Campus Alive

കാശ്മീർ പോരാട്ടങ്ങളുടെ സാംസ്കാരിക വായന

ആത്മാഭിമാനത്തിനും സ്വയം നിർണ്ണയാവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരങ്ങളെ ഹിംസാത്മകവും അപരവൽക്കരണത്തിൽ ഊന്നിയതുമായ ആധുനിക ദേശരാഷ്ട്ര യുക്തിയിൽ നോക്കികണ്ടും വിശദീകരിച്ചുമാണ് ഭരണകൂടം രാജ്യ വിരുദ്ധരെയും രാജ്യാനുകൂലികളെയും നിർമ്മിച്ചെടുക്കുന്നത്. പതിറ്റാണ്ടുകളായി അപരവൽക്കരിക്കപ്പെടുകയും ഭരണകൂട ഹിംസക്ക് ഇരയാവുകയും ചെയ്യുന്ന കശ്മീരി ജനതയുടെ സ്വയം നിർണ്ണയാവകാശത്തിനും സ്വാശ്രയത്തിനും വേണ്ടിയുള്ള സമര മുന്നേറ്റങ്ങളെ ദേശ-വിരുദ്ധം എന്ന് വിശേഷിപ്പിച്ചാണ് ഭരണകൂടം അടിച്ചമർത്തുന്നത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം, കശ്മീരിനെ ഇന്ത്യൻ യൂണിയനോട് ലയിപ്പിക്കുമ്പോൾ മുതൽ ആരംഭിക്കുന്ന, ഇന്ത്യയുടെയും കശ്മീരിന്റെയും രാഷ്ട്രീയ-സാംസ്കാരിക ഉള്ളടക്കങ്ങളിലെ വൈരുധ്യത്തെ കുറിച്ചുള്ള കൃത്യമായ ധാരണയാണ് ഒരുപക്ഷേ ഒരു സ്വതന്ത്ര്യ കശ്മീർ എന്ന നിലപാട് ആദ്യകാലത്തു തന്നെ കശ്മീർ കൈകൊണ്ടത്. ഒരു ജനതയുടെ താൽപര്യത്തിനാണ് ഒരു ദേശ രാഷ്ട്രത്തിന്റെ താൽപര്യത്തേക്കാൾ മുൻഗണന എന്നും, ഒരു ജനതയുടെ സമ്മതമോ താൽപര്യമോ ഇല്ലാതെ, ഒരു ദേശത്ത് സൈനികപരവും ആയുധപരവുമായ മേൽക്കോയ്മയുടെ സാധ്യതകൾ ഉപയോഗിച്ച് നിലനിൽക്കുന്നത് അധിനിവേശം അല്ലാതെ മറ്റൊന്നുമല്ല എന്ന ചരിത്രപരമായ തിരിച്ചറിവുമാണ് കശ്മീർ വിഷയത്തിൽ ഹിതപരിശോധന നടത്താം എന്ന ഉറപ്പ് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന ജവഹർ ലാൽ നെഹ്റു കശ്മീരി ജനതയ്ക്കും ഐക്യരാഷ്ട്ര സഭയ്ക്കും നൽകുന്നത്. പക്ഷേ ആ വാക്ക് ഒരിക്കൽ പോലും സാധ്യമായില്ല. പകരം കശ്മീർ കൂടുതൽ പ്രക്ഷുബ്ധമായി. ലോകത്തിലെ എറ്റവും വലിയ സൈനികവൽക്കരിക്കപ്പെട്ട ഭൂപ്രദേശമായി കശ്മീർ താഴ്വര മാറി. ഭൂമിയിലെ സ്വർഗ്ഗം വ്യാജ എറ്റുമുട്ടലുകളുടെയും കൂട്ട ബലാത്സംഗങ്ങളുടെയും നാടായി മാറി.

ദേശ-രാഷ്ട്ര യുക്തിയനുസരിച്ച് ഏറ്റവും ഉയർന്ന അധികാര ബിന്ദുവിൽ നിന്ന് ലഭിക്കുന്ന ഉറപ്പുകളും പരിരക്ഷകളും ആണ് അവകാശത്തെ സൃഷ്ടിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു ഇന്ത്യൻ പാർലിമെന്റിനും കശ്മീരി ജനതയ്ക്കും ഐക്യരാഷ്ട്ര സഭയ്ക്കും നൽകിയ ഉറപ്പു തന്നെ ഒരു ദേശരാഷ്ട്ര യുക്തിയനുസരിച്ച് കശ്മീരി ജനതയുടെ സ്വയം നിർണ്ണയാവകാശത്തിനും ആത്മാഭിമാനത്തിനും വേണ്ടിയുള്ള അവകാശത്തെ സാധ്യമാക്കേണ്ടതുണ്ട്, അത് ചരിത്രപരവുമാണ്.

കശ്മീരി ജനതയ്ക്കു നേരെ നടക്കുന്ന മനുഷ്യാവകാശങ്ങൾക്ക് സുദീർഘമായ ചരിത്രം ഉണ്ട്. ഒരുപക്ഷേ കശ്മീർ സ്വതന്ത്ര്യ ഇന്ത്യയിൽ ലയിക്കുന്നതിനും മുമ്പ് ആരംഭിക്കുന്നതാണ് മനുഷ്യാവകാശ ലംഘനങ്ങളുടെ കശ്മീർ സാക്ഷ്യങ്ങൾ. മേൽ പ്രസ്താവിച്ച സാമൂഹികാവസ്ഥയെ കുറിച്ചുള്ള ധാരണയിൽ നിന്നുകൊണ്ട് വേണം നമ്മൾ ഇന്ന് കശ്മീരി രാഷ്ട്രീയത്തെ വിശകലനം ചെയ്യാൻ.

കശ്മീരിന് ലഭിച്ചിരുന്ന പ്രത്യേക ഭരണഘടനാ അവകാശങ്ങൾ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബ്രാഹ്മണ്യ ഫാഷിസ്റ്റ് ഭരണകൂടം റദ്ദു ചെയ്യുന്നതിനു മുമ്പുതന്നെ കശ്മീർ രാഷ്ട്രീയവും താഴ്വരയും അങ്ങേയറ്റം പ്രക്ഷുബ്ധമായിരുന്നു. സങ്കീർണമായ മിലിട്ടറി അധികാര നിയമങ്ങളും ബ്രാഹ്മണിക് ഡീപ് സ്റ്റേറ്റ് സംവിധാനങ്ങളും അതിഭീകരമായ അവകാശ ധ്വംസനങ്ങളും ആണ് കാശ്മീർ രാഷ്ട്രീയത്തെ സംഘർഷഭരിതമാക്കുന്നത് എന്ന് പ്രാഥമികാടിസ്ഥാനത്തിൽ വിലയിരുത്താം. എങ്കിൽ പോലും കശ്മീരിൽ നടക്കുന്ന സമരങ്ങളും അതിനെതിരായ ഭരണകൂട അടിച്ചമർത്തലുകളും അത്തരം അടിച്ചമർത്തലുകൾക്കും നീതി നിഷേധത്തിനും ഇന്ത്യൻ പൊതുസമൂഹത്തിൽ നിന്ന് ലഭിക്കുന്ന അനുകൂലമായ പ്രതികരണങ്ങളും പൊതുസമ്മതിയും കശ്മീർ സമര ഉള്ളടക്കത്തെ സങ്കീർണ്ണമാക്കുന്നുണ്ട്. ഇന്ത്യൻ ഭരണകൂടവും വിഘടനവാദികളും അല്ലെങ്കിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും എന്ന ദ്വന്ദ്വത്തിനപ്പുറത്ത്, കശ്മീരി സമരങ്ങളുടെ അടിസ്ഥാന സ്വഭാവം അത് സ്വാതന്ത്ര്യത്തിനു വേണ്ടി, സ്വയം നിർണ്ണയാവകാശത്തിനു വേണ്ടി, ആത്മാഭിമാനമുള്ള ജീവിതത്തിനു വേണ്ടി, സർവോപരി നീതിക്കുവേണ്ടിയുള്ളതാണ്. അതുകൊണ്ടാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് കശ്മീരിലെ സമര ചരിത്രം എതിരാവാത്തതും എന്നാൽ ഇന്ത്യൻ പൊതുബോധത്തിനു എതിരാവുന്നതും.

ഭരണഘടനയും സംസ്കാരവും നീതിയും ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും പരസ്പരം എറ്റുമുട്ടിയതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഭരണഘടനയുടേയും ഭൂരിപക്ഷത്തിന്റെ സംസ്കാരിക വാദത്തിന്റെയും അടിസ്ഥാനത്തിൽ ഹിംസയെയും ഫാഷിസത്തെയും അപഗ്രന്ഥിക്കുന്ന രീതി ചരിത്രത്തോട് എപ്പോഴും നീതി കാണിക്കണമെന്നില്ല. അതുകൊണ്ടു തന്നെ കണ്ണ് മൂടികെട്ടിയ, മുഖം നോക്കാതെ എല്ലാവർക്കും ഒരേ നീതി, ഒരേ നിയമം എന്ന നീതി സങ്കൽപം സമൂഹത്തെ കുറിച്ചുള്ള സൂക്ഷ്മ ജ്ഞാനത്തിന്റെ അഭാവത്തെ കുറിക്കുന്നുണ്ട്. കശ്മീർ വിഷയത്തെ സങ്കീർണമാക്കുന്നതും സംസ്കാരവും ചിന്താപദ്ധതിയും വ്യക്തിയിലും സമൂഹത്തിലും ഉണ്ടാക്കുന്ന സങ്കീർണമായ അവസ്ഥാവിശേഷം ആണ്.

മേൽ പ്രസ്താവിച്ചതു പോലെ, കശ്മീരിൽ നടക്കുന്ന അതിഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളുടെയും ഭരണകൂട ഹിംസയുടെയും ചരിത്രത്തിന് സ്വതന്ത്ര്യ ഇന്ത്യയേക്കാൾ പഴക്കമുണ്ട്. കശ്മീരിന് ഭരണഘടന നൽകിയിരുന്ന പ്രത്യേക പരിരക്ഷ, ഭരണഘടനയുടെ ആർട്ടിക്കിൾ 370-ാം വകുപ്പും ആർട്ടിക്കിൾ 35-A വകുപ്പും അതുമായി ബന്ധപ്പെട്ട് നടന്ന കശ്മീരിലെ കനത്ത സൈനിക വിന്യാസവും, പൊതു സുരക്ഷാ നിയമത്തിന്റെയും (PSA) യൂ.എ.പി.എ, സൈന്യത്തിന് പ്രത്യേക ആധികാരങ്ങൾ നൽക്കുന്ന അഫ്സപ നിയമം, ദേശീയ സുരക്ഷാ നിയമം തുടങ്ങിയ തികച്ചും നീതി വിരുദ്ധമായ നിയമങ്ങളുടെ വ്യാപകമായ ഉപയോഗവും കഴിഞ്ഞ എതാനും ദിവസങ്ങളായി ലോകം കണ്ടതാണ്. മാധ്യമ പ്രവർത്തകരായ മസ്രത്ത് സെഹ്റ അടക്കമുള്ള മാധ്യമ പ്രവർത്തകർക്കെതിരെ യൂ.എ.പി.എ ചുമത്തിയാണ് ഭരണകൂടം നേരിട്ടത്. കശ്മീർ ശാന്തമാണ് എന്ന ഭരണകൂടത്തിന്റെ വാദങ്ങളെ വെല്ലുവിളിക്കുന്നതായിരുന്നു മസ്രത്ത് സെഹ്റ അടക്കമുള്ള മാധ്യമ പ്രവർത്തകർ പകർത്തിയ ചിത്രങ്ങൾ. ഭരണകൂട ഭാഷ്യങ്ങളിൽ നിന്ന് വിഭിന്നമായി, കശ്മീരിൽ ഭരണകൂടം നടത്തുന്ന ഭീകരമായ ഹിംസയും അനിശ്ചിതാവസ്ഥയും തുറന്നുകാട്ടുന്നതായിരുന്നു കശ്മീരിലെ മസ്രത്ത് സെഹ്റ അടക്കമുള്ള മാധ്യമ പ്രവർത്തകരുടെ ഗ്രൗണ്ട് റിപ്പോർട്ടിങ്ങ്. യു.എ.പി.എ അടക്കമുള്ള നിയമങ്ങൾ മാധ്യമ പ്രവർത്തകർക്കെതിരെയും ഭരണകൂടവുമായി വിയോജിക്കുന്നവർക്കെതിരെയും പ്രയോഗിക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്ന വിമർശനം പല ഭാഗങ്ങളിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ ഹിംസയുടെയും അവകാശലംഘനങ്ങളുടെയും അധികാര പ്രയോഗത്തിന്റെയും ചരിത്രം പേറുന്ന യു.എ.പി.എ അടക്കമുള്ള നിയമങ്ങളുടെ എറ്റവും സൂക്ഷ്മമായ പ്രയോഗമായിരുന്നു കശ്മീരിലും രാജ്യത്തെ മുസ്‌ലിം, ദലിത്, ആദിവാസി വിഭാഗങ്ങൾക്കു നേരെയുമുള്ള അതിന്റെ പ്രയോഗങ്ങൾ. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ യു.ഐ.പി.എ അടക്കമുള്ള ഭീകര നിയമങ്ങൾ അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് വികസിച്ചിരിക്കുകയാണ്, അതിനെ ഏൽപിച്ച ദൗത്യം പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരരമൊരു സന്ദർഭത്തിലാണ് ഭരണഘടന അടിസ്ഥാനപ്പെടുത്തിയുള്ള കശ്മീർ സംഘർഷങ്ങളുടെ വിശകലനം അപര്യാപ്തമാകുന്നത്. കാരണം ഇന്ത്യയിൽ നടക്കുന്ന, വിവിധ വിഭാഗങ്ങൾ നടത്തുന്ന സമരങ്ങൾ, സംഘർഷങ്ങൾ, വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള  സംഘർഷങ്ങൾ കൂടിയാണ്.

മസ്രത്ത് സെഹ്റ

ചരിത്രപരമായി ഇന്ത്യ വിവിധ സംസ്കാരങ്ങളുടെ താൽപര്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളുടെ ഭൂമിയാണ്. ചരിത്രത്തിൽ നില നിന്നിട്ടുള്ളതിൽ വച്ച് ഏറ്റവും ഹീനവും, എന്നാൽ എറ്റവും ജന പങ്കാളിത്തം ഉള്ളതുമായ ഫാഷിസ്റ്റു തത്ത്വചിന്തയാണ് ബ്രാഹ്മണ്യം. ക്ലാസിക്കൽ ഫാഷിസത്തിൽ നിന്ന് എറെ വിഭിന്നമാണ് സാംസ്കാരിക ഫാഷിസത്തിന്റെ പ്രയോഗ രൂപങ്ങൾ. ഭൗതിക-ധാർമ്മിക തലത്തിൽ മേധാവിത്ത-അടിമത്ത ബന്ധങ്ങൾ സ്ഥാപിച്ചു കൊണ്ടാണ് സാംസ്കാരിക ഫാഷിസത്തിന്റെ അധികാര-സാമൂഹിക-സാമ്പത്തിക ബന്ധങ്ങൾ നിലവിൽ വരുന്നത്. അതുകൊണ്ടാണ് ഇന്ത്യയുടെ അതിരുകൾക്കകത്ത് നടത്തുന്ന, പ്രദേശങ്ങൾക്കു വേണ്ടിയുള്ള കേവല സമരമായി കശ്മീർ രാഷ്ട്രീയത്തെ നോക്കി കാണാൻ സാധിക്കാത്തത്. ക്ലാസിക്കൽ ഫാഷിസത്തിൽ നിന്ന് വിഭിന്നമായി, സൈന്യം അടക്കമുള്ള സംവിധാനങ്ങളുടെ പ്രഹരശേഷിയുടെ അടിസ്ഥാനത്തിൽ അല്ല കൾച്ചറൽ ഫാഷിസം നിലവിൽ വരുന്നതും നിൽനിൽക്കുന്നതും. കാരണം, ക്ലാസിക്കൽ ഫാഷിസ്റ്റു രൂപങ്ങൾ ശരീരങ്ങളെ അടിമപ്പെടുത്തിക്കൊണ്ടാണ് നിലനിൽക്കുന്നതെങ്കിൽ, കൾച്ചറൽ ഫാഷിസം മനസ്സിനെയും ബോധമണ്ഡലത്തെയുമാണ് അടിമപ്പെടുത്തുന്നത്. അതുകൊണ്ടാണ് ഭരണകൂട ഹിംസക്ക് എറെ സ്വീകാര്യത ലഭിക്കുന്നത്, കാരണം ഹിംസയോടും അനീതിയോടും സ്വയമേവ വിധേയപ്പെട്ടുകൊണ്ടും അതിനെ ആദർശവൽക്കരിച്ചു കൊണ്ടുമാണ് സംസ്കാരിക ഫാഷിസം അതിജീവിക്കുന്നത്.

അത്തരത്തിൽ അനീതിയോട് വിധേയപ്പെടില്ല എന്ന നിലപാടാണ് കശ്മീരിനെ സംഘർഷഭരിതമാക്കുന്നത്. അവകാശങ്ങൾ ഇല്ലാതെ, ബ്രാഹ്മണ്യത്തിന് വിധേയപ്പെട്ടു കൊണ്ട് അടിമസമാനമായി ജീവിക്കാമെങ്കിൽ ഇവിടെ തുടരാം എന്ന ബ്രാഹ്മണ്യത്തിന്റെ തിട്ടൂരത്തെ ആത്മാഭിമാനവും നീതിയും അവകാശവും അടിയറവുവെക്കാൻ സമ്മതമല്ല എന്ന കശ്മീരി സംസ്കാരത്തെ ഉയർത്തി പിടിച്ചുകൊണ്ട് പ്രതിരോധിച്ചതുകൊണ്ടാണ് കശ്മീരിൽ ബ്രാഹ്മണിസ്റ്റുകൾ പോർമുഖം തുറക്കുന്നത്. ബ്രാഹ്മണ്യത്തിന്റെ ഈ രീതിശാസ്ത്രം ആണ് ആർ.എസ്.എസിന്റെ രണ്ടാമത്തെ സർസംഘ്ചാലക്ക് ആയിരുന്ന എം.എസ്. ഗോൾവാൾക്കറുടെ ‘We or our nationhood defined’ എന്ന ഗ്രന്ഥത്തിൽ കാണാൻ സാധിക്കുന്നത്. മുസ്‌ലിം, ക്രിസ്ത്യൻ തുടങ്ങിയ ന്യൂനപക്ഷങ്ങൾ യാതൊരു അവകാശവുമില്ലാതെ, ഭൂരിപക്ഷ ജനതയുടെ സംസ്കാരത്തിനും അധികാരത്തിനും വിധേയപ്പെട്ടു കൊണ്ട് വേണമെങ്കിൽ ഇന്ത്യയിൽ തുടരാം എന്നാണ് ഗോൾവാൾക്കർ പ്രസ്താവിക്കുന്നത്. ചരിത്രത്തിൽ നിലനിന്നിട്ടുള്ള എല്ലാ സാംസ്കാരിക ഫാഷിസ്റ്റു പ്രത്യയശാസ്ത്രങ്ങളും അപര സ്വത്വങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളതും ഇതുതന്നെയാണ്. മുസ്‌ലിംകൾ ഭൂരിപക്ഷമുള്ള, സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും, നീതിക്കും, സ്വയം നിർണയത്തിനുമുള്ള ബോധ്യങ്ങൾ സ്വന്തം സാംസ്കാരിക ചിന്താ പദ്ധതിയിൽ അന്തർലീനമായിട്ടുള്ള കാശ്മീരി സംസ്കാരവും, അപര ഹിംസയും അധിനിവേശ താൽപര്യങ്ങളും ഉള്ളടങ്ങിയിട്ടുള്ള ബ്രാഹ്മണ്യ സംസ്കാരവും തമ്മിലുള്ള സംഘർഷങ്ങളാണ് കശ്മീരിൽ നടക്കുന്നത്. അതിനാൽ ബ്രാഹ്മണ്യത്തോട് വിധേയപ്പെടില്ല എന്നും, ബ്രാഹ്മണിസ്റ്റുകൾ കശ്മീരിനെ കുറിച്ച് പറയുന്ന നുണകളും ബ്രാഹ്മണ്യ രാഷ്ട്രത്തിന്റെ ഹിംസകളെയും തുറന്നു കാണിക്കും എന്ന പ്രഖ്യാപനമാണ് മസ്രത്ത് സെഹ്റ അടക്കമുള്ള മാധ്യമ പ്രവർത്തകർക്കു മേൽ ഭീകര നിയമങ്ങൾ വന്നു പതിക്കുന്നതിന്റെ അടിസ്ഥാന കാരണവും. ഈ സമരത്തിൽ കശ്മീർ ജനതയോട് ഐക്യപ്പെടേണ്ടതിന്റെ കാരണവും അതുതന്നെയാണ്. കാരണം അധികാരമോ പൊതുബോധ സമ്മതിയോ ഇല്ലാതെയാണ് കശ്മീരികൾ ബ്രാഹ്മണിസത്തിനെതിരായ സമരം നയിക്കുന്നത്. ഗോലിയാത്തിനെതിരായ ദാവീദിന്റെ ആയുധവും കേവലം ഒരു കല്ലും തെറ്റാലിയും ആയിരുന്നു എന്നത് ചരിത്രത്തിന്റെ വലിയ പാOങ്ങളിൽ ഒന്നാണ്.

മുഹമ്മദ് റാഷിദ്