Campus Alive

ഇല തുടക്കുന്ന നായരും ചിറി തുടക്കുന്ന നമ്പൂതിരിയും ഉറങ്ങി കിടക്കുന്ന രാക്ഷസന്മാരും: ചില സംവരണ ചിന്തകൾ

ജാതി ചോദിക്കരുതെന്നു തുടങ്ങുന്ന ശ്രീ നാരായണ വാക്യം ജാതി ഇല്ലാതാകുന്ന സ്ഥിതി കൈവരുത്താന്‍ ഉദ്ദേശിച്ചു പറഞ്ഞിട്ടുള്ളതാണ്, സാമുദായിക അവശതകള്‍ പരിഹരിക്കാനുള്ള സംവരണം മുതലായ പരിരക്ഷകള്‍ക്ക് എതിരായി ഉപയോഗിക്കാന്‍ വേണ്ടി പറഞ്ഞിട്ടുള്ളതല്ല. ജാതിയും ജാതി മേധാവിത്വങ്ങളും നിലനിറുത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ മാത്രമേ പിന്നോക്ക സമുദായങ്ങളുടെ പരിരക്ഷകള്‍ക്കെതിരായി അത് ഉപയോഗിക്കുകയുള്ളൂ. സംവരണത്തിനെതിരായി ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുതെന്നുള്ള ശ്രീനാരായണ വാക്യം ഉദ്ധരിക്കുന്നവരോട്, ജാതി ചോദിക്കണം, പറയണം, ചിന്തിക്കണം എന്നു തന്നെ പറയണം. ജാതി പുലര്‍ത്തണമെന്ന ഉദ്ദേശ്യത്തോടെ ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്. ജാതി തകര്‍ക്കാന്‍ ആവശ്യമായാല്‍ ജാതി ചോദിക്കണം, പറയണം, ചിന്തിക്കണം.

(കെ .എ .സുബ്രമണ്യം എഴുതിയ ‘സഹോദരന്‍ അയ്യപ്പന്‍’ എന്ന ഗ്രന്ഥത്തില്‍ നിന്ന്, പേജ് 655)

കേന്ദ്ര/ സംസ്ഥാന സര്‍വീസുകളിലേക്കുള്ള സംവരണത്തിനുള്ള മേല്‍ത്തട്ട് പരിധി ആറില്‍ നിന്ന് എട്ടു ലക്ഷമാക്കി ഉയര്‍ത്തികൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വന്നത് 2017 സെപ്തംബര്‍ 13 നാണ്. 2017 സെപ്തംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തിലാണ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവിന്റെ കോപ്പി അടിയന്തര തുടര്‍നടപടികള്‍ക്കായി മുഴുവന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. എന്നാല്‍ ഈ സർകുലറിന്മേല്‍ ഏതാണ്ടെല്ലാ സംസ്ഥാന  സര്‍ക്കാരുകളും തുടര്‍നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞപ്പോള്‍ കേരളസര്‍ക്കാര്‍ ഇതു വരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, കാലങ്ങളായി പിന്നാക്ക സംഘടനകള്‍ ഉയര്‍ത്തി കൊണ്ടിരിക്കുന്ന ഒരു ആവശ്യത്തിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിര്‍ണായക നടപടിയുമായി ബന്ധപ്പെട്ടുള്ള ഫയല്‍ കേരള സര്‍ക്കാര്‍ പൂഴ്ത്തി വെച്ചിരിക്കുകയാണ്. ഫലത്തില്‍ കേന്ദ്ര സര്‍വീസിലേക്കുള്ള മേല്‍ത്തട്ട് പരിധി (creamy layer limit) എട്ടുലക്ഷം ആയി കഴിഞ്ഞിട്ടും സംസ്ഥാന സര്‍വീസ്സിലേക്കുള്ളത് ആറു ലക്ഷമായി തുടരുന്ന വിചിത്രമായ അവസ്ഥയാണുള്ളത്.

ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നടപ്പാക്കുമെന്ന സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനവും തുടര്‍ന്ന്  മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് സംവരണ അവകാശങ്ങള്‍ ലഭ്യമാക്കുന്നതിന് ഭരണഘടനാ ഭേദഗതിക്ക് വേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും പുറത്ത് വന്നത്  കഴിഞ്ഞ നവംബറിലാണ്. പുതുതായി തുടങ്ങാനിരിക്കുന്ന കേരളാ അഡ്മിനിസ്ട്രേഷന്‍ സര്‍വീസില്‍ സംവരണ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വിജ്ഞാപനം പുറത്തു വന്നിട്ട് അധികം ദിവസമായിട്ടില്ല. ഏയ്‌ഡഡ്‌ മേഖലയിലെ സംവരണ നിയമനങ്ങള്‍ നടപ്പിലാക്കാനുള്ള 2015 ലെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് നിലനില്‍ക്കെ ഏയ്‌ഡഡ്‌ കോളേജ് നിയമനങ്ങളില്‍ സംവരണം ബാധകമല്ല എന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് പുറത്ത് വന്നതും ഈയടുത്താണ്. ഇടതുപക്ഷ സര്‍ക്കാരില്‍ മാത്രമല്ല നീതിന്യായ വ്യവസ്ഥയിലും സംവരണ വിരുദ്ധത കടന്നു കൂടിയിട്ടുണ്ടോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന കാലത്താണ് നാമുള്ളത്. പിന്നാക്കമെന്നോ മുന്നാക്കമെന്നോ ഇല്ലാതെ “പാവങ്ങളുടെ വര്‍ഗ ഐക്യമാണ് ഫാസിസത്തെ നേരിടാന്‍ ആവശ്യമെന്ന് പറയുകയും ഫലത്തില്‍ സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റില്‍ പറത്തും വിധം ബി. ജെ. പി പോലും ചെയ്യാന്‍ മടിക്കുന്ന സാമ്പത്തിക സംവരണം നടപ്പിലാക്കുകയുമാണ്‌ ഇടതുപക്ഷ ഗവണ്ന്മെന്റ് ചെയ്യുന്നത്. സാമ്പത്തിക സംവരണ വാദത്തിന്റെയും ക്രീമിലെയര്‍ വാദത്തിന്റെയും അപകടങ്ങളെ കുറിച്ച് ബോധാവാന്മാരല്ലെന്നു മാത്രമല്ല പലപ്പോഴും സംവരണ വിരുദ്ധരുടെ യുക്തികള്‍ ഏറ്റുപാടും വിധത്തില്‍ സംവരണീയ വിഭാഗങ്ങളുടെ ബോധമണ്ഡലങ്ങളെ സംവരണവിരുദ്ധ യുക്തികള്‍ കീഴ്പ്പെടുത്തി കളഞ്ഞിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് 2001 ല്‍ എസ്.എന്‍ .ഡി .പിയുടെ മൂന്നാമത്തെ അവകാശ പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ചു  ഏറണാകുളത്തെ ശ്രീനാരായണീയ കൂട്ടായ്മ പുറത്തിറക്കിയ “സംവരണ പ്രശ്നത്തിലെ യാഥാര്‍ത്ഥ്യങ്ങളിലൂടെ“ എന്ന പുസ്തകം പ്രസക്തമാകുന്നത്. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനവും തുടര്‍ന്നുള്ള കോടതി വിധികളുടെയും പശ്ചാത്തലത്തില്‍ വിവിധ പത്ര മാധ്യമങ്ങളില്‍ എഴുതപ്പെട്ട ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്.

ഈഴവരാദി പിന്നോക്ക ജനവിഭാഗങ്ങളുടെ മനുഷ്യാവകാശ(Human Rights )മാണ് സംവരണം. എന്നാല്‍ ജനസംഖ്യാനുപാതികമായി ആ അവകാശം ലഭ്യമല്ലാത്ത ജനതയാണ് ഈഴവരുള്‍പ്പെടെയുള്ള പല പിന്നോക്ക സമുദായക്കാരും . ഉദാഹരണത്തിന്, ജനസംഖ്യയില്‍ 30 ശതമാനത്തോളം വരുന്ന ഈഴവ (തിയ്യ ) സമുദായത്തിന് കേവലം 14 ശതമാനം ഉദ്യോഗസംവരണം മാത്രമാണുള്ളത്. അതില്‍ തന്നെ ക്രീമിലെയര്‍’ ഏര്‍പ്പെടുത്തി വലിയൊരു വിഭാഗത്തെ സംവരണാവകാശ (‘ആനുകൂല്യ’മല്ല )ത്തില്‍ നിന്നു പുറന്തള്ളുകയും ചെയ്യുന്നു. തന്മൂലം സംവരണത്തിന്റെ ‘ഗുണഫലം’ അനുഭവിക്കാന്‍ സമുദായത്തിന് കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് കൊണ്ട് തന്നെ, തങ്ങള്‍ക്ക് സംവരണം പോലുമില്ലെന്ന് കരുതുന്നവരാണ് സമുദായങ്ങളില്‍ പലരും. ഈ സാഹചര്യമാണ് സംവരണം, ക്രീമിലെയര്‍ തുടങ്ങിയ വിഷയങ്ങളുടെ യാഥാര്‍ഥ്യങ്ങളിലേക്ക് സമഗ്രമായി കടന്നു ചെല്ലുന്ന ഈ സമാഹാരം തയ്യാറാക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്” എന്ന് പ്രസാധക കുറിപ്പില്‍ പറയുന്നു. സംവരണത്തെ കേവലമൊരു തൊഴില്‍ ദാന പദ്ധതിയോ ദാരിദ്ര നിര്‍മാര്‍ജന പദ്ധതിയോ ആയല്ല മറിച്ച് അവകാശവും മനുഷ്യവകാശവുമായി കേരളത്തിലെ ഏറ്റവും പ്രബലമായ പിന്നോക്ക വിഭാഗം പുറത്തിറക്കിയ പുസ്തകത്തിലെ പ്രസാധകക്കുറിപ്പില്‍  അടയാളപ്പെടുത്തുന്നത് സാമ്പത്തിക സംവരണ വാദത്തിന്‍റെ പേരില്‍ ഇടതുപക്ഷം മുന്നോക്കക്കാരിലെ പാവപ്പെട്ടവരെ കുറിച്ച് പറയുകയും അതിനെതിരായി പിന്നോക്ക ജനവിഭാഗങ്ങളുടെ നേതൃത്വത്തില്‍ സംവരണ സംരക്ഷണ പ്രക്ഷോഭങ്ങള്‍ നടക്കുകയും ചെയ്യുന്ന  സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമാണ്.

ബി ആർ പി ബാസ്കർ

സംവരണചര്‍ച്ചയില്‍ പതിവായി കടന്നു വരുന്ന പദങ്ങളാണ്‌ Merit അഥവാ ‘യോഗ്യത’, Efficiency അഥവാ ‘കാര്യക്ഷമത’ എന്നിവ. ഇത്തരം വാദങ്ങളുടെ പൊള്ളത്തരങ്ങള്‍ ‘യോഗ്യന്മാര്‍ ഉണ്ടാവുന്നതെങ്ങനെ ? എന്ന ആദ്യ ലേഖനത്തിലൂടെ മാധ്യമ പ്രവര്‍ത്തകനായ  ബി. ആര്‍. പി ഭാസ്ക്കര്‍ തുറന്നു കാട്ടുന്നു. സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ മെറിറ്റ്‌ ബലി കഴിക്കപ്പെടുന്നു എന്നും ഇതു കാര്യക്ഷമതയെ ബാധിക്കുന്നു എന്നും വരേണ്യ വര്‍ഗം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നദ്ദേഹം പറഞ്ഞു വെക്കുന്നു. ഇത്തരമൊരു പ്രചാരണത്തിന് ശക്തി പകരുന്നതില്‍ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ. എം. എസ്സ് നമ്പൂതിരിപ്പാടിന്റെ പങ്കു വലുതാണ്‌. ഇ. എം. എസ് നമ്പൂതിരിപ്പാട്  നേതൃത്വം നല്‍കിയ ഭരണ പരിഷ്ക്കാര കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ടില്‍ സംവരണം “സര്‍വീസിന്റെ വൈശിഷ്ട്ട്യതെയും നിലവാരത്തെയും അനിവാര്യമായി ക്ഷയോന്മുഖമാക്കി തീര്‍ക്കുന്നു “ എന്ന് പറഞ്ഞതിലൂടെയും   സംവരണത്തില്‍ ‘ക്രീമിലെയര്‍‘ ആശയം തിരുകി കയറ്റിയതിലൂടെ  കോടതിയും മെറിറ്റിനെ കാര്യക്ഷമതയുമായി ബന്ധപ്പെടുത്തിയെന്നും തന്റെ ലേഖനത്തില്‍ അദ്ദേഹം ചൂണ്ടി കാട്ടി. ഉദ്യോഗങ്ങളിലും മറ്റും അധികാരികളുടെ സംവരണ അട്ടിമറികള്‍ ചൂണ്ടി കാണിക്കുന്നതില്‍ പത്രമാധ്യമങ്ങളുടെ സവര്‍ണതാല്പര്യങ്ങള്‍ എത്രത്തോളം പ്രതിഫലിക്കുന്നുണ്ട് എന്നും മാധ്യമ സ്ഥാപനങ്ങളില്‍ സമൂഹത്തിലെ വൈവിധ്യം പ്രതിഫലിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടി കാട്ടുന്നു. പത്ര സ്ഥാപനങ്ങളില്‍ സംവരണത്തിനുള്ള ഉദാഹരണമായി അദ്ദേഹം എടുത്തു കാണിക്കുന്നത് അമേരിക്കന്‍ പത്രാധിപ സംഘടനയായ അമേരിക്കന്‍ സൊസൈറ്റി ഓഫ് ന്യൂസ്പേപ്പര്‍ എഡിറ്റര്‍സിന്റെ നയമാണ്. പത്രമോഫീസുകളില്‍ കറുത്തവര്‍, ഏഷ്യക്കാര്‍ തുടങ്ങിയ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി ഉണ്ടാവണം എന്നാണ് പ്രസ്തുത സംഘടനയുടെ നയം. സമൂഹത്തിലെ വൈവിധ്യം പ്രതിഫലിക്കാത്ത പത്രങ്ങള്‍ക്ക് സമൂഹത്തോട് നീതി കാട്ടാനാവില്ലെങ്കില്‍ സമൂഹത്തിന്റെ വൈവിധ്യം പ്രതിഫലിക്കാത്ത ജുഡീഷ്യറി ഉള്‍പ്പെടെയുള്ള ഇതരമേഖലകള്‍ക്ക് സമൂഹത്തോട് നീതി കാട്ടാനാകുമോ എന്ന ചോദ്യം കൂടി ഉയര്‍ത്തിയാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്.

സംവരണ നിയമത്തിന്‍റെ നിര്‍മാണ ലക്ഷ്യം തന്നെ പിന്നോക്ക സമുദായങ്ങള്‍ക്ക് ഭരണാധികാരത്തില്‍ ന്യായമായ പങ്ക് ഉറപ്പ് വരുത്തുക എന്നതാണെന്നും  സഹസ്രാബ്ദങ്ങളായി ജാതി ഹിന്ദുക്കളുടെ അടിച്ചമര്‍ത്തലും ചൂഷണവും മൂലം ‘ബോണ്‍സായി സമൂഹങ്ങള്‍‘ ആയി മാറിയ കീഴ്ജാതികള്‍ക്ക് സാമൂഹികമായി വളരാന്‍ തുറന്നു കിട്ടിയ മോചനമാര്‍ഗമാണ് സംവരണം എന്നും  ഡോ. ടി. കെ രവീന്ദ്രന്‍ എഴുതിയ രണ്ടാമത്തെ ലേഖനത്തില്‍ അടിവരയിട്ടു പറയുന്നു. കേരള നിയമസഭ 1995 ല്‍ പാസ്സാക്കിയ സംവരണ സംരക്ഷണ നിയമം  അസാധുവാക്കി കൊണ്ട് അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി കോടതി നിര്‍മിച്ചു സര്‍ക്കാരിനോട് നടപ്പാക്കാന്‍ ആവശ്യപ്പെട്ട നിയമമാണ് ക്രീമിലെയര്‍ വ്യവസ്ഥ എന്നും കോടതിക്ക് അത്തരത്തില്‍ നിയമം നിര്‍മിക്കാന്‍ അധികാരമുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.

ഒരു പിന്നോക്ക സമുദായം ഒരു സംവരണ സമുദായമാണ്. അത് എകാത്മകവും അവിഭാജ്യവുമാണ്. ക്രീമിലെയര്‍ വ്യവസ്ഥ ആ ഏകകത്തെ പൊളിച്ചു മേല്‍ത്തട്ടും കീഴ്തട്ടും ആക്കി സമുദായ സംവരണത്തെ വ്യക്തി സംവരണമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇത് ഭരണഘടനയുടെ 16(4) വകുപ്പില്‍ വരുത്തിയ മൗലികമായ മാറ്റമാണ്. ഒരേ നിയമത്തിന്‍റെ തുല്യ പരിരക്ഷ ഉറപ്പ് വരുത്തണമെന്ന മൗലികാവകാശമാണ് ക്രീമിലെയര്‍ നിയമം നടപ്പിലാവുന്നതോടെ ലംഘിക്കപ്പെടുന്നത്. മേല്‍ത്തട്ടിലുള്ളവര്‍ സംവരണ നിയമത്തിന് മുന്നില്‍ സമത്വം അര്‍ഹിക്കുന്നില്ലെന്നു പ്രഖ്യാപിക്കുകയാണ് ഈ നിയമ വ്യവസ്ഥ ” അദ്ദേഹം എഴുതുന്നു.  ക്രീമിലെയര്‍ പരിധി ആറില്‍ നിന്ന് എട്ടാക്കിയത് വരെ നടപ്പിലാക്കാതെ പൂഴ്ത്തി വെച്ചിരിക്കുന്ന ഇടതുസര്‍ക്കാര്‍ ഭരിക്കുന്ന  ഇന്നത്തെ സാഹചര്യത്തില്‍  ക്രീമിലെയര്‍  വ്യവസ്ഥയുടെ തന്നെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഈ ലേഖനത്തിന്റെ കാലിക പ്രസക്തി വര്‍ധിക്കുന്നു.

ഈ എം എസ്

ക്രീമിലെയര്‍ സാമ്പത്തികാസ്ഥിത്വം മാത്രമുള്ള ഒരു  സമൂഹത്തെയാണ് സൂചിപ്പിക്കുന്നത്. അതായത് മാര്‍ക്സിയന്‍ ശൈലിയിലുള്ള ഒരു ‘ഇക്കണോമിക്ക് ക്ലാസ്’. അതിനെ എങ്ങിനെ ഒരു സോഷ്യല്‍ ക്ലാസിനെ ഉദ്ദേശിച്ചു മാത്രം ഏര്‍പ്പെടുത്തിയ സംവരണവുമായി ബന്ധപ്പെടുത്തും” എന്നദ്ദേഹം മറ്റൊരിടത്ത് ചോദിക്കുന്നു. ഒരു പക്ഷെ ഇന്ത്യയില്‍  ഇ. എം. എസ് ഭരണ പരിഷ്ക്കാര കമ്മിറ്റിയിലൂടെ മുന്നോട്ട് വെച്ചതും പിന്നീടു കോടതി നടപ്പിലാക്കിയതുമായ സാമ്പത്തിക അടിസ്ഥാനത്തില്‍ പിന്നോക്ക സമുദായങ്ങളെ രണ്ടായി പകുക്കുക എന്ന നിലപാടിന് എന്ത് കൊണ്ട് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍ പിന്തുണയുണ്ടാകുന്നു എന്ന ചോദ്യത്തിന് ഡോ. രവീന്ദ്രന്റെ  ഈ ചോദ്യത്തില്‍ ഉത്തരമുണ്ട്. സമൂഹത്തെ സാമ്പത്തികമായല്ലാതെ സാമൂഹികമായി വായിക്കാനുള്ള ശേഷി കുറവും, സവര്‍ണ ലോബികളും ഒരുമിച്ചു ചേരുമ്പോള്‍ ഇടതുപക്ഷത്തു നിന്ന് സംവരണ വിരുദ്ധത സാമ്പത്തിക സംവരണ വാദമായി പുറത്തു വരുന്നു എന്നതാണ് വസ്തുത. ഇതേ സാമ്പത്തിക സംവരണ വാദത്തെ മറ്റൊരിടത്ത് സി. പി. ഐ. എമ്മിന്റെ ഇപ്പോഴത്തെ പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റെ വലിയ നേട്ടങ്ങളില്‍ ഒന്നായി  എടുത്തു കാണിക്കുന്നുണ്ട്. (ഇ. എം. എസ്സിന്റെ ഭരണപരിഷ്ക്കാര കമ്മിറ്റി റിപ്പോര്‍ട്ട്‌ ആണ് വിവക്ഷ ) ഇന്ത്യയില്‍ തന്നെ ആദ്യമായി അത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചത് ഇ. എം. എസ് നേതൃത്വം നല്‍കിയ ഭരണപരിഷ്ക്കാര കമ്മിറ്റി (Administrative Reforms Committee) എന്നാല്‍ പിന്നോക്ക വിഭാഗങ്ങളുടെ കനത്ത എതിര്‍പ്പിനെ തുടര്‍ന്ന് പ്രസ്തുത നിര്‍ദേശങ്ങള്‍ മരവിപ്പിക്കേണ്ടി വന്നു എന്നും അദ്ദേഹം ഖേദിക്കുന്നു. ഇപ്പോഴത്തെ ക്രീമിലെയര്‍ വ്യവസ്ഥ ഉദയം ചെയ്തത് പ്രസ്തുത കമ്മിറ്റി നിര്‍ദേശത്തില്‍ നിന്നാണ് എന്നദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്(S. Ramachandran Pillai, EMS Namboodiripad and the Communist Government of Kerala, The Marxist XXV, 3-4 July-September 2009)

ഇ. എം. എസ് എന്ന സംവരണ വിരോധി ‘ എന്ന തലക്കെട്ടിലുള്ള   ഇ. എം. എസ്സിന്റെ സംവരണ വിരോധത്തെ തുറന്നു കാട്ടുന്ന ചെറായി രാംദാസ് എഴുതിയ നാലാമത്തെ ലേഖനം പുസ്തകത്തിലെ ഏറ്റവും പ്രകോപനപരവും എന്നാല്‍ വസ്തുനിഷ്ഠവുമായ ലേഖനവുമാണ്. 1995 സെപ്റ്റംബര്‍ 23-25 ന്‍റെ പഞ്ചായത്ത്– മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന് തൊട്ടു  മുന്പായിരുന്നു  ആന്റണി മന്ത്രിസഭ സംവരണ സംരക്ഷണ ബില്‍ പാസ്സാക്കിയത്. പ്രതിപക്ഷത്തായിരുന്ന സി. പി. ഐ. എമ്മിന്റെ എതിര്‍പ്പുകളെ ഒറ്റക്ക് നേരിട്ട അന്നത്തെ നിയമമന്ത്രി കെ. എം മാണി ഇടതുപക്ഷത്തിന്റെയും ഇ. എം. എസ്സിന്റെ സംവരണ വിരോധം കാണിക്കാന്‍ ഭരണപരിഷ്ക്കാര കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ “സംവരണം ജാതി ചിന്ത വളര്‍ത്തുമെന്നും കാര്യക്ഷമത കുറയ്ക്കുമെന്നുമുള്ള” സവര്‍ണ വാദമുള്ളത് ചൂണ്ടി കാട്ടുകയുണ്ടായി. തുടര്‍ന്ന്  കേരളത്തില്‍ ആദ്യമായി സംവരണം ഏര്‍പ്പെടുത്തിയത് 1957 ലെ കമ്മ്യൂണിസ്റ്റ് സർക്കാരാണെന്ന്  ഇ. എം. എസ്സ്  തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ കള്ള അവകാശവാദമുയര്‍ത്തിയതിനെ 1935 ലെ തിരുവിതാംകൂര്‍ സംവരണ സംരക്ഷണ നിയമവും സഹോദരന്‍ അയ്യപ്പനും മറ്റും നടത്തിയ അവകാശ പോരാട്ടങ്ങളെയും  ചൂണ്ടി കാട്ടി ആധികാരികമായ തെളിവുകളോടെ തുറന്നു കാട്ടുകയും ചെയ്യുന്നു ലേഖനം. ഇപ്പോള്‍ പിണറായി  സര്‍ക്കാര്‍ ഉയര്‍ത്തിയ സാമ്പത്തിക സംവരണ വാദം അതിന്റെ എല്ലാ കീഴാള വിരുദ്ധതയോടെയും വായിക്കാന്‍ ഇ. എം. എസ്സിന്റെ ഭരണ പരിഷ്ക്കാര കമീഷന്‍ റിപ്പോര്‍ട്ട്‌ വായിക്കുക തന്നെ വേണം. പ്രസ്തുത റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ കീറി മുറിച്ചു വിശകലനം ചെയ്തു കൊണ്ട് ഇ. എം. എസ്സ് നടത്തിയ കള്ള പ്രചാരണങ്ങളെ തുറന്നു കാട്ടുന്നു പ്രസ്തുത ലേഖനം .

ഡോ. പല്പു

‘സംവരണവും സവര്‍ണാധിപത്യവും’ എന്ന ഡോ. എം. എസ് ജയപ്രകാശിന്റെ ലേഖനവും ക്രീമിലെയര്‍ വാദത്തിന്റെ പൊള്ളത്തരത്തെ തുറന്നു കാണിക്കുന്ന ഒന്നാണ്. സംവരണ പ്രക്ഷോഭങ്ങളുടെ കേരള ചരിത്രത്തിലെ നിര്‍ണായക ഏടുകളിലൊന്നായ  മലയാളി മെമ്മോറിയല്‍, സത്യത്തില്‍ നായര്‍ മെമ്മോറിയല്‍ ആയിരുന്നുവെന്നും ചതി മനസ്സിലാക്കിയാണ്  ഡോ. പല്പു ഈഴവ മെമ്മോറിയല്‍ സമര്‍പ്പിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. മണ്ഡല്‍ കമീഷന്റെ കാലത്ത് തന്നെ തങ്ങള്‍ സംവരണത്തെ അനുകൂലിക്കുന്ന നിലപാട് എടുത്തിട്ടുണ്ട് എന്നും എന്നാല്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കൂടി പരിഗണിക്കണം എന്നത് തങ്ങളുടെ അന്നേയുള്ള നയമാണ് എന്നും കോടിയേരി ബാലകൃഷ്ണന്‍ ഈയിടെ ‘മാധ്യമം’ പത്രത്തില്‍ എഴുതുകയുണ്ടായി. എന്നാല്‍ ബി. പി. മണ്ഡല്‍ തന്റെ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച സമയത്ത് തന്നെ അതിനെ തകര്‍ക്കാനുള്ള കരുനീക്കങ്ങള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഉള്‍പ്പെടെയുള്ള സവര്‍ണ ലോബി നടത്തിയത് എം. എസ് ജയപ്രകാശ് എഴുതിയത് (പേജ് 58 ) ചരിത്ര വിദ്യാര്‍ഥികള്‍ വായിച്ചിരിക്കേണ്ടതാണ്.

പട്ടിക ജാതി –പട്ടിക വര്‍ഗ  വിഭാഗത്തില്‍ വരുന്ന പുലയ സമുദായം മണ്ഡല്‍ റിപ്പോര്‍ട്ടിലെ പിന്നോക്ക സമുദായ ലിസ്റ്റില്‍ വന്നത് ഒരു വലിയ പ്രശ്നമാക്കി കൊണ്ട് പുലയ സമുദായങ്ങളെ കൊണ്ട് മണ്ഡല്‍ റിപ്പോര്‍ട്ടിനെതിരെ കേന്ദ്ര ഗവര്‍ന്മേന്റിനു കമ്പി സന്ദേശം അയപ്പിച്ചു. ഈ തെറ്റ് സംസ്ഥാന ഗവര്‍മെന്റിനു  തിരുത്താവുന്നതായിരുന്നു. അത് ചെയ്യാതെ അതിനെ ഒരായുധമാക്കി മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുലയരോടുള്ള ദ്രോഹമാണ് എന്ന് വരുത്തി തീര്‍ക്കാന്‍ സി. പി. എം മുഖപത്രം (ദേശാഭിമാനി ,1982,ഒക്ടോബര്‍ 8) മുഖക്കുറിപ്പെഴുതി “. സത്യത്തില്‍ പുലയരെ പിന്നോക്ക സമുദായത്തില്‍ ഉള്‍പ്പെടുത്തിയത്  1967 ലെ ഇ. എം. എസ് ഗവര്‍മെന്റ് ഇറക്കിയ ഉത്തരവായിരുന്നു എന്നും സംസ്ഥാന സര്‍ക്കാരിന് തന്നെ തിരുത്താവുന്ന ഒന്നായിട്ടും മണ്ഡല്‍ കമ്മീഷനെതിരെ പ്രവര്‍ത്തിക്കാനാണ് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ശ്രമിച്ചത് എന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

മണ്ഡല്‍ കമ്മീഷന്‍ നിര്‍ദേശ പ്രകാരം ഒ. ബി. സി ക്കാര്‍ക്ക് 27 ശതമാനം ജോലി സംവരണം ചെയ്യാനുള്ള തീരുമാനം പ്രാവര്‍ത്തികമാകും എന്നു കണ്ടപ്പോള്‍ അതിനെ എതിര്‍ക്കാന്‍ സവര്‍ണ വര്‍ഗീയ വാദികള്‍ പല രൂപത്തിലും ഭാവത്തിലും വരുന്നു എന്നും ഇവരുടെ കൂട്ടത്തില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുമുണ്ട് എന്നതാണ് വിചിത്രമായൊരു സത്യം എന്നും വര്‍ഗീയ സിദ്ധാന്തത്തിനു വര്‍ഗ സിദ്ധാന്തം എന്ന ഓമനപ്പേരിട്ട് നല്കിയിരിക്കയാണെന്നും ശങ്കര നാരായണന്‍ മലപ്പുറം എഴുതിയ ഇല തുടക്കുന്ന നായരും മാര്‍ക്സിസ്റ്റ്‌ വര്‍ഗ സിദ്ധാന്തവും എന്ന ലേഖനത്തിലൂടെ പറയുന്നു. ഇലതുടക്കുന്ന നായരെയും ചിറി തുടക്കുന്ന നമ്പൂതിരിയെയും ഉന്തുവണ്ടിയിലിരുത്തി വയറ്റത്തടിച്ചു അവര്‍ വര്‍ഗ സിദ്ധാന്തത്തിന്റെ ശോകഗാനം പാടുകയാണ് എന്നദ്ദേഹം ലേഖനത്തില് ഒരിടത്ത് പരിഹസിക്കുന്നുണ്ട്.

അര്‍ഹമായ അവകാശങ്ങള്‍ ചോദിക്കുന്നത് ജാതീയത വളര്‍ത്തും എന്ന സി. പി. എമ്മിന്‍റെ അക്കാലത്തെ (ഇക്കാലത്തെയും ) വാദത്തെ ഖണ്ഡിക്കുന്നതാണ് സംവരണവും സാമൂഹിക നീതിയും എന്ന പ്രൊഫ. ബഹാവുദ്ധീന്റെ ലേഖനം. ജനസംഖ്യയില്‍ ഏതാണ്ട് ഒന്നര ശതമാനം മാത്രമുള്ള ബ്രാഹ്മണര്‍ക്ക് ഗവര്‍മെന്റ് ഉദ്യോഗത്തില്‍ ഏതാണ്ട് പത്തിരട്ടി സ്ഥാനങ്ങള്‍ ഉണ്ട് എന്ന് ചൂണ്ടി കാണിക്കുന്നു. മുന്‍പന്തിയില്‍ ഉണ്ടായിരുന്നവരുടെ പുരോഗതി ത്വരിതപ്പെടുകയും പിന്നോക്കക്കാരുടെ പുരോഗതി സാവധാനത്തിലാവുകയും ചെയ്യുന്ന വിധത്തിലാണ് അധികാരത്തില്‍ വന്ന എല്ലാ ഗവര്‍മെന്റുകളും പ്രവര്‍ത്തിച്ചിട്ടുള്ളത് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മുന്നോക്ക മേധാവിത്വം തുടരുന്നതിന് വേണ്ടി എല്ലാ ഗവര്‍മെന്റുകളും തങ്ങളാലാവും വിധം ശ്രമിച്ചിട്ടുണ്ട് എന്നും അദ്ദേഹം, പഠനങ്ങളും കമീഷന്‍ റിപ്പോര്‍ട്ടുകളും മുന്നോട്ട് വെച്ച് കൊണ്ട് തെളിയിക്കുന്നു.

പാവപ്പെട്ട മുന്നോക്കക്കാരന് സംവരണം ഇല്ലാത്തതിനാല്‍ ഉദ്യോഗം കിട്ടുന്നില്ലെന്നും സമ്പന്നനായ പിന്നോക്കക്കാരന്‍ സംവരണാനുകൂല്യം നേടി ജോലി നേടുന്നുവെന്ന കള്ളപ്പരാതിക്ക് പരിഹാരമായി സര്‍ക്കാര്‍ ജോലികളില്‍ നായര്‍ക്കും നമ്പൂതിരിക്കും സിറിയന്‍ ക്രൈസ്തവര്‍ക്കും ജനാസംഖ്യാനുപാതികമായ സംവരണം നല്‍കുക എന്ന നിര്‍ദേശം മുന്നോട്ട് വെക്കുന്നതാണ് സുദേഷ് എഴുതിയ ‘സവര്‍ണര്‍ക്കും വേണം സംവരണം’ എന്ന  ലേഖനം. അതിലൂടെ ഇപ്പോള്‍ ജനസംഖ്യാനുപതികമായി പ്രാതിനിധ്യം ഇല്ലാത്ത ഈഴവര്‍ക്കും മുസ്‌ലിംങ്ങള്‍ക്കും മറ്റും സംവരണത്തിന്റെ ഗുണഫലം ലഭിച്ചതായി തോന്നുകയും ചെയ്യുമെന്നും എന്നാല്‍ ഈ നിര്‍ദേശം സവര്‍ണ വിഭാഗങ്ങള്‍ ഒരിക്കലും സ്വീകരിക്കാന്‍ സന്നദ്ധമാവുകയില്ല എന്നും  അദ്ദേഹം എഴുതുന്നു.

കെ സുകുമാരൻ

പുസ്തകത്തിലെ ഓരോ ലേഖനവും സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ കുറിച്ച് ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നതും കേരളത്തിന്റെ സമകാലിക സാമൂഹിക രാഷ്ട്രീയ സന്ദര്‍ഭത്തില്‍ പുനര്‍വായന ആവശ്യപ്പെടുന്നവയുമാണ്. ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനം, എയ്ഡഡ്‌ കോളേജുകളിലെ സംവരണവുമായി ബന്ധപ്പെട്ടുള്ള കോടതി വിധി, കേരള അഡ്മിനിസ്ട്രെഷന്‍ സര്‍വീസിലെ സംവരണ അട്ടിമറി എന്നിവ ഉയര്‍ത്തി കാട്ടി പിന്നോക്ക സാമുദായിക രാഷ്ട്രീയ കൂട്ടാമകളുടെ നേതൃത്വത്തില്‍ ഒറ്റയ്ക്കും തെറ്റയ്ക്കുമായി സംവരണ സംരക്ഷണ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സന്ദര്‍ഭത്തില്‍ പണ്ട് 1958ല്‍ ഇ. എം. എസ് ഭരണ പരിഷ്ക്കാര കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പിന്നോക്ക വിരുദ്ധ സാമ്പത്തിക സംവരണ വാദം നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ കേരള കൌമുദി എഡിറ്ററും എസ്. എന്‍. ഡി. പി യുടെ പ്രസിഡന്റുമായിരുന്ന പത്രാധിപര്‍ കെ. സുകുമാരന്‍, ഇ. എം. എസിനെ സ്റ്റേജിലിരുത്തി നടത്തിയ പ്രസിദ്ധമായ കുളത്തൂര്‍ പ്രസംഗം ഒരാവര്‍ത്തി വായിക്കേണ്ടത് അനിവാര്യമാണ്. ഈ പ്രസംഗത്തെ തുടര്‍ന്ന്( അവിഭിക്ത ) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തൃശ്ശൂരില്‍ സമ്മേളിച്ചു ഭരണ പരിഷ്ക്കാര കമ്മിറ്റിയുടെ ശുപാര്‍ശ തള്ളി കളഞ്ഞു. ഇ. എം. എസ് മുന്‍കൈയ്യെടുത്ത് അവതരിപ്പിച്ച ഒരു നിര്‍ദേശം അതുപോലെ തള്ളികളഞ്ഞ സന്ദര്‍ഭം അതിനു മുന്‍പോ പിന്‍പോ പാര്‍ട്ടിയില്‍ ഉണ്ടായിട്ടില്ല എന്നതിനാല്‍ തന്നെ പ്രസ്തുത വിമര്‍ശനം എത്രത്തോളം ആഴത്തില്‍ കൊണ്ടു എന്ന് മനസിലാക്കാം. പുസ്തകത്തിന്റെ അനുബന്ധമായി പ്രസ്തുത പ്രസംഗവും എസ്. എന്‍. ഡി. പി 1991 ഒക്ടോബറില്‍ പുറത്തിറക്കിയ ‘സംവരണം സാമൂഹിക മാറ്റത്തിന് ‘എന്ന തലക്കെട്ടിലുള്ള പ്രമേയവും ചേര്‍ത്തിട്ടുണ്ട്. ഇ. എം. എസ്  അവസരം കിട്ടുമ്പോഴെല്ലാം ‘കുപ്രസിദ്ധമായ’ കുളത്തൂര്‍ പ്രസംഗം എന്ന് പറഞ്ഞിരുന്ന ആ പ്രഭാഷണത്തിലെ വരികള്‍ക്ക്, സംവരണ സംരക്ഷണത്തിന് വേണ്ടി പൊരുതുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്കായി  ശബ്ദിക്കാന്‍ സുകുമാരന്റെ പിന്മുറക്കാര്‍ നേതൃത്വം നല്കാനില്ലാത്ത  കാലത്ത് പ്രസക്തി വര്‍ധിക്കുന്നു.

ഏഷ്യയില്‍ ഒരു മഹാരാക്ഷസന്‍ ഉറങ്ങി കിടക്കുന്നുണ്ട് ; അവനെ ഉണര്‍ത്തരുത്. അവന്‍ ഉണര്‍ന്നാല്‍ ലോകത്തിന്‍റെ ഗതി തന്നെ മാറി പോകുമെന്ന്  നെപ്പോളിയന്‍ പണ്ട് പറഞ്ഞിട്ടുണ്ട് . ആ രാക്ഷസന്‍ ഉണര്‍ന്നു, ലോകത്തിന്‍റെ ഗതിക്ക് മാറ്റവും സംഭവിച്ചു. കേരളത്തിലും ഒരു രാക്ഷസന്‍ ഉറങ്ങിക്കിടക്കുന്നുണ്ട്; ചവിട്ടിതാഴ്ത്തപ്പെട്ട ലക്ഷോപലക്ഷം ചന്ധാല വര്‍ഗം! കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍. അവര്‍ ഉറങ്ങി കൊള്ളട്ടെ, അവരെ ഉണര്‍ത്തരുത് . ഭാരതത്തിന്‍റെ ഗതി തന്നെ മാറി പോകും. ഞാന്‍ പറയുന്നതിന്‍റെ പൊരുള്‍ മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു “.

*ലേഖനത്തിന്‍റെ തലക്കെട്ടിന് ചെറായി രാമദാസിന്റെ ലേഖനത്തിനും പത്രാധിപര്‍  കെ. സുകുമാരന്റെ പ്രസംഗത്തിലെ വരികള്‍ക്കും കടപ്പാട്.

അഡ്വ സി അഹ്മദ് ഫായിസ്‌