Campus Alive

മുസ്‌ലിം വിരുദ്ധ ആക്രമണങ്ങൾക്ക് ഉത്തരവാദികളായ അധികാരികൾക്ക് നേരെ ശബ്ദമുയർത്തുക

(പ്രവാചക നിന്ദക്കെതിരെ നടന്ന പ്രതിഷേധങ്ങളോടുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഓഫ് ഇന്ത്യ 16/06/2022 ന് പുറത്തിറക്കിയ പത്ര പ്രസ്താവന)


ബി.ജെ.പി ഭരണകൂടത്തിനു കീഴിൽ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ക്രമസമാധാന തകർച്ചയെയും മുസ്‌ലിം സമുദായം നേരിടുന്ന അഭൂതപൂർവ്വമായ ആക്രമണത്തെയും തിരിച്ചറിയുവാൻ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഏവരോടും ആവശ്യപ്പെടുന്നു. നിർഭാഗ്യവശാൽ, രാജ്യത്തെ നിയമപാലക സംവിധാനങ്ങൾ തന്നെ മുസ്‌ലിം സമുദായത്തിന് ഒരു ഭീഷണിയായി തീർന്നിരിക്കുകയാണ്. ഇന്ത്യയിലെ ഒരു വലിയ ന്യൂനപക്ഷ വിഭാഗത്തിന്റെയും ഭരണകക്ഷിക്ക് ‘അനഭിലഷണീയം’ എന്ന് തോന്നുന്ന വ്യക്തികളുടെയും സംഘത്തിന്റെയും സമുദായങ്ങളുടെയും അവകാശ സംരക്ഷണത്തിൽ രാജ്യത്തെ മുഴുവൻ സംവിധാനങ്ങളും പരാജയപ്പെട്ടിരിക്കുന്നു.

2019-ലെ നരേന്ദ്ര മോദി ഭരണകൂടത്തിന്റെ രണ്ടാം അധികാരാരോഹണത്തിനു ശേഷം രാജ്യത്ത് അരങ്ങേറുന്ന വിദ്വേഷ പ്രസംഗത്തിന്റെ തോത് ഭയാനകമാം വിധമാണ് ഉയർന്നത്. രാജ്യത്തെ 200 മില്ല്യനോളം വരുന്ന മുസ്‌ലിം പൗരന്മാരെ വംശഹത്യക്കും കൂട്ടക്കൊലക്കും ഉന്മൂലനത്തിനും വിധേയമാക്കാൻ പരസ്യമായി ആഹ്വാനം ചെയ്തുകൊണ്ട് ഒരു ഡസനിലധികം ‘ധർമ്മ സൻസദുകൾ’ (മതകീയ സംഗമം) ആണ് തീവ്ര ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ഈ വർഷം മാത്രമായി നടന്നത്. ഇത്തരം വംശഹത്യാഹ്വാനങ്ങളിൽ സംസാരിച്ചവർ ഭരണകൂടത്തിൽ നിന്നും അസാമാന്യമായ നിയമസുരക്ഷ അനുഭവിക്കുമ്പോൾ, പണ്ഡിതരും സാമൂഹിക പ്രവർത്തകരും മനുഷ്യാവകാശ സംരക്ഷകരുമായ നൂറുകണക്കിന് ആളുകളാണ് ഭരണകൂട നയനിലപാടുകളെ ചോദ്യം ചെയ്തതിന്റെ പേരിൽ മാത്രം ജയിലറകളിൽ കഴിയുന്നത്.

മുസ്‌ലിംകൾക്കെതിരെയുള്ള അഭൂതപൂർവമായ ഇത്തരം വിദ്വേഷ ഭാഷണങ്ങളുടെയും അപകീർത്തി പ്രസ്താവനകളുടെയും ഫലമായി ഇന്ത്യയിലെ രാഷ്ട്രീയ ഭാഷാ വ്യവഹാരത്തിൽ അപകടരമായ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഭരണകൂടത്തിന്റെ ഔദ്യോഗിക വക്താക്കളും മുഖ്യമന്ത്രിമാരുൾപ്പെടെയുള്ള ബിജെപി അംഗങ്ങളും മുസ്‌ലിംകൾക്കെതിരെയുള്ള പൈശാചികവൽക്കരണം തങ്ങളുടെ പ്രസംഗങ്ങൾ വഴി സ്വാഭാവികവൽക്കരിച്ചിരിക്കുകയാണ്. ദൃശ്യ വാർത്താ മാധ്യമങ്ങളിലെ ചർച്ചാ മുറികളാണ് മുസ്‌ലിം സമുദായത്തിനു നേരെയുള്ള ഇത്തരം വിദ്വേഷ പ്രചരണങ്ങൾക്ക് മിക്കപ്പോഴും വേദിയാവുന്നത്.

നുപൂർ ശർമ, നവീൻ ജിന്താൽ

അത്തരമൊരു ടീവി ചർച്ചയിലാണ് ബിജെപിയുടെ ദേശീയ വക്താവ് നുപൂർ ശർമ പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയത്. ശേഷം നുപൂർ ശർമക്കെതിരെയും ശർമയുടെ പരാമർശങ്ങൾ തന്റെ സാമൂഹ്യ മാധ്യമങ്ങൾ വഴി ആവർത്തിച്ച ബിജെപിയുടെ തന്നെ മറ്റൊരു വക്താവ് നവീൻ ജിന്താലിനെതിരെയും ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്ന് മുസ്‌ലിം ആക്ടിവിസ്റ്റുകളും സമുദായ നേതാക്കളും വിവിധ സംഘടനകളും ആവശ്യമുന്നയിച്ചിരുന്നു. തുടർ ദിവസങ്ങളിലായി വിവിധ അറബ് രാഷ്ട്രങ്ങൾ രൂക്ഷമായ വിമർശനങ്ങളുന്നയിക്കുകയും കുറ്റാരോപിതർക്കെതിരെ നടപടി കൈക്കൊള്ളാൻ ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വരികയും ചെയ്തു. ഇത്തരം പരാമർശങ്ങൾ ഇന്ത്യയിൽ ഒരു സ്വാഭാവികതയായി മാറുകയും അവ ഇന്ത്യയുടെ തന്നെ വിദേശ നയങ്ങളെ സാരമായി ബാധിക്കുകയും ചെയ്തു. അറബ് രാജ്യങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് വിഷയത്തിൽ വിശദീകരണം നൽകാനും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നുപൂർ ശർമയെയും നവീൻ ജിന്താലിനെയും പുറത്താക്കാനും ബിജെപി ഭരണകൂടം നിർബന്ധിതരായി.

തുടർന്നുള്ള ദിവസങ്ങളിൽ ഈ രണ്ട് ബിജെപി നേതാക്കളുടെയും അറസ്റ്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ പരിപാടികൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിംകൾ നേതൃത്വം നൽകി. പക്ഷേ സമാധാന പൂർണമായ ഇത്തരം പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന നടപടിയായിരുന്നു പോലീസ് സേന കൈക്കൊണ്ടത്. അന്താരാഷ്ട്ര തലത്തിൽ ഭരണപക്ഷത്തുള്ള ഭാരതീയ ജനതാ പാർട്ടിക്ക് നേരിടേണ്ടി വന്ന അപമാനത്തിന് മുസ്‌ലിംകളോട് പ്രതികാരം തീർക്കാനുള്ള തീരുമാനമായിരുന്നു അത്. ഇതിന്റെ ഭാഗമായി രണ്ട് മുസ്‌ലിം ചെറുപ്പക്കാർ കൊല്ലപ്പെട്ടു, നൂറോളം സമരക്കാരെ അന്യായമായി അറസ്റ്റ് ചെയ്തു, ഡസൺ കണക്കിന് മുസ്‌ലിം വീടുകൾ തകർക്കപ്പെട്ടു. അനേകം മുസ്‌ലിം പ്രക്ഷോഭകാരികളെ പോലീസ് അധികാരികൾ ക്രൂരമായി മർദ്ദിച്ച് ആർമാദിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വന്നു. കുറ്റവാളികളായ നുപൂർ ശർമയും നവീൻ ജിന്താലും ഭരണകൂടത്തിന്റെ സുരക്ഷാവലയത്തിൽ കഴിയുമ്പോൾ ആയിരക്കണക്കിന് മുസ്‌ലിം യുവാക്കളാണ് ഗുരുതരമായ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.

യു.പിയിലെ പ്രയാഗ് രാജിൽ നടന്ന അത്തരമൊരു പോലീസ് വേട്ടയിലാണ് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ ഫെഡറൽ വർക്കിങ് കമ്മിറ്റി അംഗം ജാവേദ് മുഹമ്മദ് മറ്റനേകം പേരോടൊപ്പം അറസ്റ്റിലായത്. ജാവേദിന്റെ മകളും ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറിയുമായ അഫ്രീൻ ഫാത്തിമ, ദേശീയ വനിതാ കമ്മീഷന് നൽകിയ കത്തിൽ പിതാവിനെ അന്യായമായാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കുന്നു.

ജാവേദിന്റെ അറസ്റ്റിന് മണിക്കൂറുകൾക്ക് ശേഷം അർദ്ധരാത്രിയിൽ അഫ്രീൻ ഫാത്തിമയുടെ മാതാവും ഇളയ സഹോദരിയും പോലീസ് തടങ്കലിലായി. ബാക്കിയുണ്ടായിരുന്ന ബന്ധുക്കളോട് പോലീസ് വീടൊഴിയാൻ നിർബന്ധിക്കുകയും വീട് പൊളിച്ചു നീക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞായറാഴ്ച രാവിലെ വീട് നിയമവിരുദ്ധമായി പൊളിച്ചു മാറ്റപ്പെട്ടു. പിതാവ് ജാവേദിനെ സംഘർഷങ്ങളുടെ മുഖ്യസൂത്രധാരകനായി മുദ്രകുത്തുകയും ജയിലിലടക്കുകയും ചെയ്തു.

പ്രയാസകരമായ ഈ ഘട്ടത്തിൽ അഫ്രീൻ ഫാത്തിമയോടും കുടുംബത്തോടുമൊപ്പം നിരുപാധികം ഐക്യപ്പെടുന്നു. മുസ്‌ലിം സമുദായ നേതാക്കളെ നിശബ്ദരാക്കികൊണ്ട് സമുദായത്തെ ഭയപ്പെടുത്താനുള്ള പുതിയ ശ്രമങ്ങളുടെ ഭാഗമായാണ് ജാവേദ് മുഹമ്മദിന്റെ അറസ്റ്റിനെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കാണുന്നത്. ഭരണകൂട അധികാരികളുടെയും ഭരണകക്ഷി നേതാക്കളുടെയും ദുർബുദ്ധിയിൽ നിന്നുണ്ടായ പ്രതികാര നടപടിയെന്ന നിലക്ക് ജാവേദ് മുഹമ്മദടക്കമുള്ള മുസ്‌ലിംകളുടെ വീട് തകർത്ത വിഷയത്തിൽ നിഷ്പക്ഷമായ ജുഡീഷ്യൽ അന്വേഷണവും ഞങ്ങൾ ആവശ്യപ്പെടുന്നു.

ഫ്രറ്റേണിറ്റി മൂവ്മെന്‍റ് അലഹബാദ് ഘടകം പ്രസിഡന്റ് സാറാ അഹ്മദിനു നേരെയും അധിക്ഷേപങ്ങൾ വലതു പക്ഷ മാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ജൂൺ 10-ാം തിയ്യതി അലഹബാദിൽ നടന്ന സമരത്തിൽ അവർ ഗൂഢാലോചന നടത്തിയെന്ന ആരോപണങ്ങളും മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ഇത്തരം മാധ്യമ വിചാരണകളെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ശക്തമായി അപലപിക്കുകയും സാറ അഹ്മദിനും കുടുബത്തിനോടും നിരുപാധികം ഐക്യപ്പെടുകയും ചെയ്യുന്നു.

മുസ്‌ലിം വിരുദ്ധ ആക്രമണങ്ങൾക്ക് ഉത്തരവാദികളായ അധികാരികൾക്ക് നേരെ ശബ്ദമുയർത്താൻ രാജ്യത്തിന്റെ മുഴുവൻ ജനാധിപത്യ വിശ്വാസികളോടും ഫ്രറ്റേണിറ്റി ആവശ്യപ്പെടുകയാണ്.

ഫ്രറ്റേണിറ്റി മൂവ്മെന്റ്