണ്.

ഒരു മുസ്ലിമായ വ്യക്തിയുടെയോ, മുസ്ലിം സമൂഹത്തിന്റെ പൊതുവായതോ, ഒരു മുസ്ലിം വിഭാഗത്തിന്റെയോ രാഷ്ട്രീയം എന്താണെന്ന് നോക്കിയാലും മുകളിൽ വിശദമാക്കാൻ ശ്രമിച്ച സമീപന രീതികളുടെ സൈദ്ധാന്തികവും പ്രായോഗികവുമായ സങ്കീർണതകളെ കണ്ടെത്താൻ സാധിച്ചേക്കാം. അതുകൊണ്ട് തന്നെ മുസ്ലിം രാഷ്‌ട്രീയത്തിന് പലവിധ അടരുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ദൈവശാസ്ത്രപരമായ വ്യഖ്യാന വൈവിധ്യങ്ങൾ, ശരീഅത്തിന്റെ നിർവ്വഹണത്തെ കുറിച്ചുള്ള അഭിപ്രായ ഭിന്നതകൾ,ഫിഖ്‌ഹിന്റെ അധികാരത്തെ (അൽ മലക്കത്തുൽ ഫിഖ്‌ഹിയ്യ ) കുറിച്ചുള്ള തർക്കങ്ങൾ,സൂഫികളുടെ ഇടപാടുകളെ കുറിച്ചുള്ള വായനകൾ, തുടങ്ങിയ വ്യത്യസ്‍തങ്ങളായ പ്രശ്ന മേഖലകളെ കേന്ദ്രീകരിച്ചു കൊണ്ടാണ് മുസ്ലിംകളുടെ അഭിപ്രായ വൈവിധ്യങ്ങൾ തന്നെ നിലനിൽക്കുന്നത്. സ്വഭാവികമായും മുസ്ലിം രാഷ്‌ട്രീയത്തെ പലതായി നിലനിർത്താനും അത് കാരണമാകുന്നുണ്ട്.

എന്നാൽ രാഷ്‌ട്രീയ പരിഹാരം ഉണ്ടാക്കേണ്ടുന്ന ദൈനംദിന ജീവിതത്തിലെയും ജീവിക്കുന്ന കാലത്തിലെയും പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ ഈ വൈവിധ്യങ്ങളിലൂടെയുള്ള ഇടപെടലുകൾക്ക് എന്തെല്ലാം സാധിക്കുന്നു എന്നും വിലയിരുത്തേണ്ടതുണ്ട്.മുസ്ലിംകളുടെ രാഷ്‌ട്രീയ ഇടപാടുകളെ പലതായി തിരിക്കുമ്പോൾ തന്നെ , അതിലുണ്ടാകുന്ന മൗലികമായ വ്യത്യാസങ്ങളെ വിശകലനം ചെയ്യാൻ സാധിക്കണം. അതോടൊപ്പം മുസ്ലിം രാഷ്‌ട്രീയത്തിന് അതുണ്ടാക്കുന്ന നേട്ടങ്ങളെയും കോട്ടങ്ങളെയും കണ്ടെത്താനും സാധിക്കേണ്ടതുണ്ട്.

അതിനായി മൂന്നു രീതിയിൽ മുസ്ലിം ഇടപാടുകളെ തരം തിരിക്കാം എന്ന് തോന്നുന്നു

1.ഭരണകൂടങ്ങളോട് ചേർന്ന് നിന്ന് കൊണ്ടുള്ള രാഷ്‌ട്രീയ ഇടപാടുകൾ

2.ഭരണകൂടത്തിനോട് പ്രാതിനിധ്യപരമായി, ചേർന്ന് നിൽക്കുകയും വിസ്സമ്മതത്തിന്റെയും,വിയോജിപ്പിന്റെയും നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഇടപാടുകൾ

3.ഭരണകൂടത്തിൽ പ്രാതിനിധ്യ പങ്കാളിത്ത സാധ്യതകൾ ഇല്ലാത്തതുകൊണ്ടോ നിഷേധിക്കപ്പെടുന്നത് കൊണ്ടോ സംഭവിക്കുന്ന പ്രതികരണത്തിൻെറയും പ്രക്ഷോഭത്തിന്റെയും ഭാഗമായുള്ള രാഷ്‌ട്രീയ ഇടപാടുകൾ

 

 

(തുടരും)

ലദീദ ഫർസാന

സ്റ്റുഡന്റ് ലീഡർ
ജാമിഅ മില്ലിയ്യ, ഡൽഹി