Campus Alive

തടവുജീവിതം, വർഗ്ഗീയവൽക്കരണം, ഷഹീൻബാഗ്: ഷർജീൽ ഇമാമിന്റെ ജയിൽക്കുറിപ്പുകൾ

കടപ്പാട്: മക്തൂബ് മീഡിയ

ഏകദേശം നാലു വർഷമായി ഞാൻ ജയിലിലാണ്. ഷഹീൻ ബാഗ് പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ കള്ളക്കേസിൽ ജയിലിൽ അകപ്പെടുമെന്നത് ഞാൻ പ്രതീക്ഷിച്ചതായിരുന്നു, അതിനായി ഞാൻ മാനസികമായി തയ്യാറെടുക്കുകയും ചെയ്തിരുന്നു. ഗാലിബ് എഴുതിയതുപോലെ “വിധേയത്വത്തിന്റെ ചങ്ങലകളെ ഭയക്കേണ്ടതെന്തിന്? പ്രണയത്താ ബന്ധിതരായവർ അവരിൽ നിന്നോടിയകലുമ്പോൾ.”

Sharjeel Imam

എന്നാൽ എന്റെ അറസ്റ്റിന് ഒരു മാസത്തിനു ശേഷം മാത്രം അരങ്ങേറിയ കലാപങ്ങളുമായി ബന്ധപ്പെടുത്തി “ഭീകരവാദി” എന്ന് മുദ്ര കുത്തപ്പെടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. വിമത ശബ്ദങ്ങളെ അടിച്ചമർത്താനും എന്നെപ്പോലുള്ളവരെ ജയിലിലടയ്ക്കാനും ഈ ഭരണകൂടം ഏതറ്റം വരെ പോകുമെന്നതിന്റെ തെളിവാണിത്. മജാസിന്റെ വരികൾ ഈ വികാരത്തെ കൃത്യമായി ഉൾക്കൊള്ളുന്നുണ്ട്; “വിശുദ്ധയിടത്തിന്റെ കാവൽക്കാർ അതിർവരമ്പുകൾ അത്രയ്ക്ക് കർശനമായി വരച്ചിരിക്കുന്നു, സന്ദേശവാഹകനെ കുറ്റവാളിയാക്കാതെ ഒരു സന്ദേശവും കടന്നുപോകാൻ കഴിയില്ല.”

അനാവശ്യവും സുദീർഘവുമായ ഈ തടങ്കൽ കാലയളവിൽ എന്നെയേറ്റവും വേദനിപ്പിക്കുന്നത് എന്റെ പ്രായമേറിയതും രോഗിയുമായ ഉമ്മയെ കുറിച്ചുള്ള വിചാരമാണ്. ഒൻപത് വർഷം മുമ്പ് ഉപ്പ മരണപ്പെട്ടതിന് ശേഷം, മ്മയെ പരിപാലിക്കാൻ ഞാനും എന്റെ അനുജനും മാത്രമാണുള്ളത്. ഇക്കാര്യം മാറ്റിവെച്ചാൽ, ദൈവഹിതത്തിന് കീഴ്പ്പെടുകയും കഴിയാവുന്നത്ര പുസ്തകങ്ങൾ വായിച്ച് സമയം ചെലവഴിക്കുകയുമാണ് ഞാനിവിടെ ചെയ്യുന്നത്. അർത്ഥവത്തായതും രസകരവുമായ പുസ്തകങ്ങൾ ഉള്ളിടത്തോളം, എനിക്ക് ആശ്വാസം കണ്ടെത്താൻ കഴിയും, പുറംലോകമാണെങ്കിൽ എന്നെ വലിയ തോതിൽ ബാധിക്കുന്നുമില്ല.

Ali Shariati
Iranian revolutionary and sociologist

ഇറാനിയൻ വിപ്ലവകാരിയായ അലി ഷരീഅത്തിയെ കുറിച്ച് ഞാൻ ചിന്തിക്കാറുണ്ട്. മരണത്തിന് മുമ്പ് രണ്ട് വർഷം ജയിലിലും വീട്ടുതടങ്കലിലുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിൽ നിന്നാണ് ശക്തമായ ഈ പ്രാർത്ഥന ഞാൻ പഠിച്ചത്: “ദൈവമേ, മാറ്റാൻ കഴിയുന്നത് മാറ്റാനുള്ള ശക്തിയും, മാറ്റാൻ കഴിയാത്തതിനെ സ്വീകരിക്കാനുള്ള മനസ്സും നൽകണമേ.”

ഈ പ്രാർത്ഥനയോടെയാണ് ഞാൻ എന്നെത്തന്നെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത്. പക്ഷേ വർഷങ്ങളിങ്ങനെ കടന്നുപോകുമ്പോൾ, എന്റെ ഉമ്മയെയും സഹോദരനെയും പുറം ലോകത്തെയും കുറിച്ച് ഞാൻ ആശങ്കപ്പെടാറുണ്ട്. എന്റെ സാന്നിധ്യം എന്തെങ്കിലും വ്യത്യാസമുണ്ടാക്കുമായിരുന്നോ, അല്ലെങ്കിൽ തിരികെ ലഭിക്കാത്ത എന്തെങ്കിലും ഞാൻ നഷ്ടപ്പെടുത്തിയോ എന്ന് ഞാൻ ചിന്തിക്കാറുണ്ട്.

ഫറാസ് ഈ അനുഭൂതിയെ അതിമനോഹരമായി ആവിഷ്കരിക്കുന്നുണ്ട്: “ജയിലല്ല എന്റെ ഏകാന്തതയ്ക്ക് ഹേതു, സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും പ്രകാശിക്കാൻ അവരനുവദിക്കാത്തതെന്തേ?”

എന്റെ ദൈനംദിന ചര്യയിൽ അസാധാരണമായി പ്രത്യേകിച്ചൊന്നുമില്ല. ഒരു ദിവസത്തിന്റെ ഭൂരിഭാഗവും സെല്ലിനകത്ത് പുസ്തകങ്ങളും പത്രങ്ങളും വായിച്ച് ചെലവഴിക്കാറാണ് പതിവ്. വൈകുന്നേരങ്ങളിൽ ഒരു മണിക്കൂർ എന്റെ ബ്ലോക്കിന് ചുറ്റും നടക്കാറുണ്ട്. ഭരണഘടനാ സമിതി അംഗമായിരുന്ന ഹസ്രത് മൊഹാനി ഒരിക്കൽ ബ്രിട്ടീഷ് ഭരണകൂടത്താൽ തടവിലാക്കപ്പെട്ടിരുന്നു. അന്നദ്ദേഹം എഴുതിയ ഒരു കവിതക്ക് എന്റെയവസ്ഥയുമായി സാമ്യമുണ്ട്: “കവിത എഴുതുന്ന പണിയും ആട്ടുകല്ലിന്റെ അധ്വാനവും (ചക്കീ കീ മശക്കത്ത്) തുടരുന്നു / ഹസ്രത്തിന്റെ സ്വഭാവത്തിൽ രണ്ടും ഒരേ വിനോദം തന്നെ.”

Hasrat Mohani

ഞാൻ വിചാരണ തടവുകാരനായതിനാൽ തടവുകാരുടെ അധ്വാനപ്പണി എനിക്ക് ബാധകമല്ലെങ്കിലും, ഇവിടെ ഡൽഹിയിൽ ഇപ്പോഴും സെല്ലുകളെ “ചക്കി” എന്നാണ് വിളിക്കുന്നത്, ജയിലിൽ യഥാർത്ഥ ആട്ടുകല്ലുകൾ ഇല്ലെങ്കിൽ പോലും. അതുകൊണ്ട് ആ കവിത എന്റെ സാഹചര്യത്തിനും യോജിച്ചതാണ്.

ഒരു ചെറിയ സെല്ലിൽ തനിച്ചാണ് ഞാൻ താമസിക്കുന്നത്. അതിന്റെ ഒരു മൂലയിൽ ഒരു താഴ്ന്ന ഭിത്തികൊണ്ട് വേർതിരിക്കപ്പെട്ട ടോയ്‌ലറ്റുണ്ട്. നന്നേ കുറച്ച് സാധനങ്ങൾ മാത്രമേ എന്റേതായുള്ളൂ — കുറച്ച് വസ്ത്രങ്ങൾ, പുസ്തകങ്ങൾ, പാത്രങ്ങൾ എന്നിവ മാത്രം. എങ്കിലും ഇതൊരു ശാന്തമായ ഇടമാണ്. എനിക്ക് പഠനത്തിൽ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന ഇടം. ഏഴ് നൂറ്റാണ്ടുകൾക്ക് മുമ്പ് മഹാനായ ആത്മീയ കവി ഹാഫിസ് ഷീറാസി എഴുതിയ മനോഹരമായ കവിത എന്നെ ഓർമ്മിപ്പിക്കുന്നു: “ഹാഫിസേ, ദാരിദ്ര്യത്തിന്റെ മൂലയിലും ഇരുണ്ട രാത്രിയുടെ ഏകാന്തതയിലും, പ്രാർത്ഥനയും ഖുർആനിക പഠനവും നിന്റെ ആശ്വാസമാകട്ടെ; ദുഃഖിക്കേണ്ട.”

അസമിലെയും തിഹാർ ജയിലിലെയും വർഷങ്ങളിൽ ഞാൻ നൂറുകണക്കിന് പുസ്തകങ്ങൾ വായിച്ചു തീർത്തിട്ടുണ്ട്. ചിലത് ഞാൻ മുമ്പ് വായിച്ചവയാണെങ്കിലും പുതിയ കാഴ്ചപ്പാടോടെയും കൂടുതൽ ആഴത്തിലുള്ള ശ്രദ്ധയോടെയും അവയൊക്കെ വീണ്ടും വായിച്ചുതീർത്തു. ഈ പുസ്തകങ്ങളെ അഞ്ച് വിഭാഗങ്ങളായി തരംതിരിക്കാം:

ചരിത്രവും അനുബന്ധ മേഖലകളും: യൂറോപ്യൻ ചരിത്രം (ഹോബ്സ്ബോം, ആൻഡേഴ്സൺ, ട്രോട്സ്കി), ദക്ഷിണേഷ്യൻ ചരിത്രം (ബേലി, സബാൾട്ടേൺ സ്റ്റഡീസ്, പാർത്ഥ സാരഥി ഗുപ്ത, വടക്കുകിഴക്കൻ ചരിത്രം), ഇസ്ലാമിക ചരിത്രം (ഹോഡ്സൺ, അബ്രഹാം) എന്നിവയും എന്റെ പിഎച്ച്ഡി ഗവേഷണവുമായി ബന്ധപ്പെട്ട ചില കൃതികളും ഇതിൽ ഉൾപ്പെടുന്നു.

ജർമ്മൻ സാഹിത്യം: പത്ത് വർഷം മുമ്പ് എനിക്ക് ജർമ്മൻ ഭാഷയിൽ കുറച്ച് പരിശീലനം ലഭിച്ചിരുന്നു, പക്ഷേ പിന്നീട് അതൊക്കെ ക്രമരഹിതമായി. ജയിലിൽ ഞാൻ ജർമ്മൻ ഭാഷയിലെ എന്റെ പ്രാവീണ്യം മെച്ചപ്പെടുത്താൻ സമയം മാറ്റിവച്ചു. കാഫ്കയുടെ ചെറുകഥകളിൽ തുടങ്ങി, പിന്നീട് “ദാസ് ഷ്ലോസ്”, “ദർ പ്രോസസ്” തുടങ്ങിയ നോവലുകൾ വായിച്ചു. പ്രത്യേകിച്ച് “ദർ പ്രോസസ്” ജയിലിലെ  എന്റെ അനുഭവങ്ങളുമായി സാമ്യമുള്ളതായി തോന്നി. നീച്ചേയുടെയും മറ്റ് ജർമ്മൻ എഴുത്തുകാരുടെയും കൃതികളും ഞാൻ വായിച്ചു. ഇപ്പോൾ തോമസ് മാന്റെ “ദർ സൗബർബെർഗ്” (“ദി മാജിക് മൗണ്ടൻ”) എന്ന നോവൽ വായിച്ചു കൊണ്ടിരിക്കുകയാണ്.

ശാസ്ത്രവും തത്വചിന്തയും: ആപേക്ഷികതാ സിദ്ധാന്തം, ക്വാണ്ടം ഫിസിക്സ്, 20-ാം നൂറ്റാണ്ടിലെ ഗണിതശാസ്ത്രത്തിലെ വികാസങ്ങൾ എന്നിവയെക്കുറിച്ചും, ഈ മേഖലകളുടെ താത്വിക വ്യാഖ്യാനങ്ങളെക്കുറിച്ചും ഞാൻ പഠിച്ചു. ഐഐടി ബോംബെയിൽ പഠിക്കുമ്പോളാണ് ആദ്യമായി ഈ വിഷയങ്ങൾ കണ്ടുമുട്ടുന്നത്. പിന്നീട് കൂടുതൽ ശ്രദ്ധയോടെ അവയിലേക്ക് തിരിച്ചുവന്നു. ഐൻസ്റ്റീൻ, ഹൈസൻബർഗ്, ഷ്രോഡിംഗർ, ഗോഡൽ, പെൻറോസ്, ഹോക്കിംഗ്, യോർഗ്രൗ, മാക്സ് ജാമർ എന്നിവരുടെ കൃതികളും, ക്വൈൻ, സാമുവൽ അലക്സാണ്ടർ എന്നിവരുടെ പൊതുവായ തത്വചിന്താ കൃതികളും വായിച്ചു. ഇപ്പോൾ ഹാവോ വാങ്ങിന്റെ “ഫ്രം മാത്തമാറ്റിക്സ് ടു ഫിലോസഫി” എന്ന കൃതി വായിച്ചുകൊണ്ടിരിക്കുന്നു.

ഇസ്ലാം, മതപരമായ ആത്മീയത, തഫ്സീറുകൾ: മൗലാനാ ആസാദ്, അബ്ദുല്ല യൂസുഫ് അലി തുടങ്ങിയവരുടെ കൃതികൾ വീണ്ടും വായിക്കുകയും, സുലൈമാൻ നദ്വിയുടെ പ്രവാചക ജീവചരിത്രം ഉൾപ്പെടെയുള്ള ലഭ്യമായ നിരവധി ചരിത്രപരവും മതപരവുമായ കൃതികൾ പഠിക്കുകയും ചെയ്തു. ഇസ്ലാമിക ആത്മീയതയുടെ കാവ്യകൃതികൾ, പ്രത്യേകിച്ച് ഇഖ്ബാലിന്റെ ഫാർസി രചനകൾ (അസ്റാർ & റുമൂസ്), ഹാഫിസ് ഷീറാസിയുടെ ദിവാൻ എന്നിവ എന്റെ കൂട്ടുകാരായിരുന്നു. ഇഖ്ബാലിന്റെ “റീകൺസ്ട്രക്ഷൻ ഓഫ് റിലീജിയസ് തോട്ട്” (1930) വീണ്ടും വായിക്കുകയും, മുമ്പ് വായിക്കാത്ത മറ്റ് രചനകൾ പരിചയിക്കുകയും ചെയ്തു.

ഡോ. അലി ഷരിയത്തിയുടെ പല കൃതികളും ഞാൻ വായിച്ചിട്ടുണ്ട്. “ഇഖ്ബാൽ-ഒ-മ” (ഇഖ്ബാലിയൻ ആശയങ്ങളെക്കുറിച്ചുള്ള ഷരീഅത്തിയുടെ വിശകലനം), “ഹജ്ജ്” (തീർത്ഥാടനത്തിന്റെ ആത്മീയവും സാമൂഹികവുമായ വശങ്ങളെക്കുറിച്ചുള്ള ആഴമേറിയ പഠനം), കൂടാതെ ചെറുതെങ്കിലും സാരഗർഭമായ “മദ്ഹബ് അലൈഹി മദ്ഹബ്” (മതം മതത്തിനെതിരെ) എന്നിവ ഇതിൽ ഉൾപ്പെടുന്നു. മനുഷ്യത്വപരവും വിപ്ലവാത്മകവുമായ ഏകദൈവ വിശ്വാസ പാരമ്പര്യങ്ങളെ, ജനങ്ങളുടെ താൽപര്യങ്ങൾക്ക് എതിരായ ഭൗതിക വാദികളായ പ്രമാണിമാർ എങ്ങനെ കൈയടക്കി എന്നതിനെക്കുറിച്ച് അദ്ദേഹം മതം മതത്തിനെതിരെയെന്ന കൃതിയിൽ വിശദമായി പറയുന്നു. യഥാർത്ഥ സംഘർഷം മതത്തിനും മതേതരത്വത്തിനും ഇടയിലല്ല, മറിച്ച് മതത്തിന്റെ രണ്ട് വ്യാഖ്യാനങ്ങൾക്കിടയിലാണ് – “ജനകീയ മതം” എന്നതും “ഭൗതിക പ്രമാണിമാരുടെ മതം” എന്നതും. ഒരേ മത പാരമ്പര്യത്തിനുള്ളിൽ പോലും ഈ ആന്തരിക സംഘർഷം നിലനിൽക്കുന്നു. ഇപ്പോൾ ഞാൻ 18-ാം നൂറ്റാണ്ടിലെ മതപണ്ഡിതനായ ഷാ വലിയുല്ലാഹ് ദെഹ്‌ലവിയുടെ “ഹുജ്ജത്തുല്ലാഹിൽ ബാലിഗ” എന്ന അറബി ഗ്രന്ഥത്തിന്റെ പകുതി വായിച്ചു കഴിഞ്ഞു.

സാഹിത്യം: സാദത്ത് ഹസൻ മാന്റോ, മുൻഷി പ്രേംചന്ദ്, ലിയോ ടോൾസ്റ്റോയ്, ദസ്തയേവ്സ്കി, എലിഫ് ഷഫാക്ക്, അമിതാവ് ഘോഷ്, അരുന്ധതി റോയ് തുടങ്ങിയ എഴുത്തുകാരുടെ കൃതികൾ.

ചുരുക്കത്തിൽ, ജയിലിന് പുറത്തായിരുന്നെങ്കിൽ എടുക്കുമായിരുന്ന സമയത്തിന്റെ പകുതി കൊണ്ട്, അതായത് 3-5 വർഷത്തിനുള്ളിൽ ഇത്രയും വായിക്കാൻ എനിക്ക് കഴിഞ്ഞു.

Sharjeel Imam Being Presented in Court

എന്റെ പിഎച്ച്ഡി വിഷയം “ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലെ ഇന്ത്യയിലെ വർഗീയ കലാപങ്ങളും പശുവധവും” എന്നതാണ്. 2019-ൽ യുജിസി എന്റെ സിനോപ്സിസ് അംഗീകരിച്ചതിനു ശേഷം അറസ്റ്റിനു മുമ്പ് ഞാൻ അധ്യായങ്ങൾ എഴുതാൻ തുടങ്ങിയിരുന്നു. എന്നാൽ ചില ആർക്കൈവൽ ജോലികൾ ബാക്കി നിൽക്കെയാണ് ഞാൻ അറസ്റ്റിലായത്. അതുകൊണ്ട് ജയിലിൽ വെച്ച് പ്രബന്ധം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

കൂടാതെ, ഞാൻ ശേഖരിച്ച പ്രാഥമിക വിവരങ്ങൾ പതിനായിരക്കണക്കിന് പേജുകളുണ്ട്. ഈ വിവരങ്ങൾ മിക്കവാറും ഡിജിറ്റൽ രൂപത്തിൽ വിവിധ ഉപകരണങ്ങളിലായി വ്യാപിച്ചു കിടക്കുന്നവയാണ്. പോലീസ് പിടിച്ചെടുത്ത ഈ ഉപകരണങ്ങളുടെ പകർപ്പുകൾ പിന്നീട് നൽകിയെങ്കിലും, ജയിലിൽ ഇരുന്നുകൊണ്ട് ഇത്രയും വിവരങ്ങൾ പരിശോധിക്കുക സാധ്യമല്ല.

അതുകൊണ്ട് എനിക്ക് ലഭ്യമാകുന്ന സെക്കണ്ടറി രചനകൾ മാത്രം വായിക്കുകയാണ് നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നത്.

ഞാൻ ഈ വിഷയം തിരഞ്ഞെടുത്തത് വിഭജനത്തെക്കുറിച്ചുള്ള ചർച്ചയിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രവേശന കേന്ദ്രങ്ങളിലൊന്നായി വർഗീയ കലാപങ്ങൾ കാണപ്പെടുന്നതു കൊണ്ടാണ്. പ്രത്യേകിച്ച് കൊളോണിയൽ ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും ന്യൂനപക്ഷമായിരുന്ന മുസ്ലിങ്ങൾക്ക്, 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ “ഗോ സംരക്ഷണം” എന്ന പേരിലുള്ള സംഘടിത പ്രവർത്തനങ്ങൾ (ആദ്യത്തെ പ്രധാന ബക്രീദ് അനുബന്ധ ഗ്രാമീണ കൂട്ടക്കൊലകളിലൊന്ന് 1890-കളിൽ തന്നെ കിഴക്കൻ യു.പിയിൽ നടന്നിരുന്നു) വലിയ ഭീഷണിയായിരുന്നു, പ്രത്യേകിച്ചും അവരുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷ വേളയിൽ.

1920-കളോടെ, ഗോ സംരക്ഷണ പ്രസ്ഥാനങ്ങളുടെ വളർച്ച കാരണം ബലിപെരുന്നാൾ ദിനങ്ങൾ തർക്കങ്ങളും അക്രമങ്ങളും നിറഞ്ഞ ഒരു അവസരമായി മാറി. ഈ നിരന്തര സംഘർഷം സാമുദായിക സൗഹാർദ്ദത്തിന് ഭീഷണിയായെന്നു മാത്രമല്ല, സാംസ്കാരിക ആചാരങ്ങളുടെ സുരക്ഷത്തെ കുറിച്ചും മത സ്വാതന്ത്ര്യത്തിന്റെ നിലനിൽപ്പിനെയും കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ ഉയർത്തുകയും ചെയ്തു.

വലിയ കന്നുകാലികൾ മുസ്ലിങ്ങൾക്ക് ഏറ്റവും ചിലവ് കുറഞ്ഞ ഭക്ഷണ സ്രോതസ്സുകളിലൊന്നായിരുന്നു. അതുകൊണ്ട് ഈ പ്രശ്നം എല്ലാ വർഗ-ജാതി വിഭാഗങ്ങളെയും ബാധിച്ചു. കശാപ്പുകാരുടെ സമുദായത്തെ പ്രത്യേകമായും ബാധിച്ചു.

എന്റെ എം.ഫിൽ ഗവേഷണം (2015–2017) ബീഹാറിലെ മുസ്ലിങ്ങൾക്കെതിരെ 1946–ൽ നടന്ന ആക്രമണങ്ങളെ കുറിച്ചായിരുന്നു. ബക്രീദിനോടനുബന്ധിച്ച് നടന്ന ഈ ആക്രമണങ്ങൾ ഒരാഴ്ചയോളം നീണ്ടുനിൽക്കുകയും ആയിരക്കണക്കിന് മുസ്ലീങ്ങൾ കൊല്ലപ്പെടുകയും ചെയ്തു (ഔദ്യോഗിക കണക്ക് 5,000, അനൗദ്യോഗിക കണക്ക് 20,000 വരെ). ഈ ദുരന്തം വിശാലമായൊരു പ്രതിഭാസത്തിലേക്ക് എന്റെ ശ്രദ്ധ ക്ഷണിക്കുകയും പിന്നീട് അതെന്റെ പിഎച്ച്ഡിയുടെ പഠന വിഷയമാവുകയും ചെയ്തു.  വിഭജനത്തെക്കുറിച്ചുള്ള വ്യവഹാരത്തെ കൂടുതൽ ഗഹനമാക്കാനും മുസ്ലിം വിഭാഗീയതയെയും ഉന്നത വർഗ മത്സര സിദ്ധാന്തത്തെയും കുറിച്ച് ചില പണ്ഡിതർ പ്രചരിപ്പിക്കുന്ന ലളിതമായ വിശദീകരണങ്ങളെ വെല്ലുവിളിക്കാനുമാണ് എന്റെ പഠനം ശ്രമിക്കുന്നത്. അക്രമം, സുരക്ഷ, കശാപ്പുകാരുടെയും തോൽ തൊഴിലാളികളുടെയും തൊഴിൽപരമായ പ്രശ്നങ്ങൾ, ഏറ്റവും പാവപ്പെട്ട മുസ്ലിങ്ങളുടെ പോഷകാഹാരവും ഭക്ഷണ ശീലങ്ങളും, അധികാര പങ്കാളിത്തവുമായി ബന്ധപ്പെട്ട വിശാലമായ ആശങ്കകൾ തുടങ്ങിയ നിർണായക വിഷയങ്ങളെ ഈ പണ്ഡിത വിശദീകരണങ്ങൾ പലപ്പോഴും അവഗണിക്കുന്നു.

ഈ അവഗണിക്കപ്പെട്ട വിഷയങ്ങൾ — അക്രമവും ഭൂരിപക്ഷ നിയമനിർമ്മാണവും, തൊഴിൽ ജീവിതം, സാംസ്കാരിക-മത സ്വയംഭരണത്തിനുള്ള ആവശ്യകത — ഇവയെല്ലാം രാഷ്ട്രത്തിനുള്ളിൽ മുസ്ലിങ്ങളുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നവയാണ്. ഊഹാപോഹങ്ങളിൽ അധിഷ്ഠിതമായ തീരുമാനങ്ങളിൽ നിന്നും വ്യവസ്ഥാപിതമായ പുറന്തള്ളലിൽ നിന്നും സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ സംവിധാനത്തിലുള്ള നിയമപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഇവ എടുത്തുകാണിക്കുന്നു.

1937-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെതിരായ മുസ്ലീം രാഷ്ട്രീയ അണിനിരക്കലിലും 1946-ലെ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിനോടുള്ള പിന്തുണയിലും ഉന്നതവർഗ്ഗ മത്സരത്തിന്റെ ലളിതമായ സിദ്ധാന്തങ്ങളേക്കാളോ സ്വാഭാവികമായ മുസ്ലിം വിഭജന വാദത്തേക്കാളോ ഈ ഘടകങ്ങൾ കൂടുതൽ അടിസ്ഥാനപരമായ പങ്ക് വഹിച്ചിട്ടുണ്ടെന്നതാണ് എന്റെ വാദം.

Shaheen Bagh Protest

ഷഹീൻ ബാഗ് ഇന്ത്യൻ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് — ആദ്യം വിദ്യാർത്ഥികളും പിന്നീട് സ്ത്രീകളും മൂന്നു മാസത്തോളം തുടർന്നു പോന്ന രാജ്യത്തിന്റെ ഒരു പ്രധാന ഹൈവേയിൽ നടന്ന സമാധാനപരമായൊരു കുത്തിയിരുപ്പ്സമരം. കോവിഡ് മഹാമാരി മൂലമുള്ള ലോക്ക്ഡൗൺ മാത്രമാണ് അതിനെ തടസ്സപ്പെടുത്തിയത്. എന്റെ അഭിപ്രായത്തിൽ, ഇന്ത്യയിലെ മുസ്ലിങ്ങളുടെ സമീപകാല ചരിത്രത്തിലെ നിരവധി പ്രധാന പ്രവണതകളുടെ പരിണതഫലമാണ് ഈ മുന്നേറ്റം:

വിദ്യാസമ്പന്നരായ മുസ്ലിം മധ്യവർഗ്ഗത്തിന്റെ ഉയർച്ച, വർധിച്ചുവരുന്ന വർഗ്ഗീയവത്കരണവും ഇസ്ലാമോഫോബിയയും, തിരഞ്ഞെടുപ്പ് സംവിധാനത്തിൽ മുസ്ലിങ്ങൾക്ക് ബാധിച്ച നിരാശ, CAA, ആർട്ടിക്ക്ൾ 370–ന്റെ റദ്ദാക്കൽ, ജമ്മു–കാശ്മീർ വിഭജനം തുടങ്ങിയ ബിജെപിയുടെ ഭൂരിപക്ഷ നിയമനിർമ്മാണ ശ്രമങ്ങൾ, “മതേതര” രാഷ്ട്രീയ പാർട്ടികളുടെ നിസ്സംഗ സമീപനം, ഏറ്റവുമൊടുവിൽ മുസ്ലിം സ്ത്രീകളുടെ “രക്ഷകരായി” അവതരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ — ഇതിനെയെല്ലാം അവർ വലിയതോതിൽ നിരാകരിക്കുകയായിരുന്നു.

Muslim Elderly women Occupying Strrt againt
CAA-NRC law

ഈ സമരത്തിന്റെ ഒരു പ്രധാന സവിശേഷത, അത് സ്വാഭാവികമായി ഉടലെടുത്തതാണെങ്കിലും, JNU, IIT, ജാമിഅ തുടങ്ങിയ സ്ഥാപനങ്ങളിലെ മുസ്ലിം ഗവേഷണ വിദ്യാർത്ഥികളുടെ കൂട്ടായ പരിശ്രമമില്ലാതെ അത് സാധ്യമാകുമായിരുന്നില്ലെന്നതാണ്. ഞാനുൾപ്പെടെയുള്ള ഗവേഷക വിദ്യാർത്ഥികൾ ഹൈവേകളിൽ സമരവും ചക്കാജാമും നടത്താൻ കുറച്ചു ദിവസങ്ങളായി ആഹ്വാനം ചെയ്തിരുന്നു, ഡിസംബർ 15-ന് ആ ഹൈവേയിൽ ഞങ്ങളുടെ സാന്നിധ്യമില്ലായിരുന്നെങ്കിൽ അത് വെറുമൊരു ജുലൂസ് (പ്രകടനം) മാത്രമായി മാറിയേനെ, മറിച്ച് തുടർച്ചയായൊരു സമരമായി മാറുമായിരുന്നില്ല.

ആദ്യ ദിവസങ്ങളിൽ, ഷഹീൻ ബാഗ് സമരത്തിന്റെ ഓരോ നിമിഷവും ഒരു പോരാട്ടമായിരുന്നു. പോലീസിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിച്ചിരുന്ന ചില ശക്തികൾ ആദ്യരാത്രി മുതൽ തന്നെ സമാധാനപരമായ ഞങ്ങളുടെ സമരത്തെ തകർക്കാൻ ശ്രമിച്ചു. അക്രമമുണ്ടാക്കാനും മുന്നേറ്റത്തെ വഴിതെറ്റിക്കാനും ശ്രമിച്ചു. കടുത്ത ശൈത്യകാല രാത്രികൾ വെല്ലുവിളി വർദ്ധിപ്പിച്ചു, എന്നിട്ടും കുറച്ച് ഡസൻ ആളുകളുടെ ഒരു കൂട്ടം, രണ്ടാമത്തെ ആഴ്ച മുതൽ കൂടുതൽ സ്ത്രീകളുടെ പിന്തുണയോടെ സമരസ്ഥലത്ത് ഉറച്ചുനിന്നു.

Afreen Fathima- Muslim Student Leader From JNU in Shaheen Bagh protest sites

റെസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകളിൽ (RWA) നിന്നും ഹൈവേയിലെ വലിയ കടക്കാരിൽ നിന്നും എതിർപ്പുകളുണ്ടായി. എന്നാൽ ചെറുകിട കടക്കാരും കച്ചവടക്കാരും കൂടുതൽ പിന്തുണ നൽകി. പ്രാദേശിക ഉലമാക്കൾ പോലും ആദ്യം പ്രസ്ഥാനത്തെ എതിർത്തു, പ്രത്യേകിച്ചും സമരത്തിന്റെ ആദ്യ ദിവസങ്ങളിൽ. ഈ വിവിധ താൽപ്പര്യ ഗ്രൂപ്പുകളുമായി സംവദിക്കുക എന്നത് 24 മണിക്കൂറും നീണ്ട ജോലിയായിരുന്നു. ഞങ്ങളുടെ പ്രതിബദ്ധതയുണ്ടായിരുന്നെങ്കിലും, സമരം ഇത്രയും കാലം നീളുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല.

സ്ത്രീകളുടെ പങ്കാളിത്തം ആദ്യത്തെ ആഴ്ചയിൽ ഒരു പ്രധാന വിഷയമായിരുന്നു. തുടക്കത്തിൽ പല സ്ത്രീകളും വൈകുന്നേരങ്ങളിൽ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ — അടച്ചിട്ട കടകളുടെ പടികളിൽ ഇരുന്നും നിന്നുമാണ് അവർ പ്രതിഷേധിച്ചിരുന്നത്. രണ്ടാമത്തെ ആഴ്ചയായപ്പോഴേക്കും, സ്റ്റേജിനടുത്ത് സ്ത്രീകൾക്കായി ഒരു സുരക്ഷിത ഇടം ഒരുക്കി. കൂടാതെ പ്രശ്നങ്ങൾ ഒഴിവാക്കാൻ സ്റ്റേജിന്റെ നടത്തിപ്പ് യുവ വിദ്യാർത്ഥിനികൾക്ക് കൈമാറി. ആൾക്കൂട്ടം വർധിച്ചതോടെ പൂർണ്ണമായ നിയന്ത്രണം ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും, കാര്യമായ പുരോഗതി ഉണ്ടായി.

ഐക്യവും ആത്മവിശ്വാസവും വർധിപ്പിക്കാൻ, ആദ്യ രണ്ട് ആഴ്ചകളിൽ രണ്ട് സാമൂഹിക ഇഫ്താറുകൾ ഞങ്ങൾ സംഘടിപ്പിച്ചു. പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് ദിവസേനയുള്ള നമസ്കാരവും നടത്തി. രണ്ടാമത്തെ ആഴ്ചയോടെ, ഹൈവേയിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരം ആരംഭിച്ചു – ആയിരക്കണക്കിന് ആളുകൾ അതിൽ പങ്കെടുത്തു. ഹൈവേ ഡിവൈഡറിന്റെ ഒരു വശത്ത് പുരുഷന്മാരും മറുവശത്ത് സ്ത്രീകളുമായി നമസ്കരിച്ചു. ഇത് കൂട്ടായ പ്രതിരോധത്തിന്റെയും ഐക്യത്തിന്റെയും ശക്തമായ പ്രതീകമായി പിന്നീട് മാറി. ഈ പരിശ്രമങ്ങൾ സമരത്തെ ഒരു ചരിത്രപരവും സ്ഥായിയുമായ പ്രസ്ഥാനമാക്കി മാറ്റി.

രണ്ട് വെള്ളിയാഴ്ചകളിലും ജുമുഅ നമസ്കാരത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു — എനിക്കും അത് പുതിയൊരു അനുഭവമായിരുന്നു. ഈ സമരങ്ങളിലെല്ലാം, ഷഹീൻ ബാഗിലെ സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെയുള്ള വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, തൊഴിലാളികൾ, അഭിഭാഷകർ എന്നിവർ ഞങ്ങളുടെ പ്രധാന പിന്തുണയായിരുന്നു. ഈ വികാസങ്ങൾക്കിടയിലെല്ലാം അവർ പാറ പോലെ ഉറച്ച് നിന്നു. ഡിസംബർ അവസാനത്തോടെ, ഒരു സമയത്ത് സമൂഹത്തിന്റെ ചെറിയ വിഭാഗത്തിന്റെ സാന്നിധ്യം മാത്രം ഉണ്ടായിരുന്ന നമ്മുടെ സമരം, ഒരു സ്ഥിരമായ, ജനപ്രിയ സമര മാതൃകയായി ഇത് മാറിയിരുന്നു.

2019 ഡിസംബർ 15 മുതൽ 2020 ജനുവരി 3 വരെയുള്ള നിർണായകമായ 18 ദിവസങ്ങളിൽ, ഞങ്ങളുടെ സംഘം ഷഹീൻ ബാഗിൽ നിന്ന് താൽക്കാലികമായി പിൻവാങ്ങിയപ്പോൾ, സമരത്തിന് ഒരു സ്ഥിരമായ മാതൃക രൂപപ്പെട്ടു. IIT, JNU, ജാമിഅ മില്ലിയ ഇസ്ലാമിയ, AMU തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ മുസ്ലിം യുവജനങ്ങൾ ഒന്നിച്ചു നിന്ന കാലമായിരുന്നു അത്. ഈ വ്യക്തികൾ, വിദ്യാർത്ഥി പ്രവർത്തകർ, പ്രൊഫഷണലുകൾ എന്നിവരൊക്കെ ഷഹീൻ ബാഗിന്റെ നട്ടെല്ലായി മാറി. JNU-വിലെ BAPSA (ബിർസ അംബേദ്കർ ഫുലേ സ്റ്റുഡന്റ്സ് അസോസിയേഷൻ), BAMSEF, ചില ഇടതുപക്ഷ ഗ്രൂപ്പുകൾ തുടങ്ങിയ ദലിത്–പിന്നാക്ക സംഘടനകളുടെ പിന്തുണയും അവർക്ക് ലഭിച്ചു.

ആദ്യത്തെ പത്ത് ദിവസങ്ങൾ സവിശേഷമായി നിർണായകമായിരുന്നു. അന്ന് ഷഹീൻ ബാഗ് പിന്നീട് നേടിയ പ്രചാരമോ ദൃശ്യതയോ നേടിയിരുന്നില്ല. അതൊരു സ്ഥിരമായ മുന്നേറ്റമോ വ്യാപകമായി അറിയപ്പെടുന്ന പ്രതിരോധത്തിന്റെ പ്രതീകമോ ആയിരുന്നില്ല. ദ വയർ (ഡിസംബർ 16, 2019) പോലുള്ള പ്ലാറ്റ്ഫോമുകളിലും മറ്റ് ചില ചെറിയ മാധ്യമങ്ങളിലും മാത്രമായിരുന്നു അതിന് മാധ്യമ ശ്രദ്ധ കിട്ടിയിരുന്നത്. എന്നിട്ടും, BAPSA പോലുള്ള സഖ്യകക്ഷി സംഘടനകളുടെ പിന്തുണയും, അടിത്തട്ടിൽ നിന്നുള്ള സംഘാടനവും നേടിയ ഈ മുസ്ലിം ഗവേഷണ വിദ്യാർത്ഥികളുടെ കൂട്ടായ്മ ഷഹീൻ ബാഗിനെ ഇന്ത്യൻ ചരിത്രത്തിലെ ഒരു നാഴികക്കല്ലാക്കി മാറ്റി.

ഡിസംബർ 25 ആയപ്പോഴേക്കും റോയിട്ടേഴ്സ് ഷഹീൻബാഗ് സമരത്തെക്കുറിച്ച് വിശദമായി റിപ്പോർട്ട് ചെയ്തു, അത് ലോകശ്രദ്ധയിൽ കൊണ്ടുവന്നു. ഇന്ത്യൻ മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും വ്യാപകമായ ശ്രദ്ധയാകർഷിക്കാൻ ഇത് കാരണമായി. ഷഹീൻ ബാഗ് മുന്നേറ്റത്തിന്റെ വഴിത്തിരിവായി അത് മാറി. രാജ്യത്തുടനീളം സമാന പ്രതിഷേധങ്ങൾക്ക് പ്രചോദനമായി മാറിയ ഒരു ചരിത്രപരമായ വഴിത്തിരിവ് പിന്നീട് സംഭവിച്ചു.

ഇന്ത്യൻ ചരിത്രത്തിൽ വിദ്യാസമ്പന്നരായ മുസ്ലിം യുവാക്കൾ നയിച്ച ആദ്യത്തെ സ്വതന്ത്ര, വൻതോതിലുള്ള കൂട്ട പ്രതിരോധമായിരുന്നു ഇത്. സ്വതന്ത്രമായി സംഘടിപ്പിക്കാനും, ഐക്യദാർഢ്യം പ്രചോദിപ്പിക്കാനും, ജനങ്ങളെ ഉണർത്താനുമുള്ള അവരുടെ കഴിവ് ഇത് വെളിപ്പെടുത്തി, രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ മേഖലയിൽ മായാത്ത മുദ്ര പതിപ്പിച്ചു.

ഗാലിബ് എഴുതിയതുപോലെ:

“കാലം അനുവദിച്ചാൽ ഞാൻ ലോകത്തിന് ഒരു കാഴ്ച കാണിച്ചുതരാം;

എന്റെ ഹൃദയത്തിലെ ഓരോ മുറിവും ഉയർന്നുനിൽക്കുന്ന സൈപ്രസ് മരങ്ങളുടെ വളർച്ചയ്ക്കുള്ള വിത്താണ്.”

Mirza Ghalib

അധികാര വ്യവസ്ഥകളോടുള്ള എതിർപ്പ് സാധ്യമാണെന്ന് മാത്രമല്ല, ജനങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ സമാധാനപരമായി വിജയം കൈവരിക്കാൻ കഴിയുമെന്ന ലളിതമായ സത്യം ഷഹീൻബാഗ് വ്യക്തമാക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ, പൊതുനന്മയ്ക്കായി ജനങ്ങൾ അവരുടെ ആന്തരിക വൈരുദ്ധ്യങ്ങളെ മറികടക്കുമെന്ന് ചരിത്രം തെളിയിക്കുന്നു. സമൂഹത്തിനുള്ളിൽ നിന്നുള്ള വിദ്യാസമ്പന്നരായ യുവാക്കളുടെ നേതൃത്വത്തിന്റെ പ്രാധാന്യമാണ് ഇത് നൽകുന്ന മറ്റൊരു പ്രധാന സന്ദേശം.

സ്വയം പുരോഗമന വാദികളെന്ന് വിളിക്കുന്ന, എന്നാൽ സ്വതന്ത്രരും വിദ്യാസമ്പന്നരുമായ മുസ്ലിം ശബ്ദങ്ങളെ സംശയത്തോടെ കാണുന്ന ഒരു വിഭാഗം ആളുകളുണ്ട്. ഇവർ പലപ്പോഴും ഇത്തരം നേതൃത്വത്തിന്റെ സംഭാവനകളെ തള്ളിക്കളയുകയും, ഷഹീൻബാഗ് ആസൂത്രണമില്ലാത്തതും, നേതൃത്വമില്ലാത്തതും, താത്കാലികവും ലക്ഷ്യബോധമില്ലാത്തതുമായ പ്രതികരണമായിരുന്നുവെന്നും വാദിക്കുന്നു. ആദ്യ ദിവസം മുതൽ — അല്ല, അതിനു മുൻപ് മുതൽ തന്നെ — ഇതിൽ പങ്കാളികളായിരുന്ന സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന മുസ്ലിം പണ്ഡിതരുടെയും അവരുടെ സഹപ്രവർത്തകരുടെയും കഠിനാധ്വാനത്തെയും, ദീർഘവീക്ഷണത്തെയും, സമർപ്പണത്തെയും ഈ വാദം മറച്ചുവയ്ക്കുന്നു. ഇത്തരം നിരാകരണ മനോഭാവങ്ങളെ വെല്ലുവിളിക്കാനും, ഷഹീൻബാഗിന്റെ അടിത്തറ പാകിയവർക്ക് അർഹമായ അംഗീകാരം നൽകാനും ഞാൻ ആഗ്രഹിക്കുന്നു.

MSJ (മുസ്ലിം സ്റ്റുഡന്റ്സ് ഓഫ് JNU), IIT, ജാമിഅ എന്നിവിടങ്ങളിൽ നിന്നുള്ള കുറച്ച് മുസ്ലിം ഗവേഷണ പണ്ഡിതരുടെ നേതൃത്വവും കാഴ്ചപ്പാടും ഇല്ലായിരുന്നെങ്കിൽ, ഷഹീൻബാഗ് ഇത്തരത്തിലൊരു ചരിത്രപരമായ മുന്നേറ്റമായി മാറില്ലായിരുന്നുവെന്ന് ആവർത്തിച്ച് പറയേണ്ടത് അത്യാവശ്യമാണ്. പ്രകടനങ്ങളും റാലികളും മാത്രം ഇത്തരം മുന്നേറ്റങ്ങളെ നിലനിർത്തില്ല. ആവശ്യമായത് ഇസ്ലാമിന്റെയും ദക്ഷിണേഷ്യയുടെയും ആധുനിക ചരിത്രത്തെക്കുറിച്ചും, ഇന്ത്യയിലെ മുസ്ലിം സമൂഹങ്ങൾ നേരിടുന്ന ആന്തരിക വെല്ലുവിളികളെക്കുറിച്ചും ഗഹനമായ ധാരണയുള്ള വിദ്യാസമ്പന്നരായ മുസ്ലിം യുവാക്കളുടെ സ്വതന്ത്ര സംഘമാണ്.

1909–ലെ അല്ലാമാ ഇഖ്ബാലിന്റെ നിരീക്ഷണം ഇന്നും പ്രസക്തമാണ്: മുസ്ലിം സമൂഹം ഒരു “ഇരട്ട ജാതി വ്യവസ്ഥ” അനുഭവിക്കുന്നു; മതപരമായ വിഭാഗീയതയും, വേരുറച്ച സാമൂഹിക ജാതി വ്യവസ്ഥയും. ഈ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഷഹീൻബാഗ് കാണിച്ചുതന്ന തരത്തിലുള്ള വിദ്യാസമ്പന്നരായ, ജൈവിക നേതൃത്വം തന്നെയാണ് ആവശ്യം. ഭാവിയിലെ മുന്നേറ്റങ്ങൾക്കും നീതിക്കും സമത്വത്തിനും വേണ്ടിയുള്ള ശ്രമങ്ങൾക്കും ഇതൊരു മാതൃകയാകണം.

ശാസ്ത്രീയ മനോഭാവവും, ജനാധിപത്യമൂല്യവും തുല്യതാബോധവുമുള്ള ഭാവി കാഴ്ചപ്പാടും, വിഭാഗീയത, ജാതീയത, അന്ധവിശ്വാസം എന്നിവയ്ക്കെതിരായ ഖുർആനിക നിരാകരണത്തിൽ അധിഷ്ഠിതമായ വ്യക്തമായ തത്വാധിഷ്ഠിത നിലപാടുമുള്ള പണ്ഡിതരാണിവർ. അതേസമയം, ഭൂരിപക്ഷ വാദം, പ്രാദേശിക ദേശീയത, ഇസ്ലാമോഫോബിയ എന്നിവയെ അവർ ശക്തമായി എതിർക്കുന്നു. ഈ മൂല്യങ്ങൾ വ്യക്തമാക്കാനും, മുസ്ലിംകളുടെയും മറ്റ് പീഡിത സമൂഹങ്ങളുടെയും ഉന്നമനത്തിന് അത്യാവശ്യമായ ജനാധിപത്യപരവും ഘടനാപരവുമായ പരിഷ്കാരങ്ങൾക്കായി വാദിക്കാനുമുള്ള ധൈര്യം അവർക്കുണ്ട്.

നമ്മുടെ സമൂഹത്തിൽ നിന്ന് ഇത്തരം വിദ്യാസമ്പന്നരും പ്രചോദനം നിറഞ്ഞവരുമായ കൂടുതൽ ആളുകൾ നമുക്കാവശ്യമാണ്; യഥാർത്ഥ മാറ്റത്തിനായി പ്രവർത്തിക്കാൻ മനസ്സുള്ളവർ. ഷഹീൻ ബാഗിലെ ദിവസങ്ങളിൽ, അത്തരമൊരു കൂട്ടായ്മയുടെ ഭാഗമാകാൻ എനിക്ക് ഭാഗ്യം ലഭിച്ചു എന്ന് എനിക്കുറപ്പിച്ചു പറയാം. ഷഹീൻ ബാഗ് കൊളുത്തിയ തീനാളമാണിത് — ഇപ്പോൾ അത് മങ്ങിയതായി തോന്നാമെങ്കിലും, ഇന്ത്യയിലെ മുസ്ലിങ്ങളുടെ ഭാവിക്കായുള്ള മുന്നേറ്റത്തിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നാണത്. തുല്യ പൗരന്മാരായി മാറാനും ആധുനിക മുസ്ലിം സമൂഹമായി രൂപപ്പെടാനുമുള്ള സാധ്യതയെ ഇത് പ്രതിനിധീകരിക്കുന്നു.

ഫൈസ് അഹമ്മദ് ഫൈസ് പറഞ്ഞതുപോലെ:

“കൂട്ടുകാരേ, ഈ തിരിനാളത്തിന് ചുറ്റും നമുക്കിരുന്നു കൊള്ളാം

വെട്ടമൊരല്പം ഇപ്പോഴും ശേഷിക്കുന്നുണ്ട്, അതിത്തിരി മങ്ങിയതാണെങ്കിൽ പോലും”

വിവർത്തനം: മൻഷാദ് മനാസ്

ഷര്‍ജീല്‍ ഇമാം

ജെ എന്‍ യുവില്‍ മോഡേണ്‍ ഹിസ്റ്ററിയില്‍ ഗവേഷക വിദ്യാര്‍ത്ഥി. വിഭജനം, മുസ്‌ലിം രാഷ്ട്രീം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു.