Campus Alive

ഹാഷിംപുര കൂട്ടക്കൊല നമ്മെ ഓർമ്മിപ്പിക്കുന്നത്

മെയ് 22, കുപ്രസിദ്ധമായ ഹാഷിംപുര കൂട്ടക്കൊല നടന്ന ദിവസം. ഇന്ത്യയിലെ മുസ്‌ലിം വംശീയ കൂട്ടക്കൊലയുടെ ബീഭത്സമായ ഒരു പഴയ പതിപ്പ്. കൊറോണക്കാലത്തും പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത മുസ്‌ലിം സ്വത്വമുള്ള ആക്ടിവിസ്റ്റുകളെ തിരഞ്ഞുപിടിച്ച് അറസ്റ്റു ചെയ്യുമ്പോൾ നാം തിരിച്ചറിയേണ്ട ചില വസ്തുതകളുണ്ട്. ഭരണകൂടത്തിന്റെ ഉപകരണമായി പ്രവർത്തിക്കുന്ന നിരന്തരം വർഗ്ഗീയവൽക്കരിക്കപ്പെട്ട പോലീസ് ഫോഴ്സിന്റെ മുസ്‌ലിം വംശഹത്യയുടെ യഥാർത്ഥ ചരിത്രം. താടി വെച്ച ഒരു ഹിന്ദു അഭിഭാഷകനെ ക്രൂരമായി മർദ്ദിച്ചിട്ട് താങ്കളൊരു മുസ്‌ലിമാണെന്ന് കരുതിയാണ് അടിച്ചത് എന്നൊക്കെ പറഞ്ഞ പോലീസൊക്കെ ഹാഷിംപുരയിലെ മുസ്‌ലിം വംശവെറിയിൽ അഴിഞ്ഞാടിയ പോലീസുകാരേക്കാൾ മുന്നിലൊന്നുമല്ല. ഹാഷിംപുരയുടെ ആ കരൾ പിളർക്കും കഥയാണിത്.

ഒരു കാലത്ത് ഉത്തർ പ്രദേശിലെ തലയെടുപ്പുള്ള പോലീസ് മേധാവികളിലൊരാളായിരുന്ന വിഭൂതി നരൈൻ റായ് ഹിന്ദിയിൽ എഴുതിയ ഏറെ ശ്രദ്ധേയമായ നോവലാണ് “ശഹർ മേ കർഫ്യൂ”. 1980 ൽ അലഹബാദ് നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ പോലീസ് സംവിധാനവും പ്രാദേശിക ഭരണകൂടവും (provincial administration) എവ്വിധമാണ് മുസ്‌ലിംകളോട് പക്ഷപാതപരമായി പെരുമാറിയതെന്നതിന്റെ നേർസാക്ഷ്യമായിരുന്നു ആ നോവൽ. 1971 ൽ ഐ.പി.എസ് പാസ്സായി 1975 ൽ ഉന്നത പോലീസുദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ച നോവലിസ്റ്റ് താൻ ഔദ്യോഗിക ജീവിതത്തിൽ നേരിട്ടനുഭവിച്ച കാര്യങ്ങളാണ് തീർത്തും സത്യസന്ധമായി ഈ നോവലിൽ ആവിഷ്കരിക്കുന്നത്.

ഒരു നഗരത്തിൽ കലാപം പൊട്ടിപ്പുറപ്പെടുമ്പോൾ അവിടുത്തെ പോലീസ് സംവിധാനം മുസ്‌ലിംകളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയും കൂട്ട അറസ്റ്റ് ചെയ്ത് തുറങ്കിലടക്കുകയും ചെയ്യുന്നു. സംഘ്പരിവാർ അക്രമികൾ മുസ്‌ലിംകൾ തിങ്ങി താമസിക്കുകയോ കച്ചവടം നടത്തുകയോ ചെയ്യുന്ന സ്ഥലങ്ങളിൽ കൊള്ളയും കൊള്ളിവെപ്പും കൊലപാതകങ്ങളും നടത്തുമ്പോൾ ഇതേ പോലീസുകാർ നിഷ്ക്രിയരായി നോക്കി നിൽക്കുന്നു. സെക്കുലർ ലേബലുള്ള പാർട്ടികൾ അധികാരത്തിലിരിക്കുമ്പോൾ പോലും പ്രാദേശിക ഭരണകൂടങ്ങളുടെ ആന്തരിക ഘടന എത്രമേൽ വർഗീയവൽകരിക്കപ്പെട്ടതാണെന്ന് ഈ നോവൽ പറഞ്ഞു വെക്കുന്നുണ്ട്. 1988 ൽ എഴുതിയ ഈ നോവലിനെതിരെ അക്കാലത്ത് വിശ്വഹിന്ദു പരിഷത്ത് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഹിന്ദു വിരുദ്ധ (Anti-hindu) നോവൽ എന്നാണ് അവർ അതിനെ വിശേഷിപ്പിച്ചത്. ഈ കൃതിയെ അവലംബിച്ച് സിനിമയെടുക്കാൻ തുനിഞ്ഞ നിർമ്മാതാവിനെതിരെ അന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന അശോക് സിംഗാൾ ഭീഷണിയുമായി രംഗത്ത് വന്നിരുന്നു. സിനിമ റിലീസ് ചെയ്യുന്ന മുഴുവൻ തിയേറ്ററുകളും അഗ്നിക്കിരയാക്കുമെന്നായിരുന്നു ഭീഷണി.

ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിനകത്ത് പോലീസ് എങ്ങിനെയാണ് ഭൂരിപക്ഷ വർഗീയതയോട് ചേർന്ന് നിൽക്കുന്നത് എന്നതിനെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. ഹൈദരബാദിലെ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിൽ ഫെലോഷിപ്പോടു കൂടി വിഭൂതി നരൈൻ റായ് തന്നെ ഈ വിഷയത്തിൽ ഗവേഷണം നടത്തുകയുണ്ടായി. “വർഗീയ ലഹളാ കാലത്തെ പോലീസ് നിഷ്പക്ഷത (Police neutrality)” എന്നതായിരുന്നു ഈ പഠനത്തിലെ പ്രധാന ഊന്നൽ. പിന്നീട് 1998 ൽ ഈ ഗവേഷണ പ്രബന്ധം “കമ്മ്യൂണൽ കോൺഫ്ലിക്റ്റ്; പെർസെപ്ഷൻ ഓഫ് പോലീസ് ന്യൂട്രാലിറ്റി ഡ്യൂറിംഗ് ഹിന്ദു മുസ്‌ലിം റയട്ട് ഇൻ ഇന്ത്യ” എന്ന പേരിൽ പുസ്തകമായി പുറത്തിറങ്ങുകയുണ്ടായി.

ഗുജറാത്ത് കലാപത്തെക്കുറിച്ച ആഴത്തിലുള്ള നിരീക്ഷണങ്ങൾ പങ്കുവെക്കുന്ന കൃതിയാണ് “ഗുജറാത് ദ മെയികിംഗ് ഓഫ് എ ട്രാജഡി”. മുതിർന്ന പത്രപ്രവർത്തകൻ സിദ്ധാർത്ഥ് വരദരാജനാണ് ഈ പുസ്തകം എഡിറ്റ് ചെയ്തത്. രാമചന്ദ്രഗുഹ, രാജ്ദീപ് സർദേശായി, ടീസ്റ്റാ സെറ്റിൽവാദ്, ബർകാ ദത്ത്, എ.ജി നൂറാനി, മഹാശ്വേതാ ദേവി തുടങ്ങിയ തലയെടുപ്പുള്ള പത്രപ്രവർത്തകരും ആക്ടിവിസ്റ്റുകളും ഗുജറാത്ത് കലാപത്തിനു പിന്നിലെ രാഷ്ട്രീയത്തെ ഇഴകീറി പരിശോധിക്കുന്ന ഈ പുസ്തകത്തിൽ വിഭൂതി നരൈൻ റായിയുടെ ഒരു ലേഖനമുണ്ട്. ഗുജറാത്ത് കലാപ വേളയിൽ പോലീസ് എങ്ങിനെയാണ് സംഘ്പരിവാർ നേതൃത്വം കൊടുക്കുന്ന സർക്കാരിന്റെ ചട്ടുകമായതെന്ന് അദ്ദേഹം കൃത്യമായ തെളിവുകളുടെയും വസ്തുതകളുടെയും പിൻബലത്തിൽ അതിൽ വിശദീകരിക്കുന്നുണ്ട്. ദ ഹിന്ദുവിൽ സുഹൈൽ ഹാഷ്മി ഈ പുസ്തകത്തെക്കുറിച്ചെഴുതിയ നിരൂപണത്തിൽ ഗുജറാത്ത് കലാപത്തിന്റെ ആകെത്തുക  പോലീസും പ്രാദേശിക ഭരണകൂടവും ചേർന്നുള്ള ഗൂഢാലോചന (Collusion) ആയിരുന്നുവെന്ന് നിരീക്ഷിക്കുന്നുണ്ട്.

ഹാഷിംപുര കേസിലെ കർമ്മ യോഗിയായ റായ്

ഇന്ത്യ കണ്ട ഏറ്റവും ക്രൂരവും ബീഭത്സവുമായ കസ്റ്റഡി കൂട്ടക്കൊല(Custodial massacre)യായിരുന്നു ഉത്തർപ്രദേശിലെ ഹാഷിംപുരയിലെത്. പല തവണ കേസന്വേഷണവും കോടതി വിചാരണയും വഴിമുട്ടിയ ഈ കേസിൽ നീണ്ട 30 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ഒക്ടോബർ 30 നാണ് ഡൽഹി ഹൈക്കോടതി കുറ്റക്കാരായ പതിനാറു പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കലാപം നടന്ന അന്ന് കേന്ദ്രത്തിൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസായിരുന്നു അധികാരത്തിൽ. ഉത്തർപ്രദേശിൽ കോൺഗ്രസുകാരനായ മുഖ്യമന്ത്രി വീർ ബഹാദൂർ സിംഗിന്റെ ഭരണം. ബാബരി മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂപ്രദേശത്ത് ശിലാന്യാസത്തിന് രാജീവ് ഗാന്ധി അനുമതി നൽകിയ കാലമായിരുന്നുവത്. ശിലാന്യാസ പൂജകളുടെ മറവിൽ അങ്ങിങ്ങായി പൊട്ടിപ്പുറപ്പെട്ട വർഗീയ ചേരിതിരിവുകൾ അന്തരീക്ഷത്തെ ഭീതിതമാം വിധം കലുഷമാക്കിയിരുന്നു. മീറത്തിലും മറ്റും കർഫ്യൂ പ്രഖ്യാപിച്ചു. ഹിന്ദു ഭൂരിപക്ഷ വർഗീയതയെയും അതിന്റെ പേരിലുള്ള ഹിംസകളെയും പിന്തുണക്കുന്ന രീതിയിലുള്ള നടപടികളും നിലപാടുകളുമായിരുന്നു മുഖ്യമന്ത്രി വീർ ബഹാദൂറിന്റേത്. കലാപം അമർച്ച ചെയ്യാനെന്ന പേരിൽ പ്രൊവിൻഷൽ ആംഡ് കോൺസ്റ്റബുലറി (പി.എ.സി) എന്ന പേരിലുളള അർദ്ധ സൈനിക വിഭാഗത്തെ രംഗത്തിറക്കി. അവരെ സഹായിക്കാനെന്ന പേരിൽ സി.ആർ.പി.എഫ്. ജവാൻമാരെയും നിയോഗിച്ചു. ഇവരുടെ കൂടെ പ്രാദേശിക പോലീസ് സേനയും ചേർന്നതോടെ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പോലീസ് വേട്ടക്ക് ഹാഷിംപുര സാക്ഷിയാവുകയായിരുന്നു.

അങ്ങേയറ്റം ശാന്തമായിരുന്ന ഹാഷിംപുരയെ നരകതുല്യമാക്കിയത് കാട്ടുതീ പോലെ പടർന്നു പിടിച്ച ഒരു വ്യാജവാർത്തയായിരുന്നു. ആ വ്യാജവാർത്തയെ തുടർന്നുണ്ടായ ചെറിയ സംഘർഷങ്ങളെ അമർച്ച ചെയ്യാനെന്ന പേരിൽ പി.എ.സി സ്പെഷ്യൽ ഫോഴ്സ് ഭരണകൂടത്തിന്റെയും പട്ടാളത്തിന്റെയും അനുമതിയോടെ പിന്നീടങ്ങോട്ട് അഴിഞ്ഞാടുകയായിരുന്നു. 18 ട്രക്കുകളിലായി പ്രദേശത്തെ മുഴുവൻ മുസ്‌ലിം പുരുഷൻമാരെയും തിക്കി നിറച്ച് അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്നു. നിരപരാധികളായ ആ ചെറുപ്പക്കാരിൽ പലരെയും ശരീരം മുഴുവൻ തല്ലിച്ചതച്ചതിന് ശേഷമാണ് അറസ്റ്റു ചെയ്തത്. പലരുടെയും എല്ലുകൾ മാരകമായ അടിയേറ്റ് ഒടിഞ്ഞു തൂങ്ങിയിരുന്നു. പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങിയ 18 ട്രക്കുകളിൽ അവസാനത്തെ ഒന്ന് ഇന്ത്യ കണ്ട ഏറ്റവും ക്രൂരമായ പോലീസ് ഭീകരതയുടെ  കൂട്ടക്കശാപ്പ് വണ്ടിയായി മാറുകയായിരുന്നു. ട്രക്കിനകത്ത് തിക്കി നിറച്ച നിരപരാധികളായ 42 മുസ്‌ലിം യുവാക്കളെയാണ് പി.എ.സിയിലെ  പോലീസുകാർ നിഷ്കരുണം തുരുതുരാ നിറയൊഴിച്ച് കൊന്നത്. മുറാദ് നഗറിലെ കനാലിലേക്ക് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ വലിച്ചെറിഞ്ഞും രക്തം ഒഴുകിപ്പരന്ന ട്രക്ക് കഴുകി വൃത്തിയാക്കിയും കേസുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ തിരുത്തിയും തെളിവുകൾ മുഴുവൻ നശിപ്പിക്കാൻ പി.എ.സി നിരന്തരം ശ്രമിച്ചു. അതിന് ഉന്നത പോലീസുദ്യോഗസ്ഥരുടെ ഒത്താശയുണ്ടായിരുന്നു. സ്റ്റേറ്റ് ഭരിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ പരോക്ഷ പിന്തുണയുണ്ടായിരുന്നു. എത്രത്തോളമെന്നാൽ അക്കാലത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫീസ് (പി.എം.ഒ) ഈ കേസൊതുക്കിത്തീർക്കാൻ വഴിവിട്ട സഹായങ്ങൾ ചെയ്തിരുന്നതായി ആരോപണങ്ങളുയർന്നിരുന്നു. ഈ കേസ് യാതൊരു തുമ്പുമില്ലാതെ അവസാനിക്കുമെന്ന് തോന്നിച്ച ഒരു ഘട്ടത്തിലാണ് ഇന്ത്യ കണ്ട ഏറ്റവും നീതിബോധമുള്ള സത്യസന്ധനായ ആ പോലീസ് ഓഫീസർ വിഭൂതി നരൈൻ റായ് രംഗ പ്രവേശനം ചെയ്യുന്നത്.

2016 മെയ് 23 ന് ദ വയർ ഡോട് കോമിന് അനുവദിച്ച വീഡിയോ ഇന്റർവ്യൂവിൽ ആ നടുക്കുന്ന ഓർമ്മകൾ അദ്ദേഹം ഇങ്ങിനെ പങ്കുവെക്കുന്നു: “സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ കസ്റ്റഡി കൂട്ടക്കൊലയായിരുന്നു ഹാഷിംപുരയിലേത്. ഇതാദ്യമായാണ്  അൻപതോളം പേരെ കസ്റ്റഡിയിൽ എടുത്തിട്ട് പോലീസ് കൂട്ടക്കശാപ്പ് നടത്തുന്നത്. അന്ന് ഞാൻ ഗാസിയാബാദ് ജില്ലയുടെ പോലീസ് മേധാവിയായിരുന്നു. ഏതാണ്ട് രാത്രി പത്ത് മണിയായിക്കാണും. ലിങ്ക് റോഡ് പോലീസ് സ്റ്റേഷനിലെ ഓഫീസറായിരുന്ന വി.ബി സിംഗാണ് എന്നെ ആ വിവരം അറിയിച്ചത്. അദ്ദേഹം സ്റ്റേഷനിൽ ഇരിക്കുന്ന നേരത്ത് അകലെ എവിടെയോ വലിയ വെടിയൊച്ച കേട്ടു. വല്ല കവർച്ചയുമായിരിക്കുമെന്ന് കരുതി മോട്ടോർ സൈക്കിളിൽ രണ്ട് പോലീസുകാരോടൊപ്പം വെടിയൊച്ച കേട്ട ഭാഗത്തേക്ക് അദ്ദേഹം പോയി. അന്നേരം പി.എ.സിയുടെ ഒരു ട്രക്ക് അതിവേഗം അതുവഴി ഓടിച്ചു പോകുന്നത് അവർ കണ്ടു. സംഭവ സ്ഥലത്ത് കണ്ണയച്ചപ്പോൾ അവർ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. രക്തത്തിൽ കുളിച്ചു കിടക്കുന്ന മൃതദേഹങ്ങൾ മുറാദാബാദിലെ കനാലിൽ കുന്ന് കൂട്ടിയിട്ടിരിക്കുന്നു. വി.ബി സിംഗ് ഈ വിവരമറിയിക്കാൻ നേരെ എന്റെയടുത്തേക്കാണ് വന്നത്. ആ ഭീകര രംഗം കണ്ട് മനസാക്ഷിക്ക് ഏറ്റ കനത്ത ആഘാതം നിമിത്തം അദ്ദേഹത്തിൽ നിന്ന് വാക്കുകൾ വ്യക്തതയോടെ പുറത്തു വന്നില്ല. അതു കൊണ്ട് തന്നെ ഞാൻ സംസാരിച്ചു തുടങ്ങുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അവിടെ യഥാർത്ഥത്തിൽ നടന്ന കൊടും പാതകത്തിന്റെ ഭീകരത എത്ര വലുതായിരുന്നുവെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കുമായിരുന്നില്ല. എനിക്കിതിൽ ഏറ്റവും ഗൗരവകരമായി തോന്നിയിട്ടുള്ളത് നമ്മുടെ മതേതര ഘടനക്ക്(secular fabric ) ഈ കൂട്ടക്കശാപ്പ് എത്ര ആഴത്തിലുള്ള ആഘാതമാണ് ഏൽപ്പിച്ചത് എന്നതാണ്. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം സ്റ്റേറ്റിനാണ്. പി.എ.സി ഫോഴ്സ് സ്റ്റേറ്റിന്റെ ലോ-ആൻഡ് ഓർഡർ പ്രകാരം  സമാധാനത്തിന് വേണ്ടി പ്രവർത്തിക്കേണ്ട സേനയായിരുന്നു. എന്നാൽ ഒരു പ്രത്യേക സമുദായത്തിലെ അംഗങ്ങളെ തിരഞ്ഞുപിടിച്ചു കൊല്ലുകയാണവർ ചെയ്തത്. എത്ര മാത്രം ലജ്ജാകരമാണിത്.”

വിഭൂതി നരൈൻ റായ്

ഈ സംഭവത്തിന്റെ തുടക്കത്തിൽ തന്നെ റായ് കൃത്യമായ അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്നു. പോലീസുകാരായ പത്തൊൻപതോളം വരുന്ന പ്രതികൾ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റിലാകുമെന്ന് ഉറപ്പിച്ച ഒരു ഘട്ടത്തിലാണ് റായിയെ ഗാസിയാബാദിൽ നിന്ന് സ്ഥലം മാറ്റുന്നത്. സംഭവം നടന്ന് മുപ്പത്തി ആറ് മണിക്കൂറിനുള്ളിൽ കേസന്വേഷണം  റായിയിൽ നിന്ന് CID ക്ക് കൈമാറിയതായ ഉത്തരവും വന്നു. പിന്നീട് കേസന്വേഷണം പലപ്പോഴും നേരായ വഴിയിലായിരുന്നില്ല. പല ഘട്ടങ്ങളിലും പി.എ.സി തെളിവുകളോരോന്നായി നശിപ്പിച്ചു കൊണ്ടിരുന്നു.എന്നാൽ അറസ്റ്റ് ചെയ്യപ്പെട്ടവരോട് പി.എ.സി ഉദ്യോഗസ്ഥർ നടത്തിയ കൊടും ക്രൂരതകളെ അതിസാഹസികമായി ക്യാമറയിൽ പകർത്തിയ ഇന്ത്യൻ എക്സ്പ്രസിന്റെ  ഫോട്ടോഗ്രാഫർ പ്രവീൺ ജയിൻ സമർപ്പിച്ച നെഗറ്റീവുകളാണ് കേസന്വേഷണത്തിലും കോടതി വിധിയിലും വഴിത്തിരിവായത്. 2015 ഏപ്രിൽ ലക്കം ഔട്ട് ലുക്ക് വാരികക്ക് വേണ്ടി പവിത്ര എ രംഗൻ തയ്യാറാക്കിയ അന്വേഷണാത്മക റിപ്പോർട്ട് ഹാഷിംപുര നരഹത്യാ കേസിന്റെ മുഴുവൻ വിശദാംശങ്ങളിലേക്കും വെളിച്ചം വീശുന്ന ഒന്നാണ്.

വിഭൂതി നരൈൻ റായിയും പ്രവീൺ ജയിനുമെല്ലാം കടുത്ത സമ്മർദ്ദങ്ങളും പ്രലോഭനങ്ങളും ഭീഷണികളും അതിജീവിച്ചാണ് ഹാഷിംപുര സംഭത്തിൽ സത്യത്തോടൊപ്പം ഉറച്ചു നിന്നത്. പോലീസ് ന്യൂട്രാലിറ്റിയെക്കുറിച്ച് നോവലും പഠന ഗവേഷണ പുസ്തകവും എഴുതിയ റായ് തന്നെയാണ് കർമ്മം കൊണ്ട് ഹാഷിംപുരയിൽ അറുകൊല ചെയ്യപ്പെട്ടവർക്ക് വേണ്ടി നിരന്തരം പോരാടി സത്യസന്ധതയുടെയും നൈതികതയുടെയും ആൾരൂപമായി മാറിയത്

ഷംസീർ എ.പി